പ്രവാചകദൗത്യത്തിന്‍റെ വിശാലത

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 മാര്‍ച്ച് 13 1442 റജബ് 29

(മുഹമ്മദ് നബി ﷺ , ഭാഗം 13)

മുഹമ്മദ് നബി ﷺ മനുഷ്യരിലേക്ക് മാത്രം അയക്കപ്പെട്ട നബിയല്ല. മനുഷ്യരെയും മലക്കുകളെയും പോലെ മുകല്ലഫുകളായ (അല്ലാഹുവിന്‍റെ ആജ്ഞാനിര്‍ദേശങ്ങള്‍ക്ക് വിധേയരായ) സൃഷ്ടികളാണ് ജിന്നുകളും. മനുഷ്യ-ജിന്ന് വിഭാഗക്കാരില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു പ്രത്യേകതതരം സൃഷ്ടികളാണ് മലക്കുകള്‍. അവര്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ അതേപടി ചെയ്യുന്നവരും അല്ലാഹുവിനോട് യാതൊരു അനുസരണക്കേടും കാണിക്കാത്തവരുമാണ്. എന്നാല്‍ മനുഷ്യ-ജിന്ന് വിഭാഗം അല്ലാഹുവിന്‍റെ ശാസനകളെ കൊള്ളുകയും തള്ളുകയും ചെയ്യുന്നവരാണ്. അതിനാല്‍ നരകം എന്ന സൃഷ്ടി മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും മാത്രമുള്ളതാണ്. നരകത്തെ മനുഷ്യരെക്കൊണ്ടും ജിന്നുകളെക്കൊണ്ടും അല്ലാഹു നിറക്കുന്നതാണ് എന്ന് ക്വുര്‍ആനില്‍ വന്നിട്ടുണ്ട്.

എന്നാല്‍ മലക്കുകളുടെ സ്ഥാനമോ? മലക്കുകള്‍ അല്ലാഹുവിന്‍റെ ആദരണീയ ദാസന്മാരാണ്. അവര്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. അവരുടെ ഈ പ്രവര്‍ത്തനത്തെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നിടത്ത് വര്‍ത്തമാന-ഭാവി കാലത്തെ അറിയിക്കുന്ന ക്രിയയാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് കാണാന്‍ സാധിക്കും. അന്ത്യനാളിലും അവര്‍ അവരുടെ പ്രവര്‍ത്തനത്തില്‍ ആയിരിക്കും എന്നാണ് ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പരലോകത്ത് അല്ലാഹുവിന്‍റെ അര്‍ശിനെ വഹിക്കുന്നവരും അതിനെ വലയംചെയ്യുന്നവരും സ്വര്‍ഗത്തിന്‍റെ കാവല്‍ക്കാരായവരും നരകത്തിന്‍റെ കാവല്‍ക്കാരായവരുമെല്ലാം അവരിലുണ്ട്. മറ്റു മലക്കുകളുടെ പ്രവൃത്തികളെ പറ്റി അല്ലാഹുവിനേ അറിയൂ. എല്ലാവരും അല്ലാഹുവിന്‍റെ പ്രത്യേകമായ സ്ഥാനത്ത്, അവന്‍റെ കല്‍പനകള്‍ നിറവേറ്റുന്നവരായിരിക്കും എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ജിന്നുകള്‍ അല്ലാഹുവിന്‍റെ മറ്റൊരു സൃഷ്ടികളാണ്. ഓരോ സൃഷ്ടിക്കും അല്ലാഹു അതാത് പ്രകൃതം നല്‍കിയിട്ടുണ്ട്. പറവകള്‍ക്കുള്ള കഴിവ് മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ഇല്ല. അങ്ങനെ ഇല്ലെന്നുവെച്ച് പറവകളുടെ കഴിവിനെ ആരും തള്ളിക്കളയുന്നില്ലല്ലോ. മൃഗങ്ങള്‍ക്കുള്ള കഴിവുകളെല്ലാം മനുഷ്യര്‍ക്കോ പറവകള്‍ക്കോ ഇതര സൃഷ്ടികള്‍ക്കോ ഉണ്ടാകണമെന്നുമില്ല. അത് ഇല്ലെന്നുവെച്ച് ആരും അവയുടെ കഴിവുകളെയും പ്രത്യേകതകളെയും തള്ളിക്കളയുന്നില്ലല്ലോ. ഇതുപോലെ അല്ലാഹു ഓരോ സൃഷ്ടിക്കുംഅതാതിന് വേണ്ടതായ കഴിവുകളും പ്രത്യേകതകളും നല്‍കിയിട്ടുണ്ട്. മലക്കുകള്‍ മനുഷ്യരൂപത്തില്‍ വന്ന എത്രയോ സംഭവങ്ങള്‍ ക്വുര്‍ആനിലും ഹദീസുകളിലും പ്രതിപാദിച്ചിട്ടുണ്ട്. അത് അല്ലാഹു അവര്‍ക്ക് നല്‍കിയ പ്രത്യേകതയാണ്. അത് വിശ്വസിക്കുന്നതുകൊണ്ടോ അംഗീകരിക്കുന്നതുകൊണ്ടോ ഒരാളും അന്ധവിശ്വാസിയാകുകയല്ല ചെയ്യുന്നത്; യഥാര്‍ഥ വിശ്വാസിയാകുകയാണ് ചെയ്യുന്നത്. കാരണം, പ്രമാണങ്ങളെ സത്യപ്പെടുത്തുകയാണല്ലോ അത് അംഗീകരിക്കുന്നതിലൂടെ അവന്‍ ചെയ്യുന്നത്. ഇതുപോലെ ജിന്നുകള്‍ക്കുള്ള പ്രത്യേകതകളും നാം അംഗീകരിച്ചേ പറ്റൂ.

