സുസമ്മതനായ മധ്യസ്ഥന്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03

(മുഹമ്മദ് നബി ﷺ , ഭാഗം 3)

ആര്‍ക്കിടയിലും പ്രശ്‌നമുണ്ടായാല്‍ മധ്യസ്ഥനായി എല്ലാവരും തെരഞ്ഞെടുക്കാറ് മുഹമ്മദ് നബി ﷺ യെയായിരുന്നു. നബി ﷺ യുടെ 35ാമത്തെ വയസ്സില്‍ കഅ്ബ പുതുക്കിപ്പണിയാന്‍ മക്കക്കാര്‍ തീരുമാനിച്ചു. മുമ്പുണ്ടായ വെള്ളപ്പൊക്കവും തീപിടുത്തവും കാരണം കഅ്ബക്ക് ബലക്ഷയം സംഭവിച്ചിരുന്നു. അതിനാലാണ് അത് പുതുക്കിപ്പണിയാന്‍ അവര്‍ തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുമ്പ് നാം വിവരിച്ചതാണ്.

കഅ്ബയുടെ പുനര്‍നിര്‍മാണം അവസാനിക്കാറായപ്പോള്‍ അവര്‍ക്കിടയില്‍ ഒരു തര്‍ക്കം ഉണ്ടായി. കഅ്ബയില്‍ പണ്ടുമുതലേയുള്ള പവിത്രമായ ഹജറുല്‍അസ്‌വദ് യഥാസ്ഥാനത്ത് ആര് വെക്കണം എന്ന വിഷയത്തില്‍ അറബി ഗോത്രക്കാര്‍ക്കിടയില്‍ വലിയ തര്‍ക്കവും വാഗ്വാദങ്ങളും ഉണ്ടായി. ഒരു വലിയ യുദ്ധത്തിലേക്ക് പ്രശ്‌നം എത്തുന്ന സാഹചര്യം ഉണ്ടായി. ആ കല്ല് അതിന്റെ സ്ഥാനത്തേക്ക് വെക്കുന്നവര്‍ക്ക് അവര്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ആ സ്ഥാനം ലഭിക്കാന്‍ വേണ്ടിയാണ് ഓരോ ഗോത്രക്കാരും അതിനുവേണ്ടി തര്‍ക്കിക്കുന്നതും അവകാശവാദം ഉന്നയിക്കുന്നതും. പല അഭിപ്രായങ്ങളും ഉണ്ടായി. ഇനി ആദ്യമായി ആരാണോ ഇവിടേക്ക് വരുന്നത് അവരുടെ തീരുമാനം നടപ്പിലാക്കാം എന്ന അഭിപ്രായത്തെ എല്ലാവരും സ്വീകരിച്ചു.

അല്ലാഹുവിന്റെ മഹത്തായ തീരുമാന പ്രകാരം അവിടേക്ക് ആദ്യം വന്നത് മുഹമ്മദ് നബി ﷺ യായിരുന്നു. നബി ﷺ യെ കണ്ടമാത്രയില്‍ അവര്‍ പറഞ്ഞു: 'വിശ്വസ്തന്‍ വന്നു... മുഹമ്മദേ, നിന്നില്‍ ഞങ്ങള്‍ തൃപ്തരാകുന്നു.' നീതിയോടെ നബി ﷺ ആ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. നബി ﷺ അവരോട് വലിയ ഒരു വിരിപ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അതില്‍ ആ കല്ല് വച്ചു. പിന്നീട് എല്ലാ ഗോത്രക്കാരുടെയും പ്രതിനിധികളോട് തുണിയുടെ അറ്റങ്ങളില്‍ പിടിക്കാന്‍ പറഞ്ഞു. ശേഷം എല്ലാവരോടും അത് വെക്കേണ്ട സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. അവര്‍ ഉയര്‍ത്തി. നബി ﷺ വിരിയില്‍നിന്നും കല്ലെടുത്ത് അതിന്റെ സ്ഥാനത്ത്‌വച്ചു. അതോടെ ആ പ്രശ്‌നം അവിടെ അവസാനിച്ചു. എല്ലാവര്‍ക്കും സന്തോഷമായി. ആര്‍ക്കും പ്രത്യേകം തര്‍ക്കിക്കാന്‍ ഇടയില്ലാത്ത വിധം, എന്നാല്‍ എല്ലാ ഗോത്രക്കാര്‍ക്കും അതിനുള്ള അവസരം ലഭിക്കത്തക്ക രൂപത്തിലുമായിരുന്നു നബി ﷺ യുടെ ബുദ്ധിപരമായ ഇടപെടല്‍. പവിത്രമായ ആ കല്ല്, പവിത്രമായ കരങ്ങളാല്‍ അതിന്റെ സ്ഥാനത്ത് സ്ഥാപിക്കപ്പെടുകയും ചെയ്തു.

