ഇഹപര വിജയത്തിനായി ഒരു പ്രാര്‍ഥന

അബൂഫായിദ

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17
അബൂഹുറയ്‌റ(റ) നിവേദനം; നബിﷺ ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ''അല്ലാഹുവേ, എന്റെ കാര്യത്തിന്റെ സംരക്ഷണമായ എന്റെ ദീനിനെ എനിക്കു നീ നന്നാക്കിത്തരേണമേ. എന്റെ ഇഹലോകം എനിക്കു നീ നന്നാക്കിത്തരേണമേ; അതിലാണ് എന്റെ ഉപജീവനം. എന്റെ മടക്കസ്ഥലമായ പരലോകത്തെ എനിക്കു നീ നന്നാക്കിത്തരേണമേ. എന്റെ ജീവിതത്തെ എനിക്കു നീ എല്ലാ നന്മയും അധികരിച്ചതാക്കിത്തരേണമേ. മരണത്തെ എല്ലാ തിന്മയില്‍നിന്നുമുള്ള ആശ്വാസമാക്കി എനിക്കു നീ നല്‍കേണമേ'' (മുസ്‌ലിം).

ഇഹപര വിജയത്തിനായുള്ള ഒരു പ്രാര്‍ഥനയാണിത്. നാമമാത്ര മതവിശ്വാസിയായി ജീവിച്ചാല്‍ പോരാ, ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസകാര്യങ്ങളും കര്‍മപരവും സ്വഭാവപരവുമായ കാര്യങ്ങളുമെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കുവാന്‍ സാധിക്കണം. 'എന്റെ ദീനിനെ എനിക്കു നീ നന്നാക്കിത്തരേണമേ' എന്നു പറയുന്നതിന്റെ ഉദ്ദേശ്യം എന്റെ ജീവിതത്തിന്റെ നിഖിലമേഖലകളിലും മതത്തിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ എന്നാണ്.

ഇഹലോകമില്ലാതെ പരലോകമില്ല. പരലോക വിജയം നേടാനുള്ള കൃഷിസ്ഥലമാണ് ഇഹലോകം. സത്യവിശ്വാസവും സല്‍കര്‍മങ്ങളുമാണ് കൃഷി. അതിന്റെ ഫലം പരിപൂര്‍ണമായി ലഭിക്കുക പരലോകത്താണ്. ഇഹലോകത്ത് അനുവദനീയമായ സുഖങ്ങള്‍ ആസ്വദിക്കാം. ഉപജീവനമാര്‍ഗം തേടാം. ധനം സമ്പാദിക്കാം.

ഇഹലോകത്തും പരലോകത്തും നന്മ ലഭിക്കുവാന്‍ പ്രാര്‍ഥിക്കുന്നത് സത്യവിശ്വാസികളുടെ ഗുണമാണ്. അല്ലാഹു പറയുന്നു: ''മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്'' (ക്വുര്‍ആന്‍ 2:201).

മനുഷ്യരില്‍ ആരും മരണത്തിന് അതീതരല്ല. അലാഹു പറയുന്നു: ''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയംനേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'' (3:185).

എല്ലാവരും മരിക്കും; അഥവാ പരലോകത്തേക്ക് മടക്കപ്പെടും. ആ പരലോകം നന്നാക്കിത്തരണേ എന്നാണ് അടുത്ത പ്രാര്‍ഥന. പരലോകം നന്നാവുക എന്നു പറഞ്ഞാല്‍ പരലോകജീവിതം നന്നാവുക എന്നാണ്. സ്വര്‍ഗം ലഭിക്കുക എന്ന് താല്‍പര്യം. അതാണ് ആത്യന്തികവിജയം.

ഈ ജീവിതം ഒരു പരീക്ഷണമാണ്. പൈശാചിക ദുര്‍ബോധനങ്ങളെ അതിജീവിച്ച് അല്ലാഹുവിനെയും പ്രവാചകനെയും അനുസരിച്ച് ജീവിക്കുന്നവര്‍ ഈ പരീക്ഷണത്തില്‍ വിജയിക്കും. നന്മകൊണ്ടും തിന്മകൊണ്ടും ഇവിടെ പരീക്ഷിക്കപ്പെടും. അതിനാല്‍ നന്മകള്‍ അധികരിച്ചതായി ഇഹലോകജീവിതം മാറുവാന്‍ സ്രഷ്ടാവിനോട് തേടണം.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം മരണം ഒരു ആശ്വാസമാണ്. അവര്‍ണനീയമായ സ്വര്‍ഗലോകത്തേക്കുള്ള മടക്കമാണ്. തിന്മകള്‍ നിറഞ്ഞ ഇഹലോകത്തുനിന്നുള്ള ആ മടക്കം ആശ്വാസത്തിന്റെതാകണമെങ്കില്‍ വിശ്വാസവും കര്‍മങ്ങളും നന്നാക്കണം. അതിനായി സ്രഷ്ടാവിനോട് മനമുരുകി പ്രാര്‍ഥിക്കണം.