പരസ്യപ്രബോധനം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഫെബ്രുവരി 13 1442 റജബ് 01

(മുഹമ്മദ് നബി ﷺ , ഭാഗം 9)

രഹസ്യപ്രബോധനത്തില്‍നിന്ന് മാറി പരസ്യപ്രബോധനം നടത്താനായി അല്ലാഹുവിന്‍റെ കല്‍പന വന്നു. ക്വുര്‍ആനിലെ അശ്ശുഅറാഅ് എന്ന സൂറത്തിലാണ് ആ കല്‍പന നമുക്ക് കാണാന്‍ സാധിക്കുക. ഈ അധ്യായത്തില്‍ മൂസാ നബി(അ)യുടെയും മറ്റു ചില നബിമാരുടെയും പ്രബോധനവും അവര്‍ നേരിട്ട പരീക്ഷണങ്ങളും അല്ലാഹു വിവരിക്കുന്നുണ്ട്. മൂസാ നബി(അ)യുടെ ചരിത്രം അല്‍പം വിശദമായിത്തന്നെ ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ആരുടെയും തുണയില്ലാതെ, ക്രൂരനും അക്രമിയുമായ ഫിര്‍ഔനിന്‍റെ നാട്ടില്‍ പ്രബോധനം ചെയ്യാന്‍ ആരംഭിച്ചതുമുതല്‍ അവസാനം വിശ്വാസികള്‍ക്ക് വിജയവും അവിശ്വാസികള്‍ക്ക് പരാജയും ലഭിച്ചതുവരെയുള്ള സംഭവങ്ങള്‍ ഇവിടെ അല്ലാഹു വിവരിക്കുന്നുണ്ട്. നൂഹ് നബി(അ)യുടെ ജനത, ആദ് സമുദായം, ഥമൂദുകാര്‍, ഇബ്റാഹീം നബി(അ)യുടെ ജനത, ലൂത്വ് നബി(അ)യുടെ ജനത, അസ്വ്ഹാബുല്‍ ഐകത്ത് തുടങ്ങിയ, പ്രവാചകന്മാരെ കളവാക്കിയ വിഭാഗങ്ങളുടെയെല്ലാം പര്യവസാനം എന്തായിരുന്നു എന്നും ഈ അധ്യായത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് നബി ﷺ ക്കും വിശ്വാസികള്‍ക്കും പ്രബോധന വീഥിയില്‍ നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ഒരു തിരിച്ചറിവ് നല്‍കുന്നതിനും മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ ധീരചരിത്രങ്ങളെ മാതൃകയാക്കുവാനും ധൈര്യം പകരാനുമായിരിക്കാം പരസ്യപ്രബോധനത്തിന് കല്‍പിക്കുന്നതിന് മുമ്പായി ഈ ചരിത്രങ്ങള്‍ വിവരിക്കുന്നത്. പരസ്യപ്രബോധനത്തിനായി നബി ﷺ യോട് അല്ലാഹു കല്‍പിക്കുന്നത് ഇപ്രകാരമാണ്:

"നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക" (അശ്ശുഅറാഅ് 214)

പ്രബോധനം പരസ്യപ്പെടുത്താന്‍ അല്ലാഹുവിന്‍റെ കല്‍പന വന്നു. കല്‍പന വന്നപ്പോള്‍ നബി ﷺ എന്ത് ചെയ്തു?

