ബാങ്കിലെ വചനങ്ങള്‍ നിര്‍ണയിക്കപ്പെടുന്നു

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ആഗസ്ത് 14 1442 മുഹര്‍റം 05

(മുഹമ്മദ് നബി ﷺ : 33)

നബി ﷺ മദീനയില്‍ എത്തിയതിനുശേഷം ഇസ്‌ലാമില്‍ നടപ്പിലായ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ബാങ്കും ക്വിബ്‌ലമാറ്റവും. ഈ രണ്ട് കാര്യങ്ങളും നമ്മുടെ അഞ്ചുനേരത്തെ നമസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണല്ലോ. ഹിജ്‌റയുടെ മുമ്പും ഹിജ്‌റക്ക് ശേഷം അല്‍പകാലവും ബയ്തുല്‍മുക്വദ്ദസിലേക്ക് തിരിഞ്ഞായിരുന്നു നബി ﷺ നമസ്‌കരിച്ചിരുന്നത്. ഇബ്‌നു ഉമറി(റ)ല്‍നിന്നും വന്നിട്ടുള്ള ഒരു വചനം ഇമാം ബുഖാരി(റഹി) ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്:

ഇബ്‌നു ജുറയ്ജി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''എന്നോട് നാഫിഅ് പറഞ്ഞു: 'തീര്‍ച്ചയായും ഇബ്‌നു ഉമര്‍(റ) പറയാറുണ്ടായിരുന്നു: മുസ്‌ലിംകള്‍ മദീനയില്‍ എത്തിയ സന്ദര്‍ഭത്തില്‍ അവര്‍ (നമസ്‌കാരത്തിനായി) ഒരുമിച്ചുകൂടുമായിരുന്നു. അങ്ങനെ അവര്‍ നമസ്‌കാരത്തിന് സമയമാകുന്നവരാകും. (അന്ന്) അതിന് വിളിച്ചുപറയപ്പെടുന്നതില്ലായിരുന്നു. അങ്ങനെ ഒരുദിവസം അവര്‍ അതിനെ സംബന്ധിച്ച് സംസാരിച്ചു. അപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു: ക്രൈസ്തവരുടെ മണിനാദം പോലെ നിങ്ങളും ഒരു മണിനാദം സ്വീകരിക്കുവിന്‍. അവരില്‍ ചിലര്‍ പറഞ്ഞു: അല്ല, യഹൂദികളുടെ കൊമ്പ് പോലെ ഒരു കാളം (ആക്കാം). അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: നമസ്‌കാരം (ആയി എന്ന് അറിയിക്കുന്നത്) കൊണ്ട് വിളിച്ചുപറയുന്ന ഒരാളെ നിങ്ങള്‍ക്ക് നിയോഗിച്ചുകൂടെയോ?' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'ഓ, ബിലാല്‍! എഴുന്നേല്‍ക്കൂ; എന്നിട്ട് നമസ്‌കാരത്തിന് വിളിക്കൂ.''

ആദ്യകാലത്ത് ബാങ്ക് വിളിക്കുന്ന സമ്പ്രദായമല്ല ഉണ്ടായിരുന്നത്. നമസ്‌കാരത്തിന് സമയമായാല്‍ അവര്‍ പള്ളിയില്‍ ഒരുമിച്ചുകൂടും. അത് പലപ്പോഴും പലര്‍ക്കും പ്രയാസമുണ്ടാക്കുമല്ലോ. കാരണം, സമയമായി എന്ന് അറിയാതെപോയാല്‍ നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ കഴിയില്ല. അങ്ങനെ അവര്‍ അതിനൊരു മാര്‍ഗം കാണണം എന്ന് ആശിച്ചു. പരസ്പരം പല കാര്യങ്ങളും പങ്കുവെച്ചു. ക്രൈസ്തവര്‍ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ മണിയടിക്കുകയാണ് പതിവ്. അതുപോലെ നമുക്കും നമസ്‌കാര സമയമായാല്‍ മണിയടിക്കാം എന്ന് ചിലര്‍ പറഞ്ഞു. അതുവേണ്ട, നമുക്ക് ജൂതന്മാര്‍ കുഴല്‍ ഊതുന്നത് പോലെ ചെയ്യാം എന്ന് മറ്റു ചിലരും പറഞ്ഞു. തീ കത്തിക്കുക, അത് കാണുമ്പോള്‍ നമസ്‌കാര സമയമായി എന്ന് മനസ്സിലാക്കാം എന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം. നമസ്‌കാര സമയം ആയാല്‍ അത് വിളിച്ചുപറയാന്‍ ഒരാളെ നിയോഗിച്ചാല്‍ പോരേ എന്ന് ആ സമയത്ത് ഉമര്‍(റ) ചോദിക്കുകയും നബി ﷺ ആ അഭിപ്രായത്തെ അല്ലാഹുവിന്റെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുകയും ബിലാലി(റ)നോട് അതിനായി കല്‍പിക്കുകയും ചെയ്തു. അനസി(റ)ല്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരവും കാണാം:

അനസുബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''ജനങ്ങള്‍ അധികരിച്ചപ്പോള്‍ നമസ്‌കാരത്തിന്റെ സമയം അറിയാനും (അങ്ങനെ അതു മുഖേന) അത് മനസ്സിലാക്കാനുമായി ഒരു കാര്യത്തെക്കുറിച്ച് അവര്‍ സംസാരിച്ചു. അപ്പോള്‍ അവര്‍ ഒരു തീ കത്തിക്കുവാന്‍, അല്ലെങ്കില്‍ അവര്‍ മണിയടിക്കുവാന്‍ പറഞ്ഞു. അങ്ങനെ ബാങ്കിന് രണ്ട് തവണകളായും ഇക്വാമത്തിന് ഒറ്റയാക്കിയും (വിളിച്ചു പറയാന്‍) ബിലാല്‍(റ) കല്‍പിക്കപ്പെട്ടു'' (ബുഖാരി).

ബാങ്കിന്റെ തുടക്കം ഇപ്രകാരമായിരുന്നു. എന്നാല്‍ പിന്നീട് അതില്‍നിന്നും മാറി ഇന്ന് നാം നിര്‍വഹിക്കുന്നത് പോലെ നിശ്ചിത വചനങ്ങള്‍ പറഞ്ഞ് അറിയിക്കുന്ന രൂപത്തിലേക്ക് വന്നത് ഒരു അത്ഭുത സംഭവത്തിലൂടെയാണ്. ആ സംഭവം ഇപ്രകാരമാണ്:

