ഉപദ്രവം പലവിധം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഫെബ്രുവരി 20 1442 റജബ് 08

(മുഹമ്മദ് നബി ﷺ , ഭാഗം 10)

നബി ﷺ നമസ്കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്‍റെ ചീഞ്ഞളിഞ്ഞ കുടല്‍മാലകള്‍ ശത്രുക്കള്‍ കഴുത്തില്‍ ചാര്‍ത്തിയ സംഭവം നാം വായിച്ചു. മറ്റൊരു സംഭവം നോക്കൂ:

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "അബൂജഹ്ല്‍ ചോദിച്ചു: 'മുഹമ്മദ് നിങ്ങളുടെ മുന്നില്‍വെച്ച് അവന്‍റെ മുഖം നിലത്ത് കുത്താറുണ്ടോ?' അപ്പോള്‍ പറയപ്പെട്ടു: 'അതെ.' അപ്പോള്‍ അവന്‍ പറഞ്ഞു: 'ലാത്തയും ഉസ്സയും തന്നെയാണ് സത്യം, അവന്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ അവന്‍റെ പിരടിയില്‍ ഞാന്‍ ചവിട്ടുകതന്നെ ചെയ്യുന്നതാണ്. അല്ലെങ്കില്‍ അവന്‍റെ മുഖത്തെ ഞാന്‍ മണ്ണില്‍ പൂഴ്ത്തുന്നതാണ്.' (അബൂഹുറയ്റ(റ) പറഞ്ഞു:) 'അങ്ങനെ അവന്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ നമസ്കരിച്ചുകൊണ്ടിരിക്കെ (നബി ﷺ യുടെ അടുത്തേക്ക്) ചെന്നു. (അങ്ങനെ) അവിടുത്തെ പിരടിയില്‍ ചവിട്ടാനായി അവന്‍ മുന്നോട്ട് വന്നു. അപ്പോള്‍ അവന്‍ അവന്‍റെ ഇരു കാലുകളും പിന്നോട്ട് വലിച്ചതും അവന്‍റെ ഇരു കൈകള്‍കൊണ്ടും (രക്ഷപ്പെടാന്‍ വേണ്ടി) സൂക്ഷിക്കുന്നതുമല്ലാതെ അവനില്‍ നിന്ന് അവരെ അമ്പരപ്പിച്ചില്ല.' (അബൂഹുറയ്റ(റ) പറഞ്ഞു: അപ്പോള്‍ അവനോട് പറയപ്പെട്ടു: 'എന്തുപറ്റി?' അവന്‍ പറഞ്ഞു: 'എനിക്കും അവനും (നബിക്കും) ഇടയില്‍ തീയാലുള്ള ഒരു കിടങ്ങും ഭയാനകരൂപങ്ങളും ചിറകുകളും (ഞാന്‍ കണ്ടു).' അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: 'അവന്‍ എന്നോട് (അതിനായി) അടുത്തിരുന്നുവെങ്കില്‍ മലക്കുകള്‍ അവനെ കഷ്ണം കഷ്ണമായി റാഞ്ചിക്കൊണ്ടു പോകുക തന്നെ ചെയ്യുമായിരുന്നു.' (അബൂഹുറയ്റ(റ) പറഞ്ഞു:) അപ്പോള്‍ അല്ലാഹു, "നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു; തന്നെ സ്വയംപര്യാപ്തനായി കണ്ടതിനാല്‍. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം. വിലക്കുന്നവനെ നീ കണ്ടുവോ? ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍. അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍, (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? അഥവാ അദ്ദേഹം സൂക്ഷ്മത കൈക്കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍. അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചുതള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? (അബൂജ്ഹല്‍ ആണ് ഉദ്ദേശിക്കപ്പെടുന്നത്)  അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്? നിസ്സംശയം,; അവന്‍ വിരമിച്ചിട്ടില്ലെങ്കില്‍ നാം ആ കുടുമ പിടിച്ചു വലിക്കുകതന്നെ ചെയ്യും. കള്ളം പറയുന്ന, പാപം ചെയ്യുന്ന കുടുമ. എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ. നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം. നിസ്സംശയം; നീ അവനെ അനുസരിച്ചുപോകരുത്, നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക" (അല്‍അലക്വ് 6-19) എന്ന വചനങ്ങള്‍ ഇറക്കി" (മുസ്ലിം).