ജിന്നുകള്‍ എന്ന ഒരു വിഭാഗമേ ഇല്ല എന്നും അത് അറബികളിലെ കാടന്മാരും അധഃകൃതരുമായ മനുഷ്യര്‍ക്ക് പറയുന്ന പേരാണ് എന്നുമെല്ലാം വ്യാഖ്യാനിച്ചവരുണ്ട്. യുക്തിയുടെ ആളുകളായി ചമഞ്ഞ് മണ്ടത്തരങ്ങള്‍ മാത്രം എഴുന്നള്ളിക്കുന്ന ഈ സാധുക്കളെ അവരുടെ വഴിക്ക് വിടാം. കാരണം, ആരെയും നിര്‍ബന്ധിക്കുവാനോ സമ്മര്‍ദം ചെലുത്താനോ ഈ മതം പഠിപ്പിക്കുന്നില്ല. ഇത് ഒരു ഉദ്ബോധനം മാത്രം. ആര്‍ക്കും സ്വീകരിക്കുകയും തിരസ്കരിക്കുകയും ചെയ്യാം. ഏതിനും അര്‍ഹമായ പ്രതിഫലം നല്‍കാന്‍ അല്ലാഹു കഴിവുള്ളവനാണ്.

മുഹമ്മദ് നബി ﷺ ജിന്നുകളിലേക്കും മനുഷ്യരിലേക്കുമുള്ള പ്രവാചകനാണ്. ജിന്നുകള്‍ നബി ﷺ അറിഞ്ഞും അറിയാതെയും അദ്ദേഹത്തില്‍നിന്ന് ക്വുര്‍ആന്‍ കേള്‍ക്കുകയും വിശ്വസിക്കുകയും തൗഹീദ് ഉള്‍കൊള്ളുകയും ചെയ്തിട്ടുണ്ട്.

