ഹുദയ്ബിയ സന്ധിയിലെ നയതന്ത്ര ചാരുത

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഡിസംബര്‍ 18 1442 ജുമാദല്‍ അല്‍ അവ്വല്‍ 13

(മുഹമ്മദ് നബി ﷺ: 51)

''തീര്‍ച്ചയായും നിന്നോട്  പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്'' (48:10).

ആ വൃക്ഷത്തിന്റെ ചുവട്ടില്‍വച്ച് നബി ﷺ യോട് സ്വഹാബിമാര്‍ എടുത്ത ആ ബയ്അത്ത് അല്ലാഹുവിനോട് ചെയ്ത ബയ്അത്തിനെ പോലെയാണ്. ആയതിനാല്‍, ആരെങ്കിലും ആ കരാര്‍ ലംഘിച്ചാല്‍ അവര്‍ സ്വന്തത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അല്ലാഹുവിനോട് ചെയ്ത കരാര്‍ പാലിക്കുന്നവര്‍ക്ക് അല്ലാഹു വമ്പിച്ച പ്രതിഫമായി സ്വര്‍ഗം നല്‍കുന്നതാണ്. ഈ ബയ്അത്തിനെ തന്നെ പ്രശംസിച്ചു കൊണ്ട് ഇതേ അധ്യായത്തില്‍ തന്നെ മറ്റൊരിടത്ത് ഇപ്രകാരം കാണാം:

''ആ മരത്തിന്റെ ചുവട്ടില്‍വച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു. അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുകളും (അവന്‍ നല്‍കി). അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (48:18,19).

അല്ലാഹുവിന്റെ പ്രത്യേകമായ തൃപ്തി (രിദ്‌വാന്‍) അവര്‍ക്ക് ലഭിച്ചു. അതിനാലാണ് ഈ ബയ്അത്തിന് 'ബയ്അതുര്‍രിദ്‌വാന്‍' എന്നും പേര് വന്നത്. അവരുടെ മനസ്സറിയുന്ന അല്ലാഹു അവര്‍ക്ക് അതു മുഖേന സമാധാനം നല്‍കി. ശേഷം ഉണ്ടായ വമ്പിച്ച വിജയവും അവര്‍ക്ക് നല്‍കി. അഥവാ, ഈ സന്ദര്‍ഭത്തില്‍ വലിയ വിജയം മുസ്‌ലിംകള്‍ക്ക് ഉണ്ടായില്ലെങ്കിലും അതിന് തൊട്ടുടനെയായി നടന്ന ഖയ്ബര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് ഇതു മുഖേന വമ്പിച്ച വിജയം ഉണ്ടായിട്ടുണ്ട്. ആ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് ഏറെ യുദ്ധാര്‍ജിത സ്വത്തും ലഭിക്കുകയുണ്ടായി.

യുദ്ധത്തില്‍നിന്ന് പിന്തിരിയുകയില്ലെന്നും മരണംവരെ പോരാടുമെന്നുമെല്ലാം നബി ﷺ യോട് സ്വഹാബിമാര്‍ ഹുദയ്ബിയയില്‍വെച്ച് കരാര്‍ ചെയ്ത വിവരം ക്വുറയ്ശികളുടെ കാതിലെത്തി. അവര്‍ അങ്കലാപ്പിലായി. മുസ്‌ലിംകള്‍ മക്കയിലേക്ക് കടന്നുകയറാന്‍ സാധ്യതയുണ്ടെന്നും അവര്‍ മക്കക്കാരോട് പോരാടുമെന്നും മക്കക്കാര്‍ക്കിടയില്‍ സംസാരമായി. അവര്‍ക്ക് നേരത്തെയുണ്ടായിരുന്ന വീറും വാശിയുമെ ല്ലാം അയഞ്ഞു. പ്രവാചകനോട് ഒരു സന്ധിസംഭാഷണത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണലാകും ബുദ്ധി എന്ന് മക്കക്കാര്‍ക്ക് തോന്നി. പിന്നീട് അവര്‍ നബി ﷺ യുടെ അടുത്തേക്ക് ദൂതന്മാരെ അയക്കാന്‍ തുടങ്ങി. ആദ്യമായി വന്നത് ഉര്‍വതുബ്‌നു മസ്ഊദ് അസ്സക്വഫിയ്യ്(റ) ആയിരുന്നു. അദ്ദേഹം പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. അദ്ദേഹം അന്ന് നബി ﷺ യുടെ അടുത്തേക്ക് വന്ന് പല രൂപത്തിലും മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. മുസ്‌ലിംകളെ പരസ്പരം പോരടിപ്പിക്കുന്ന വിധത്തില്‍ ഗോത്ര വിഷയങ്ങളും മറ്റും എടുത്ത് പറഞ്ഞു. നബി ﷺ പറഞ്ഞു: 'ഇവരെല്ലാം എന്റെ അനുയായികളാണ്. അവര്‍ എന്നെ വിട്ട് പോകുകയില്ല. ഞങ്ങള്‍ പരസ്പരം ബയ്അത്ത് ചെയ്ത് നില്‍ക്കുന്ന വിശ്വാസികളാണ്.'

