അല്ലാഹുവിന്റെ ഇടപെടല്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22

(മുഹമ്മദ് നബിﷺ: 48)

നബിﷺ ചില യാത്രകളില്‍ ഭാര്യമാരില്‍ ഒരാളെ കൂടെ കൊണ്ടുപോകാറുണ്ട്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് അതില്‍ വിഷമം ഉണ്ടാകുക സ്വാഭാവികം. അതിനാല്‍ നറുക്കെടുത്താണ് ഒരാളെ തെരഞ്ഞെടുക്കുക. ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധത്തിന് പുറപ്പെടുമ്പോള്‍ നറുക്ക് വീണത് ആഇശ(റ)ക്കായിരുന്നു. ഒട്ടകത്തിന്റെ പുറത്ത് ഭാരം കുറഞ്ഞ, നാല് ഭാഗത്തുനിന്നും മറച്ചിട്ടുള്ള ഒരു കൂടാരത്തില്‍ അവരെ ഇരുത്തി. ഒട്ടകം അവരെയും ചുമന്ന് യാത്ര തുടര്‍ന്നു. യുദ്ധം കഴിഞ്ഞ് എല്ലാവരും മടങ്ങി. മദീനയുടെ അടുത്ത് എത്താറായപ്പോള്‍ രാത്രിയായി. ഒട്ടകത്തിന് യാത്ര ചെയ്യാന്‍ പ്രയാസമായി. അന്നേരം യാത്ര നിറുത്തി എല്ലാവരും വിശ്രമത്തിലായി.

നബിﷺയും സ്വഹാബിമാരും വിശ്രമിക്കാന്‍ ഇറങ്ങിയ സ്ഥലത്തുനിന്നും യാത്ര തുടരാന്‍ അറിയിപ്പ് വന്നു. അപ്പോഴേക്കും ആഇശ(റ) തന്റെ കൂടാരത്തില്‍നിന്നും എഴുന്നേറ്റ് കുറച്ച് അപ്പുറത്തേക്ക് വിസര്‍ജനാവശ്യത്തിനായി പോയിരുന്നു. കൂട്ടത്തിലുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്തത്ര ദൂരത്തേക്കാണ് അവര്‍ പോയത്. ആവശ്യനിര്‍വഹണം കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അവര്‍ അറിയുന്നത്. ഉടനെ അത് തിരഞ്ഞുനടന്നു. തിരിച്ചുവന്നപ്പോഴേക്കും സൈന്യം അവിടുന്ന് യാത്ര പുറപ്പെട്ടിരുന്നു. അവരുടെ കൂടാരം ഒട്ടകപ്പുറത്ത് കയറ്റി വെക്കുകയും അവര്‍ അതിനെ തെളിച്ചു കൊണ്ടുപോകുകയും ചെയ്തു. ആഇശ(റ) അതില്‍ ഉണ്ടെന്നാണ് അവര്‍ കരുതിയത്. അന്ന് അവര്‍ നന്നേ ഭാരം കുറഞ്ഞവരായിരുന്നു. അതിനാല്‍ അവര്‍ ഇല്ലാത്തത് സ്വഹാബിമാര്‍ക്ക് മനസ്സിലാക്കാനും സാധിച്ചില്ല.

മറഞ്ഞ കാര്യം അല്ലാഹുവിന് മാത്രമെ അറിയൂ എന്നും അത് സൃഷ്ടികളില്‍ ഒരാള്‍ക്കും അറിയില്ല എന്നും ഈ സംഭവം നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. മഹാനായ നബിﷺയും സ്വഹാബിമാരും അടങ്ങുന്ന ഏറ്റവും വലിയ മഹത്തുക്കള്‍ അടങ്ങുന്ന സംഘത്തിലാണ് ഈ സംഭവം നടക്കുന്നത് എന്നോര്‍ക്കുക. തങ്ങള്‍ ഒട്ടകപ്പുറത്ത് കയറ്റിവെച്ച കുടാരത്തില്‍ ആഇശ(റ) ഇല്ല എന്ന് തിരിച്ചറിയാന്‍ മഹാന്മാരായ സ്വഹാബിമാര്‍ക്ക് സാധിച്ചില്ല.

