ദുഃഖവര്‍ഷം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജൂൺ 26 1442 ദുല്‍ക്വഅ്ദ 16

(മുഹമ്മദ് നബി ﷺ 26)

ശത്രുക്കള്‍ അബൂത്വാലിബിനെ വശീകരിക്കാന്‍ ശ്രമിക്കുന്നു

നബി ﷺ യെ പറ്റി മക്കക്കാര്‍ പലതും പറഞ്ഞു പരത്തി. ആവുന്നത്ര ദ്രോഹിച്ചു. ബഹിഷ്‌കരണവും ഒറ്റപ്പെടുത്തലുമെല്ലാം പരീക്ഷിച്ചു. എല്ലാം പരാജയപ്പെടുകയാണ് ചെയ്തത്.

നബി ﷺ യില്‍ വിശ്വസിക്കുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ അധികരിക്കാന്‍ തുടങ്ങി. നബി ﷺ അക്കാലത്ത് അബൂത്വാലിബിന്റെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. അബൂത്വാലിബിനെ വശീകരിച്ചാല്‍ മുഹമ്മദിന്റെ തേരോട്ടത്തിന് വിലങ്ങിടാം എന്ന് അവര്‍ കരുതി. അങ്ങനെ അവര്‍ അബൂത്വാലിബിനെ സമീപിക്കുകയാണ്. അവര്‍ അദ്ദേഹത്തോട് പല കാര്യങ്ങളും പറഞ്ഞുനോക്കി. നിങ്ങള്‍ വളര്‍ത്തുന്ന നിങ്ങളുടെ ഈ മകന്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവനാണ്. കുടുംബങ്ങളെയും സുഹൃത്തുക്കളെയും പരസ്പരം ഭിന്നിപ്പിക്കുന്നവനാണ്. നമ്മുടെ ആരാധ്യരെ ചീത്ത വിളിക്കുന്നവനാണ്. ഈ നാട്ടില്‍ പല പ്രശ്‌നങ്ങള്‍ക്കും വിത്തുപാകിയവനാണ്. അതിനാല്‍ അവനോട് ഈ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ പറയണം എന്നിങ്ങനെ പല കളവുകളും രോഷത്തോടെയും ഗൗരവത്തോടെയും അബൂത്വാലിബിനോട് അവര്‍ (മക്കക്കാര്‍) സംഘമായി ചെന്ന് പറഞ്ഞു.

അബൂത്വാലിബ് നബി ﷺ യെ വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു: 'മോനേ, മക്കക്കാര്‍ ഇങ്ങനെയും ഇങ്ങനെയുമെല്ലാം പറയുന്നു. നീ അവരുടെ ആരാധ്യരെ ചീത്ത പറയുന്നെന്നും സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്നെന്നും ഭിന്നിപ്പിക്കുന്നുവെന്നുമെല്ലാമാണ് അവര്‍ പറയുന്നത്. അതിനാല്‍ നീ ഇത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ അവര്‍ക്ക് നിന്നെ വിട്ടുനല്‍കണമെന്നുമാണ് അവര്‍ എന്നോട് ആവശ്യപ്പെടുന്നത്.' നബി ﷺ അതിന് ശക്തമായ രൂപത്തില്‍ മറുപടി നല്‍കി: 'അല്ലാഹു എന്നെ ഏല്‍പിച്ചിട്ടുള്ള ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല.' ധീരമായ ആ മറുപടിക്ക് മുമ്പില്‍ അബൂത്വാലിബ് പോലും പതറുകയായിരുന്നു. 'നീ നിന്റെ മാര്‍ഗത്തിലൂടെ മുന്നോട്ട് നീങ്ങുക. ഞാന്‍ നിനക്ക് രക്ഷക്ക് ഉണ്ടാകും' എന്നേ അബൂത്വാലിബിന് മറുപടി പറയാന്‍ സാധിച്ചുള്ളൂ!