അപ്പോള്‍ ഉര്‍വത് അബൂബക്ര്‍(റ) അടക്കമുള്ള സ്വഹാബിമാരുടെ മുഖത്ത് നോക്കി ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും ഞാന്‍ (മാന്യന്മാരായ ഒരാളുടെയും) മുഖം കാണുന്നില്ല. (ഒരു യുദ്ധം പുറപ്പെട്ടാല്‍) നിന്നെ ഒഴിവാക്കി ഓടിപ്പോകുന്ന വ്യത്യസ്ത ഗോത്രങ്ങളിലുള്ളവരെയാണ് ഞാന്‍ കാണുന്നത്.' അബൂബക്ര്‍(റ) അതിന് വായടപ്പന്‍ മറുപടി നല്‍കുകയുണ്ടായി.

മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കുവാന്‍ ആവുന്നതെല്ലാം ചെയ്ത് നോക്കിയ ഉര്‍വക്ക് മനസ്സിലായി; കാര്യമില്ല, മടങ്ങാം. സ്വഹാബിമാര്‍ക്ക് നബി ﷺ യോട് എത്രത്തോളം സ്‌നേഹവും ആദരവും ഉണ്ടെന്ന് ഉര്‍വത് മനസ്സിലാക്കി. അദ്ദേഹം തന്റെ അനുഭവം മുശ്‌രിക്കുകളായ ക്വുറയ്ശികളോട് വിശദീകരിക്കുന്നത് കാണുക:  

''ജനങ്ങളേ, അല്ലാഹുവാണെ സത്യം! തീര്‍ച്ചയായും (പല) രാജാക്കന്മാരുടെ അടുക്കലും നിവേദക സംഘവുമായി ഞാന്‍ ചെന്നിട്ടുണ്ട്. ക്വയ്‌സ്വര്‍, കിസ്‌റാ, നജ്ജാശി (രാജാക്കന്മാരുടെ അടുത്തെല്ലാം) ഞാന്‍ ചെന്നിട്ടുണ്ട്. അല്ലാഹുവാണെ സത്യം, മുഹമ്മദിനെ മുഹമ്മദിന്റെ ആളുകള്‍ ബഹുമാനിക്കുന്നത് (പോലെ) ഒരു രാജാവിനെയും അയാളുടെ ആളുകള്‍ ബഹുമാനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവാണെ സത്യം, അദ്ദേഹം തുപ്പിയാല്‍ അത് അവരില്‍ ഒരാളുടെ കൈയ്യില്‍ വീഴാതിരിക്കുകയില്ല. എന്നിട്ട് (അത് ലഭിച്ചയാള്‍) അത് തന്റെ മുഖത്തും (മറ്റു) തൊലികളിലും പുരട്ടുന്നു. അദ്ദേഹം അവരോട് (വല്ലതും) കല്‍പിച്ചാല്‍ അദ്ദേഹത്തിന്റെ കല്‍പനയെ വേഗത്തില്‍ അവര്‍ സ്വീകരിക്കുന്നു. അദ്ദേഹം വുദ്വൂഅ് ചെയ്താല്‍ അദ്ദേഹത്തിന്റെ വുദ്വൂഇന്റെ വെള്ളത്തിന് വേണ്ടി യുദ്ധം ചെയ്യുമാറ് (അതിന് അവര്‍ തിരക്ക് കൂട്ടുന്നു). അദ്ദേഹം സംസാരിച്ചാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വെച്ച് അവരുടെ ശബ്ദം അവര്‍ താഴ്ത്തുന്നു. അദ്ദേഹത്തോടുള്ള ബഹുമാനം നിമിത്തം അവര്‍ അദ്ദേഹത്തിലേക്ക് തുറിച്ചു നോക്കുന്നവരല്ല. (അതിനാല്‍) നിങ്ങള്‍ക്ക് സന്മാര്‍ഗത്തിന്റെ വല്ല കാര്യവും കണ്ടാല്‍ അത് നിങ്ങള്‍ സ്വീകരിക്കുവീന്‍.''

