ഹുദയ്ബിയ സന്ധി

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

(മുഹമ്മദ് നബി ﷺ : 50)

ശത്രുക്കളെക്കൊണ്ടും കപടന്മാരെക്കൊണ്ടും പൊറുതിമുട്ടിയ ഘട്ടമായിരുന്നു ഇത്. പരീക്ഷണങ്ങള്‍ പലവിധത്തില്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായി. എന്നാല്‍ അല്ലാഹുവിന്റെ സഹായം കൊണ്ട് നബി ﷺ യുടെ മനസ്സിനെ ഭീരുത്വമോ പരിഭ്രമമോ ബാധിച്ചതേയില്ല. അവിടുന്ന് അല്ലാഹുവിന്റെ കല്‍പന പ്രകാരം യുദ്ധ രംഗത്ത് ഉറച്ചുനിന്നു. അല്ലാഹുവിന്റെ റസൂല്‍ ﷺ സഖ്യകക്ഷികള്‍ക്ക് എതിരില്‍ പ്രാര്‍ഥിച്ചു: ''വേദഗ്രന്ഥം ഇറക്കിയ, വേഗത്തില്‍ വിചാരണ നടത്തുന്ന അല്ലാഹുവേ, സഖ്യകക്ഷികളെ നീ നിലംപരിശാക്കേണമേ. അല്ലാഹുവേ, അവരെ തകര്‍ക്കുകയും വിറപ്പിക്കുകയും ചെയ്യേണമേ''(ബുഖാരി).

അല്ലാഹു നബി ﷺ യുടെ പ്രാര്‍ഥന സ്വീകരിച്ചു. സന്തോഷ വാര്‍ത്തയുമായി ജിബ്‌രീല്‍(അ) നബി ﷺ യുടെ അടുത്ത് ചെന്നു. അല്ലാഹുവിന്റെ കാരുണ്യത്തിന് നബി ﷺ നന്ദി പ്രകടിപ്പിച്ചു.

യുദ്ധത്തിനായി സഖ്യസേന മദീനയിലേക്ക് വരുന്നുണ്ടെന്ന വിവരം നബി ﷺ ക്ക് ലഭിച്ചപ്പോള്‍ അവരെക്കുറിച്ചുള്ള വിവരം അറിയുന്നതിനായി ഹുദൈഫ(റ)യെ അയച്ചിരുന്നു.

ഇബ്‌റാഹീം അത്തയ്മിയ്യ്(റ) തന്റെ പിതാവില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''...ആ ജനതയുടെ വിവരം എനിക്ക് കൊണ്ടുവന്നു തരാന്‍ ഒരാളും ഇല്ലേ? (എന്നാല്‍) അവനെ അല്ലാഹു അന്ത്യനാളില്‍ എന്റെ കൂടെയാക്കുന്നതാണ്.'' അപ്പോള്‍ ഞങ്ങള്‍ നിശ്ശബ്ദരായി. ഞങ്ങളില്‍ ഒരാളും അവിടുത്തേക്ക് മറുപടി നല്‍കിയില്ല. പിന്നെയും (അവിടുന്ന്) ചോദിച്ചു: ''ആ ജനതയുടെ വിവരം എനിക്ക് കൊണ്ടുവന്നു തരാന്‍ ഒരാളും ഇല്ലേ? (എന്നാല്‍) അവനെ അല്ലാഹു അന്ത്യനാളില്‍ എന്റെ കൂടെയാക്കുന്നതാണ്.'' അപ്പോള്‍ ഞങ്ങള്‍ നിശ്ശബ്ദരായി. ഞങ്ങളില്‍ ഒരാളും അവിടുത്തേക്ക് മറുപടി നല്‍കിയില്ല. എന്നിട്ട് അവിടുന്ന് പറഞ്ഞു: ''ഓ, ഹുദൈഫാ, എഴുന്നേല്‍ക്കൂ. എന്നിട്ട് ആ ജനതയുടെ വിവരം നമുക്ക് എത്തിക്കൂ...''(മുസ്‌ലിം).

