ബിഅ്‌റു മഊന സംഭവം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഒക്ടോബര്‍ 30 1442 റബിഉല്‍ അവ്വല്‍ 23

(മുഹമ്മദ് നബിﷺ : 44)

ഏതാനും ശത്രുക്കള്‍ വിശ്വാസികളായി ചമഞ്ഞ് തിരുസന്നിധിയില്‍ ഹാജറായി. അവര്‍ നബിﷺ യോട് പറഞ്ഞു: ''നബിയേ, ഞങ്ങളുടെ നാട്ടിലേക്ക് നല്ല കുറച്ച് പണ്ഡിതന്മാരെ അയച്ചുതരണം. അവരുടെ പ്രബോധനം നിമിത്തം ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് വരാന്‍ സാധ്യത ഞങ്ങള്‍ കാണുന്നുണ്ട്.'' തന്റെ അനുചരന്മാരെ കൊണ്ടുപോയി വഴിയില്‍വെച്ച് കൂട്ടക്കശാപ്പ് ചെയ്യാനാണ് ഇവരുടെ ഉദ്ദേശ്യമെന്നും ഇവര്‍ പറയുന്നത് കള്ളമാണെന്നും മനസ്സിലാക്കാന്‍ നബിﷺ ക്ക് കഴിഞ്ഞില്ല. കാരണം മറഞ്ഞ കാര്യം അറിയാനുള്ള കഴിവ് അല്ലാഹു ഒരാള്‍ക്കും നിരുപാധികമായി വിട്ടുകൊടുത്തിട്ടില്ല. അത് അല്ലാഹുവിന്റെ മാത്രം കഴിവില്‍പെട്ടതാണ്. 

ഹിജ്‌റ നാലാം വര്‍ഷം സ്വഫര്‍ മാസത്തിലാണ് ഈ ദാരുണമായ സംഭവം നടക്കുന്നത്. അബുല്‍ ബര്‍റാഅ് എന്ന മനുഷ്യന്‍ മദീനയിലേക്ക് വരുന്നു. മുഹമ്മദ് നബിﷺ ആരെ കണ്ടാലും ആദ്യം ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുകൊടുക്കാറാണ് പതിവ്. അബുല്‍ ബര്‍റാഇനെ കണ്ടപ്പോഴും നബിﷺ അപ്രകാരം ചെയ്തു. അവസാനം നബിﷺ യോട് എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ, നബിﷺ യില്‍നിന്നും പ്രീതി സമ്പാദിക്കുന്നതിനായി ഇസ്‌ലാമിലേക്ക് വരാന്‍ താല്‍പര്യം കാണിക്കുന്നത് പോലെ പെരുമാറി. സാക്ഷ്യവാക്യം പ്രഖ്യാപിക്കാതെ നബിﷺ യെ ചുറ്റിപ്പറ്റി അയാള്‍ നടന്നു. ഇതിനിടയില്‍ അവന്‍ ഒരു തന്ത്രം പ്രയോഗിച്ചു. ഞങ്ങളുടെ നാട്ടില്‍ ഇസ്‌ലാമിക പ്രബോധനം നടത്താന്‍ കുറച്ച് പണ്ഡിതരെ അയച്ചാല്‍ വലിയ വിജയം കാണാന്‍ സാധ്യതയുണ്ടെന്ന് നബിﷺ യോട് അയാള്‍ പറഞ്ഞു. ഇത്തരം അവസരങ്ങള്‍ നബിﷺ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കാറ്. നജ്ദുകാര്‍ അവരെ വല്ലതും ചെയ്‌തേക്കുമോ എന്ന് എനിക്ക് പേടിയുണ്ടെന്ന് നബിﷺ അവനെ അറിയിച്ചു. ഞാന്‍ അവരുടെ കൂടെ ഉണ്ടാകുമെന്നും അവര്‍ക്ക് ഞാന്‍ സംരക്ഷണം നല്‍കുമെന്നും നബിﷺ ക്ക് മറുപടി നല്‍കി. ഇസ്‌ലാമിനെ ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്ന കാര്യമല്ലേ എന്ന് വിചാരിച്ച് മുഹമ്മദ് നബിﷺ പാണ്ഡിത്യത്തില്‍ മികച്ച എഴുപതോളം സ്വഹാബിമാരെ അബുല്‍ ബര്‍റാഇന്റെ കൂടെ അയച്ചു. പകല്‍സമയത്ത് വിറക് വെട്ടിയുണ്ടാക്കി, അത് വില്‍പന നടത്തി അതുമുഖേന ആഹ്വാനം വാങ്ങി, മദീനയിലെ പള്ളിയിലെ പാവങ്ങളായ അഹ്‌ലുസ്സ്വുഫ്ഫക്കാരായ സ്വഹാബിമാര്‍ക്ക് അത് വിതരണം ചെയ്തിരുന്ന, രാത്രി സമയങ്ങളില്‍ നമസ്‌കരിച്ചിരുന്ന, ക്വുര്‍ആന്‍ പഠിച്ചിരുന്ന, പഠിപ്പിച്ചിരുന്ന, ഏറ്റവും നല്ല ക്വാരിഉകള്‍ (ക്വുര്‍ആന്‍ പാരായണക്കാര്‍) ആയിരുന്ന മഹാന്മാരായിരുന്നു

