കുടുംബബന്ധം ചേര്‍ക്കുന്നതിന്റെ നേട്ടങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

2021 ആഗസ്ത് 21 1442 മുഹര്‍റം 12
അനസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''ആര്‍ക്കെങ്കിലും തന്റെ ഉപജീവനത്തില്‍ വിശാലത ഉണ്ടാകണമെന്നും തന്റെ ആയുസ്സ് ദീര്‍ഘിപ്പിക്കപ്പെടമെന്നും താല്‍പര്യമുണ്ടെങ്കില്‍ അവന്‍ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ'' (ബുഖാരി)

ഈ ഹദീഥില്‍ പറഞ്ഞ ആയുസ്സിന്റെ വര്‍ധനവ്, ഉപജീവനത്തിന്റെ വിശാലത എന്നിവയുടെ ആശയത്തെക്കുറിച്ച് പണ്ഡിതന്മാര്‍ പറഞ്ഞത് താഴെ പറയും പ്രകാരമാകുന്നു: 1) വര്‍ധനവ്‌കൊണ്ടുള്ള ഉദ്ദേശെമന്താണെന്നാല്‍; കുടുംബബന്ധം ചേര്‍ക്കുന്നവന്റെ ആയുസ്സില്‍ അല്ലാഹു അനുഗ്രഹം ചൊരിയുകയും അവന് ശാരീരികവും മാനസികവുമായ ശക്തിയും തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ഇച്ഛാശക്തിയും നല്‍കി അവന്റെ ജീവിതം സുഖസുന്ദരമാക്കിത്തീര്‍ക്കുകയും ചെയ്യും. 2) വര്‍ധനവ് അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ തന്നെ: അപ്പോള്‍ കുടുംബബന്ധം ചേര്‍ക്കുന്നവന് അവന്റെ ആയുസ്സ് അല്ലാഹു വര്‍ധിപ്പിക്കുകയും അവന്റെ ഉപജീവനത്തില്‍ സുഭിക്ഷത നല്‍കുകയും ചെയ്യുമെന്ന് സാരം.

''ആരോഗ്യവും ശുദ്ധവായുവും നല്ലഭക്ഷണവും മാനസിക സന്തോഷവും ആയുര്‍ദൈര്‍ഘ്യന്റെ കാരണമാണ്. അതുപോലെത്തന്നെ കുടുംബബന്ധം ചേര്‍ക്കലിനെ ആയുര്‍ദൈര്‍ഘ്യത്തിന്റെ ദൈവികമായ ഒരു കാരണമായി നിശ്ചയിച്ചിരിക്കുകയാണ്. അഥവാ ഇഹലോകത്ത് ഇഷ്ടപ്പെട്ടത് കൈവരിക്കാനുള്ള കാരണങ്ങള്‍ രണ്ടാകുന്നു: ഒന്ന്) പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ പെട്ടതും ബുദ്ധിക്ക് മനസ്സിലാകുന്നതുമായവ. രണ്ട്) ദൈവികമായവ. ലോകത്ത് നടക്കുന്ന സര്‍വകാര്യങ്ങളുടെയും കാണങ്ങളുടെയും ഉടമസ്ഥനും തന്റെ ഇച്ഛപോലെ എല്ലാം നടത്തുന്നവനുമായ എല്ലാറ്റിനും കഴിവുള്ള ദൈവം കണക്കാക്കിയ കാര്യങ്ങള്‍'' (ബഹ്ജതു ക്വുലൂബില്‍ അബ്‌റാര്‍-ഇബ്‌നു സഅദി, പേജ് 74,75).

