പ്രവാചകന്റെ കാലത്തെ യുദ്ധങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 സെപ്തംബര്‍ 04 1442 മുഹര്‍റം 26

(മുഹമ്മദ് നബി ﷺ : 36)

അനുചരന്മാര്‍ക്ക് അവിടുന്ന് ഇപ്രകാരം കല്‍പന നല്‍കി: ''നിങ്ങള്‍ (മുന്നോട്ട്) നടക്കുകയും സന്തോഷിക്കുകയും ചെയ്യുവിന്‍. കാരണം, തീര്‍ച്ചയായും അല്ലാഹു രണ്ടാലൊരു വിഭാഗത്തെ എനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹുവാണ സത്യം! ആ ജനതയുടെ പതനസ്ഥലത്തേക്ക് ഞാന്‍ നോക്കിക്കാണുന്നവനെ പോലെയാണ് (ഇപ്പോള്‍).''

കച്ചവട സംഘത്തോട് പോരാടുകയാണെങ്കില്‍ അതൊരു വിഷമമുള്ള കാര്യമല്ല. അതിനാല്‍ പലരും അതാണ് കൊതിച്ചിരുന്നത്. ക്വുറയ്ശിപ്പടയാണ് വരുന്നതെങ്കില്‍ അവരോട് അടരാടാന്‍ നാം പര്യാപ്തരുമല്ല. അതിനാല്‍ മടങ്ങാം എന്നായിരുന്നു ആദ്യസമയത്ത് ചിലര്‍ നബി ﷺ യോട് നിര്‍ദേശിച്ചത്. എന്നാല്‍ അല്ലാഹു നബി ﷺ ക്ക് ബോധനം നല്‍കി. രണ്ടില്‍ ഏത് വിഭാഗമാണോ നിങ്ങളോട് ഏറ്റുമുട്ടുന്നത് അവരെ മുസ്‌ലിംകള്‍ക്ക് കീഴ്‌പ്പെടുത്തിക്കൊടുക്കും. ഈ സന്തോഷം നബി ﷺ അനുചരന്മാരെ അറിയിച്ചു. മാത്രവുമല്ല, ശത്രുക്കളുടെ പ്രധാനികള്‍ ഓരോരുത്തരും ശിരസ്സറ്റ് ഏതുഭാഗത്താണ് വീഴുന്നത് എന്ന് പോലും അല്ലാഹു തിരുദൂതര്‍ക്ക് കാണിച്ചു കൊടുത്തു. ഇതുകൂടെ കേട്ടപ്പോള്‍ സ്വഹാബിമാര്‍ക്ക് ആശ്വാസവും ലഭിച്ചു. മാത്രവുമല്ല, അല്ലാഹുവിന്റെ സഹായം പല രൂപത്തിലായി അവരില്‍ അല്ലാഹു ഇറക്കിക്കൊണ്ടിരിക്കുകയും ചെയ്തു.

ശത്രുക്കളുടെ എണ്ണം എത്രയോ അധികമാണെന്ന് അവര്‍ക്ക് അറിയാം. എന്നാലും അല്ലാഹു അവരുടെ മനസ്സില്‍ അവരുടെ എണ്ണത്തെ ചുരുക്കിക്കാണിച്ചു. അവരുടെ മനസ്സിന് അല്ലാഹു ധൈര്യം നല്‍കി. ഘോരമായ സംഘട്ടനം നടക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സമയത്ത് ആര്‍ക്കാണ് ഉറക്കം വരിക? ഭീതിയിലായിരിക്കുമല്ലോ എല്ലാവരും. എന്നാല്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക് നന്നായി ഉറങ്ങാനുള്ള ഒരു അവസ്ഥ അവരുടെ മനസ്സിന് നല്‍കുകയാണ്. അങ്ങനെ അവര്‍ക്ക് ഒരു മയക്കം പിടിപെടുന്നു. കുറെനേരം ഉറങ്ങിയത് പോലെ തോന്നിക്കുന്ന രൂപത്തിലുള്ള ഒരു തൂങ്ങിയുറക്കം. അതിനെക്കുറിച്ച് ക്വുര്‍ആന്‍ ഇപ്രകാരം ഉണര്‍ത്തുന്നു:

''അല്ലാഹു തന്റെ പക്കല്‍നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കംകൊണ്ട് ആവരണംചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കിക്കളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെമേല്‍ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)'' (ക്വുര്‍ആന്‍ 8:11).

