കരാറുകള്‍ പാലിക്കാനുള്ളതാണ്

അബൂതന്‍വീല്‍

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

ഒരു വിശ്വാസി അവന്‍ ഏറ്റെടുത്ത ഏത് ഉത്തരവാദിത്തവും പരിപൂര്‍ണമായി നിര്‍വഹിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരിക്കും. ഏറ്റെടുത്ത കരാര്‍ ഏതെങ്കിലും വിധേന പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍  അതിനുള്ള പ്രായച്ഛിത്തം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. കരാര്‍ ലംഘിക്കുന്നതിനെ വലിയ പാതകമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത്.

അല്ലാഹു പറയുന്നു: ''അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക്—വില്‍ക്കുന്നവരാരോ അവര്‍ക്ക്— പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട്—സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക്—വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക്‌വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്'' (ആലുഇംറാന്‍: 77).

മനുഷ്യന് പ്രകൃത്യാ ലഭിച്ച വിശേഷബുദ്ധിയും അവന്റെ കണ്‍മുന്നില്‍ കാണുന്ന പ്രകൃതി ദൃഷ്ടാന്തങ്ങളും അല്ലാഹുവിന്റെ അസ്തിത്വവും ഏകത്വവും ഗ്രഹിക്കാനും അംഗീകരിക്കാനും അവനെ ബാധ്യസ്ഥനാക്കുന്നു. പ്രവാചകന്മാര്‍ മുഖേനയും വേദഗ്രന്ഥങ്ങള്‍ വഴിയും മറ്റും ലഭിച്ച നിര്‍ദേശങ്ങളും കല്‍പനകളും പാലിക്കുക എന്നത് വിശ്വാസിയെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമാണ്. കൂടാതെ അല്ലാഹു മനുഷ്യനോട് ചേര്‍ക്കുവാന്‍ ആവശ്യപ്പെട്ട ബന്ധങ്ങള്‍ അഥവാ രക്തബന്ധം, കുടുംബബന്ധം, സ്‌നേഹ ബന്ധം, അയല്‍പക്ക ബന്ധം, സാമൂഹികബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങളും നിലനിര്‍ത്തല്‍ അവന്റെ ബാധ്യകതകളില്‍ ഉള്‍ക്കൊള്ളുന്നു. അങ്ങനെ അല്ലാഹുവിനോട് ഏറ്റിട്ടുള്ള ബാധ്യതകളൊന്നും നിറവേറ്റാതെ ഐഹിക ലാഭങ്ങള്‍ക്കായി അവയെല്ലാം വിസ്മരിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് പരലോകത്ത് യാതൊരു നന്മയും രക്ഷയും ലഭിക്കുകയില്ലെന്നും സ്‌നേഹത്തിന്റെയോ കാരുണ്യത്തിന്റെയോ മാപ്പിന്റെയോ കണിക പോലും അവര്‍ക്ക് ലഭിക്കുകയില്ലെന്നും അതികഠിനമായ ശിക്ഷ അവര്‍ അനുഭവിക്കേണ്ടിവരുമെന്നും അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നു.  

അനസ് ഇബ്‌നു നള്‌റി(റ)ന്റെ മഹിതമായ ജീവിതത്തില്‍ അല്ലാഹുവിനോടുള്ള കരാര്‍ പാലിക്കുന്നതില്‍ അദ്ദേഹം കാണിച്ച കണിശത നമുക്ക് ഉത്തമ മാതൃകയാണ്. ഉഹ്ദ് ദിനം ആഗതമായപ്പോള്‍ അദ്ദേഹത്തിന്റെ വാഗ്ദത്ത പൂര്‍ത്തീകരണത്തിന് മുസ്‌ലിംകള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി.

അനസ്ബിന്‍ മാലിക്(റ) ഉദ്ധരിക്കുന്നു: ''മുസ്‌ലിംകള്‍ ശത്രുക്കളുമായി യുദ്ധത്തലേര്‍പ്പെട്ട സവിശേഷമായ ബദ്ര്‍ യുദ്ധത്തില്‍ എന്റെ അമ്മാവന്‍ അനസ് ഇബ്‌നു നള്‌റി(റ)ന് പങ്കെടുക്കാന്‍ സാധിച്ചില്ല. ആ പ്രതിഫലവും സ്ഥാനവും നഷ്ടപ്പെട്ടതിലെ പ്രയാസങ്ങളും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു:''അല്ലാഹുവിന്റെ റസൂലേ! മുശ്‌രിക്കുകളോട് അങ്ങ് ആദ്യമായി ബദ്‌റില്‍ പോരാടിയപ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ ശത്രുക്കളുമായി പോരാടാനുള്ള ഒരു അവസരം എന്റെ ജീവിതത്തില്‍ നല്‍കുക യാണെങ്കില്‍ എപ്രകാരം അതു വിനിയോഗിക്കുമെന്ന് നിശ്ചയം, അല്ലാഹുവിന് ഞാന്‍ കാണിച്ചു കൊടുക്കും.''''