ശത്രുസേനയുടെ നീക്കങ്ങള്‍ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്വഹാബിമാരാകട്ടെ വിശപ്പും ക്ഷീണവും തണുപ്പുമെല്ലാം സഹിച്ച് പ്രയാസകരമായ അവസ്ഥയിലുമാണ്. അതിനാല്‍ സ്വഹാബിമാര്‍ ഒന്നും പറയാനാവാതെ നിശ്ശബ്ദരായി നില്‍ക്കുമ്പോള്‍ നബി ﷺ ഹുദയ്ഫ(റ)യെ വിളിച്ച് ആ കാര്യം ഏല്‍പിച്ചു. അല്ലാഹുവിന്റെ റസൂല്‍ ﷺ ന്റെ കല്‍പനയനുസരിച്ച് ഹുദയ്ഫ(റ) പുറപ്പെട്ടു. അതിശൈത്യവും കൂരിരുട്ടുമുള്ള ആ രാത്രിയില്‍ ശത്രുപാളയത്തിലേക്ക് അല്ലാഹു കൊടുങ്കാറ്റിനെ അയച്ചു. ശത്രുക്കളുടെ മുഖത്തും കണ്ണിലും മണ്ണ് നിറഞ്ഞു. അവരുടെ തമ്പുകള്‍ പറന്നുപോയി. തീ കെട്ടുപോയി. ഭക്ഷണ പാത്രങ്ങള്‍ മറിഞ്ഞുവീണു. കുതിരകള്‍ അലറിപ്പാഞ്ഞു. ചരല്‍മഴ വര്‍ഷിച്ചു. കൂട്ട നിലവിളിയായി. ശത്രുക്കള്‍ അങ്ങേയറ്റം ഭയവിഹ്വലരായി. അവരുടെ നേതാവ് അവരോട് ഓടി രക്ഷപ്പെടാന്‍ ആഹ്വാനം നടത്തി. നേതാവ് ആദ്യം ഓടി രക്ഷപ്പെട്ടു. ശത്രുസേന ഛിന്നഭിന്നമായി സ്ഥലം വിട്ടു. ഒരു ഏറ്റുമുട്ടല്‍ നടക്കാതെ മുസ്‌ലിംകള്‍ക്ക് രക്ഷ ലഭിക്കുകയും ചെയ്തു.

നബി ﷺ യെ അല്ലാഹു ഈ വിവരം അറിയിച്ചു. ഹുദയ്ഫ(റ)യും വിവരവുമായി വന്നു. ആ സമയത്ത് നബി ﷺ പറഞ്ഞു: ''അല്ലാഹു അല്ലാതെ ആരാധ്യനില്ല. അവര്‍ ഏകനാണ്. അവന്റെ സൈന്യത്തെ അവന്‍ അന്തസ്സുള്ളതാക്കി, അവന്റെ ദാസനെ അവന്‍ സഹായിച്ചു, സഖ്യകക്ഷികളെ അവന്‍ മാത്രം അതിജയിച്ചു, അവന്നുശേഷം ഒന്നും ഇല്ല''(ബുഖാരി).

മുസ്‌ലിംകള്‍ക്ക് അല്ലാഹു നല്‍കിയ ഈ അനുഗ്രഹത്തെ ഓര്‍മിപ്പിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക: ''സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു'' (33:9).

ശത്രുക്കള്‍ മദീനയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ള ഭാഗങ്ങളിലെല്ലാം നബി ﷺ സ്വഹാബിമാരെ സജ്ജരാക്കി നിര്‍ത്തിയിരുന്നു. ശത്രുക്കളുടെ പ്രത്യാക്രമണത്തെ ചെറുക്കാനായുള്ള ഈ നിറുത്തത്തില്‍ അവര്‍ക്കന്ന് അസ്വ്ര്‍ നമസ്‌കാരം കൃത്യസമയത്ത് നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. സ്വന്തത്തിനെതിരെ എന്ത് ചെയ്താലും വിട്ടുവീഴ്ച കാണിച്ച പ്രവാചകന്‍ ﷺ തങ്ങളുടെ നമസ്‌കാരം നഷ്ടമാകാന്‍ കാരണക്കാരായ ഈ കക്ഷികള്‍െക്കതിരില്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

''സൂര്യന്‍ അസ്തമിക്കുന്നതുവരെ അസ്വ്ര്‍ നമസ്‌കാരത്തെ തൊട്ട് ഞങ്ങളെ വ്യാപൃതരാക്കിയവരുടെ ക്വബ്‌റുകളെയും വീടുകളെയും അല്ലാഹു തീകൊണ്ട് നിറക്കട്ടെ'' (ബുഖാരി).

'സ്വലാത്തുല്‍ ഖൗഫ്' നിയമമാക്കുന്നതിന് മുമ്പായിരുന്നു ഖന്തക്വ് യുദ്ധം എന്നാണ് ചില റിപ്പോര്‍ട്ടുകൡ ഉള്ളത്. നമസ്‌കാരം നഷ്ടമായതില്‍ നബി ﷺ അങ്ങേയറ്റം വിഷമിച്ചു. അതിനാലാണ് അവിടുന്ന് അവര്‍ക്കെതിരില്‍ അപ്രകാരം പ്രാര്‍ഥിച്ചത്.