നല്ലകാര്യങ്ങളില്‍ പങ്കാളി

നാട്ടിലെ തിന്മകളോട് നബി ﷺ യുടെ സമീപനം എന്തായിരുന്നു എന്നത് നാം മനസ്സിലാക്കി. നാട്ടിലെ ഏത് നല്ല കാര്യങ്ങളിലും അവിടുത്തെ സാന്നിധ്യം ഉണ്ടായിരുന്നു. നല്ല സഖ്യങ്ങളിലും എഴുത്തുകള്‍ കൈമാറുന്നതിലും ചര്‍ച്ചകളിലും കരാറുകളിലും അവിടുന്ന് സഹകരിച്ചിരുന്നു. മര്‍ദിതര്‍ക്കുവേണ്ടി ഒരുമിക്കണമെന്നും മര്‍ദകന്മാരുടെ പിടിയില്‍നിന്ന് അവര്‍ക്ക് രക്ഷ ലഭിക്കണമെന്നുമുള്ള ലക്ഷ്യത്തോടെവിവിധ ഗോത്രത്തലവന്മാര്‍ സഖ്യകരാറില്‍ ഒപ്പിട്ടപ്പോള്‍ നബി ﷺ യുടെ സാന്നിധ്യവും അതില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കിടയിലെ വൃത്തികെട്ട ഒരു ആഘോഷത്തിലും അവിടുന്ന് പങ്കെടുത്തിരുന്നില്ല.

ഇബ്‌റാഹീം നബി(അ)യും മക്കക്കാരും

മക്കക്കാര്‍, തങ്ങള്‍ ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശത്തിലാണെന്ന് അവകാശപ്പെടുന്നവരായിരുന്നു. അവര്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനവും സ്‌നേഹവും അദ്ദേഹത്തെ ആരാധിക്കുന്നതിലേക്ക് വഴിമാറി. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനായി ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും മക്കയില്‍ നിര്‍മിച്ച കഅ്ബയില്‍ അവരുടേത് അടക്കമുള്ള വിഗ്രഹങ്ങള്‍ അവര്‍ നാട്ടി. ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശത്തിന് വിരുദ്ധമായി അവര്‍ ജീവിക്കുകയും ചെയ്തു.

ഇബ്‌റാഹീം(അ) മക്കയില്‍ പ്രചരിപ്പിച്ച യഥാര്‍ഥ വിശ്വാസം അണഞ്ഞുപോകാത്ത വിധത്തില്‍ അതനുസരിച്ച് ജീവിച്ചിരുന്ന ഒറ്റപ്പെട്ട ചിലരെങ്കിലും മക്കയില്‍ ഉണ്ടായിരുന്നു. വറക്വതുബ്‌നു നൗഫല്‍, സയ്ദുബ്‌നു നുഫയ്ല്‍ പോലുള്ളവര്‍ അവരില്‍ പെട്ടവരാണ്. ഇതുപോലുള്ള ആളുകളില്‍നിന്ന് ഇബ്‌റാഹീം നബി(അ)യുടെ പാരമ്പര്യത്തെ പറ്റി പഠിച്ചും കേട്ടും അറിഞ്ഞത് പ്രകാരം നബി ﷺ യും വളര്‍ന്നു.

