നബി ﷺ യുടെ ക്വരീന്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 മെയ് 29 1442 ശവ്വാല്‍ 17

(മുഹമ്മദ് നബി ﷺ 22)

നബി ﷺ യുടെ ക്വരീന്‍

അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'നിങ്ങളില്‍ ഒരാളുംതന്നെ ജിന്നുകളില്‍ പെട്ട ഒരു കൂട്ടുകാരന്‍ അവനില്‍ ഏല്‍പിക്കപ്പെടാത്തവനായിട്ടല്ലാതെ ഇല്ല.' അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, നിങ്ങളും (ഇല്ലേ)?' നബി ﷺ പറഞ്ഞു: 'ഞാനും. (എന്നാല്‍) അവന്റെ കാര്യത്തില്‍ അല്ലാഹു എന്നെ സഹായിക്കുകയും അവന്‍ മുസ്‌ലിമാകുകയും ചെയ്തിരിക്കുന്നു. അവന്‍ എന്നോട് നന്മയല്ലാതെ കല്‍പിക്കുകയില്ല'' (മുസ്‌ലിം).

നബി ﷺ യുടെ പത്‌നി ആഇശ(റ) അവിടുത്തെകുറിച്ച് പറഞ്ഞു; ഒരു രാത്രി അല്ലാഹുവിന്റെ റസൂല്‍ ﷺ അവരുടെ അടുത്ത് നിന്നും പുറത്ത് പോയി. അവര്‍ പറഞ്ഞു: ''അങ്ങനെ നബി ﷺ ക്കെതിരില്‍ എനിക്ക് രോഷം ഉണ്ടായി. അങ്ങനെ നബി ﷺ വന്നു, അപ്പോള്‍ ഞാന്‍ ചെയ്യുന്നത് അവിടുന്ന് കണ്ടു. അപ്പോള്‍ നബി ﷺ ചോദിച്ചു: 'നിനക്ക് എന്തുപറ്റി?' 'ഓ, ആഇശാ! നീ ദേഷ്യപ്പെടുകയാണോ?' അപ്പോള്‍ ഞാന്‍ ചോദിച്ചു: 'എനിക്കെന്ത് പറ്റി? നിങ്ങളെ പോലുള്ളൊരാളോട് എന്നെപോലുള്ള ഒരാള്‍ ഈര്‍ഷ്യപ്പെടില്ലല്ലോ.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'നിന്റെ ശയ്ത്വാന്‍ നിന്റെ അടുത്ത് വന്നിട്ടുണ്ടോ?' ആഇശ(റ) ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, എന്റെ കൂടെ ശയ്ത്വാനോ?' നബി ﷺ പറഞ്ഞു: 'അതെ.' ഞാന്‍ ചോദിച്ചു: 'എല്ലാ മനുഷ്യരുടെ കൂടെയും (പിശാച്) ഉണ്ടോ?' നബി ﷺ പറഞ്ഞു: 'അതെ.' ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, നിങ്ങളുടെ കൂടെയും (ഉണ്ടോ)?' നബി ﷺ പറഞ്ഞു: 'അതെ. പക്ഷേ, അവനെതിരില്‍ അവന്‍ മുസ്‌ലിമാകുന്നോളം അല്ലാഹു എന്നെ സഹായിച്ചിരിക്കുന്നു''(മുസ്‌ലിം).

