മുഹമ്മദ് നബിﷺ യുടെ ജനനം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

(മുഹമ്മദ് നബിﷺ , ഭാഗം 3)

മുഹമ്മദ് നബിﷺ ജനിച്ചത് ആനക്കലഹ വര്‍ഷത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു. സാധാരണയായി ഏതെങ്കിലും ഒരു കാര്യത്തെ ഒരു പ്രധാനപ്പെട്ട സംഭവം നടന്ന കാലത്തിലേക്ക് ചേര്‍ത്തിപ്പറയാറുണ്ടല്ലോ. അതുപോലെ അബ്‌റഹത്ത് രാജാവ് കഅ്ബ പൊളിക്കാന്‍ വന്ന സംഭവം നടന്ന കാലത്തായിരുന്നു നബിﷺ ജനിച്ചത്. അതിനാല്‍ നബിﷺ യുടെ ജനനത്തെ ആനക്കലഹ വര്‍ഷത്തിലേക്ക് ചേര്‍ത്തിപ്പറയുന്നു.

നബിﷺ ജനിച്ചത് ആനക്കലഹ വര്‍ഷത്തില്‍ ഏതു മാസത്തില്‍ ഏതു തീയതിയില്‍ എന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഉറപ്പിച്ചു പറയാന്‍ മാത്രം മതിയായ രേഖയില്ലാത്തതുതന്നെ കാരണം. റബീഉല്‍ അവ്വല്‍ മാസത്തിലെ 2,8,10,12,17,18,22 എന്നിങ്ങനെയെല്ലാം അഭിപ്രായമുള്ളതായി ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. നബിﷺ യുടെ ജനന തീയതിയെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറയുമ്പോള്‍ ചിലര്‍ ഇപ്രകാരം ഒരു പ്രചരണം നടത്താറുണ്ട്: 'നിങ്ങള്‍ക്ക് നബിﷺ യുടെ ജന്മദിനം ആഘോഷിക്കാതിരിക്കാനായി നിങ്ങള്‍ ഉണ്ടാക്കിയ ഒരു കാരണമാകുന്നു ഇത്. നബിﷺ യുടെ ജനന തീയതിയില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല.' ഇത് ശരിയല്ല. നബിﷺ യുടെ ജന്മദിനം നമ്മള്‍ ആഘോഷിക്കാതിരിക്കാന്‍ കാരണം നബിﷺ യോടുള്ള ഇഷ്ടക്കുറവോ ബഹുമാനക്കുറവോ അല്ല. പ്രമാണങ്ങള്‍ അത് പഠിപ്പിക്കാത്തതിനാല്‍ മാത്രമാണ്. ലോകത്ത് എത്രയെത്ര നബിമാര്‍ കഴിഞ്ഞുപോയിട്ടുണ്ട്! ഈ പ്രവാചകന്മാരുടെയെല്ലാം ജന്മദിനം ഇക്കൂട്ടര്‍ ആഘോഷിക്കുന്നുണ്ടോ? ഇല്ലല്ലോ! അവരോട് ഇക്കൂട്ടര്‍ക്ക് സ്‌നേഹവും ബഹുമാനവും ആദരവും ഇല്ലാത്തതുകൊണ്ടാണ് ആഘോഷിക്കാത്തത് എന്നു പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം?

ബര്‍സഞ്ചി മൗലിദില്‍ നബിﷺ യുടെ ജനന തീയതിയെ സംബന്ധിച്ച് പറയുന്നത് കാണുക:

''നബിﷺ യുടെ ജനന വര്‍ഷത്തിലും അതിന്റെ മാസത്തിലും അതിന്റെ ദിവസത്തിലും പണ്ഡിതന്മാരുടെ പല വാക്കുകളിലുമായി വന്ന റിപ്പോര്‍ട്ടുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്.''

ഇവരുടെ സ്വന്തം മൗലിദ് കിതാബില്‍ തന്നെ ഈ കാര്യം വ്യക്തമാക്കുമ്പോള്‍ എന്തിന് സലഫികള്‍ ഈ കാര്യം പറയുമ്പോള്‍ ഇക്കൂട്ടര്‍ ദുഷ്പ്രചാരണം നടത്തുന്നു? റബീഉല്‍ അവ്വല്‍ 12ന് നമ്മുടെ നാടുകളിലടക്കം പല ഭാഗങ്ങളിലും ഏതാനും കാലങ്ങളായി മുസ്‌ലിംകള്‍ നബിﷺ യുടെ ജന്മദിനം ആഘോഷിക്കുന്നതായി നമുക്കറിയാം. എന്നാല്‍ റബീഉല്‍ അവ്വല്‍ 12നാണ് നബിﷺ ജനിച്ചത് എന്ന് ഉറപ്പിച്ചു പറയാന്‍ മാത്രം പ്രാമാണികമായ ഒരു രേഖയും ഇല്ല.