ഹുദയ്ബിയ സന്ധി

ഹിജ്‌റ ആറാം വര്‍ഷം ദുല്‍ക്വഅ്ദ മാസത്തിന്റെ തുടക്കത്തില്‍ നബി ﷺ സ്വഹാബിമാരെയും കൂട്ടി മദീനയില്‍നിന്നും ഉംറ നിര്‍വഹിക്കുന്നതിനായി പുറപ്പെട്ടു. അതിന് ഒരു കാരണവും ഉണ്ടായിരുന്നു. നബി ﷺ ഒരു സ്വപ്‌നം കാണുകയുണ്ടായി. നബി ﷺ യും സ്വഹാബിമാരും മുടി മുണ്ഡനം ചെയ്തവരും മുറിച്ചവരുമായി നിര്‍ഭയരായിക്കൊണ്ട് മക്കയില്‍ പ്രവേശിക്കുക തന്നെ ചെയ്യും എന്നതായിരുന്നു ആ സ്വപ്‌നത്തിന്റെ ഉള്ളടക്കം. ഒരു ശുഭസൂചനയായിരുന്നു ആ സ്വപ്‌നം.

നബി ﷺ യുടെ നേതൃത്വത്തില്‍ സ്വഹാബിമാര്‍ ഉംറ നിര്‍വഹിക്കുന്നതിനായി പുറപ്പെട്ടു. ഇങ്ങനെ പുറപ്പെടുന്നതില്‍ നബി ﷺ ക്ക് വേറെയും ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. മക്കയില്‍നിന്നും മദീനയിലേക്ക് നബി ﷺ യും സ്വഹാബിമാരും ഹിജ്‌റ പോയതിന്റെ പേരില്‍ മക്കയിലെ മുശ്‌രിക്കുകള്‍ പല ആരോപണങ്ങളും പ്രചരിപ്പിച്ചിരുന്നു.  'മുഹമ്മദിനും അവന്റെ ആളുകള്‍ക്കും ഇപ്പോള്‍ കഅ്ബയോട് സ്‌നേഹമില്ല, മക്കയോട് ആദരവില്ല, ഹറമിന് പവിത്രത കല്‍പിക്കുന്നില്ല' തുടങ്ങിയവയായിരുന്നു അവരുടെ ആരോപണങ്ങള്‍. ഉംറ ചെയ്യുന്നതിനോടൊപ്പം ഈ ആരോപണങ്ങളുടെ മുനയൊടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുമായിരുന്നു നബി ﷺ യുടെ ഈ പുറപ്പാട്. മദീന ഹിജ്‌റക്ക് ശേഷമുണ്ടായ ആദ്യത്തെ മക്കാ യാത്രയായിരുന്നു അത്.

മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ ശത്രുക്കള്‍ തടയാന്‍ സാധ്യതയുണ്ട് എന്ന ആശങ്ക നബി ﷺ ക്ക് ഉണ്ടായിരുന്നു. അവര്‍ തടയുന്നതിനെ പറ്റിയുള്ള ധാരണയില്‍ തന്നെയാണ് നബി ﷺ അവിടേക്ക് പുറപ്പെടുന്നത്. അതിനാല്‍തന്നെ മദീനയിലുള്ള വിശ്വാസികളോെടല്ലാം മക്കയിലേക്കുള്ള യാത്രക്ക് സജ്ജരാകാന്‍ റസൂല്‍ ﷺ കല്‍പിച്ചിരുന്നു. ഗ്രാമങ്ങളില്‍ വസിക്കുന്ന അറബി ഗോത്രങ്ങളെവരെ ഈ യാത്രക്ക് നബി ﷺ ക്ഷണിച്ചു. എന്നാല്‍ ഗ്രാമീണരായ പല അറബികളും മക്കയിലേക്ക് പോയാല്‍ അവിടെ വല്ല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി പേടിച്ച് പിന്മാറുകയുണ്ടായി എന്നാണ് ക്വുര്‍ആനും തിരുവചനങ്ങളും മനസ്സിലാക്കിത്തരുന്നത്. എന്നാലും നബി ﷺ യുടെ കൂടെ ആയിരത്തി നാനൂറോളം ആളുകള്‍ ഉണ്ടായിരുന്നു. ഈ യാത്രക്ക് സാക്ഷികളായ ജാബിര്‍ ഇബ്‌നു അബ്ദില്ലാഹ്(റ), ബറാഅ് ഇബ്‌നു ആസിബ്(റ), മഅ്ക്വല്‍ ഇബ്‌നു യസാര്‍(റ), സലമത് ഇബ്‌നു അല്‍അക് വഅ്(റ), അല്‍ മുസയ്യബ് ഇബ്‌നു ഹസന്‍(റ) തുടങ്ങിയ സ്വഹാബിമാര്‍ ആ യാത്രയെ സംബന്ധിച്ചുള്ള വിവരണം വിശദമായി മുസ്‌ലിം ലോകത്തിന് കൈമാറിത്തന്നിട്ടുണ്ട്.