ആഇശ(റ) തിരിച്ചുവന്നപ്പോള്‍ ആരെയും കണ്ടില്ല. മഹതി അവിടെ തനിച്ചായി. ആരെങ്കിലും വരുമെന്ന് വിചാരിച്ച് അവര്‍ അവിടെത്തന്നെ ഇരുന്നു. ആ കാത്തിരിപ്പിനിടയില്‍ ക്ഷീണത്താല്‍ അവര്‍ ഉറങ്ങിപ്പോയി. അതിനിടയില്‍ 'ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍' എന്ന വാക്കു കേട്ട് ആഇശ(റ) ഞെട്ടിയുണര്‍ന്നു. അപ്പോള്‍ അവരുടെ മുന്നില്‍ സ്വഫ്‌വാന്‍(റ) നില്‍ക്കുന്നതാണ് കണ്ടത്.

ഒരു സംഘവുമായി നബിﷺ യാത്ര പോകുമ്പോള്‍ അവിടുത്തേക്ക് ഒരു പതിവുണ്ടായിരുന്നു. സംഘത്തിന്റെ മുമ്പില്‍ കുറേ ദൂരെയായി ഒരാളെ അയക്കും. ശത്രുക്കള്‍ ആരെങ്കിലും ഉണ്ടോ എന്നും അപകടം വല്ലതും ഉണ്ടോ എന്നുമെല്ലാം അറിയാനായിരുന്നു ഇത്. അതുപോലെ പിന്നിലും ഒരാളെ നിശ്ചയിക്കും. വല്ലതും നഷ്ടപ്പെടുകയോ വീണുപോകുകയോ മറന്നുവെക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് എടുത്തു കൊണ്ടുവരാനായിരുന്നു ഇത്. ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ പിന്നില്‍ നിരീക്ഷണത്തിനായി നബിﷺ നിശ്ചയിച്ച സ്വഹാബിയായിരുന്നു സ്വഫ്‌വാന്‍(റ).

ആഇശ(റ) ഇരിക്കുന്ന സ്ഥലത്ത് ഒരു കറുത്ത രൂപം അദ്ദേഹം ദൂരെനിന്നും കാണുകയുണ്ടായി. അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തിന് ആളെ തിരിച്ചറിഞ്ഞു. ഹിജാബിന്റെ നിയമം ഇറങ്ങുന്നതിന് മുമ്പ് അവരെ അദ്ദേഹം കണ്ടിരുന്നു. ഉടനെ അദ്ദേഹം ഇസ്തിര്‍ജാഅ് (ഇന്നാലില്ലാഹ്... എന്ന് പറയല്‍) ചൊല്ലിയപ്പോള്‍ ആഇശ(റ) ഞെട്ടിയുണര്‍ന്നു. അവരുടെ മൂടുവസ്ത്രം മുഖത്തിലൂടെ താഴേക്ക് ഇറക്കി മറച്ചു. അദ്ദേഹം ആഇശ(റ)യോട് ഒരു വാക്കുപോലും ഉരിയാടിയതില്ല. സ്വഫ്‌വാന്‍(റ) തന്റെ ഒട്ടകത്തെ മുട്ടുകുത്തിക്കുകയും ആഇശ(റ)ക്ക് അതിന്റെ മുകളില്‍ കയറാന്‍ അതിനെ തരപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്വഫ്‌വാന്‍(റ) ഒട്ടകത്തെയും തെളിച്ച് മദീനയിലേക്ക് നീങ്ങി.

നബിﷺയുടെയും അനുചരന്മാരുടെ സംഘ ശക്തിയെ നശിപ്പിക്കാന്‍ ആവുന്ന വേലകളെല്ലാം ഒപ്പിച്ച അബ്ദുല്ലയും സംഘവും ഈ അവസരം മുതലെടുത്ത് പ്രവാചക പത്‌നി ആഇശ(റ)യുടെയും സ്വഫ്‌വാനി(റ)ന്റെയും പേരില്‍ വ്യഭിചാര ആരോപണം പരത്താന്‍ തുടങ്ങി. സത്യവും അസത്യവും തിരിച്ചറിയാന്‍ സാധിക്കാതെ പല നല്ലവരായ ആളുകളും ഈ പ്രചാരണത്തില്‍ അകപ്പെടുകയുണ്ടായി. എന്ത് കുപ്രചാരണങ്ങള്‍ ഉണ്ടായാലും വസ്തുത അന്വേഷിച്ചറിയാതെ അത് ഏറ്റടുക്കുന്ന പലരും ഉണ്ടാകുമല്ലോ. അവസാനം അവര്‍ മനസ്സിലാക്കിയതിന് എതിരായി കാര്യങ്ങള്‍ ഉരിത്തിരിഞ്ഞ് വരുമ്പോഴേക്കും കാര്യം പിടിവിട്ടിട്ടുണ്ടാകും.