റബീഉല്‍ അവ്വല്‍ 12ന് മീലാദുന്നബി എന്ന പേരില്‍ വലിയ ഒരു ആഘോഷം നബിﷺ യുടെയും സ്വഹാബത്തിന്റെയും കാലശേഷം ഉണ്ടാകാന്‍ കാരണമെന്താണ്? യഥാര്‍ഥത്തില്‍ റബീഉല്‍ അവ്വല്‍ 12 എന്നത് മുസ്‌ലിംകള്‍ക്ക് ആഘോഷിക്കാന്‍ മാത്രം ഒരു സന്തോഷമുള്ള ദിനമാണോ, അപ്രകാരം ആഘോഷിക്കാന്‍ റബീഉല്‍ അവ്വല്‍ 12 നമുക്ക് ഒരു സന്ദേശം നല്‍കുന്നുണ്ടോ എന്നതെല്ലാം നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഒരു സംഭവം കാണുക:

അബൂദുഐബ്(റ) പറഞ്ഞു: ''ഞാന്‍ മദീനയില്‍ ചെന്നു. ഹാജിമാര്‍ ഇഹ്‌റാമില്‍ ആയിരിക്കുമ്പോള്‍ (എല്ലാവരും) ഒരുമിച്ച് തല്‍ബിയത്ത് ചൊല്ലിയാല്‍ ഉണ്ടാകുന്ന ഒരു വലിയ ശബ്ദം പോലെ മദീനക്കാര്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'എന്തു പറ്റി?' അപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂല്‍ മരണപ്പെട്ടിരിക്കുന്നു.''

നബിﷺ മരണപ്പെട്ട ദിവസത്തില്‍ മദീനയുടെ അവസ്ഥയാണ് നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മദീനക്കാരുടെ എല്ലാമെല്ലാമായ മുഹമ്മദ് നബിﷺ യുടെ മരണം അവര്‍ക്ക് ഉണ്ടാക്കിയ പ്രയാസം ചെറുതൊന്നുമല്ലായിരുന്നു.

ഹിജ്‌റ വര്‍ഷം 11, റബീഉല്‍ അവ്വല്‍ 12ന് രാവിലെ പൂര്‍വാഹ്നം പിന്നിടുമ്പോഴായിരുന്നു അവിടുത്തെ വിയോഗം സംഭവിച്ചത് എന്നത് അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്.

അബൂദുഐബ്(റ) മദീനയിലേക്ക് വരുന്നതിന് മുമ്പായി അദ്ദേഹത്തിന് മറ്റൊരു ആപത്ത് സംഭവിച്ചിരുന്നു. അതായത്, അദ്ദേഹത്തിന്റെ നാട്ടില്‍ പ്ലേഗ് വ്യാപിച്ചിരുന്നു. അതിലൂടെ അദ്ദേഹത്തിന്റെ അഞ്ച് മക്കള്‍ മരണപ്പെടുകയുണ്ടായി. ഈ ദുഃഖഭാരവുമായാണ് അദ്ദേഹം മദീനയില്‍ എത്തുന്നത്. അപ്പോഴാണ് അതിനെക്കാള്‍ വലിയ ഒരു ആപത്തിനെക്കുറിച്ച് അദ്ദേഹം കേള്‍ക്കുന്നത്.

റസൂല്‍ﷺ വഫാത്തായ റബീഉല്‍ അവ്വല്‍ 12ന് സ്വഹാബിമാരുടെ അവസ്ഥ എപ്രകാരമായിരുന്നു എന്നത് മുകളിലെ സംഭവത്തില്‍നിന്ന് ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്. ഈ അവസ്ഥയിലാണോ ഇന്ന് മുസ്‌ലിംകള്‍ റബീഉല്‍ അവ്വല്‍ 12 ദിവസത്തില്‍ ഉള്ളത്? ഇൗ ചരിത്രസത്യം അറിയുന്നവര്‍ റബീഉല്‍ അവ്വല്‍ 12 ആഘോഷിക്കുമോ?