നഖ്ലത്ത് എന്ന പ്രദേശത്തുവെച്ച് ഒരിക്കല്‍ നബി ﷺ സ്വഹാബിമാരെയും കൂട്ടി സ്വുബ്ഹി നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നമസ്കാരത്തില്‍ അവിടുന്ന് ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങി. ജിന്നുകള്‍ ചുറ്റുപാടും ഒരുമിച്ചുകൂടി. അവര്‍ ശ്രദ്ധയോടെ നബി ﷺ യുടെ ക്വുര്‍ആന്‍ പാരായണം കേട്ടു. ഈ രംഗം നബി ﷺ കണ്ടിട്ടില്ലായിരുന്നു. അല്ലാഹു വഹ്യിലൂടെ അറിയിച്ചപ്പോഴാണ് നബി ﷺ ഈ സംഭവം അറിയുന്നത്. അവര്‍ ക്വുര്‍ആന്‍ കേട്ട സംഭവം സൂറത്തുല്‍ ജിന്നിന്‍റെ തുടക്കത്തില്‍ തന്നെ നമുക്ക് കാണാവുന്നതാണ്:

"(നബിയേ,) പറയുക: ജിന്നുകളില്‍നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ക്വുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. അത് സന്‍മാര്‍ഗത്തിലേക്ക്വഴികാണിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല" (ക്വുര്‍ആന്‍ 72:1,2).

ജിന്നുകള്‍ ക്വുര്‍ആന്‍ കേട്ട ഈ സംഭവം നബി ﷺ അറിയുന്നത് വഹ്യിലൂടെ ആയിരുന്നു എന്ന് ഈ ഭാഗം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. അവര്‍ ക്വുര്‍ആന്‍ കേള്‍ക്കുകയും അതില്‍ ആകൃഷ്ടരാകുകയും അതിന്‍റെ ആശയം അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. ക്വുര്‍ആന്‍ സത്യമാണെന്നും അത് സത്യത്തിലേക്കാണ് വഴികാണിക്കുന്നത് എന്നും മനസ്സിലാക്കിയ ഈ ജിന്നുകള്‍; അവരുടെ കൂട്ടുകാരിലേക്കു ചെന്ന് ഈ അത്ഭുതകരമായ ക്വുര്‍ആനിനെ കുറിച്ച് പറയുകയും ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുകയാണെന്നും ഞങ്ങളുടെ രക്ഷിതാവില്‍ ഒരാളെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തു.

മറ്റൊരു സ്ഥലത്തും ജിന്നുകള്‍ ക്വുര്‍ആന്‍കേട്ട സംഭവം ക്വുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ഇത് സൂറത്തുല്‍ ജിന്നില്‍ പറഞ്ഞ സന്ദര്‍ഭമാണോ അതല്ല മറ്റൊരു സന്ദര്‍ഭമാണോ എന്ന കാര്യത്തില്‍ മുഫസ്സിറുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

"ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴി കാട്ടുന്നു. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്നപക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു" (ക്വുര്‍ആന്‍ 46:29-32).

അല്ലാഹു ഒരു സംഘം ജിന്നുകളെ (അവരുടെ എണ്ണം എത്രയാണെന്ന് നമുക്ക് അറിഞ്ഞുകൂടാ) നബി ﷺ യിലേക്ക് തിരിച്ചുവിടുകയും അവര്‍ ക്വുര്‍ആന്‍ പാരായണം ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്തു. ജിന്നുകള്‍ക്ക് മനുഷ്യരുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും എന്നത് ഇതില്‍നിന്ന് മനസ്സിലാക്കാം. എവിടെ വെച്ചും ആരുടെ ശബ്ദവും കേള്‍ക്കാനുള്ള കഴിവ് അവര്‍ക്കെന്നല്ല ഒരു പടപ്പിനും അല്ലാഹു നല്‍കിയിട്ടില്ല. അത് അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. ജിന്നുകളുടെ കേള്‍വിക്കും പരിധിയുണ്ട്. അതുകൊണ്ടാണല്ലോ അവരുടെ ആളുകളിലേക്ക് ചെന്ന് അവര്‍ കേട്ട ക്വുര്‍ആനിനെപ്പറ്റി പറഞ്ഞുകൊടുത്തത്.

നബി ﷺ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് കേള്‍ക്കാന്‍ ഹാജരായ ജിന്നുകള്‍ ആ ക്വുര്‍ആന്‍ പാരായണം നന്നായി കേള്‍ക്കുന്നതിന് വേണ്ടി മിണ്ടാതിരിക്കാന്‍ കല്‍പിച്ചു. കലപില ശബ്ദമുണ്ടാക്കിയാല്‍ അവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കില്ലല്ലോ.

