സഅ്ദുബ്നു മുആദ്(റ)

മുഹമ്മദ് ശമീല്‍

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

അല്ലാഹുവിന്‍റെ റസൂലിന് ﷺ ഒരിക്കല്‍ ഒരു പട്ടുവസ്ത്രം ലഭിച്ചു, അതിന്‍റെ സൗന്ദര്യവും മൃദുലതയും അനുചരന്മാരെ അത്ഭുതപ്പെടുത്തി.  അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: "സംശയമില്ല, സ്വര്‍ഗത്തില്‍ സഅ്ദുബ്നു മുആദിന് ലഭിക്കുന്ന തൂവാലകള്‍ ഇതിനെക്കാള്‍ മികച്ചതാണ്."

മദീനയിലെ ഔസ് ഗോത്രത്തിന്‍റെ നേതാവായിരുന്നു സഅ്ദുബ്നു മുആദ്(റ). അക്വബ ഉടമ്പടിക്ക് ശേഷം മദീനയിലേക്ക് പ്രബോധന ചുമതലയുമായി പ്രവാചകന്‍ ﷺ മിസ്വ്ഹബ് ഇബ്നു ഉമൈറി(റ)നെ നിയോഗിച്ചു. മിസ്വ്ഹബി(റ)ന്‍റെ പ്രബോധനം അറിഞ്ഞ സഅ്ദുബ്നു മുആദ്(റ) തന്‍റെ സഹോദരനായിരുന്ന ഉസൈദുബ്നു ഹുദയ്റി(റ)നോട് പറഞ്ഞു: "നിങ്ങള്‍ക്കറിയാമോ, മക്കയില്‍നിന്ന് വന്നവര്‍ നമ്മുടെ പൂര്‍വികരുടെ വിശ്വാസം നശിപ്പിക്കാനും മദീനയിലെ ജനങ്ങളുടെ മനസ്സിനെ മലിനമാക്കാനുമാണ് വന്നിരിക്കുന്നത്. അതിനാല്‍ അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയുകയും അവര്‍ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും വേണം."

തുടര്‍ന്ന് രണ്ടുപേരും മിസ്വ്ഹബി(റ)ന്‍റെ അടുത്തെത്തി; അദ്ദേഹത്തോട് തര്‍ക്കിച്ചു. മദീന വിട്ട് പോകുവാന്‍ അവര്‍ ആവശ്യപ്പെട്ടു. മിസ്വ്ഹബ്(റ) സൗമ്യമായി പറഞ്ഞു: "എന്തുകൊണ്ടാണ് എനിക്ക് പറയാനുള്ളത് നിങ്ങള്‍ കേള്‍ക്കാത്തത്? ഇത് നന്മയാണെകില്‍ അത് നിങ്ങള്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍ ഞങ്ങള്‍ തിരിച്ചുപോകാം." തുടര്‍ന്ന് അദ്ദേഹം ചില ക്വുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തു. ഇസ്ലാമിനെക്കുറിച്ച്, ഏകദൈവാരാധനയെക്കുറിച്ച്, ബിംബാരാധനയുടെ നിരര്‍ഥകതയെക്കുറിച്ച് വിവരിച്ചു. നബി ﷺ യെ സംബന്ധിച്ച് പറഞ്ഞുകൊടുത്തു. എല്ലാം സസൂക്ഷ്മം കേട്ട ആ സഹോദരങ്ങള്‍ ഇസ്ലാം സ്വീകരിച്ചു.

31ാം വയസ്സിലാണ് സഅ്ദ്(റ) ഇസ്ലാമിലേക്ക് കടന്നുവരുന്നത്. അത് മദീനയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. ഒരുപാടുപേര്‍ അദ്ദേഹത്തിനു പിറകിലായി ഇസ്ലാമിലേക്ക് വന്നു.

ബദ്ര്‍യുദ്ധ സന്ദര്‍ഭം. സ്വഹാബികള്‍ യുദ്ധത്തിന് ഒരുങ്ങിവന്നതല്ല. അതുകൊണ്ട് തന്നെ അവരുടെ കയ്യില്‍ ആവശ്യമുള്ള ആയുധങ്ങളോ ആള്‍ബലമോ ഉണ്ടായിരുന്നില്ല. മുഹാജിറുകളുമായി ചര്‍ച്ച ചെയ്ത ശേഷം പ്രവാചകന്‍ ﷺ അന്‍സ്വാറുകളുടെ അഭിപ്രായം അറിയാന്‍ തീരുമാനിച്ചു. കാരണം അക്വബ ഉടമ്പടിയിലുള്ളത് 'മദീനയില്‍ പ്രവാചകനെ സംരക്ഷിക്കും' എന്നാണ്. ബദ്ര്‍ മദീനക്ക് പുറത്തുള്ള സ്ഥലമാണ്.