സ്വഹാബിമാര്‍ റബീഉല്‍ അവ്വല്‍ 12നെ ആടാനും പാടാനും തുള്ളിച്ചാടാനും അഭിനയിക്കാനും റാലി നടത്താനും അന്നദാനം നടത്താനും മുദ്രാവാക്യം മുഴക്കാനും മാജിക് കാണിക്കാനുമല്ല ഉപയോഗിച്ചത്. അവര്‍ക്ക് ആ ദിനം ചിന്തിക്കാനേ കഴിയാത്തവിധം ഭാരമേറിയതായിരുന്നു. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് നബിﷺ മദീനയില്‍ എത്തിയ ദിവസവും ഞങ്ങള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് നബിﷺ ഞങ്ങളില്‍ നിന്ന് വിടചൊല്ലിയ ദിവസവുമായിരുന്നു എന്ന് അന്‍സ്വാരിയായ അനസ്(റ) പറഞ്ഞത് നമുക്ക് കാണാന്‍ കഴിയും.

പൂര്‍വികരും സച്ചരിതരുമായ സ്വഹാബിമാര്‍ ആരുംതന്നെ റബീഉല്‍ അവ്വല്‍ 12നെ ആഘോഷിക്കാനുള്ള ഒരു ദിനമായി സ്വീകരിച്ചില്ല. ഇത്തരം ആഘോഷക്കാര്‍ക്ക് അവരുടെയൊന്നും പിന്തുണയുമില്ല. എന്നാല്‍ ആരാണ് ഈ ഏര്‍പ്പാട് മുസ്‌ലിം സമൂഹത്തിലേക്ക് കൊണ്ടുവന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ ഇതിലെ ചതി എത്ര ഗുരുതരമാണ് എന്നതും മനസ്സിലാകും.

ഹിജ്‌റ 362ല്‍ ഫാത്വിമിയ്യ പ്രസ്ഥാനത്തിന്റെ വക്താക്കളായ ഫാത്വിമികള്‍ ഇസ്‌ലാമിന്റെ മേല്‍ക്കുപ്പായമണിഞ്ഞ് ഇസ്‌ലാമിലേക്ക് നുഴഞ്ഞുകയറുകയുണ്ടായി. ഹിജ്‌റ 362ല്‍ ഈജിപ്ത് ദേശത്തിന്റെ ഭരണത്തില്‍ ഇടംകണ്ട ഇവര്‍ തങ്ങളുടെ ശിര്‍ക്കും കുഫ്‌റും നിഷിദ്ധമായ ധാരാളം ചെയ്തികളുമെല്ലാം കാരണം ജനങ്ങള്‍ക്കിടയില്‍ തീരെ സ്വാധീനം ഇല്ലാത്തവരായിരുന്നു. അവരാണ് ഇത്തരം ആചാരങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലേക്ക് കൊണ്ടുവന്നത് എന്ന് നമുക്ക് കാണാന്‍ സാധിക്കും.

ഫാത്വിമിയ്യ ഭരണാധികാരികള്‍ക്ക് ചില ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ടായിരുന്നു. പുതുവര്‍ഷോത്സവം, ആശൂറാഅ് ദിനം, നബിﷺ യുടെ ജന്മദിനം, അലി(റ)യുടെ ജന്മദിനം, ഹസന്‍(റ), ഹുൈസന്‍(റ) എന്നിവരുടെ ജന്മദിനം, ഫാത്വിമ(റ)യുടെ ജന്മദിനം, ഖലീഫ അല്‍ഹാദ്വിറിന്റെ ജന്മദിനം, റജബിലെ ആദ്യത്തെ രാത്രി, അതിലെ പകുതിയുടെ രാവ്, ശഅ്ബാന്‍ ആദ്യരാവ്...ഇങ്ങനെ ഒട്ടേറെ!

'മീലാദുന്നബി' ആരുടെ സൃഷ്ടിയാണ് എന്നത് നാം ചിന്തിക്കുക. ഇത് വര്‍ജിക്കുകയാണോ സ്വീകരിക്കുകയാണോ മുസ്‌ലിംകള്‍ ചെയ്യേണ്ടത്?