ഈ ഹദീഥിന്റെ വിശദീകരണത്തില്‍ ഇബ്‌നു ഹജര്‍(റ) പറയുന്നു:

''ഉര്‍വയുടെ സാന്നിധ്യത്തില്‍ അനുയായികള്‍ അങ്ങനെ ചെയ്യുവാനും അതില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുവാനുമുള്ള (കാരണം) അവര്‍ (നബി ﷺ യില്‍ നിന്ന്) ഓടിപ്പോകുന്നതിനെ തൊട്ട് അദ്ദേഹം പേടിപ്പിച്ചതിനുള്ള മറുപടി എന്നോണം അവരില്‍ നിന്ന് ഒരു സൂചന ആയിരിക്കാം. അവര്‍ അവരുടെ നാവ് കൊണ്ട് സംസാരിച്ചത് പോലെ (ഉര്‍വക്ക് കാണിച്ചു കൊടുത്തു:) ഈ സ്‌നേഹം പോലെ തങ്ങളുടെ നേതാവിനെ സ്‌നേഹിക്കുന്ന, ഈ ബഹുമാനം പോലെ അദ്ദേഹത്തെ ബഹുമാനിക്കുന്ന എങ്ങനെ അവിടുത്തെ വിട്ട് ഓടിപ്പോകുമെന്ന് വിചാരിക്കും? (എങ്ങനെ) അദ്ദേഹത്തെ തന്റെ ശത്രുക്കള്‍ക്ക് വിട്ടു നല്‍കും? കുടുംബ ബന്ധം കൊണ്ട് പരസ്പരം സ്‌നേഹിക്കുന്ന ഗോത്രങ്ങളേക്കാള്‍ അവിടുത്തെ സഹായിച്ചും, അവിടുത്തെ ദീന് (സ്വീകരിച്ച്) കൊണ്ടും അവര്‍ അങ്ങേയറ്റം സന്തുഷ്ടരാണ് (എന്ന് അറിയിക്കുന്നത്) ആയേക്കാം.

നബി ﷺ ക്ക് അല്ലാഹു നല്‍കിയ പ്രത്യേകതകൡപെട്ട ഒന്നായിരുന്നു അത്. അബൂബക്‌റി(റ)ലോ ഉമറി(റ)ലോ മറ്റു സ്വഹാബിമാരിലോ ഒന്നുംതന്നെ സ്വഹാബിമാരോ അവരെ കണ്ട താബിഉകളോ ഇത്തരം കാര്യങ്ങളില്‍ ബറകത്ത് കണ്ടിട്ടില്ല. പ്രവാചകന്റെ അനുചരന്മാര്‍ക്ക് അത്തരം ഒരു മഹത്ത്വം ഉണ്ടെന്ന് അവരാരും വിശ്വസിച്ചിട്ടുമില്ല. തങ്ങള്‍ അത്രമാത്രം നബിയെ സ്‌നേഹിക്കുന്നു എന്ന് ശത്രുക്കളെ ബോധ്യപ്പെടുത്താനും അവരുടെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനുമായിരുന്നു ആ സന്ദര്‍ഭത്തില്‍ സ്വഹാബിമാര്‍ മനഃപൂര്‍വം അങ്ങനെ ചെയ്ത്. ഇന്ന് ചിലര്‍ അല്ലാഹുവിന്റെ റസൂലിന്റെ മുടി, പാത്രം എന്നെല്ലാം പറഞ്ഞ് സാമ്പത്തിക ചൂഷണം നടത്തുന്നുണ്ട്. അല്ലാഹുവിന്റെ റസൂലി ﷺ ന്റെതായ ആഥാറുകള്‍ (തിരുശേഷിപ്പുകള്‍) ഒന്നും ഇന്ന് നിലവിലില്ല എന്നതാണ് അതിനെ പറ്റി പഠനം നടത്തിയ പണ്ഡിതന്മാര്‍ പറയുന്നത്.