ആ ഉറക്കം അവര്‍ക്ക് കൂടുതല്‍ നിര്‍ഭയത്വം ലഭിക്കാന്‍ ഇടയായി. കൂടുതല്‍ ഉന്മേഷം ലഭിക്കാനും അത് നിമിത്തമായി. കൂടാതെ, അല്ലാഹു വാനലോകത്തുനിന്നും മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. ആ മഴ മുസ്‌ലിംകള്‍ക്ക് അനുഗ്രഹവും ശത്രുക്കള്‍ക്ക് വലിയ പ്രയാസവുമാണ് ഉണ്ടാക്കിയത്. നബി ﷺ യും അനുയായികളും ബദ്‌റിന്റെ മുകള്‍ ഭാഗത്തായിരുന്നു. ക്വുറയ്ശിപ്പട ബദ്‌റിന്റെ താഴ്‌വരയിലും. വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന മുസ്‌ലിംകള്‍ക്ക് ആ മഴ കുടിവെള്ളത്തിനുള്ള സൗകര്യമൊരുക്കി. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ കഷ്ടപ്പെട്ട സമയമായിരുന്നു ആ മഴ ചൊരിയപ്പെട്ടത്. വെള്ളസൗകര്യമുള്ള ഭാഗത്ത് ശത്രുസൈന്യം തമ്പടിക്കുകയും ചെയ്തു. അതുപോലെ മുസ്‌ലിംകള്‍ നില്‍ക്കുന്ന ഭാഗത്തെ മണ്ണും ഒരു പ്രത്യേക രൂപത്തിലായിരുന്നു. ചവിട്ടിയാല്‍ കാല്‍ ആണ്ടുപോകുന്ന അവസ്ഥ! ഇപ്രകാരം വിഷമങ്ങള്‍ അനുഭവിക്കുന്ന വേളയില്‍ പെയ്തിറങ്ങിയ മഴ മണ്ണിനെ ഉറപ്പിച്ചുനിര്‍ത്തി. അങ്ങനെ മുസ്‌ലിംകള്‍ക്ക് നടക്കാനുള്ള സൗകര്യമായി. മുകളില്‍ നില്‍ക്കുന്ന എല്ലാ ചപ്പുചവറുകളും വെള്ളവുമെല്ലാം താഴ്ഭാഗത്ത് തമ്പടിച്ചു നില്‍ക്കുന്ന ശത്രുപാളയത്തിലേക്കാണ് ചെല്ലുന്നത്. അത് അവരുടെ സന്തോഷം കെടുത്തി. അവര്‍ക്ക് അത് ഒരു വലിയ വിഷമം സൃഷ്ടിച്ചു. അവര്‍ക്ക് കുടിക്കാനും കുളിക്കാനുമുള്ള വെള്ളമെല്ലാം മലിനമായി. അങ്ങനെ ആ മഴ മുസ്‌ലിംകള്‍ക്ക് അനുഗ്രഹവും ശത്രുക്കള്‍ക്ക് ഒരു ശിക്ഷയുമായി മാറി. ശത്രുക്കളെ തൊട്ടുള്ള മുസ്‌ലിംകളുടെ ആധിയും പേടിയുമെല്ലാം അതിലൂടെ നീങ്ങുകയും അവര്‍ക്ക് സ്ഥൈര്യം ലഭിക്കുകയും ചെയ്തു.

