ഉഹ്ദ് നല്‍കുന്ന പാഠം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഒക്ടോബര്‍ 02 1442 സഫര്‍ 25

(മുഹമ്മദ് നബി ﷺ : 40)

നബി ﷺ യുടെ കല്‍പന പ്രകാരം അമ്പെയ്ത്തുകാര്‍ അവിടെ നിലയുറപ്പിച്ചു. യുദ്ധം ആരംഭിച്ചു. ശക്തമായ ജീവന്‍മരണ പോരാട്ടം നടന്നു. മുസ്‌ലിംകള്‍ വലിയ ആവേശത്തിലായിരുന്നു. നേരത്തെ നാം പറഞ്ഞതുപോലെ ബദ്ര്‍ യുദ്ധത്തില്‍ അവസരം ലഭിക്കാത്ത ധാരാളംപേര്‍ ഈ യുദ്ധത്തിലുണ്ട്. അതില്‍ പെട്ട ഒരാളായിരുന്നു അനസുബ്‌നുന്നദ്ര്‍(റ). അദ്ദേഹം പറയുന്നത് നോക്കൂ:

''അല്ലാഹുവിന്റെ റസൂലി ﷺ ന്റെ കൂടെ ശേഷമുള്ള (ഒരു യുദ്ധത്തില്‍) അല്ലാഹു എനിക്ക് ഒരു അവസരം കാണിക്കുകയാണെങ്കില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അല്ലാഹു കാണിക്കുക തന്നെ ചെയ്യുന്നതാണ്'' (സീറതുന്നബവിയ്യ).

ഇതുപോലെ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത പല സ്വഹാബിമാരും വലിയ ആവേശത്തിലാണ് ഉഹ്ദിന്റെ പോര്‍ക്കളത്തില്‍ എത്തിയിട്ടുള്ളത്. യുദ്ധം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടു. ഘോരമായ പോരാട്ടം നടന്നു.

 അനസി(റ)ല്‍നിന്ന് നിവേദനം: ''ഉഹ്ദിന്റെ ദിവസം അല്ലാഹുവിന്റെ റസൂല്‍ ﷺ വാളെടുത്തു. എന്നിട്ട് ചോദിച്ചു: 'എന്നില്‍നിന്ന് ആര് ഇത് സ്വീകരിക്കും?' അപ്പോള്‍ അവര്‍ എല്ലാവരും അവരുടെ കൈകള്‍ നീട്ടി. അവരില്‍ എല്ലാവരും പറഞ്ഞു: 'ഞാന്‍, ഞാന്‍.' നബി ﷺ ചോദിച്ചു: 'ആര് ഇതിന്റെ ബാധ്യത സ്വീകരിക്കും?' അനസ്(റ) പറഞ്ഞു: 'അപ്പോള്‍ എല്ലാവരും നിശ്ശബ്ദരായി. അപ്പോള്‍ സിമാകുബ്‌നു ഖറശ (അബൂ ദുജാന) പറഞ്ഞു: 'ഞാന്‍ അതിന്റെ ബാധ്യത സ്വീകരിക്കുന്നതാണ്.' അനസ്(റ) പറഞ്ഞു: 'അങ്ങനെ അദ്ദേഹം അത് സ്വീകരിക്കുകയും എന്നിട്ട് അതുകൊണ്ട് അദ്ദേഹം മുശ്‌രിക്കുകളെ ശക്തിയായി പിളര്‍ത്തുകയും ചെയ്തു'' (മുസ്‌ലിം).