നബി ﷺ യുടെ വിവാഹം

നബി ﷺ മക്കക്കാരുടെ കൂടെ കച്ചവടത്തിനായി പല ഭാഗങ്ങളിലേക്കും യാത്ര പോകാറുണ്ടായിരുന്നു എന്ന് നാം വിവരിച്ചിരുന്നുവല്ലോ. മക്കയിലെ വര്‍ത്തകപ്രമുഖയും സമ്പന്നയും വലിയ ഗോത്രമഹിമയുള്ളവരും സദ്‌വൃത്തയുമായ ഖദീജ(റ) തന്റെ കച്ചവടച്ചരക്കുകളുമായി ആളുകളെ സിറിയയിലേക്ക് അയക്കാറുണ്ടായിരുന്നു. ആ കാലത്ത് നബി ﷺ യുടെ സത്യസന്ധതയും വിശ്വസ്തതയും മക്കയില്‍ പരസ്യമായിരുന്നു. ഖദീജ(റ)യും നബി ﷺ യുടെ ഈ സ്വഭാവമഹിമ മനസ്സിലാക്കി. സാധാരണ ഒരാളെ ഏല്‍പിക്കുന്നതിനെക്കാള്‍ വലിയ കച്ചവടച്ചരക്കുകള്‍ നബി ﷺ യെ ഏല്‍പിച്ച് ശാമിലേക്ക് പറഞ്ഞയച്ചു. ഈ കാലത്തൊന്നും മുഹമ്മദ് ﷺ പ്രവാചകനായിരുന്നില്ലെന്നത് നാം മറന്നുപോകരുത്.

മയ്‌സറ എന്ന് പേരുള്ള ഒരു ഭൃത്യന്‍ ഖദീജ(റ)ക്ക് ഉണ്ടായിരുന്നു. മയ്‌സറയെയും ശാമിലേക്ക് പറഞ്ഞയക്കുന്നവരുടെ കൂടെ അവര്‍ അയക്കാറുണ്ടായിരുന്നു. നബി ﷺ യുടെ കൂടെയും ഈ ഭൃത്യന്‍ ഉണ്ടായിരുന്നു. കച്ചവടം കഴിഞ്ഞ് വമ്പിച്ച ലാഭവുമായി ഇരുവരും ശാമില്‍ (ഇന്നത്തെ സിറിയയില്‍) നിന്ന് മടങ്ങി. ഖദീജ(റ)യുടെ മനസ്സില്‍ അത് ഏറെ സന്തോഷമുണ്ടാക്കി. കൂടാതെ, ഭൃത്യന്‍ മയ്‌സറയില്‍നിന്നും; യാത്രക്കിടയില്‍ മുഹമ്മദി ﷺ ല്‍നിന്നുണ്ടായ നല്ല അനുഭവങ്ങളും അദ്ദേഹത്തിന്റെ സത്യസന്ധത, വിശ്വസ്തത, മറ്റു സദ്ഗുണങ്ങള്‍ എന്നിവയെക്കുറിച്ചുമെല്ലാം കേട്ടപ്പോള്‍ ഖദീജ(റ)യുടെ മനസ്സില്‍ സന്തോഷം വാനോളം ഉയര്‍ന്നു.

ഖദീജ(റ)ക്ക് നബി ﷺ യെ വിവാഹം ചെയ്യാന്‍ ആഗ്രഹം ഉണ്ടായി. അങ്ങനെ അവര്‍ തന്റെ ഒരു കൂട്ടുകാരി മുഖേന നബി ﷺ യുടെ കുടുംബത്തിലേക്ക് ഈ കാര്യം അറിയിച്ചു. അന്ന് നബി ﷺ ക്ക് പ്രായം ഇരുപത്തി അഞ്ചായിരുന്നു.

