അക്വബ ഉടമ്പടികള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജൂലൈ 10 1442 ദുല്‍ക്വഅ്ദ 30

(മുഹമ്മദ് നബി ﷺ : 28)

നബി ﷺ യുടെ ജീവിതത്തില്‍ സംഭവിച്ച ഈ അത്ഭുതയാത്ര മുസ്‌ലിം നാമധാരികളായ ചിലര്‍ക്ക് സംശയം തെല്ലുമില്ലാതെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഈ സംഭവത്തിലൂടെ അന്നും ഇന്നും യഥാര്‍ഥ വഴിയില്‍നിന്ന് തെറ്റിപ്പോയവര്‍ ധാരാളമാണ്. ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് പലരും തെറ്റിപ്പോയത്. പ്രമാണത്തെക്കാള്‍ ബുദ്ധിക്ക് സ്ഥാനം നല്‍കുന്ന 'അക്വ്‌ലാനി'കള്‍ക്ക് ഇതൊന്നും അംഗീകരിക്കുവാനോ ഉള്‍ക്കൊള്ളുവാനോ സാധിക്കുകയില്ല. ഇത്തരം സമീപനം ഒരു യഥാര്‍ഥ വിശ്വാസിക്ക് ചേര്‍ന്നതല്ല.

നബി ﷺ ഈ യാത്രാവിവരണം നടത്തുന്ന സമയത്തും ചിലര്‍ ബുദ്ധികൊണ്ട് ഇതിനെ അളന്നു നോക്കി. അങ്ങനെ അവര്‍ക്ക് അത് അംഗീകരിക്കാന്‍ പ്രയാസമായതിനാല്‍ സത്യമാര്‍ഗത്തെ വലിച്ചെറിഞ്ഞു. നബി ﷺ യില്‍ വിശ്വസിച്ചവര്‍ക്കിടയില്‍നിന്നുതന്നെ ചിലര്‍ ഈ യാത്രയില്‍ അവിശ്വാസം പ്രകടിപ്പിച്ചു രംഗത്തുവന്നത് ശത്രുക്കള്‍ മുതലെടുക്കാന്‍ ശ്രമിച്ചു. അവര്‍ നേരെ അബൂബക്‌റി(റ)ന്റെ അടുത്തേക്ക് പോയി. എന്നിട്ട് അവര്‍ ചോദിച്ചു: 'അബൂബക്‌റേ, നിന്റെ കൂട്ടുകാരന് ഭ്രാന്താണെന്ന് ഞങ്ങള്‍ എത്രയായി പറയുന്നു. അവന്‍ എന്തെല്ലാമാണ് ഇപ്പോള്‍ വിളിച്ചുപറയുന്നത്!' നബി ﷺ വിവരിച്ച കാര്യങ്ങളെല്ലാം അവര്‍ അബൂബക്‌റി(റ)ന്റെ മുമ്പില്‍ അവതരിപ്പിച്ചു. അവരുടെ സംസാരത്തിനുശേഷം അബൂബക്ര്‍(റ) ചോദിച്ചു: 'അദ്ദേഹം അപ്രകാരം പറഞ്ഞുവോ?' അവര്‍ മറുപടി പറഞ്ഞു: 'അതെ.' അവര്‍ വിചാരിച്ചത് അബൂബക്‌റും നബി ﷺ യെ തള്ളുമെന്നായിരുന്നു. എന്നാല്‍ അബൂബക്‌റി(റ)ന്റെ മറുപടി 'മുഹമ്മദ് നബി ﷺ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അത് വിശ്വസിക്കുന്നു' എന്നായിരുന്നു!

മുഹമ്മദ് നബി ﷺ പറയുന്ന ഏതൊരു കാര്യത്തെയും ലവലേശം സംശയമില്ലാതെ ആത്മാര്‍ഥമായി സത്യപ്പെടുത്തുന്ന ആളായിരുന്നു അബൂബക്ര്‍(റ). അതിനാലാണ് അദ്ദേഹത്തിന് 'സ്വിദ്ദീക്വ്' (സത്യസന്ധന്‍) എന്ന സ്ഥാനപ്പേര് നബി ﷺ നല്‍കിയത്.