ക്വുര്‍ആന്‍ കേട്ടതിനുശേഷം അവരുടെ ജനതയിലേക്ക് മുന്നറിയിപ്പു നല്‍കുന്നവരായി അവര്‍ പോയി. തൗറാത്തിനെ സംബന്ധിച്ച് അറിവുള്ളവരാണ് ഈ വന്ന ജിന്നുകളും അവരുടെ സമൂഹവും എന്ന് മനസ്സിലാക്കാം. അതിനാലാണല്ലോ മുമ്പ് മൂസായ്ക്ക് ഇറക്കപ്പെട്ട തൗറാത്തിന് ശേഷം ഇറക്കപ്പെട്ട ഗ്രന്ഥമാണ് ഇത് (ക്വുര്‍ആന്‍) എന്നും ഇതിന്‍റെ മുമ്പുള്ളവയെ അത് സത്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞത്. ഇഞ്ചീല്‍ അടക്കമുള്ള മുന്‍ വേദഗ്രന്ഥങ്ങളെ പറ്റി അവര്‍ക്ക് അറിയാമെന്നല്ലേ നാം അവരുടെ ഈ സംസാരത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്? (അല്ലാഹുവാണ് ഏറ്റവുംനന്നായിഅറിയുന്നവന്‍).

തങ്ങളുടെ സമൂഹത്തിലേക്കു ചെന്ന്, നേര്‍വഴി കാണിക്കുന്ന ഈ ഗ്രന്ഥത്തെ പിന്തുടരണമെന്നും ഈ ഗ്രന്ഥത്തിന്‍റെ വഴിയിലൂടെ ജീവിച്ചെങ്കിലേ പരലോകത്ത് രക്ഷയുള്ളൂ എന്നും നബി ﷺ യുടെ വിളിക്ക് ഉത്തരം നല്‍കാത്തവര്‍ക്ക് കഠിനശിക്ഷയാണ് വരാനിരിക്കുന്നതെന്നും അവര്‍ താക്കീത് ചെയ്തു. അല്ലാഹുവിന്‍റെ ദൂതന്‍റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് കേട്ടും അനുസരിച്ചും ജീവിക്കുന്നവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുകയും നരകശിക്ഷയില്‍നിന്ന് അവര്‍ക്ക് മോചനം നല്‍കുകയും ചെയ്യുമെന്ന സന്തോഷവാര്‍ത്തയും അവര്‍ നല്‍കി.

ക്വുര്‍ആന്‍ കേട്ടമാത്രയില്‍ ജിന്നുകള്‍ അതില്‍ വിശ്വസിച്ച വിവരം നബി ﷺ യെ അല്ലാഹു അറിയിക്കുന്നതില്‍ അവിടുത്തേക്ക് ഒരു ആശ്വാസം പകരലും ഉണ്ട്. തന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത നാട്ടുകാര്‍ ഈ ഗ്രന്ഥത്തെ കളവാക്കുന്ന അവസ്ഥയില്‍ മനസ്സു വേദനിച്ചിരിക്കെ, അപരിചിതരായ ജിന്നുകള്‍ക്ക് പോലും ഇതിലെ സത്യം മനസ്സിലാക്കാന്‍ കഴിയുകയും അവര്‍ അതില്‍ വിശ്വസിക്കുകയും ചെയ്തല്ലോ എന്നത് നബി ﷺ ക്ക് ആശ്വാസം പകരുമല്ലോ.

ഗുണം ചെയ്ത ആരോപണങ്ങള്‍

നബി ﷺ ക്ക് എതിരില്‍ ശത്രുക്കള്‍ ധാരാളം ആരോപണങ്ങള്‍ തൊടുത്തുവിടുകയുണ്ടായി എന്ന് നാം മനസ്സിലാക്കി. എന്നാല്‍ ഇതിലൂടെ ജനങ്ങള്‍ക്കിടയില്‍ നബി ﷺ യുടെ മികവും വളര്‍ച്ചയും പ്രശസ്തിയും സ്ഥാനവും വര്‍ധിക്കുക മാത്രമാണ് ഉണ്ടായത്. മാത്രവുമല്ല, പല ആരോപണങ്ങളും ചിലര്‍ ഇസ്ലാമിലേക്ക് പ്രവേശിക്കാന്‍ പോലും ഇടയുണ്ടാക്കിയിട്ടുണ്ട്.

