പശ്ചാതാപത്തിന്റെ പ്രസക്തി

അബൂതന്‍വീല്‍

2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29
അനസി(റ)ല്‍നിന്ന് നിവേദനം: ''നബി ﷺ മരണാസന്നനായി കിടക്കുന്ന ഒരു യുവാവിന്റെ അടുക്കല്‍ ചെന്നു. അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചു: 'എങ്ങനെയുണ്ട്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവില്‍ എനിക്ക് പ്രതീക്ഷയുണ്ട്. അതെ, എന്റെ പാപങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ഭയവും തോന്നുന്നു.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'ഇത്തരമൊരവസരത്തില്‍ ഈ രണ്ട് വികാരങ്ങള്‍ ഒരാളുടെ മനസ്സില്‍ ഒരുമിച്ചുണ്ടായാല്‍ അല്ലാഹു അയാള്‍ പ്രതീക്ഷിക്കുന്നത് നല്‍കുകയും ഭയപ്പെടുന്നതില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യാതിരിക്കില്ല'' (തിര്‍മുദി, ഇബ്‌നുമാജ).

മനുഷ്യമനസ്സ് പ്രകൃത്യാ തിന്മകളോട് മൃദുസമീപനം പുലര്‍ത്തുന്നത് തന്നെയാണ്. അതിനാല്‍തന്നെ ചില സാഹചര്യങ്ങളില്‍ മനുഷ്യര്‍ തെറ്റുകള്‍ ചെയ്തുപോകും. ദേഹേച്ഛകള്‍ക്ക് അടിമപ്പെടാതെ, സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ അനുസിച്ച് മാത്രമെ എന്റെ ജീവിതം ഞാന്‍ ജീവിച്ചുതീര്‍ക്കുകയുള്ളൂ എന്ന് തീരുമാനിച്ച വ്യക്തിയിലും വാക്കിലോ പ്രവൃത്തിയിലോ തെറ്റുപറ്റിയേക്കാം. എന്നാല്‍ അതില്‍ പശ്ചാത്തപിക്കുന്ന മനസ്സിന്റെ ഉടമകള്‍ക്ക് രക്ഷയും അനുഗ്രഹങ്ങളും അല്ലാഹു നല്‍കുന്നതാണ്.

ചെയ്തുപോയ അബദ്ധങ്ങളെ ന്യായീകരിക്കുകയോ നിഷേധിക്കുകയോ ചെയ്താല്‍ ഒരുപക്ഷേ, താത്കാലിക വിജയം കണ്ടെത്താന്‍ സാധിച്ചേക്കാം. എന്നാല്‍ അത് ആ വ്യക്തിക്ക് അന്തിമവിജയം ലഭിക്കുന്നതിന് വിഘാതമായിരിക്കും. അഥവാ പാപം സംഭവിച്ചതിലുള്ള ഭയവും പശ്ചാത്താപ മനസ്സും ഇനി ഒരിക്കലും അതിലേക്ക് മടങ്ങില്ലെന്ന ബോധവും ഉള്ളതോടൊപ്പം അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ഒരാള്‍ക്ക് വിചാരണനാളില്‍ അല്ലാഹുവിന്റെ കാരുണ്യത്തിന് പാത്രമാവാന്‍ സാധിക്കുമെന്നാണ് പ്രവാചകാധ്യാപനങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

പാപക്കറകള്‍ മൂലം മനസ്സു മലിനമാവാതെ നിലനിര്‍ത്താന്‍കൂടിയാണ് വിവിധ ആരാധനാ കര്‍മങ്ങളെ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ദിവസവും അഞ്ചുനേരം നിര്‍വഹിക്കുന്ന നിര്‍ബന്ധ നമസ്‌കാരങ്ങള്‍, ആഴ്ചയിലൊരിക്കല്‍ ജുമുഅ, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനകള്‍ പാപങ്ങള്‍ പൊറുത്ത് തരാനും ആത്മശുദ്ധീകരണത്തിനുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