അങ്ങനെ അദ്ദേഹം ഉഹ്ദില്‍ പങ്കെടുത്തു. ഉഹ്ദ്‌യുദ്ധ വേളയില്‍, മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് വന്ന ഒരു പാളിച്ച മൂലം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായല്ലോ. പലരും പിന്തിരിഞ്ഞോടുകയും ആശയറ്റു പോവുകയും ചെയ്തു. അദ്ദേഹം അവരുടെ പ്രവൃത്തിയില്‍ മനസ്സുനൊന്ത് അല്ലാഹുവോട് പ്രാര്‍ഥിച്ചു: 'അല്ലാഹുവേ ഈ മുസ്‌ലിംകളുടെ പ്രവൃത്തിയില്‍ ഞാന്‍ നിന്നോടു ക്ഷമ യാചിക്കുന്നു, ഈ മുശ്‌രിക്കുകളുടെ പ്രവൃത്തിയില്‍ എന്റെ നിരപരാധിത്തം നിന്റെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.''''

തുടര്‍ന്ന് അദ്ദേഹം മുന്നോട്ടു നീങ്ങി.  വഴിയില്‍ അദ്ദേഹം സഅ്ദ് ബിന്‍ മുആദി(റ)നെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹത്തോട് പറയുകയാണ്: 'ഓ, സഅ്ദ് ബിന്‍ മുആദ്! നള്‌റിന്റെ നാഥനാണ് സത്യം! സ്വര്‍ഗത്തിന്റെ പരിമളം! ഉഹ്ദിന്റെ താഴ്‌വരയില്‍നിന്ന് സ്വര്‍ഗത്തിന്റെ നറുമണം ഞാനിതാ അനുഭവിക്കുകയാണ്.''''

തുടര്‍ന്ന് അദ്ദേഹം രണാങ്കണത്തില്‍ ശത്രുക്കളുമായി കഠിനമായി പോരാടുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വരിക്കുകയുമുണ്ടായി.

പിന്നീട് സഅ്ദ്(റ) പറയുന്നു:'''ഓ, അല്ലാഹുവിന്റെ ദൂതരേ! എനിക്ക് അദ്ദേഹം (അനസ് ഇബ്‌നു നള്ര്‍) ചെയ്തത് പോലെ ചെയ്യാനോ അദ്ദേഹം നേടിയത് നേടാനോ ആയില്ല! യുദ്ധം അവസാനിച്ചപ്പോള്‍ വാള്‍കൊണ്ടും കുന്തം കൊണ്ടുമെല്ലാം എണ്‍പതിലധികം മുറിവുകളേറ്റ നിലയില്‍ അദ്ദേഹത്തെ ഞങ്ങള്‍ കണ്ടെത്തി. അടിമുടി അംഗഭംഗമേറ്റിരുന്ന അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല; അവസാനം അദ്ദേഹത്തിന്റെ സഹോദരി അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പിലൂടെയാണ് തിരിച്ചറിഞ്ഞത്.''''

സൂറത്തുല്‍ അഹ്‌സാബിലെ ഈ സൂക്തം അദ്ദേഹത്തിന്റെയും അതുപോലുള്ളവരുടെയും കാര്യത്തില്‍ പ്രശംസിക്കപ്പെട്ടു അവതരിച്ചതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു: 'സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില ആളുകളുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല''(അഹ്‌സാബ്: 23).

മേല്‍പ്പറഞ്ഞ കരാര്‍ പാലനങ്ങളും ബന്ധങ്ങളും ബാധ്യതകളും കാത്തുസൂക്ഷിച്ചു പോന്ന വിശ്വാസകിളെ കുറിച്ച് സൂറതുര്‍റഅ്ദിലൂടെ അല്ലാഹു പറയുന്നത് ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ മനുഷ്യന് നല്‍കപ്പെട്ട ബുദ്ധിയും വിവേകവും വിജയകരമായി ഉപയോഗിച്ചവരെയും അല്ലാത്തവരെയും വേര്‍തിരിച്ച് കാണാം:

''അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെരക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍. തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്മയെ നന്മകൊണ്ട്തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം'' (റഅ്ദ് 20-22).

അല്ലാഹുവിനോടുള്ള കരാറുകളും സത്യസാക്ഷ്യവാക്യമനുസരിച്ചുള്ള ജീവിതവും ജനങ്ങളോടുള്ള കരാറുകളും വാഗ്ദാനങ്ങളുമെല്ലാം ഇതില്‍ പെടുന്നു.

തുടര്‍ന്ന് അവര്‍ക്ക് ലഭിക്കാനിരിക്കുന്ന സൗഭാഗ്യത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ''അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും അവരുടെ പിതാക്കളില്‍നിന്നും ഇണകളില്‍നിന്നും സന്തതികളില്‍നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്!'' (റഅദ്: 23,24).

എന്നാല്‍ കരാറുകള്‍ ലംഘിച്ചും ബന്ധങ്ങള്‍ വിഛേദിച്ചുമൊക്കെയാണ് ജീവിക്കുന്നതെങ്കില്‍ അവര്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് പാത്രമാകുന്നതാണ്. അല്ലാഹു പറയുന്നു:

''അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് ശാപം. അവര്‍ക്കാണ് ചീത്ത ഭവനം'' (റഅ്ദ്: 25).