ഉത്തരം ലഭിച്ച പ്രാര്‍ഥനകള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

(മുഹമ്മദ് നബി ﷺ , ഭാഗം 15)

നബി ﷺ പല സന്ദര്‍ഭങ്ങളിലും പലരുടെയും നന്മയ്ക്കായി തേടുകയും അല്ലാഹു അതിന് ഉത്തരം നല്‍കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഒരു സന്ദര്‍ഭം കാണുക:

നബി ﷺ സേനാനായകനായി നിയോഗിക്കാറുണ്ടായിരുന്ന സ്വഹാബിയായിരുന്നു ജരീര്‍(റ). അദ്ദേഹത്തിന് കുതിരപ്പുറത്ത് ഇരിപ്പുറപ്പിക്കാന്‍ കഴിയാത്ത ഒരു അസുഖം ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ നബി ﷺ ഒരു യാത്രക്ക് ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം നബി ﷺ യോട് തന്‍റെ വിഷമം ബോധിപ്പിച്ചു. ജരീര്‍(റ) പറയുന്നു: "അപ്പോള്‍ നബി ﷺ തന്‍റെ കൈകൊണ്ട് എന്‍റെ നെഞ്ചില്‍, ഞാന്‍ അതിന്‍റെ അടയാളം കാണുമാറ് ഒന്ന് കൊട്ടി. അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു: 'അല്ലാഹുവേ, ഇദ്ദേഹത്തിന് നീ സ്ഥൈര്യം നല്‍കേണമേ, ഇദ്ദേഹത്തെ നീ സന്മാര്‍ഗം ലഭിച്ചവനും മാര്‍ഗദര്‍ശിയും ആക്കേണമേ.' ജരീര്‍(റ) പറയുന്നു: 'അതിനുശേഷം ഞാന്‍ കുതിരപ്പുറത്തുനിന്ന് വീണിട്ടില്ല."

അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഒരാളുടെ ഗുണത്തിനുവേണ്ടി തേടിയപ്പോള്‍ അല്ലാഹു അത് സ്വീകരിച്ചതിന് ഒരു ഉദാഹരണമാണ് ഇവിടെ നാം കണ്ടത്. ഒരു സംഭവംകൂടി കാണുക.

അത്വാഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "എന്നോട് ഇബ്നു അബ്ബാസ്(റ) ചോദിച്ചു: 'സ്വര്‍ഗക്കാരില്‍ പെട്ട ഒരു സ്ത്രീയെ ഞാന്‍ നിനക്ക് കാണിച്ചുതരട്ടെയോ?' ഞാന്‍ പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: 'ഈ കറുത്ത സ്ത്രീയാകുന്നു അവര്‍. (ഒരിക്കല്‍) അവര്‍ നബി ﷺ യുടെ അടുക്കല്‍ വന്നു; എന്നിട്ട് പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ബോധരഹിതയായി വീഴുന്നവളാകുന്നു, ആ സമയം (എന്‍റെ നഗ്നത) വെളിവാകുന്നവളുമാകുന്നു ഞാന്‍. അതിനാല്‍ അങ്ങ് അല്ലാഹുവിനോട് എനിക്കുവേണ്ടി പ്രാര്‍ഥിക്കണം.' നബി ﷺ പറഞ്ഞു: 'നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ക്ഷമിക്കുക, നിനക്ക് സ്വര്‍ഗമുണ്ടാകും. നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞാന്‍ അല്ലാഹുവിനോട് നിനക്ക് സൗഖ്യം ലഭിക്കാനായി പ്രാര്‍ഥിക്കാം.' അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞാന്‍ ക്ഷമിക്കുകയാണ്.' എന്നിട്ട് അവര്‍ പറഞ്ഞു: 'തീര്‍ച്ചയായും ഞാന്‍ (ആ സമയത്ത് നഗ്നത) വെളിവാകുന്നവളാണല്ലോ. അതിനാല്‍ (എന്‍റെ നഗ്നത) വെളിവാകാതിരിക്കാനായി എനിക്ക് വേണ്ടി അല്ലാഹുവിനോട് അങ്ങ് പ്രാര്‍ഥിക്കണം.' അപ്പോള്‍ നബി ﷺ അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു" (ബുഖാരി, മുസ്ലിം).