ഒരു നമസ്‌കാരം മുതല്‍ അടുത്ത നമസ്‌കാരം വരെ, ജുമുഅ മുതല്‍ അടുത്ത ജുമുഅവരെ, റമദാന്‍ മുതല്‍ അടുത്ത റമദാന്‍വരെ അതിനിടയില്‍ സംഭവിക്കുന്ന ചെറുപാപങ്ങള്‍ അല്ലാഹു പൊറുത്തുതരുമെന്ന് നബി ﷺ പറഞ്ഞതായി കാണാം. 'സല്‍പ്രവൃത്തികള്‍ തിന്മകള്‍ പൊറുക്കപ്പെടാന്‍' സഹായിക്കുന്നുവെന്ന് ക്വുര്‍ആന്‍ പറയുന്നതായും കാണാം.

എന്നാല്‍ വന്‍പാപങ്ങള്‍ ആരാധനാകര്‍മങ്ങള്‍കൊണ്ട് മാത്രം മായ്ക്കപ്പെടുകയില്ല. അവയില്‍നിന്നു ഖേദിച്ചു മടങ്ങല്‍ അനിവാര്യമാണ്. ശിഷ്ട ജീവിതത്തില്‍ അവ ആവര്‍ത്തിക്കുകയില്ലെന്ന് ആത്മാര്‍ഥമായി  തീരുമാനിക്കണം. വ്യക്തികളോടു ചെയ്ത തെറ്റുകള്‍ക്ക് അവരോട് മാപ്പുചോദിക്കുകയും റബ്ബിനോട് പൊറുത്തുതരാന്‍ പ്രാര്‍ഥിക്കുകയും വേണം. കടബാധ്യകള്‍ കഴിയുമെങ്കില്‍ കൊടുത്തു തീര്‍ക്കുകയോ പറഞ്ഞു പരിഹരിക്കുകയോ ചെയ്യണം. സകാത്ത് കൊടുക്കാന്‍ ബാധ്യതയുള്ളവര്‍ ഓരോ വര്‍ഷവും അത് കൊടുത്തുവീട്ടണം. നിശ്ചിത ആരാധനാ കര്‍മങ്ങള്‍ മാത്രമല്ല പാപമുക്തിക്കു കാരണമാകുന്നത്. തിന്മകളില്‍ നിന്ന് കരുതിക്കൂട്ടി വിട്ടുനില്‍ക്കുക, മറ്റുള്ളവര്‍ക്ക് ദ്രോഹകരമാകുന്ന പ്രവൃത്തികള്‍ ചെയ്യാതിരിക്കുക, ജനസേവനത്തില്‍ വ്യാപൃതരാവുക, പ്രാര്‍ഥനകളും പ്രകീര്‍ത്തനങ്ങളും വര്‍ധിപ്പിക്കുക തുടങ്ങിയ സല്‍ഗുണങ്ങളും പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണങ്ങളാണ്.

ഇതിനെല്ലാം പുറമെ കരുണാവാരിധിയായ അല്ലാഹു തന്റെ സൃഷ്ടികളോട് ഏറെ ദയാലുവാണെന്ന വസ്തുതയും ഏറെ പ്രതീക്ഷക്ക് വകയുള്ളതാണ്. അല്ലാഹു പറയുന്നു: ''നബിയേ, പറഞ്ഞുകൊടുക്കുക. സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (ക്വുര്‍ആന്‍ 39:53).

ഇത്രയൊക്കെ ഇളവുകളും ആനുകൂല്യങ്ങളും പ്രതീക്ഷകളും നല്‍കിയിട്ടും പുറംതിരിഞ്ഞ് ധിക്കാരത്തോടെ ജീവിക്കുന്നവര്‍ക്കാണ് അല്ലാഹു കഠിനമായ ശിക്ഷയൊരുക്കിയിരിക്കുന്നത്. ഈ ശിക്ഷയെയാണ് മനുഷ്യന്‍ ഭയപ്പെടേണ്ടത്.

