പരലോകത്ത് ഉന്നത പദവികള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 മെയ് 01 1442 റമദാന്‍ 19

(മുഹമ്മദ് നബി ﷺ , ഭാഗം 20)

ആദം(അ) മുതലുള്ള എല്ലാ പ്രവാചകന്മാരുമടക്കം എല്ലാ മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസമാണ് അന്ത്യനാള്‍. അന്ന് എല്ലാവരുടെയും നേതാവ് (സയ്യിദ്) മുഹമ്മദ് നബി ﷺ യായിരിക്കും എന്നത് അദ്ദേഹത്തിന് അല്ലാഹു നല്‍കിയ വമ്പിച്ച സ്ഥാനം തന്നെയാണ്.

സയ്യിദ് എന്ന പദത്തെ ഇമാം നവവി(റ) വിശദീകരിച്ചത് ഉയര്‍ത്തിപ്പിടിച്ച് നബി ﷺ യോട് സഹായം തേടാന്‍ തെളിവാക്കുന്ന ചിലരുണ്ട്. നേതാവ് എന്ന് പറയുന്നതിനെ പറ്റിയാണ് ഇമാം നവവി(റ) അവിടെ പതിപാദിക്കുന്നത്. അല്ലാഹുവിന് പുറമെ നബി ﷺ യോടും പ്രാര്‍ഥിക്കാം എന്ന് സമര്‍ഥിക്കുന്നതിന് വേണ്ടിയല്ല അദ്ദേഹം അത് പറയുന്നത്. ഈ ഹദീഥിനെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാനുള്ള രേഖയായി മുന്‍ഗാമികളായ ആരും തന്നെ നമ്മെ പഠിപ്പിച്ചിട്ടുമില്ല.

നബി ﷺ യുടെ മൗലിദ് ആഘോഷവേളയില്‍ തിരുനബി ﷺ അവരുടെ സദസ്സുകളില്‍ ഹാജരാകുന്നുണ്ടെന്ന് വിശ്വസിക്കുന്ന വിവരമില്ലാത്തവരുണ്ട്. മതപ്രമാണങ്ങളിലുള്ള അവരുടെ അജ്ഞതയുടെ ആഴം എത്ര വലുതാണെന്ന് ഈ ഹദീഥ് വെച്ച് മനസ്സിലാക്കാവുന്നതാണ്. നബി ﷺ അന്ത്യനാളില്‍ മാത്രമെ ക്വബ്‌റില്‍നിന്നും പുറത്ത് വരികയുള്ളൂ. അന്ന് നബി ﷺ യായിരിക്കും ആദ്യമായി ക്വബ്‌റില്‍നിന്ന് എഴുന്നേല്‍ക്കുക എന്ന് അവിടുന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിനുമുമ്പ് അവിടുന്ന് ക്വബ്‌റില്‍നിന്ന് എഴുന്നേറ്റ് ഭൗതിക ലോകത്തേക്ക് വരുന്നതിനെ പറ്റി ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നില്ല. കഴിഞ്ഞുപോയ മഹാന്മാരായ എത്രയോ പണ്ഡിത പ്രമുഖന്മാരുണ്ട്. അവരുടെ ആയിരക്കണക്കിന് കിതാബുകളുണ്ട്. ആരും എവിടെയും ഇപ്രകാരം ഒരു വിശ്വാസം വിവരിക്കുന്നത് നമുക്ക് കാണുക സാധ്യമല്ല. പില്‍ക്കാലത്ത് വന്ന ചില പിഴച്ച ചിന്താഗതിക്കാരാണ് ഈ വിശ്വാസം പ്രചരിപ്പിച്ചത്. മരണത്തിന് ശേഷം ക്വിയാമത്ത് നാളിലാണ് എല്ലാവരും ഉയിര്‍ത്തഴുന്നേല്‍പിക്കപ്പെടുക എന്നതാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

''പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 23:15,16).

