നബി ﷺ യും ദൈവിക ദൃഷ്ടാന്തങ്ങളും

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഏപ്രില്‍ 10 1442 ശഅബാന്‍ 27

(മുഹമ്മദ് നബി ﷺ , ഭാഗം 17)

മുഹമ്മദ് നബി ﷺ യിലൂടെ അല്ലാഹു പ്രകടമാക്കിയ ചില അത്ഭുത ദൃഷ്ടാന്തങ്ങളെക്കുറിച്ചാണ് നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. സ്വന്തം ബുദ്ധിക്കും യുക്തിക്കും നിരക്കുന്നില്ല എന്ന കാരണം പറഞ്ഞ് സ്ഥിരപ്പെട്ടുവന്ന ഇത്തരം യാഥാര്‍ഥ്യങ്ങളെ തള്ളിക്കളയുക എന്നത് സത്യവിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. പ്രവാചകന്‍റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് പറയുവാനും പാടില്ല. അത് വലിയ അപരാധമാകുന്നു.

ഈത്തപ്പനമുട്ടി തേങ്ങിക്കരഞ്ഞ സംഭവം

നബി ﷺ കയറിനിന്നു പ്രസംഗിച്ചിരുന്ന മിമ്പറായിരുന്നു ഒരു ഈത്തപ്പനമുട്ടി. അത് ഒരിക്കല്‍ കരയുകയുണ്ടായി. ആ സംഭവം ഇബ്നു ഉമര്‍(റ) നമുക്ക് പറഞ്ഞുതരുന്നുണ്ട്.

ഇബ്നു ഉമറി(റ)ല്‍നിന്ന് നിവേദനം: "നബി ﷺ ഒരു (ഈത്തപ്പന) തടിയിലായിരുന്നു ഖുത്വുബ നടത്തിയിരുന്നത്. (അങ്ങനെ) അവിടുന്ന് (മറ്റൊരു) മിമ്പര്‍ സ്വീകരിക്കുകയും അതിലേക്ക് (ഖുത്വുബ) തിരിക്കുകയും ചെയ്തു. അങ്ങനെ (ആ) മരത്തടി തേങ്ങിക്കരയാന്‍ തുടങ്ങി. അപ്പോള്‍ നബി ﷺ അതിന്‍റെ അടുത്ത് ചെല്ലുകയും തന്‍റെ കൈകൊണ്ട് അതില്‍ തടവുകയും ചെയ്തു" (ബുഖാരി).

നബി ﷺ ആദ്യകാലത്ത് ഒരു ഈത്തപ്പനയുടെ മുട്ടിയില്‍ കയറിനിന്നായിരുന്നു ഖുത്വുബ നടത്തിയിരുന്നത്. പിന്നീട് മൂന്ന് പടികളുള്ള ഒരു മിമ്പര്‍ നബി ﷺ ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടു. അങ്ങനെ പുതിയ മിമ്പര്‍ പള്ളിയില്‍ എത്തിയപ്പോള്‍ പഴയ മിമ്പര്‍ പള്ളിയുടെ ഒരു മൂലയിലേക്ക് മാറ്റി. എന്നിട്ട് പുതിയ മിമ്പറില്‍ ഖുത്വുബ നടത്തുകയാണ് നബി ﷺ . അപ്പോഴതാ ചെറിയകുട്ടി തേങ്ങിക്കരയുന്നതുപോലെ ആ പഴയ മിമ്പര്‍ തേങ്ങിക്കരയുന്നു! ആ ശബ്ദം സ്വഹാബിമാര്‍ കേള്‍ക്കുകയുണ്ടായി എന്ന് മറ്റു റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. നബി ﷺ ആ കരച്ചില്‍ കേട്ടു. അദ്ദേഹം മിമ്പറില്‍നിന്ന് താഴെയിറങ്ങി. എന്നിട്ട് പഴയ മിമ്പറിന്‍റെ അടുത്തേക്ക് ചെന്നു. അതിനെ തന്നിലേക്ക് അണച്ചുകൂട്ടി. കുട്ടികളെപോലെ കരഞ്ഞിരുന്ന ആ മരത്തടി അതോടെ കരച്ചില്‍ നിര്‍ത്തി. ഈ സംഭവം ഹദീസുകളില്‍ സ്ഥിരപ്പെട്ടുവന്നതാണ്.

