പരലോകത്ത് ഉന്നത പദവികള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 മെയ് 22 1442 ശവ്വാല്‍ 10

(മുഹമ്മദ് നബി ﷺ 21)

സ്വര്‍ഗത്തിലെ ഉന്നതമായ ഒരു പദവിയാണ് അല്‍വസീല. ഇത് മുഹമ്മദ് നബി ﷺ ക്ക് മാത്രം ലഭിക്കുന്ന സ്ഥാനമാണ്. നബി ﷺ പറയുന്നത് കാണുക:

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ആസ്വി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ''മുഅദ്ദിനെ (ബാങ്ക് വിളിക്കുന്നത്) നിങ്ങള്‍ കേട്ടാല്‍, അദ്ദേഹം പറയുന്നത് പോലെ നിങ്ങളും പറയുവിന്‍. പിന്നീട് എന്റെമേല്‍ നിങ്ങള്‍ സ്വലാത്തിനെ ചോദിക്കുക. തീര്‍ച്ചയായും ആരെങ്കിലും എന്റെ മേല്‍ ഒരു സ്വലാത്തിനെ ചോദിച്ചാല്‍ അതുമുഖേന അല്ലാഹു അവന് പത്ത് അനുഗ്രഹങ്ങള്‍ നല്‍കുന്നതാണ്. പിന്നീട് എനിക്കുവേണ്ടി അല്ലാഹുവിനോട് നിങ്ങള്‍ വസീലയെ ചോദിക്കുകയും ചെയ്യുക. തീര്‍ച്ചയായും അത് സ്വര്‍ഗത്തിലെ ഒരു (ഉന്നത)സ്ഥാനമാകുന്നു. അല്ലാഹുവിന്റെ അടിമകളില്‍ നിന്ന് ഒരാള്‍ക്കല്ലാതെ അത് അനുയോജ്യമാകുന്നതല്ല. അത് ഞാന്‍ ആയിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആര് എനിക്കുവേണ്ടി വസീലയെ ചോദിക്കുന്നുവോ അവന്ന് ശുപാര്‍ശ അനുവദനീയമായി'' (മുസ്‌ലിം)

ബാങ്കിന് ശേഷം നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് പലരും ബാങ്കിന് മുമ്പ് നബിയുടെമേല്‍ സ്വലാത്ത് ചൊല്ലുന്നത് കേള്‍ക്കാം. അത് നബി ﷺ യോ സ്വഹാബിമാരോ കാണിച്ചുതരാത്ത പുത്തന്‍ സമ്പ്രദായമാണ്.

അല്‍കൗസര്‍ നല്‍കപ്പെട്ടു

പരലോകത്ത് അല്ലാഹു നബി ﷺ ക്ക് മാത്രമായി നല്‍കുന്ന ഒരു പ്രത്യേക അനുഗ്രഹമാണ് അല്‍ കൗസര്‍. ഇതിന്റെ പേരില്‍ ഒരു അധ്യായം തന്നെ ക്വുര്‍ആനില്‍ വന്നിട്ടുണ്ട്. അല്ലാഹു നബി ﷺ ക്ക് നല്‍കിയ ധാരാളം അനുഗ്രഹങ്ങളെ ഓര്‍മിപ്പിക്കുന്ന, നബി ﷺ ക്ക് ആശ്വാസം കൊള്ളാന്‍ ഉതകുന്ന രൂപത്തിലാണ് ഈ അധ്യായത്തിലൂടെ അല്ലാഹു നബി ﷺ യോട് പറയുന്നത്:

''തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)'' (ക്വുര്‍ആന്‍ 108:1-3).