അന്‍സ്വാറുകളായ ഈ എഴുപത് സ്വഹാബിമാരും.

 

നബിﷺ ഏറെ സന്തോഷത്തോടെ പറഞ്ഞയച്ച ഈ മഹാന്മാരെ ശത്രുക്കള്‍ വഴിയില്‍വെച്ച് വളഞ്ഞു. ഈ സ്വഹാബിമാരുടെ കൂട്ടത്തില്‍ ഹറാം ഇബ്‌നു മില്‍ഹാം(റ) എന്ന ഒരു സ്വഹാബിയുണ്ടായിരുന്നു. ആമിര്‍ ഇബ്‌നു ത്വുൈഫല്‍ എന്ന് പേരുള്ള അവിശ്വാസികളില്‍ പ്രമുഖനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത് നബിﷺ ഹറാം ഇബ്‌നു മില്‍ഹാമി(റ)ന്റെ കൈവശം കൊടുത്തുവിട്ടിട്ടുണ്ടായിരുന്നു . മഹാനായ ഹറാം ഇബ്‌നു മില്‍ഹാം(റ) ഈ കത്തുമായി ആമിറിനെ സമീപിച്ചു. എന്നാല്‍ ആ അഹങ്കാരി ആ എഴുത്ത് വായിക്കാന്‍ പോലും കൂട്ടാക്കിയില്ല. മാത്രമല്ല, ആമിറിനെ സമീപിച്ച ഹറാം ഇബ്‌നു മില്‍ഹാമി(റ)നോട് വളരെ മോശമായിട്ടായിരുന്നു അയാള്‍ പെരുമാറിയത്. അവസാനം ആമിര്‍ തന്റെ സദസ്സിലുള്ള ഒരാളോട് ഈ സ്വഹാബിയെ കൊന്നുകളയാനായി ആംഗ്യം കാണിച്ചു. ആമിറിന്റെ കല്‍പന പ്രകാരം അയാള്‍ ആ സ്വഹാബിയെ പിന്നില്‍നിന്നും കുന്തംകൊണ്ട് കുത്തി. കുന്തം അദ്ദേഹത്തിന്റെ നെഞ്ചിലൂടെ പുറത്തേക്ക് വന്നു. ഹറാം ഇബ്‌നു മില്‍ഹാമി(റ)ന്റെ ശരീരത്തില്‍നിന്നും രക്തം ചീറ്റി. ശരീരത്തില്‍നിന്നും ഒലിക്കുന്ന ചോര തന്റെ കൈയില്‍ ആക്കി അദ്ദേഹം മുഖം തടവി. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ് വലിയവന്‍, കഅ്ബയുടെ രക്ഷിതാവ് തന്നെയാണ സത്യം, ഞാന്‍ വിജയിച്ചിരിക്കുന്നു.' (ബുഖാരി). ഈ സംഭവം മുസ്‌ലിമിലും കാണാവുന്നതാണ്.