മദീനയില്‍ എത്തിയ ആഇശഃ(റ) ഒരു മാസക്കാലം രോഗിയായി കിടപ്പിലായി. അത്രയും വലിയ യാത്ര കഴിഞ്ഞാണല്ലോ അവര്‍ എത്തുന്നത്. ഈ കാലത്ത് നാട്ടില്‍ അവരെ സംബന്ധിച്ച് ഈ വ്യാജ വാര്‍ത്ത പരന്നുകൊണ്ടേയിരുന്നു. പാവം, മഹതി ഇത് അറിയുന്നില്ല. നബിﷺക്ക് തന്നോട് എന്തോ അകല്‍ച്ചയുള്ളത് പോലെ ഒരു സംശയം അവരുടെ മനസ്സില്‍ തോന്നി. സാധാരണ മഹതിക്ക് എന്തെങ്കിലും രോഗം ബാധിച്ചാല്‍ അടുത്തുചെന്ന് സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും കുറേസമയം സംസാരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ഈ സമയത്ത് പ്രവാചകന്റെ പെരുമാറ്റം അങ്ങനെയല്ല. വാതില്‍ക്കല്‍ വരെ വരും. സലാം പറയും. വിവരം അന്വേഷിക്കും. തിരിച്ചുപോകും.

ഒരു ദിവസം ആഇശ(റ) പ്രാഥമിക ആവശ്യത്തിനായി പുറത്തുകടന്നു. അവരുടെ സഹായത്തിനായി കൂടെ ഉമ്മു മിസ്ത്വഹും(റ) ഉണ്ട്. അവര്‍ ആഇശ(റ)യുടെ അടുത്ത് വെച്ച് മിസ്ത്വഹ് നശിക്കട്ടെ, എന്ന് ആവര്‍ത്തിച്ച് പറയുന്നത് ആഇശ(റ) കേള്‍ക്കുകയുണ്ടായി. സ്വന്തം മകനെ സംബന്ധിച്ച് ഉമ്മ ഇപ്രകാരം പറയുന്നത് കേട്ടപ്പോള്‍ ആഇശ(റ) അതിനെ പറ്റി അന്വേഷിച്ചു. ബദ്‌റില്‍ പങ്കെടുത്ത ഒരാളല്ലേ മിസ്ത്വഹ്? അദ്ദേഹത്തെ പറ്റി ഇങ്ങനെ പറയുന്നുവോ? 'അവന്‍ എന്തെല്ലാമാണ് പറയുന്നത് എന്ന് മോളേ നിനക്ക് അറിയില്ലല്ലോ' എന്ന് മാത്രം അവര്‍ മറുപടി പറഞ്ഞു.

തന്നെയും സ്വഫ്‌വാനെയും സംബന്ധിച്ച് മദീനയില്‍ അപവാദ പ്രചാരണം നടക്കുന്ന വിവരം വൈകിയാണ് ആഇശ(റ) അറിയുന്നത്. അതോടെ അവരുടെ രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു. അങ്ങനെ നബിﷺ ആഇശ(റ)യുടെ അടുത്ത് പ്രവേശിച്ചപ്പോള്‍ തന്റെ വീട്ടിലേക്ക് പോകാനായി അവിടുത്തോട് അനുവാദം ചോദിച്ചു. നബിﷺ അനുവാദം നല്‍കുകയും ചെയ്തു. അവരുടെ അടുത്ത് എത്തിയാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് അറിയാമല്ലോ എന്നാണ് ആഇശ(റ) വിചാരിച്ചത്. വീട്ടില്‍ എത്തി. ഉമ്മയോട് കാര്യം തിരക്കി. ഉമ്മ പറഞ്ഞു: 'മോളേ, നീ അത് സാരമാക്കേണ്ടതില്ല. സ്‌നേഹത്തോടെ ഒരു ഭാര്യയും ഭര്‍ത്താവും കഴിയുമ്പോള്‍ അതില്‍ അസൂയ വെച്ചുപുലര്‍ത്തുന്ന പലരുമുണ്ടാകും. അത് തകര്‍ന്ന് കാണാന്‍ ആശിക്കുന്നവര്‍ പലതും പറയും.' ഇത് കേട്ട ആഇശ(റ) അല്ലാഹുവിനെ പരിശുദ്ധിപ്പെടുത്തുകയും ജനങ്ങള്‍ അപവാദം പറയുന്നുണ്ട് എന്ന കാര്യം സത്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ദുഃഖം സഹിക്കവയ്യാതെ അന്ന് നേരം പുലരുവോളം അവര്‍ കരഞ്ഞുകൊണ്ടേയിരുന്നു.