വിചാരിക്കാത്ത മുന്നേറ്റമായിരുന്നു ഓരോ സ്വഹാബിയും കാണിച്ചത്. ഹംസ(റ) ശക്തമായി ശത്രുക്കളുമായി പോരാടി. നേര്‍ക്കുനേരെ അദ്ദേഹത്തെ നേരിടാന്‍ ശത്രുപാളയത്തില്‍ ഒരാളും ഉണ്ടായിരുന്നില്ല. അത് തിരിച്ചറിഞ്ഞ ശത്രുക്കള്‍ നേരത്തെതന്നെ അദ്ദേഹത്തെ ചതിയില്‍ കൊല്ലാന്‍ പദ്ധതി രൂപപ്പെടുത്തിയിരുന്നു. വഹ്ശി (പില്‍ക്കാലത്ത് മുസ്‌ലിമായി) മറ്റൊരാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഹംസ(റ)യെ കൊല്ലാനുള്ള തീരുമാനത്തിലാണ് ഉഹ്ദിലേക്ക് എത്തിയിരിക്കുന്നത്. വഹ്ശി ഒരു പാറയുടെ പിന്നില്‍ ആരും കാണാതെ ഒളിച്ചിരിക്കുന്നു. ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഹംസ(റ) പോര്‍ക്കളത്തില്‍ മുന്നേറുന്ന വേളയില്‍ വഹ്ശി ചതിയിലൂടെ അദ്ദേഹത്തിനുനേരെ ഇരുതല മൂര്‍ച്ചയുള്ള ചാട്ടുളി എറിഞ്ഞു. ഹംസ(റ) വീണു.

സമര രംഗത്ത് മുസ്‌ലിംകളുടെ ആവേശം കണ്ട ശത്രുക്കള്‍ പേടിച്ച് രംഗം വിട്ടോടി. മുസ്‌ലിംകളുടെ ധൈര്യവും സ്ഥൈര്യവും ആവേശവും ശത്രുക്കളെ പരിഭ്രാന്തിയിലാക്കി. തോറ്റോടുകയല്ലാതെ രക്ഷയില്ലെന്ന് മനസ്സിലാക്കിയ അവര്‍ രക്ഷപ്പെടാനുള്ള മാര്‍ഗം നോക്കി. യുദ്ധത്തിന് കൊണ്ടുവന്ന മുഴുവന്‍ സാമഗ്രികളും അവിടെ ഇട്ടേച്ച് അവര്‍ ഓടി. ഉഹ്ദ് യുദ്ധത്തിന്റെ ആദ്യം ഘട്ടം ഇപ്രകാരമായിരുന്നു.

യുദ്ധത്തില്‍നിന്നും തോറ്റോടിയ മുശ്‌രിക്കുകളുടെ സമ്പത്ത് മുസ്‌ലിംകള്‍ ശേഖരിക്കുകയാണ്. ഈ കാഴ്ച മലമുകളില്‍ നബി ﷺ നേരത്തെ നിര്‍ത്തിയ അമ്പെയ്ത്തുകാര്‍ കാണുകയാണ്. അവര്‍ അവരുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ജുബയ്‌റി(റ)നോട് പറയാന്‍ തുടങ്ങി:

''ഗനീമത്ത് (സ്വത്ത്). നിങ്ങളുടെ കൂട്ടുകാര്‍ വിജയിച്ചിരിക്കുന്നു. എന്തിന് (ഇനി) നോക്കിനില്‍ക്കണം?'' അപ്പോള്‍ അബ്ദുല്ലാഹിബ്‌നു ജുബയ്ര്‍(റ) പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ നിങ്ങളോട് പറഞ്ഞത് നിങ്ങള്‍ മറന്നുവോ?'' അവര്‍ പറഞ്ഞു: ''അല്ലാഹുവാണ സത്യം, ഞങ്ങള്‍ (താഴെയുള്ള) ജനങ്ങളിലേക്ക് പോകുക തന്നെ ചെയ്യും. എന്നിട്ട് ഗനീമത്തില്‍നിന്ന് ഞങ്ങളും അനുഭവിക്കുന്നതാണ്.''