അനസ്(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ''കുറച്ചുപേര്‍ നബിﷺ യുടെ അടുത്ത് വന്നു. എന്നിട്ട് അവര്‍ പറഞ്ഞു: 'ഞങ്ങളെ ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നതിനായി ഞങ്ങളുടെ കൂടെ കുറച്ചുപേരെ അയച്ചുതന്നാലും.' അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട എഴുപത് പേരെ അവരിലേക്ക് നബിﷺ നിയോഗിച്ചു. അവര്‍ക്ക് 'ക്വുര്‍റാഅ്' എന്ന് വിളിക്കപ്പെടാറുണ്ടായിരുന്നു. അവരില്‍ എന്റെ അമ്മാവന്‍ ഹറാം ഉണ്ട്. അവര്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവരും രാത്രിയില്‍ അത് പഠിക്കുകയും പഠിപ്പിക്കുകയും പകലില്‍ വെള്ളം കൊണ്ടുവരികയും എന്നിട്ട് പള്ളിയില്‍ വെക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ വിറക് വെട്ടുകയും അത് വില്‍ക്കുകയും ചെയ്യും. അതുകൊണ്ട് അഹ്‌ലുസ്സ്വുഫ്ഫക്കും മറ്റു ദരിദ്രര്‍ക്കും ഭക്ഷണം വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ നബിﷺ അവരെ (ആ സ്വഹാബിമാരെ) അവരിലേക്ക് നിയോഗിച്ചു. അങ്ങനെ അവര്‍ (അവരെ) അവര്‍ക്ക് (ശത്രുക്കള്‍ക്ക്) കാണിച്ചുകൊടുത്തു. അവരെ (അവരുടെ) സ്ഥലത്തേക്ക് എത്തിക്കുന്നതിന് മുമ്പായി അവര്‍ വധിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവേ, ഞങ്ങളുടെ നബിക്ക് ഞങ്ങളെപ്പറ്റി നീ (വിവരം) എത്തിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നെ കണ്ടുമുട്ടിയിരിക്കുന്നു എന്നും ഞങ്ങള്‍ നിന്നെ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും നീ ഞങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു (എന്നും നീ വിവരമറിയിക്കേണമേ).' നിവേദകന്‍ പറയുന്നു: ''ഒരാള്‍ അനസിന്റെ അമ്മാവന്‍ ഹറാമിനെ പിന്നിലൂടെ സമീപിച്ചു. എന്നിട്ട് അദ്ദേഹത്തെ അവന്‍ കുന്തം കൊണ്ട് കുത്തി. അത് അദ്ദേഹത്തില്‍ തുളച്ചുകയറുംവരെ (കുത്തിയിറക്കി). അപ്പോള്‍ ഹറാം പറഞ്ഞു: 'കഅ്ബയുടെ രക്ഷിതാവ് തന്നെയാണ സത്യം, ഞാന്‍ വിജയിച്ചിരിക്കുന്നു.' അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ﷺ അനുയായികളോട് പറഞ്ഞു: 'തീര്‍ച്ചയായും നിങ്ങളുടെ സഹോദരങ്ങള്‍ കൊല്ലപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പറഞ്ഞിട്ടുണ്ട്; അല്ലാഹുവേ, ഞങ്ങളുടെ നബിക്ക് ഞങ്ങളെപ്പറ്റി നീ (വിവരം) എത്തിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നെ കണ്ടുമുട്ടിയിരിക്കുന്നു, ഞങ്ങള്‍ നിന്നെ തൃപ്തിപ്പെട്ടിരിക്കുന്നു, നീ ഞങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു'' (മുസ്‌ലിം).

നബിﷺ ക്ക് അല്ലാഹുവിന്റെ വഹ്‌യ് ലഭിച്ചതിനാല്‍ അവിടുന്ന് ഈ ദാരുണമായ സംഭവം അറിഞ്ഞു.കൊടിയ ചതിയും വഞ്ചനയും നബിﷺ ക്കും അനുചരന്മാര്‍ക്കും എതിരില്‍ വിവിധ രൂപത്തില്‍ പലരാലും നടന്നപ്പോഴും അവരാരും ഇസ്‌ലാമിക പ്രബോധന വീഥിയില്‍നിന്നും മാറിനിന്നിട്ടില്ല എന്നത് നാം പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമാണ്. എഴുപത് പേരടങ്ങുന്നവരില്‍ ഹറാം(റ) വധിക്കപ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ തങ്ങളുടെ അവസ്ഥയും ഇതായിരിക്കും എന്ന് ചിന്തിച്ച് പ്രബോധന രംഗത്തുനിന്നും മാറി നില്‍ക്കാന്‍ തയ്യാറായിട്ടില്ല. ഈ മുന്‍ഗാമികളുടെ ചരിത്രത്തില്‍ ഇന്നത്തെ മുസ്‌ലിംകള്‍ക്ക് വലിയ പാഠമില്ലേ?