മദീനയില്‍നിന്ന് പുറപ്പെട്ട മുസ്‌ലിംകള്‍ മക്കയില്‍ എത്തുന്നതിന് മുമ്പായുള്ള ദുല്‍ഹുലയ്ഫ എന്ന സ്ഥലത്തുവെച്ച് ഇഹ്‌റാമില്‍ പ്രവേശിച്ചു. മദീനയില്‍നിന്ന് ഹജ്ജ്-ഉംറ കര്‍മങ്ങള്‍ക്കായി പോകുന്നവര്‍ ഇഹ്‌റാമില്‍ പ്രവേശിക്കുവാനായി നബി ﷺ നിശ്ചയിച്ച മീക്വാത്താണ് ദുല്‍ഹുലയ്ഫ. ഇന്ന് അത് ബിഅ്‌റു അലി എന്ന പേരിലാണ് അറിയപ്പെടുന്നത്. എഴുപതോളം ഒട്ടകങ്ങള്‍ നബി ﷺ യുടെ കൂടെ ഉണ്ടായിരുന്നു. മക്കയില്‍നിന്ന് കുറേ കാലമായല്ലോ നബി ﷺ പോന്നിട്ട്. അവിടെ വെച്ച് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ബലിയറുക്കണം എന്ന് അവിടുത്തേക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനാണ് ഈ എഴുപതോളം ഒട്ടകങ്ങളെ കരുതിയിരുന്നത്.

പതിവുപോലെ, നബി ﷺ ഒരു ദൂതനെ മക്കയിലേക്ക് അയച്ചു. ബുസ്ര്‍ ഇബ്‌നു സുഫ്‌യാന്‍(റ) ആയിരുന്നു ആ ദൂതന്‍. മക്കക്കാര്‍ മുസ്‌ലിംകളുടെ ഈ പുറപ്പാട് അറിഞ്ഞിട്ടുണ്ടോ, എന്താണ് അവരുടെ നീക്കം തുടങ്ങിയ കാര്യങ്ങള്‍ അറിയാനായിരുന്നു അദ്ദേഹത്തെ നബി ﷺ അയച്ചത്.

മുസ്‌ലിംകള്‍ യാത്ര പുറപ്പെട്ടു. അസ്ഫാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ബുസ്ര്‍(റ) മുഖേന നബി ﷺ ക്ക് വിവരം കിട്ടി. മക്കക്കാര്‍ വിവരം അറിഞ്ഞിട്ടുണ്ടെന്നും, അവര്‍ ഇളകിമറിഞ്ഞിരിക്കുകയാണെന്നും, മുസ്‌ലിംകളെ മക്കയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും, തടയാനായി ഖാലിദ് ഇബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു സൈനികവ്യൂഹം തന്നെ പുറപ്പെട്ടിട്ടുണ്ടെന്നും നബി ﷺ ക്ക് വിവരം ലഭിച്ചു.

നയപരമായ കാര്യങ്ങളില്‍ എപ്പോഴും നബി ﷺ അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുചരന്മാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനമെടുത്തിരുന്നത്. എന്നിട്ട് അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് മുന്നോട്ട് പോകലായിരുന്നു അവിടുത്തെ പതിവ്. അതേ രീതി ഇവിടെയും നബി ﷺ സ്വീകരിച്ചു. സ്വഹാബിമാരോട് നബി ﷺ ചര്‍ച്ച നടത്തി.