ഹംസ(റ), ഉമര്‍(റ) എന്നിവര്‍ ഇസ്‌ലാമിലേക്ക് വരുന്നു

 ശത്രുക്കളുടെ എല്ലാവിധത്തിലുള്ള എതിര്‍പ്പുകളും നിലനിന്നിരുന്ന കാലം. ശത്രുപാളയത്തില്‍നിന്ന് പലരും സത്യം മനസ്സിലാക്കി നബി ﷺ യില്‍ വിശ്വസിക്കാന്‍ തുടങ്ങി. ധീരന്മാരായ ഹംസ(റ), ഉമര്‍(റ) അടക്കം പലരും ഇസ്‌ലാമിലേക്ക് വന്നു. ഇൗ രണ്ടുപേരുടെയും ഇസ്‌ലാം സ്വീകരണം മുസ്‌ലിംകള്‍ക്ക് ഏറെ കരുത്ത് പകര്‍ന്നു. വിശ്വാസികള്‍ക്ക് എന്തെന്നില്ലാത്ത ഒരു വീര്യം വര്‍ധിച്ചു. മക്കയില്‍ ഇസ്‌ലാമിക പ്രബോധനം ഇവരുടെ ഇസ്‌ലാം ആശ്ലേഷണത്തോടെ ശക്തി പ്രാപിച്ചു. ഇസ്‌ലാമിന്റെ സന്ദേശം ഓരോ വീട്ടിലേക്കും എത്തിത്തുടങ്ങി. ശത്രുക്കള്‍ക്ക് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല.

ഉപരോധവും ബഹിഷ്‌കരണവും

അബൂത്വാലിബനെക്കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് അവര്‍ ശ്രമിച്ചു നോക്കിയല്ലോ. അത് ഫലിച്ചില്ല. അവസാനം മക്കക്കാര്‍ ഈ കുടുംബത്തിന് (ഹാശിം കുടുംബത്തിന്) മൊത്തത്തില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചു. അങ്ങനെ നബി ﷺ യുടെ കുടുംബക്കാരടക്കം വിശ്വാസികളും അല്ലാത്തവരുമെല്ലാം ശിഅ്ബ് അബീത്വാലിബ് താഴ്‌വരയില്‍ ഉപരോധിക്കപ്പെടുകയുണ്ടായി. വിവാഹബന്ധം വിച്ഛേദിച്ചു. ഭക്ഷ്യസാധനങ്ങള്‍ നല്‍കലും വില്‍ക്കല്‍-വാങ്ങലും നിര്‍ത്തലാക്കി. 'മുഹമ്മദിനെ ഞങ്ങള്‍ക്ക് വിട്ടുതരുന്നതുവരെ ഞങ്ങള്‍ ഈ ഉപരോധം തുടരും' എന്ന് അവര്‍ പ്രഖ്യാപിച്ചു. ഈ വിവരം മക്കക്കാരെ മുഴുവനും അറിയിക്കുന്നതിനായി കഅ്ബയില്‍ ഇത് എഴുതിത്തൂക്കി. അറിഞ്ഞവര്‍ അറിഞ്ഞവര്‍ ഈ തീരുമാനം നടപ്പില്‍വരുത്താന്‍ തുടങ്ങി. ക്വുൈറശികളുടെ ഈ ചെയ്തികള്‍ കണ്ടപ്പോള്‍ അബ്ദുമനാഫിന്റെ മക്കളായ ഹാശിമിന്റെയും മുത്ത്വലിബിന്റെയും മക്കള്‍ എല്ലാവരും അതിനെ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. അവര്‍ എല്ലാവരും നബി ﷺ ക്ക് പിന്തുണ പ്രഖ്യാപിച്ചു. അന്ന് അവരില്‍ വിശ്വസിച്ചവരും വിശ്വസിക്കാത്തവരും ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരും ശിഅ്ബ് അബീത്വാലിബിലേക്ക് പോയി.

ഏകദേശം മൂന്ന് കൊല്ലക്കാലം ഈ സ്ഥിതി തുടര്‍ന്നു. പച്ചിലകളും വെള്ളവും കുടിച്ച് ജീവിക്കേണ്ട അവസ്ഥയുണ്ടായി. ഈ ബഹിഷ്‌കരണമോ ഉപരോധമോ വിശ്വാസികളില്‍ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നു. എന്നാല്‍ പിന്നീട് ക്വുറൈശികളില്‍ ചിലര്‍ക്ക് തന്നെ പിന്നീട് മാനസാന്തരം സംഭവിക്കുകയാണ്. ഈ ബഹിഷ്‌കരണവും ഉപരോധവും നാം പിന്‍വലിക്കണം. എന്തിനാണ് ഈ പാവങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്ന ചോദ്യം ഉയര്‍ന്നുവരാന്‍ തുടങ്ങി. നമ്മുടെതന്നെ ബന്ധത്തിലുള്ള പലരും ആ കൂട്ടത്തില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെടുകയല്ലേ എന്ന് പരസ്പരം ചോദിച്ചു തുടങ്ങി. അല്ലാഹുവിന്റെ തീരുമാന പ്രകാരം അവര്‍ അതില്‍നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരായി. അവര്‍ എടുത്ത കരാറുകള്‍ മാറ്റി എഴുതേണ്ടി വന്നു. അങ്ങനെ ആ ഉപരോധം അവര്‍ പിന്‍വലിക്കുകയും ചെയ്തു.