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: 'നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക' (എന്ന വചനം) ഇറങ്ങിയപ്പോള്‍ നബി ﷺ സ്വഫായില്‍ കയറി. എന്നിട്ട് (ഇങ്ങനെ) വിളിക്കുവാന്‍ തുടങ്ങി: 'ഫിഅ്റിന്‍റ സന്തതികളേ, അദിയ്യിന്‍റെ സന്തതികളേ.' അവര്‍ (മക്കക്കാര്‍) എല്ലാവരും ഒരുമിച്ചുകൂടി. അങ്ങനെ (അവിടേക്ക്) പുറപ്പെടാന്‍ കഴിയാത്ത ഒരാള്‍ (തന്‍റെ) ഒരു ദൂതനെ അത് (ആ വിളി) എന്താണെന്ന് നോക്കുവാന്‍ അയച്ചു. അങ്ങനെ അബൂലഹബും ക്വുറയ്ശും വന്നു. എന്നിട്ട് നബി ﷺ ചോദിച്ചു: 'ഈ താഴ്വരയില്‍ ഒരു കുതിരപ്പട നിങ്ങളെ അക്രമിക്കാന്‍ ഉദ്ദേശിച്ച് നില്‍ക്കുന്നു എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്താകും?' അവര്‍ പറഞ്ഞു: 'അതെ, ഞങ്ങള്‍ക്ക് നിന്‍റെ മേല്‍ സത്യമല്ലാതെ പരിചയമില്ലല്ലോ.' (അപ്പോള്‍) നബി ﷺ പറഞ്ഞു: 'തീര്‍ച്ചയായും ശക്തമായ ശിക്ഷ വരുന്നതിനുമുമ്പ് നിങ്ങള്‍ക്കുള്ള ഒരു താക്കീതുകാരനാകുന്നു ഞാന്‍.' അപ്പോള്‍ അബൂലഹബ് പറഞ്ഞു: 'നിനക്ക് നാശം. ഇന്നത്തെ ദിവസം അല്ലാത്തതിലും (നിനക്ക് നാശം). ഇതിനായിരുന്നോ നീ ഞങ്ങളെ ഒരുമിച്ചുകൂട്ടിയത്?' അപ്പോള്‍ 'അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല' (എന്ന സൂക്തങ്ങള്‍) ഇറങ്ങി" (ബുഖാരി).

പരസ്യപ്രബോധനത്തിനായി കല്‍പന വന്നപ്പോള്‍ നബി ﷺ സ്വഫാ കുന്നില്‍ കയറി എല്ലാവരെയും അവിടേക്ക് വിളിച്ചു ചേര്‍ത്തു. നാല്‍പത് പേര്‍ അവിടെ ഒരുമിച്ചുകൂടി എന്നും അമ്പത് പേരായിരുന്നു എന്നുമെല്ലാം കാണാവുന്നതാണ്. നബി ﷺ യുടെ വിളി കേട്ടവര്‍ അവിടേക്ക് എത്തി. എത്താന്‍ കഴിയാത്തവര്‍ അവിടേക്ക് ദൂതനെ പറഞ്ഞുവിട്ടു. നബി ﷺ യുടെ പിതൃവ്യന്മാരായ അബ്ബാസ്(റ), ഹംസ(റ), അബൂത്വാലിബ്, അബൂലഹബ് തുടങ്ങിയവരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും എത്തിയതിന് ശേഷം അവരോട് ചോദിച്ചു: 'ഈ താഴ്വരയില്‍ നിങ്ങളെ അക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സൈന്യത്തെ സംബന്ധിച്ച് നിങ്ങളോട് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?' അവര്‍ പറഞ്ഞു: 'തീര്‍ച്ചയായും. കാരണം, നിന്നില്‍ നിന്ന് സത്യമേ ഞങ്ങള്‍ക്ക് പരിചയമുള്ളൂ.' അപ്പോള്‍ നബി ﷺ വരാനിരിക്കുന്ന ശിക്ഷയെ പറ്റി അവര്‍ക്ക് മുന്നറിയിപ്പുനല്‍കി. അത് അവര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല. അവര്‍ കോപാകുലരായി. ചീത്ത വളിച്ചു. പിതൃവ്യന്‍ അബൂലഹബ് ആയിരുന്നു നബി ﷺ യെ ആദ്യമായി ചീത്തവിളിച്ചത്. അതിന്‍റെ കാരണത്താല്‍ അവനെ ശപിച്ചുകൊണ്ട് അല്ലാഹു ക്വുര്‍ആന്‍ വചനങ്ങള്‍ ഇറക്കി. അബൂലഹബിന് മോശമായ പര്യവസാനം ലഭിക്കുകയും ചെയ്തു എന്നാണ് ചരിത്രം വിശദമാക്കുന്നത്. അബൂലഹബിനെ ശപിച്ചുകൊണ്ട് ഇറക്കപ്പെട്ട ഈ സൂക്തങ്ങളെ പറ്റി ചിന്തിച്ച് മനസ്സിലാക്കി ഇസ്ലാമിലേക്ക് വന്നവര്‍ പോലും ഉണ്ടായിട്ടുണ്ട് എന്നതും ചരിത്ര പ്രസിദ്ധമാണ്. അബൂലഹബ് നശിക്കട്ടെ എന്നും അവന്‍ നശിച്ചിരിക്കുന്നു എന്നും അവനെയും അവന്‍റെ ഭാര്യയും നരകത്തില്‍ കത്തിക്കപ്പെടുന്നതാണ് എന്നും അല്ലാഹു അറിയിച്ചല്ലോ. അത് അറിഞ്ഞപ്പോള്‍ ഇവര്‍ രണ്ടുപേരും ഇസ്ലാം സ്വീകരിച്ചിരുന്നെങ്കില്‍ ക്വുര്‍ആനില്‍ വൈരുധ്യം ഉണ്ടാകുമായിരുന്നില്ലേ? പക്ഷേ, അത് സംഭവിച്ചില്ല. ക്വുര്‍ആന്‍ ദൈവിക ഗ്രന്ഥമല്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹു അയച്ച ദൂതനല്ലെന്നും സ്ഥാപിക്കുക എന്ന ദുരുദ്ദേശ്യത്തോടെയെങ്കിലും അവര്‍ ഇസ്ലാം സ്വീകരിച്ചില്ല. ഈ വചനങ്ങള്‍ ഇറങ്ങിയ ശേഷവും എത്രയോ കാലം ഇരുവരും ജീവിച്ചെങ്കിലും ഇസ്ലാം സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് ക്വുര്‍ആനിന്‍റെ ദൈവികത വ്യക്തമാക്കുന്നു. ക്വുര്‍ആനിനെ പഠനവിധേയമാക്കിയ പലര്‍ക്കും ഈ സംഭവം ഇസ്ലാമിലേക്ക് വരാന്‍ കാരണമായിട്ടുണ്ട്.

