ബദ്‌റില്‍ പെങ്കടുത്തവരുടെ മഹത്ത്വം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 സെപ്തംബര്‍ 18 1442 സഫര്‍ 11

(മുഹമ്മദ് നബി ﷺ : 38)

ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് പറയുന്ന പേരാണ് ബദ്‌രിയ്യീന്‍ (ബദ്‌രീങ്ങള്‍) എന്നത്. ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവര്‍ മാത്രമാണ് ബദ്‌രീങ്ങള്‍ എന്ന് മനസ്സിലാക്കിയ ചിലരുണ്ട്. അത് ശരിയല്ല. ബദ്‌രീങ്ങള്‍ക്ക് ഇസ്‌ലാമില്‍ വലിയ സ്ഥാനം കല്‍പിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ഗത്തില്‍ അത്യുന്നത പദവിയാണ് അവര്‍ക്ക് ഉണ്ടായിരിക്കുക. ബദ്ര്‍ യുദ്ധത്തില്‍ മകന്‍ ഹാരിഥ(റ) നഷ്ടപ്പെട്ട വേദനയില്‍ അദ്ദേഹത്തിന്റെ മാതാവ് നബി ﷺ യെ സമീപിക്കുന്ന രംഗം ഇപ്രകാരം വായിക്കാം:

ഹുമയ്ദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: അനസ്(റ) പറയുന്നതായി ഞാന്‍ കേട്ടു: ''ഹാരിഥ ചെറിയ കുട്ടിയായിരിക്കെ ബദ്ര്‍ ദിനത്തില്‍  മരണപ്പെടുകയുണ്ടായി. അപ്പോള്‍ അദ്ദേഹത്തിന്റെ ഉമ്മ നബി ﷺ യുടെ അടുത്ത് വന്നു. എന്നിട്ട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഹാരിഥക്ക് ഞാനുമായുള്ള സ്ഥാനം അങ്ങേക്ക് അറിയാമല്ലോ. അവന്‍ സ്വര്‍ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിക്കുകയും ഞാന്‍ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യാം. ഇനി മറ്റേതെങ്കിലുമാണെങ്കില്‍ ഞാന്‍ എന്താണ് ചെയ്യുക?' അപ്പോള്‍ നബി ﷺ പറഞ്ഞു: 'എന്തിനാണ് പേടിക്കുന്നത്? സ്വര്‍ഗം, അത് ഒന്നാണെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. തീര്‍ച്ചയായും അത് ധാരാളം തോട്ടങ്ങളുള്ളതാണ്. തീര്‍ച്ചയായും അവന്‍ ഫിര്‍ദൗസിലെ തോപ്പിലാകുന്നു''(ബുഖാരി).

ബദ്‌റില്‍ പങ്കെടുത്ത മഹാന്മാര്‍ക്ക് അല്ലാഹു സ്വര്‍ഗത്തിലെ ഉന്നത പദവിയാണ് തയ്യാര്‍ ചെയ്തിട്ടുള്ളതെന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. മാത്രവുമല്ല, ആ യുദ്ധശേഷം വല്ല അബദ്ധവും അവരില്‍ വന്നിട്ടുണ്ടെങ്കില്‍ പോലും അതെല്ലാം അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മഹാനായ ഹാത്വിബ്(റ) ബദ്‌റില്‍ പങ്കെടുത്ത സ്വഹാബിയാണ്. അദ്ദേഹത്തിന്റെ കുടുംബവും മറ്റുമൊക്കെ മക്കയിലായിരുന്നു. അദ്ദേഹത്തിന്റെ സമ്പത്തും അവിടെത്തന്നെ. അത് നഷ്ടപ്പെടാതിരിക്കാനായി ചാരപ്പണി പോലെ ഒരു പെണ്ണിന്റെ മുടിക്കെട്ടില്‍ എഴുതി ഒളിപ്പിച്ച് മുസ്‌ലിംകളുടെ ഒരു രഹസ്യം മക്കയിലേക്ക് അറിയിച്ചു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമാണ് അദ്ദേഹം ചെയ്തത്. ഇത് പിടിക്കപ്പെടുകയും ചെയ്തു. നമ്മുടെ ഒരു രഹസ്യം ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്നും സംസാരമായി. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഹാത്വിബ്(റ) ആണെന്ന വിവരം ലഭിച്ചപ്പോള്‍ സ്വഹാബിമാര്‍ രോഷാകുലരായി. ഹാത്വിബ് നരകത്തിലാണ് എന്നുവരെ ചിലര്‍ പറയാന്‍ തുടങ്ങി. അങ്ങനെ പറഞ്ഞ സ്വഹാബിയോട് നീ പറഞ്ഞത് കളവാണെന്ന് നബി ﷺ പറയുകയും ചെയ്തു. കാരണം, അദ്ദേഹം ബദ്‌റില്‍ പങ്കെടുത്തയാളാണ്.