അബ്ദുല്ലാഹിബ്‌നു സയ്ദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ ജനങ്ങള്‍ക്ക് നമസ്‌കാരത്തിന് ഒരുമിച്ചുകൂടാനായി മണിനാദം മുഴക്കാന്‍ കല്‍പിച്ചു. (അങ്ങനെ) ഞാന്‍ ഉറങ്ങുന്നവനായിരിക്കെ ഒരാള്‍ കൈയില്‍ മണിയുമായി എന്നെ ചുറ്റുന്നു! അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: 'ഓ അബ്ദുല്ലാഹ്, ഈ മണി താങ്കള്‍ വില്‍ക്കുന്നുണ്ടോ?' അദ്ദേഹം ചോദിച്ചു: 'ഇതുകൊണ്ട് താങ്കള്‍ എന്താണ് ചെയ്യുക?' അബ്ദുല്ലാഹിബ്‌നുസയ്ദ്(റ) പറയുന്നു; ഞാന്‍ പറഞ്ഞു: 'ഞങ്ങള്‍ അതുകൊണ്ട് നമസ്‌കാരത്തിന് വിളിക്കും.' അദ്ദേഹം ചോദിച്ചു: 'അതിനെക്കാള്‍ ഉത്തമമായ ഒന്നിനെ പറ്റി ഞാന്‍ താങ്കളെ അറിയിക്കട്ടെയോ?' അബ്ദുല്ലാഹിബ്‌നു സയ്ദ്(റ) പറയുന്നു; ഞാന്‍ പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: 'താങ്കള്‍ പറയുക: അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍, അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്, അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്, ഹയ്യ അലസ്സ്വലാഃ, ഹയ്യ അലസ്സ്വലാഃ, ഹയ്യ അലല്‍ഫലാഹ്, ഹയ്യ അലല്‍ഫലാഹ്, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ്.' പിന്നീട് അധികം ദൂരമല്ലാതെ (എന്നില്‍നിന്നും) വിട്ടുനിന്നു. പിന്നീട് അദ്ദേഹം പറഞ്ഞു: 'നമസ്‌കാരം നിര്‍വഹിക്കപ്പെടാനായാല്‍; 'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്, ഹയ്യ അലസ്സ്വലാഃ, ഹയ്യ അലല്‍ഫലാഹ്, ക്വദ് ക്വാമതിസ്സ്വലാഃ, ക്വദ് ക്വാമതിസ്സ്വലാഃ, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ്' (ഇപ്രകാരവും) താങ്കള്‍ പറയുക. നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുത്തുചെന്നു. ഞാന്‍ (ഉറക്കത്തില്‍) കണ്ടത് നബി ﷺ യോട് അറിയിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: 'അല്ലാഹു ഉദ്ദേശിച്ചാല്‍ തീര്‍ച്ചയായും ആ സ്വപ്‌നം സത്യംതന്നെയാകുന്നു. അതിനാല്‍ ബിലാലിന്റെ കൂടെ താങ്കളും എഴുന്നേല്‍ക്കുക. എന്നിട്ട് താങ്കള്‍ കണ്ട ഈ കാര്യങ്ങള്‍ ബിലാലിനെ കേള്‍പിക്കുക. എന്നിട്ട് അദ്ദേഹം അത് വിളിച്ചുപറയട്ടെ. നിശ്ചയമായും അദ്ദേഹം താങ്കളെക്കാള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നവനാകുന്നു.' അബ്ദുല്ലാഹിബ്‌നു സയ്ദ്(റ) പറയുന്നു: 'അങ്ങനെ ഞാന്‍ ബിലാലിന്റെകൂടെ എഴുന്നേറ്റു. എന്നിട്ട് ഞാന്‍ അതെല്ലാം അദ്ദേഹത്തിന് കേള്‍പിക്കുകയും അദ്ദേഹം അത് വിളിച്ചുപറയുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു സയ്ദ്(റ) പറയുന്നു: 'ഉമറുബ്‌നുല്‍ ഖത്വാബ് തന്റെ വീട്ടില്‍നിന്ന് അത് കേട്ടു. തന്റെ തട്ടം വലിച്ച് (വേഗത്തില്‍) പുറപ്പെട്ടു. അദ്ദേഹം പറയുകയും ചെയ്തു; അങ്ങയെ സത്യവുമായിക്കൊണ്ട് അയച്ചവന്‍ തന്നെയാണ സത്യം, തീര്‍ച്ചയായും താങ്കള്‍ കണ്ടതുപോലെ ഞാനും കണ്ടിരിക്കുന്നു. അബ്ദുല്ലാഹിബ്‌നു സയ്ദ്(റ) പറയുന്നു: അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും'' (അഹ്മദ്).