നാം അവരോട് യുദ്ധത്തിന് ഒരുങ്ങണോ? എന്താണ് നാം ചെയ്യേണ്ടത്? അന്നേരം അബൂബക്ര്‍(റ) പറഞ്ഞു:

'അല്ലാഹുവിന്റെ റസൂലേ, ഈ ഭവനത്തിലേക്ക് ഉംറ ചെയ്യുന്നവനായിട്ടാണല്ലോ അവിടുന്ന് പുറപ്പെട്ടിരിക്കുന്നത്. ഒരാളെയും വധിക്കുവാനോ ഒരാളോടും യുദ്ധം ചെയ്യാനോ അവിടുന്ന് ഉദ്ദേശിച്ചിട്ടില്ല. അതിനാല്‍ അതിന് (കഅ്ബക്ക്) നേരെ ഗമിച്ചേക്കുക. അങ്ങനെ ആരെങ്കിലും അതില്‍നിന്ന് നമ്മെ തടുക്കുന്നുവെങ്കില്‍ അവനോട് നാം യുദ്ധം ചെയ്യും.' നബി ﷺ പറഞ്ഞു: 'അല്ലാഹുവിന്റെ നാമത്തില്‍ നിങ്ങള്‍ പോകൂ' (ബുഖാരി).

നബി ﷺ യും സ്വഹാബിമാരും മക്കയിലേക്കുള്ള യാത്ര തുടര്‍ന്നു. ശത്രുവിന്റെ സാന്നിധ്യം നബി ﷺ ക്ക് മനസ്സിലായി. ശത്രുക്കളുടെ കുതിരപ്പട അടുത്ത് എത്താറായിരിക്കുന്നു എന്ന് അവിടുത്തേക്ക് ബോധ്യമായി. നമസ്‌കാരത്തിന്റെ സമയവും ആയി. അങ്ങനെ അവിടെ വെച്ച് നബി ﷺ സ്വഹാബിമാരെയും കൂട്ടി നമസ്‌കരിച്ചു. സ്വലാത്തുല്‍ ഖൗഫാണ് (ഭയത്തിന്റെ അവസരത്തിലുള്ള നമസ്‌കാരം) അവര്‍ നിര്‍വഹിച്ചത്. യുദ്ധ സാഹചര്യത്തിലും ശത്രുവിന്റെ മുമ്പില്‍ വെച്ചും പേടിക്കുന്ന സമയത്ത് ഇപ്രകാരമാണ് നമസ്‌കരിക്കേണ്ടത് എന്ന് നബി ﷺ സ്വഹാബിമാരെ പഠിപ്പിച്ചു. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സ്വലാത്തുല്‍ ഖൗഫ് ഹുദയ്ബിയക്ക് അടുത്തുള്ള ഈ അസ്ഫാനില്‍ വെച്ചായിരുന്നു നടന്നത് എന്ന് ചരിത്രത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

നമസ്‌കാരം നിര്‍വഹിച്ചശേഷം യാത്ര തുടര്‍ന്നു. അങ്ങനെ ഹുദയ്ബിയ എന്ന സ്ഥലത്ത് നബി ﷺ യും അനുചരന്മാരും എത്തി. ഹുദയ്ബിയയുടെ പല ഭാഗങ്ങളും ഹറമില്‍ ഉള്‍പെട്ടതാണ്. അത്രത്തോളം കഅ്ബയുടെ സമീപത്ത് നബി ﷺ യും സ്വഹാബിമാരും എത്തി എന്നര്‍ഥം. ശുമയ്‌സിയ എന്ന പേരിലാണ് ഇന്ന് അത് അറിയപ്പെടുന്നത് എന്ന് ചില ഗ്രന്ഥങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഹുദയ്ബിയയില്‍ നബി ﷺ എത്തിയപ്പോള്‍ അവിടുത്തെ ഒട്ടകമായ ക്വസ്‌വാഅ് മുന്നോട്ട് പോകാതെ മുട്ടുകുത്തി കിടന്നു. ഇതു കണ്ട സ്വഹാബിമാര്‍ പറഞ്ഞു: 'ക്വസ്‌വാഅ് ക്ഷീണിച്ചിരിക്കുന്നു, ക്വസ്‌വാഅ് ക്ഷീണിച്ചിരിക്കുന്നു.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'ക്വസ്‌വാഅ് ക്ഷീണിച്ചിട്ടില്ല, അത് അതിന്റെ സ്വഭാവവും അല്ല. പക്ഷേ, ആനയെ തടഞ്ഞവന്‍ തടഞ്ഞതാണ്.' പിന്നീട് നബി ﷺ പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ (സത്യം), അല്ലാഹുവിന്റെ പവിത്രതകളെ ബഹുമാനിക്കുന്ന ഏതൊരു കാര്യവും അവര്‍ എന്നോട് ചോദിച്ചിട്ടില്ല, ഞാന്‍ അവര്‍ക്ക് അത് നല്‍കിയിട്ടല്ലാതെ...'(ബുഖാരി).