ഒന്നാമത്തെ വചനത്തിന് രണ്ട് രൂപത്തിലുള്ള വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ ഒന്ന് 'അല്ലാഹു നബി ﷺ ക്കായി നല്‍കിയ ധാരാളം അനുഗ്രഹങ്ങളാകുന്നു' എന്നതാണ്. രണ്ടാമത്തേത്, ക്വിയാമത്ത് നാളില്‍ അല്ലാഹു നബി ﷺ ക്ക് നല്‍കുന്ന ഒരു തടാകമാണ് 'അല്‍കൗസര്‍' എന്നത്. 'ഹൗദുല്‍കൗസര്‍' എന്ന ഒരു പ്രയോഗം തന്നെയുണ്ട്. 'കൗഥറിന്റെ തടാകം' എന്നാണ് അതിന്റെ അര്‍ഥം. അതില്‍നിന്നുതന്നെ അത് രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാം. അല്ലാഹുവിന്റെ കിതാബ് എന്നു പറഞ്ഞാല്‍ അല്ലാഹുവും കിതാബും രണ്ടാണല്ലോ. അതുപോലെ തന്നെയാണ് ഹൗദും കൗസറും. ഹൗദ്, കൗസര്‍; ഇവ രണ്ടും ഒന്നല്ലെങ്കിലും രണ്ടും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതിനാലാകാം ഇപ്രകാരം ഒരു പ്രയോഗം വ്യാപകമായത്. കൗസര്‍ എന്നത് സ്വര്‍ഗത്തിലെ ഒരു നദിയാണ്. അതില്‍നിന്ന് ഒഴുകുന്ന വെള്ളം ചാടി നില്‍ക്കുന്ന ഒരു തടാകമാണ് ഹൗദ്. ചില ഹദീസുകള്‍ കാണുക:

ആഇശ(റ)യില്‍നിന്ന് അബൂ ഉബയ്ദ(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ''ഞാന്‍ 'തീര്‍ച്ചയായും നിനക്ക്‌നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു' എന്ന അല്ലാഹുവിന്റെ വചനത്തെ പറ്റി അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: 'നിങ്ങളുടെ നബി ﷺ ക്ക് നല്‍കപ്പെട്ടിട്ടുള്ള ഒരു നദിയാകുന്നു അത്. അതിന്റെ രണ്ട് കരയും അകംപൊള്ളയായ മുത്തുകളുള്ളതും അതിലെ പാത്രങ്ങള്‍ നക്ഷത്രങ്ങളുടെ എണ്ണങ്ങള്‍ പോലെയും ആകുന്നു.'' (ബുഖാരി).  

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''ഒരു ദിവസം അല്ലാഹുവിന്റെ റസൂല്‍ ﷺ ഞങ്ങളുടെ മധ്യത്തില്‍ (ഇരിക്കുക) ആയിരുന്നു. അപ്പോഴതാ അവിടുന്ന് ഒന്നു മയങ്ങി. പിന്നീട് പുഞ്ചിച്ചുകൊണ്ട് അവിടുന്ന് തന്റെ തലയുയര്‍ത്തി. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, എന്താണ് അങ്ങയെ ചിരിപ്പിച്ചത്?' അവിടുന്ന് പറഞ്ഞു: 'അല്‍പം മുമ്പ് എന്റെമേല്‍ ഒരു സൂറത്ത് ഇറക്കപ്പെട്ടു. എന്നിട്ട് അവിടുന്ന് പാരായണം ചെയ്തു: 'തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍.' പിന്നീട് നബി ﷺ ചോദിച്ചു: 'കൗഥര്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ?' അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: 'അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം.' നബി ﷺ പറഞ്ഞു: 'തീര്‍ച്ചയായും അത് എന്റെ റബ്ബ് എനിക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ഒരു നദിയാകുന്നു. അതില്‍ ധാരാളം അനുഗ്രഹങ്ങളുണ്ട്. അതൊരു ഹൗദ് (തടാകം) ആണ്. ക്വിയാമത്ത് നാളില്‍ എന്റെ സമുദായം അതില്‍നിന്നു കുടിക്കുന്നതാണ്. അതിന്റെ പാത്രങ്ങള്‍ നക്ഷത്രങ്ങളുടെ എണ്ണമുള്ളതാണ്. അങ്ങനെ അവരില്‍ നിന്ന് അടിമ അകറ്റപ്പെടുത്തുന്നതാണ്. അപ്പോള്‍ ഞാന്‍ പറയും: 'എന്റെ രക്ഷിതാവേ, അവന്‍ എന്റെ സമുദായത്തില്‍ പെട്ടതാണല്ലോ.' അപ്പോള്‍ പറയും: 'താങ്കള്‍ക്ക് ശേഷം എന്താണ് പുതിയത് നിര്‍മിച്ചതെന്ന് താങ്കള്‍ക്ക് അറിയില്ല' (മുസ്‌ലിം).