ഈ കാര്യത്തില്‍ തീര്‍പ്പ് അറിയിച്ചുകൊണ്ടുള്ള വഹ്‌യും വരുന്നില്ല. എന്ത് ചെയ്യണം എന്ന് അറിയാതെ നബിﷺ പല സ്വഹാബിമാരോടും കൂടിയാലോചന നടത്തി. അലി(റ)യോടും ഉസാമ(റ)യോടും കൂടിയാലോചിച്ചു. ഉസാമ(റ) അവരെ സംബന്ധിച്ച് എനിക്ക് നല്ലതല്ലാതെ അറിയില്ല എന്ന് പറഞ്ഞു. നബിയേ, അല്ലാഹു താങ്കളെ പ്രയാസപ്പെടുത്തിയിട്ടില്ലല്ലോ. അവരല്ലാത്ത എത്രയോ സ്ത്രീകളുണ്ടല്ലോ എന്നതായിരുന്നു അലി(റ)യുടെ പ്രതികരണം. അവിടെ വേലക്കാരിയായി ഉണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു ബരീറ(റ). അവളോട് അങ്ങ് ചോദിച്ചാല്‍ ആഇശയെ പറ്റിയുള്ള വിവരം സത്യസന്ധമായി അറിയാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെ നബിﷺ ബരീറയെ വിളിച്ചു. അവരോട് നബിﷺ കാര്യം തിരക്കി. 'അങ്ങയെ സത്യവുമായി അയച്ചവന്‍ തന്നെയാണ സത്യം, ഞാന്‍ അവരില്‍ ഒരുതെറ്റും കണ്ടിട്ടില്ല. അവര്‍ വീട്ടുകാര്‍ക്കായി മാവ് കുഴക്കും. അതിനെ പറ്റി ശ്രദ്ധയില്ലാതെ ഉറങ്ങിപ്പോകും. ആട് വന്ന് അത് ഭക്ഷിക്കുകയും ചെയ്യും. ഈ ഒരു അശ്രദ്ധയല്ലാതെ വേറൊരു ചീത്ത കാര്യവും ഈ പെണ്‍കുട്ടിയില്‍നിന്നും ഞാന്‍ കണ്ടിട്ടില്ല' എന്ന് ബരീറഃ(റ) നബിﷺയോട് പറഞ്ഞു.

തന്റെ ഭാര്യയെ ആക്ഷേപിക്കുകവഴി തന്നെ അപകീര്‍ത്തിപ്പെടുത്താനും മോശക്കാരനാക്കാനും അബ്ദുല്ലാഹ് ശ്രമിക്കുകയാണെന്ന് നബിﷺക്ക് മനസ്സിലായി. അങ്ങനെ ഒരുദിവസം നബിﷺ പള്ളിയിലേക്ക് പ്രവേശിച്ചു. എന്നിട്ട് മിമ്പറില്‍ കയറി. എന്റെ ഭാര്യയുടെ പേരില്‍ ഇത്രയധികം എന്നെ വേദനിപ്പിച്ച ഈ ദുഷ്ടന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കെല്‍പുള്ള ആരുണ്ട് നിങ്ങളുടെ കൂട്ടത്തില്‍ എന്ന് അവിടെ കൂടിയ വിശ്വാസികളോട് നബിﷺ ചോദിച്ചു. 'എന്റെ ഭാര്യയെക്കുറിച്ച് എനിക്ക് നല്ലതേ പരിചയമുള്ളൂ. അതുപോലെ അവര്‍ ഒരാളെ ബന്ധപ്പെടുത്തിയും പറയുന്നുണ്ടല്ലോ-സ്വഫ്‌വാന്‍. അദ്ദേഹത്തെപ്പറ്റിയും എനിക്ക് നല്ലതേ പരിചയമുള്ളൂ. ഞാനില്ലാതെ അദ്ദേഹം എന്റെ വീട്ടില്‍ പ്രവേശിക്കുന്ന ആളുമല്ല' നബിﷺ ഇരുവരെയും മഹത്ത്വപ്പെടുത്തി.