ക്ഷമയിലൂടെ സ്വര്‍ഗം കാംക്ഷിച്ച ആ സ്ത്രീ അബോധാവസ്ഥയില്‍ വീഴുന്ന സമയത്ത് നഗ്നത വെളിവാകുന്നത് ഇല്ലാതിരിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ അപേക്ഷിച്ചു. നബി ﷺ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും അല്ലാഹു ആ പ്രാര്‍ഥന സ്വീകരിക്കുകയും ചെയ്തു.

അല്ലാഹു ആദരവും മഹത്ത്വവും ഒരാള്‍ക്ക് നല്‍കുന്നത് കറുത്തവനെന്നോ വെളുത്തവനെന്നോ നോക്കിയിട്ടല്ല. സുന്ദരനും സുമുഖനുമായ അബൂലഹബിനെ ശപിക്കപ്പെട്ടവനായിട്ടാണ് ക്വുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്. എന്നാല്‍ കറുത്തവനായ ബിലാലി(റ)നെയും ഈ സ്ത്രീയെയും സ്വര്‍ഗാവകാശികളായിട്ടാണ് തിരുനബി ﷺ നമുക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്! വിശ്വാസത്തിന്‍റെയും കര്‍മത്തിന്‍റെയും അടിസ്ഥാനത്തിലാണ് അല്ലാഹു ഏതൊരാള്‍ക്കും പരിഗണന നല്‍കുക.  

അല്ലാഹുവിന്‍റെ റസൂല്‍ ﷺ ആര്‍ക്കെങ്കിലും എതിരായി പ്രാര്‍ഥിച്ചാലോ? ആ പ്രാര്‍ഥനയ്ക്കും ഫലം കാണും. അതിനും ധാരാളം ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാം.

നബി ﷺ യുടെ പ്രവാചകത്വ ജീവിത കാലത്തിന്‍റെ തുടക്കത്തില്‍ ഇസ്ലാമിക പ്രബോധനത്തിനായി കത്തെഴുതി അയക്കുമായിരുന്നു. നബി ﷺ ക്ക് എഴുത്തോ വായനയോ അറിയില്ലല്ലോ. അതിനാല്‍ തന്‍റെ എഴുത്തുകാരെ കൊണ്ട് എഴുതിപ്പിക്കലായിരുന്നു പതിവ്. എഴുത്തും വായനയും അറിയാത്ത ഒരു പ്രവാചകനാണ് എഴുത്തും വായനയും അറിയാവുന്ന മുഴുവന്‍ പേരെയും അത്ഭുതപ്പെടുത്തുന്ന ഗ്രന്ഥവുമായി വന്നത്. അത് ഒരു അത്ഭുതമാണല്ലോ!

അയല്‍പ്രദേശങ്ങളിലെ രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി കൊടുത്തുവിടുന്ന കൂട്ടത്തില്‍ അന്ന് പേര്‍ഷ്യ ഭരിച്ചിരുന്ന കിസ്റാ രാജാവിനും നബി ﷺ ഒരു കത്ത് എഴുതി. ആ കത്ത് പ്രവാചകാനുചരന്‍ അബ്ദുല്ലാഹിബ്നു ഹുദാഫ(റ)യുടെ അടുക്കല്‍ കൊടുത്തയച്ചു. 'നിങ്ങള്‍ മുസ്ലിമാകണം. എന്നാല്‍ നിങ്ങള്‍ രക്ഷപ്പെടും'- ഇതായിരുന്നു കത്തിന്‍റെ ഉള്ളടക്കം. കത്ത് അബ്ദുല്ലാഹിബ്നു ഹുദാഫ(റ) രാജാവിന് കൈമാറി. രാജാവ് കത്ത് വായിച്ചു. ധിക്കാരം മൂത്ത പേര്‍ഷ്യന്‍ രാജാവ് ആ കത്ത് പ്രവാചകാനുചരന്‍റെ മുന്നില്‍വെച്ച് പിച്ചിച്ചീന്തിയെറിഞ്ഞു. തന്‍റെ കത്തിനോടും അനുചരനോടും അവഗണനയും നിന്ദ്യതയും കാണിച്ച വിവരം അവിടുന്ന് അറിഞ്ഞു. നബി ﷺ ക്ക് അത് ഏറെ വിഷമമുണ്ടാക്കി. അവിടുന്ന് അല്ലാഹുവിനോട് ദുആ ചെയ്തു: 'അല്ലാഹുവേ, അവന്‍റെ അധികാരത്തെയും നീ പിച്ചിച്ചീന്തേണമേ.' നബി ﷺ യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു.