എല്ലാവരും മഹ്ശറില്‍ ഒരുമിച്ചുകൂട്ടപ്പെടുന്ന ദിവസം. ആരും ആരെയും തിരിഞ്ഞുനോക്കാത്ത, ഭയവിഹ്വലരായി കുറ്റവാളികള്‍ ഹാജരാക്കപ്പെടുന്ന ദിവസം. കൊല്ലങ്ങളോളം കത്തിജ്ജ്വലിക്കുന്ന സൂര്യനു താഴെ വിചാരണകാത്ത് മനുഷ്യരെല്ലാം നില്‍ക്കുന്ന ദിവസം. രക്ഷയെങ്കില്‍ രക്ഷ, ശിക്ഷയെങ്കില്‍ ശിക്ഷ എന്ന് വിചാരിക്കുന്ന ഭയാനകരമായ മഹ്ശര്‍. അന്ന് വിചാരണക്കെടുക്കാനായി അല്ലാഹുവിനോട് ശുപാര്‍ശക്കായി ഓരോ നബിയെയും മനുഷ്യര്‍ സമീപിക്കുന്നു. ഓരോരുത്തരും അടുത്ത പ്രവാചകനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും അവസാനം മുഹമ്മദ് നബി ﷺ യുടെ അടുത്ത് ചെന്ന് ശഫാഅത്തിനായി അപേക്ഷിക്കുന്നു. എന്നാല്‍ അന്ന് സ്വന്തം ഇഷ്ടപ്രാകാരം ആരും ആര്‍ക്കുവേണ്ടിയും ശുപാര്‍ശ നടത്തുകയില്ല. അല്ലാഹുവിന്റെ അനുവാദം ലഭിക്കുന്നതിനാല്‍ മുഹമ്മദ് നബി ﷺ സുജൂദില്‍ വീഴുന്നു. അങ്ങനെ കുറെ നാള്‍ പിന്നിടുമ്പോള്‍ നബി ﷺ യോട് ശുപാര്‍ശ നടത്താന്‍ അല്ലാഹു കല്‍പിക്കുന്നു. നബി ﷺ ശുപാര്‍ശക്ക് തേടുന്നു. ശുപാര്‍ശ സ്വീകരിക്കപ്പെടുന്നു. അന്ന് അല്ലാഹുവിനോട് ആദ്യമായി ശുപാര്‍ശ നടത്തുന്നതും മുഹമ്മദ് നബി ﷺ തന്നെ.

ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് നബി ﷺ യുടെ ശഫാഅത്ത് ലഭിക്കുന്നതല്ല. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് ശിര്‍ക്കാണല്ലോ. എന്നാല്‍ ക്വിയാമത്ത് നാളില്‍ നബി ﷺ അല്ലാഹുവിന്റെ അനുമതിയോടെ നടത്തുന്ന ശുപാര്‍ശ ലഭിക്കാന്‍ ചിലര്‍ നബി ﷺ യോടാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്!

അനുയായികള്‍ ധാരാളമുള്ള പ്രവാചകന്‍

പ്രവാചകന്മാര്‍ ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചപ്പോള്‍ വിശ്വസിച്ചവരും അവിശ്വസിച്ചവരും ഉണ്ടായിരുന്നു. ചിലരില്‍ വിരലില്‍ എണ്ണാവുന്ന തുച്ഛമായവരേ വിശ്വസിച്ചിരുന്നുള്ളൂ. ചിലര്‍ക്ക് വലിയ അനുയായികളെയും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഏറ്റവുമധികം അനുയായികളുള്ള പ്രവാചകന്‍ മുഹമ്മദ് നബി ﷺ യാകുന്നു.

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: സ്വര്‍ഗത്തില്‍ ശുപാര്‍ശ നടത്തുന്ന ആളുകളില്‍ ഒന്നാമനാകുന്നു ഞാന്‍. നബിമാരില്‍ ധാരാളം അനുയായികളുള്ളവനും ഞാനാകുന്നു'' (മുസ്‌ലിം).

സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്നയാള്‍

നബി ﷺ ക്ക് അല്ലാഹു നല്‍കിയ മറ്റൊരു സ്ഥാനവും പ്രത്യേകതയുമാണിത്. നബി ﷺ പറയുന്നത് കാണുക: അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'അന്ത്യനാളില്‍ പ്രവാചകന്മാരില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉള്ളവന്‍ ഞാനായിരിക്കും. സ്വര്‍ഗ കവാടത്തില്‍ ആദ്യമായി മുട്ടുന്നവനും ഞാനായിരിക്കും'' (മുസ്‌ലിം).

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ''അന്ത്യനാളില്‍ ഞാ ന്‍ സ്വര്‍ഗകവാടത്തില്‍ ചെല്ലുന്നതാണ്. എന്നിട്ട് (അത്) തുറക്കുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നതാണ്. അപ്പോള്‍ (അതിന്റെ) കാവല്‍ക്കാരന്‍ ചോദിക്കും: 'നീ ആരാണ്?' ഞാന്‍ പറയും: 'മുഹമ്മദ്.' അപ്പോള്‍ (കാവല്‍ക്കാരന്‍) പറയും: 'നിനക്ക് മുമ്പ് ഒരാള്‍ക്കും ഞാന്‍ തുറന്ന് കൊടുക്കാതിരിക്കാതെ നിന്നെ കൊണ്ടാണ് (നിനക്ക് തുറന്നുതരാനാണ്) ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്'' (മുസ്‌ലിം).

സ്വിറാത്വ് പാലം ആദ്യമായി കടക്കും

ഭീതിയോടെ വിശ്വാസികള്‍ കേള്‍ക്കുകയും പഠിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒന്നാണല്ലോ പരലോകത്തിലെ സ്വിറാത്വ് പാലം. അത് കടന്നുവണം സ്വര്‍ഗത്തില്‍ എത്താന്‍. പാപികള്‍ അതിലൂടെ വിട്ടുകടക്കാന്‍ കഴിയാതെ നരകത്തിലേക്ക് വീഴുന്നതാണ്. അന്ന് ആദ്യമായി അത് വിട്ടുകടക്കുന്നത് മുഹമ്മദ് നബി ﷺ യായിരിക്കും. നബി ﷺ നമുക്ക് അതിനെ പറ്റി പറഞ്ഞുതരുന്നത് കാണുക:

''...അങ്ങനെ നരകത്തിനു മുകളില്‍ സ്വിറാത്വ് നിര്‍മിക്കപ്പെടും. അപ്പോള്‍ റസൂലുകളില്‍നിന്ന് തന്റെ സമുദായത്തെയുംകൊണ്ട് ആദ്യം (അതിനെ) വിട്ടുകടക്കുന്നവന്‍ ഞാനായിരിക്കുന്നതാണ്. അന്നേദിവസം റസൂലുകളല്ലാതെ ഒരാളും സംസാരിക്കുന്നതല്ല. അന്നേദിവസം റസൂലുകളടെ സംസാരം (ഇതായിരിക്കും): 'അല്ലാഹുവേ, രക്ഷപ്പെടുത്തേണമേ... രക്ഷപ്പെടുത്തേണമേ...' സഅ്ദാന്‍ ചെടിയുടെ മുള്ള് പോലെയുള്ള കൊളുത്തുകള്‍ നരകത്തിന് ഉണ്ടായിരിക്കുന്നതാണ്. സഅ്ദാന്റെ മുള്ള് നിങ്ങള്‍ കണ്ടിട്ടുണ്ടോ?' അവര്‍ പറഞ്ഞു: 'അതെ.' നബി ﷺ പറഞ്ഞു: 'എന്നാല്‍ അത് സഅ്ദാന്‍ മുള്ളിനെ പോലിരിക്കും. എന്നാല്‍ അതിന്റെ വലിപ്പത്തിന്റെ അളവ് അല്ലാഹുവിനല്ലാതെ അറിയുകയില്ല. ജനങ്ങളുടെ കര്‍മങ്ങള്‍ക്ക് അനുസരിച്ച് അത് (നരകത്തിലേക്ക്) റാഞ്ചി വലിക്കുന്നതാണ്...'' (ബുഖാരി).