ദുഃഖകരമായ രണ്ട് സംഭവങ്ങള്‍

ഉപരോധവും ബഹിഷ്‌കരണവും കഴിഞ്ഞ് പുറത്തുവന്ന നബി ﷺ യെ അങ്ങേയറ്റം വേദനിപ്പിച്ച രണ്ടു സംഭവങ്ങള്‍ ഉണ്ടായി. 'ദുഃഖവര്‍ഷം' എന്നാണ് ആ കൊല്ലം അറിയപ്പെട്ടത്.

നബി ﷺ യില്‍ വിശ്വസിച്ചിട്ടില്ലെങ്കിലും എല്ലാ ഘട്ടങ്ങളിലും അവിടുത്തേക്കു താങ്ങും തണലുമായി വര്‍ത്തിച്ച ആളാണ് പിതൃവ്യന്‍ അബൂത്വാലിബ്.

അബ്ബാസ് ഇബ്‌നു അബ്ദില്‍ മുത്ത്വലിബി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം നബി ﷺ നോട് ചോദിച്ചു: 'അങ്ങയുടെ പിതൃവ്യനെക്കുറിച്ച് അവിടുന്ന് എങ്ങനെ സംതൃപ്തനാകും? കാരണം, തീര്‍ച്ചയായും അദ്ദേഹം അങ്ങയെ സംരക്ഷിക്കുകയും അങ്ങേക്ക് വേണ്ടി കോപിച്ചവനുമല്ലേ?' നബി ﷺ പറഞ്ഞു: 'അദ്ദേഹം (അബൂത്വാലിബ്) നരകത്തിലെ ആഴം കുറഞ്ഞ സ്ഥലത്താകുന്നു. ഞാന്‍ ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം നരകത്തിലെ അടിത്തട്ടില്‍ ആകുമായിരുന്നു.'

എല്ലാ അര്‍ഥത്തിലും നബി ﷺ ക്ക് സംരക്ഷണം നല്‍കിയ പിതൃവ്യനായിരുന്നു അബൂത്വാലിബ്. നബി ﷺ ക്ക് വേണ്ടി മറ്റുള്ളവരോട് അദ്ദേഹം ദേഷ്യപ്പെട്ടിട്ടുണ്ട്. നബി ﷺ ക്ക് വേണ്ട സഹായങ്ങളെല്ലാം നല്‍കി വളര്‍ത്തിയ അബൂത്വാലിബിന്റെ വേര്‍പാട് നബി ﷺ ക്ക് അങ്ങേയറ്റത്തെ വിഷമം സൃഷ്ടിച്ചു.

നബി ﷺ യോട് ഇത്രയെല്ലാം അടുപ്പവും സ്‌നേഹവും കാണിച്ചിട്ടും അബൂത്വാലിബ് നബി ﷺ യില്‍ വിശ്വസിച്ചിട്ടില്ലായിരുന്നു. നബി ﷺ യുടെ മനസ്സില്‍ അത് എപ്പോഴും വലിയ സങ്കടമായി നീറിപ്പുകഞ്ഞിരുന്നു. ഒരിക്കല്‍ നബി ﷺ അബൂത്വാലിബിനോട് അതിനെപ്പറ്റി ചോദിക്കുകയുണ്ടായി:

'ഞാന്‍ ഉപദ്രവിക്കപ്പെടാതിരിക്കാന്‍ ക്വുൈറശികളെ അങ്ങ് തടയുകയും എന്നില്‍ വിശ്വസിക്കാന്‍ താങ്കള്‍ വിസമ്മതം കാണിക്കുകയുമാണല്ലോ.' അപ്പോള്‍ അബൂത്വാലിബ് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവാണെ സത്യം, നമ്മെ മണ്ണില്‍ വെക്കുന്നതുവരെ അവര്‍ എല്ലാവരും കൂടി നിന്നിലേക്ക് വരികയില്ല. അതിനാല്‍ നിന്നോട് കല്‍പിച്ചത് മുറുകെപിടിച്ച് നീ മുന്നോട്ടുപോകുകയും അതുമുഖേന നീ സന്തോഷവാര്‍ത്ത അറിയിക്കുകയും കണ്ണുകള്‍ക്ക് കുളിര്‍മ ലഭിക്കുകയും ചെയ്യട്ടെ. നീ എന്നെ ക്ഷണിക്കുകയും നീ എനിക്ക് ഗുണകാംക്ഷിയാണെന്ന് പറയുകയും ചെയ്യുന്നു. അതെ, തീര്‍ച്ചയായും നീ സത്യമാണ് പറയുന്നത്. മുമ്പ് നീ അല്‍അമീന്‍ ആയിരുന്നല്ലോ (വിളിക്കപ്പെട്ടിരുന്നത്). നീ (നിന്റെ) ദീന്‍ (എനിക്ക്) പ്രദര്‍ശിപ്പിക്കുകയുണ്ടായി. തീര്‍ച്ചയായും മതങ്ങളില്‍ ഏറ്റവും നല്ലമതം അതാണെന്ന് നിനക്ക് അറിയുകയും ചെയ്യാമല്ലോ. ആക്ഷേപങ്ങളും ചീത്തപറച്ചിലുകളും ഇല്ലായിരുന്നെങ്കില്‍ അതില്‍ വളരെ ധൃതിയില്‍ ഉറച്ച് വിശ്വസിക്കുന്നവനായി നിനക്ക് എന്നെ കാണാമായിരുന്നു.'

മുഹമ്മദ് നബി ﷺ പറയുന്നത് സത്യമാണെന്ന് അബൂത്വാലിബ് എത്രത്തോളം മനസ്സിലാക്കിയിരുന്നു എന്നത് ഈ വരികളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. അദ്ദേഹം അങ്ങനെയെല്ലാം പറഞ്ഞിട്ടും വളരെ നിസ്സാരമായ ഒരു കാരണത്താലാണ് നബി ﷺ വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്നത്. നബി ﷺ യുടെ കൂടെ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചതുകൊണ്ടോ, നബി ﷺ യെ കണ്ടതുകൊണ്ടോ ഒന്നും ഈമാന്‍ നുകരാന്‍ സാധിക്കണമെന്നില്ല. അതും അബൂത്വാലിബിന്റെ ജീവിതത്തില്‍നിന്ന് നമുക്ക് ലഭിക്കുന്ന ഒരു പാഠമാണ്. ഈമാന്‍ ഉള്‍ക്കൊള്ളുക എന്നത് അല്ലാഹുവില്‍നിന്നുള്ള ഒരു തൗഫീക്വാണല്ലോ. നാം എപ്പോഴും ശരിയായ ഈമാനില്‍ നിലനില്‍ക്കാന്‍ ശ്രമിക്കുകയും അതിനുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ഇത് ബോധ്യപ്പെടുത്തുന്നില്ലേ? സത്യം അറിഞ്ഞിട്ടും അതിനോട് കണ്ണടച്ച് ദേഹേച്ഛകളെ പിന്തുടരുന്ന എത്രയെത്ര ആളുകളുണ്ട്!

നബി ﷺ യെയും വിശ്വാസികളെയും കുടുംബക്കാരെയും മക്കക്കാര്‍ ഉപരോധിച്ച് ഏകദേശം ആറു മാസം ആയപ്പോഴേക്ക് അബൂത്വാലിബ് ക്ഷീണിക്കാന്‍ തുടങ്ങി. വലിയ പ്രായമുള്ള ആളായിരുന്നു അന്ന് അദ്ദേഹം. അങ്ങനെ അദ്ദേഹം രോഗിയായി. ആ രോഗം അദ്ദേഹത്തെ മരണത്തിലേക്ക് എത്തിച്ചു.