മുഹമ്മദ് നബി ﷺ യെ അനുചരന്മാര്‍ എത്രമാത്രം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കിയ ഉര്‍വത്(റ) ക്വുറയ്ശികളോട് പറഞ്ഞു: 'അവര്‍ അദ്ദേഹത്തെ ഒഴിവാക്കുകയില്ല. അവര്‍ മരണംവരെ പോരാടുകതന്നെ ചെയ്യും. അതിനാല്‍ ഞാന്‍ അവരോടുള്ള യുദ്ധത്തിനില്ല. അവര്‍ ഉംറ നിര്‍വഹിച്ച് മദീനയിലേക്ക് തിരിച്ചുപോകാന്‍ സമ്മതിക്കലാണ് നല്ലത്.' ഉര്‍വയുടെ വാക്കുകള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അവര്‍ അത് അവഗണിച്ചു. കൂട്ടത്തില്‍ നിന്ന് ഹുലയ്‌സ് ഇബ്‌നു അല്‍ക്വമ എന്ന ആള്‍ എഴുന്നേറ്റു. 'മുഹമ്മദിന്റെ അടുത്തേക്ക് ഞാന്‍ പോകാം' എന്ന് അയാള്‍ പറഞ്ഞു. നബി ﷺ യെ സമീപിക്കുന്ന രണ്ടാമത്തെ ദൂതനാണ് ഹുലയ്‌സ്. നബി ﷺ ക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. ഹുലയ്‌സിനെ ദൂരെനിന്ന് കണ്ടമാത്രയില്‍തന്നെ നബി ﷺ സ്വഹാബിമാരോട് പറഞ്ഞു:

'ബലി മൃഗങ്ങളെ ബഹുമാനിക്കുന്നവരുടെ കൂട്ടത്തില്‍പെട്ട ആളാണ് ഇദ്ദേഹം. അതിനാല്‍ അവയെ (ബലി മൃഗങ്ങളെ) അദ്ദേഹത്തിന് അയച്ച് (കാണിച്ചുകൊടുക്കുക).'

അങ്ങനെ അദ്ദേഹത്തിന് അവ അയക്കപ്പെട്ടു. തല്‍ബിയത്ത് ചൊല്ലുന്നവരായി സ്വഹാബിമാര്‍ അദ്ദേഹത്തെ വരവേറ്റു. അത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹു എത്ര പരിശുദ്ധന്‍, എന്തിനാണ് ഇക്കൂട്ടരെ അവര്‍ കഅ്ബയെതൊട്ട് തടയുന്നത്?' എന്നിട്ട് അദ്ദേഹം തന്റെ കൂട്ടുകാരിലേക്ക് മടങ്ങി. അദ്ദേഹം പറഞ്ഞു: 'ഞാന്‍ ബലിമൃഗങ്ങളെ കണ്ടു. തീര്‍ച്ചയായും അവ (കഴുത്തില്‍ വടം) ചാര്‍ത്തപ്പെടുകയും അടയാളപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ കഅ്ബയെ തൊട്ട് അവര്‍ തടുക്കപ്പെടാന്‍ ഞാന്‍ (ഒന്നും അവരില്‍) കാണുന്നില്ല.'

നബി ﷺ യെയും സ്വഹാബിമാരെയും ഉംറക്ക് അനുവദിക്കുന്ന വിധത്തിലായിരുന്നു അദ്ദേഹവും മക്കക്കാരോട് പറഞ്ഞത്. അവര്‍ക്ക് അദ്ദേഹത്തിന്റെ സംസാരവും പിടിച്ചില്ല. അവര്‍ അദ്ദേഹത്തോട് പറഞ്ഞു: 'ഇരിക്കൂ. നീ ഒരു അഅ്‌റാബിയാണ്, നിനക്ക് ഒരു വിവരവുമില്ല.'

അടുത്ത ദൂതനും വരവായി. മിക്‌റസ് ഇബ്‌നു ഹഫ്‌സ്വായിരുന്നു മൂന്നാമത്തെ ദൂതന്‍. മിക്‌റസിനെ നബി ﷺ കണ്ടു. ഉടനെ അവിടുന്ന് പറഞ്ഞു: 'അത് മിക്‌റസാണ്. അവന്‍ തെമ്മാടിയായ ആളാണ്. അവന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവനാണ്. എന്തും പറയാന്‍ മടിയില്ലാത്തവനാണ്. അവനെ സൂക്ഷിക്കണം.'