അബൂജഹ്ല്‍ മക്കക്കാരോട് ചോദിച്ചത് കണ്ടില്ലേ? 'മുഹമ്മദ് അവന്‍റെ മുഖത്തെ നിങ്ങളുടെ മുന്നില്‍ വെച്ച് നിലത്ത് കുത്താറുണ്ടോ' എന്ന്! സുജൂദ് ചെയ്യുക എന്ന മഹത്തായ ആരാധനാകര്‍മത്തെയാണ് അവന്‍ പരിഹസിച്ചത്. അബൂജഹ്ലിന്‍റെ ചോദ്യം കേട്ടവരില്‍നിന്ന് 'അതെ' എന്ന ഉത്തരവും വന്നു. അപ്പോള്‍ ശപിക്കപ്പെട്ട അവന്‍ പറഞ്ഞത് ഇനി അപ്രകാരം ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ അവന്‍റെ പിരടിയില്‍ ഞാന്‍ ചവിട്ടും, അല്ലെങ്കില്‍ അവന്‍റെ മുഖത്തെ ഞാന്‍ മണ്ണില്‍ പൂഴ്ത്തിക്കളയും' എന്നാണ്. ആ വീരവാദം നടപ്പിലാക്കാനായി അവന്‍ നബി ﷺ നമസ്കാരത്തിലായിരിക്കെ നബിയുടെ അടുത്തേക്ക് ചെന്നു. ആ സന്ദര്‍ഭത്തില്‍ അവന്‍ ഒരു ഭീകരമായ രംഗം കാണുകയുണ്ടായി. അതായത്, അഗ്നിയാലുള്ള ഒരു വന്‍ കിടങ്ങും ഭീകരരൂപങ്ങളും ചിറകുകളും! അത് കണ്ടതും അവന്‍ പുറകോട്ട് മാറി. അതിനെ തടുക്കുവാന്‍ കൈകൊണ്ട് അവന്‍ ശ്രമിക്കുന്നുമുണ്ട്. അവന്‍ കണ്ട കാഴ്ചകള്‍ മറ്റുള്ളവര്‍ കാണുന്നില്ലായിരുന്നു. അതിനാല്‍തന്നെ എല്ലാവര്‍ക്കും അബൂജഹ്ലിന്‍റെ ഈ പുറകോട്ട് വലിയല്‍ കണ്ട് ഉത്കണ്ഠയും ആശ്ചര്യവും ഉണ്ടായി.

'അവന്‍ എന്നെ ചവിട്ടാനായി എന്‍റെ അടുത്തേക്ക് വന്നിരുന്നെങ്കില്‍ അല്ലാഹുവിന്‍റെ മലക്കുകള്‍ അവനെ കഷ്ണം കഷ്ണമായി റാഞ്ചിയെടുക്കുമായിരുന്നു' എന്ന് നമസ്കാര ശേഷം അതിനെ സംബന്ധിച്ച് നബി ﷺ പറയുകയുണ്ടായി. നബി ﷺ യെ ദ്രോഹിക്കാന്‍ വെമ്പല്‍കൊണ്ട അബൂജഹ്ലില്‍നിന്നും അല്ലാഹു നബി ﷺ ക്ക് പ്രത്യേകമായ ഒരു സംരക്ഷണം നല്‍കുന്നതാണ് നാം ഇതിലൂടെ കണ്ടത്.

ഇതുപോലെ, മറ്റൊരിക്കല്‍ മക്വാമു ഇബ്റാഹീമില്‍വെച്ച് നബി ﷺ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സംഭവമുണ്ടായി:

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "നബി ﷺ നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ അബൂജഹ്ല്‍ (അവിടെ) വന്നു. എന്നിട്ട് അവന്‍ (നബി ﷺ യോട്) ചോദിച്ചു: 'നിന്നെ ഇതില്‍നിന്ന് ആരും വിലക്കിയില്ലേ? നിന്നെ ഇതില്‍ നിന്ന് ആരും വിലക്കിയില്ലേ? നിന്നെ ഇതില്‍ നിന്ന് ആരും വിലക്കിയില്ലേ?' അങ്ങനെ നബി ﷺ (നമസ്കാരത്തില്‍ നിന്ന്) പിരിഞ്ഞു. എന്നിട്ട് അവനെ (ധീരതയോടെ) തടഞ്ഞു. അപ്പോള്‍ അബൂജഹ്ല്‍ ചോദിച്ചു: 'ഇവിടെവെച്ച് വിളിച്ചാല്‍ ഏറ്റവും കൂടുതല്‍ (ജനശക്തി എനിക്കാണുള്ളത് എന്ന്) തീര്‍ച്ചയായും നിനക്ക് അറിയാമല്ലോ.' അപ്പോള്‍ അല്ലാഹു "എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ. നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം" (എന്ന സൂക്തം) ഇറക്കി. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: 'അല്ലാഹുവാണ് സത്യം, അവന്‍ അവന്‍റെ ആളുകളെ വിളിച്ചിരുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ സബാനിയത്ത് അവനെ പിടിക്കുക തന്നെ ചെയ്യുമായിരുന്നു" (തിര്‍മിദി).

പരസ്യപ്രബോധന കാലത്തിന്‍റെ തുടക്കത്തില്‍തന്നെ ശത്രുക്കളില്‍നിന്ന് നബി ﷺ ക്ക് നേരിടേണ്ടി വന്ന ചില പീഡനങ്ങളെക്കുറിച്ചാണ് നാം മനസ്സിലാക്കിയത്.

ഉര്‍വതുബ്നു സുബയ്റി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: 'ഞാന്‍ അംറുബ്നുല്‍ ആസ്വിനോട് പറഞ്ഞു: മുശ്രിക്കുകള്‍ നബി ﷺ യെക്കൊണ്ട് ചെയ്തതില്‍ ഏറ്റവും കഠിനമായത് (എന്താണെന്ന്) എനിക്ക് അറിയിച്ച് തരൂ.' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഒരിക്കല്‍ കഅ്ബയുടെ മുറ്റത്ത് നമസ്കരിക്കുന്നതിനിടയില്‍ ഉക്വ്ബതുബ്നു അബീമുഅയ്ത്വ് അവിടേക്ക് മുന്നിട്ടുവന്നു. എന്നിട്ട് അവന്‍ റസൂലിന്‍റെ ﷺ ചുമലില്‍ പിടിച്ചു. (എന്നിട്ട്) അവന്‍ അവന്‍റെ വസ്ത്രം (നബി ﷺ യുടെ) കഴുത്തില്‍ ചുറ്റി. എന്നിട്ട് അതുകൊണ്ട് ശക്തിയായി ഒരു വലിക്കല്‍ വലിച്ചു. അപ്പോള്‍ അബൂബക്ര്‍ (അവിടേക്ക്) വന്നു. അപ്പോള്‍ അദ്ദേഹം അവന്‍റെ ചുമല ില്‍ പിടിക്കുകയും അല്ലാഹുവിന്‍റെ റസൂലില്‍നിന്ന് അവനെ തള്ളിമാറ്റുകയും ചെയ്തു. അദ്ദേഹം "എന്‍റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ?" (ഗാഫിര്‍ 28) എന്ന് പറയുകയും (ചെയ്തു)" (ബുഖാരി).

അല്ലാഹുവിന്‍റെ റസൂല്‍ ﷺ നമസ്കരിക്കുന്ന സമയത്ത് അദ്ദേഹത്തെ ശ്വാസംമുട്ടിച്ച് കൊല്ലുവാനാണ് ആ ദുഷ്ടനായ മനുഷ്യന്‍ ശ്രമിച്ചത്. ആ സന്ദര്‍ഭത്തില്‍ അബൂബക്ര്‍(റ) അവിടെ എത്തുകയും നബി ﷺ യെ അവനില്‍നിന്ന് രക്ഷിക്കുകയും ചെയ്തു.

ദിനംപ്രതി മര്‍ദനം വര്‍ധിക്കാന്‍ തുടങ്ങി. അവസാനം ലോകത്തിന് കാരുണ്യമായി അല്ലാഹു അയച്ച ആ പ്രവാചകന്‍ അവര്‍ക്കെതിരില്‍ പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു.