ത്രികാല ജ്ഞാനിയിയായ അല്ലാഹു പറഞ്ഞത് ഒരിക്കലും പിഴക്കില്ലല്ലോ. അവര്‍ ഇരുവരും സത്യനിഷേധികളായിട്ടുതന്നെയാണ് നശിച്ചുപോയത്.

അബൂലഹബിന്‍റെ ഭാര്യ ഉമ്മു ജമീല്‍ നബി ﷺ യെ ആക്ഷേപിച്ച് ഇങ്ങനെ പാടിയത് കാണാം:

"ആക്ഷേപത്തിന് അര്‍ഹനായവന്‍ (ചില കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞപ്പോള്‍) ഞങ്ങള്‍ (അവനോട്) വിസമ്മതം കാണിച്ചു. അവന്‍റെ ദീനിനെ ഞങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. അവന്‍റെ കല്‍പനകളോട് ഞങ്ങള്‍ അനുസരക്കേട് കാണിക്കുകയും ചെയ്യുന്നു."

മക്കക്കാര്‍ മുഹമ്മദ് നബി ﷺ യെ ആക്ഷേപിക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ 'മുദമ്മമുന്‍' എന്ന് വിളിച്ച് പ്രയാസപ്പെടുത്താറുണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവിടുന്ന് വിഷമത്താല്‍ കൂട്ടുകാരന്‍ അബൂബക്റി(റ)നെ പോലെയുള്ളവരെ വിളിച്ച് ഇപ്രകാരം ചോദിക്കും:

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: 'എങ്ങനെയാണ് ക്വുറയ്ശികളുടെ ചീത്തവിളിയും അവരുടെ ശാപവും എന്നില്‍നിന്ന് അല്ലാഹും മാറ്റിയത് (എന്ന് ആലോചിച്ച്) നിങ്ങള്‍ അത്ഭുതപ്പെടുന്നില്ലേ? മുദമ്മമുന്‍ (എന്നുപറഞ്ഞ്) അവര്‍ എന്നെ ചീത്ത വിളിക്കുന്നു. മുദമ്മമുന്‍ (എന്നുപറഞ്ഞ്) അവര്‍ എന്നെ ശപിക്കുന്നു. ഞാനാകട്ടെ മുഹമ്മദാകുന്നു."(ബുഖാരി).