നബി ﷺ യെ സംബന്ധിച്ച് പറഞ്ഞുപരത്തിയ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനായി അദ്ദേഹത്തെ സമീപിച്ച ആളുകള്‍ നബി ﷺ യില്‍ വിശ്വസിച്ച് തിരിച്ചുപോകുന്ന കാഴ്ചകളാണ് ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക. ഇസ്ലാമിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടാതിരിക്കുവാനും മുഹമ്മദ് നബി ﷺ യില്‍ വിശ്വസിക്കാതിരിക്കുവാനും ആയിരുന്നല്ലോ ശത്രുക്കള്‍ ഈ വേലകളെല്ലാം ഒപ്പിച്ചത്. എന്നാല്‍ ഏതൊരു ലക്ഷ്യത്തിനായി ശത്രുക്കള്‍ ആരോപണങ്ങള്‍ മെനഞ്ഞുണ്ടാക്കിയോ, അതെല്ലാം തകിടം മറിയുന്നതായും അവരുടെ മുഴുവന്‍ കുതന്ത്രങ്ങളും ഫലം കാണാതെ തകര്‍ന്നടിയുന്നതായുമാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. ഒരു സംഭവം കാണുക:

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: 'ദ്വിമാദ് മക്കയില്‍ വന്നു. അദ്ദേഹം അസ്ദ് ശനൂഅയില്‍ പെട്ട ആളായിരുന്നു. അദ്ദേഹം ജിന്നുബാധിച്ചവരെ മന്ത്രിക്കുന്ന ആളായിരുന്നു. അങ്ങനെ അദ്ദേഹം മക്കക്കാരിലെ (ചില) വിഡ്ഢികളെ കേള്‍ക്കുകയുണ്ടായി. അവര്‍ പറയുന്നു; തീര്‍ച്ചയായും മുഹമ്മദ് ഭ്രാന്തനാകുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇയാളെ ഞാന്‍ കണ്ടിരുന്നെങ്കില്‍, എന്‍റെ കൈയാല്‍ അല്ലാഹു അദ്ദേഹത്തിന് ശമനം നല്‍കിയേക്കാം.' (ഇബ്നു അബ്ബാസ്) പറഞ്ഞു: അങ്ങനെ അദ്ദേഹം (നബിയെ) കണ്ടു. എന്നിട്ട് ചോദിച്ചു: 'ഓ, മുഹമ്മദ്! തീര്‍ച്ചയായും ഞാന്‍ ഇതുപോലുള്ള ജിന്നുബാധിതരെ മന്ത്രിക്കുന്നവനാണ്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് എന്‍റെ കൈയാല്‍ അവന്‍ ശമനം നല്‍കുന്നു. അതിനാല്‍ താങ്കള്‍ക്കും (ഞാന്‍ മന്ത്രിക്കട്ടെയോ)?' അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: 'തീര്‍ച്ചയായും അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. നാം അവനെ സ്തുതിക്കുകയും അവനോട് സഹായം തേടുകയും ചെയ്യുന്നു. അല്ലാഹു ഏതൊരുവനെ സന്മാര്‍ഗത്തിലാക്കിയോ അവനെ വഴിപിഴപ്പിക്കുന്നവനായി ആരുമില്ല. അവന്‍ ആരെ വഴികേടിലാക്കിയോ അവനെ സന്മാര്‍ഗത്തിലാക്കുന്നവനുമില്ല. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും അവന്‍ ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. തീര്‍ച്ചയായും മുഹമ്മദ് അവന്‍റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.' അതിന് ശേഷം, അദ്ദേഹം -ഇബ്നു അബ്ബാസ്(റ)- പറയുന്നു: അപ്പോള്‍ അദ്ദേഹം (ദ്വിമാദ്) പറഞ്ഞു: 'ഈ വാചകങ്ങള്‍ എനിക്കു വേണ്ടി ഒരിക്കല്‍കൂടെ ആവര്‍ത്തിച്ചാലും.' അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ അവ മൂന്നുതവണ ആവര്‍ത്തിച്ചു പറഞ്ഞു. അദ്ദേഹം -ഇബ്നു അബ്ബാസ്(റ)- പറയുന്നു: അപ്പോള്‍ അദ്ദേഹം (ദ്വിമാദ്) പറഞ്ഞു: 'ഞാന്‍ ജ്യോത്സ്യന്‍റെ വാക്കുകളും മാരണക്കാരന്‍റെ വാക്കുകളും കവികളുടെ വാക്കുകളും കേട്ടിട്ടുണ്ട്. എന്നാല്‍ ഈ വചനങ്ങളെ പോലെയൊന്ന് ഞാന്‍ കേട്ടിട്ടില്ല. തീര്‍ച്ചയായും (ഈ വചനങ്ങള്‍) സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്നവയാണ്.' അദ്ദേഹം -ഇബ്നു അബ്ബാസ്(റ)- പറയുന്നു: അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'താങ്കളുടെ കൈകള്‍ എനിക്ക് നല്‍കിയാലും. ഇസ്ലാമിന്‍റെ പേരില്‍ ഞാന്‍ അങ്ങേക്ക് ഉടമ്പടി ചെയ്യാം.' അദ്ദേഹം -ഇബ്നു അബ്ബാസ്(റ)- പറയുന്നു: അങ്ങനെ അദ്ദേഹം (ദ്വിമാദ്) നബി ﷺ ക്ക് കരാര്‍ ചെയ്തു. എന്നിട്ട് അല്ലാഹുവിന്‍റെ റസൂല്‍ ﷺ ചോദിച്ചു: 'താങ്കളുടെ ജനതയോടും (ഇപ്രകാരം ചെയ്യുമോ?).' അദ്ദേഹം പറഞ്ഞു: 'എന്‍റെ സമൂഹത്തോടും (ഞാന്‍ ഇപ്രകാരം ചെയ്യും).'