അയാള്‍ നബി ﷺ യോട് സംസാരിച്ചു തുടങ്ങി. അവനോട് നബി ﷺ സംസാരിക്കുന്നതിനിടയില്‍ മറ്റൊരു ദൂതനും അവിടേക്ക് വന്നു; സുഹയ്ല്‍ ഇബ്‌നു അംറ്. സുഹയ്ല്‍ വരുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരിലേക്ക് ചേര്‍ത്ത് ശുഭ സൂചനയായി നബി ﷺ സ്വഹാബിമാരോട് പറഞ്ഞു: 'നിങ്ങളുടെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പമാകുന്നതാണ്. ഇദ്ദേഹത്തെ അയച്ചതുവഴി അവര്‍ സന്ധി ഉദ്ദേശിക്കുന്നുണ്ട്.' സുഹയ്ല്‍ അവരിലെ പ്രമുഖനും പ്രസംഗകനും ആയിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹത്തിലൂടെ കാര്യം എളുപ്പമാകാന്‍ സാധ്യതയുണ്ടെന്ന് നബി ﷺ ക്ക് തോന്നി. അങ്ങനെ സുഹയ്‌ലുമായുള്ള സംസാരം നീണ്ടു. നബി ﷺ യും മിക്‌റസു സുഹയ്‌ലുമാണ് ഇപ്പോള്‍ ഇരിക്കുന്നത്. മിക്‌റസ് മൗനിയായി ഇരുവരുടെയും സംഭാഷണം കേട്ടിരുന്നു. അവസാനം ക്വുറയ്ശി മുശ്‌രിക്കുകളുമായി ഒരു കരാര്‍ പത്രം എഴുതാന്‍ ധാരണയായി. അങ്ങനെ അവിടെവച്ച് യുദ്ധം നടക്കാതെ ഒരു കരാര്‍ എഴുതി പിരിഞ്ഞു.

അങ്ങനെ സുഹയ്ല്‍ കരാര്‍ എഴുതാനുള്ള ഏട് കൊണ്ടുവരാന്‍ കല്‍പിച്ചു. നബി ﷺ തന്റെ എഴുത്തുകാരനെയും വിളിച്ചു. ഇത് ഇസ്‌ലാമിക ചരിത്രത്തില്‍ 'ഹുദയ്ബിയ സന്ധി' എന്ന പേരില്‍ അറിയപ്പെടുന്നു. ഈ കരാര്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് വലിയ പരാജയമാണ് എന്ന് തോന്നുമെങ്കിലും, ഈ സന്ധിക്ക് ശേഷമാണ് പ്രവാചക ചരിത്രത്തിലെ തുല്യതയില്ലാത്ത വിജയവും ഇസ്‌ലാമിന് പ്രചാരണവും ലഭിച്ചത് എന്ന് ഈ ചരിത്രം മനസ്സിലാക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്.

കരാര്‍ എഴുതുന്നതിന്റെ തുടക്കത്തില്‍ തന്നെ ചില തര്‍ക്കങ്ങള്‍ രൂപപ്പെട്ടു. നബി ﷺ ഭാഗത്ത് നിന്ന് കരാര്‍ പത്രത്തില്‍ കരാര്‍ എഴുതുന്നതിനായി അലി(റ)െയയാണ് നബി ﷺ ചുമതലപ്പെടുത്തിയത്. അപ്പുറത്തുള്ളത് സുഹയ്ല്‍ ഇബ്‌നു അംറും. (അദ്ദേഹം പില്‍ക്കാലത്ത് ഇസ്‌ലാമിലേക്ക് വന്നിട്ടുണ്ട്).

കരാര്‍ എഴുതുമ്പോള്‍ അതിന് ഒരു ഇസ്‌ലാമിക മാനം ഉണ്ടായിരിക്കണം എന്ന നിലയ്ക്ക് നബി ﷺ തന്റെ എഴുത്തുകാരന്‍ അലി(റ)യോട് 'ബിസ്മി' എഴുതാന്‍ കല്‍പിച്ചു. അതിനെ തുടര്‍ന്ന് അവിടെ തര്‍ക്കങ്ങള്‍ രൂപപ്പെട്ടു. സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം കാണാം:

''അങ്ങനെ നബി ﷺ പറഞ്ഞു: 'ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം (എന്ന് എഴുതുക).' സുഹയ്ല്‍ പറഞ്ഞു: 'അര്‍റ്വഹ്മാനോ? അല്ലാഹുവാണെ സത്യം, അത് ആരാണെന്ന് എനിക്ക് അറിയില്ലല്ലോ. താങ്കള്‍ എഴുതിയിരുന്നത് പോലെ ബിസ്മികല്ലാഹുമ്മ (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് എഴുതിക്കൊള്ളുക.' അപ്പോള്‍ മുസ്‌ലിംകള്‍ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം അല്ലാതെ ഞങ്ങള്‍ എഴുതില്ല.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'ബിസ്മികല്ലാഹുമ്മ (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് എഴുതിക്കൊള്ളുക.' പിന്നീട് അവിടുന്ന് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് തീരുമാനിച്ചതാകുന്നു ഇത് (എന്നും എഴുതുക).' അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: 'അല്ലാഹുവെണ സത്യം, താങ്കള്‍ അല്ലാഹുവിന്റെ റസൂലാണ് എന്ന് ഞങ്ങള്‍ക്ക് അറിയുമായിരുന്നുവെങ്കില്‍ കഅ്ബയെ തൊട്ട് താങ്കളെ ഞങ്ങള്‍ തടയുകയോ താങ്കളോട് ഞങ്ങള്‍ യുദ്ധം ചെയ്യുകയോ ചെയ്യുമായിരുന്നില്ല. എന്നാല്‍, മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹ് എന്ന് എഴുതിക്കൊള്ളുക.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, നിങ്ങള്‍ എന്നെ കളവാക്കുകയാണെങ്കിലും തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെയാണ്. (അതിനാല്‍) മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹ് എന്ന് എഴുതിക്കൊള്ളുക.' സുഹ്‌രി പറഞ്ഞു: 'അല്ലാഹു പവിത്രമാക്കിയവയെ ബഹുമാനിക്കുന്ന കാര്യങ്ങള്‍ അവര്‍ എന്നോട് ചോദിച്ചിട്ടില്ല, ഞാന്‍ അവര്‍ക്ക് അത് നല്‍കിയിട്ടല്ലാതെ എന്ന അവിടുത്തെ വാക്കാണ് അത്.' അപ്പോള്‍ നബി ﷺ അലി(റ)യോട് (എഴുതാന്‍) പറഞ്ഞു: 'ഞങ്ങള്‍ക്കും കഅ്ബക്കും ഇടയില്‍ (ഉള്ള പ്രയാസങ്ങള്‍) ഇല്ലാതാകുകയും ഞങ്ങള്‍ക്ക് അതിനെ ത്വവാഫ് ചെയ്യുകയും വേണം.' അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, ഞങ്ങള്‍ സമ്മര്‍ദത്തിലായി എന്ന് അറബികള്‍ സംസാരിക്കാതിരിക്കില്ല. പക്ഷേ, അത് അടുത്ത വര്‍ഷം ആകാം.' അപ്പോള്‍ (അത്) അദ്ദേഹം എഴുതി. എന്നിട്ട് സുഹയ്ല്‍ പറഞ്ഞു: 'താങ്കളുടെ മതത്തിലായി ഞങ്ങളില്‍നിന്ന് ഒരാള്‍ താങ്കളുടെ അടുത്ത് വന്നാല്‍ ഞങ്ങളിലേക്കുതന്നെ മടക്കി അയക്കണം (എന്നതിലും കരാര്‍ എഴുതണം).' മുസ്‌ലിംകള്‍ പറഞ്ഞു: 'അല്ലാഹു എത്ര പരിശുദ്ധന്‍, ഒരാള്‍ മുസ്‌ലിമായി വന്നിട്ട് (അയാളെ) മുശ്‌രിക്കുകളിലേക്ക് എങ്ങനെ മടക്കും?' അങ്ങനെയിരിക്കെ അബൂജന്ദല്‍ ഇബ്‌നു സുഹയ്ല്‍ ഇബ്‌നു അംറ് ആമങ്ങളില്‍ ബന്ധിക്കപ്പെട്ടവനായി അവിടേക്ക് കടന്നുവന്നു. മക്കയുടെ ഏറ്റവും താഴ്ന്ന പ്രദേശത്തുനിന്നാണ് മുസ്‌ലിംകള്‍ക്കിടയിലേക്ക് അദ്ദേഹം വന്ന് വീണിരിക്കുന്നത്. അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: 'മുഹമ്മദേ, ഇതാ; ആദ്യത്തെ ഈ കരാര്‍ അവന്റെ മേലാണ്. അവനെ എന്നിലേക്ക് മടക്കിത്തരണം.