ഖദീജ(റ) അതിനുമുമ്പ് രണ്ടുതവണ വിവാഹിതയായിട്ടുണ്ട്. അന്ന് അവര്‍ക്ക് നാല്‍പത് വയസ്സായിരുന്നു എന്നതാണ് പ്രസിദ്ധമായ അഭിപ്രായം. വേറെയും അഭിപ്രായങ്ങള്‍ പൂര്‍വികരും ആധുനികരുമായ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയത് കാണാവുന്നതാണ്. ഇരുപത്തിയെട്ട് വയസ്സായിരുന്നു അന്ന് ഖദീജ(റ)യുടെ പ്രായം എന്ന് ഇമാം ഹാകിം(റഹി) അല്‍മുസ്തദ്‌റകില്‍ സനദ് (നിവേദകപരമ്പര) കൊടുക്കാതെ ഇബ്‌നു ഇസ്ഹാക്വി(റ)ല്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. ഈ അഭിപ്രായത്തിന് ഉപോല്‍ബലകമായ പല അഭിപ്രായങ്ങളും പണ്ഡിതന്മാര്‍ പറഞ്ഞതും കാണാവുന്നതാണ്. കാരണം, നബി ﷺ അവരെ വിവാഹം ചെയ്തതിന് ശേഷം ആറുതവണ പ്രസവിച്ചിരുന്നു; രണ്ട് ആണ്‍മക്കളെയും നാല് പെണ്‍മക്കളെയും. സാധാരണഗതിയില്‍ ഒരു സ്ത്രീ അമ്പത് വയസ്സാകുമ്പോഴേക്ക് ആര്‍ത്തവം അവസാനിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരാറുണ്ടല്ലോ. അതിനാല്‍ ഇത് ഇരുപത്തിയെട്ട് വയസ്സായിരുന്നു എന്നതിനാണ് ബലം നല്‍കുന്നത് എന്നാണ് ഈ പക്ഷക്കാര്‍ പറയുന്നത്. രണ്ടായിരുന്നാലും ഇത് ഒരു തര്‍ക്കവിഷയമായി പരിഗണിക്കേണ്ട കാര്യമല്ലാത്തതിനാല്‍ കൂടുതല്‍ ഇതിനെ സംബന്ധിച്ച് വിവരിക്കുന്നില്ല.

യുവാവായ മുഹമ്മദ് ﷺ ആദ്യമായി വിവാഹം ചെയ്തത് തന്നെക്കാള്‍ പ്രായമുണ്ടായിരുന്ന, വിധവയായ ഖദീജ(റ)യെയാണ് എന്നതില്‍ തര്‍ക്കമില്ല. സ്‌നേഹത്തോടെയും ആദരവോടെയും ഇരുവരും തങ്ങളുടെ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോയി. അവരുടെ മരണംവരെ മറ്റൊരു വിവാഹത്തെ പറ്റി അവിടുന്ന് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ഖദീജ(റ)യോട് നബി ﷺ ക്ക് ഉണ്ടായിരുന്ന സ്‌നേഹം അങ്ങേയറ്റമായിരുന്നു. മറ്റു ഭാര്യമാര്‍ക്ക് പോലും അല്‍പം നീരസമുണ്ടാകും വിധം, ഖദീജ(റ)യുടെ കാലശേഷവും നബി ﷺ അവരെ സ്‌നേഹത്തോടെ സ്മരിക്കുമായിരുന്നു.