അനസി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''ഞാന്‍ സ്വര്‍ഗത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഒരു പുഴയുടെ അരികില്‍ (എത്തി). അതിന്റെ രണ്ടുകരയും ഉള്ളുപൊള്ളയായ മുത്തിന്റെ ക്വുബ്ബകള്‍. ഞാന്‍ ചോദിച്ചു: 'ജിബ്‌രീല്‍! ഇത് എന്താണ്?' അദ്ദേഹം പറഞ്ഞു: 'ഇതാകുന്നു താങ്കളുടെ രക്ഷിതാവ് താങ്കള്‍ക്ക് നല്‍കിയിട്ടുള്ള അല്‍കൗഥര്‍.' അപ്പോള്‍ അതിന്റെ മണ്ണ് അല്ലെങ്കില്‍ അതിന്റെ സുഗന്ധം അങ്ങേയറ്റം ശക്തിയുള്ളതായിരുന്നു'' (ബുഖാരി).

സഹ്ല്‍ ഇബ്‌നു സഅ്ദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''നബി ﷺ പറഞ്ഞു: 'തീര്‍ച്ചയായും ഞാന്‍ ഹൗദിന് അരികില്‍ നില്‍ക്കുന്നതാണ്. ആരെങ്കിലും എന്റെ അരികിലൂടെ നടന്നുപോയാല്‍ അവന്‍ (അതില്‍നിന്ന്) കുടിക്കുന്നതാണ്. ആരെങ്കിലും (അതില്‍നിന്ന്) കുടിച്ചാല്‍ അവന് ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുക്കല്‍ (അത്) കുടിക്കാനായി വരികതന്നെ ചെയ്യുന്നതാണ്. ഞാന്‍ അവരെ തിരിച്ചറിയും, അവര്‍ എന്നെയും തിരിച്ചറിയുന്നതാണ്. പിന്നീട് എനിക്കും അവര്‍ക്കുമിടല്‍ മറയിടപ്പെടുന്നതാണ്''(ബുഖാരി).

അബൂ ഹാസിം(റ) പറഞ്ഞു: ''നുഅ്മാനുബ്‌നു അയ്യാശ് എന്നെ കേള്‍ക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം ചോദിച്ചു: 'ഇപ്രകാരം സഅ്‌ലില്‍നിന്ന് നീ കേട്ടിട്ടുണ്ടോ?' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അതെ.' എന്നിട്ട് അദ്ദേഹം പറഞ്ഞു: 'ഞാന്‍ അബൂസഈദുല്‍ ഖുദ്‌രിയുടെ അടുക്കലും സാക്ഷിയായിട്ടുണ്ട്. അദ്ദേഹത്തെയും ഞാന്‍ (അപ്രകാരം പറയുന്നതായി) കേട്ടിട്ടുണ്ട്. അതില്‍ അദ്ദേഹം (ഇങ്ങനെ) വര്‍ധിപ്പിച്ചു: 'അങ്ങനെ ഞാന്‍ (നബി ﷺ ) പറയും: 'അവര്‍ എന്നില്‍പെട്ടവരാണ്.' അപ്പോള്‍ പറയപ്പെടും: 'താങ്കളുടെ കാലശേഷം അവര്‍ പുതുതായി ഉണ്ടാക്കിയതിനെ താങ്കള്‍ക്ക് അറിയില്ല.' അപ്പോള്‍ ഞാന്‍ പറയും: 'എനിക്ക് ശേഷം മാറ്റം വരുത്തിയവര്‍ക്ക് വിദൂരം, വിദൂരം'' (ബുഖാരി).

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വി(റ)ല്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ''എന്റെ ഹൗദ് ഒരുമാസത്തെ വഴിദൂരമുള്ളതാകുന്നു. (അതിന്റെ വലിപ്പം). അതിന്റെ മൂലകളും അതുപോലെ തന്നെ. അതിലെ വെള്ളം വെള്ളിയെക്കാള്‍ വെളുത്തതും അതിന്റെ മണം കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതും അതിലെ പാത്രങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങളുടെ (എണ്ണം) പോലെയുമാകുന്നു. ആരെങ്കിലും അതില്‍നിന്ന് കുടിച്ചാല്‍ അതിനുശേഷം അവന് ഒരിക്കലും ദാഹിക്കുകയേയില്ല.'' (മുസ്‌ലിം).

''തീര്‍ച്ചയായും ഞാന്‍ നേരത്തെ ഹൗദിനടുക്കല്‍ ചെന്നുനില്‍ക്കുന്നതാണ്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ എന്റെ അടുക്കല്‍ വരികതന്നെ ചെയ്യും. വഴിതെറ്റിയ ഒട്ടകം ആട്ടിയകറ്റപ്പെടുന്നത് പോലെ എന്നില്‍ നിന്നും അവര്‍ ആട്ടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ ചോദിക്കും: 'ഇത് എന്ത് കാരണത്താലാണ്?' അപ്പോള്‍ പറയപ്പെടും: 'താങ്കളുടെ കാലശേഷം അവര്‍ പുതുതായി നിര്‍മിച്ചതിനെ പറ്റി തീര്‍ച്ചയായും താങ്കള്‍ക്ക് അറിയില്ല.' അപ്പോള്‍ ഞാന്‍ പറയും: 'വിദൂരം' (മുസ്‌ലിം).