അമ്പെയ്ത്തുകാരില്‍ പലരും താഴെ സമരാര്‍ജിത സ്വത്ത് ശേഖരിക്കുന്നത് കണ്ട് അവര്‍ക്ക് മുകളില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. നബി ﷺ അവരോട് നേരത്തെ പറഞ്ഞ കല്‍പന അവര്‍ മറന്നു. അവരുടെ നേതാവ് അവരെ ഓര്‍മിപ്പിച്ചിട്ടും അവര്‍ക്ക് അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. യുദ്ധം അവസാനിച്ചെന്ന് വിചാരിച്ച് നബി ﷺ യില്‍നിന്നും വിവരം ലഭിക്കുന്നതിന് മുമ്പായി അവരില്‍ കുറച്ച് പേരൊഴികെ എല്ലാവരും ആ മലയില്‍നിന്നും താഴെയിറങ്ങി. അങ്ങനെ മലമുകളില്‍ കേവലം പത്ത് പേരാണ് ബാക്കിയായത് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

പിന്നീട് എന്ത് സംഭവിച്ചു? ഖാലിദ് ബ്‌നുല്‍ വലീദ്(റ) -അന്ന് അദ്ദേഹം മുസ്‌ലിമായിട്ടില്ല- അടക്കമുള്ള എല്ലാ ശത്രുക്കളും പിന്തിരിഞ്ഞ് ഓടിയവരില്‍ പെടുന്നവരാണ്. അപ്പോഴും ഖാലിദ്ബ്‌നുല്‍ വലീദിന്റെ മനസ്സില്‍ ഒരു ചിന്തയുണ്ട്. ഈ മലമുകളിലുള്ളവര്‍ ഒന്ന് താഴെയിറങ്ങിയാല്‍ ആ തക്കത്തില്‍ മലമടക്കിന്റെ ഉള്ളിലൂടെ പ്രവേശിച്ച് കടന്നാക്രമണം നടത്താം. അങ്ങനെതന്നെ സംഭവിച്ചു. മുസ്‌ലിംകളുടെ പിന്നിലൂടെ ഖാലിദ്ബ്‌നുല്‍ വലീദും സംഘവും യുദ്ധക്കളത്തിലേക്ക് എടുത്തുചാടി. മുസ്‌ലിംകള്‍ ഇങ്ങനെയൊരു പ്രത്യാക്രമണത്തെ തൊട്ട് അശ്രദ്ധരായിരുന്നു. യുദ്ധക്കളം വിട്ടോടിയ ശത്രുക്കളെല്ലാവരും തിരിച്ചുവരികയും മുസ്‌ലിംകളെ ശക്തമായി ആക്രമിക്കുകയും ചെയ്തു. പിന്നില്‍നിന്ന് ഖാലിദ്ബ്‌നുല്‍ വലീദും സംഘവും മുന്നില്‍നിന്ന് പിന്നീട് വന്നവരും. രണ്ടിന്റെയും ഇടയില്‍ മുസ്‌ലിംകള്‍! മുസ്‌ലിംകള്‍ ആകെ പരിഭ്രാന്തരായി. പലരും അണിവിട്ട് ചിന്നിച്ചിതറി. കുറച്ചുപേര്‍ മാത്രം നബി ﷺ യുടെ കൂടെ നില്‍ക്കുന്നു. സ്വന്തം കൂട്ടത്തില്‍ പെട്ടവരെ പോലും തിരിച്ചറിയാന്‍ സാധിക്കാത്തവിധം മുസ്‌ലിംകള്‍ പേടിച്ച് പരിഭ്രാന്തരായി എന്നതാണ് സത്യം. ആളറിയാതെ പലരും മുസ്‌ലിംകളെ തന്നെ വധിച്ചു. അത്രയും വലിയ പ്രത്യാക്രമണമായിരുന്നു രണ്ടാമത് മുശ്‌രിക്കുകള്‍ നടത്തിയത്. ഹുദൈഫ(റ)യുടെ പിതാവായ യമാനെ(റ) മുസ്‌ലിംകള്‍ ആളറിയാതെ വധിക്കാന്‍ വാളോങ്ങി നില്‍ക്കുന്ന വേളയില്‍ മകനായ ഹുദൈഫ(റ) കൂട്ടുകാരോട് ഉറക്കെ വിളിച്ചു പറഞ്ഞു: 'സഹോദരങ്ങളേ, അത് എന്റെ പിതാവാണ്, വധിക്കല്ലേ.' അപ്പോഴേക്കും അദ്ദേഹത്തെ അവര്‍ വധിച്ചു. നബി ﷺ അവരോട് ശക്തമായി ദേഷ്യപ്പെട്ടു. അപ്പോള്‍ ഹുദൈഫ(റ) അവരോട് പറഞ്ഞു: 'അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണ കാണിക്കുന്നവരില്‍ ഏറ്റവും നന്നായി കരുണ കാണിക്കുന്നവനാണല്ലോ.' ഈ സംഭവം ഇമാം ഹാകിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുസ്‌ലിംകള്‍ക്കിടയില്‍ ഇത്രയും വലിയ അങ്കലാപ്പ് രൂപപ്പെടാന്‍ മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. 'മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു' എന്ന ഒരു കള്ളം ശത്രുക്കള്‍ വിളിച്ചുപറഞ്ഞു. നബി ﷺ മരണപ്പെട്ടെങ്കില്‍ ഇനി എന്തിന് നാം ജീവിച്ചിരിക്കണം എന്ന ചിന്തയില്‍ അവര്‍ യുദ്ധക്കളത്തില്‍നിന്നും രക്ഷപ്പെടാനുള്ള വഴി നോക്കി. പലരും തെന്നിമാറി. ഓടി രക്ഷപ്പെടാന്‍ തുടങ്ങി. മുസ്‌ലിംകള്‍ ഛിന്നഭിന്നമായി. അനസുബ്‌നുന്നദ്ര്‍(റ) ബദ്‌റില്‍ പങ്കെടുക്കാന്‍ അവസരം കിട്ടാത്തതിന്റെ വിഷമം പറഞ്ഞത് നാം ഓര്‍ക്കുന്നുണ്ടല്ലോ. അദ്ദേഹം അതിനെ പറ്റി ചിന്തിച്ചു. നബി ﷺ മരണപ്പെട്ടെങ്കില്‍ ഞാന്‍ ഇനി യുദ്ധത്തില്‍നിന്ന് പിന്തിരിയുന്നില്ല. ശത്രുവിനോട് പോരാടുക തന്നെ. ശക്തിയായി അദ്ദേഹം അവരുമായി പോരാടി. ധാരാളം പേരോട് അദ്ദേഹം എതിരിട്ടു. അങ്ങനെ ശത്രുക്കളില്‍നിന്ന് എഴുപതോളം വെട്ടുകളും കുത്തുകളുമായി ഉഹ്ദിന്റെ രണഭൂമിയില്‍ രക്തസാക്ഷിയായി വീണു. തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു അനസി(റ)ന്റെ മൃതശരീരം എന്നാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. യുദ്ധശേഷം അദ്ദേഹത്തിന്റെ സഹോദരി റബീഅ്(റ) അദ്ദേഹത്തിന്റെ വിരലറ്റം കണ്ടാണ് തിരിച്ചറിഞ്ഞത്. മറ്റു അവയവങ്ങളെല്ലാം വികൃതമാക്കപ്പെട്ടിരുന്നു എന്നര്‍ഥം. ഇദ്ദേഹത്തെ പോലെയുള്ള സ്വഹാബിമാരെ പറ്റി അല്ലാഹു അറിയിച്ചു:

''സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല'' (ക്വുര്‍ആന്‍ 33:23).

