ആക്ഷേപങ്ങളില്‍ അടിപതറാതെ

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഫെബ്രുവരി 27 1442 റജബ് 15

(മുഹമ്മദ് നബി ﷺ , ഭാഗം 11)

മക്കാമുശ്രിക്കുകളുടെ മറ്റൊരു ആക്ഷേപവും അതിനുള്ള മറുപടിയും കാണുക:ڈ"അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍) എടുത്തുതിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്"(ക്വുര്‍ആന്‍ 25:7,8)

"ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്കുമുമ്പ് ദൂതന്‍മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍ ക്ഷമിക്കുമോ എന്ന് നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നിന്‍റെ രക്ഷിതാവ് (എല്ലാം)കണ്ടറിയുന്നവനാകുന്നു" (ക്വുര്‍ആന്‍ 25:20).

മുഹമ്മദ് നബി ﷺ ദരിദ്രനായിരുന്നു എന്നതാണ് അവരുടെ മറ്റൊരു ആക്ഷേപം: "ഈ രണ്ട് പട്ടണങ്ങളില്‍നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്‍റെമേല്‍ എന്തുകൊണ്ട് ഈ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു" (ക്വുര്‍ആന്‍ 41:31).

മക്കയിലും പരിസരപ്രദേശമായ ത്വാഇഫിലും മുഹമ്മദിനെക്കാള്‍ പ്രൗഢിയും പ്രതാപവുമുള്ള എത്ര പേരുണ്ട്! അവരെയൊന്നും തെരഞ്ഞെടുക്കാതെ ഇവനെയാണോ ഇതിനായി തെരഞ്ഞെടുത്തത് എന്നാണ് അവര്‍ക്ക് ഉണ്ടായിരുന്ന മറ്റൊരു ആക്ഷേപം. മക്കയിലെ വലീദുബ്നു മുഗീറയെയും ത്വാഇഫിലെ ഉര്‍വത്തുബ്നു മസ്ഊദ് അസ്സക്വഫിയെയുമാണ് അവര്‍ ഉദ്ദേശിച്ചത് എന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്.

മുഹമ്മദ് ഭ്രാന്തനാണ് എന്നുപോലും അവര്‍ ആക്ഷേപിച്ചു: "അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ"(ക്വുര്‍ആന്‍ 15:6).

"...ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു" (ക്വൂര്‍ആന്‍ 44:14).

ഇതിനെല്ലാം അല്ലാഹു നല്‍കിയ മറുപടി കാണുക: "നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല" (ക്വുര്‍ആന്‍ 68:2).

"ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്താല്‍ നീ ഒരു ജ്യോത്സ്യനോ ഭ്രാന്തനോ അല്ല. അതല്ല, (മുഹമ്മദ്) ഒരു കവിയാണ്, അവന്ന് കാലവിപത്ത് വരുന്നത് ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണോ അവര്‍ പറയുന്നത്? നീ പറഞ്ഞേക്കുക: നിങ്ങള്‍ കാത്തിരുന്നോളൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു"(ക്വുര്‍ആന്‍ 52:29-31).

തന്നെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത തന്‍റെ ജനത എത്ര കടുത്ത പദങ്ങളാണ് പ്രയോഗിക്കുന്നത്. ഭ്രാന്തില്ലാത്ത ഒരാളെപ്പറ്റി ഭ്രാന്തനെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത് അയാള്‍ക്ക് എത്ര പ്രയാസമാകും! കവിയാണെന്നും ജാലവിദ്യക്കാരനാണെന്നും കള്ളനാണെന്നും അവിടുത്തെ മുഖത്തുനോക്കി അവര്‍ വിളിക്കുകയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തു:

"സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു"(ക്വുര്‍ആന്‍ 38:4).