നമ്മുടെ വിശ്വാസ സംബന്ധമായ ഒരു വലിയ കാര്യമാണ് ഈ ഹദീഥുകളിലെല്ലാം നാം കാണുന്നത്. കൗഥറും ഹൗദുമൊക്കെ പരലോകത്ത് ഉണ്ട് എന്നു വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. പരലോക വിശ്വാസത്തിന്റെ ഭാഗമാണ് ഇതെല്ലാം. കൗഥറിന്റെയും ഹൗദിന്റെയും പ്രത്യേകതയാണ് ഈ വചനങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാകുന്നത്.

സമചതുരത്തിലുള്ള, ഒരു മാസത്തെ വഴിദൂരവലിപ്പത്തിലുള്ള വമ്പിച്ച ഒരു തടാകമാണ് നബി ﷺ ക്ക് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള ആ ഹൗദ്. അതിലെ കോപ്പകളുടെ എണ്ണം എത്രയാണെന്ന് നമുക്ക് അറിയില്ല. ആകാശത്തെ നക്ഷത്രങ്ങളുടെ അത്ര എണ്ണമാണെന്നാണ് നമുക്ക് പറഞ്ഞുതന്നത്. അതിലെ വെള്ളത്തിന്റെ നിറം വെള്ളിയെക്കാള്‍ വെളുപ്പ്. മറ്റു റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ളത് പാലിനെക്കാള്‍ വെളുപ്പ് എന്നാണ്. അത് തേനിനെക്കാള്‍ മധുരമുള്ളതും കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതുമാണ്. ഒരു തവണ അതില്‍നിന്ന് കുടിച്ചാല്‍ പിന്നീട് ദാഹിക്കുകയില്ല.

അത് മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു നല്‍കുന്ന മഹനീയ സ്ഥാനവുമാണ്. മറ്റു നബിമാര്‍ക്കൊന്നും അല്ലാഹു ഈ സ്ഥാനം നല്‍കിയിട്ടില്ല.

ക്വബ്‌റില്‍ നിന്ന് ആദ്യം എഴുന്നേല്‍ക്കുക നബി ﷺ യായിരിക്കുമല്ലോ. ആ പ്രവാചകന്‍ എല്ലാവരും ആ ഹൗദിന്റെ അടുത്ത് എത്തുന്നതിന് മുമ്പുതന്നെ ആളുകള്‍ക്ക് അതില്‍നിന്ന് കോരിക്കൊടുക്കുന്നതിനായി അതിന്റെയടുത്ത് എത്തിയിട്ടുണ്ടായിരിക്കും.

നബി ﷺ യുടെ സമുദായത്തിലുള്ളവര്‍ അതില്‍നിന്ന് കുടിക്കാനായി വരും. ആ സമയത്ത് ചിലര്‍ അവിടെവെച്ച് തടയപ്പെടുന്നു. അവര്‍ക്ക് അതില്‍നിന്ന് കുടിക്കാന്‍ സാധിക്കാതെ വരുന്നു. ഇത് കാണുന്ന പ്രവാചകന്‍ ﷺ പറയുന്നു: 'അത് എന്റെ സമുദായക്കാരാണ്. അവരെ കടത്തി വിടൂ.' നിങ്ങള്‍ക്ക് ശേഷം അവര്‍ എന്തെല്ലാമാണ് മതത്തില്‍ പുതുതായി ചേര്‍ത്തത് എന്ന് താങ്കള്‍ക്ക് അറിയില്ല. അതിനാലാണ് അവര്‍ തടയപ്പെടുന്നത് എന്ന് നബി ﷺ ക്ക് മറുപടി ലഭിക്കുന്നു.