ഹറാം(റ) മരണസമയത്ത് 'ഞാന്‍ വിജയിച്ചു' എന്ന് പറഞ്ഞപ്പോള്‍ കുത്തിയ ശത്രുപോലും എന്താണ് ഈ മനുഷ്യന്‍ പറയുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ആ സ്വഹാബിവര്യന്‍ 'ഞാന്‍ വിജയിച്ചു' എന്ന് പറയാനുള്ള കാരണം ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പന അനുസരിക്കുന്നവര്‍ക്ക് വലിയ വിജയമാണല്ലോ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. അല്ലാഹുവിന്റെ റസൂലിന്റെ കല്‍പന പ്രകാരം ഇറങ്ങിപ്പുറപ്പെട്ടവരാണ് ഈ മഹാന്മാര്‍. ആ മാര്‍ഗത്തിലാണ് ഈ സ്വഹാബികൊല്ലപ്പെട്ടത്. അത് വലിയ വിജയം തന്നെയാണല്ലോ. അതിനാലാണ് ഹറാം(റ) ഞാന്‍ വിജയിച്ചിരിക്കുന്നു എന്ന് ആ സമയത്ത് ഉറക്കെ പറഞ്ഞത്. സൂറതുല്‍ ബുറൂജില്‍ വിശ്വാസികളായ ഒരുപറ്റം ജനങ്ങളെ തീയിട്ട് കത്തിച്ച് പീഡിപ്പിച്ച സംഭവം വിവരിക്കുന്നുണ്ട്. ആ പീഡിതര്‍ക്ക് അല്ലാഹു നല്‍കുന്നത് വമ്പിച്ച വിജയമാണ് എന്ന് ക്വുര്‍ആന്‍ വിവരിക്കുന്നു. ചുരുക്കത്തില്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിക്കുന്ന വിശ്വാസി ശത്രുക്കളാല്‍ രക്തസാക്ഷിയാകുമ്പോള്‍ അല്ലാഹു വലിയ വിജയമാണ് നല്‍കുന്നത് എന്നര്‍ഥം.

മിക്വ്ദാദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: 'രക്ത സാക്ഷിക്ക് അല്ലാഹുവിന്റെയടുക്കല്‍ ആറു കാര്യങ്ങളുണ്ട്. ആദ്യ വെട്ടില്‍തന്നെ അദ്ദേഹത്തിന് പൊറുക്കപ്പെടും, സ്വര്‍ഗത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം കാണിക്കും, ക്വബ്‌റിലെ ശിക്ഷയില്‍നിന്നും രക്ഷ നല്‍കപ്പെടും- ഏറ്റവും വലിയ ഭയപ്പാടിന്റെ സമയത്ത് നിര്‍ഭയത്വം ഉണ്ടാകും, (അന്ത്യനാളില്‍) അദ്ദേഹത്തിന്റെ തലയില്‍ ഗാംഭീര്യത്തിന്റെ കിരീടം വെക്കപ്പെടും-അതിലെ മുത്തുകള്‍ ഇഹലോകത്തെയും അതിലുള്ളതിനെക്കാളും ഉത്തമമായിക്കും, എഴുപത്തി രണ്ടോളം ഹൂറുല്‍ ഈനുകളായ ഇണകളെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുക്കപ്പെടും, അദ്ദേഹത്തിന്റെ കുടുംബത്തില്‍ പെട്ട എഴുപത് പേരില്‍ ശുപാര്‍ശ സ്വീകരിക്കപ്പെടുകയും ചെയ്യും'' (തിര്‍മുദി).

ഹറാം ഇബ്‌നു മില്‍ഹാമി(റ)നെ വധിച്ചതിന് ശേഷം കൂടെയുള്ള അറുപത്തി ഒമ്പത് പേരെയും കൊലപ്പെടുത്താന്‍ ധിക്കാരിയായ ആമിര്‍ കല്‍പന പുറപ്പെടുവിച്ചു. അങ്ങനെ ഈ സ്വഹാബിമാരെ മുഴുവനും അവന്റെ നേതൃത്വത്തില്‍ അറുകൊല നടത്തി. എന്നാല്‍ അല്ലാഹു അവനെ വെറുതെ വിട്ടില്ല. അവന്റെ അവസാനം ഏറ്റവും മോശമായ അവസ്ഥയിലായിരുന്നു എന്നാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്.