ഒട്ടകം തേങ്ങിയ സംഭവം

മുഹമ്മദ് നബി ﷺ ലോകത്തിന് കാരുണ്യമായിക്കൊണ്ടാണല്ലോ അയക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ മുഴുവന്‍ ജീവികളോടും കാരുണ്യം കാണിച്ച മഹാനായിരുന്നു മുഹമ്മദ് നബി ﷺ . നബി ﷺ യെ മിണ്ടാപ്രാണികള്‍ക്ക് പോലും പരിചയമായിരുന്നു. അതിന് ഈ സംഭവം തെളിവാണ്:

അബ്ദുല്ലാഹിബ്നു ജഅ്ഫറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "ഒരു ദിവസം അല്ലാഹുവിന്‍റെ റസൂല്‍ ﷺ എന്‍റെ പുറകില്‍ (വാഹനപ്പുറത്ത്) ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അങ്ങനെ എനിക്ക് ഒരു സംഭവം ഏറെ കൗതുകമുള്ളതായി. അത് ഞാന്‍ ഒരാളോടും പറഞ്ഞിട്ടില്ല. നബി ﷺ ആവശ്യനിര്‍വഹണത്തിന് മറസ്വീകരിക്കുന്നതിന് ഉയര്‍ന്നസ്ഥലമോ അല്ലെങ്കില്‍ ഈത്തപ്പന തൈകളോ ഇഷ്ടപ്പെടുമായിരുന്നു." അബ്ദുല്ലാഹ്(റ) പറയുന്നു: "അങ്ങനെ നബി ﷺ ഒരു അന്‍സ്വാരിയുടെ തോട്ടത്തില്‍ കയറി. അപ്പോഴതാ ഒരു ഒട്ടകം; അത് നബി ﷺ യെ കണ്ടപ്പോള്‍ തേങ്ങിക്കരയുന്നു. അതിന്‍റെ കണ്ണുകള്‍ ഒലിക്കുന്നുമുണ്ട്. അങ്ങനെ നബി ﷺ അതിന്‍റെ അടുത്ത് ചെന്നു. എന്നിട്ട് നബി ﷺ അതിന്‍റെ ചെവിയുടെ അടുത്ത് തടവി. അപ്പോള്‍ അത് (കരച്ചില്‍) അടക്കി. അപ്പോള്‍ നബി ﷺ ചോദിച്ചു: 'ആരാണ് ഈ ഒട്ടകത്തിന്‍റെ യജമാനന്‍? ഈ ഒട്ടകം ആരുടെതാണ്?' അപ്പോള്‍ അന്‍സ്വാരിയായ ഒരു ചെറുപ്പക്കാരന്‍ വന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ, എന്‍റെതാണ്.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'അല്ലാഹു നിനക്ക് ഉടമപ്പെടുത്തിത്തന്ന ഈ മൃഗത്തിന്‍റെ കാര്യത്തില്‍ നിനക്ക് അല്ലാഹുവിനെ സൂക്ഷിച്ചുകൂടേ? കാരണം, നീ അതിനെ പട്ടിണിക്കിടുന്നുണ്ടെന്നും നീ അതിനെ ഭാരിച്ച ജോലി ചെയ്യിച്ച് പ്രയാസപ്പെടുത്തുന്നുണ്ടെന്നും അത് എന്നോട് ആവലാതി ബോധിപ്പിച്ചിരിക്കുന്നു."