അന്നേരം നബി ﷺ എങ്ങനെയാണ് നമ്മെ തിരിച്ചറിയുന്നത്? നബി ﷺ പഠിപ്പിച്ചിട്ടുള്ള ചില അടയാളങ്ങള്‍ കാണുന്നതിനാലാകാം. വുദൂഇന്റെ ഭാഗങ്ങള്‍ പരലോകത്ത് വെട്ടിത്തിളങ്ങുമെന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ടല്ലോ. അതല്ലാതെ ക്വബ്‌റില്‍ കിടന്ന് നമ്മെ കാണുന്നതിനാലോ അറിയുന്നതിനാലോ കേള്‍ക്കുന്നതിനാലോ അല്ല നബി ﷺ നമ്മെ തിരിച്ചറിയുന്നത്. എന്തിനാണ് ചിലര്‍ക്ക് ആ മഹനീയ പാനീയം തടയപ്പെടുന്നത്? നബി ﷺ പഠിപ്പിച്ച ദീനില്‍ പുതുതായി (വിശ്വാസങ്ങളും ആചാരങ്ങളും) ഉണ്ടാക്കിയതിനാലാണ് അവര്‍ക്ക് അത് തടയപ്പെടുന്നത്. തന്റെ കാലശേഷം ആരെല്ലാമാണ് മതത്തില്‍ പുതിയ കാര്യങ്ങള്‍ കടത്തിക്കൂട്ടുന്നതെന്നോ അവ എന്തൊക്കെയാണെന്നോ അവിടുന്ന് അറിയുന്നില്ല. നല്ലതെന്ന് വിചാരിച്ച് സ്വന്തമായി നിര്‍മിച്ച ദിക്‌റുകളും സ്വലാത്തുകളും നമസ്‌കാരങ്ങളും നോമ്പുകളുമെല്ലാം നിമിത്തം നബി ﷺ അത്തരക്കാരെ തന്നില്‍നിന്നും ആട്ടി വിടുകയാണ്. ഇമാം നവവി(റ) പറയുന്നത് കാണുക:

ഹാഫിദ് അബൂഅംറുബ്‌നു അബ്ദുല്‍ബര്‍റ് പറഞ്ഞു: ''ആരെങ്കിലും ദീനില്‍ പുതുതായി ഉണ്ടാക്കിയാല്‍ അവന്‍ ഹൗദ്വില്‍നിന്നും ആട്ടപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നവനാകുന്നു. ഖവാരിജുകളെയും റാഫിദികളെയും മറ്റു ദേഹേച്ഛക്കാരെയും പോലെയുള്ള ബിദ്അത്തിന്റെ കക്ഷികള്‍)'' (ശര്‍ഹു മുസ്‌ലിം).

ഇമാം ക്വുര്‍ത്വുബി(റഹി) തന്റെ തഫ്‌സീറില്‍ സൂറഃ ആലുഇംറാനിലെ 106ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു: ''ആരെങ്കിലും മാറ്റുകയോ പകരം ഉണ്ടാക്കുകയോ അല്ലെങ്കില്‍ അല്ലാഹുവിന്റെ ദീനില്‍ അവന് തൃപ്തിയില്ലാത്ത, അല്ലാഹു അനുവാദം തന്നിട്ടില്ലാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയോ ചെയ്താല്‍ അവന്‍ ഹൗദില്‍നിന്ന് ആട്ടപ്പെടുന്ന, മുഖങ്ങള്‍ കറുത്തവരാകുന്നവരില്‍ പെട്ടവനാകുന്നതാണ്. അവരില്‍, ആട്ടപ്പെടുന്നതിനാലും അകറ്റപ്പെടുന്നതിനാലും ഏറ്റവും കഠിനര്‍ മുസ്‌ലിം ജമാഅത്തിന് എതിരായവരും അവരുടെ മാര്‍ഗത്തെ മുറിച്ചവരുമാകുന്നു. ഖവാരിജുകളെ പോലെ. (അവര്‍) അവരുടെ കക്ഷികളിലെ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ (വ്യത്യസ്തരാണ്), റാഫിദികളെ പോലെയും (അവരുടെ) വഴികേടുകളുടെ ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാനത്തില്‍ (വ്യത്യസ്തരാണ്), മുഅ്തസിലിയ്യാക്കളെ പോലെ (അവരുടെ) ഇച്ഛകളുടെ തരങ്ങള്‍ക്ക് അനുസരിച്ച് (വ്യത്യസ്തരാണ്). ഇവരെല്ലാവരും പകരം ഉണ്ടാക്കിയവരും ബിദ്അത്തുകാരുമാകുന്നു.''