ഉഹ്ദ് നല്‍കുന്ന പാഠം

ആള്‍ബലം കുറവായിട്ട് പോലും ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയം ലഭിച്ചുവെങ്കില്‍ അതിലേറെ ആള്‍ബലവും ആയുധ ബലവുമെല്ലാം ഉണ്ടായിട്ടും ഉഹ്ദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് പരാജയമാണ് സംഭവിച്ചത്. പല കാരണങ്ങളും അതിന് ഉണ്ടായിരുന്നു എന്ന് ക്വുര്‍ആനിന്റെ അതു സംബന്ധമായ പ്രതിപാദനത്തില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

തങ്ങള്‍ ജീവനെക്കാളേറെ സ്‌നേഹിക്കുന്ന പ്രവാചകന്‍ ﷺ മരണപ്പെട്ടിരിക്കുന്നു എന്ന കളവ് മുസ്‌ലിംകള്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചത്. പ്രവാചകന്‍ ﷺ വധിക്കപ്പെട്ടിരിക്കുന്നു എന്ന വ്യാജവാര്‍ത്ത യുദ്ധക്കളത്തില്‍ മുഴുക്കെ ശത്രുക്കള്‍ പരത്തിയതിന്റെ അടിസ്ഥാനത്തില്‍ വസ്തുത എന്തെന്ന് കൃത്യമായി അറിയാതെ മുസ്‌ലിം സമൂഹം ചിതറിയോടുകയാണ് ഉണ്ടായത്. നമ്മുടെ നേതാവ് കൊല്ലപ്പെട്ടല്ലോ, ഇനി നാം എന്തിന് നില്‍ക്കണം എന്ന ചിന്തയോടെ യുദ്ധക്കളം വിട്ടോടിയവരും യുദ്ധത്തില്‍നിന്ന് പിന്മാറിയവരുമെല്ലാം അവരില്‍ ഉണ്ടായിരുന്നു. എന്നാല്‍ യുദ്ധക്കളത്തില്‍ നബി ﷺ ക്ക് പരിക്ക് പറ്റിയെങ്കിലും അവിടുന്ന് യുദ്ധക്കളത്തില്‍ ഉറച്ചുനിന്നു. അവിടുന്ന് ഒരു നിലക്കും പതറിയില്ല. നബി ﷺ ക്ക് യാതൊന്നും സംഭവിക്കാതിരിക്കാന്‍ ഏതാനും സ്വഹാബിമാര്‍ നബി ﷺ യുടെ ചുറ്റും ഒരു കോട്ടപോലെ വലിയ സുരക്ഷാവലയം സൃഷ്ടിച്ചു. ഒരു മനുഷ്യമതില്‍. അവര്‍ നബി ﷺ യെ സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനും തയ്യാറായി. യുദ്ധത്തില്‍നിന്ന് ഓടിയകന്നവരും നബി ﷺ മരണപ്പെെട്ടന്ന കള്ളവാര്‍ത്തയുടെ സത്യം അറിയാതെ നിരാശാബോധത്തോടെ യുദ്ധത്തില്‍നിന്ന് പിന്മാറിയവരുമൊക്കെ യായി മുസ്‌ലിം പക്ഷം ചിതറിത്തെറിച്ചപ്പോള്‍ ധീരരായ ഏതാനും അനുയായികള്‍ നബി ﷺ യെ കാണുകയും അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കാന്‍ ആവുന്നത് ചെയ്യുന്നതുമാണ് നാം ഇവിടെ കാണുന്നത്. നബി ﷺ യെ സംരക്ഷിക്കാനായി വലയം ചെയ്ത സ്വഹാബിമാര്‍ക്ക് അനേകം വെട്ടുകളും കുത്തുകളും ശത്രുക്കളില്‍നിന്ന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