നബി ﷺ പറഞ്ഞു: "ജനങ്ങളേ, നിങ്ങളുടെ അഭിപ്രായം പറയൂ." ഈ സന്ദര്‍ഭത്തില്‍ സഅ്ദുബ്നു മുആദ്(റ)  പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലേ, നിങ്ങള്‍ ഞങ്ങളെ ഉദ്ദേശിച്ചത് പോലെയുണ്ടല്ലോ?" നബി ﷺ പറഞ്ഞു: "അതെ."

അപ്പോള്‍ സഅ്ദ്(റ) പറഞ്ഞു: "ഞങ്ങള്‍ താങ്കളില്‍ വിശ്വസിച്ചു. താങ്കളെ സത്യപ്പെടുത്തി. താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചു. ഞങ്ങള്‍ താങ്കള്‍ പറയുന്നത് കേള്‍ക്കാമെന്നും അനുസരിക്കാമെന്നും കരാര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് എന്തൊന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് അതിലേക്ക് നീങ്ങിക്കൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പം ഉണ്ട്. ഒരു കടല്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞങ്ങളോട് അതിലേക്ക് ഇറങ്ങാന്‍ പറഞ്ഞാല്‍ അങ്ങയോടൊപ്പം ഞങ്ങളും ഇറങ്ങും. ഞങ്ങളില്‍ ഒരാള്‍ പോലും പിന്തിരിയില്ല. നാളെ ശത്രുക്കളെ കണ്ടുമുട്ടുന്നതില്‍ ഞങ്ങളില്‍ ഒരാളും അനിഷ്ടക്കാരല്ല. ഞങ്ങള്‍ യുദ്ധത്തില്‍ ക്ഷമാലുക്കളാണ്. ഏറ്റുമുട്ടുന്നതില്‍ ആത്മാര്‍ഥതയുള്ളവരാണ്. അങ്ങയുടെ കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്ന കാര്യങ്ങള്‍ അല്ലാഹു ഞങ്ങളിലൂടെ താങ്കള്‍ക്ക് കാണിച്ചുതന്നേക്കാം. അതുകൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ താങ്കള്‍ ഞങ്ങളെയുംകൊണ്ട് മുന്നോട്ടുനീങ്ങിക്കൊള്ളുക."

പ്രവാചകന്‍ ﷺ വിഷമിച്ച അനവധി സന്ദര്‍ഭങ്ങളില്‍ സഅ്ദ്(റ) ആശ്വാസമേകുന്ന വാക്കുകള്‍ നല്‍കിയിട്ടുണ്ട്. ഉഹ്ദ് യുദ്ധ ദിവസം ഖാലിദുബ്നു വലീദി(റ)ന്‍റെ നേതൃത്വത്തില്‍ പിന്തിരിഞ്ഞോടിയ മുശ്രിക്കുകള്‍ ആക്രമണം നടത്തുകയും സ്വഹാബികള്‍ പിന്തിരിഞ്ഞോടുകയും ചെയ്തപ്പോള്‍ പ്രവാചകന് കാവലായി നിന്നവരില്‍ സഅ്ദുബ്നു മുആദും(റ) ഉണ്ടായിരുന്നു.

മദീനയില്‍ മുസ്ലിംകള്‍ ഏറ്റവും പ്രയാസമനുഭവിച്ച സന്ദര്‍ഭത്തിലായിരുന്നു ഖന്തക്ക് യുദ്ധം. കരാര്‍ ലംഘനം നടത്തിയ ബനൂനളീര്‍ ഗോത്രത്തെ പ്രവാചകന്‍ ﷺ മദീനയില്‍നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ട ബനൂനളീര്‍ ഗോത്രത്തിലെ ചിലര്‍ മക്കയില്‍ ചെന്ന് മുശ്രിക്കുകളുമായി സംസാരിച്ചു. ക്വുറൈശികള്‍, യഹൂദികള്‍, ബനൂനളീര്‍, ഗത്വ്ഫാന്‍  തുടങ്ങിയ വിഭാഗങ്ങള്‍ മുസ്ലിംകള്‍ക്ക് എതിരെ സഖ്യം ചേര്‍ന്ന് മദീന ആക്രമിക്കാന്‍ തീരുമാനിച്ചു.

മുസ്ലിംകള്‍ക്ക് പരീക്ഷണം ശക്തമാവുകയും ഉപരോധം വീണ്ടും മുന്നോട്ടുനീങ്ങുകയും ചെയ്തപ്പോള്‍ ഗത്വ്ഫാന്‍ ഗോത്രത്തിന്‍റെ നേതാക്കളുടെ അടുക്കലേക്ക് പ്രവാചകന്‍ ആളെ അയച്ചു. 'നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും മദീനയില്‍നിന്നും മടങ്ങിപ്പോകുന്നപക്ഷം മദീനയിലെ പഴങ്ങളുടെ മൂന്നിലൊന്ന് നിങ്ങള്‍ക്ക് നല്‍കാം' എന്ന വ്യവസ്ഥയില്‍ അവരുമായി കരാറുണ്ടാക്കി. ഈ കരാറിനെ അവര്‍ അംഗീകരിക്കുകയും ചെയ്തു.