അല്ലാഹുവിന്റെ റസൂലിലൂടെ അവന്‍ പൂര്‍ത്തീകരിച്ച മതത്തില്‍ പുതുതായി യാതൊന്നും ചേര്‍ക്കുവാനോ, അതില്‍നിന്ന് ഒഴിവാക്കുവാനോ, അതിന് പകരം മറ്റൊന്ന് കൊണ്ടുവരാനോ ഒരാള്‍ക്കും അര്‍ഹതയില്ല. മതത്തില്‍ കൈക്രിയ നടത്തുന്ന പലരും മുസ്‌ലിംകളുടെ കൂട്ടത്തിലുമുണ്ട്. അവര്‍ക്കെല്ലാം നബി ﷺ ഹൗദുല്‍ കൗഥര്‍ തടയപ്പെടുമെന്നാണ് മനസ്സിലാക്കേണ്ടത്.

ഇമാം നവവിയുടെയും ക്വുര്‍ത്വുബിയുടെയും വിവരണത്തില്‍ ഖവാരിജുകളെ പോലുള്ളവരെയാണല്ലോ പറഞ്ഞത് എന്നു പറഞ്ഞ് തങ്ങള്‍ ചെയ്യുന്ന ബിദ്അത്തുകളെ ന്യായീകരിക്കാവതല്ല. ഖവാരിജുകളും റാഫിദികളും മുഅ്തസിലിയ്യാക്കളും അല്ലാഹു പൂര്‍ത്തിയാക്കിയ മതത്തിലാണ് പുതിയ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടുവന്നത്. ആ പണി ആര് ചെയ്താലും അവരെല്ലാം ബിദ്അത്തിന്റെ കക്ഷികളില്‍ പെടുന്നതാണ്.

മുസ്‌ലിം ജമാഅത്ത് എന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് സ്വഹാബിമാരാണ്. സ്വഹാബിമാര്‍ക്കില്ലാത്ത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടുനടക്കുന്നവര്‍ നഷ്ടക്കാരാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നബി ﷺ യും സ്വഹാബത്തും കാണിച്ചുതരാത്ത, പൂര്‍വികരായ മുസ്‌ലിംകള്‍ക്ക് പരിചയമില്ലാത്ത എന്തെല്ലാമാണ് ഇന്ന് സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്! പൂര്‍വികരുടെ വഴിയില്‍നിന്നും തെറ്റി ഖവാരിജുകളും മുഅ്തസിലിയ്യാക്കളും റാഫിദികളും തന്നിഷ്ടപ്രകാരം ദീനീകാര്യങ്ങള്‍ ഉണ്ടാക്കിയത് പോലെ ദിനേന പുതിയ പുതിയ ആചാരങ്ങളും വന്നുകൊണ്ടിരിക്കുന്നു. മതത്തില്‍ കടത്തിക്കൂട്ടിയ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെല്ലാം ഒഴിവാക്കി പൂര്‍വിക മുസ്‌ലിം ജമാഅത്തില്‍ അണികളാകാനാണ് മുസ്‌ലിംകള്‍ തുനിയേണ്ടത്. അതാണ് സ്വര്‍ഗത്തിലേക്കുള്ള വഴി.

എല്ലാ മുസ്‌ലിംകളും നബി ﷺ യുടെ ഹൗദിലെ വെള്ളം കൊതിക്കുന്നവരാണല്ലോ. അതിനുവേണ്ടി എന്താണ് നാം ചെയ്യേണ്ടത് എന്നും ഏത് മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്നും നാം മനസ്സിലാക്കി. എന്നാല്‍ പലരും ഇന്ന് അതിനുവേണ്ടി കൊതിക്കുകയും അതിനായി നബി ﷺ നോട് തേടുകയും ചെയ്യുന്നുണ്ട്. അവര്‍ പറയുന്നത് കാണുക:

''നബിമാരില്‍ ഉത്തമരായ എന്റെ നേതാവേ, കിതാബ് നിവര്‍ത്തുന്ന ദിവസത്തില്‍, ദാഹം അകറ്റുന്നതിനായി അങ്ങയുടെ ഹൗദിലെ ഒരു കോപ്പ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു...''

ഇത് നബി ﷺ യുടെയും അക്കാലത്ത് ജീവിച്ച മുസ്‌ലിം ജമാഅത്തിന്റെയും വിശ്വാസമാണോ? തീര്‍ച്ചയായും അല്ല! അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ക്ക് നബി ﷺ യുടെ ഹൗദില്‍നിന്ന് ആ മഹനീയ പാനീയം കുടിക്കാന്‍ ലഭിക്കുകയില്ല. അവരെ നബി ﷺ ആട്ടിയോടിക്കുകയും ചെയ്യും.