ആമിര്‍ ആ നാട്ടിലെ സമ്പന്നനും അവരുടെ നേതാവുമായിരുന്നു. അവന്‍ എന്ത് കല്‍പിച്ചാലും അത് നടപ്പിലാക്കാന്‍ മാത്രം എന്തിനുംപോന്ന അനുയായികളും അവനുണ്ടായിരുന്നു. സ്വഹാബിമാരെ ചതിയില്‍ കൊലപ്പെടുത്തിയ വിവരം അറിഞ്ഞ നബിﷺ ആമിറിനും കൊടുംക്രൂരതക്ക് കൂട്ടുനിന്നവര്‍ക്കുമെതിരില്‍ അല്ലാഹുവിനോട് മനംനൊന്ത് പ്രാര്‍ഥിച്ചു. കാരണം നബിﷺ ക്ക് അങ്ങേയറ്റം വേദനയുണ്ടാക്കിയ സംഭവമായിരുന്നു അത്.

 അനസ്(റ) അന്ന് നബിﷺ ക്ക് ഉണ്ടായ ദുഃഖത്തെ സംബന്ധിച്ച് ഇപ്രകാരം പറയുകയുണ്ടായി:

''ബിഅ്‌റു മഊന ദിനത്തില്‍ വിപത്ത് ബാധിക്കപ്പെട്ടവരായ എഴുപത് പേരുടെ മേല്‍ ഉണ്ടായ ദുഃഖത്തെക്കാള്‍ ഒരു സംഘത്തിന്റെ മേലും ദുഃഖിച്ചതായി അല്ലാഹുവിന്റെ റസൂലിﷺ നെ ഞാന്‍ കണ്ടിട്ടില്ല'' (മുസ്‌ലിം).

താന്‍ ഏറെ സ്‌നേഹിക്കുന്ന, ക്വുര്‍ആന്‍ നന്നായി പാരായണം ചെയ്യാന്‍ കഴിവുള്ള അന്‍സ്വാറുകളായ അനുയായികളെ കളവിലൂടെയും ചതിയുലൂടെയും കൂട്ടിക്കൊണ്ടുപോയി കൊന്നുതള്ളിയതാണല്ലോ. അത് എങ്ങനെ നബിﷺ ക്ക് സഹിക്കാന്‍ സാധിക്കും! ഒരാളെയൊഴികെ മറ്റുള്ളവരെയെല്ലാം ആ ദുഷ്ടര്‍ കൊലപ്പെടുത്തി. ആ ഘട്ടത്തില്‍ അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം നബിﷺ അവര്‍ക്കെതിരില്‍ നമസ്‌കാരത്തില്‍ ക്വുനൂത്ത് നടത്തി.

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ﷺ ദുഹ്ര്‍, അസ്വ്ര്‍, മഗ്‌രിബ്, ഇശാഅ്, സ്വുബ്ഹ് മുതലായ എല്ലാ നമസ്‌കാരത്തിന്റെയും അവസാനത്തില്‍ ഒരു മാസം തുടര്‍ച്ചയായി ക്വുനൂത്ത് നടത്തി. അവസാനത്തെ റക്അതില്‍നിന്ന് 'സമിഅല്ലാഹു ലിമന്‍ ഹമിദഹു' എന്ന് പറഞ്ഞാല്‍ ബനൂ സുലയ്മില്‍ പെട്ട ചില ഗോത്രക്കാര്‍ക്കെതിരിലും, രിഅ്‌ല്, ദക്‌വാന്‍, ഉസ്വയ്യ തുടങ്ങിയ ഗോത്രങ്ങള്‍ക്കെതിരിലും പ്രാര്‍ഥിക്കുമായിരുന്നു. നബിﷺ യുടെ പുറകിലുള്ളവര്‍ ആമീന്‍ പറയുകയും ചെയ്യുമായിരുന്നു'' (അബൂദാവൂദ്).

ഒരു മാസക്കാലം നബിﷺ അഞ്ചുനേര നമസ്‌കാരത്തിലും അവര്‍ക്കെതിരില്‍ ക്വുനൂത്ത് നടത്തി. അതായിരുന്നു ക്വുനൂത്തിന്റെ തുടക്കം. അത് ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത് പോലെ സ്വുബ്ഹിക്ക് മാത്രം നടത്തുന്ന ഒന്നായിരുന്നില്ല. നബിﷺ ആ സന്ദര്‍ഭത്തില്‍ നടത്തിയ ക്വുനൂത് ഒരു മാസത്തിന് ശേഷം അവസാനിപ്പിക്കുകയും ചെയ്തു.