ഇപ്രകാരം ചെയ്യുന്നതിനുവേണ്ടി നബി ﷺ സഅ്ദുബ്നു മുആദി(റ)നോടും സഅ്ദുബ്നു ഉബാദ (റ)യോടും അഭിപ്രായം ചോദിച്ചു. അപ്പോള്‍ അവര്‍ നബി ﷺ യോട് ചോദിച്ചു: "അല്ലാഹുവിന്‍റെ പ്രവാചകരേ, നിങ്ങള്‍ ഒരു കാര്യം ഇഷ്ടപ്പെട്ടു സ്വയം ചെയ്യുകയാണോ അതല്ല നിര്‍ബന്ധമായും താങ്കള്‍ ചെയ്യേണ്ട നിലയ്ക്ക് അല്ലാഹു നിങ്ങളോട് കല്‍പിച്ചതാണോ ഇക്കാര്യം? അതോ നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ചെയ്യുകയാണോ?"

അപ്പോള്‍ നബി ﷺ ഇപ്രകാരം പറഞ്ഞു: "ഇതു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യമാണ്. അല്ലാഹുവാണ് സത്യം, അറബികള്‍ നിങ്ങളെ ഒന്നിച്ച് ആക്രമിക്കുന്നതും നിങ്ങളെ എല്ലാ ഭാഗത്തുനിന്നും കടിച്ചുകീറുന്നതുമായ നിങ്ങളുടെ ദുര്‍ബലാവസ്ഥ കണ്ടപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നിയതാണ്."

അപ്പോള്‍ സഅ്ദുബ്നു മുആദ്(റ) പറഞ്ഞു: "അല്ലാഹുവിന്‍റെ പ്രവാചകരേ, ഞങ്ങളും ഈ സമൂഹവും ഒരുകാലത്ത് അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. അന്നുപോലും മദീനയിലെ പഴങ്ങള്‍ കച്ചവടത്തിലൂടെയും സല്‍ക്കാരത്തിലൂടെയുമല്ലാതെ ഭക്ഷിക്കാന്‍ അവര്‍ ആഗ്രഹിച്ചിട്ടില്ല. ഇന്നാകട്ടെ അല്ലാഹു ഇസ്ലാംകൊണ്ട് ഞങ്ങള്‍ക്ക് പ്രതാപം നല്‍കി. ഞങ്ങളെ അവന്‍ ആദരിച്ചു. ഇസ്ലാമിലേക്ക് ഞങ്ങള്‍ക്ക് വഴികാണിച്ചുതന്നു. ഇത്രയും അഭിമാനത്തിന്‍റെ സ്ഥാനത്ത് എത്തിയ നമ്മള്‍, നമ്മുടെ സമ്പത്ത് ഇവര്‍ക്ക് നല്‍കുകയോ? അല്ലാഹുവാണ് സത്യം; അതിന്‍റെ ഒരു ആവശ്യവും ഇപ്പോള്‍ നമുക്കില്ല. അല്ലാഹുവാണ് സത്യം, അല്ലാഹു നമുക്കും അവര്‍ക്കും ഇടയില്‍ തീരുമാനം എടുക്കുന്നതുവരെ വാളല്ലാതെ മറ്റൊന്നും നാം അവര്‍ക്ക് നല്‍കുകയില്ല."

 അപ്പോള്‍ നബി ﷺ പറഞ്ഞു: "നിങ്ങള്‍ക്ക് നിങ്ങളുടെ നിലപാട് സ്വീകരിക്കാം."

കരാറില്‍നിന്ന് പ്രവാചകന്‍ ﷺ പിന്‍മാറിയപ്പോള്‍ മദീനയെ ശത്രുക്കള്‍ ഉപരോധിച്ചു. എന്നാല്‍ ഉപരോധത്തെ പ്രതിരോധിക്കാന്‍ നേരത്തെതന്നെ ആസൂത്രണം ചെയ്തത് പ്രകാരം വലിയ കിടങ്ങുകള്‍ കീറി യുദ്ധത്തിന് തയാറായി നില്‍ക്കുകയായിരുന്നു. കിടങ്ങ് ചാടിക്കടക്കാന്‍ ശത്രുക്കള്‍ക്ക് സാധിച്ചില്ല. എന്നാല്‍ അവര്‍ അമ്പെയ്ത്ത് ആരംഭിച്ചു. സഅ്ദുബ്നു മുആദി(റ)ന്‍റെ കൈകളില്‍ അമ്പുതറച്ച് നിലയ്ക്കാതെ രക്തം പ്രവഹിക്കാന്‍ തുടങ്ങി.  