മുസ്‌ലിംകളില്‍ ചിലരുടെ മനസ്സില്‍ ചില ദുര്‍ബോധനങ്ങള്‍ ഉടലെടുത്തിരുന്നു. 'സത്യത്തിന്റെ കക്ഷികളായ നാം, പ്രവാചകന്റെ സാന്നിധ്യമുള്ള നാം കുടിക്കാനും കുളിക്കാനും മറ്റു സൗകര്യങ്ങള്‍ക്കും വെള്ളമില്ലാതെ വിഷമിക്കുന്നു! ശരിയായ രൂപത്തില്‍ ഒന്ന് നടക്കാന്‍ പോലും ഈ ഭാഗത്ത് നമുക്ക് കഴിയുന്നുമില്ല. എന്നാല്‍ അസത്യത്തിന്റെ വക്താക്കളായ ക്വുറയ്ശിപ്പടക്ക് വെള്ളം യഥേഷ്ടമാണ്. നല്ല മണ്ണ്... എല്ലാം കൊണ്ടും സൗകര്യം...' എന്നിങ്ങനെ അവരില്‍ ചിലര്‍ പരസ്പരം അടക്കംപറഞ്ഞിരുന്നു. ഈ പൈശാചിക ചിന്തയെ ആ മഴ മുഖേന അല്ലാഹു നീക്കിക്കളയുകയും ചെയ്തു. അവരെ മാനസികമായും ശാരീരികമായും അല്ലാഹു ശുദ്ധീകരിക്കുകയും മനസ്സിന് ഉറപ്പ് നല്‍കുകയും ചെയ്തു.

രണഭൂമിയിലേക്ക് ഇറങ്ങുന്ന തലേന്ന് രാത്രി കുടിച്ചും കൂത്താടിയും രമിച്ചും നൃത്തം ചെയ്തും പൈശാചികതയുടെ എല്ലാ കോലവും സൃഷ്ടിച്ച് ക്വുറയ്ശിപ്പട കഴിച്ചുകൂട്ടുമ്പോള്‍ പ്രാര്‍ഥനയിലായിരുന്നു നബി ﷺ യും അനുചരന്മാരും. അല്ലാഹുവിന്റെ മുന്നില്‍ സുജൂദിലായി കണ്ണുകള്‍ കരഞ്ഞുകലങ്ങിയ അവസ്ഥയില്‍ ലോകത്തിന്റെ പ്രവാചകന്‍ ﷺ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. ഇടക്കിടക്ക് തലയുയര്‍ത്തി, ഇരു കരങ്ങളും മുകളിലേക്കുയര്‍ത്തി അവിടുന്ന് അല്ലാഹുവിനോട് തേടുന്നു: 'അല്ലാഹുവേ, നീ എന്നോട് ചെയ്തിട്ടുള്ള വാഗ്ദാനം പൂര്‍ത്തിയാക്കേണമേ. അല്ലാഹുവേ, ഇസ്‌ലാമിന്റെ ഈ കൊച്ചുസംഘത്തെ നീ നശിപ്പിച്ചാല്‍ ഭൂമിയില്‍ നീ ആരാധിക്കപ്പെടുന്നതല്ല (അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ).'

ഇരുകൈകളും വാനലോകത്തേക്കുയര്‍ത്തി അല്ലാഹുവിന്റെ റസൂല്‍ ﷺ അല്ലാഹുവിനോട് ദുആ ചെയ്യുമ്പോള്‍ അവിടുത്തെ തട്ടം നിലത്തുവീണു. അത് എടുത്ത് അബൂബക്ര്‍(റ) നബി ﷺ യുടെ ചുമലിലേക്ക് വെച്ചുകൊടുത്തു. എന്നിട്ട് അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു കൊണ്ട് അബൂബക്ര്‍(റ) ഇപ്രകാരം പറഞ്ഞു:

''അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയുടെ രക്ഷിതാവിനോടുള്ള അങ്ങയുടെ അഭിമുഖസംഭാഷണം മതി. തീര്‍ച്ചയായും അല്ലാഹു അങ്ങയോട് നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതാണ്.'' അപ്പോള്‍ അല്ലാഹു (ആയത്ത്) ഇറക്കി: ''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.'' അങ്ങനെ മലക്കുകള്‍ മുഖേന അല്ലാഹു മുസ്‌ലിം പക്ഷത്തെ സഹായിച്ചു.

അങ്ങനെ പോര്‍മുഖത്തേക്ക് അവിടുന്ന് ഇറങ്ങുകയാണ്. ആ സമയത്ത് അവിടുന്ന് ഇപ്രകാരം പറയുന്നുണ്ട്: 'എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും.'

മലക്കുകളെ ഇറക്കി അല്ലാഹു സഹായിക്കുമെന്ന് നബി ﷺ യോട് അല്ലാഹു അറിയിച്ചല്ലോ. അങ്ങനെ അല്ലാഹു മലക്കുകളെ അറിയിച്ചു:

''നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 8:12).