ആഇശ(റ)യില്‍നിന്ന് നിവേദനം; അവര്‍ പറഞ്ഞു: ''നബി ﷺ യെയുംകൊണ്ട് മസ്ജിദുല്‍ അക്വ്‌സ്വായിലേക്ക് രാപ്രയാണം നടത്തപ്പെട്ടപ്പോള്‍; രാവിലെ ജനങ്ങളെല്ലാം അതിനെപ്പറ്റി സംസാരത്തിലായി. നബി ﷺ യില്‍ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തവരിലെ (ചില) ആളുകള്‍ മതപരിത്യാഗികള്‍ (മുര്‍തദ്ദുകള്‍) ആയി. (അങ്ങനെ) മുശ്‌രിക്കുകളിലെ ചിലര്‍ അബൂബക്‌റി(റ)ന്റെ അടുത്തേക്ക് ഓടി. അവര്‍ ചോദിച്ചു: 'നിന്റെ കൂട്ടുകാരന്‍ ഒറ്റരാത്രിയില്‍ ബയ്ത്തുല്‍ മക്വ്ദിസിലേക്ക് രാപ്രയാണം നടത്തി എന്ന് വാദിക്കുന്നുവല്ലോ!' അദ്ദേഹം ചോദിച്ചു: 'അദ്ദേഹം അത് പറഞ്ഞുവോ?' അവര്‍ പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: 'അദ്ദേഹം അത് പറഞ്ഞുവെങ്കില്‍ തീര്‍ച്ചയായും അത് സത്യമാണ്.' അവര്‍ ചോദിച്ചു: 'അവന്‍ ഒരു രാത്രിയില്‍ ബൈത്തുല്‍ മക്വ്ദിസിലേക്ക് പോയി എന്നതും പ്രഭാതത്തിനുമുമ്പ് (തിരിച്ചു) വന്നു എന്നതും താങ്കള്‍ സത്യപ്പെടുത്തുന്നുവോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അതെ, (കാരണം) ഞാന്‍ അതിനെക്കാള്‍ വിദൂരമായ കാര്യങ്ങളില്‍ അദ്ദേഹത്തെ സത്യപ്പെടുത്തുന്നവനാണ്. രാവിലെയും വൈകുന്നേരവും വാനലോകത്തുനിന്നും വരുന്ന വാര്‍ത്തകളെ ഞാന്‍ സത്യപ്പെടുത്തുന്നവനാണ്.' അങ്ങനെയാണ് അബൂബക്‌റി(റ)ന് സ്വിദ്ദീക്വ് എന്ന പേരു വന്നത്'' (ഹാകിം).

പ്രബോധനത്തിനുള്ള

അവസരങ്ങള്‍ ഒന്നും പാഴാക്കിയില്ല

നബി ﷺ തന്റെ മക്കാജീവിതകാലത്ത് കിട്ടുന്ന അവസരമെല്ലാം ദീന്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. ഒരു ഒഴിവുസമയത്തും നബി ﷺ വെറുതെയിരിക്കാറില്ലായിരുന്നു. മക്കയിലും പരിസരത്തുമുള്ള ഓരോ ക്വബീല(ഗോത്രത്തിലും)യിലും ഈ സന്ദേശം എത്തിക്കാനായി കഠിനാധ്വാനം ചെയ്യുകയായിരുന്നു നബി ﷺ . ഹജ്ജ്-ഉംറ സമയങ്ങളെ നബി ﷺ ഇതിനായി ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകാണിച്ചിരുന്നു. കാരണം ഇതരദേശങ്ങളില്‍നിന്ന് വരുന്നവരും ആ കൂട്ടത്തില്‍ ഉണ്ടാകും. അവരിലേക്ക് ഈ സന്ദേശം എത്തുകയും അവര്‍ അത് സ്വീകരിക്കുകയും ചെയ്യുന്നതോടെ അവരുടെ നാട്ടിലും ഇത് എത്താന്‍ കാരണമാകും. അതുപോലെ ഉക്കാളയിലും ദുല്‍മജാസിലും മിജന്നയിലും ആളുകള്‍ ഒരുമിച്ചുകൂടുന്ന മറ്റു ഇടങ്ങളിലുമെല്ലാം ചെന്ന് അദ്ദേഹം ഇസ്‌ലാമിനെ പരിചയപ്പെടുത്താറുണ്ടായിരുന്നു. ഒരു സംഭവം കാണുക:

ബനൂഅദ്ദീലുകാരില്‍ പെട്ട റബീഅതുബ്‌നു ഉബ്ബാദ്(റ)-അദ്ദേഹം ജാഹിലിയ്യക്കാരനായിരുന്നു. പിന്നീട് മുസ്‌ലിമായി- പറഞ്ഞു: ''ജാഹിലിയ്യ കാലത്ത് ഞാന്‍ ദുല്‍മജാസിലെ ചന്തയില്‍ അല്ലാഹുവിന്റെ റസൂലിനെ ഇപ്രകാരം പറയുന്നതായി കാണുകയുണ്ടായി: 'അല്ലയോ ജനങ്ങളേ, നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹു എന്ന് പറയുവിന്‍, എങ്കില്‍ നിങ്ങള്‍ വിജയിക്കുന്നതാണ്.' ജനങ്ങള്‍ എല്ലാവരും നബി ﷺ യുടെ അടുത്ത് ഒരുമിച്ചുകൂടിയിട്ടുണ്ടായിരുന്നു. നബി ﷺ യുടെ പുറകില്‍ വെളുത്ത മുഖമുള്ള ഒരാള്‍ ഉണ്ടാകും. അയാള്‍ പറയുന്നു: 'തീര്‍ച്ചയായും അവന്‍ (നബി ﷺ എവിടെ പോയാലും കള്ളനും ചതിയനുമാകുന്നു.' അങ്ങനെ ഞാന്‍ അയാളെപ്പറ്റി ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'ഇത് നബി ﷺ യുടെ പിതൃവ്യന്‍ അബൂലഹബാണ്'' (അല്‍ബിദായഃ വന്നിഹായഃ).

ജനങ്ങള്‍ കൂടുന്നിടത്തെല്ലാം ദീനിന്റെ സന്ദേശം എത്തിക്കുകയാണ് നബി ﷺ ചെയ്യുന്നത്. നബി ﷺ യുടെ സംസാരം കേള്‍ക്കുന്നതിന് ജനങ്ങള്‍ ഒന്നാകെ തടിച്ചുകൂടും. ഇങ്ങനെ നബി ﷺ അങ്ങാടികളില്‍ ദഅ്‌വത്ത് നടത്തുന്നതും ജനങ്ങള്‍ അതില്‍ ആകൃഷ്ടരാകുന്നതും അബൂലഹബ് അറിഞ്ഞു. അതിനാല്‍ബി ﷺ എവിടെ ചെന്ന് ഇസ്‌ലാമിക പ്രബോധനം നടത്തുമ്പോഴും തൊട്ടടുത്ത് അവനും നില്‍ക്കുന്നുണ്ടാകും. അങ്ങനെ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന ഏകദൈവ വിശ്വാസത്തിലേക്ക് നബി ﷺ ക്ഷണിച്ചുകഴിഞ്ഞാല്‍ അവന്‍ മറുപടി പ്രസംഗം തുടങ്ങും. 'ഓ ജനങ്ങളേ, ഇവന്‍ നിങ്ങളുടെ പിതാക്കളുടെ മതത്തില്‍നിന്നും നിങ്ങളെ തെറ്റിക്കാന്‍ നടക്കുന്ന കള്ളനും ചതിയനുമാണ്. മഹാന്മാരായ ലാത്തയെയും ഉസ്സയെയും ഒഴിവാക്കുവാനാണ് അവന്‍ പറയുന്നത്' എന്നിങ്ങനെ അബൂലഹബ് സംസാരിക്കും.

