മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന്‍റെ സവിശേഷത

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഏപ്രില്‍ 23 1442 റമദാന്‍ 11

(മുഹമ്മദ് നബി ﷺ , ഭാഗം 19)

മുഹമ്മദ് നബി ﷺ ലോകര്‍ക്ക് കാരുണ്യമായിട്ടാണ് അയക്കപ്പെട്ടത് എന്നത് ക്വുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്.

"ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല" (ക്വുര്‍ആന്‍ 21:107).

'ആലമീന്‍' എന്നതിനാണ് 'ലോകര്‍' എന്ന് നാം അര്‍ഥം നല്‍കിയിരിക്കുന്നത്. ഇതില്‍ അല്ലാഹുവിന്‍റെ എല്ലാ പടപ്പുകളും ഉള്‍പ്പെടുന്നതാണ്. മനുഷ്യരോടും മൃഗങ്ങളോടും പറവകളോടും വൃക്ഷങ്ങളോടും എല്ലാറ്റിനോടും കാരുണ്യമായിരുന്നു നബി ﷺ ക്ക്. അതിനുള്ള പല ഉദാഹരണങ്ങളും ഇതിനകം നാം മനസ്സിലാക്കി.

നബി ﷺ യെ ദ്രോഹിച്ച അനവധി ആളുകളുണ്ടായിരുന്നു. അവര്‍ക്കെതിരില്‍ എപ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല മുഹമ്മദ് നബി ﷺ . അവിടുന്ന് അല്ലാഹുവിനോട് തേടിയാല്‍ ഉത്തരം ഉറപ്പാണല്ലോ. എന്നാലും കാരുണ്യത്തിന്‍റെ തിരുദൂതന്‍ അല്ലാഹുവിനോട് അവര്‍ക്കെതിരില്‍ തേടുന്നവനായിരുന്നില്ല. ചില പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് നബി ﷺ ശത്രുവിനെതിരില്‍ പ്രാര്‍ഥിച്ചിട്ടുള്ളത്. ശത്രുവിനെതിരില്‍ ശാപവര്‍ഷം നടത്തുവാനോ, അവരുടെ നാശത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവനോ ആയിട്ടല്ല മുഹമ്മദ് നബി ﷺ നിയോഗിക്കപ്പെട്ടത്. മറിച്ച്, എല്ലാവരോടും കാരുണ്യം കാണിക്കുന്ന, ശത്രുവിനോട് പോലും ഗുണകാംക്ഷയോടെ പെരുമാറിയ, എല്ലാവരിലും നന്മയെ അഭിലഷിക്കുന്ന, കാരുണ്യത്തിന്‍റെ പ്രതിബിംബമായിരുന്നു മുഹമ്മദ് നബി ﷺ .

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "പറയപ്പെട്ടു: അല്ലാഹുവിന്‍റെ ദൂതരേ, മുശ്രിക്കുകള്‍ക്കെതിരില്‍ അവിടുന്ന് ദുആ ചെയ്താലും." നബി ﷺ പറഞ്ഞു: "തീര്‍ച്ചയായും ഞാന്‍ ശപിക്കുന്നവനായി അയക്കപ്പെട്ടവനല്ല, നിശ്ചയമായും കാരുണ്യമായിട്ട് മാത്രമാണ് അയക്കപ്പെട്ടത്" (മുസ്ലിം).