ആദ്യനാളുകളില്‍ നമസ്‌കാരസമയം അറിയാനായി മണിയടിക്കുന്ന സംവിധാനമാകാം എന്ന് ജനങ്ങളുടെ സംസാരത്തില്‍നിന്ന് നബി ﷺ മനസ്സിലാക്കി. എന്നാല്‍ അതിനോട് വലിയ താല്‍പര്യമൊന്നും നബി ﷺ ക്ക് ഉണ്ടായിരുന്നില്ല എന്ന് വേറെ റിപ്പോര്‍ട്ടില്‍ നമുക്ക് കാണുകയും ചെയ്യാം. ക്രൈസ്തവരോട് യോജിക്കുന്ന നടപടിയായതിനാലാണ് നബി ﷺ ക്ക് അതില്‍ അതൃപ്തിയുണ്ടായിരുന്നത്. പക്ഷേ, ജനങ്ങളെ നമസ്‌കാരസമയത്ത് ഒരുമിച്ചുകൂട്ടണമല്ലോ. താല്‍പര്യമില്ലെങ്കിലും അങ്ങനെ ചെയ്യാം എന്ന ഒരു അഭിപ്രായം അവിടുത്തേക്കും ഉണ്ടായി; തീരുമാനിച്ചിട്ടില്ലായിരുന്നു. ചര്‍ച്ച ചെയ്ത് എല്ലാവരും പിരിഞ്ഞു പോയി. എല്ലാവരും വീട്ടിലെത്തി. ശേഷം അബ്ദുല്ലാഹിബ്‌നുസയ്ദ്(റ) സ്വപ്‌നം കണ്ടതും അനുബന്ധ സംഭവങ്ങളും നാം മുകളിലുദ്ധരിച്ച ഹദീഥിലൂടെ മനസ്സിലാക്കി.

ഈ സംഭവത്തില്‍നിന്ന് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. അബ്ദുല്ലാഹിബ്‌നു സയ്ദ്(റ) കണ്ട ഒരു സ്വപ്‌നത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഈ ഒരു കര്‍മം ഇസ്‌ലാമില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ യുടെ അംഗീകാരത്തോടെയാണ് ഇത് ഇസ്‌ലാമിക ആചാരമായി സ്ഥിരപ്പെടുന്നത്. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും കാണുന്ന എന്തെങ്കിലും സ്വപ്‌നത്തെ ഇസ്‌ലാമിക നിയമമാക്കി അവതരിപ്പിക്കാന്‍ തുനിയുന്നത് തികച്ചും ഇസ്‌ലാമിക പ്രമാണങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് നാം മനസ്സിലാക്കേണ്ടത്.

ബാങ്കിന്റെ രൂപം സ്വപ്‌നത്തില്‍ കണ്ട രണ്ട് സ്വഹാബിമാരോടും നബി ﷺ അത് നിര്‍വഹിക്കാന്‍ കല്‍പിച്ചില്ല. കാരണം, ബാങ്ക് വിളിക്കുന്നത് ശ്രവണ സുന്ദരമായ ശബ്ദത്തിലായിരിക്കണം. കേള്‍ക്കുന്ന മാത്രയില്‍തന്നെ നമസ്‌കാരത്തിനുള്ള ഒരുക്കത്തിന് പ്രേരണയാകും വിധത്തിലാകണം അത് നിര്‍വഹിക്കേണ്ടത്. അതിനാല്‍ നബി ﷺ ശബ്ദസൗന്ദര്യമുള്ള ബിലാലി(റ)നെയാണ് ഈ മഹത്കര്‍മത്തിനായി തെരഞ്ഞെടുത്തത്. ഇന്ന് മഹത്തായ ഈ കര്‍മത്തിനോടുള്ള ആദരവ് മുസ്‌ലിം സമൂഹത്തില്‍നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാങ്ക് വിളിക്കപ്പെടുമ്പോള്‍ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കിയും തമാശകള്‍ പറഞ്ഞും കേട്ടില്ലെന്ന് നടിക്കുന്നവരാണ് അധികപേരും. അത് പാടില്ല. ബാങ്ക് കേള്‍ക്കുമ്പോള്‍ അതുപോലെ ഏറ്റുപറയുകയും ശേഷം നബി ﷺ യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ശേഷം ബാങ്കിനു ശേഷമുള്ള പ്രാര്‍ഥന ചൊല്ലുകയും ചെയ്താല്‍ നബി ﷺ നാളെ പരലോകത്ത് നടത്തുന്ന ശുപാര്‍ശക്ക് അര്‍ഹരാകുമെന്നും അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈ പ്രതിഫലം കരസ്ഥമാക്കാന്‍ പരിശ്രമിക്കുന്നവരുടെ എണ്ണം ഇക്കാലത്ത് വളരെ വിരളമാണെന്നത് ഒരു സത്യമാണല്ലോ. (അവസാനിച്ചില്ല)