കഅ്ബ പൊളിക്കാന്‍ വന്ന അബ്‌റഹത്തിനെയും അവന്റെ സൈന്യത്തെയും അല്ലാഹു നശിപ്പിച്ചത് മുമ്പ് നാം വിവരിച്ചിട്ടുണ്ട്. അബ്‌റഹത്ത് കൊണ്ടുവന്ന ആനകള്‍ കഅ്ബക്ക് നേരെ തിരിയുമ്പോള്‍ നിലത്തേക്ക് ആണ്ടുപോവുകയാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് കഅ്ബയെ സംരക്ഷിക്കാനായി, അതിന് അര്‍ഹിക്കുന്ന സ്ഥാനവും പദവിയും നല്‍കുന്നതിന് വേണ്ടിയാണ് നബി ﷺ യും സ്വഹാബിമാരും അവിടേക്ക് പുറപ്പെടുന്നത്. അന്ന് ആനയെ പിടിച്ചുവെച്ചവന്‍ ഇപ്പോള്‍ നമ്മുടെ ഒട്ടകത്തെയും പിടിച്ചുവെക്കുകയാണെന്നും, അതല്ലാതെ അതിന് ക്ഷീണം ബാധിച്ചതല്ലെന്നും അവിടുന്ന് സ്വഹാബത്തിനെ പഠിപ്പിക്കുകയാണ്. എന്തിനാണ് നബി ﷺ യുടെ ഒട്ടകത്തെ അല്ലാഹു പിടിച്ചു വെക്കുന്നത്? അതെ, ശേഷം വലിയ ഒരു വിജയം മുസ്‌ലിംകള്‍ക്ക് വരാനിരിക്കുന്നു. അതിന് മുന്നോടിയായി അല്ലാഹു നിശ്ചയിച്ച കാര്യങ്ങള്‍ സംഭവിപ്പിക്കുകയാണ്.

യാത്രയില്‍ അവരുടെ ആവശ്യങ്ങള്‍ക്കായി അവര്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നുപോയി. ദാഹാര്‍ത്തരായി മുസ്‌ലിംകള്‍ വലഞ്ഞു. അവിടെവെച്ച് നബി ﷺ യിലൂടെ മറ്റൊരു അത്ഭുതം സംഭവിക്കുകയാണ്. അവിടെ അല്‍പം മാത്രം വെള്ളമുള്ള ഒരു കിണര്‍ ഉണ്ടായിരുന്നു. അതിലേക്ക് തന്റെ ഉമിനീര്‍ പുരട്ടിയ ഒരു അമ്പ് എടുത്ത് എറിഞ്ഞു. അതോടെ വെള്ളം ഊര്‍ന്ന് വരാന്‍ തുടങ്ങി. അങ്ങനെ സ്വഹാബിമാര്‍ മുഴുവനും അത് ഉപയോഗിക്കുകയും ചെയ്തു. അത് ഒരു മുഅ്ജിസത്തായിരുന്നു, അഥവാ നബി ﷺ യിലൂടെ അല്ലാഹു വെളിവാക്കിയ അവന്റെ ദൃഷ്ടാന്തമായിരുന്നു.

ഈ സമയത്തെല്ലാം ദൂതന്മാര്‍ മുഖാന്തിരം തന്റെ ആഗമനോദ്ദേശ്യം എന്താണെന്ന് നബി ﷺ ക്വുശയ്ശികളെ അറിയിച്ചു കൊണ്ടിരുന്നു. മക്കയോട് അടുത്താണല്ലോ നബി ﷺ യും സ്വഹാബിമാരും ഉള്ളത്. രംഗം വഷളാകാന്‍ പോകുന്ന അവസ്ഥയിലായി. ക്വുറയ്ശികള്‍ പ്രക്ഷുബ്ധരായിക്കഴിഞ്ഞിട്ടുണ്ട്. അവരെ കാര്യം അറിയിക്കാനായി സ്വഹാബിമാരെ ഇടയ്ക്കിടെ അയക്കുന്നുണ്ട്. അതൊന്നും ഫലം കാണാതായി. ദൂതന്മാര്‍ അവരോട് പറഞ്ഞു: 'അവിടുന്ന് ഒരാളോടും യുദ്ധം ഉദ്ദേശിച്ചിട്ടില്ല. നിശ്ചയമായും അവിടുന്ന് ഉദ്ദേശിച്ചത് കഅ്ബ സന്ദര്‍ശിക്കുവാനും അതിനെ ആദരിക്കുവാനും മാത്രമാകുന്നു.'