നബി ﷺ യില്‍ വിശ്വസിച്ചവര്‍ക്കും അവിശ്വസിച്ചവര്‍ക്കും ഈ കാരുണ്യം പ്രവാചകനാല്‍ നല്‍കപ്പെട്ടുകൊണ്ടിരിക്കുകയാണ് . വിശ്വസിക്കുന്നവര്‍ക്ക് ആ കാരുണ്യം ഇരുലോകത്തും നല്‍കപ്പെടുന്നു. അവിശ്വസിക്കുന്നവര്‍ക്ക് എങ്ങനെയാണ് നബി ﷺ മുഖേന കാരുണ്യം നല്‍കപ്പെടുന്നത്? മുന്‍കാല സമുദായങ്ങള്‍ അവരിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാരെ നിഷേധിച്ചുതള്ളിയപ്പോള്‍ അവരെ പലവിധത്തിലുള്ള കെടുതികളിലൂടെയും അല്ലാഹു ഉന്മൂലനം ചെയ്തത് നാം നബിമാരുടെ ചരിത്രത്തില്‍നിന്നും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ നബി ﷺ യില്‍ അവിശ്വസിക്കുന്ന ആളുകളെ ഉന്മൂലനം ചെയ്യുമാറുള്ള ശിക്ഷ അവരെ പിടികൂടുകയില്ല. ഇത് നബി ﷺ യിലൂടെ അവിശ്വാസികള്‍ക്ക് കിട്ടുന്ന കാരുണ്യമാണ്. ഈ കാര്യം മുകളില്‍ കൊടുത്തിരിക്കുന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബ്രി(റ) ഇപ്രകാരം പറയുന്നതായി കാണാം:

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: "അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലെ "ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല" എന്ന വാക്കിനെക്കുറിച്ച് അദ്ദേഹം പറയുന്നു: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന് ഇഹലോകത്തിലും പരലോകത്തിലും കാരുണ്യം രേഖപ്പെടുത്തപ്പെടും. അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കാത്തവന് (മുന്‍)സമുദായങ്ങള്‍ക്ക് ബാധിച്ചിട്ടുള്ള ആഴ്ത്തിക്കളയുന്നതില്‍നിന്നും നശിപ്പിക്കുന്നതില്‍നിന്നും ആശ്വാസം നല്‍കപ്പെട്ടിരിക്കുന്നു"(ജാമി ഉല്‍ബയാന്‍).

ഈ സൂക്തത്തിലെ 'റഹ്മത്ത്' എന്ന പദത്തെ വിവരിച്ചുകൊണ്ട് ക്വാദീ ഇയാദ്(റഹി) പറയുന്നത് കാണുക:

"വിശ്വാസികള്‍ക്ക് ഹിദായത്തിന് കാരണമായതിനാല്‍ (അവിടുന്ന്) കാരുണ്യമായവനായി, കപടവിശ്വാസിക്ക് (അവരെ) കൊന്നുകളയുന്നതില്‍നിന്ന് നിര്‍ഭയത്വത്തിന് കാരണമായതിനാലും (അവിടുന്ന്) കാരുണ്യവാനായി, (പാടെ ഉന്മൂലനം ചെയ്യുന്ന) ശിക്ഷ പിന്തിപ്പിക്കുന്നതിന് കാരണമായതിനാല്‍ അവിശ്വാസികള്‍ക്കും (അവിടുന്ന്) കാരുണ്യവനായി (അയക്കപ്പെട്ടിരിക്കുന്നു)" (അശ്ശിഫാ).

അബൂനുഐം അല്‍അസ്വ്ബഹാനിയ്യ്(റഹി) പറയുന്നത് കാണുക: "...തീര്‍ച്ചയായും അല്ലാഹു അവിടുത്തെ നിയോഗം ലോകര്‍ക്ക് കാരുണ്യമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: 'ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.' അപ്പോള്‍ നബി ﷺ ജീവിച്ചിരിക്കുന്ന കാലമത്രയും കടുത്ത ശിക്ഷയില്‍നിന്ന് നബി ﷺ യുടെ ശത്രുക്കളെ അല്ലാഹു രക്ഷപ്പെടുത്തിയിരിക്കുന്നു. അതാണ് അല്ലാഹുവിന്‍റെ ആ വചനം: 'എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല'(അന്‍ഫാല്‍ 33).നബി ﷺ അവര്‍ക്ക് വിവരിച്ചുകൊടുത്ത സത്യമായ (ആ ശിക്ഷക്ക്) അവര്‍ ധൃതിയില്‍ ആവശ്യപ്പെടുമ്പോഴും അല്ലാഹു അവരെ ശിക്ഷിച്ചില്ല" (ദലാഇലുന്നുബുവ്വഃ).