ശക്തമായ സംഘട്ടനം നടന്നു. മലക്കുകള്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം യുദ്ധത്തില്‍ പങ്കെടുത്തു. ശത്രുക്കളെ അരിഞ്ഞുവീഴ്ത്തി. ആയുധബലമില്ലാത്ത കൊച്ചുസംഘത്തെ മലക്കുകള്‍ മുഖേന അല്ലാഹു സഹായിച്ചു. നബി ﷺ ക്ക് ഉറക്കത്തില്‍ കാണിക്കപ്പെട്ടതുപോലെ ഓരോരുത്തരും അതാത് സ്ഥലങ്ങളില്‍ നിലംപൊത്തിവീണു. പേടിച്ചരണ്ട ശത്രുക്കളുടെ പടയിലെ പലരും ഓടി. ക്വുറയ്ശി പടയുടെ തലവന്മാരടക്കം എഴുപത് പേര്‍ ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അത്രതന്നെ ആളുകളെ ബന്ധനത്തിലാക്കുകയും ചെയ്തു. പതിനാലുപേര്‍ മുസ്‌ലിം പക്ഷത്തുനിന്ന് രക്തസാക്ഷികളാവുകയും ചെയ്തു. അങ്ങനെ നിരായുധരായ കൊച്ചുസംഘം ബദ്ര്‍ യുദ്ധത്തില്‍ വിജയിച്ചു. ആയുധബലമോ ആള്‍ബലമോ അല്ല അല്ലാഹുവിന്റെ സഹായത്തിന് കാരണമെന്നും ഈമാനുണ്ടെങ്കില്‍ അല്ലാഹുവിന്റെ സഹായം ഉറപ്പാണെന്നും വിളിച്ചറിയിക്കുന്ന ബദ്ര്‍ യുദ്ധം അവസാനിച്ചു.

ആള്‍ക്കൂട്ടമോ ഭൗതികസൗകര്യമോ ഒന്നും ഇല്ലെങ്കിലും സത്യസന്ധമായ വിശ്വാസത്തിന്റെ അടിത്തറയില്‍ ജീവിക്കുന്നവര്‍ എത്ര ചെറിയ സംഘമാണെങ്കിലും അല്ലാഹുവിന്റെ സഹായം ഉറപ്പാണ് എന്ന ഏറ്റവും വലിയ ഗുണപാഠമാണ് മുസ്‌ലിംകള്‍ ഈ സംഭവത്തില്‍നിന്നും ഉള്‍കൊള്ളേണ്ടത്.

ബദ്‌റില്‍ വധിക്കപ്പെട്ട ക്വുറയ്ശിപ്പടയിലെ ഇരുപത്തിനാലോളം വരുന്ന പ്രമുഖരുടെ ശരീരത്തെ അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റിലേക്ക് ഇട്ടു. രക്തസാക്ഷികളായ പതിനാല് സ്വഹാബിമാരുടെ മയ്യിത്ത് ആ പോര്‍ക്കളത്തില്‍തന്നെ നബി ﷺ ക്വബ്‌റടക്കി. ശത്രുക്കള്‍ കൊല്ലപ്പെട്ടതിന് ശേഷം മൂന്നുദിവസത്തോളം ആ ശരീരങ്ങള്‍ അവിടെത്തന്നെയായിരുന്നു. പിന്നീട് അവയില്‍നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങി. ശേഷമാണ് നബി ﷺ അവരെ അവിടെയുള്ള പൊട്ടക്കിണറ്റിലേക്ക് ഇടുന്നത്. അന്നേരം അവരോട് നബി ﷺ ചോദിച്ചു:

'ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ സത്യമായി കണ്ടിരിക്കുന്നു. നിങ്ങളോട് നിങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് നിങ്ങളും സത്യമായി കാണുന്നില്ലേ?' (റിപ്പോര്‍ട്ടര്‍) പറയുന്നു: 'അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ആത്മാവില്ലാത്ത ശരീരത്തോട് എന്ത് സംസാരം?' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ സത്യം, ഞാന്‍ പറയുന്നത് അവരെക്കാള്‍ കേള്‍ക്കുന്നവരല്ല നിങ്ങള്‍.' ക്വതാദ(റ) പറയുന്നു: 'അല്ലാഹു അവര്‍ക്ക് അത് കേള്‍പ്പിക്കാനായി ജീവന്‍ നല്‍കി.' നബി ﷺ യുടെ സംസാരം (അവരെ) നിന്ദിക്കുകയും ചെറുതാക്കുകയും (അവര്‍ക്ക്) വിഷമവും നഷ്ടബോധവും ദുഃഖവും ഉണ്ടാക്കുന്നതിനായിരുന്നു.