മറ്റൊരു സംഭവം കാണുക: ജാബിറുബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഒരു യാത്രക്ക് മുന്നിട്ടു. അങ്ങനെ ഞങ്ങള്‍ ബനൂനജ്ജാറുകാരുടെ ഒരു തോട്ടത്തിന്‍റെ അടുത്തെത്തുന്നതുവരെ (യാത്ര തുടര്‍ന്നു). അപ്പോഴതാ അതില്‍ ഒരു ഒട്ടകം. ആ തോട്ടത്തില്‍ (ആ ഒട്ടകം കാരണത്താല്‍) ബുദ്ധിമുട്ടിയിട്ടല്ലാതെ ഒരാളും കയറുകയില്ല." ജാബിര്‍(റ) പറഞ്ഞു: 'അപ്പോള്‍ അവര്‍ നബി ﷺ യോട് അതിനെപ്പറ്റി പറഞ്ഞു. അങ്ങനെ നബി ﷺ ആ തോട്ടത്തിന്‍റെ അടുത്ത് വന്നു. എന്നിട്ട് ആ ഒട്ടകത്തെ അവിടുന്ന് വിളിച്ചു. അപ്പോള്‍ അത് അതിന്‍റെ ചുണ്ട് നിലത്ത് വെക്കുന്ന അവസ്ഥയിലായി വന്നു. അങ്ങനെ അത് നബി ﷺ യുടെ മുന്നില്‍ മുട്ടുകുത്തി." ജാബിര്‍(റ) പറയുന്നു: "അപ്പോള്‍ നബി ﷺ പറഞ്ഞു: 'അതിന്‍റെ കടിഞ്ഞാണ്‍ കൊണ്ടുവരൂ.' അങ്ങനെ നബി ﷺ അതിന് കടിഞ്ഞാണിടുകയും അതിന്‍റെ ഉടമസ്ഥനിലേക്ക് അതിനെ നല്‍കുകയും ചെയ്തു." ജാബിര്‍(റ) പറഞ്ഞു: "പിന്നീട് നബി ﷺ ജനങ്ങളിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: 'നിശ്ചയം, ആകാശഭൂമികള്‍ക്കിടയില്‍ അനുസരണക്കേടുകാരായ ജിന്നുകളും മനുഷ്യരുമല്ലാതെ യാതൊന്നും തന്നെ ഞാന്‍ അല്ലാഹുവിന്‍റെ റസൂലാണ് എന്ന് അറിയാത്തതായില്ല" (അഹ്മദ്).

ആ തോട്ടത്തില്‍ ആര് പ്രവേശിക്കുമ്പോഴും അതിന്‍റെ ഉപദ്രവം സഹിക്കേണ്ടിവരുമായിരുന്നു. നബി ﷺ അതിനെ വിളിച്ചു. അപ്പോഴതാ അത് സ്നേഹത്തോടെ ചുണ്ട് നിലത്ത് തട്ടാവുന്ന വിധത്തില്‍ തലതാഴ്ത്തി നബി ﷺ യുടെ അടുത്തേക്ക് വരുന്നു! അങ്ങനെ മുമ്പില്‍ വന്ന് അത് മുട്ടുകുത്തി നിന്നു. നബി ﷺ അതിന് മൂക്കുകയര്‍ ഇടുകയും അതിന്‍റെ ഉടമസ്ഥനെ ഏല്‍പിക്കുകയും ചെയ്തു. ആകാശ ഭൂമികള്‍ക്കിടയില്‍ എല്ലാ വസ്തുക്കളും മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് മനസ്സിലാക്കുന്നുണ്ടെന്നും ധിക്കാരികളും അനുസരണം കെട്ടവുമായ മനുഷ്യരും ജിന്നുകളും മാത്രമാണ് ഈ കാര്യം മനസ്സിലാക്കാത്തതെന്നും അവിടുന്ന് പറയുകയുമുണ്ടായി.