മുശ്രിക്കുകള്‍ ഇത്തരത്തില്‍ പ്രവാചകനെ വല്ലാതെ വിഷമിപ്പിക്കുമ്പോഴെല്ലാം അല്ലാഹു ആശ്വാസവചനങ്ങള്‍ അവിടുത്തേക്ക് നല്‍കുമായിരുന്നു. ചില വചനങ്ങള്‍ കാണുക:

"നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചുകൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുകതന്നെ ചെയ്തു" (ക്വുര്‍ആന്‍ 6:10).

"തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്‍റെ വാക്കുതന്നെയാകുന്നു. ഇതൊരു കവിയുടെ വാക്കല്ല. വളരെക്കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു" (ക്വുര്‍ആന്‍ 69:40-43).

സ്വഫാ മലക്കടുത്ത് കച്ചവടത്തിനും മറ്റുമായി വരുന്ന അനറബികളെ നബി ﷺ കാണുമായിരുന്നു. അവര്‍ക്ക് നന്നായി അറബി അറിയുമായിരുന്നില്ലെങ്കിലും ഒപ്പിച്ച് പറയാന്‍ സാധിക്കുമായിരുന്നു. ഇതും ശത്രുക്കള്‍ മുതലെടുത്തു. അവര്‍ പറഞ്ഞു: മുഹമ്മദ് അഅ്ജമികളില്‍ നിന്നാണ് ഇതെല്ലാം കൊണ്ടുവരുന്നത്. അതിന് അല്ലാഹു ഇപ്രകാരം മറുപടി നല്‍കി.

"ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു" (ക്വുര്‍ആന്‍ 16:103).

അവര്‍ പറയുന്നത് അനറബിയില്‍നിന്ന് മുഹമ്മദ് കേട്ട് പഠിക്കുന്നു എന്നാണല്ലോ. എന്നാല്‍ നബി ﷺ ഒരു അനറബിയില്‍നിന്ന് കേട്ടുപഠിച്ച് പറയുകയാണെങ്കില്‍ ക്വുര്‍ആന്‍ ആ അനറബി ഭാഷയില്‍ ആകണമായിരുന്നില്ലേ? ഈ ക്വുര്‍ആനാകട്ടെ സ്പഷ്ടമായ അറബി ഭാഷയിലുമാണ്.

ഇബ്നു കഥീര്‍(റഹി) ഈ സൂക്തത്തിന്‍റെ വിശദീകരണത്തില്‍ പറയുന്നു: "അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു അനറബിയിലേക്കാണ് അവര്‍ ചൂണ്ടുന്നത്. സ്വഫായുടെ അടുക്കല്‍ കച്ചവടം ചെയ്തിരുന്ന, ക്വുറയ്ശിക്ക് ഉണ്ടായ ഒരു കുട്ടിയാണ് (അവന്‍). ചിലപ്പോഴെല്ലാം നബി ﷺ (അതിലൂടെ) നടന്നുപോകുമ്പോള്‍ അവന്‍റെ അടുക്കല്‍ ഇരിക്കുകയും അവനോട് ചില കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവനാകട്ടെ അറബി അറിയാത്ത, അനറബി ഭാഷക്കാരനായിരുന്നു. അല്ലെങ്കില്‍, പ്രധാനപ്പെട്ട എന്തെങ്കിലും അവനോട് സംസാരിക്കുന്നവരോട് മറുപടി നല്‍കാന്‍ മാത്രം അല്‍പം (അറബി) അറിയുന്നവനായിരുന്നു അവന്‍. ഇതുകൊണ്ടാണ് അല്ലാഹു അവരുടെ കെട്ടിച്ചമച്ചതി(ആരോപണത്തി)ല്‍ അവര്‍ക്ക് മറുപടിയായി പറഞ്ഞത്: 'അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.' അപ്പോള്‍ എങ്ങനെയാണ് അവന്‍ (ഈ നബിക്ക്) ഈ ക്വുര്‍ആന്‍ പഠിപ്പിക്കുക? നബിയായി അയക്കപ്പെട്ട എല്ലാവരുടെ മേലും ഇറങ്ങിയ എല്ലാ വേദഗ്രന്ഥത്തെക്കാളും ആശയങ്ങളാല്‍ പൂര്‍ണമായ അത് (ക്വുര്‍ആന്‍), അതിന്‍റെ സാഹിത്യത്തിലും, പൂര്‍ണവും എല്ലാം ഉള്‍കൊള്ളുന്നതുമായ അര്‍ഥത്തിലും ഉള്ള (ഈ ക്വുര്‍ആന്‍) അഅ്ജമിയായ ഒരു ആളില്‍ നിന്ന് എങ്ങനെ പഠിച്ചെടുക്കും? ബുദ്ധിയില്‍നിന്ന് അല്‍പമെങ്കിലും ഉള്ളവന്‍ ഇത് പറയില്ലല്ലോ."