ഈ സംഭവം അല്ലാഹുവല്ലാത്തവരോട് വിളിച്ചാല്‍ അവര്‍ കേള്‍ക്കും എന്നതിന് തെളിവാക്കുന്ന അല്‍പന്മാര്‍ ഉണ്ട്. അബൂജഹ്‌ലും സംഘവും നബി ﷺ യുടെ സംസാരം കേട്ടില്ലേ എന്നതാണ് അവര്‍ ഇതില്‍ നിന്ന് നിര്‍ധാരണം ചെയ്യുന്നത്. മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ല എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇവര്‍ കേട്ടത് ക്വതാദ(റ)തന്നെ വ്യക്തമാക്കിയത് ഇമാം ബുഖാരി(റഹി) ഉദ്ധരിക്കുകയും ചെയ്തല്ലോ; അല്ലാഹു അത് കേള്‍ക്കാനായി അപ്പോള്‍ അവര്‍ക്ക് ജീവന്‍ നല്‍കി എന്നാണ്.

ഇവരുടെ വാദപ്രകാരം അബൂജഹ്‌ലിനോടും പ്രാര്‍ഥന അനുവദനീയമാകുകയല്ലേ ചെയ്യുന്നത്? കാരണം അവരാണല്ലോ കേട്ടത്. മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ല എന്നതാണ് നബി ﷺ യുടെയും സ്വഹാബിമാരുടെയും വിശ്വാസം. നബി ﷺ അവരോട് അപ്രകാരം സംസാരിക്കുമ്പോള്‍ ഉമര്‍(റ) അതിനെ സംബന്ധിച്ച് ചോദിച്ചത് നാം കണ്ടു. ഉമറി(റ)ന്റെ വിശ്വാസം എന്തായിരുന്നു? മരണപ്പെട്ടവര്‍ നമ്മുടെ സംസാരംകേള്‍ക്കില്ല എന്നുതന്നെ. ഉമര്‍(റ) അപ്രകാരം ചോദിച്ചപ്പോള്‍ നബി ﷺ 'ഉമറേ, നിനക്ക് തെറ്റി. മരണപ്പെട്ടവര്‍ കേള്‍ക്കും' എന്നല്ല നബി ﷺ പറഞ്ഞത്. അപ്പോള്‍ നബി ﷺ യുടെ വിശ്വാസവും മരണപ്പെട്ടവര്‍ കേള്‍ക്കില്ല എന്നാണ്. അഥവാ, ഈ സംഭവം മരണപ്പെട്ടവര്‍ കേള്‍ക്കില്ല എന്നതാണ് നമ്മെ പഠിപ്പിക്കുന്നത്. ഇതേ കാര്യം മറ്റൊരു റിപ്പോര്‍ട്ടില്‍ ഇമാം ബുഖാരി(റ) തന്നെ റിപ്പോര്‍ട്ട് ചെയ്തത് കാണുക:

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''നബി ﷺ ബദ്‌റിലെ പൊട്ടക്കിണറിന്റെ അടുത്ത് നിന്നു. എന്നിട്ട് ചോദിച്ചു: 'നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് സത്യമാണെന്ന് നിങ്ങള്‍ കണ്ടോ?' പിന്നീട് നബി ﷺ പറഞ്ഞു: 'തീര്‍ച്ചയായും ഇപ്പോള്‍ അവര്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നവരാകുന്നു.' ആഇശ(റ)യോട് (ഇത്) പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: 'നിശ്ചയം, നബി ﷺ പറഞ്ഞത്; തീര്‍ച്ചയായും ഇപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞത് സത്യമാണെന്ന് അവര്‍ അറിയുന്നവരാണ്' (എന്നാണ്). പിന്നീട് അവര്‍ പാരായണം ചെയ്തു: 'മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപ്പോയാല്‍ അവരെയും നിനക്ക് വിളികേള്‍പിക്കാനാവില്ല'' (ക്വുര്‍ആന്‍ 27:80).