എത്ര ധൃതിയില്‍ പോകുന്നവനായാലും ട്രാഫിക് ജംഗഷനില്‍ തെളിയുന്ന ലൈറ്റിന്റെ നിര്‍ദേശമനുസരിക്കാതെ യാത്ര തുടര്‍ന്നാല്‍ അതിനുള്ള പിഴ സര്‍വസാധാരണമാണല്ലോ. ഇതുപോലെ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് പ്രപഞ്ചനാഥന്റെ വിലക്കുകളുടെ സിഗ്‌നലുകള്‍ നല്‍കിയിട്ടുണ്ട്. മനുഷ്യന്റെ ഇഹലോക വിജയത്തിനും പരലോക മോക്ഷത്തിനുമായി പരിഗണിക്കേണ്ട കല്‍പനകളും നല്‍കിയിട്ടുണ്ട്.

ഇത്തരം നിര്‍ദേശങ്ങളും കല്‍പനകളും മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന അപാകതകള്‍ക്ക് പശ്ചാത്താപമാണ് പ്രതിവിധി. മനുഷ്യകുലത്തിന്റെ ആദ്യമാതാപിതാക്കളില്‍തന്നെ  തെറ്റു സംഭവിച്ചതും അതിലവര്‍ പശ്ചാത്തപിച്ചതും നമുക്ക് ഗുണപാഠം നല്‍കുന്ന സംഭവമാണ്.

''അവര്‍ ഇരുവരും (ആദമും ഹവ്വയും) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതന്നിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയാവരുടെ കൂട്ടത്തിലായിരിക്കും'' (ക്വുര്‍ആന്‍ 7:23).

യൂനുസ് നബി(അ) നീനവാ പ്രദേശത്ത് വളരെക്കാലം പ്രബോധനം ചെയ്തിട്ടും അന്നാട്ടുകാര്‍ അദ്ദേഹത്തില്‍ വിശ്വസിച്ചില്ല. അതില്‍ കോപിഷ്ഠനായി അദ്ദേഹം നാടുവിട്ടു. യാത്രാമധ്യെ കപ്പലില്‍നിന്നും അദ്ദേഹം കടലിലേക്ക് എറിയപ്പെട്ടു. അദ്ദേഹത്തിന് തന്റെ തെറ്റ് ബോധ്യപ്പെട്ടു. അദ്ദേഹം കുറ്റം ഏറ്റുപറഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.

''ദുന്നൂനിനെ(യൂനുസിനെ)യും ഓര്‍ക്കുക. അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം വിചാരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്നും അദ്ദേഹം വിളിച്ചു: നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോയിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അങ്ങനെയാണ് നാം രക്ഷിക്കുക'' (ക്വുര്‍ആന്‍ 21:87,88).

നബി ﷺ പറഞ്ഞു: ''തീര്‍ച്ചയായും ഒരുസത്യവിശ്വാസി തന്റെ പാപങ്ങളെ കാണുന്നത് തന്റെ മേല്‍ വീഴുമെന്ന് ഭയപ്പെടുന്ന ഒരു മലയുടെ താഴെ ഇരിക്കുന്ന ആളുടെ മനോഭാവത്തോടെയായിരിക്കും. എന്നാല്‍, ദുര്‍മാര്‍ഗി തന്റെ പാപങ്ങളെ മൂക്കിന്നടുത്തുകൂടി പാറിനടക്കുന്ന ഒരീച്ചയെപ്പോലെ നസ്സാരമായിട്ടേ കാണൂ...'' (ബുഖാരി 6308).

ചുരുക്കത്തില്‍ ചെയ്തു പോയ പാപത്തെയോര്‍ത്ത് ദുഃഖിക്കുകയും അതില്‍ അല്ലാഹുവിനെ ഭയപ്പെടുകയും പൊറുത്ത് കിട്ടുന്നതിനുവേണ്ടി അവനോട് അര്‍ഥിക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ നല്ലൊരു ദാസന്റെ അടയാളമാണ്. അവര്‍ക്ക് വിജയം പ്രതീക്ഷിക്കാം.