സുഹ്‌രി(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''എന്നോട് സഈദുബ്‌നുല്‍മുസ്വയ്യിബ് തന്റെ പിതാവില്‍നിന്ന് ഉദ്ധരിച്ച് പറഞ്ഞു: 'അബൂത്വാലിബിന് മരണം ആസന്നമായപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിന്റെ അടുത്ത് വന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ നബി ﷺ അബൂജഹ്‌ലിനെയും അബ്ദുല്ലാഹിബ്‌നു അബീ ഉമയ്യതുബ്‌നുല്‍ മുഗീറയെയും കാണുകയുണ്ടായി. അന്നേരം അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'പിതൃവ്യാ, ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം പറയൂ. എന്നാല്‍ അല്ലാഹുവിങ്കല്‍ അതു മുഖേന എനിക്ക് നിങ്ങള്‍ക്ക് വേണ്ടി സാക്ഷി നില്‍ക്കാമല്ലോ.' അബൂജഹ്‌ലും അബ്ദുല്ലയും (അപ്പോള്‍) പറഞ്ഞു: 'ഓ, അബൂത്വാലിബ്, അബ്ദുല്‍ മുത്ത്വലിബിന്റെ മാര്‍ഗത്തോട് താങ്കള്‍ വിമുഖത കാണിക്കുകയാണോ?' അങ്ങനെ അബൂത്വാലിബ് അബ്ദുല്‍ മുത്ത്വലിബിന്റെ മാര്‍ഗത്തില്‍തന്നെയാണെന്ന് അവസാനമായി അവരോട് പറയുന്നതുവരെ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിന് അത് (ശഹാദത്ത് കലിമ) ചൊല്ലിക്കൊടുത്തുകൊണ്ടിരുന്നു. അദ്ദേഹം 'ലാ ഇലാഹ ഇല്ലല്ലാഹു' എന്നു പറയാന്‍ വിസമ്മതം കാണിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'ഞാന്‍ താങ്കളെത്തൊട്ട് വിലക്കപ്പെടുന്നതുവരെ അല്ലാഹുവിനോട് താങ്കള്‍ക്കു വേണ്ടി പാപമോചനം തേടുന്നതാണ്.' അപ്പോള്‍ അല്ലാഹു (ഈ ക്വുര്‍ആന്‍ വചനം) ഇറക്കി: 'പ്രവാചകനോ വിശ്വസിച്ചവര്‍ക്കോ ബഹുദൈവ വിശ്വാസികള്‍ക്കായി പാപമോചനം തേടാവതല്ല' (9:113). അബൂത്വാലിബിന്റെ കാര്യത്തിലാണ് അല്ലാഹു (ഇത്) ഇറക്കിയത്. എന്നിട്ട് റസൂലിനോട് (അല്ലാഹു) പറഞ്ഞു: 'തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു' (28:56) (തഫ്‌സീറുത്ത്വബ്‌രി).

ഈ സംഭവം പ്രസിദ്ധരായ പല പണ്ഡിതന്മാരും ഉദ്ധരിച്ചിട്ടുണ്ട്. അബൂത്വാലിബിന് സത്യം ബോധ്യപ്പെട്ടിട്ടും ചങ്ങാതിമാരുടെ വെറുപ്പും അനിഷ്ടവും ലഭിക്കുന്നതിലെ വിഷമം കാരണമായി മരണസമയം വരെ അബ്ദുല്‍മുത്ത്വലിബിന്റെ മില്ലത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അവസാന സമയത്ത് മുഹമ്മദ് പറയുന്നത് കേട്ട് ആ മാര്‍ഗത്തെ ഒഴിവാക്കി എന്ന് പില്‍കാലത്ത് തന്നെപ്പറ്റി പറയുന്നത് ഓര്‍ത്തായിരുന്നു അബൂത്വാലിബ് നബി ﷺ യെ അനുസരിക്കാതെ പോയത്.