''തീര്‍ച്ചയായും അദ്ദേഹം ബദ്‌റില്‍ പങ്കെടുത്തവനാണ്. നിനക്ക് അറിയില്ലേ, അല്ലാഹു ബദ്‌രീങ്ങളിലേക്ക് എത്തിനോക്കുകയും എന്നിട്ട് (ഇപ്രകാരം) പറയുകയും ചയ്തിട്ടുണ്ട്: നിങ്ങളുടെ ഉദ്ദേശ പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു''(മുസ്‌ലിം).

ബദ്‌രീങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഒരു പടപ്പും ആരാധിക്കപ്പെട്ടുകൂടാ. എന്നാല്‍ ഇന്ന് പലരും വിഷമം വരുന്ന സമയത്ത് ബദ്‌രീങ്ങളെ വിളിക്കുന്നു. ബദ്‌റില്‍ പങ്കെടുത്തവരുടെ പേരുകളുള്ള ചാര്‍ട്ട് തൂക്കി ബറകത്ത് പ്രതീക്ഷിക്കുന്നു. ഇതൊന്നും അവര്‍ ജീവിച്ച മാര്‍ഗത്തോട് പൊരുത്തപ്പെടുന്നതല്ല.

അവര്‍ക്ക് മഹത്ത്വമുണ്ടെന്നതും പ്രത്യേകതയുണ്ടെന്നതും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട കാര്യം തന്നെയാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തയ്മിയ(റഹി) ബദ്‌രീങ്ങളെ പറ്റി പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്:

''ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠവാന്മാര്‍ ബദ്‌രീങ്ങളാണെന്ന് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടിരിക്കുന്നു. പിന്നീട് ബയ്അതുര്‍രിദ്‌വാനില്‍ പങ്കെടുത്തവരും മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠവാന്മാരാക്കപ്പെട്ട പത്ത് പേരും ശ്രേഷ്ഠന്മാരായ നാല് ഖലീഫമാരുമാകുന്നു ഈ സമുദായത്തിലെ ശ്രേഷ്ഠന്‍മാര്‍'' (മജ്മൂഉല്‍ ഫതാവാ).

സ്വഹീഹുല്‍ ബുഖാരിയില്‍ ബദ്‌റില്‍ പങ്കെടുത്തുവരുടെ ശ്രേഷ്ഠത അറിയിക്കുന്ന ഒരു ഹദീഥ് ഇപ്രകാരം കാണാം: ''ജിബ്‌രീല്‍(അ) നബി ﷺ യുടെ അടുത്ത് വന്നു. എന്നിട്ട് ചോദിച്ചു: 'നിങ്ങളിലെ ബദ്‌രീങ്ങളെ നിങ്ങള്‍ എങ്ങനെയാണ് കണക്കാക്കുന്നത്?' നബി ﷺ പറഞ്ഞു: 'മുസ്‌ലിംകളിലെ ശ്രേഷ്ഠവാന്മാരായിട്ടാണ്.' ജിബ്‌രീല്‍ പറഞ്ഞു: 'അപ്രകാരം തന്നെയാണ് മലക്കുകളില്‍നിന്ന് ബദ്‌റില്‍ പങ്കെടുത്തവരും' (ബുഖാരി).

ഈ നബിവചനത്തില്‍നിന്ന് ബദ്‌റില്‍ പങ്കെടുത്ത മനുഷ്യര്‍ക്ക് മാത്രമല്ല മലക്കുകള്‍ക്കും വലിയ സ്ഥാനമുണ്ടെന്ന് മനസ്സിലാക്കാം.  (തുടരും)