മുഹമ്മദ് നബി ﷺ ക്ക് എഴുത്തും വായനയും അറിയില്ല. എന്നാല്‍ അദ്ദേഹത്തെ പരിഹസിക്കുകയും കളവാക്കുകയും ചെയ്തവര്‍ അറബി സാഹിത്യത്തിന്‍റെ അധിപന്മാരുമായിരുന്നു. നിമിഷനേരംകൊണ്ട് സാഹിത്യത്തിന്‍റെ ഉത്തുംഗതയില്‍ നിന്നുകൊണ്ട് കവിതയും ഗാനങ്ങളും രചിച്ച്, ഉക്കാളയിലും മിജന്നയിലുമെല്ലാം അവതരിപ്പിച്ചിരുന്ന വമ്പന്മാര്‍ ആയിരുന്നു അവര്‍. പല തരത്തിലുള്ള ആക്ഷേപങ്ങളും ഉന്നയിച്ച് അല്ലാഹു ഇറക്കിയ ക്വുര്‍ആനിനെ നിഷേധിച്ച ആ സമൂഹത്തോട് ക്വുര്‍ആന്‍ ആവര്‍ത്തിച്ച് ചില വെല്ലുവിളികള്‍ ഉയര്‍ത്തി.

"(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും."(17:88)

"അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ്എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍."(10:38)

ഈ വെല്ലുവിളി അവരെ വല്ലാതെ അലോസരപ്പെടുത്തി. ഇതിന് മറുപടി നല്‍കാന്‍ അവര്‍ കുറെ ശ്രമിച്ചു. എന്നാല്‍ അവര്‍ പരാജയം സമ്മതിക്കുക മാത്രമാണ് ഉണ്ടായത്.

നബി ﷺ യുടെ പ്രത്യേകതകള്‍

നബി ﷺ യെ കുറിച്ച് എന്തെല്ലാം ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് മുശ്രിക്കുകള്‍ പറഞ്ഞു പരത്തിയത് എന്ന് നാം മനസ്സിലാക്കി. സാധാരണഗതിയില്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ ഒരാള്‍ക്കുനേരെ യുണ്ടാകുമ്പോള്‍ അയാള്‍ തളരുക സ്വാഭാവികമാണ്. എന്നാല്‍ നബി ﷺ ക്ക് യാതൊരു തളര്‍ച്ചയും പതര്‍ച്ചയും ഈ മാര്‍ഗത്തില്‍ ഉണ്ടായതേയില്ല. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടുവെക്കാന്‍ ഒരു നിമിഷം പോലും നബി ﷺ ആലോചിച്ചില്ല. ആക്ഷേപങ്ങളും കുത്തുവാക്കുകളും കേള്‍ക്കേണ്ടിവന്നപ്പോള്‍ കൂടുതല്‍ ആശ്വാസവും വിശ്വാസസ്ഥൈര്യവും ഉണ്ടാവുകയാണ് ചെയ്തത്. കാരണം, അല്ലാഹു അവിടുത്തേക്ക് പലവിധ പ്രത്യേകതകളും നല്‍കിയിരുന്നു. അല്ലാഹുവില്‍നിന്നുള്ള ഇത്തരം പ്രത്യേകതകള്‍ ആശ്വാസവും പ്രബോധന മാര്‍ഗത്തില്‍ കൂടുതല്‍ ധൈര്യവും സ്ഥൈര്യവും ലഭിക്കാന്‍ കാരണമായി.