അബ്ദുല്ലാഹ് ആഗ്രഹിച്ചതുപോലെ ചില കാര്യങ്ങള്‍ അവിടെ നടക്കാന്‍ പോകുകയാണ്. അവന്‍ ആഗ്രഹിക്കുന്നത് ഈ സംഭവത്തിന്റെ പേരില്‍ ഔസും ഖസ്‌റജും പരസ്പരം പോരടിക്കണമെന്നാണ്. അങ്ങനെ പരസ്പരം കലഹിച്ച് മുസ്‌ലിംകളുടെ സംഘശക്തി ഇല്ലാതാക്കണം. ഇത് കണക്കുകൂട്ടിയാണ് ഈ അപവാദം അവന്‍ അഴിച്ചുവിട്ടത്. അവന്‍ ഉദ്ദേശിച്ചത് പോലെത്തന്നെ സ്വഹാബിമാരിലെ രണ്ട് ഗോത്ര നേതാക്കള്‍ പരസ്പരം വാക്കേറ്റം നടക്കുന്നു; അതും അല്ലാഹുവിന്റെ റസൂലിﷺന്റെ മുമ്പില്‍! എന്നാല്‍ നബിﷺ അവരെ നിശ്ശബ്ദരാക്കി. മുസ്‌ലിംകള്‍ പരസ്പരം ഇപ്രകാരം പെരുമാറരുതല്ലോ. അങ്ങനെ അബ്ദുല്ലയുടെ സ്വപ്‌നം പൂവണിഞ്ഞില്ല. എല്ലാവരും റസൂലിﷺന്റെ ഉപദേശം കേട്ട് നിശ്ശബ്ദരാകുകയും ആ തര്‍ക്കം അവിടെ അവസാനിക്കുകയും ചെയ്തു.

ആഇശ(റ) ആ ദിവസങ്ങളിലെല്ലാം കണ്ണുനീര്‍ തോരാതെ, ഉറക്കമില്ലാതെ കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. മകളുടെ കരള്‍ പൊട്ടിപ്പോകുമോ എന്ന് പോലും മാതാപിതാക്കള്‍ ഭയപ്പെട്ടു. അങ്ങനെയിരിക്കവെ അന്‍സ്വാറുകളില്‍ പെട്ട ഒരു വനിത അങ്ങാട്ടു ചെന്നു. ആഇശ(റ) സങ്കടപ്പെട്ട് കരയുന്നത് കണ്ട് അവരും കരഞ്ഞുപോയി.

ഈ സന്ദര്‍ഭത്തിലാണ് അല്ലാഹുവിന്റെ റസൂല ﷺ അവരുടെ അടുത്തേക്ക് കയറിച്ചെല്ലുന്നത്. ഈ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതിന് ശേഷം ഒരു മാസക്കാലമായിട്ട് ആദ്യമായിട്ടാണ് നബിﷺ ആഇശ(റ)യുടെ അടുത്തേക്ക് വരുന്നത്. എന്നിട്ട് ആഇശ(റ)യെ വിളിച്ചുകൊണ്ട് പറഞ്ഞു: ''നിന്നെപ്പറ്റിയുള്ള ചില വാര്‍ത്തകള്‍ എനിക്ക് ലഭിക്കുകയുണ്ടായി. അതില്‍ നീ നിരപരാധിയാണെങ്കില്‍ അല്ലാഹു നിന്നെ കുറ്റവിമുക്തമാക്കുന്നതാണ്. അതല്ല, നിന്റെ അടുത്ത് വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടെങ്കില്‍ നീ അല്ലാഹുവിനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. കാരണം, ഒരു നല്ല അടിമ തന്റെ പാപത്തെക്കുറിച്ച് മനസ്സിലാക്കുകയും എന്നിട്ട് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്താല്‍ അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.'' നബിﷺയുടെ ഈ സംസാരം കൂടെ കേട്ടപ്പോള്‍ ആഇശ(റ)ക്ക് കൂടുതല്‍ വേദനയായി. കരയാന്‍ കണ്ണുനീര്‍ ഇല്ലാതെയായി. അല്ലാഹുവിന്റെ റസൂല ﷺ ഇപ്പോഴും തന്നെ സംശയിക്കുകയാണോ എന്ന് അവര്‍ക്ക് തോന്നി. യാതൊരു മറുപടിയും പറയാന്‍ സാധിക്കാത്ത അവസ്ഥയിലായി അവര്‍. ആഇശ(റ) തന്റെ പിതാവായ അബൂബക്റി(റ)നോട് അല്ലാഹുവിന്റെ റസൂല ﷺ പറഞ്ഞതിന് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലിﷺന് എന്താണ് മറുപടി നല്‍കേണ്ടത് എന്ന് എനിക്ക് അറിയില്ല മോളേ.' അപ്പോള്‍ ആഇശ(റ) തന്റെ മാതാവിനോട് മറുപടി നല്‍കാന്‍ പറഞ്ഞു. അവരും പിതാവ് പ്രതികരിച്ചതുപോലെ പ്രതികരിച്ചു. ഈ കള്ളവാര്‍ത്ത നിങ്ങളും കേട്ടിട്ടുണ്ടെന്നും അത് ഒരു അളവോളം ശരിയാണ് എന്ന് നിങ്ങള്‍ വിചാരിക്കുകയും അത് നിങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു എന്ന് ആഇശ(റ) നബിﷺയോട് ഗദ്ഗദത്തോടെ പറഞ്ഞു.