ഇതിന്റെ തനിയാവര്‍ത്തനം വര്‍ത്തമാനകാലഘട്ടത്തില്‍ നമുക്കിടയിലും നാം കാണുന്നില്ലേ? അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്നും ലാ ഇലാഹ ഇല്ലല്ലാഹു എന്നതില്‍ ശരിയായി വിശ്വസിക്കുവിന്‍ എന്നും ജനങ്ങളെ ഉദ്‌ബോധിപ്പിക്കുമ്പോള്‍ ഉടനെ ചിലര്‍ ഒച്ചപ്പാടുകളുമായി രംഗത്തുവരും. നോട്ടീസുകള്‍ അടിച്ചിറക്കും. 'ഇവര്‍ കളവ് പറയുകയാണ്; പിഴച്ചവരാണ്. നമ്മുടെ പൂര്‍വികരുടെ വിശ്വാസമെല്ലാം തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. അവരെ പിന്‍പറ്റരുത്' എന്നിങ്ങനെ പറഞ്ഞ് ജനങ്ങളെ സത്യമാര്‍ഗത്തില്‍നിന്ന് തടയാന്‍ ശ്രമിക്കും. ചരിത്രത്തിന്റെ ആവര്‍ത്തനം!

അബൂലഹബിന്റെ ശകാരങ്ങള്‍ക്കോ പ്രകോപനങ്ങള്‍ക്കോ നബി ﷺ യുടെ പ്രബോധനത്തെ തളക്കാന്‍ കഴിഞ്ഞില്ല.

ജാബിറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''നബി ﷺ ഒരു സ്ഥലത്ത് ജനങ്ങള്‍ക്ക് തന്നെ കാണിക്കുകയായിരുന്നു. അങ്ങനെ അവിടുന്ന് ചോദിച്ചു: 'ആരുണ്ട് തന്റെ ജനതയിലേക്ക് എന്നെ എത്തിക്കാന്‍? കാരണം, തീര്‍ച്ചയായും ക്വുറയ്ശികള്‍ എന്റെ റബ്ബിന്റെ സംസാരത്തെ എത്തിക്കുന്നതിനെ തൊട്ട് എന്നെ തടഞ്ഞിരിക്കുന്നു.' അപ്പോള്‍ ഹംദാന്‍കാരനായ ഒരാള്‍ നബി ﷺ യുടെ അടുത്ത് വന്നു. അന്നേരം അവിടുന്ന് ചോദിച്ചു: 'താങ്കള്‍ എവിടെനിന്നാണ്?' അദ്ദേഹം പറഞ്ഞു: 'ഞാന്‍ ഹംദാനില്‍നിന്നാകുന്നു.' നബി ﷺ ചോദിച്ചു: 'താങ്കളുടെ ജനതയില്‍നിന്ന് സംരക്ഷണം കിട്ടുമോ?' അദ്ദേഹം പറഞ്ഞു: 'അതെ.' അങ്ങനെ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുത്തേക്ക് അദ്ദേഹം വന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'ഞാന്‍ അവരുടെ അടുത്തേക്ക് പോകാം. എന്നിട്ട് അവരെ (ഇത്) അറിയിക്കുകയും ചെയ്യാം. പിന്നീട് അടുത്ത കൊല്ലം ഞാന്‍ താങ്കളുടെ അടുത്ത് വരുന്നതാണ്.' നബി ﷺ പറഞ്ഞു: 'ശരി.' അങ്ങനെ അദ്ദേഹം പോകുകയും റജബില്‍ ഒരു വലിയ സംഘത്തെയുമായി വരികയും ചെയ്തു'' (അഹ്മദ്).

ക്വുറയ്ശികള്‍ നബി ﷺ യെ പ്രബോധനവീഥിയില്‍ തടഞ്ഞപ്പോള്‍ അദ്ദേഹം മറ്റു ദേശങ്ങളിലേക്ക് ഇത് എത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും അതിനുവേണ്ടി അവിടത്തുകാരുടെ സഹായം അന്വേഷിക്കുകയുമാണ്. ഇത്തരം സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

അക്വബഃ ഉടമ്പടികള്‍

ഹജ്ജിന് വരുന്നവരെ നബി ﷺ പിന്തുടരുമായിരുന്നു. അവരുടെ താമസസ്ഥലങ്ങളില്‍ പോയി, അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനായി സഹായിക്കാന്‍ ആരുണ്ടെന്നും അതിനായി അഭയം നല്‍കാന്‍ ആരെങ്കിലുമുണ്ടോ എന്നും ചോദിക്കുകയും, അതിന് തയ്യാറുള്ളവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന് സന്തോഷവാര്‍ത്ത നല്‍കി ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒറ്റയും തെറ്റയുമായി പലരും ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ തുടങ്ങി.