ബുദയ്ല്‍(റ) നബി ﷺ യെ സമീപിച്ചു. നബി ﷺ യെയും വിശ്വാസികളെയും തടയാന്‍ തന്നെയാണ് അവരുടെ തീരുമാനം എന്ന് നബി ﷺ യെ അദ്ദേഹം അറിയിച്ചു. നബി ﷺ തന്റെ നിലപാട് അദ്ദേഹത്തെയും അറിയിച്ചു. ബുദയ്ല്‍ അത് ക്വുറയ്ശികളെയും അറിയിച്ചു. അതിന് അവര്‍ ഇപ്രകാരം മറുപടി നല്‍കി:

''അവന്‍ അതിനുവേണ്ടി മാത്രമാണ് വന്നത് എങ്കില്‍ അല്ലാഹുവാണ (സത്യം), സമാധാനത്തിലൂടെ അവന്‍ ഞങ്ങളിലൂടെ അതില്‍ പ്രവേശിക്കുന്നതല്ല. അറബികള്‍ക്ക് അങ്ങനെ ഒരു സംസാരം തന്നെ ഉണ്ടാകാവതല്ല''(അഹ്മദ്).

മുസ്‌ലിംകളെ ശത്രുക്കള്‍ തടഞ്ഞാലും ഇല്ലെങ്കിലും നബി ﷺ യും അനുയായികളും വിശുദ്ധ ഹറമിനെ ആദരിക്കുന്നവരാണ് എന്ന് വെളിപ്പെടുത്തുവാന്‍ സാധിച്ചിരിക്കുകയാണ്. തടഞ്ഞാല്‍ ജനങ്ങള്‍ പറയും: 'മുഹമ്മദും അനുയായികളും കഅ്ബയെ ബഹുമാനിച്ച് വന്നപ്പോള്‍ അറബികള്‍ അവരെ തടഞ്ഞു.' അത് അവര്‍ക്ക് ചീത്തപ്പേരാണല്ലോ നല്‍കുക. നബി ﷺ കഅ്ബയെ ആദരിക്കുന്നുണ്ട് എന്ന വസ്തുത അപ്പോള്‍ വെളിപ്പെടും. ഇനി തടഞ്ഞില്ലെങ്കിലോ, അപ്പോഴും ഇത് ബോധ്യപ്പെടും. കാരണം, എത്രയോ ദൂരം യാത്ര ചെയ്താണല്ലോ നബി ﷺ യും സ്വഹാബിമാരും മക്കയിലേക്ക് വരുന്നത് ഹറമിന്റെ പവിത്രത ഉള്‍ക്കൊണ്ടും അതിനെ ബഹുമാനിക്കുന്നത് കൊണ്ടുമാണല്ലോ. രണ്ടായിരുന്നാലും ശത്രുക്കള്‍ മുസ്‌ലിംകളെ പറ്റി മക്കയില്‍ പ്രചരിപ്പിച്ച കള്ളപ്രചാരണം തകരാന്‍ പോകുകയാണ്.

അവസാനമായി ഉഥ്മാന്‍ ഇബ്‌നു അഫ്ഫാനെ(റ)യായിരുന്നു നബി ﷺ സന്ദേശവുമായി അയച്ചത്.അദ്ദേഹം മക്കയിലെ പ്രമുഖരെ സമീപിച്ച് മുസ്‌ലിംകളെ ഉംറ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് അവര്‍ പറഞ്ഞു: 'ഏതായിരുന്നാലും ഇവിടേക്ക് വന്ന സ്ഥിതിക്ക് താങ്കള്‍ ത്വവാഫും ഉംറയും നിര്‍വഹിച്ചു കൊള്ളുക.' ഉഥ്മാന്‍(റ) പറഞ്ഞു: 'ഞാന്‍ ഒരു നേതാവിന്റെ അനുമതിയോടെയാണ് ഇവിടേക്ക് വന്നിട്ടുള്ളത്. ആ നേതാവായ പ്രവാചകന്‍ ﷺ അനുവാദം നല്‍കാത്ത ഒരു ത്വവാഫിനോ ഉംറക്കോ ഞാന്‍ ഒരുക്കമല്ല. എന്റെ നേതാവിന് ത്വവാഫിന് അവസരം ഇല്ലാത്ത സ്ഥലത്ത് എനിക്കും ത്വവാഫ് ചെയ്യേണ്ട.'