ഈ റിപ്പോര്‍ട്ടില്‍നിന്ന് ആഇശ(റ)യും മരണപ്പെട്ടവര്‍ കേള്‍ക്കില്ല എന്ന് വിശ്വസിക്കുന്നവരായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. മരണപ്പെട്ടവര്‍ക്ക് നമ്മുടെ വിളിയോ മറ്റോ കേള്‍ക്കാനുള്ള കഴിവ് അല്ലാഹു നല്‍കിയിട്ടില്ല. താന്‍ പറയുന്നത് അവരെ കേള്‍പിക്കാനുള്ള കഴിവ് നബി ﷺ ക്കും ഇല്ല. ഇവിടെ കേട്ടത് ആ സമയത്തേക്ക് മാത്രം പ്രത്യേകമായ ഒന്നാണ്. അത് നബി ﷺ യിലൂടെ അല്ലാഹു പ്രകടമാക്കിയ ഒരു മുഅ്ജിസത്തായിരുന്നു. നബി ﷺ യുടെ സംസാരം കേട്ട് അവര്‍ നിന്ദ്യരാകാനും ശിക്ഷയുടെ കാഠിന്യം അറിയാനും നഷ്ടബോധം മനസ്സിലാകാനുമായുള്ള ഒരു മുഅ്ജിസതാണ്. മാത്രവുമല്ല, അവര്‍ അത് കേട്ടുവെങ്കിലും അവര്‍ക്ക് അതിന് ഉത്തരം ചെയ്യാന്‍ സാധ്യമല്ല എന്നുകൂടെ ഫത്ഹുല്‍ബാരിയില്‍ കാണാം. ആഇശ(റ) നബി ﷺ യുടെ ഈ സംസാരത്തില്‍നിന്ന് മനസ്സിലാക്കിയത് അവര്‍ കേള്‍ക്കും എന്ന് നബി ﷺ പറഞ്ഞത് അവര്‍ അത് മനസ്സിലാക്കും എന്ന അര്‍ഥത്തിലാണ് എന്നാണ്.

ബദ്‌റിലെ ബന്ധനസ്ഥര്‍

ബദ്ര്‍ യുദ്ധത്തില്‍ ക്വുറയ്ശികളില്‍നിന്ന് എഴുപത് പേര്‍ വധിക്കപ്പെടുകയും അത്രതന്നെ ആളുകള്‍ മുസ്‌ലിംകളുടെ ബന്ധനസ്ഥതയില്‍ ആകുകയും ചെയ്തു. പിടിക്കപ്പെട്ട ഈ ബന്ധനസ്ഥരുടെ കാര്യത്തില്‍ എന്ത് തീരുമാനമാണ് നാം എടുക്കേണ്ടത് എന്ന് നബി ﷺ സ്വഹാബിമാരുമായി കൂടിയാലോചന നടത്തുകയുണ്ടായി. അബൂബക്ര്‍(റ), ഉമര്‍(റ), അലി(റ) തുടങ്ങിയവരെല്ലാം അവരുടെതായ അഭിപ്രായങ്ങള്‍ നബി ﷺ യെ അറിയിച്ചു. അബൂബക്ര്‍(റ) പറഞ്ഞത് ഇപ്രകാരമായിരുന്നു:

''അല്ലാഹുവിന്റെ ദൂതരേ, ഇവര്‍ പിതൃവ്യപുത്രരും കുടുംബക്കാരും സഹോദരങ്ങളുമെല്ലാമാണല്ലോ. (അതിനാല്‍) അവരില്‍നിന്ന് മോചനമൂല്യം സ്വീകരിക്കാനാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ നാം സ്വീകരിക്കുന്ന ആ മോചനമൂല്യം അവിശ്വാസികള്‍ക്കെതിരില്‍ നമുക്ക് ശക്തിയാകുകയും അല്ലാഹു അവരെ സന്മാര്‍ഗത്തിലാക്കിയാല്‍ അവര്‍ നമുക്ക് ഒരു ശക്തിയാകുകയും ചെയ്യുന്നതാണ്.'