പിതാവ് പറയുന്നതു കേട്ട്, പിതാവിന്‍റെ സേനാനായകനായി കഴിഞ്ഞിരുന്ന ഷീറവയ്ഹി എന്ന മകന്‍ പിതാവിനെതിരില്‍ രംഗത്തുവന്നു. നബി ﷺ യുടെ പ്രാര്‍ഥനക്ക് ശേഷം മകന്‍റെ മനസ്സില്‍ പിതാവിന്‍റെ സിംഹാസനം തട്ടിയെടുക്കാനുള്ള ചിന്തയുദിച്ചു. അവസാനം മകന്‍ പിതാവിനെ ചതിയിലൂടെ കൊലപ്പെടുത്തിയതായാണ് ചരിത്രം!

അധികാരത്തിന്‍റെയും പണത്തിന്‍റെയും സ്വാധീനത്തിന്‍റെയും ഹുങ്കില്‍ അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും അവന്‍റെ ദീനിനോടും കളിക്കുന്നവര്‍ എല്ലാവരുടെയും അധികാരിയായ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്.

"പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. രാവിനെ നീ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ നീ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തതില്‍ നിന്ന് നീ ജീവിയെ പുറത്ത് വരുത്തുന്നു. ജീവിയില്‍നിന്ന് ജീവനില്ലാത്തതിനെയും നീ പുറത്തു വരുത്തുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കുനോക്കാതെ നീ നല്‍കുകയും ചെയ്യുന്നു" (ക്വുര്‍ആന്‍ 3:27).

ഒരാള്‍ അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ അടുക്കല്‍വെച്ച് ഇടതുകൈകൊണ്ട് തിന്നുകയാണ്. അപ്പോള്‍ നബി ﷺ പറഞ്ഞു: 'താങ്കളുടെ വലതുകൈകൊണ്ട് താങ്കള്‍ തിന്നുക.' അദ്ദേഹം പറഞ്ഞു: 'എനിക്ക് (അതിന്) കഴിയില്ല.' നബി ﷺ പറഞ്ഞു: '(എന്നാല്‍ ഇനി) നിനക്ക് സാധിക്കുകയുമില്ല.' അയാളെ അതില്‍നിന്ന്തടഞ്ഞത് അഹങ്കാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല. (സംഭവം പറയുന്ന സലമത്ത് ഇബ്നുല്‍ അക്വഅ്(റ) പറയുന്നു: 'അതിനുശേഷം അത് (വലത് കൈ) അയാളുടെ വായിലേക്ക് ഉയര്‍ത്തിയിട്ടില്ല' (മുസ്ലിം).