വ്യത്യസ്തമായ നാമങ്ങള്‍

നബി ﷺ ക്ക് വ്യത്യസ്തമായ പേരുകള്‍ ഉണ്ടായിരുന്നു. ഈ പേരുകള്‍ തിരുമേനിക്ക് അല്ലാഹു നല്‍കിയ വ്യത്യസ്ത സ്ഥാനങ്ങളെയാണ് അറിയിക്കുന്നത്. എന്തെല്ലാമായിരുന്നു ആ പേരുകള്‍ എന്ന് നോക്കാം:

അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: "തീര്‍ച്ചയായും എനിക്ക് (വ്യത്യസ്തങ്ങളായ) പേരുകള്‍ ഉണ്ട്. ഞാന്‍ മുഹമ്മദാണ്, ഞാന്‍ അഹ്മദാണ്, ഞാന്‍ അല്‍മാഹിയ് ആണ്, അതായത് ഞാന്‍ മുഖേന അല്ലാഹു സത്യനിഷേധത്തെ മായ്ക്കുന്നു. ഞാന്‍ അല്‍ഹാശിര്‍ ആകുന്നു, (അതായത്) (അന്ത്യനാളില്‍) ജനങ്ങള്‍ എന്‍റെ കാല്‍ കീഴില്‍ ഒരുമിച്ചുകൂട്ടപ്പെടുന്നവരാകുന്നു, ഞാന്‍ അല്‍ആക്വിബ് ആകുന്നു, (അതായത്) അദ്ദേഹത്തിന് ശേഷം ഒരാള്‍ (നബിയായി) ഇല്ല,' അല്ലാഹു അദ്ദേഹത്തെ റഊഫ് എന്നും റഹീം എന്നും പേരു വിളിച്ചിട്ടുണ്ട്" (മുസ്ലിം).

മുഹമ്മദ്, അഹ്മദ് എന്നീ രണ്ട് പേരുകള്‍ ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ പേരുകളാണ്. അല്‍ മാഹിയ് എന്നു പറഞ്ഞാല്‍ മായ്ച്ച് കളയുന്നവന്‍ എന്നാണ് അര്‍ഥം. അഥവാ, നബി ﷺ വിവരിച്ചതുപോലെ അവിടുത്തെ കൊണ്ടാണ് അല്ലാഹു സത്യനിഷേധത്തെ നീക്കം ചെയ്യുന്നത്. നബി ﷺ പ്രവാചകനാകുന്ന കാലത്തെ മക്ക ബഹുദൈവാരാധന കൊടികുത്തിവാണിരുന്ന അവസ്ഥയിലായിരുന്നല്ലോ. അവിടുത്തെ പ്രബോധനത്താല്‍ അവിടെനിന്ന് കുഫ്റും ശിര്‍ക്കും അല്ലാഹു തുടച്ചുനീക്കി. അതുപോലെ മക്കയിലെയും പരിസര പ്രദേശങ്ങളിലെയും അക്കാലത്തെയും പില്‍ക്കാലത്തെയും എത്രയോ മനുഷ്യരുടെ മനസ്സില്‍ അടിഞ്ഞുകൂടിയ പലവിധ അന്ധവിശ്വാസങ്ങളും കുഫ്റും പ്രവാചകന്‍ മുഖേന അല്ലാഹു തുടച്ചു നീക്കി എന്നത് ചരിത്രമാണല്ലോ.