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'തീര്‍ച്ചയായും, നാം കരാര്‍ എഴുതി തീര്‍ന്നിട്ടില്ലല്ലോ. അതിന് ശേഷം (ഉണ്ടാകുന്ന കാര്യങ്ങളിലേ കരാര്‍ നടപ്പിലാക്കാവൂ).' അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, എങ്കില്‍ ഇനി നിന്നോട് ഒരു സന്ധിക്കും ഞാനില്ല.' നബി ﷺ പറഞ്ഞു: 'എന്നാല്‍ അദ്ദേഹത്തിന്റെ (അബൂജന്ദലിന്റെ) കാര്യത്തില്‍ മാത്രം നീ എനിക്ക് ഒരു ഇളവ് തരണം.' (സുഹയ്ല്‍) പറഞ്ഞു: 'അവന്റെ കാര്യത്തില്‍ ഞാന്‍ നിനക്ക് ഇളവുതരില്ല.' നബി ﷺ പറഞ്ഞു: 'അതെ, എന്നാല്‍ നീ (അപ്രകാരം) ചെയ്യുക.' സുഹയ്ല്‍ പറഞ്ഞു: 'ഞാന്‍ അത് ചെയ്യുന്നവനല്ല.' മിക്‌റസ് പറഞ്ഞു: 'ഞങ്ങള്‍ അതിന് അനുവാദം നല്‍കിയിരിക്കുന്നു.' അേപ്പാള്‍ അബൂജന്ദല്‍(റ) പറഞ്ഞു: 'ഓ, മുസ്‌ലിം സമൂഹമേ...ഞാന്‍ മുസ്‌ലിമായി വന്നിട്ടും മുശ്‌രിക്കുകളിലേക്ക് ഞാന്‍ മടക്കപ്പെടുകയാണ്. ഞാന്‍ അനുഭവിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ശക്തമായി ശിക്ഷിക്കപ്പെട്ടിരിക്കുന്നു.' റിേപ്പാര്‍ട്ടര്‍ പറയുന്നു: 'അപ്പോള്‍ ഉമര്‍ ഇബ്‌നുല്‍ ഖത്ത്വാബ്(റ) പറഞ്ഞു: 'അപ്പോള്‍ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു. എന്നിട്ട് ഞാന്‍ ചോദിച്ചു: 'സത്യമായും അങ്ങ് അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയല്ലയോ?' അവിടുന്ന് പറഞ്ഞു: 'അതെ.' ഞാന്‍ ചോദിച്ചു: 'ഞങ്ങള്‍ സത്യത്തിലും നമ്മുടെ ശത്രുക്കള്‍ അസത്യത്തിലുമല്ലേ?' അവിടുന്ന് പറഞ്ഞു: 'അതെ.' അപ്പോള്‍ ഞാന്‍ ചോദിച്ചു: 'എങ്കില്‍ എന്തിനാണ് നമ്മുടെ ദീനിന്റെ കാര്യത്തില്‍ നാം താഴ്ന്നുകൊടുക്കുന്നത്?' നബി ﷺ പറഞ്ഞു: 'തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ റസൂലാണ്. ഞാന്‍ അവനോട് അനുസരണക്കേട് കാണിക്കുന്നവനല്ല. അവന്‍ എന്റെ സഹായിയാകുന്നു.' ഞാന്‍ ചോദിച്ചു: 'നാം കഅ്ബഃയില്‍ ചെല്ലുമെന്നും അതിനെ ത്വവാഫ് ചെയ്യുമെന്നും അങ്ങ് ഞങ്ങളോട് പറഞ്ഞിരുന്നല്ലോ?' നബി ﷺ പറഞ്ഞു: 'അതെ, ഈ വര്‍ഷം നാം അതിന്റെ അടുത്ത് ചെല്ലുന്നതാണ് എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടുണ്ടോ?' ഉമര്‍(റ) പറയുന്നു: 'ഞാന്‍ പറഞ്ഞു; ഇല്ല.' നബി ﷺ പറഞ്ഞു: 'എന്നാല്‍ തീര്‍ച്ചയായും താങ്കള്‍ അതിന്റെ അടുത്ത് ചെല്ലുകയും അതിനെ ത്വവാഫ് ചെയ്യുകയും ചെയ്യുന്നതാണ്.' ഉമര്‍(റ) പറയുന്നു: 'ഞാന്‍ അബൂബക്‌റി(റ)ന്റെ അടുത്ത് ചെന്നു. എന്നിട്ട് ചോദിച്ചു: അബൂബക്‌റേ, സത്യമായും ഇത് അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയല്ലെയോ?' അദ്ദേഹം പറഞ്ഞു: 'അതെ.' ഞാന്‍ ചോദിച്ചു: 'നാം സത്യത്തിലും നമ്മുടെ ശത്രുക്കള്‍ അസത്യത്തിലുമല്ലെയോ?' അദ്ദേഹം പറഞ്ഞു: 'അതെ.' 