'മുദമ്മമുന്‍' (ആക്ഷേപിക്കപ്പെടുന്നവന്‍) എന്ന് പറഞ്ഞുകൊണ്ടാണല്ലോ അവര്‍ നബി ﷺ യെ ചീത്ത വിളിക്കുകയും ശപിക്കുകയുമെല്ലാം ചെയ്യുന്നത്. എന്നാല്‍ അവരുടെ ചീത്തവിളിയും ശാപവാക്കുകളും എല്ലാം അല്ലാഹു നബി ﷺ യില്‍നിന്നും തിരിച്ചുവിടുകയാണ് ചെയ്തത്. മുഹമ്മദ് എന്നതിന്‍റെ അര്‍ഥം സ്തുതിക്കിപ്പെട്ടവന്‍ എന്നാണല്ലോ. നബി ﷺ വാസ്തവത്തില്‍ എല്ലാവരാലും വാഴ്ത്തപ്പെടുകയും പ്രശംസിക്കപ്പെടുകയുമാണ് ചെയ്തത്.

പരസ്യപ്രബോധനത്തിന് അല്ലാഹുവിന്‍റെ കല്‍പനയുണ്ടായപ്പോള്‍ നബി ﷺ എന്താണ് ചെയ്തതെന്ന് ബുഖാരിയിലെ ഹദീഥിലൂടെ നാം മനസ്സിലാക്കി. സ്വഹീഹ് മുസ്ലിമില്‍ ഇപ്രകാരം നമുക്ക് കാണാം:

അബൂഹുറയ്റ(റ) പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലി ﷺ ന് 'നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക' (എന്ന വചനം) ഇറക്കപ്പെട്ട സന്ദര്‍ഭത്തില്‍ (അവിടുന്ന്) പറഞ്ഞു: 'ഓ ക്വുറയ്ശ് സമൂഹമേ, അല്ലാഹുവില്‍നിന്ന് നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ വാങ്ങുവിന്‍. അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്ക് വേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, ബനൂ അബ്ദുല്‍മുത്ത്വലിബ്, അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല, ഓ, അബ്ബാസുബ്നു അബ്ദുല്‍ മുത്ത്വലിബ്, അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, അല്ലാഹുവിന്‍റെ റസൂലിന്‍റെ പിതൃസഹോദരി സ്വഫിയ്യാ, അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്ക് വേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, അല്ലാഹുവിന്‍റെ റസൂലിന്‍റെ മകള്‍ ഫാത്വിമാ, നീ ഉദ്ദേശിക്കുന്നതില്‍നിന്ന് എന്നോട് നീ ചോദിച്ചോളൂ. അല്ലാഹുവില്‍നിന്ന് നിനക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല."

പരസ്യ പ്രബോധനം കുടുംബത്തില്‍നിന്ന് നാട്ടുകാരിലേക്ക് മാറി. അതിന് അല്ലാഹുവിന്‍റെ കല്‍പന വന്നിരുന്നു.

"അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക" (ഹിജ്ര്‍ 94)

അല്ലാഹു തന്നില്‍ ഏല്‍പിച്ചിട്ടുള്ള കാര്യങ്ങള്‍ കൃത്യമായി നിറവേറ്റുവാനും ആ മാര്‍ഗത്തില്‍ ശത്രുക്കളുടെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ധീരമായി മുന്നേറുവാനും കല്‍പന വന്നു. പിന്നീട് നബി ﷺ പ്രബോധനം മക്കയില്‍ പരസ്യമാക്കുകയാണ്. കുടുംബത്തിലെയും നാട്ടിലെയും വേണ്ടപ്പെട്ടവരെല്ലാം മുഹമ്മദിന്‍റെ ദീനില്‍ ആകൃഷ്ടരാകുന്നു എന്ന് മനസ്സിലാക്കിയ മക്കക്കാര്‍ ഒന്നടങ്കം ഇളകി. കൂക്കിവിളിച്ചും കല്ലെറിഞ്ഞും കളിയാക്കിയും അസഭ്യം പറഞ്ഞും നബി ﷺ ക്കും വിശ്വാസികള്‍ക്കുമെതിരില്‍ കൊടിയ മര്‍ദനം അഴിച്ചുവിട്ടു. പീഡനങ്ങള്‍ പലവിധത്തില്‍ നടത്തി. മാനസികമായും ശാരീരികമായും ഉപദ്രവം ഉണ്ടാക്കി. ഒരു സംഭവം കാണുക:

അബ്ദുല്ലാഹി(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂല്‍ കഅ്ബയുടെ അടുക്കല്‍ നമസ്കരിച്ചുകൊണ്ടിരിക്കുകയാണ്. ക്വുറയ്ശി സംഘം അവരുടെ ഇരിപ്പിടങ്ങളിലുമാണ്. അതിനിടയില്‍ അവരില്‍നിന്ന് ഒരാള്‍ ഇപ്രകാരം പറഞ്ഞു: 'ഈ കാണിക്കുന്നവനിലേക്ക് നിങ്ങള്‍ നോക്കുന്നില്ലേ? ഇന്ന ആളുടെ കുടുംബത്തില്‍ (അറുത്ത) ഒട്ടകത്തിന്‍റെ കാഷ്ഠവും രക്തവും കുടല്‍മാലകളും (എടുക്കാന്‍) നിങ്ങളില്‍ ആരാണ് ആദ്യം തയ്യാറാകുക? എന്നിട്ട് അവന്‍ അത് കൊണ്ടുവരികയും ഇവന്‍ സുജൂദ് ചെയ്താല്‍ അവന്‍റെ പിരടികള്‍ക്കിടയില്‍ വെക്കുകയും ചെയ്യണം.' അങ്ങനെ അവരിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ അതിനായി എഴുന്നേറ്റു. അല്ലാഹുവിന്‍റെ റസൂല്‍ ﷺ സുജൂദ് ചെയ്തപ്പോള്‍ അവന്‍ അവിടുത്തെ പിരടികള്‍ക്കിടയില്‍ വെച്ചു. നബി ﷺ സുജൂദില്‍ തന്നെ നിന്നു. അപ്പോള്‍ അവര്‍ ചിലര്‍ മറ്റു ചിലരിലേക്ക് ചെരിയുന്നതുവരെ പൊട്ടിച്ചിരിച്ചു. അപ്പോള്‍ ഒരാള്‍ ഫാത്വിമ(റ)യുടെ അടുത്തേക്ക് (വിവരം അറിയിക്കാന്‍) പോയി. അങ്ങനെ അവര്‍ ഓടിവന്നു. അവര്‍ നബി ﷺ യില്‍നിന്ന് അത് എടുത്ത് ഒഴിവാക്കുന്നതുവരെ നബി ﷺ സുജൂദില്‍ തന്നെയായിരുന്നു. (അവര്‍ അത് എടുത്തുമാറ്റിയതിന് ശേഷം) അവര്‍ അവര്‍ക്കുനേരെ തിരിഞ്ഞ് അവരെ ചീത്തപറഞ്ഞു. അങ്ങനെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ നമസ്കരിച്ച് കഴിഞ്ഞപ്പോള്‍ ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവേ, ക്വുറയ്ശികളുടെ കാര്യം നിന്‍റെ മേലാണ്. അല്ലാഹുവേ, ക്വുറയ്ശികളുടെ കാര്യം നിന്‍റെ മേലാണ്. അല്ലാഹുവേ, ക്വുറയ്ശികളുടെ കാര്യം നിന്‍റെ മേലാണ്.' പിന്നീട് പേരെടുത്ത് (അവിടുന്ന് പറഞ്ഞു:) 'അല്ലാഹുവേ, അംറുബ്നു ഹിശാമിന്‍റെയും (അബൂലഹബ്), ഉത്ബതുബ്നു റബീഅയുടെയും ശയ്ബതുബ്നു റബീഅയുടെയും അല്‍വലീദുബ്നു ഉത്ബയുടെയും ഉമയ്യതുബ്നു ഖലഫിന്‍റെയും ഉക്വ്ബതുബ്നു അബീമുഅയ്ത്വിയുടെയും ഉമാറതുബ്നുല്‍ വലീദിന്‍റെയും കാര്യം നിന്‍റെ മേലാകുന്നു.' (സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന) അബ്ദുല്ല(റ) പറഞ്ഞു: 'അല്ലാഹുവാണ സത്യം! ബദ്ര്‍ യുദ്ധ ദിവസം ഞാന്‍ അവരെ വീണുകിടക്കുന്നത് കാണുകയുണ്ടായി. പിന്നീട് അവര്‍ ബദ്റിലെ ആ പൊട്ടക്കിണറ്റിലേക്ക് വലിച്ചിഴക്കപ്പെടുകയുണ്ടായി.' പിന്നീട് അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: 'പൊട്ടക്കിണറിന്‍റെ ആളുകള്‍ ശാപം പിന്തുടരപ്പെടുന്നവരാകുന്നു.'