അല്‍ഹാശിര്‍ എന്നു പറഞ്ഞാല്‍ ഒരുമിച്ചുകൂട്ടുന്നവന്‍ എന്നാണ് അര്‍ഥം. അന്ത്യനാളില്‍ ആദ്യമായി ക്വബ്റില്‍നിന്ന് മഹ്ശറിലേക്ക് എഴുന്നേറ്റുവരുന്നത് അവിടുന്നായിരിക്കുമെന്ന് നബി ﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതിനുശേഷമായിരിക്കും മറ്റുള്ളവരെല്ലാം ക്വബ്റില്‍നിന്ന് മഹ്ശറിലേക്ക് വരിക. അതാണ് എന്‍റെ കാല്‍കീഴിലായിരിക്കും മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുക എന്ന് പറഞ്ഞതിന്‍റെ സാരം. അല്‍ ആക്വിബ് എന്നതാണ് മറ്റൊരു പേര്. മുഹമ്മദ് നബി ﷺ യാണ് അവസാനത്തെ നബിയെന്നും ഇനിയൊരു പ്രവാചകന്‍ വരാനില്ല എന്നുമാണ് ഈ നാമം സൂചിപ്പിക്കുന്നത്. അതാണ് മുഹമ്മദ് നബി ﷺ ക്ക് ശേഷം ഇനി പുതിയൊരു പ്രവാചകന്‍ വരാനുണ്ടെന്ന് വിശ്വസിക്കല്‍ കുഫ്റാണെന്ന് പണ്ഡിതന്മാര്‍ പറയാന്‍ കാരണം. അതുപോലെ അല്ലാഹു ക്വുര്‍ആനില്‍ നബിയെ കുറിച്ച് പറഞ്ഞ രണ്ടു നാമങ്ങളാണ് റഊഫ് (ദയാലു), റഹീം (കാരുണ്യവാന്‍) എന്നിവ. നബി ﷺ യുടെ ജീവിതം ഈ രണ്ട് നാമങ്ങളിലെയും ഗുണങ്ങള്‍ മുഴച്ചുനിന്നതായിരുന്നു. മറ്റു ചില റിപ്പോര്‍ട്ടുകളില്‍ 'നബിയ്യുത്തൗബ' (പശ്ചാത്താപത്തിന്‍റെ പ്രവാചകന്‍), നബിയ്യുര്‍റഹ്മഃ (കാരുണ്യത്തിന്‍റെ പ്രവാചകന്‍) എന്നെല്ലാം കാണാവുന്നതാണ്.

അല്ലാഹുവിന് 99 പേരുകള്‍ ഉള്ളതുപോലെ നബി ﷺ ക്കും 99 പേരുകളുണ്ട് എന്ന് പറയുന്നവരുണ്ട്. നബി ﷺ നമുക്ക് അറിയിച്ചുതരാത്ത പല പേരുകളും വളരെ കഷ്ടപ്പെട്ട് ചിലര്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ചില നാടുകളില്‍നിന്ന് പ്രിന്‍റ് ചെയ്യുന്ന മുസ്വ്ഹഫിന്‍റെ ആദ്യപേജുകളില്‍ അല്ലാഹുവിന്‍റെ 99 പേരുകളും അവസാനഭാഗത്ത് നബി ﷺ യുടെ 99 പേരുകളും കൊടുത്തത് കാണാന്‍ കഴിയും. അവിടെയും അവസാനിക്കുന്നില്ല കാര്യങ്ങള്‍! ഇരുനൂറ്, മുന്നൂറ്, ആയിരം പേരുകള്‍വരെ എഴുതിയുണ്ടാക്കിയതായും കാണാന്‍ കഴിയും. ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്. ഈ കാര്യങ്ങളെ സംബന്ധിച്ച് പഠനം നടത്തിയ ആധുനിക പണ്ഡിതനായ അല്ലാമ ബക്ര്‍ അബൂ സയ്ദ്(റ) പറയുന്നു:

'പ്രമാണങ്ങളില്‍ അടിസ്ഥാനമുള്ള (നബി ﷺ യുടെ) പേരുകള്‍ കുറവാണ്. എന്നാല്‍ വിശേഷണങ്ങള്‍ ധാരാളമാണ്. അതല്ലാത്തതെല്ലാം അടിസ്ഥാനമില്ലാത്തതാകുന്നു. അതിനാല്‍ നബി ﷺ യുടെ മേല്‍ അതിരുകവിയുന്ന കാര്യങ്ങള്‍ പ്രയോഗിക്കപ്പെട്ടുകൂടാ...'