യഥ്‌രിബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇന്നത്തെ മദീനയില്‍നിന്നും കുറച്ചുപേര്‍ ഇസ്‌ലാം സ്വീകരിച്ചു. അവര്‍ നബി ﷺ യുമായി അക്വബ എന്ന സ്ഥലത്തുവെച്ച് നബി ﷺ യില്‍ വിശ്വസിക്കാമെന്ന് പറഞ്ഞ് ഉടമ്പടി ചെയ്യുകയുണ്ടായി. ഇതാണ് ഒന്നാം അക്വബ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നത്. ഉബാദത്ത് ഇബ്‌നു സ്വാമിത്വ്(റ) അതില്‍ ഒരാളായിരുന്നു. അദ്ദേഹം പറയുന്നു: ''അന്ന് ഞങ്ങള്‍ പന്ത്രണ്ട് പേരാണ് ഉണ്ടായിരുന്നത്. അങ്ങനെ ഞങ്ങള്‍ അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും ഞങ്ങള്‍ മോഷണം നടത്തുകയില്ല, വ്യഭിചരിക്കുകയില്ല, ഞങ്ങള്‍ ഞങ്ങളുടെ മക്കളെ (ദാരിദ്ര്യഭയത്താല്‍) കൊല്ലുകയില്ല, ഞങ്ങള്‍ അപവാദ പ്രചാരണം നടത്തുകയില്ല, നല്ല കാര്യങ്ങളില്‍ (നബി ﷺ യോട്) അനുസരണക്കേട് കാണിക്കുകയുമില്ല എന്ന് പറഞ്ഞ് അല്ലാഹുവിന്റെ റസൂലി ﷺ ന് ബയ്അത്ത് (അനുസരണപ്രതിജ്ഞ) ചെയ്യുകയുണ്ടായി. ഈ കരാറുകള്‍ ശരിയാംവിധം പാലിക്കുന്നതായാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗമുണ്ടെന്നും, ഇതില്‍നിന്ന് വല്ലതും മൂടിവെക്കുന്നപക്ഷം നിങ്ങളുടെ കാര്യം അല്ലാഹു തീരുമാനിക്കുന്നതാണെന്നും, അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങളെ ശിക്ഷിക്കുകയും അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ് എന്നും നബി ﷺ അവരെ അറിയിക്കുകയും ചെയ്തു. ഇതായിരുന്നു ഒന്നാമത്തെ അക്വബ ഉടമ്പടി.

നബി ﷺ യില്‍ വിശ്വസിക്കുകയും അവിടുത്തോട് കരാറെടുക്കുകയും ചെയ്ത ആ കൊച്ചുസംഘത്തിന്റെ കൂടെ നബി ﷺ അന്ന് ഇറക്കപ്പെട്ടിട്ടുള്ള മതനിയമങ്ങളെ പറ്റി പഠിപ്പിക്കുന്നതിനായി മുസ്അബ് ബ്‌നു ഉമയ്‌റി(റ)നെ അയക്കുകയുണ്ടായി. മുസ്അബ്(റ) യഥ്‌രിബില്‍ തന്നെ ഏല്‍പിച്ചിട്ടുള്ള ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ തുടങ്ങി. അങ്ങനെ ഇസ്‌ലാമിന് വമ്പിച്ച പ്രചാരമുണ്ടായി. അത് അടുത്ത വര്‍ഷം മക്കയിലേക്ക് നല്ലൊരു സംഘം ഹജ്ജിന് വരാന്‍ നിമിത്തമായി. അങ്ങനെ അടുത്ത വര്‍ഷം വീണ്ടും ഒരു വലിയ സംഘം ഹജ്ജിന് വരികയാണ്. എഴുപത്തിമൂന്ന് പേരടങ്ങുന്ന വലിയ ഒരു സംഘമായിരുന്നു അത്. രണ്ടു സ്ത്രീകളും അവരില്‍ ഉണ്ടായിരുന്നു. 'മക്കയിലെ ഈ പര്‍വതനിരകള്‍ക്കിടയില്‍ തട്ടിക്കളിക്കാനും പേടിപ്പെടുത്താനുമായി എന്തിന് നബി ﷺ യെ നാം വിട്ടു കൊടുക്കണം? നമുക്ക് നബി ﷺ യെ നമ്മുടെ രാജ്യത്തേക്ക് കൊണ്ടുപോകാം; സംരക്ഷണം നല്‍കാം.' എന്ന് അവര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു.