മക്കയില്‍ നിന്ന് അകലെയുള്ള ഒരു നാട്ടുകാരനാണ് ദ്വിമാദ്(റ). അദ്ദേഹം ആദ്യകാലത്ത് മുസ്ലിം ആയിരുന്നില്ല. അങ്ങനെ ഒരുദിവസം അദ്ദേഹം മക്കയിലേക്ക് വരികയാണ്. മക്കയില്‍ എത്തിയപ്പോള്‍ മക്കക്കാര്‍ പ്രവാചകനെ കുറിച്ച് അദ്ദേഹം ഭ്രാന്തനാണെന്നും ജിന്ന് ബാധിച്ചിട്ടുണ്ടെന്നുമൊക്കെ പറയുന്നത് കേള്‍ക്കാന്‍ ഇടയായി. മക്കക്കാര്‍ ഇപ്രകാരം പറയുന്നത് ആരും അദ്ദേഹത്തെ പിന്തുടരാതിരിക്കാന്‍ വേണ്ടിയാണ്; പ്രവാചകനില്‍ വിശ്വസിക്കാതിരിക്കാന്‍ വേണ്ടിയാണ്. ഇത് മക്കയില്‍ എത്തിയ ദ്വിമാദി(റ)ന് അറിയുമായിരുന്നില്ല. ഈ സംസാരങ്ങള്‍ കേട്ടപ്പോള്‍ ഈ പറയപ്പെടുന്ന മുഹമ്മദിനെ ചികിത്സിച്ച് സുഖപ്പെടുത്താം എന്ന് ആത്മാര്‍ഥമായി അദ്ദേഹം വിചാരിച്ചു. തന്‍റെ ചികിത്സയിലൂടെ അല്ലാഹു അദ്ദേഹത്തിന് ശമനം നല്‍കിയാലോ എന്ന് അദ്ദേഹം പറയുകയും ചെയ്തു. (തുടരും)