എന്നാല്‍ ഇക്കാര്യത്തില്‍ ചിലര്‍ക്ക് സംശയങ്ങളുണ്ട്. അവര്‍ പറയുന്നു: ''ഭക്ഷണം തീരുമാനിക്കപ്പെട്ടതും ആയുസ്സ് നിര്‍ണയിക്കപ്പെട്ടതുമാണെങ്കില്‍  'ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴികനേരം വൈകിക്കുകയോ നേരത്തെയാക്കുകയോ ഇല്ല' (അഅ്‌റാഫ് 34) എന്ന ക്വുര്‍ആന്‍ വചനത്തിന്റെ ആശയമെന്ത്? ഈ ആയത്തിനെയും മുന്‍ചൊന്ന ഹദീഥിനെയും എങ്ങനെ സംയോജിപ്പിക്കും?''

അതിനുള്ള മറുപടി ഇതാണ്: വിധി എന്നത് രണ്ടുതരമാണ്. ഒന്നാമത്തേത് സഥിരീകരിക്കപ്പെട്ടത് അഥവാ നിരുപാധികമായത്. അത് ഉമ്മുല്‍ കിതാബില്‍ (ലൗഹുല്‍ മഹ്ഫൂദില്‍) ഉള്ളതാകുന്നു. അതിന് മാറ്റമില്ല. രണ്ടാമത്തേത് സോപാധികമായത്. അത് മലക്കുകളുടെ ഏടുകളിലുള്ളതാണ്. മാറ്റത്തിരുത്തലുകള്‍ അതിലാണുള്ളത്; അഥവാ സംഭവിക്കുന്നത്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറഞ്ഞിരിക്കുന്നു: ''അവധി രണ്ടുതരമാകുന്നു. 1) അല്ലാഹുവിന്റെ അറിവില്‍ മാത്രം പെട്ടതും നിരുപാധികമായതും. 2) സോപാധികമായത്. അതാണ് താഴെ വരുന്ന പ്രവാചക വചനം വ്യക്തമാക്കുന്നത്: ''തന്റെ ഭക്ഷണത്തില്‍ വിശാലത നല്‍കപ്പെടുന്നതും അവധി നീട്ടികിട്ടുന്നതും ആരെയെങ്കിലും സന്തോഷിപ്പുക്കുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബബന്ധം ചേര്‍ത്തിക്കൊള്ളട്ടെ.''

അവന് അവധി എഴുതിവെക്കാന്‍ അല്ലാഹു മലക്കിനോട് കല്‍പിച്ചിരിക്കുന്നു. അല്ലാഹു ഇപ്രകാരം പറയുകയും ചെയ്യുന്നു: ''അവന്‍ കുടുംബബന്ധം ചേര്‍ക്കുന്നവനാണെങ്കില്‍ അവന് ഞാന്‍ ഇന്നിന്ന പ്രകാരം വര്‍ധിപ്പിച്ചുകൊടുത്തിട്ടുണ്ട്.' വര്‍ധിപ്പിച്ചുവോ ഇല്ലയോ എന്ന് മലക്ക് അറിയുകയില്ല. എന്നാല്‍ അവന്റെ അവധി എന്നാണെന്ന് അല്ലാഹുവിന് അറിയാം. അത് എത്തിക്കഴിഞ്ഞാല്‍ പിന്നീട് മുന്തിക്കപ്പെടുകയോ പിന്തിക്കപ്പെടുകയോ ഇല്ല'' (മജ്മൂഉല്‍ ഫതാവാ: 8/517). ഭക്ഷണത്തെക്കുറിച്ച് അത് വര്‍ധിക്കുമോ കുറയുമോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇബ്‌നുതൈമിയ പറഞ്ഞു: ''ഭക്ഷണം രണ്ട് തരമാണ്. 1) അവന് ഭക്ഷണമായി നല്‍കുമെന്ന് അല്ലാഹു മാത്രം അറിഞ്ഞത്. അതിന് മാറ്റമില്ല. 2) അവന്‍ എഴുതിവെച്ച് മലക്കുകളെ അറിയിച്ചത്. ഇത് കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുകയും കുറയുകയും ചെയ്യും'' (മജ്മൂഉല്‍ ഫതാവാ: 8/540).