നബി ﷺ ക്ക് പ്രവാചകത്വം കിട്ടിയപ്പോള്‍ ആദ്യം വിശ്വസിച്ചത് ഖദീജ(റ)യായിരുന്നു. ഹിറാ ഗുഹയില്‍വച്ച് ആദ്യമായി വഹ്‌യ് ലഭിച്ചപ്പോള്‍ പേടിച്ചുവിറച്ച് വീട്ടിലേക്ക് ഓടിവന്ന പ്രവാചകനെ സമാശ്വസിപ്പിച്ചതും ഖദീജ(റ)യായിരുന്നു. ഈ കാര്യങ്ങളിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. നബി ﷺ യുടെ പത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കളായിട്ടാണ് അറിയപ്പെടുന്നത്. ഉമ്മഹാതുല്‍ മുഅ്മിനീങ്ങളുടെ പേര് എണ്ണുമ്പോള്‍ ആദ്യം വിശ്വാസികളുടെ നാവില്‍ വരുന്നത് മഹതിയായ ഖദീജ(റ)യുടെതാണ്.

ക്വുറൈശികളിലെ സമ്പന്നയായ, ഉന്നത സ്ഥാനക്കാരിയായ, ധനാധിക്യത്താല്‍ കീര്‍ത്തിയുള്ള ഖദീജ(റ), അനാഥനായ, ദരി്രദനായ മുഹമ്മദ് നബി ﷺ യെ വിവാഹം അന്വേഷിക്കുമ്പോള്‍ പരിഗണിച്ചത്  അവിടുത്തെ സ്വഭാവമഹിമ മാത്രമായിരുന്നു.

നബി ﷺ യുടെ സന്താനങ്ങള്‍

ഖദീജ(റ)യുടെ ആഗ്രഹമനുസരിച്ച് നബി ﷺ യുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെ നേതൃത്വത്തില്‍ ആ വിവാഹം നടന്നു. നബി ﷺ യുടെ ആദ്യവിവാഹവും ഖദീജ(റ)യുടെ മൂന്നാമത്തെ വിവാഹവും. ഇരുപത്തി അഞ്ച് കൊല്ലം നീണ്ടുനിന്നതായിരുന്നു ആ ദാമ്പത്യജീവിതം. നബി ﷺ ക്ക് ഉണ്ടായ ഏഴ് മക്കളില്‍ ആറും ഖദീജ(റ)യില്‍ നിന്നാണ് ഉണ്ടായത്. ഖദീജ(റ)യില്‍നിന്നല്ലാതെ നബി ﷺ ക്ക് ഉണ്ടായ കുട്ടിയുടെ പേര് ഇബ്‌റാഹീം എന്നായിരുന്നു. മാരിയത്തുല്‍ ക്വിബ്ത്വിയ്യ(റ)യില്‍ ആണ് ഇബ്‌റാഹീം ജനിച്ചത്. ഖദീജ(റ)യില്‍ ആദ്യം ജനിച്ചത് ക്വാസിം എന്ന കുട്ടിയായിരുന്നു. ഈ കുട്ടിയിലേക്ക് ചേര്‍ത്തുകൊണ്ടായിരുന്നു മക്കക്കാര്‍ 'അബുല്‍ക്വാസിം' (ക്വാസിമിന്റെ പിതാവ്) എന്ന് നബി ﷺ യെ വിളിച്ചിരുന്നത്. ക്വാസിം എന്ന കുഞ്ഞ് ഒരു വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെട്ടു. പിന്നീട് അബ്ദുല്ലാഹ് എന്ന കുട്ടി ജനിച്ചു. ത്വാഹിര്‍, ത്വയ്യിബ് എന്നീ വിളിപ്പേരുകളും ആ കുട്ടിക്ക് ഉണ്ടായിരുന്നു. ഈ കുട്ടിയും കുഞ്ഞുനാളില്‍തന്നെ മരണപ്പെടുകയുണ്ടായി. ഈ രണ്ട് ആണ്‍കുട്ടികളും സൈനബ്(റ), റുക്വിയ്യ(റ), ഉമ്മുകുല്‍സൂം(റ), ഫാത്വിമ(റ) എന്നീ നാല് പെണ്‍കുട്ടികളുമായിരുന്നു നബി ﷺ ക്ക് ഖദീജ(റ)യില്‍ ജനിച്ചത്.