മരങ്ങളിലും പഴങ്ങളിലും നബി ﷺ യുടെ മുഅ്ജിസത്ത് പ്രകടമാകുന്നു

ഇബ്നു ഉമറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഒരു അഅ്റാബി (ഞങ്ങളുടെ അടുത്തേക്ക്) വന്നു. അദ്ദേഹം അടുത്തെത്തിയപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ ചോദിച്ചു: 'എവിടേക്കാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?' അദ്ദേഹം പറഞ്ഞു: 'എന്‍റെ കുടുംബത്തിലേക്ക്.' നബി ﷺ ചോദിച്ചു: 'താങ്കള്‍ക്ക് വല്ല നന്മയും വേണോ?' അദ്ദേഹം ചോദിച്ചു: 'അതെന്താണ്?' നബി ﷺ പറഞ്ഞു: 'അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും അവന്‍ ഏകനാകുന്നു എന്നും അവന് യാതൊരു പങ്കുകാരനുമില്ലെന്നും തീര്‍ച്ചയായും മുഹമ്മദ് അവന്‍റെ അടിമയും ദൂതനുമാണെന്നും നീ സാക്ഷ്യം വഹിക്കുക.' അപ്പോള്‍ അദ്ദേഹം ചോദിച്ചു: 'താങ്കള്‍ പറയുന്നതിന് ആരെല്ലാം സാക്ഷ്യം വഹിക്കും.' നബി ﷺ പറഞ്ഞു: 'ഈ സലമ (വൃക്ഷം).' (താഴ്വരകളില്‍ കാണുന്ന ഒരു വൃക്ഷമാണത്). അങ്ങനെ ആ താഴ്വരയിലുണ്ടായിരുന്ന ആ വൃക്ഷത്തെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ വിളിച്ചു. അപ്പോള്‍ അത് ഭൂമിയിലേക്ക് ചാഞ്ഞുവന്നു. അങ്ങനെ അത് നബി ﷺ യുടെ മുന്നില്‍ വന്നുനിന്നു. അതിനോട് മൂന്നുതവണ സാക്ഷ്യം വഹിക്കാന്‍ നബി ﷺ ആവശ്യപ്പെട്ടു. നബി ﷺ പറഞ്ഞത് പോലെ അത് മൂന്നുതവണ സാക്ഷ്യം വഹിച്ചു. പിന്നീട് അത് വളരുന്ന സ്ഥലത്തേക്ക് തന്നെ മടങ്ങി. അഅ്റാബി തന്‍റെ സമൂഹത്തിലേക്കും മടങ്ങി. അദ്ദേഹം (ഇങ്ങനെ) പറയുകയും ചെയ്തു: 'അവര്‍ എന്നെ പിന്തുടരുന്നുവെങ്കില്‍ അവരെ(എന്‍റെ സമൂഹത്തെ)യും കൊണ്ട് ഞാന്‍ താങ്കളുടെ അടുത്ത് വരുന്നതാണ്. അല്ലെങ്കില്‍ ഞാന്‍ മടങ്ങി വരികയും നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ടായിരിക്കുന്നതുമാണ്" (ദാരിമി).

നബി ﷺ യിലൂടെ അല്ലാഹു പ്രകടമാക്കിയ അത്ഭുതങ്ങള്‍ കണ്ട പലര്‍ക്കും അവ മുഹമ്മദ് നബിയെ അറിയാനും ഇസ്ലാം പുല്‍കുവാനും നിമിത്തമായിട്ടുണ്ട്. എന്ത് അത്ഭുതങ്ങള്‍ കണ്ടാലും അതിനെയെല്ലാം കളിയാക്കിയും പരിഹസിച്ചും നിഷേധാത്മക മനോഭാവം കാണിച്ചവരും ഉണ്ടായിട്ടുണ്ട്.

വൃക്ഷവുമായി ബന്ധപ്പെട്ട ഒരു അത്ഭുതം നാം കണ്ടല്ലോ. അത് കണ്ട ഗ്രാമീണനായ അറബി ശഹാദത്ത് ചൊല്ലി ഇസ്ലാമിലേക്ക് വന്നതും തന്‍റെ സമൂഹത്തെ ഈ സത്യം അറിയിച്ച് അതിലേക്ക് ക്ഷണിക്കാന്‍ വെമ്പല്‍കൊണ്ടതും നാം മനസ്സിലാക്കി.

വൃക്ഷവുമായി ബന്ധപ്പെട്ട മറ്റൊരു അത്ഭുതം കൂടി കാണുക. സ്വഹാബിമാര്‍ നമുക്ക് അത് പറഞ്ഞുതരുന്നത് ഇപ്രകാരമാണ്:

"വിശാലമായ ഒരു താഴ്വരയില്‍ ഇറങ്ങുന്നതുവരെ അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ കൂടെ ഞങ്ങള്‍ യാത്ര ചെയ്തു. അങ്ങനെ റസൂല്‍ ﷺ തന്‍റെ ആവശ്യനിര്‍വഹണത്തിനായി പോയി. അപ്പോള്‍ ഞാന്‍ വെള്ളപ്പാത്രവുമായി അവിടുത്തെ അനുഗമിച്ചു. അങ്ങനെ റസൂല്‍ ﷺ (മറ സ്വീകരിക്കാനായി മറ) നോക്കി. എന്നാല്‍ മറ സ്വീകരിക്കാന്‍ യാതൊന്നുംതന്നെ അവിടുന്ന് കണ്ടില്ല. അപ്പോഴതാ താഴ്വരയില്‍ രണ്ട് വൃക്ഷങ്ങള്‍! റസൂല്‍ ﷺ അതില്‍ ഒന്നിന്‍റെ അടുത്തേക്ക് പോയി. എന്നിട്ട് അതില്‍നിന്നും ഒരു കൊമ്പ് പിടിച്ചു; എന്നിട്ട് പറഞ്ഞു: 'അല്ലാഹുവിന്‍റെ അനുമതി പ്രകാരം നീ എന്‍റെകൂടെ വരിക.' അങ്ങനെ അത് മൂക്കുകയറിട്ട ഒട്ടകത്തെ പോലെ (അതിനെ തെളിച്ച് കൊണ്ടുപോകുന്നവന്‍ തെളിച്ച് കൊണ്ടുപോകുമ്പോള്‍ പോകുന്നത് പോലെ) അദ്ദേഹത്തിന്‍റെ കൂടെ അത് അനുസരണയോടെ പോകുന്നു. (അങ്ങനെ) മറ്റൊരു മരത്തിന്‍റെ അടുത്തേക്ക് നബി ﷺ ചെന്നു. അതിന്‍റെയും ഒരു കൊമ്പ് പിടിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: 'അല്ലാഹുവിന്‍റെ അനുമതി പ്രകാരം നീ എന്‍റെ കൂടെ വരിക.' അങ്ങനെ അതും അതുപോലെ അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ തുടങ്ങി. (അങ്ങനെ അവ) രണ്ടിന്‍റെയും മധ്യത്തില്‍ ആയപ്പോള്‍ (അവയെ) അവയുടെ ഇടയില്‍ ചായ്ച്ചു -അതായത് അവ രണ്ടിനെയും ഒരുമിപ്പിച്ചു; എന്നിട്ട് നബി ﷺ പറഞ്ഞു: 'അല്ലാഹുവിന്‍റെ അനുമതി പ്രകാരം എന്‍റെമേല്‍ നിങ്ങള്‍ ഇരുവരും ഒന്നിക്കുക. അപ്പോള്‍ അവ രണ്ടും ഒന്നിക്കുകയുണ്ടായി..." (മുസ്ലിം).

മറ്റൊരു സംഭവം കൂടി കാണുക: ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ അടുത്തേക്ക് ഒരു അഅ്റാബി വരികയുണ്ടായി. എന്നിട്ട് അയാള്‍ നബി ﷺ യോട് ചോദിച്ചു: 'താങ്കള്‍ പ്രവാചകനാണെന്ന് ഞാന്‍ എന്തുകൊണ്ടാണ് മനസ്സിലാക്കുക?' നബി ﷺ ചോദിച്ചു: 'ഞാന്‍ ഈ ഈത്തപ്പനയില്‍നിന്ന് ഈ ഈത്തപ്പഴക്കുലയെ വിളിച്ചാല്‍ (അത് എന്നിലേക്ക് വന്നാല്‍) ഞാന്‍ അല്ലാഹുവിന്‍റെ റസൂലാണ് എന്ന് നീ സാക്ഷ്യം വഹിക്കുമോ?' അങ്ങനെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ അതിനെ വിളിച്ചു. അപ്പോള്‍ അത് ഈത്തപ്പനയില്‍നിന്ന് ഇറങ്ങുന്നതായി. (അങ്ങനെ അത്) നബി ﷺ യുടെ അടുത്തേക്ക് വീഴുന്നതുവരെ(യായി). പിന്നീട് നബി ﷺ പറഞ്ഞു: 'നീ മടങ്ങിപ്പോകുക.' അപ്പോള്‍ അത് അവിടേക്ക് തന്നെ മടങ്ങി. അങ്ങനെ ഗ്രാമീണന്‍ മുസ്ലിമാവുകയും ചെയ്തു"(തിര്‍മിദി).

അത്ഭുതകരമായ ഈ സംഭവങ്ങളൊന്നും നബി ﷺ ക്ക് ഇഷ്ടാനുസരണം ചെയ്യാന്‍ കഴിയുന്നതായിരുന്നില്ല. ഇതെല്ലാം അല്ലാഹു നബി ﷺ യിലൂടെ പ്രകടമാക്കിയ മുഅ്ജിസതുകളായിരുന്നു.

പര്‍വതം നബിയോട് അനുസരണം കാണിച്ച സംഭവം കാണുക:

അനസ് ഇബ്നു മാലികി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "നബി ﷺ ഉഹ്ദ് മലയിലേക്ക് കയറി. കൂടെ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ ഉണ്ടായിരുന്നു. അങ്ങനെ (അത്) അവരെയുംകൊണ്ട് ഒന്നു കുലുങ്ങി. അപ്പോള്‍ നബി ﷺ തന്‍റെ കാലുകൊണ്ട് അതിനെ ഒന്ന് ചവിട്ടി. (ഇപ്രകാരം) പറയുകയും ചെയ്തു: 'ഉഹ്ദ്...! അടങ്ങുക. നിനക്ക് മുകളില്‍ ഒരു പ്രവാചകനും ഒരു സ്വിദ്ദീക്വും രണ്ടു ശഹീദുകളുമല്ലാതെയില്ല"(ബുഖാരി).