'എങ്കില്‍ എന്തിന് നാം നമ്മുടെ മതത്തിന്റെ കാര്യത്തില്‍ ശത്രുവിന് ഇങ്ങനെ വിട്ടുവീഴ്ച നല്‍കണം?' അദ്ദേഹം പറഞ്ഞു: 'ഏയ്, മനുഷ്യാ! തീര്‍ച്ചയായും അവിടുന്ന് അല്ലാഹുവിന്റെ റസൂല്‍ തന്നെയാണ്. അവിടുന്ന് റബ്ബിനോട് അനുസരണക്കേട് കാണിക്കുന്നവനല്ല. അവന്‍ അവിടുത്തെ സഹായിയാകുന്നു. അതിനാല്‍ താങ്കള്‍ അവിടുന്ന് കാണിച്ചുതരുന്നതിനെ മുറുകെ പിടിച്ചുകൊള്ളുക. അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും അവിടുന്ന് സത്യത്തിലാണ്.' ഞാന്‍ ചോദിച്ചു: 'നാം കഅ്ബാലയത്തില്‍ ചെന്ന് ത്വവാഫ് ചെയ്യും എന്നല്ലേ അവിടുന്ന് നമ്മളോട് പറഞ്ഞിരുന്നത്?' അദ്ദേഹം പറഞ്ഞു: 'അതെ. എന്നാല്‍ ഈ വര്‍ഷം താങ്കള്‍ അവിടെ ചെല്ലുമെന്ന് പറഞ്ഞിരുന്നോ?' ഞാന്‍ പറഞ്ഞു: 'ഇല്ല.' അദ്ദേഹം പറഞ്ഞു: 'തീര്‍ച്ചയായും താങ്കള്‍ അവിടെ ചെല്ലുകയും അതിനെ ത്വവാഫ് ചെയ്യുകയും ചെയ്യുന്നതാണ്.' സുഹ്‌രി പറയുന്നു: 'ഉമര്‍(റ) പറഞ്ഞു: അങ്ങനെ അതുപ്രകാരം ഞാന്‍ പ്രവര്‍ത്തിച്ചു.' ഉമര്‍(റ) പറയുന്നു: 'രേഖ തയ്യാറായിക്കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്റെ റസൂല ﷺ തന്റെ സ്വഹാബിമാരോട് പറഞ്ഞു: 'എല്ലാവരും എഴുന്നേല്‍ക്കുവിന്‍. എന്നിട്ട് ബലിയറുക്കുകയും തല മുണ്ഡനം നടത്തുകയും ചെയ്യുവിന്‍.' ഉമര്‍(റ) പറയുന്നു: 'അല്ലാഹുവാെണ സത്യം, മൂന്ന് തവണ അവിടുന്ന് അത് ആവര്‍ത്തിച്ചു പറയുന്നതുവരെ അവരില്‍ ഒരാളും എഴുന്നേറ്റില്ല. അവരില്‍ ഒരാളും എഴുന്നേല്‍ക്കാത്തത് കണ്ടപ്പോള്‍ അവിടുന്ന് ഉമ്മു സലമയുടെ അടുത്ത് പ്രവേശിച്ചു. എന്നിട്ട് ജനങ്ങളില്‍നിന്ന് കണ്ട കാര്യങ്ങള്‍ അവരോട് അവിടുന്ന് പറഞ്ഞു. അപ്പോള്‍ ഉമ്മു സലമ(റ) പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് അത് ഇഷ്ടപ്പെടുന്നുണ്ടോ? അങ്ങ് പുറപ്പെടുക. പിന്നീട് അവരില്‍ ഒരാളോടും ഒരു വാക്ക് പോലും സംസാരിക്കാതെ അങ്ങയുടെ ബലിമൃഗത്തെ അറുക്കുന്നത് വരെ (പുറപ്പെട്ടു കൊള്ളുക). അങ്ങയുടെ ക്ഷുരകനെയും വിളിക്കുക. എന്നിട്ട് അദ്ദേഹം അങ്ങയെ മുണ്ഡനം ചെയ്യട്ടെ. അങ്ങനെ അവരില്‍ ഒരാളോടും സംസാരിക്കാതെ അവിടുന്ന പുറപ്പെടുകയും തന്റെ ബലിമൃഗത്തെ അറവ് നടത്തുകയും ചെയ്തു. അവിടുന്ന് തന്റെ ക്ഷുരകനെ വിളിച്ചു. അങ്ങനെ അദ്ദേഹം അവിടുത്തെ തല മുണ്ഡനം നടത്തി. അത് കണ്ടപ്പോള്‍ അവരും എഴുന്നേറ്റു. എന്നിട്ട് അവര്‍ അറവ് നടത്തി. പരസ്പരം തല മുണ്ഡനം നടത്തുകയും ചെയ്തു...''

(ബുഖാരി)