ക്ഷമയോടെ ആഇശ(റ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അല്ലാഹു തന്റെ നിരപരാധിത്തം തെളിയിക്കുന്നതാണ് എന്ന കാര്യത്തില്‍ അവര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അന്ത്യനാള്‍ വരെ പാരായണം ചെയ്യപ്പെടുന്ന സൂക്തങ്ങള്‍ ഈ വിഷയത്തില്‍ ഇറക്കപ്പെടുമെന്ന് അവര്‍ വിചാരിച്ചിരുന്നില്ല. നബിﷺക്ക് സ്വപ്‌നത്തിലൂടെയോ മറ്റോ തന്റെ നിരപരാധിത്തം അല്ലാഹു അറിയിച്ചുകൊടുക്കുമെന്നായിരുന്നു അവര്‍ കണക്കു കൂട്ടിയിരുന്നത്.

അങ്ങനെയിരിക്കെ നബിﷺക്ക് സാധാരണ വഹ്‌യ് വരുന്നതിന്റെ ചില അടയാളങ്ങള്‍ കണ്ടുതുടങ്ങി. അവിടുന്ന് വിയര്‍ക്കുന്നു. അതിശൈത്യ സമയത്ത് പോലും വഹ്‌യ് ഇറങ്ങുമ്പോള്‍ ആ വിയര്‍പ്പ് അവിടുത്തേക്ക് ഉണ്ടാകുമായിരുന്നു. വഹ്‌യിന്റെ സമയം കഴിഞ്ഞാല്‍ സാധാരണ നിലയിലേക്ക് അവിടുന്ന് മാറുകയും ചെയ്യും.

വഹ്‌യ് വന്ന സന്തോഷത്തില്‍ ആദ്യമായി പ്രിയ പത്‌നി ആഇശ(റ)യെ വിളിച്ചുകൊണ്ട് നബിﷺ പറഞ്ഞു: 'ആഇശാ, നിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു ആയത്തുകള്‍ ഇറക്കിയിരിക്കുന്നു.' ഇത് കേട്ടപ്പോള്‍ ഉമ്മ പറഞ്ഞു: 'മോളേ, റസൂലിന്റെ അടുത്തേക്ക് ചെല്ലുകയും അവിടുത്തോട് നന്ദി പറയുകയും ചെയ്‌തേക്ക്.' 'ഞാന്‍ അല്ലാഹുവിനെയാണ് സ്തുതിക്കുന്നത്. അവനോടാണ് ഞാന്‍ നന്ദി പറയുന്നത്' എന്നായിരുന്നു ആഇശ(റ)യുടെ പ്രതികരണം. അല്ലാഹുവാണല്ലോ നിരപരാധിത്വം തെളിയച്ചത്. തുടര്‍ന്ന് ഈ വിഷയത്തില്‍ പത്തിലധികം ആയത്തുകള്‍ ഇറങ്ങുകയായി.