പള്ളിയോടുചേര്‍ന്ന് ഒരു ടെന്‍റ് കെട്ടി അവിടെ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ കിടത്തി. സഅ്ദ്(റ) ദുആ ചെയ്തു: "അല്ലാഹുവേ, ക്വുറൈശികളുമായുള്ള യുദ്ധം ഇനിയും അവശേഷിക്കുന്നുവെങ്കില്‍ എന്‍റെ ആയുസ്സ് നീട്ടിത്തരണേ, കാരണം നിന്‍റെ ദൂതനെ മര്‍ദിക്കുകയും അവിശ്വസിക്കുകയും പുറത്താക്കുകയും ചെയ്ത ഒരു ജനതക്ക് വേണ്ടി പോരാടും പോലെ, മറ്റൊരു വര്‍ഗത്തിന് വേണ്ടിയും പോരാടാന്‍ എനിക്ക് താല്‍പര്യമില്ല. ഇനി, അവരുമായുള്ള യുദ്ധം നിലയ്ക്കുകയാണെങ്കില്‍ ഇന്നെനിക്ക് പറ്റിയ പരുക്ക് കാരണമായി എന്നെ നീ രക്തസാക്ഷികളില്‍ പെടുത്തണേ. ബനൂക്വുറൈളക്കാരുടെ കാര്യത്തില്‍ എന്‍റെ കണ്‍കുളിര്‍ക്കുന്നതുവരെ നീ എന്നെ മരിപ്പിക്കരുതേ!"

ഖന്തക്ക് യുദ്ധത്തില്‍ അല്ലാഹുവിന്‍റെ സഹായത്താല്‍ മുസ്ലിംകള്‍ വിജയിച്ചു. കരാര്‍ ലംഘനം നടത്തിയ ജൂതന്മാരെ വെറുതെ വിടാന്‍ പാടില്ലെന്ന് നബി ﷺ തീരുമാനിച്ചു. കാരണം മുസ്ലിംകളുമായി നിലവിലുള്ള കരാറിന് വിരുദ്ധമായി അവസരം കിട്ടുമ്പോഴെല്ലാം കരാര്‍ തെറ്റിക്കുന്നവരായിരുന്നു അവര്‍.

അവരുടെ കാര്യം സഅ്ദുബ്നു മുആദി(റ)ന്‍റെ തീരുമാനത്തിന് വിടണമെന്ന ആവശ്യമുയര്‍ന്നു. കാരണം ഇസ്ലാമിനുമുമ്പ് സഅ്ദു(റ)മായി ജൂതര്‍ സഖ്യത്തിലായിരുന്നു. നബി ﷺ യോടും ഇസ്ലാമിനോടും വഞ്ചന പതിവാക്കിയിരുന്ന ബനൂക്വുറൈളക്കാരുടെ തനിനിറം അറിയാമായിരുന്ന സഅ്ദ്(റ) വിധിച്ചു: "യോദ്ധാക്കളെ വധിക്കുക, സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരായി പിടിക്കുക, സ്വത്ത് കണ്ടുകെട്ടുക."

അധികം വൈകാതെ ആ സ്വഹാബി രക്തസാക്ഷിയായി. 7 വര്‍ഷം മാത്രമാണ് ഇസ്ലാം സ്വീകരിച്ച ശേഷം അദ്ദേഹം ജീവിച്ചത്. ഈ ചെറിയ കാലയളവിനുള്ളില്‍ അല്ലാഹുവിന്‍റെ തൃപ്തി നേടുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

അനസ് ഇബ്നു മാലിക്(റ) പറയുന്നു: "സഅ്ദുബ്നു മുആദി(റ)ന്‍റെ ജനാസ വഹിച്ചക്കപ്പെട്ടപ്പോള്‍ കപടവിശ്വാസികള്‍ പറഞ്ഞു: "എത്ര മാത്രം നിസ്സാരമായ ഒരു ജനാസയാണ് ഇത്."

ബനുക്വുറൈള ഗോത്രക്കാരുടെ വിഷയത്തില്‍ സഅ്ദി(റ)ന്‍റെ വിധി നടപ്പിലാക്കിയ ദേഷ്യത്തിലാണ് അവര്‍ അപ്രകാരം പറഞ്ഞത്. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: "മലക്കുകളായിരുന്നു അദ്ദേഹത്തെ വഹിച്ചുപോയിരുന്നത്."

ജാബിര്‍(റ) പറയുന്നു; നബി ﷺ പറഞ്ഞു: "സഅ്ദുബ്നു മുആദി(റ)ന്‍റെ വഫാത്ത് കാരണം അല്ലാഹുവിന്‍റെ അര്‍ശ് വിറകൊണ്ടു."