ക്വുറയ്ശികള്‍ തന്നോട് അങ്ങേയറ്റത്തെ അനുസരണക്കേട് കാണിക്കുന്നത് നബി ﷺ കണ്ടു. അങ്ങനെ അവിടുന്ന് പ്രാര്‍ഥിച്ചു: "യൂസുഫിന്‍റെ (നാട്ടിലെ) ഏഴു കൊല്ലത്തെ പോലെ ഒരു ഏഴുകൊണ്ട് അവരുടെ മേലും (ചെയ്ത്) നീ എന്നെ സഹായിക്കേണമേ." അങ്ങനെ അവരുടെ എല്ലാതും നീങ്ങിപ്പോകുന്നതുവരെ അവരെ വരള്‍ച്ച പിടികൂടി. അവര്‍ എല്ലുകളും തോലുകളും ഭക്ഷിക്കുന്നതുവരെ (ആയിത്തീര്‍ന്നു). അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: 'അവര്‍ (ജനങ്ങള്‍) തോലുകളും ശവങ്ങളും തിന്നുന്നവര്‍ വരെ (ആയിരിക്കുന്നു). ഭൂമിയില്‍നിന്ന് പുകപോലെ എന്തോ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു.' അങ്ങനെ അബൂസുഫ്യാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: 'ഓ... മുഹമ്മദ്, തീര്‍ച്ചയായും നിന്‍റെ ജനത നശിച്ചിരിക്കുന്നു. അതിനാല്‍ അവരില്‍നിന്ന് (ഈ കെടുതി) നീങ്ങാന്‍ നീ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.' അങ്ങനെ നബി ﷺ പ്രാര്‍ഥിച്ചു. ഇതിനുശേഷം നിങ്ങള്‍ മടങ്ങുമോ (എന്ന്) പിന്നീട് ചോദിച്ചു. പിന്നീട് (അദ്ദേഹം) ഓതി: "അതിനാല്‍ ആകാശം, തെളിഞ്ഞുകാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം. എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞുകളയുകയാണ് ചെയ്തത്. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു. തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്) മടങ്ങുക തന്നെ ചെയ്യുമല്ലോ" (ദുഖാന്‍ 10-15), (ബുഖാരി).

സ്വൈര്യമായി ജനങ്ങളോട് സത്യംപറയാന്‍ സാധിക്കാത്ത സാഹചര്യം, പരിശുദ്ധ കഅ്ബയുടെ പരിസരത്ത് നമസ്കരിക്കാന്‍ പറ്റാത്ത അവസ്ഥ! ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങള്‍. ഇങ്ങനെ വല്ലാത്ത പ്രയാസത്തിലായപ്പോള്‍ നബി ﷺ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു; യൂസുഫ് നബി(അ)യുടെ കാലത്ത് ഏഴുകൊല്ലം തുടര്‍ച്ചയായി ക്ഷാമവും വരള്‍ച്ചയും ഉണ്ടായതുപോലെ ഇവരിലും ഉണ്ടാകാന്‍. അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു. കടുത്ത പട്ടിണിയും വരള്‍ച്ചയും അവരെ ബാധിച്ചു. അവസാനം ശവവും എല്ലുകളും മൃഗത്തിന്‍റെ തൊലിയുമൊക്കെ തിന്നേണ്ട ദുര്‍ഗതി അവര്‍ക്കുണ്ടായി. എത്രത്തോളമെന്നാല്‍ ചെരുപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് അതുപോലും കഴിക്കേണ്ടുന്ന ദുരവസ്ഥ! നബി ﷺ യെ ഉപദ്രവിച്ചവര്‍ക്ക് അല്ലാഹു അക്കാലത്തുതന്നെ ശിക്ഷ നല്‍കുന്നതാണ് നാം കണ്ടത്. അവസാനം അബൂസുഫ്യാന്‍ നബി ﷺ യെ സമീപിച്ചു. എന്നിട്ട് പറഞ്ഞു: 'മുഹമ്മദ്, അല്ലാഹുവിനെ അനുസരിക്കണമെന്നും കുടുംബബന്ധം ചേര്‍ക്കണമെന്നുമാണല്ലോ നീ കല്‍പിക്കുന്നത്? ഇപ്പോള്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവര്‍ അടക്കം നശിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.'