പ്രവാചകനെയും കുടുംബത്തിനെയും അപകീര്‍ത്തിപ്പെടുത്താനായുള്ള ശ്രമം അതോടെ പൊളിഞ്ഞു.  ആഇശ(റ)യുടെയും സ്വഫ്‌വാനി(റ)ന്റെയും നിരപരാധിത്വം തെളിയിക്കപ്പെടുകയും അവരുടെ മഹത്ത്വം ക്വുര്‍ആനിലെ നിത്യസൂക്തവചനങ്ങളിലൂടെ വ്യക്തമാക്കപ്പെടുകയും ചെയ്തു. അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യാണല്ലോ ഈ കള്ളത്തരത്തിന് നേതൃത്വം നല്‍കിയത്. അവന്ന് പരലോകത്ത് വമ്പിച്ച ശിക്ഷ അല്ലാഹു നല്‍കുന്നതാണെന്നും അവനെ പിന്തുടര്‍ന്ന് അത് പ്രചരിപ്പിച്ച അവന്റെ ആളുകള്‍ക്കും ശിക്ഷയുടെ ഒരു ഓഹരി നല്‍കുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്തു. അവര്‍ അപവാദം പ്രചരിപ്പിച്ചപ്പോള്‍ ചില സ്വഹാബിമാരും അറിയാതെ അതില്‍ പെട്ടുപോയി. വ്യഭിചാരാരോപണം നടത്തി എന്ന കാരണത്താല്‍ ഇവര്‍ക്ക് എണ്‍പത് അടി വീതം നല്‍കാന്‍ ശിക്ഷ വിധിച്ചു. ചുരുക്കത്തില്‍, ആ അപവാദ പ്രചാരണത്തില്‍ പങ്കാളികളായവര്‍ക്കെല്ലാം അവരര്‍ഹിച്ച ശിക്ഷ കിട്ടി.

ഒരാളുടെ പേരില്‍ വ്യഭിചാരക്കുറ്റം ആരോപിക്കുന്നവര്‍ നാല് സാക്ഷികളെ ഹാജറാക്കേണ്ടതുണ്ട്.  സാക്ഷികള്‍ ഇല്ലാത്ത പക്ഷം അങ്ങനെ പറഞ്ഞവര്‍ക്ക് എണ്‍പത് അടിയാണ് ഇസ്‌ലാമിലെ ശിക്ഷാ നിയമം. അതിനാല്‍ യാതൊരു തെളിവും ഇല്ലാതെ ഇത്തരം കാര്യം പറയുന്നത് വമ്പിച്ച അപരാധം തന്നെയാണ്. വ്യക്തികളെ അപമാനപ്പെടുത്തുന്ന കടുത്ത അപരാധമാണ് ഇൗ ആരോപണം എന്നതിനാലാണ് സാക്ഷികള്‍ വേണമെന്ന നിബന്ധനവെച്ചിട്ടുള്ളതും തെളിവില്ലാതെ ആരോപണം ഉന്നയിച്ചവര്‍ക്ക് ശിക്ഷ വിധിച്ചിട്ടുള്ളതും.