ലാ ഇലാഹ ഇല്ലല്ലാഹു എന്നതാണല്ലോ വിശ്വാസത്തിന്റെ കാതല്‍. അത് മനസ്സറിഞ്ഞ് ഉള്‍ക്കൊണ്ടവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്. അത് ആരുടെയെങ്കിലും അവസാന വചനമായാല്‍ അവന് സ്വര്‍ഗമുണ്ടെന്ന് അവിടുന്ന് സുവിശേഷം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നബി ﷺ അബൂത്വാലിബിന്റെ അവസാനസമയത്തും ഉപദേശിക്കാന്‍ തുനിഞ്ഞതും അല്ലാഹു തനിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതുവരെ അങ്ങേക്ക് വേണ്ടി അല്ലാഹുവിനോട് ഞാന്‍ പാപമോചനം തേടുമെന്ന് പറഞ്ഞതും അബൂത്വാലിബിനോട് നബി ﷺ ക്ക് ഉണ്ടായിരുന്ന അടങ്ങാത്ത സ്‌നേഹവും ഇഷ്ടവും കൊണ്ടായിരുന്നു. എന്നാല്‍ ബഹുദൈവ വിശ്വാസികളാണ് എന്ന് ബോധ്യമുണ്ടെങ്കില്‍ അവര്‍ക്കായി നബിയോ വിശ്വസിച്ചവരോ അല്ലാഹുവിനോട് പാപമോചനത്തിനായി ചോദിക്കരുത് എന്ന ആയത്ത് ആ സമയത്ത് അല്ലാഹു ഇറക്കുകയും ചെയ്തു. നബി ﷺ ക്ക് പോലും ഒരാളെ സന്മാര്‍ഗത്തിലാക്കാന്‍ കഴിയില്ല എന്ന് വ്യക്തം. അങ്ങനെ കഴിയുമായിരുന്നെങ്കില്‍ നബി ﷺ അബൂത്വാലിബിനെ ഹിദായത്തിലാക്കുമായിരുന്നു. അബൂത്വാലിബിനെ ഹിദായത്തിലായിക്കാണാന്‍ നബി ﷺ ഏറെ മോഹിച്ചിരുന്നു. ആ മോഹം നടന്നില്ല. അങ്ങനെ അബൂത്വാലിബ് സത്യനിഷേധിയായിട്ടാണ് മരണപ്പെട്ടത്.

അബൂത്വാലിബ് മുസ്‌ലിമാകാതെയാണ് മരണപ്പെട്ടതെങ്കിലും നരകത്തില്‍ ഏറ്റവും ചെറിയ ശിക്ഷ നല്‍കപ്പെടുന്നത് അബൂത്വാലിബിനായിരിക്കും. നരകത്തില്‍തന്നെയാണ് എന്നത് നാം മറക്കരുത്. നബി ﷺ ക്ക് വേണ്ട എല്ലാ സഹായ സഹകരണവും നല്‍കിയതിനാല്‍ അല്ലാഹു അദ്ദേഹത്തിന് മാത്രമായി ശിക്ഷയില്‍ ഒരു ഇളവ് നല്‍കുന്നതാണ്. അതില്ലായിരുന്നെങ്കില്‍ അദ്ദേഹം നരകത്തിലെ അടിത്തട്ടില്‍ പതിക്കുമായിരുന്നു. നരകത്തില്‍ ചെറിയ ശിക്ഷക്ക് അര്‍ഹനാകുന്ന അബൂത്വാലിബിന്റെ അവസ്ഥ തന്നെ ഭീതിയുളവാക്കുന്നതാണ്. തീയാലുള്ള ചെരുപ്പ് ധരിപ്പിക്കപ്പെടലാണ് ആ ശിക്ഷ. അത് ധരിക്കുമ്പോള്‍ അതിന്റെ ചൂടിന്റെ കാഠിന്യത്താല്‍ തലച്ചോറ് പോലും തിളക്കുന്നതാണ്!

ഏറെ താങ്ങും തണലുമായി വര്‍ത്തിച്ച തന്റെ പ്രിയപ്പെട്ട പിതൃവ്യന്റെ മരണം നബി ﷺ ക്ക് അങ്ങേയറ്റത്തെ ദുഃഖമാണ് ഉണ്ടാക്കിയത്. അേദ്ദഹത്തിന്റെ മരണശേഷം ക്വുറൈശികള്‍ നബി ﷺ ക്കെതിരിലുള്ള എതിര്‍പ്പുകളും ഉപദ്രവങ്ങളും വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തിന് ശേഷം നബി ﷺ യുടെ പ്രിയപത്‌നി, വിശ്വാസികളുടെ മാതാവ് ഖദീജഃ(റ)യും മരണപ്പെടുകയുണ്ടായി. നബി ﷺ യുടെ കൂടെ വിശ്വാസിനിയായി ജീവിച്ച, എല്ലാവിധ സഹായവും നല്‍കിയവരായിരുന്നു ഖദീജ(റ). നബി ﷺ തന്നെ അവരെപ്പറ്റി പറഞ്ഞത് നോക്കൂ:

''ജനങ്ങളെല്ലാവരും എന്നില്‍ അവിശ്വസിച്ചപ്പോള്‍ എന്നില്‍ വിശ്വസിച്ചവരാണ് അവര്‍. ജനങ്ങളെല്ലാവരും എന്നെ കളവാക്കിയപ്പോള്‍ എന്നെ സത്യപ്പെടുത്തിയവരാണ് അവര്‍. ജനങ്ങള്‍ എന്നെ തടഞ്ഞപ്പോള്‍ തന്റെ ധനത്തില്‍ പങ്കാളിയാക്കിയവരാണ് അവര്. അവരല്ലാത്ത ഭാര്യമാര്‍ സന്താനത്തെ തടഞ്ഞപ്പോള്‍ അവരിലൂടെയാണ് അല്ലാഹു എനിക്ക് സന്താനങ്ങളെ നല്‍കിയത്' (അഹ്മദ്).

ഖദീജ(റ)യുടെ മഹത്ത്വം അറിയിക്കുന്ന ഹദീഥുകള്‍ കാണാം:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''ജിബ്‌രീല്‍(റ) (ഒരിക്കല്‍) നബി ﷺ യുടെ അടുക്കല്‍ വന്നു, എന്നിട്ടു പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ഇതാ ഖദീജ, നിങ്ങളുടെ (അടുത്ത് ഇപ്പോള്‍) വരും. അവരുടെ അടുത്ത് ഒരു പാത്രമുണ്ട്. അതില്‍ (എന്തോ) കറിയോ അല്ലെങ്കില്‍ (എന്തോ) ഭക്ഷണമോ, അല്ലെങ്കില്‍ വെള്ളമോ ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍ ഖദീജ അങ്ങയുടെ അടുത്ത് എത്തിയാല്‍ അവരുടെ റബ്ബില്‍നിന്നും എന്നില്‍നിന്നുമുള്ള സലാം അവരോട് അവിടുന്ന് പറയുകയും സ്വര്‍ഗത്തില്‍ മുത്ത്-പവിഴത്താലുള്ള, ശബ്ദകോലാഹലമില്ലാത്ത, കഷ്ടപ്പാടില്ലാത്ത ഒരു വീടിനെ പറ്റി സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുക'' (ബുഖാരി).

അല്ലാഹുവില്‍നിന്നും ജിബ്‌രീലില്‍നിന്നും സലാം ലഭിച്ച മഹതിയാണ് ഖദീജ(റ). അവര്‍ക്കായി അല്ലാഹു സ്വര്‍ഗത്തില്‍ മഹത്തരമായ ഒരു ഭവനം ഒരുക്കിവെക്കുകയും ചെയ്തിട്ടുണ്ട്.

നബി ﷺ യെ അങ്ങേയറ്റം സ്‌നേഹിച്ച ഖദീജ(റ)യുടെ മരണംവരെ നബി ﷺ മറ്റൊരു വിവാഹത്തെ പറ്റി ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. അത്ര കടുത്ത സ്‌നേഹത്തിലും ബന്ധത്തിലുമായിരുന്നു അവരുടെ ജീവിതം. അവരുടെ മരണവും നബി ﷺ ക്ക് അങ്ങേയറ്റത്തെ പ്രയാസം ഉളവാക്കി.

നബി ﷺ യെ അക്രമിക്കുവാനും ദ്രോഹിക്കുവാനും ശത്രുക്കള്‍ മുന്നിട്ടിറങ്ങുമ്പോഴെല്ലാം ഒരു പ്രതിരോധം തീര്‍ത്ത ആളായിരുന്നു (വിശ്വാസിയായിരുന്നില്ലെങ്കിലും) അബൂത്വാലിബ്. അബൂത്വാലിബിന്റെ വിയോഗം ശത്രുക്കളുടെ മനസ്സുകളില്‍ അല്‍പം ധീരത ഉടലെടുക്കാന്‍ കാരണമായി. മുഹമ്മദിനെ പ്രതിരോധിക്കാനും സംരക്ഷിക്കാനും ഇനി ആളില്ലെന്ന വിചാരം അവരില്‍ ഉണ്ടാകാന്‍ തുടങ്ങി. അബൂത്വാലിബിന്റെ മരണത്തോടെ നബി ﷺ യെ അങ്ങേയറ്റം ദ്രോഹിക്കുവാനും പ്രയാസപ്പെടുത്തുവാനും അവിടുന്ന് നടത്തുന്ന ഇസ്‌ലാമിക പ്രബോധനത്തിന് തടസ്സം സൃഷ്ടിക്കുവാനും അവര്‍ വെമ്പല്‍കൊണ്ടു. അതിനായി അവര്‍ കച്ചകെട്ടിയിറങ്ങി.