ഏതൊരാള്‍ക്കും അല്ലാഹു ജിന്നുകളില്‍പെട്ട ഒരാളെ ക്വരീനായി നിശ്ചയിക്കാതിരുന്നിട്ടില്ല. മലക്കുകളില്‍ ഒരാളും ക്വരീനായി ഉണ്ട് എന്ന റിപ്പോര്‍ട്ടുകളും കാണാവുന്നതാണ്. ജിന്നുകളില്‍ പെട്ട ക്വരീന്‍ മനുഷ്യന് തിന്മയിലേക്ക് പ്രേരണ നല്‍കിക്കൊണ്ടിരിക്കും. തിന്മക്ക് പ്രേരിപ്പിക്കുമെന്നത് ഹദീഥിന്റെ അവസാനത്തില്‍നിന്ന് വ്യക്തമാണ്. ഈ കാര്യം നബി ﷺ സ്വഹാബിമാരോട് പറയുമ്പോള്‍, അവര്‍ നബിയോട് ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, നിങ്ങളിലും അങ്ങനെ ഏല്‍പിക്കപ്പെട്ടിട്ടുണ്ടോ?' നബി ﷺ 'അതെ' എന്ന് ഉത്തരം നല്‍കി. എന്നാല്‍ നബി ﷺ യില്‍ ഏല്‍പിക്കപ്പെട്ടിട്ടുള്ള ജിന്നാകുന്ന ക്വരീന്‍ നബി ﷺ യോട് തിന്മക്ക് കല്‍പിക്കുകയില്ല. കാരണം അവന്‍ മുസ്‌ലിമായിട്ടുണ്ട്. അപ്പോള്‍ മുസ്‌ലിം ജിന്നുകളല്ല മനുഷ്യരെ തിന്മക്ക് കല്‍പിക്കുന്നതെന്നും മനസ്സിലാക്കാം. 'മുസ്‌ലിമായി' എന്നും 'ഞാന്‍ രക്ഷപ്പെടും' എന്നും ഇവിടെ വായനയുണ്ട്. ഒന്നാമത്തെത് പ്രകാരമാണ് നാം നേരത്തെ പറഞ്ഞത്. രണ്ടാമത്തെത് പ്രകാരമായാല്‍ 'അവന്റെ കെടുതികളില്‍നിന്നും തിന്മകളില്‍നിന്നും ഫിത്‌നകളില്‍നിന്നും ഞാന്‍ രക്ഷപ്പെടും' എന്നാകും സാരം.

എല്ലാവരെയും തിന്മയിലേക്ക് നയിക്കാനായി ഓരോ ക്വരീനുണ്ടെന്ന് പറഞ്ഞുവല്ലോ. മഹ്ശറില്‍ വരുമ്പോള്‍ അവന്‍ നമ്മെ പിഴപ്പിച്ചതിനെയെല്ലാം തള്ളിക്കളയുകയും ചെയ്യുന്നതാണ്.

''കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട്ഒരു വാഗ്ദാനം ചെയ്തു; സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക്  നിങ്ങളുടെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്'' (ക്വുര്‍ആന്‍ 14:22).

''അവന്റെ സഹചാരി (മലക്ക്) പറയും: ഇതാകുന്നു എന്റെ പക്കല്‍ തയ്യാറുള്ളത് (രേഖ). (അല്ലാഹു മലക്കുകളോട് കല്‍പിക്കും:) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക. അതായത് നന്മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും. അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക. അവന്റെ കൂട്ടാളി പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷേ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു'' (ക്വുര്‍ആന്‍ 50:23-27).

ഈ ആയത്തില്‍ പറയുന്ന ക്വരീന്‍ പിശാചാണെന്ന് ഇമാം ബുഖാരി(റ) വ്യക്തമാക്കുന്നുണ്ട്.

വിശ്വാസ, ആചാര, അനുഷ്ഠാന, സ്വഭാവ, സംസ്‌കാര, ഇടപാടുകളിലെല്ലാം നമുക്ക് പല മോഹങ്ങളും വാഗ്ദാനം നല്‍കി, നമ്മെ നരകത്തിന്റെ അവകാശിയാക്കിത്തീര്‍ത്ത ക്വരീന്‍ എല്ലാം നിഷേധിച്ച് ഒഴിഞ്ഞുമാറുന്ന രംഗം ക്വുര്‍ആന്‍ ഈ സൂക്തങ്ങളിലൂടെ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

എല്ലാ മനുഷ്യരെയും അവനവന്റെ ക്വരീന്‍ തിന്മക്ക് പ്രേരിപ്പിക്കുമ്പോള്‍ നബി ﷺ യുടെ ക്വരീനിന്റെ ഉപദ്രവത്തില്‍നിന്ന് അല്ലാഹു അവിടുത്തേക്ക് പ്രത്യേക കാവല്‍ നല്‍കിയത് അവിടുത്തേക്കുള്ള പ്രത്യകതയാണ് അറിയിക്കുന്നത്. ഇമാം നവവി(റ) മുകളിലെ ഹദീഥിന്റെ വിശദീകരണത്തില്‍ പറയുന്നത് കാണുക:

ക്വാദി ഇയാദ്(റ) പറഞ്ഞു: ''നീ അറിയണം, ശയ്ത്വാനില്‍നിന്നും നബി ﷺ യുടെ ശരീരത്തിലും വിചാരങ്ങളിലും സംസാരങ്ങളിലും നബി ﷺ ക്ക് സുരക്ഷിതത്വമുണ്ടെന്നതില്‍ ഈ സമുദായം ഏകോപിച്ചിരിക്കുന്നു.'' (അവസാനിച്ചില്ല)