ഉഹ്ദ് യുദ്ധത്തിന്റെ പോര്‍ക്കളത്തില്‍ നബി ﷺ യെ ഏറെ സംരക്ഷിച്ച മഹാനായ സ്വഹാബിയായിരുന്നു ത്വല്‍ഹത് ഇബ്‌നു ഉബൈദില്ലാഹ്(റ). അദ്ദേഹത്തിന്റെ കൈ കുഴഞ്ഞുതൂങ്ങി എന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. സഅദുബ്‌നു അബീവക്വാസും(റ) അന്ന് ഏറെ പരിക്കുകള്‍ ഏല്‍ക്കേണ്ടിവന്ന സ്വഹാബിയാണ്. അബൂദുജാന(റ) ശത്രുക്കള്‍ നബി ﷺ ക്ക് നേരെ അെമ്പയ്തപ്പോള്‍ തന്റെ മുതുക് കാണിച്ച് നബി ﷺ യെ സംരക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. ശരീരത്തില്‍ തറച്ച അമ്പുകള്‍ ഊരിയെടുക്കാന്‍ പോലും സാധിക്കാത്തവിധം അദ്ദേഹത്തിന്റെ പുറത്ത് അമ്പുകള്‍വന്നു തറച്ചു. ഇതിനിടയില്‍ നബി ﷺ വീഴുകയുണ്ടായി. ശത്രുക്കള്‍ ഉണ്ടാക്കിയിരുന്ന ഒരു ചതിക്കുഴിയുണ്ടായിരുന്നു. നബി ﷺ അതില്‍ വീണു. അതു മുഖേന അവിടുത്തേക്ക് പരിക്കേല്‍ക്കുകയുണ്ടായി. അവിടുത്തെ കവിളില്‍ മുറിവേറ്റു. പല്ലു പൊട്ടി. മുഖത്തുനിന്നും രക്തം ഒഴുകി. ശക്തമായ രൂപത്തില്‍ ശത്രുക്കളില്‍നിന്നും അവിടുത്തേക്ക് അടി കിട്ടി. തന്റെ ശരീരത്തില്‍നിന്നും ഒലിച്ചിറങ്ങിയ രക്തം തുടച്ച് നബി ﷺ പറഞ്ഞു:

''എങ്ങനെ ഒരു ജനത വിജയിക്കും? അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്ന അവരുടെ പ്രവാചകനെ അവര്‍ മുറിവേല്‍പിച്ചിരിക്കുന്നു. അവര്‍ അദ്ദേഹത്തിന്റെ പല്ല് പൊട്ടിച്ചിരിക്കുന്നു.'' അപ്പോള്‍ അല്ലാഹു (ഈ സൂക്തം) ഇറക്കി: ''(നബിയേ,) കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല...'' (3:128) (മുസ്‌ലിം).

അല്ലാഹുവിലേക്ക് ക്ഷണിച്ചു എന്ന കാരണത്താല്‍ അല്ലാഹുവിന്റെ പ്രവാചകനായ തന്നെ തന്റെ ജനത ഈ വിധം ചെയ്തപ്പോള്‍ അവിടുന്ന് വല്ലാതെ വിഷമിച്ചു. അപ്പോഴാണ് അവിടുന്ന് ഇങ്ങനെ പറയുന്നത്. അത് തിരുത്തിക്കൊണ്ടാണ് അല്ലാഹു ആയത്ത് ഇറക്കിയത്. അല്ലാഹുവാണ് ഓരോരുത്തര്‍ക്കും സന്മാര്‍ഗം നല്‍കുന്നത്. ഒരാളും നന്നാകില്ലെന്നും വിജയിക്കില്ലെന്നും അല്ലാഹു അറിയിക്കാതെ നബി ﷺ ക്ക് പോലും സ്വന്തമായി പറയാവതല്ല. ആരാണ് നന്നാകുക എന്നും ആരാണ് അക്രമികളായി നരകത്തില്‍ പ്രവേശിക്കുക എന്നുമെല്ലാം അല്ലാഹുവിന്റെ പക്കലുള്ള തീരുമാനമാണ്. അതില്‍ ഒരാള്‍ക്കും കൈകടത്താനുള്ള അവകാശം അവന്‍ വിട്ടുനല്‍കിയിട്ടില്ല. ആയത്ത് ഇറങ്ങിയതോടെ നബി ﷺ നിലപാട് മാറ്റി. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, എന്റെ ജനതക്ക് നീ പൊറുത്ത് കൊടുക്കേണമേ. തീര്‍ച്ചയായും അവര്‍ അറിവില്ലാത്തവരാകുന്നു.''