ചര്‍ച്ചകള്‍ വീണ്ടും നീണ്ടുപോയി. ഉഥ്മാന്‍(റ) തിരിച്ചുവരുന്നത് കാണാതായപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു കിംവദന്തി പ്രചരിപ്പിക്കപ്പെട്ടു. ഉഥ്മാനെ അവര്‍ കൊന്നിരിക്കുന്നു! അങ്ങനെ നബി ﷺ തന്റെ അനുചരന്മാരെ എല്ലാവരെയും ഒരു വൃക്ഷത്തിന് താഴെ വിളിച്ചു ചേര്‍ത്തു. എല്ലാവരോടുമായി നബി ﷺ പറഞ്ഞു: 'രംഗം വളരെ മോശമാണ്. നാം അയച്ച നമ്മുടെ ദൂതന്‍ ഉഥ്മാനെ ശത്രുക്കള്‍ വധിച്ചിരിക്കുന്നു എന്നാണ് നാം കേള്‍ക്കുന്നത്. അതിനാല്‍ അവരോട് ഒരു യുദ്ധംതന്നെ വേണ്ടിവരും. ഒരിക്കലും ഓടിപ്പോകില്ലെന്നും മരണംവരെ പോരാടുമെന്നും എന്നോട് കൈപിടിച്ച് ബയ്അത്ത് ചെയ്യണം.' അങ്ങനെ ആ വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ച് എല്ലാ സ്വഹാബിമാരും കൈ പിടിച്ച് പ്രതിജ്ഞയെടുത്തു. അവിടെ വെച്ച് പ്രതിജ്ഞ ചെയ്ത സ്വഹാബിമാരോട് നബി ﷺ ഇപ്രകാരം പറയുകയുണ്ടായി:

''ഭൂവാസികളില്‍ ഇന്ന് ഏറ്റവും ഉത്തമരാണ് നിങ്ങള്‍'' (മുസ്‌ലിം).

''അല്ലാഹു ഉദ്ദേശിച്ചാല്‍ ഈ വൃക്ഷത്തിന്റെ ആളുകളില്‍ പെട്ട ഒരാളും-ചുവട്ടില്‍ നിന്ന് ബയ്അത്ത് ചെയ്തവരായ-നരകത്തില്‍ പ്രവേശിക്കുന്നതല്ല''(മുസ്‌ലിം).

ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ച് നബി ﷺ യോട് സ്വഹാബിമാര്‍ ചെയ്ത ബയ്അത്താണ് ഇസ്‌ലാമിക ചരിത്രത്തില്‍ 'ബയ്അത്തുര്‍രിദ്‌വാന്‍' എന്ന പേരില്‍ അറിയപ്പെടുന്നത്. ബയ്അത്തുശ്ശജറ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.

അതേ സമയം, മക്കക്കാരോട് ചര്‍ച്ചക്ക് പോയി കാണാതായ ഉഥ്മാന്‍(റ)വിന് നബി ﷺ യോട് കരാര്‍ ചെയ്യാന്‍ സാധിച്ചില്ല. അദ്ദേഹത്തിന് പകരം നബി ﷺ തന്റെ ഒരു കൈ മറ്റേ കൈയ്യില്‍ പിടിച്ച് കരാര്‍ ചെയ്യുകയായിരുന്നു. സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം:

''അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ വലതുകൈ (പിടിച്ചു)കൊണ്ട് പറഞ്ഞു: 'ഇത് ഉഥ്മാന്റെ കൈയാകുന്നു.'' എന്നിട്ട് അവിടുന്ന് അത്‌കൊണ്ട് മറ്റേ കൈയില്‍ അടിച്ചു. എന്നിട്ട് പറഞ്ഞു: 'ഇത് ഉഥ്മാന് വേണ്ടിയാകുന്നു.' അതോടെ ഉഥ്മാന്‍(റ) ബയ്അതുര്‍രിദ്‌വാനില്‍ പങ്കെടുത്ത സ്വഹാബിമാരില്‍ അംഗമായി.

താമസിയാതെ ഉഥ്മാന്‍(റ) അവിടേക്ക് കടന്നുവന്നു. ഉഥ്മാന്‍(റ) വധിക്കപ്പെട്ടിരിക്കുന്നു എന്ന നേരത്തെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത കളവാണെന്ന് അദ്ദേഹത്തിന്റെ വരവോടെ ബോധ്യമാകുകയും ചെയ്തു.

(തുടരും)