നബിﷺ അന്ന് അവര്‍ക്കെതിരില്‍ നടത്തിയ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. ഈ അറുകൊലക്ക് നേതൃത്വം നല്‍കിയ ആമിറിന് അല്ലാഹു കടുത്തശിക്ഷ ഇഹലോകത്ത് വെച്ചുതന്നെ നല്‍കി. അവന്റെ കക്ഷത്തിന് താഴെ വലിയ രൂപത്തിലുള്ള പൊള്ളകളും കുരുക്കളും മുഴകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പിന്നീട് അതില്‍നിന്നും പുഴു അരിക്കാന്‍ തുടങ്ങി. വലിയ നാറ്റം വമിച്ചു. പകര്‍ച്ച വ്യാധിയാണെന്ന് ഭയപ്പെട്ടതിനാല്‍ ആരും അവനെ തിരിഞ്ഞുനോക്കാന്‍ കൂട്ടാക്കിയില്ല. വലിയ സമ്പത്തിന്റെ ഉടമയായിട്ടും, ധാരാളം പരിചാരകരുണ്ടായിട്ടും അവനെ നോക്കാനോ പരിചരിക്കുവാനോ ആരെയും കിട്ടിയില്ല. വേദന സഹിക്കാന്‍ കഴിയാതെ, അങ്ങേയറ്റത്തെ പ്രയാസം സഹിച്ച് അവസാനം അവന്‍ നശിക്കുകയാണ് ചെയ്തത് എന്നാണ് ചരിത്രം പറയുന്നത്.

നബിﷺ അന്ന് നടത്തിയ ആ ക്വുനൂത്തിന് 'നാസിലത്തിന്റെ ക്വുനൂത്' എന്നാണ് പേര് പറയുക. ഒരു പ്രത്യേകമായ വിപത്ത് ഇറങ്ങുമ്പോള്‍ അതില്‍നിന്നുള്ള മോചനത്തിന് വേണ്ടിയോ, അല്ലെങ്കില്‍ ഇതുപോലുള്ള പ്രത്യേക സാഹചര്യത്തില്‍ അതിന് കക്ഷികളാകുന്നവരുടെ ഉപദ്രവത്തില്‍നിന്ന് രക്ഷതേടുന്നതിനോ, അത്തരക്കാര്‍ക്കെതിരില്‍ വിശ്വാസികള്‍ നടത്തുന്ന പ്രാര്‍ഥനക്കാണ് നാസിലത്തിന്റെ ക്വുനൂത് എന്ന് പറയുന്നത്. അത് നിര്‍വഹിക്കാന്‍ രാജ്യത്തിന്റെ ഭരണാധികാരി കല്‍പിക്കുമ്പോഴാണ് അത് നിര്‍വഹിക്കേണ്ടത്. അങ്ങനെ കല്‍പന വന്നാല്‍ നബിﷺ നിര്‍വഹിച്ചത് പോലെ അഞ്ചുനേരത്തെ നമസ്‌കാരങ്ങളിലും അത് നിര്‍വഹിക്കുകയാണ് വേണ്ടത്. എന്നാല്‍ നബിﷺ മരണംവരെ എല്ലാ ഫജ്ര്‍ നമസ്‌കാരത്തിലും ക്വനൂത് നിര്‍വഹിച്ചിരുന്നു എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാര്‍ ഉണ്ടെങ്കിലും സ്വഹീഹായ പരമ്പരയോടെ അത് തെളിയിക്കപ്പെട്ടതല്ല എന്ന് നാം മനസ്സിലാക്കുക. അതുപോലെ വിത്‌റില്‍ നബിﷺ ക്വുനൂത്ത് നിര്‍വഹിച്ചതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫജ്‌റില്‍ മാത്രമായി നബിﷺ എല്ലാ കാലത്തും ക്വുനൂത് നടത്തിയതായി സ്വീകാര്യമായ പരമ്പരയോടെ വന്നിട്ടില്ല എന്നതാണ് നാം പ്രത്യേകം മനസ്സിലാക്കേണ്ടത്.

(തുടരും)