നബി ﷺ വധിക്കപ്പെട്ടെന്ന കള്ളവാര്‍ത്ത കേട്ടപ്പോഴേക്ക് യുദ്ധത്തില്‍നിന്നും ചിലര്‍ പിന്തിരിഞ്ഞോടിയ കാര്യം നാം പറഞ്ഞല്ലോ. അവരുടെ ആ സമീപനത്തെയും അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്.

''മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്നപക്ഷം അല്ലാഹുവിന് ഒരുദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 3:144).

മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ പ്രവാചകന്‍ മാത്രമാണ്. മുമ്പും എത്രയോ പ്രവാചകന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരെല്ലാവരും അല്ലാഹുവിലേക്ക് പോയവരാണ്. ആരും ഈ ഭൂമിയില്‍ ശാശ്വതരായി കഴിയുന്നില്ല. ഓരോരുത്തര്‍ക്കും അല്ലാഹു ഓരോ അവധിവെച്ചിട്ടുണ്ടെന്നും ആ അവധി എത്തിയാല്‍ എല്ലാവരും മരിക്കുന്നതാണെന്നും അല്ലാഹു ആയത്തിന്റെ തുടക്കത്തില്‍ ഓര്‍മിപ്പിച്ചു. അതിനാല്‍ യുദ്ധക്കളത്തില്‍ മുഹമ്മദ് നബി ﷺ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ പോലും നിങ്ങള്‍ പിന്തിരിയാന്‍ പാടില്ലായിരുന്നു. ഇങ്ങനെ എന്തെങ്കിലും കാരണത്താല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് പിന്തിരിയുന്നതുകൊണ്ട് അല്ലാഹുവിന് യാതൊരു ഉപദ്രവവും അതിനാല്‍ സംഭവിക്കുന്നില്ലെന്നും അതിന്റെ ഫലം അവരാണ് അനുഭവിക്കുക എന്നും അല്ലാഹു അവരെ അറിയിച്ചു. അല്ലാഹുവിന്റെ റസൂലിന് വേണ്ടിയല്ലല്ലോ നിങ്ങള്‍ യുദ്ധം ചെയ്തത്. നബി ﷺ യുടെ പ്രീതിക്ക് വേണ്ടിയല്ലല്ലോ നിങ്ങള്‍ പൊരുതിയത്. മുഹമ്മദ് നബി ﷺ മരണപ്പെട്ടിരിക്കുന്നുവെന്നോ വധിക്കപ്പെട്ടിരിക്കുന്നുവെന്നോ കേള്‍ക്കുമ്പോഴേക്ക് യുദ്ധക്കളം വിടാന്‍ നിങ്ങളുടെ നിയ്യത്തിന് (ഉദ്ദേശ്യശുദ്ധി) എന്തെങ്കിലും അബദ്ധം സംഭവിച്ചിട്ടുണ്ടോ? യുദ്ധം എന്നത് ജയവും പരാജയവും എല്ലാം സംഭവിക്കുന്നതാണ്. എപ്പോഴും യുദ്ധത്തില്‍ വിജയിക്കണമെന്നില്ല. പരാജയം യുദ്ധത്തിന്റെ കൂടെപ്പിറപ്പ് തന്നെയാണ്. അതിനാല്‍ യുദ്ധരംഗത്ത് വിശ്വാസികളോട് ഉറച്ചുനിന്ന് പോരാടാനായി അല്ലാഹു ആഹ്വാനം നല്‍കി:

''അല്ലാഹുവിന്റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്. ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്ന് ഇവിടെ നിന്ന് നാം നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്ന് നാം അവിടെനിന്ന് നല്‍കും. നന്ദികാണിക്കുന്നവര്‍ക്ക് നാം തക്കതായ പ്രതിഫലം നല്‍കുന്നതാണ്. എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നുകൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങിക്കൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്‌നേഹിക്കുന്നു. അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.' തന്‍മൂലം ഇഹലോകത്തെ പ്രതിഫലവും പരലോകത്തെ വിശിഷ്ടമായ പ്രതിഫലവും അല്ലാഹു അവര്‍ക്ക് നല്‍കി. അല്ലാഹു സല്‍കര്‍മകാരികളെ സ്‌നേഹിക്കുന്നു'' (ക്വുര്‍ആന്‍ 3:148).