തന്റെ പിതൃവ്യന്റെ വിയോഗം മുതലെടുത്ത് തനിക്കും അനുചരന്മാര്‍ക്കുമെതിരില്‍ ക്വുറൈശി മുശ്‌രിക്കുകള്‍ നടത്തുന്ന അക്രമ വാഴ്ചയില്‍ അവിടുന്ന് ഏറെ പ്രയാസപ്പെട്ടു. എന്നാലും നബി ﷺ പതറിയില്ല. സത്യമാര്‍ഗത്തില്‍ ഉറച്ചുനിന്നു. നബി ﷺ പുതിയ ഒരു ദൗത്യത്തിന് ഒരുങ്ങാന്‍ ഉദ്ദേശിക്കുകയാണ് ചെയ്തത്.

അക്രമികളായ ഈ മക്കക്കാരില്‍നിന്നും ഒന്നു മാറി, മറ്റൊരു പ്രദേശത്തേക്ക് ചെല്ലുകയും അവിടത്തുകാര്‍ക്ക് ഈ സന്ദേശം കൈമാറുകയും ചെയ്യുന്നതിനെപ്പറ്റി അവിടുന്ന് ചിന്തിച്ചു. അങ്ങനെ മക്കയില്‍നിന്നും ഏതാനും അകലെ സ്ഥിതിചെയ്യുന്ന ത്വാഇഫിലേക്ക് അവിടുന്ന് പുറപ്പെടാന്‍ തീരുമാനിച്ചു. മക്കക്കാരെ പോലെയാകില്ല ആ പ്രദേശത്തുകാര്‍ എന്നായിരുന്നു നബി ﷺ ത്വാഇഫുകാരെ സംബന്ധിച്ച് ചിന്തിച്ചത്. അവിടെ നബി ﷺ യുടെ കുടുംബക്കാര്‍ താമസിക്കുന്നുമുണ്ട്. പല പ്രമുഖന്മാരും വസിക്കുന്ന നാടുമാണ് ത്വാഇഫ്.

ത്വാഇഫില്‍ ചെന്ന് അല്ലാഹുവിനെ പറ്റിയും അവന്റെ ദീനിനെ പറ്റിയും മറ്റും പറഞ്ഞുകൊടുത്താല്‍ അവര്‍ സ്വീകരിച്ചേക്കാം എന്ന വലിയ ഒരു പ്രതീക്ഷ നബി ﷺ ക്ക് ഉണ്ടായിരുന്നു. അങ്ങനെ നബി ﷺ , തന്റെ വളര്‍ത്തുപുത്രനായ സയ്ദുബ്‌നു ഹാരിസ(റ)യെയും കൂട്ടി ത്വാഇഫിലേക്ക് നടന്നുപോയി എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. വാഹനപ്പുറത്ത് പോകുന്നത് കാണുമ്പോള്‍ നബി ﷺ രക്ഷപ്പെടുകയാണ് എന്ന് ശത്രുക്കള്‍ ചിന്തിച്ചാല്‍ യാത്രക്ക് അവര്‍ മുടക്കം സൃഷ്ടിക്കുമല്ലോ. അതിനാല്‍ ഒരു യാത്രക്കായുള്ള തയ്യാറെടുപ്പോ വാഹനമോ ആള്‍ബലമോ ഒന്നും കൂടാതെയായിരുന്നു നബി ﷺ യുടെ ത്വാഇഫിലേക്കുള്ള ആ യാത്ര. അവിടെയുള്ള സക്വീഫ് ഗോത്രത്തെ ലക്ഷ്യമാക്കിയും അവരിലെ പ്രമുഖരെ കണ്ട് ഇസ്‌ലാമിനെ അറിയിക്കണമെന്ന ലക്ഷ്യവുമായി പുറപ്പെട്ട നബി ﷺ ത്വാഇഫില്‍ എത്തി.