ഇതും നബി ﷺ യിലൂടെ അല്ലാഹു വെളിപ്പെടുത്തിയ അത്ഭുതമായിരുന്നു. ആകാശഭൂമക്കിടയിലെ എല്ലാ വസ്തുവിനും നബി ﷺ യെ അറിയാം എന്ന പ്രവാചക വചനം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാകുന്നു.

ഈ സംഭവത്തില്‍ അല്ലാഹുവിന്‍റെ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രവചനവും അവിടുന്ന് നടത്തി. നാലുപേരില്‍ ഒന്ന് നബിയാണ്, ഒന്ന് സ്വിദ്ദീക്വും മറ്റു രണ്ടുപേര്‍ അല്ലാവിന്‍റെ മാര്‍ഗത്തിലെ രക്തസാക്ഷികളുമാണ് എന്നായിരുന്നു അവിടുന്ന് ഉഹ്ദിനോട് പറഞ്ഞിരുന്നത്. നബിയും സ്വിദ്ദീക്വും ആരാണ് എന്നത് സ്പഷ്ടമാണല്ലോ. നബി ﷺ എന്ത് പറയുന്നതും അതേപടി വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തതിനാല്‍ നബി ﷺ തന്നെ അബൂബക്റി(റ)ന് നല്‍കിയ സ്ഥാനപ്പേരായിരുന്നല്ലോ സ്വിദ്ദീക്വ് (സത്യസന്ധന്‍) എന്നത്. അപ്പോള്‍ രണ്ട് ശഹീദുകള്‍ എന്നു പറഞ്ഞത് ഉമറി(റ)നെയും ഉസ്മാനെ(റ)യും പറ്റിയാണ്. അതൊരു പ്രവചനമായിരുന്നു. അത് അപ്രകാരം തന്നെ പുലര്‍ന്നതായാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