എത്രയോ നബിമാരുടെകൂടെ അനുചരന്മാര്‍ ശത്രുക്കള്‍ക്കെതിരില്‍ പോരാടിയിട്ടുണ്ട്. അത് നിങ്ങള്‍ മനസ്സിലാക്കണം എന്ന നിലയ്ക്കുള്ള ഒരു ഉദ്‌ബോധനം അല്ലാഹു സ്വഹാബിമാര്‍ക്ക് നല്‍കുകയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പേരില്‍ ആരും ദുര്‍ബലരാകുകയോ അധൈര്യം കാണിക്കുകയോ ശത്രുവിന് ഒതുങ്ങിക്കൊടുക്കുകയോ ചെയ്തിട്ടില്ലായിരുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. ഏത് സന്ദര്‍ഭത്തിലും അല്ലാഹുവില്‍ ഉറച്ച് നിന്ന്, അവനില്‍ എല്ലാം അര്‍പ്പിച്ച് അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അപ്പോള്‍ അല്ലാഹു അവരെ കൈവിട്ടില്ല. അല്ലാഹു അവര്‍ക്ക് സഹായം നല്‍കി.

ഇൗ ഓര്‍മപ്പെടുത്തല്‍ സ്വഹാബിമാര്‍ക്ക് വീര്യം നല്‍കി. അവരില്‍ കൂടുതല്‍ ഈമാനും അര്‍പ്പണബോധവും ഉണ്ടാക്കി. യുദ്ധക്കളം വിട്ട് ഓടിയവരൊന്നും കപട വിശ്വാസികളല്ല. അങ്ങനെ ആരും വിചാരിക്കരുത്. അവരുടെ ഈമാനിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. ആ സമയത്തെ അവരുടെ മാനസികമാവസ്ഥ അതായിപ്പോയതാണ്. അവരില്‍നിന്ന് അത്തരം ഒരു സമീപനം ഉണ്ടായതില്‍ അവര്‍ക്ക് വിഷമവും ഉണ്ടായി. അവര്‍ അടരാടിയത് അല്ലാഹു സ്വീകരിക്കില്ലേ എന്ന ഭയവും വ്യസനവും അവരില്‍ ഉണ്ടായിരുന്നു. അവരെയും അല്ലാഹു ആശ്വസിപ്പിച്ചു:

''രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍നിന്ന് പിന്തിരിഞ്ഞ് ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച്‌വഴിതെറ്റിക്കുകയാണുണ്ടായത്. അല്ലാഹു അവര്‍ക്ക്മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു'' (ക്വുര്‍ആന്‍ 3:155).

ഉഹ്ദിന്റെ പോര്‍ക്കളത്തില്‍നിന്ന് അവര്‍ ഓടിയകന്ന സന്ദര്‍ഭത്തില്‍ അങ്ങേയറ്റത്തെ പരിഭ്രമത്തിലായിരുന്നു അവര്‍. പ്രവാചകന്‍ ﷺ വധിക്കപ്പെെട്ടന്ന ധാരണയില്‍ യുദ്ധക്കളം വിട്ടോടുന്ന അനുചരന്മാരെ നബി ﷺ ഞാന്‍ മരണപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചു വിളിക്കുമ്പോഴും വിഭ്രാന്തിയിലായ സ്വഹാബിമാര്‍ക്ക് അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല. ക്വുര്‍ആന്‍ അതിനെ സംബന്ധിച്ച് പറയുന്നത് കാണുക:

''ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). റസൂല്‍ പിന്നില്‍നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു'' (ക്വുര്‍ആന്‍ 3:153). (തുടരും)