നരകത്തിന് മുകളില്‍ സ്ഥാപിക്കപ്പെടുന്ന പാലമാണ് സ്വിറാത്വ്. അതിലൂടെയാണ് സ്വര്‍ഗത്തിലേക്ക് പോകേണ്ടത്. അന്ന് എല്ലാ നബിമാരും അവരുടെ ജനതയെയുമായി അതിലൂടെ പോകും. പാപികള്‍ നരകത്തില്‍ വീഴും. ആദ്യമായി മുഹമ്മദ് നബി ﷺ യായിരിക്കും അത് വിട്ടു കടക്കുക. അന്ന് പ്രവാചകന്മാരല്ലാതെ ഒരാളും സംസാരിക്കുകയില്ല. 'അല്ലാഹുവേ, രക്ഷിക്കണേ' എന്നായിരിക്കും അവര്‍ പോലും അന്നേരം പറയുന്നത്! സഅ്ദാന്‍ ചെടിയുടെ മുള്ള് പോലെയുള്ള കൊളുത്തുകള്‍ നരകത്തിന് ഉണ്ടായിരിക്കുന്നതാണ്. ആ പാലത്തിലൂടെ കടക്കുന്ന പാപികളെ ആ കൊളുത്തുകള്‍ കൊളുത്തുകയും നരകത്തിലേക്ക് അവരെ വലിച്ചിടുകയും ചെയ്യുന്നതാണ്. സഅ്ദാന്‍ ചെടിയുടെ മുള്ളിന്റെ വലിപ്പവും അത് തട്ടിയാലുള്ള നീറ്റലും പുകച്ചിലും അസ്വസ്ഥതയും സ്വഹാബികള്‍ക്ക് നല്ല പരിചയമുണ്ടായിരുന്നു. അതിനെക്കാളും ഭീകരമാണ് അതെന്നും അതിന്റെ വലിപ്പവും സ്വഭാവവും അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ല എന്നും നബി ﷺ സ്വഹാബത്തിനെ പഠിപ്പിക്കുന്നു. ആ കൊളുത്തുകള്‍ സ്വിറാത്വിലൂടെ പോകുന്നവരുടെ കര്‍മങ്ങള്‍ക്ക് അനുസരിച്ച് കൊളുത്തുകയും നരകത്തിലേക്ക് വീഴ്ത്തുകയും ചെയ്യുന്നതാണ്.

നരകത്തിന് മുകളില്‍ പാലമോ? അതിന്റെ മുകളില്‍ ഒരു പാലം ഉണ്ടായാല്‍ അത് കരിഞ്ഞുപോകില്ലേ? എങ്ങനെയാണ് അതിന് മുകളില്‍ അങ്ങനെയൊരു പാലം നില്‍ക്കുക? എങ്ങനെയാണ് അതിലൂടെ നടന്നുപോകുക? ഇങ്ങനെയെല്ലാം ചോദിച്ച് അല്ലാഹുവിന്റെ റസൂല്‍ ﷺ പഠിപ്പിച്ച ഇത്തരം അദൃശ്യമായ കാര്യങ്ങളെ പരിഹസിച്ചും നിഷേധിച്ചും കളവാക്കിയും പലരും കഴിഞ്ഞുപോയിട്ടുണ്ട്. ഇന്നും അവരുടെ വാദങ്ങളെ ഏറ്റുപിടിക്കുന്ന ആളുകളുണ്ട്.

(തുടരും)