നബി ﷺ യുടെ കാലശേഷം അബൂബക്ര്‍(റ) രണ്ടര വര്‍ഷത്തോളം ഖലീഫഃയായിരുന്നു. അതിന് ശേഷം പത്ത് വര്‍ഷത്തോളം ഉമറും(റ) ഇസ്ലാമിന്‍റെ ഖലീഫയായിരുന്നു. ഉമറി(റ)ന്‍റെ അന്ത്യം നബി ﷺ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചതുപോലെ തന്നെ ശഹീദായിട്ടായിരുന്നു. ഹിജ്റ 22ന് ഉമര്‍(റ) ഹജ്ജ് നിര്‍വഹിച്ച് മദീനയില്‍ തിരിച്ചെത്തി. അങ്ങനെ ദുല്‍ഹിജ്ജ 27ന് ഫജ്ര്‍ നമസ്കാരത്തിനായി പള്ളിയില്‍ എത്തി. ഉറങ്ങുന്നവരെയെല്ലാം വിളിച്ചുണര്‍ത്തിയായിരുന്നു ആ മഹാന്‍ പള്ളിയിലേക്ക് എത്തിയിരുന്നത്. നമസ്കാരം തുടങ്ങാന്‍ നേരമായി. ഇമാമായി നില്‍ക്കാന്‍ അമീറുല്‍ മുഅ്മിനീന്‍ മുന്നോട്ട് വന്നു. സ്വഫ്ഫ് ശരിപ്പെടുത്തി. അദ്ദേഹം തന്‍റെ കൈയില്‍ ഉണ്ടായിരുന്ന ഒരു ചെറിയ വടികൊണ്ട് സ്വഫ്ഫില്‍നിന്ന് തെറ്റിനില്‍ക്കുന്നവരെ ശരിപ്പെടുത്തുമായിരുന്നു. തന്‍റെ അവസാനത്തെ നമസ്കാരത്തിന് ഇമാമായി നില്‍ക്കുമ്പോഴും അണിയുടെ കാര്യം അവിടുന്ന് പതിവുപോലെ ശ്രദ്ധിച്ചു. നമസ്കാരം തുടങ്ങിയതും ഇരുട്ടിന്‍റെ മറവില്‍ ഒളിച്ചിരുന്ന ശത്രു അദ്ദേഹത്തിനുമേല്‍ ചാടിവീണു. അവന്‍റെ കൈയില്‍ ഇരുതല മൂര്‍ച്ചയുള്ള കഠാരയുണ്ടായിരുന്നു. അതുമായി പള്ളിയുടെ ഏതോ ഭാഗത്ത് അവന്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. (നൂറുകണക്കിന് മഹാന്മാരായ സ്വഹാബിമാരടങ്ങുന്ന മഹാന്മാര്‍ പള്ളിയില്‍ ഹാജറുണ്ട്. ഒരാള്‍ക്കും ഈ മറഞ്ഞ കാര്യം അറിയാന്‍ സാധിച്ചില്ല എന്നത് ഇവിടെ മനസ്സിലാക്കുക). ഇന്നത്തെ പോലെ വൈദ്യുതിയൊന്നും അന്ന് ഇല്ലല്ലോ. ഏതെങ്കിലും ഭാഗത്ത് റാന്തല്‍ വിളക്ക് പോലുള്ള വല്ലതുമാകും അന്നുണ്ടാവുക. ആ ഇരുട്ട് ശത്രു മുതലെടുത്തു. അവന്‍ പേര്‍ഷ്യക്കാരനായ അബൂലുഅ്ലുഅത്ത് എന്ന് പേരുള്ള ഒരു മജൂസിയായിരുന്നു. ഉമറി(റ)ന്‍റെ ഭരണകാലത്ത് പേര്‍ഷ്യ ജയിച്ചടക്കുകയും ധാരാളംപേര്‍ ഇസ്ലാമിലേക്ക് വരാന്‍ അത് കാരണമാവുകയും ചെയ്തിട്ടുണ്ടായിരുന്നു. പേര്‍ഷ്യയുടെ പല രാജാക്കന്മാരുടെയും കസേരകള്‍ ഉമറി(റ)ന്‍റെ ഇസ്ലാമിക പ്രബോധനത്തിലൂടെ തെറിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം അദ്ദേഹത്തോട് ശക്തമായ വിരോധം ഉണ്ടായിരുന്നു. അത് അവരില്‍ തിളച്ചുമറിയാന്‍ തുടങ്ങി. അവരാണ് ഉമറി(റ)നെ വധിക്കാന്‍ ഈ ദുഷ്ടനെ ഏര്‍പ്പാട് ചെയ്തത്.

ഉമര്‍(റ) നമസ്കാരത്തില്‍ പ്രവേശിച്ചു. ഇരുതല മൂര്‍ച്ചയുള്ള കഠാരകൊണ്ട് ഉമറി(റ)നെ അവന്‍ കുത്തി. വയറ്റില്‍ മൂന്നുതവണ കുത്തി. കുടല്‍മാലകള്‍ പുറത്തേക്ക് വരും വിധത്തില്‍ ശക്തമായതായിരുന്നു മൂന്നാമത്തെ കുത്ത്. പുറകില്‍ നില്‍ക്കുന്നവര്‍ ഘാതകനെ കീഴ്പെടുത്താന്‍ ശ്രമിച്ചു. പിടിക്കപ്പെടുമെന്ന് ബോധ്യമായപ്പോള്‍ അവന്‍ ആ കഠാര കൊണ്ട് തന്നെ സ്വയം കുത്തി ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. അതിന് മുമ്പ് അവനെ പിടിക്കാന്‍ ശ്രമിച്ച സ്വഹാബിമാരില്‍ പന്ത്രണ്ടോളം പേരെ അവന്‍ കുത്തിയിരുന്നു.

മദീനയിലെ റസൂലി ﷺ ന്‍റെ പള്ളിയില്‍ ഒരുനേരം പോലും ജമാഅത്ത് നമസ്കാരം മുടങ്ങിയിട്ടില്ല.