ഫാത്വിമിയ്യ എന്നോ ഉബയ്ദികള്‍ എന്നോ കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഒരു മുസ്‌ലിം ബന്ധം ഉള്ളതായി തോന്നിയേക്കാം. ഈജിപ്തിലെ ചില ഭരണാധികാരികളാണ് ഇവര്‍. അവരുടെ തലവന്‍ ഉബയ്ദ് ബ്‌നു സഅദ് ആണ്. അതിനാലാണ് ഉബയ്ദികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നത്. ഫാത്വിമ(റ)യിലേക്ക് അവര്‍ അവരുടെ ബന്ധം ചേര്‍ത്തി പറയുകയാണ് ചെയ്യുന്നത്. ജനങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നതിനു വേണ്ടിയാകാം അവര്‍ അപ്രകാരം ചെയ്തത്. ആരാണ് ഈ ഫാത്വിമികള്‍ എന്ന് അക്കാലത്തെ മുസ്‌ലിം പണ്ഡിതര്‍ നമ്മെ അറിയിച്ചിട്ടുണ്ട്. ഇസ്‌ലാമിക നാടുകളെ അടക്കിഭരിച്ച ഇക്കൂട്ടര്‍ അവരുടെ ക്രൂരതകളും ദുഷ്‌ചെയ്തികളും തുടര്‍ന്നപ്പോള്‍ ഇസ്‌ലാമിക നാടുകളിലുള്ള, നബികുടുംബത്തിലേക്ക് ചേര്‍ത്തപ്പെടുന്നവരും പണ്ഡിതന്മാരും ക്വാദ്വിമാരും അടക്കമുള്ളവര്‍ ഒരു സമ്മേളനം നടത്തുകയുണ്ടായി. ഹിജ്‌റ 402ല്‍ നടന്ന സമ്മേളനത്തില്‍ ആരാണ് ഫാത്വിമികള്‍ എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയത് കാണുക:

'ഈജിപ്തിലെ ഈ ഭരണാധികാരിയും അയാളുടെ പൂര്‍വികരുമെല്ലാം കാഫിറുകളും അധര്‍മകാരികളും ദൈവനിഷേധികളും നിര്‍മതവാദികളും ഇസ്‌ലാമിനോട് തര്‍ക്കിക്കുന്നവരും മജൂസികളുടെയും വിഗ്രഹാരാധകരുടെയും മാര്‍ഗത്തില്‍ വിശ്വാസമുള്ളവരും ആകുന്നു. അവര്‍ (ഇസ്‌ലാമിലെ) ശിക്ഷാ നിയമങ്ങളെ നിഷേധിക്കുകയും വ്യഭിചാരത്തെ അനുവദിക്കുകയും മദ്യപാനവും രക്തംചിന്തലും അനുവദനീയമാക്കുകയും ചെയ്തു. അവര്‍ നബിമാരെ ചീത്തവിളിച്ചു, പൂര്‍വസൂരികളെ അവര്‍ ശപിച്ചു. അവരുടെ ഇമാമുകളില്‍ അവര്‍ തൗഹീദുര്‍റുബൂബിയ്യത്ത് വാദിക്കുകയും ചെയ്തു.

ഫാത്വിമിയ്യാക്കള്‍ നബികുടുംബത്തിലേക്ക് ചേര്‍ത്തിയാണ് ഈ വൃത്തികേടുകള്‍ ചെയ്തത്. അതിനാല്‍ തന്നെ നബികുടുംബത്തിലേക്ക് ചേര്‍ക്കപ്പെടുന്ന പണ്ഡിതന്മാരും നേതാക്കളും ക്വാദ്വിമാരും എല്ലാവരും ഉള്‍പ്പെട്ട സംഗമത്തില്‍ ആരാണ് ഈ ഫാത്വിമിയ്യാക്കള്‍ എന്നത് വെളിപ്പെടുത്തിയ കാര്യമാണ് ഇബ്‌നു കഥീര്‍(റ) ഇവിടെ കുറിച്ചത്.

ഇനി പറയൂ; നബിദിനാഘോഷത്തിന് അവര്‍ തുടക്കം കുറിച്ചത് നബിയോടുള്ള സ്‌നേഹംകൊണ്ടാണോ വെറുപ്പ് കൊണ്ടാണോ? ഇത് സ്ഥാപിക്കുവാന്‍ വേണ്ടി ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും ദുര്‍വ്യാഖ്യാനിച്ച് തെളിവുണ്ടാക്കുന്ന ഇന്നത്തെ ചില പണ്ഡിതന്മാരുടെ അവസ്ഥ ഖേദകരം തന്നെ.

നബിﷺ യുടെ ജന്മദിനം ആഘോഷിക്കുന്നവര്‍ ജനിച്ച വര്‍ഷം, മാസം, തീയതി തുടങ്ങിയവയില്‍ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും റബീഉല്‍ അവ്വല്‍ 12ന് പുലരിയുടെ തൊട്ടുമുമ്പായിരുന്നു അവിടത്തെ ജനനം എന്നതിന് കൂടുതല്‍ ശക്തി നല്‍കുന്നത് കാണാം. റബീഉല്‍ അവ്വല്‍ 9ന് ആയിരുന്നു അവിടുത്തെ ജനനം എന്ന അഭിപ്രായവും ഏറെ ബലമുള്ളതാണ്. (തുടരും)