ബന്ധനസ്ഥരാക്കപ്പെട്ടവരെ വധിക്കണമെന്ന അഭിപ്രായമായിരുന്നു ഉമറി(റ)നുണ്ടായിരുന്നത്. അദ്ദേഹം പറഞ്ഞു: 'നബിയേ, അബൂബക്ര്‍ പറഞ്ഞ അഭിപ്രായമല്ല എനിക്കുള്ളത്. അവരെ ഓരോരുത്തരെയായി നമുക്ക് കൊന്നുകളയാം. അവരിലെ ഓരോരുത്തരെയും അവരവരുടെ കുടുംബത്തിലെ അടുത്തവര്‍ കൊല്ലണം. കാരണം അവര്‍ അവിശ്വാസത്തിന്റെ നേതാക്കളും അതിന്റെ ശക്തന്മാരും മല്ലന്മാരുമാണ്. അവരെ നാം വിട്ടാല്‍ അവര്‍ ഇനിയും നമുക്കെതിരില്‍ തിരിയും.' എന്നാല്‍ നബി ﷺ അബൂബക്‌റി(റ)ന്റെ അഭിപ്രായത്തോടാണ് യോജിച്ചത്. ഉമര്‍(റ) പറയുന്നത് സ്വഹീഹ് മുസ്‌ലിമില്‍ ഇക്രാരം കാണാം:

''അങ്ങനെ അബൂബക്ര്‍ പറഞ്ഞതിനോട് അല്ലാഹുവിന്റെ റസൂല്‍ ﷺ യോജിച്ചു. ഞാന്‍ പറഞ്ഞതിനോട് അവിടുന്ന് യോജിച്ചില്ല. അങ്ങനെ അടുത്ത ദിവസമായപ്പോള്‍ ഞാന്‍ (തിരുസവിധത്തില്‍) വന്നു. അപ്പോഴുണ്ട്, അല്ലാഹുവിന്റെ റസൂലും ﷺ അബൂബക്‌റും കരഞ്ഞിരിക്കുന്നു! ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, അങ്ങയെയും അങ്ങയുടെ കൂട്ടുകാരനെയും കരയിപ്പിക്കുന്നത് എന്താണെന്ന് എനിക്ക് പറഞ്ഞുതന്നാലും. കരയേണ്ടുന്നതായി (വല്ലതും) ഞാന്‍ കണ്ടാല്‍ ഞാനും കരയുന്നതാണ്. കരയേണ്ടുന്ന ഒന്നും ഞാന്‍ കണ്ടില്ലെങ്കിലും നിങ്ങളുടെ ഇരുവരുടെയും കൂടെ ഞാനും കരയുന്നതാണ്.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'തീര്‍ച്ചയായും അവരുടെ ശിക്ഷ ഈ വൃക്ഷത്തെക്കാളും സമീപസ്ഥമാണെന്ന് എനിക്ക് വെളിവാക്കപ്പെട്ടിരിക്കുന്നു.' (തുടര്‍ന്ന്) അല്ലാഹു (ക്വുര്‍ആന്‍സൂക്തം) ഇറക്കി: ''ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തിപ്രാപിക്കുന്നതു വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്റെപേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുകതന്നെ ചെയ്യുമായിരുന്നു. എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 8:67-69).