നബി ﷺ ക്ക് പിറന്ന മൂന്ന് ആണ്‍മക്കളും ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു എന്ന് നാം മനസ്സിലാക്കി. നബി ﷺ ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെല്ലാം ചെറുപ്പത്തില്‍തന്നെ മരണപ്പെടുക എന്നത് അല്ലാഹുവിന്റെ ഒരു തീരുമാനമായിരുന്നു. അവിടുത്തെ ആണ്‍മക്കള്‍ ചെറുപ്പത്തിലേ മരണപ്പെട്ടതിനാല്‍ ശത്രുക്കള്‍ നബി ﷺ യെ കളിയാക്കിയിരുന്നു. മുഹമ്മദിന്റെ ആദര്‍ശം ഏറ്റെടുക്കാന്‍ ആണ്‍മക്കള്‍ ആരും ഇല്ലെന്നും അദ്ദേഹത്തിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ആദര്‍ശവും നശിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. അവരുടെ ആ പരിഹാസത്തിന് അല്ലാഹു ശക്തമായ മറുപടി ക്വുര്‍ആനിലൂടെ നല്‍കിയിട്ടുണ്ട്. ആ ഭാഗം ശേഷം വിവരിക്കുന്നുണ്ട്, ഇന്‍ശാ അല്ലാഹ്.

നബി ﷺ ക്ക് ഈ മക്കളെല്ലാം ജനിച്ചത് അവിടുത്തെ പ്രവാചകത്വത്തിന് മുമ്പായിരുന്നു. നുബുവ്വത്ത് ലഭിച്ചതിന് ശേഷം നബി ﷺ മക്കള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. അവര്‍ നാലുപേരും അത് സ്വീകരിച്ചു. നബി ﷺ യുടെ കൂടെ അവര്‍ എല്ലാവരും ഉറച്ചുനിന്നു. ഹിജ്‌റ പോയവരുടെ കൂട്ടത്തിലും ഈ നാല് പെണ്‍മക്കള്‍ ഉണ്ടായിരുന്നു. ഇവരില്‍ ഫാത്വിമ(റ) ഒഴികെയുള്ളവരെല്ലാം നബി ﷺ യുടെ വഫാത്തിന് മുമ്പുതന്നെ മരണപ്പെട്ടു. നബി ﷺ യുടെ മരണം അടുത്ത സമയത്ത് മകള്‍ ഫാത്വിമ(റ)യെ അവിടുന്ന് അടുത്തേക്ക് വിളിച്ചു. എന്നിട്ട് മകളുടെ കാതില്‍ എന്തോ ഒരു സ്വകാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ കരഞ്ഞു. ശേഷം മറ്റൊരു സ്വകാര്യവും നബി ﷺ പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിക്കുകയും ചെയ്തു. നബി ﷺ യുടെ മരണശേഷം ഫാത്വിമ(റ) ആ സംഭവത്തെക്കുറിച്ച് ചോദിക്കപ്പെടുകയുണ്ടായി. 'അല്ലാഹുവിന്റെ റസൂല്‍ ﷺ ആദ്യം എന്നോട് അവിടുത്തെ വഫാത്തിനെ പറ്റി പറഞ്ഞു, അപ്പോള്‍ ഞാന്‍ കരഞ്ഞു. പിന്നീട് നീയായിരിക്കും എന്നോട് ആദ്യം ചേര്‍ന്നുവരിക എന്ന് പറഞ്ഞു, അപ്പോള്‍ ഞാന്‍ ചിരിക്കുകയും ചെയ്തു' എന്ന് അവര്‍ അതിനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയുണ്ടായി. നബി ﷺ യുടെ വഫാത്തിന് ശേഷം ആറു മാസം പൂര്‍ത്തിയായപ്പോള്‍ സ്വര്‍ഗസ്ത്രീകളുടെ നേതാവ് എന്ന പേരില്‍ അറിയപ്പെടുന്ന ഫാത്വിമ(റ)യും ഇഹലോകവാസം വെടിഞ്ഞു.