ഈ ദുഷ്കൃത്യത്തിന് നേതൃത്വം നല്‍കിയതും അബൂലഹബായിരുന്നു. അബൂലഹബിന്‍റെ വാക്കുകേട്ട് ഒന്നും ചിന്തിക്കാതെ റസൂലി ﷺ നോട് ഇങ്ങനെ ചെയ്തവന്‍ ഉക്വ്ബയായിരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.

നബി ﷺ യുടെ നമസ്കാരവും ക്വുര്‍ആന്‍ പാരായണവും മുശ്രിക്കുകള്‍ക്ക് ഏറെ അസഹ്യമായിരുന്നു. ക്വുര്‍ആന്‍ ഓതുന്നത് കേള്‍ക്കുമ്പോള്‍ ചീത്തവിളിച്ചുകൊണ്ട് അവര്‍ ഒപ്പം കൂടുമായിരുന്നു എന്നാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്.

 'നിന്‍റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്' (എന്ന) അല്ലാഹുവിന്‍റെ വചനത്തെ (17:110) സംബന്ധിച്ച് (ഇബ്നു അബ്ബാസ്(റ) പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂല്‍ ﷺ മക്കയില്‍ ഒളിഞ്ഞിരിക്കുമ്പോഴാണ് ഇത് ഇറങ്ങിയത്. നബി ﷺ തന്‍റെ അനുചരന്മാരെയും കൊണ്ട് നമസ്കരിച്ചാല്‍ ക്വുര്‍ആന്‍ പാരായണംകൊണ്ട് ശബ്ദം ഉയര്‍ത്താറുണ്ടായിരുന്നു. അങ്ങനെ അത് മുശ്രിക്കുകള്‍ കേട്ടാല്‍ അവര്‍ ക്വുര്‍ആനിനെയും അത് ഇറക്കിയവനെയും അത് കൊണ്ടുവന്നവനെയും ചീത്തിവിളിക്കും. അപ്പോള്‍ അല്ലാഹു നബി ﷺ യോട് പറഞ്ഞു: 'നിന്‍റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്.' അതായത്, നിന്‍റെ പാരായണംകൊണ്ട്. കാരണം, മുശ്രിക്കുകള്‍ (അത്) കേള്‍ക്കുകയും അങ്ങനെ അവര്‍ ക്വുര്‍ആനിനെ ചീത്ത പറയുകയും ചെയ്യും. 'അത് പതുക്കെയുമാക്കരുത്.' താങ്കളുടെ അനുചരന്മാരെ തൊട്ട്; അപ്പോള്‍ അവര്‍ (അത്) കേള്‍ക്കാതിരിക്കുകയും ചെയ്യും. 'അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക'.

നമസ്കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്‍റെ ചീഞ്ഞളിഞ്ഞ കുടല്‍മാലയും മറ്റു വൃത്തികേടുകളും അവിടുത്തെ പിരടിയില്‍ ഇട്ട് പ്രയാസപ്പെടുത്തിയ രംഗം നാം വായിച്ചു. ഇപ്രകാരം അവര്‍ പല തവണ ചെയ്തിരുന്നു. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അവര്‍ ചെയ്തിട്ടുണ്ട്.

നാം ഇന്ന് സുരക്ഷിതമായി സമാധാനത്തോടെ പള്ളികളിലും വീടുകളിലും സുജൂദില്‍ കിടന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍, നബി ﷺ ഇതിനുവേണ്ടി എത്ര ത്യാഗമാണ് സഹിച്ചിട്ടുള്ളതെന്ന് നാം ഓര്‍ക്കുന്നത് നല്ലതാണ്. (അവസാനിച്ചില്ല)