വലതുകൈകൊണ്ട് മാത്രമെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ എന്നത് നബി ﷺ യുടെ കല്‍പനയാണല്ലോ. അവിടുത്തെ കല്‍പനക്ക് എതിരായി ഇടതുകൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ആളോട് നബി ﷺ വലതുകൈകൊണ്ട് ഭക്ഷിക്കുവാന്‍ കല്‍പിച്ചു. അഹങ്കാരിയായ ആ മനുഷ്യന്‍ 'എനിക്ക് പറ്റില്ല' എന്ന മറുപടിയാണ് നല്‍കിയത്. വലതുകൈക്ക് രോഗം ഉള്ളതിനാലൊന്നുമല്ല അയാള്‍ അപ്രകാരം പറഞ്ഞത്. അഹങ്കാരമാണ് അയാളെ അതിന് പ്രേരിപ്പിച്ചത്. എന്നാല്‍ നിനക്ക് ഇനി അതിന് കഴിയാതിരിക്കുകയും ചെയ്യട്ടെ എന്ന് നബി ﷺ യും പ്രതികരിച്ചു. അവിടുത്തെ വാക്ക് അയാള്‍ക്കെതിരില്‍ ബാധിച്ചു. പിന്നീട് ഒരിക്കല്‍ പോലും തന്‍റെ വലതുകൈ വായിലേക്ക് ഉയര്‍ത്താന്‍ അയാള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് സ്വഹാബി നമുക്ക് പറഞ്ഞുതരുന്നത്.

നാലുസംഭവങ്ങള്‍ നാം ഇവിടെ മനസ്സിലാക്കി. നബി ﷺ യുടെ പ്രാര്‍ഥന മറ്റുള്ളവരുടെ പ്രാര്‍ഥന പോലെയല്ല. അത് സ്വീകരിക്കപ്പെടും. അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ കല്‍പനകള്‍ക്ക് ധിക്കാരപൂര്‍വം എതിരു പ്രവര്‍ത്തിക്കുന്നവരെ കുഫ്റും ശിര്‍ക്കുമടക്കം വലിയ കുഴപ്പങ്ങള്‍ ബാധിക്കുമെന്നാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

"നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ"(ക്വുര്‍ആന്‍ 24:63).

നബി ﷺ യെ വിളിക്കുന്ന പേരുകളില്‍ ദ്വയാര്‍ഥം പാടില്ല

പലപ്പോഴും പലരും ചിലരെ ദ്വയാര്‍ഥം വരുന്ന പേരുകളില്‍ വിളിക്കാറുണ്ട്. ആ പേരില്‍ രണ്ട് അര്‍ഥം കാണാം. ഒന്ന് ചീത്ത ഗുണത്തെയും മറ്റൊന്ന് ദുര്‍ഗുണത്തെയും സൂചിപ്പിക്കുന്നത്. ഇത്തരം പ്രയോഗത്തിലൂടെ സഹോദരങ്ങളെ അവഹേളിക്കുന്നത് വിശ്വാസിക്ക് ഭൂഷണമല്ലെന്നത് പറയേണ്ടതില്ലല്ലോ. ഇത്തരം സ്വഭാവങ്ങള്‍ വര്‍ജിക്കപ്പെടേണ്ടതാണ്.

ദ്വയാര്‍ഥം വരുന്ന രൂപത്തില്‍ നബി ﷺ യെ അഭിസംബോധന ചെയ്യുന്നത് ക്വുര്‍ആന്‍ വിലക്കിയിട്ടുണ്ട്. യഹൂദികള്‍ നബി ﷺ യെ ചീത്തഗുണവും സല്‍ഗുണവും സൂചിപ്പിക്കുന്ന രൂപത്തിലുള്ള ദ്വയാര്‍ഥം പ്രയോഗിച്ച് വിളിക്കാറുണ്ടായിരുന്നു. നബി ﷺ യോട് സലാം പറയുന്ന രൂപത്തില്‍ പോലും അവര്‍ കൃത്രിമത്വം കാണിച്ചിരുന്നു. 'അസ്സലാമു അലയ്കും വ റഹ്മതുല്ലാഹ്' (നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും ഉണ്ടാകട്ടെ) എന്നു പറയലാണ് ഇസ്ലാമിന്‍റെ അഭിസംബോധന രീതി. എന്നാല്‍ യഹൂദികള്‍ അദ്ദേഹത്തെ അവഹേളിച്ച് പെട്ടെന്ന് തിരിയാത്ത രൂപത്തില്‍ ചെറിയ കൃത്രിമം കാണിച്ചായിരുന്നു സലാം പറഞ്ഞിരുന്നത്. 'അസ്സാമു അലയ്കും' (നിനക്ക് അല്ലാഹുവിങ്കല്‍നിന്ന് നാശമുണ്ടാകട്ടെ) എന്ന് ജൂതന്‍ നബി ﷺ യെ അഭിസംബോധന നടത്തിയിരുന്നു. പെട്ടെന്ന് ഒരാള്‍ കേള്‍ക്കുമ്പോള്‍ അതിലെ വ്യത്യാസം മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. നിഷ്കളങ്കനായ നബി ﷺ ക്ക് അത് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. അല്ലാഹു നബി ﷺ ക്ക് അതിനെക്കുറിച്ച് വിവരം അറിയിച്ചു. അവര്‍ അപ്രകാരം പറയുമ്പോള്‍ തിരിച്ച് അവരോട് 'വ അലയ്കും' (നിങ്ങള്‍ക്കും) എന്നു പറയാന്‍ അല്ലാഹു കല്‍പിച്ചു.