ചുരുക്കത്തില്‍ നബി ﷺ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കപടന്മാര്‍ക്കും എല്ലാവര്‍ക്കും അനുഗ്രഹവും കാരുണ്യവുമാണ് എന്നാണ് ഈ വചനം നമ്മെ പഠിപ്പിക്കുന്നത്.

നബി ﷺ യെ വെല്ലുവിളിച്ച, പരിഹസിച്ച, നിഷേധിച്ച പലരെയും അല്ലാഹു പിടികൂടിയിട്ടുണ്ടായിരുന്നു. ചില ഉദാഹരണങ്ങള്‍ നാം മുമ്പ് മനസ്സിലാക്കി. എന്നാല്‍ നബി ﷺ യെ കളവാക്കിയ, നിഷേധിച്ച, പരിഹസിച്ച, വെല്ലുവിളിച്ച നാട്ടുകാരെ മുഴുവനായും അല്ലാഹു പിടികൂടുക എന്ന സമ്പ്രദായം അല്ലാഹു നബി ﷺ യുടെ സമുദായത്തില്‍നിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്. മുന്‍കാല സമുദായത്തിന്‍റെ അവസ്ഥ ഇപ്രകാരമല്ല. അവരെ അല്ലാഹു ഒന്നാകെ നശിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.

നൂഹ്നബി(അ)യുടെ ജനതയെപ്പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക:

"എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു" (ക്വുര്‍ആന്‍ 7:64).

ഹൂദ്നബി(അ)യുടെ ജനതയെ നശിപ്പിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു:

"അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യംകൊണ്ട് നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു" (ക്വുര്‍ആന്‍ 7:72).

സ്വാലിഹ്നബി(അ)യുടെ ജനതയെ നശിപ്പിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു:

"അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമീഴ്ന്നുവീണ് കിടക്കുന്നവരായിരുന്നു. അനന്തരം സ്വാലിഹ് അവരില്‍നിന്ന് പിന്തിരിഞ്ഞുപോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷേ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല" (ക്വുര്‍ആന്‍ 7:79)

ലൂത്വ്(അ)ന്‍റെ ജനതയെ നശിപ്പിച്ചതിനെ പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക:

"അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞു നിന്നവരുടെ കൂട്ടത്തിലായിരുന്നു. നാം അവരുടെമേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക" (ക്വുര്‍ആന്‍ 7:84)

എല്ലാ പ്രവാചകന്മാരും അവരുടെ ജനതയെ അല്ലാഹുവിലേക്ക് ക്ഷണിച്ചപ്പോള്‍ അവരില്‍ അധികപേരും അവിശ്വസിക്കുകയും കളവാക്കുകയും കളിയാക്കുകയുമാണ് ചെയ്തത്. അക്കാരണത്താല്‍ തന്നെ അതാത് ജനതയെ ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യുകയാണ് ചെയ്തത്.

പലോകത്തും നേതാവ്

മുഹമ്മദ് നബി ﷺ ലോകരില്‍ ഉത്കൃഷ്ടനാണല്ലോ. അവിടുത്തെ മഹത്വവും ശ്രേഷ്ഠതയും മറ്റുള്ളവരേക്കാളും അധികമാണ്. മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു ഈ ലോകത്ത് നല്‍കിയ വിവിധങ്ങളായ പ്രത്യേകതകള്‍ നാം മനസ്സിലാക്കുകയുണ്ടായി. പരലോകത്ത് വരുമ്പോള്‍ അതിലേറെ വമ്പിച്ച സ്ഥാനവും പദവിയുമാണ് നല്‍കപ്പെടാനിരിക്കുന്നത്. പരലോകത്ത് വരുമ്പോള്‍ അവിടുന്ന് തന്നെയാണ് മനുഷ്യരുടെ നേതാവ്.

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: 'അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവാകുന്നു ഞാന്‍. ആദ്യമായി എന്‍റെ ക്വബ്റായിരിക്കും പൊട്ടിപ്പിളരുന്നത്. ആദ്യമായി ശുപാര്‍ശ നടത്തുന്നവനും ആദ്യമായി ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവനും (ഞാനായിരിക്കും)" (മുസ്ലിം).

(തുടരും)