തന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന ജനങ്ങള്‍ ജമാഅത്ത് നമസ്കാരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കാതെ അത് പാഴാക്കിക്കളയുമോ എന്നോര്‍ത്ത് പുറത്തേക്ക് തള്ളിയ കുടല്‍മാലകള്‍ ഉള്ളിലേക്ക് തള്ളി, വേദന കടിച്ചമര്‍ത്തിയ ഉമര്‍(റ) അബ്ദുറഹ്മാനുബ്നു ഔഫി(റ)നോട് വേഗം ജമാഅത്ത് തുടങ്ങാന്‍ കല്‍പിക്കുന്നു. അങ്ങനെ അദ്ദേഹം ജനങ്ങളെയും കൂട്ടി ചെറിയ സൂറത്തുകള്‍ ഓതി നമസ്കരിച്ചു. ഉമര്‍(റ) അപ്പോഴേക്ക് ബോധരഹിതനായി മാറിയിരുന്നു. ബോധരിഹിതനായി കിടന്നപ്പോഴും ആരോ ഒരാള്‍ അമീറുല്‍ മുഅ്മിനീന്‍... നിസ്കാരം.. എന്ന് വിളിച്ച് പറഞ്ഞപ്പോള്‍... പെട്ടെന്ന് എഴുന്നേറ്റ് നിസ്കരിച്ചു എന്നാണ് ചരിത്രം നമ്മോട് പറയുന്നത്.

ദാരുണാവസ്ഥയില്‍ കിടക്കുന്ന അമീറുല്‍ മുഅ്മിനീനെ വാരിയെടുക്കാന്‍ അന്ന് പള്ളിയില്‍ ഭാര്യയായ ആതിക്വ(റ)യും മകന്‍ അബ്ദുല്ല(റ)യും ഉണ്ടായിരുന്നു. (പെണ്ണിന് പള്ളിയില്‍ ജമാഅത്ത് നമസ്കാരത്തിന് പുറപ്പെടാന്‍ പറ്റുമോ എന്ന് സംശയിക്കുന്നവര്‍ ശ്രദ്ധിക്കുക).

ഉമര്‍(റ) തന്‍റെ വഫാത്തിന് മുമ്പ് ആരാണ് തന്നെ കുത്തിയത് എന്ന് അന്വേഷിക്കുന്നു. ചുറ്റുമുണ്ടായിരുന്ന സ്വഹാബിമാര്‍ മജൂസിയായ അബൂലുഅ്ലുഅയാണ് അങ്ങയെ കുത്തിയത് എന്ന് പറഞ്ഞുകൊടുത്തു. ഉമര്‍(റ) പറഞ്ഞു: 'അല്‍ ഹംദു ലില്ലാഹ്. അങ്ങനെ ഞാന്‍ നബി ﷺ മുമ്പേ പ്രവചിച്ചത് പോലെ ശഹീദാകുകയാണ്.'

നീതിയുടെ പര്യായമായിരുന്നു ഉമര്‍(റ). ഖലീഫ ഉമറിന്‍റെ ഭരണത്തെ കൊതിച്ച അമുസ്ലിംകള്‍ പോലും ഉണ്ടായിട്ടുണ്ട്. മഹാനും ശ്രേഷ്ഠനുമായ ഉമറി(റ)നെ ലോകം വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഘാതകന്‍; ദുഷ്ടനായ അബൂലുഅ്ലുഅതിനെ നികൃഷ്ടനും തെമ്മാടിയുമായി ലോകമുസ്ലിംകള്‍ കണക്കാക്കുമ്പോള്‍ ചിലരെക്കുറിച്ച് നാം ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അവര്‍ക്ക് അവന്‍ ബഹുമാന്യനും വാഴ്ത്തപ്പെട്ടവനുമാണ്. അവര്‍ അവന്‍റെ ക്വബ്ര്‍ കെട്ടി ഉയര്‍ത്തുകയും അവിടെ വിളക്ക് കത്തിക്കുകയും ചെയ്ത് അവനോട് സങ്കടം പറയുന്നു. ഉമറി(റ)നെ ആ മജൂസി കുത്തിയ ദിവസത്തെ സന്തോഷത്തിന്‍റെ ദിനമായി അവര്‍ ആചരിക്കുന്നു. അവനെ ധീരനായി വാഴ്ത്തുന്നു. ഇതെല്ലാം ചില മുസ്ലിം നാമധാരികളുടെ ചെയ്തികളാണ് എന്നത് നാം ഓര്‍ക്കുക. വെബ്സൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ അവന്‍റെ ക്വബ്റും അവിടെ നടക്കുന്ന പ്രവൃത്തികളുടെ ഫോട്ടോയും നമുക്ക് കാണാവുന്നതാണ്. (തുടരും)