താല്‍ക്കാലികമായി മാനസികസുഖം അനുഭവിക്കുക എന്നതിലുപരി യാതൊന്നും അവര്‍ക്ക് ഈ അവഹേളനങ്ങള്‍ മുഖേന നേടാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ മുഹമ്മദിനെ എന്തോ ഒന്ന് ചെയ്തു എന്ന് സ്വയം നിര്‍വൃതി ലഭിക്കത്തക്കരൂപത്തിലുള്ള ഒരു കേവല ആശ്വാസം മാത്രം ലഭിച്ചിരിക്കാം.

ഇതുപോലെ അവര്‍ പ്രകടിപ്പിച്ചിരുന്ന മറ്റൊരു കുരുട്ടുബുദ്ധി ഇതാണ്: വിശ്വാസികളാല്‍ നിറഞ്ഞ് നില്‍ക്കുന്ന നബി ﷺ യുടെ സദസ്സ്. അതില്‍ ഒറ്റയും തെറ്റയുമായി ചില ജൂതന്‍മാര്‍ ഇരിപ്പുണ്ടാകും. അങ്ങനെ നബി ﷺ വിശ്വാസികള്‍ക്ക് ദീനിനെ പറ്റി പഠിപ്പിച്ചുകൊടുക്കുമ്പോള്‍ വല്ല സംശയവും അവര്‍ക്ക് ഉണ്ടായാല്‍ അവര്‍ എഴുന്നേറ്റുനിന്ന് 'റാഇനാ' (നബിയേ, ഞങ്ങളെ കൂടി പരിഗണിച്ചാലും) എന്ന് പറയും. മനസ്സിലായിട്ടില്ലാത്ത കാര്യങ്ങള്‍ തങ്ങളെ പരിഗണിച്ച് ഒന്നു കൂടി ആവര്‍ത്തിക്കുക എന്ന ഉദ്ദേശത്തിലാണ് സ്വഹാബിമാര്‍ നബി ﷺ യോട് അങ്ങനെ പറഞ്ഞിരുന്നത്.

സ്വഹാബിമാര്‍ അറിവിനെ സ്നേഹിച്ചവരായിരുന്നു. ദീനിന്‍റെ കാര്യം വ്യക്തതയോടെ ഗ്രഹിക്കാനും പഠിക്കാനും അവര്‍ അത്യുത്സാഹം കാണിച്ചിരുന്നു. അതിനാലാണ് നബി ﷺ യുടെ സദസ്സില്‍വെച്ച് തന്നെ 'റാഇനാ' (അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങളെയും പരിഗണിച്ചാലും) എന്ന് അവര്‍ പറഞ്ഞിരുന്നത്. പഠിപ്പിച്ചുതരുന്ന കാര്യങ്ങളില്‍ സംശയം ബാക്കിയാക്കി സദസ്സ് വിട്ടുപോകുന്നതിനെക്കാള്‍ ഗുണകരം ആ സംശയം തീര്‍ത്ത് പോകലാണല്ലോ.