ഒരു മാസത്തിലധികം ഈ വിഷയത്തിന്റെ നിജസ്ഥിതിയറിയാതെ നബിﷺ കഴിച്ചുകൂട്ടി. ഇതിലെ തീരുമാനം അറിയിച്ച് വഹ്‌യ് വന്നിരുന്നെങ്കില്‍ എന്ന് നബിﷺ ചിന്തിച്ചിട്ടുണ്ടാകുമല്ലോ. വഹ്‌യ് എന്നത് പ്രവാചകന്മാര്‍ ഇച്ഛിക്കുമ്പോള്‍ ലഭിക്കുന്ന ഒന്നല്ല. അത് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമെ പ്രവാചകന്മാര്‍ക്ക് നല്‍കൂ എന്നതും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മദീനയിലെത്തി. ഈ യുദ്ധത്തിന് മുസ്‌ലിംകള്‍ വലിയ സാഹസമൊന്നും ചെയ്തിട്ടില്ലായിരുന്നു. ഒരു വലിയ പോരാട്ടമൊന്നും നടക്കാതെ തന്നെ ധാരാളം ഗ്വനീമത്ത് സ്വത്തുക്കളും ബന്ദികളെയും ലഭിച്ചു. അങ്ങനെ ബന്ദികളെ വിഹിതം വെച്ചപ്പോള്‍ ഥാബിത് ഇബ്‌നു ക്വയ്‌സി(റ)ന് ലഭിച്ചത് ഒരു അടിമ സ്ത്രീയായ ജുവയ്‌രിയയെ ആയിരുന്നു. ബനുല്‍ മുസ്വ്ത്വലക്വ് ഗോത്രത്തലവനായ ഹാരഥിന്റെ മകളാണ് ജുവയ്‌രിയ. അവര്‍ ഥാബിതി(റ)നോട് തന്നെ സ്വതന്ത്രയാക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം അതിന് വമ്പിച്ച തുക നല്‍കണമെന്ന് അവരോടു പറഞ്ഞു. അവരുടെ കൈവശം സ്വത്തായിട്ട് ഒന്നും ഇല്ല താനും. അവര്‍ നബിﷺയെ സമീപിച്ചു. ഞാന്‍ ഒരു അടിമയായി കഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എനിക്ക് സ്വതന്ത്രയാകണമെന്നും ഥാബിതിന് മോചന മൂല്യം നല്‍കാന്‍ സഹായിക്കണമെന്നും, പിന്നീട് നിങ്ങള്‍ക്ക് ആ തുക തിരികെ നല്‍കുന്നതാണെന്നും പറഞ്ഞു. നബിﷺ അത് സ്വീകരിച്ചു. അതിന്റെ കൂടെ നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഞാന്‍ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നും നബിﷺ അവരെ അറിയിച്ചു.

ഒരു ഗോത്രത്തലവന്റെ മകളാണല്ലോ ജുവയ്‌രിയ(റ). മഹ്‌റായി അവരുടെ മോചനമായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ വിവരം പിതാവ് ഹാരിഥ് അറിഞ്ഞു. അദ്ദേഹം അന്ന് ഇസ്‌ലാം സ്വീകരിച്ചിട്ടില്ലായിരുന്നു. നബിﷺയെ സമീപിച്ച് മകളെ വിട്ടയക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിതാവിന്റെ മുമ്പില്‍ വെച്ച് ജുവയ്‌രിയ(റ)യോട് നബിﷺ പറഞ്ഞു: 'നിനക്ക് പിതാവിന്റെ കൂടെ പോകാനും എന്റെ കൂടെ നില്‍ക്കാനും ഞാന്‍ സ്വാതന്ത്ര്യം തരുന്നു. ഇഷ്ടമുള്ളത് സ്വീകരിക്കാം.' എന്നാല്‍ മഹതി നബിﷺയുടെ കൂടെ നില്‍ക്കാനാണ് തീരുമാനിച്ചത്. ഇത് കണ്ട പിതാവ് അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ മനസ്സും അലിഞ്ഞു. അങ്ങനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അതിനെ തുടര്‍ന്ന് ആ ഗോത്രക്കാര്‍ മുഴുവനും ഇസ്‌ലാമിലേക്ക് വരികയും ചെയ്തു.

നബിﷺയുടെ കുടുംബത്തിലെ ആളുകളെ ഇനി നാം ബന്ദികളായി വെക്കുന്നത് ശരിയല്ലല്ലോ എന്ന് സ്വഹാബിമാര്‍ക്ക് തോന്നി. അങ്ങനെ തങ്ങള്‍ക്ക് ലഭിച്ച ബന്ദികളായ സ്ത്രീപുരുഷന്മാരെ മുഴുവനും അവര്‍ സ്വതന്ത്രരാക്കി വിട്ടയക്കുകയും ചെയ്തു. ഇത് ഹാരിഥിന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഈ ചരിത്രം വിവരിക്കുമ്പോള്‍ പണ്ഡിതന്മാര്‍ പറയുന്നത്; ഇതുപോലെ ബറകതുള്ള ഒരു പെണ്ണും ഒരു ഗോത്രത്തിനും ഉണ്ടായിട്ടുണ്ടാകില്ല എന്നാണ്.

ആ നാട്ടിലുള്ളവര്‍ മുഴുവനും ഇസ്‌ലാം സ്വീകരിച്ചതിനാല്‍ നബിﷺക്ക് ഇസ്‌ലാമിക പ്രബോധന വീഥിയില്‍ അത് വലിയ മുന്നേറ്റത്തിന് കാരണമാകുകയും ചെയ്തു.