അങ്ങനെ അവര്‍ക്ക് അല്ലാഹു യുദ്ധാര്‍ജിത സ്വത്ത് അനുവദിക്കുകയുണ്ടായി. ശരിയായ ഒരു അസ്തിത്വം മദീനയില്‍ മുസ്‌ലിംകള്‍ക്ക് കൈവരുന്നതിന് മുമ്പ് ബന്ധികളായി തടവിലാക്കുക എന്നത് പ്രവാചകന്മാര്‍ക്ക് അല്ലാഹു അനുവാദം നല്‍കിയിട്ടില്ലാത്ത കാര്യമാണ്. ബദ്ര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെ ബന്ധികളാക്കുകയും അവരില്‍ നിന്ന് മോചന മൂല്യം വാങ്ങി വിട്ടയക്കാം എന്നും ഉള്ള നബി ﷺ യുടെ തീരുമാനത്തെ അല്ലാഹു തിരുത്തുകയാണ് ഈ സൂക്തത്തിലൂടെ നാം കാണുന്നത്. നബി ﷺ മറ്റു സ്വഹാബിമാരോട് കൂടിയാലോചിച്ച് എടുത്ത തീരുമാനമാണെങ്കിലും ആ തീരുമാനം പാളിപ്പോയിട്ടുണ്ട്. അല്ലാഹുവില്‍ നിന്നും അതിനെ പറ്റിയുള്ള അറിവ് ലഭിക്കുന്നതിന് മുമ്പ് നബി ﷺ ഇജ്തിഹാദ് ചെയ്താണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്. അതിനാലാണ് ആ തീരുമാനം അല്ലാഹു അംഗീകരിക്കാതിരുന്നത്.

മോചന മൂല്യം നിശ്ചയിച്ച് അവരെ വിട്ടയക്കുവാനുള്ള ന്യായം അബൂബക്‌റി(റ)ന്റെ അഭിപ്രായ പ്രകടനത്തില്‍നിന്ന് നാം മനസ്സിലാക്കിയല്ലോ. അതിനെ സംബന്ധിച്ച് 'നിങ്ങള്‍ ഐഹിക ജീവിതത്തിലെ വിഭവങ്ങളാണ് ഉദ്ദേശിക്കുന്നതെന്നും അല്ലാഹു പാരത്രികമാണ് ഉദ്ദേശിക്കുന്നതെന്നും' അല്ലാഹു താക്കീത് നല്‍കി. മാത്രവുമല്ല, അല്ലാഹുവില്‍നിന്നുള്ള ഒരു തീരുമാനം മുമ്പേ ഇല്ലായിരുന്നെങ്കില്‍ ഈ നടപടിയുടെ പേരില്‍ ശിക്ഷക്ക് തന്നെ അവര്‍ കാരണക്കാരാകുമായിരുന്നു. എന്താണ് അല്ലാഹു മുമ്പേ എടുത്തിട്ടുള്ള തീരുമാനം? ക്വുര്‍ആന്‍ വ്യാഖ്യാതക്കള്‍ അതു സംബന്ധമായി പല കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു ഒരു തീരുമാനം അറിയിച്ചതിന് ശേഷം അല്ലാഹുവിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനമല്ലല്ലോ നബി ﷺ സ്വീകരിച്ചത്. അതിനാല്‍ അവര്‍ കുറ്റക്കാരല്ല. അതുപോലെ ബന്ധികളായി പിടിച്ചവരെ മോചനമൂല്യം കൈപ്പറ്റി മോചിപ്പിക്കാവതല്ല എന്നൊരു നിയമവും അവര്‍ക്ക് പരിചയമില്ലാത്തതാണ്. അങ്ങനെയൊരു സന്ദേശം അല്ലാഹു നബി ﷺ ക്ക് നല്‍കിയിട്ടുമില്ല. ഇങ്ങനെ അല്ലാഹുവിന്റെ തീരുമാനം വന്നിട്ടില്ലാത്ത ഒരു കാര്യത്തില്‍ ചിന്തിച്ചെടുക്കുന്ന ഒരു തീരുമാനത്തില്‍ അബദ്ധം സംഭവിച്ചുകൂടായ്കയില്ലല്ലോ. ആ നിലക്ക് സംഭവിച്ച ഈ അബദ്ധത്തിന്റെ പേരില്‍ അല്ലാഹു ശിക്ഷിക്കുന്നതുമല്ല. അത് അല്ലാഹു മാപ്പ് നല്‍കും. അങ്ങനെ ഒരു തീരുമാനം അല്ലാഹു മുമ്പേ എടുത്തിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ നബി ﷺ യോ സ്വഹാബിമാരോ ഒരു തെറ്റ് ഇവടെ ചെയ്തിട്ടില്ല. അഥവാ, അല്ലാഹുവിന്റെ നിയമത്തെ അവര്‍ ചോദ്യം ചെയ്യാത്തതിനാല്‍ അവര്‍ കുറ്റക്കാരല്ല എന്നര്‍ഥം.