സ്വഹാബിമാര്‍ 'റാഇനാ' എന്നു പറഞ്ഞിരുന്നത് എന്ത് ഉദ്ദേശത്തിലായിരുന്നെന്ന് നാം മനസ്സിലാക്കി.യഹൂദികളും നബി ﷺ യോട് സദസ്സില്‍വെച്ച് ഇപ്രകാരം പറയും. എന്നാല്‍ കുതന്ത്രക്കാരായ യഹൂദികള്‍ ഇങ്ങനെ പറയുന്നതിന്‍റെ ഉദ്ദേശ്യം മറ്റൊന്നാണ്. നബി ﷺ യെ പരിഹസിച്ചുകൊണ്ട് 'ഞങ്ങളുടെ ആട്ടിടയാ' എന്ന അര്‍ഥത്തിലോ, അല്ലെങ്കില്‍ 'ഞങ്ങളുടെ കൂട്ടത്തിലെ വിഡ്ഢീ' എന്ന അര്‍ഥത്തിലോ ആയിരുന്നു അവര്‍ നബി ﷺ യെ അങ്ങനെ വിളിച്ചിരുന്നത്. ആയതിനാല്‍ നല്ല അര്‍ഥവും ചീത്ത അര്‍ഥവും സൂചിപ്പിക്കാവുന്ന 'റാഇനാ' എന്ന വിളി അല്ലാഹു വിശ്വാസികളോട് വിലക്കി.

"ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്) റാഇനാ എന്ന് പറയരുത്. പകരം ഉന്‍ളുര്‍നാ എന്ന് പറയുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്" (ക്വുര്‍ആന്‍ 2:104).

ഈ സൂക്തം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കുകയുണ്ടായി. എന്നാല്‍ ഇതിനെ നബി ﷺ യോട് പ്രാര്‍ഥിക്കാനുള്ള തെളിവാക്കി ദുര്‍വ്യാഖ്യാനിക്കുന്ന ചില പുരോഹിതന്മാരെ നമുക്ക് കാണാന്‍ കഴിയും. ഈ ആയത്ത് ഇറങ്ങാനുണ്ടായ പശ്ചാത്തലം മനസ്സിലാക്കുന്ന വിശ്വാസികള്‍ക്ക് ഇതിനെ അല്ലാഹു അല്ലാത്തവരോട് തേടാനുള്ള തെളിവായി മനസ്സിലാക്കാന്‍ കഴിയില്ല. അല്ലാഹു ഇങ്ങനെ ദുര്‍വ്യാഖ്യാനിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുമാറാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കുന്നില്ലെങ്കില്‍ അത്തരക്കാരുടെ ഫിത്നകളില്‍നിന്ന് ഈ സമുദായത്തെ കാത്തു രക്ഷിക്കുമാറാകട്ടെ.

മുഹമ്മദ് നബി ﷺ യെ ആദ്യം പരാമര്‍ശിക്കുന്നു

ക്വുര്‍ആനില്‍ മുഹമ്മദ് നബി ﷺ യെയും മറ്റു നബിമാരെയും ഒപ്പം പരാമര്‍ശിക്കുമ്പോള്‍ മുഹമ്മദ് നബി ﷺ യെയാണ് ആദ്യം പരാമര്‍ശിക്കുന്നത്. ഇതും അല്ലാഹു നബി ﷺ ക്ക് നല്‍കിയ സ്ഥാനത്തെ അറിയിക്കുന്നതാണ്. ഒരു ഉദാഹരണം കാണുക:

"പ്രവാചകന്‍മാരില്‍നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്). നിന്‍റെ പക്കല്‍ നിന്നും നൂഹ്, ഇബ്റാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം). ഗൗരവമുള്ള ഒരു കരാറാണ് അവരില്‍നിന്നെല്ലാം നാം വാങ്ങിയത്" (ക്വുര്‍ആന്‍ 33:7).

നബി ﷺ ക്കുള്ള മഹത്ത്വമാണ് അദ്ദേഹത്തെ പരാമര്‍ശിച്ചുകൊണ്ട് തുടങ്ങാന്‍ കാരണമെന്ന് ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ഇബ്നു കഥീര്‍(റഹി) പറയുന്നതായി നമുക്ക് കാണാന്‍ സാധിക്കും. 

 (തുടരും)