അങ്ങനെ അവരും നബി ﷺ യെ സമീപിക്കുകയാണ്. അക്വബ മലഞ്ചെരുവില്‍ ഒരുമിക്കാനായി സമയവും സ്ഥലവും തീരുമാനിച്ചു. ഇവരുടെ കൂടെ യഥ്‌രിബില്‍നിന്നും വന്ന മറ്റു ആളുകളും ഉണ്ട്. അവരുടെ കൂടെത്തന്നെ അന്ന് രാത്രി ഉറങ്ങി. രാത്രിയുടെ മൂന്നില്‍ ഒന്ന് പിന്നിട്ടപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ച ആ സ്ഥലത്തേക്ക് ആരും അറിയാതെ പുറപ്പെട്ടു. പാത്തും പതുങ്ങിയും അവര്‍ നബി ﷺ യുടെ അടുത്തേക്ക് നീങ്ങാന്‍ തുടങ്ങി. അങ്ങനെ അക്വബഃയില്‍വെച്ച് നബി ﷺ യും ഈ സംഘവും ഒരുമിച്ചുകൂടി. ആ സമയത്ത് നബി ﷺ യുടെ പിതൃവ്യന്‍ അബ്ബാസ് ഇബ്‌നു അബ്ദില്‍ മുത്ത്വലിബും(റ) ഉണ്ടായിരുന്നു. മക്കയിലെ മുശ്‌രിക്കുകള്‍ അറിയാതെ പാതിരാവും പിന്നിട്ട നേരത്ത് അവര്‍ സംസാരം തുടങ്ങി. നബി ﷺ യോട് എടുക്കേണ്ട ഉടമ്പടി എന്താണെന്ന് അവിടുന്ന് തന്നെ അവര്‍ക്ക് പറഞ്ഞുകൊടുത്തു:

'നിങ്ങള്‍ക്ക് ഉന്മേഷമുള്ളപ്പോഴും അലസതയുള്ളപ്പോഴും ഞാന്‍ പറയുന്നത് കേള്‍ക്കുമെന്നും എന്നെ അനുസരിക്കുമെന്നും ഞെരുക്ക-എളുപ്പ സമയങ്ങളില്‍ നിങ്ങള്‍ ചെലവഴിക്കുമെന്നും നന്മകല്‍പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുമെന്നും അല്ലാഹുവിനു വേണ്ടി സംസാരിക്കുമെന്നും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു ആക്ഷേപകന്റെ ആക്ഷേപത്തെയും പേടിക്കില്ലെന്നും ഞാന്‍ നിങ്ങളുടെ കൂടെ വന്നാല്‍ നിങ്ങളുടെ ശരീരത്തെയും ഇണകളെയും സന്താനങ്ങളെയും പ്രതിരോധിക്കുകയും സഹായിക്കുകയും ചെയ്യുന്നത് പോലെ നിങ്ങള്‍ എന്നെ സഹായിക്കാമെന്നും എന്നെ പ്രതിരോധിക്കാമെന്നും നിങ്ങള്‍ എനിക്ക് കരാര്‍ ചെയ്യുവിന്‍.'

ഇപ്രകാരം ചെയ്യുന്നപക്ഷം നിങ്ങള്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതെല്ലാം കേട്ടപ്പോള്‍ അവര്‍ എല്ലാവരും നബി ﷺ യുടെ അടുത്തേക്ക് ചെന്നു. ഈ പറഞ്ഞ എല്ലാ കാര്യത്തിലും അവര്‍ ഉടമ്പടിയെടുക്കുകയും ചെയ്തു. ഇതാണ് രണ്ടാം അക്വബ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ഉടമ്പടികളാണ് നബി ﷺ യുടെ മദീനയിലേക്കുള്ള ഹിജ്‌റക്ക് വഴിയൊരുക്കിയത്.