അബൂസുഫ്യാന്‍ അന്ന് മുശ്രിക്കായിരുന്നു. മുശ്രിക്കുകള്‍ക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു എന്നത് ഈ ഭാഗം വായിക്കുന്നവര്‍ക്ക് വ്യക്തമാകാതിരിക്കില്ല. നബി ﷺ വിശ്വസിക്കുന്ന അല്ലാഹുവില്‍ തന്നെയാണ് അവരും വിശ്വസിച്ചിരുന്നത്. അബൂസുഫ്യാന്‍ ഏതൊരു അല്ലാഹുവിനോടാണോ പ്രാര്‍ഥിക്കാനായി നബി ﷺ യോട് ആവശ്യപ്പെട്ടത്; അതേ അല്ലാഹുവിനോടായിരുന്നു നബി ﷺ പ്രാര്‍ഥിച്ചതും.

ലോകത്തിന് കാരുണ്യമായി അയക്കപ്പെട്ട പ്രവാചകന്‍റെ മനസ്സ് വേദനിച്ചു, അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. നമസ്കാരത്തില്‍ തന്‍റെ മേല്‍ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്‍റെ കുടല്‍മാലകള്‍ ചാര്‍ത്തിയ, ശപിക്കപ്പെട്ടവനെന്നും കള്ളനെന്നും മാരണക്കാരനെന്നും വിളിച്ച് ആക്ഷേപിച്ച, തന്നെ ഏതെല്ലാം മാര്‍ഗത്തിലൂടെ ദ്രോഹിക്കാന്‍ പറ്റുമോ ആ മാര്‍ഗമെല്ലാം സ്വീകരിച്ച് ദ്രോഹിച്ച ആളുകളുടെ എല്ലാ ദ്രോഹങ്ങളും മറന്ന് ആ ജനതക്കായി നബി ﷺ പ്രാര്‍ഥിച്ചു.

നബി ﷺ യോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുക മാത്രമല്ല അവര്‍ ചെയ്തത്. ഈ വറുതിയും ക്ഷാമവും നീങ്ങിയാല്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയും ചെയ്യാം എന്നും അവര്‍ നബി ﷺ യോട് പറഞ്ഞിരുന്നു. ഇത് കേട്ടപ്പോള്‍ നബി ﷺ ക്ക് അങ്ങേയറ്റത്തെ സന്തോഷമായി. നരകവഴിയില്‍നിന്ന് സ്വര്‍ഗവഴിയിലേക്ക് തങ്ങള്‍ മടങ്ങാന്‍ തയ്യാറാണ് എന്നു ജനങ്ങള്‍ പറഞ്ഞാല്‍ കാരുണ്യത്തിന്‍റെ ദൂതന്‍ എങ്ങനെ സന്തോഷിക്കാതിരിക്കും. നബി ﷺ യുടെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുകയും അവരുടെ ക്ഷാമം മാറുകയും ചെയ്തു. എന്നാല്‍ മുശ്രിക്കുകള്‍ അവരുടെ പഴയ വഴിയില്‍ത്തന്നെ നിലയുറപ്പിച്ചു. അവര്‍ മാറാന്‍ കൂട്ടാക്കിയില്ല!

ആരോപണങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും അവര്‍ നബിയെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. നബി ﷺ ഇരുന്നാല്‍ ചുറ്റും അവിടുത്തെ അനുചരന്മാരിലെ ദുര്‍ബലരുണ്ടാകുമായിരുന്നു. (അപ്പോള്‍ മുശ്രിക്കുകള്‍) അവരെ കളിയാക്കിക്കൊണ്ട് പറയും; ഈ ഇരിക്കുന്നവരാണോ നമ്മുടെ ഇടയില്‍ നിന്ന് അല്ലാഹു അനുഗ്രഹിച്ചവര്‍?

നബി ﷺ യുടെ കൂടെ അമ്മാര്‍(റ), ബിലാല്‍(റ), ഖബ്ബാബ്(റ), സ്വുഹയ്ബ്(റ) പോലെയുള്ള പാവങ്ങളും ദുര്‍ബലരുമായിരുന്നു ആദ്യനാളുകളില്‍ കൂടുതലും ഉണ്ടായിരുന്നത്. അവരോടൊത്ത് അവിടുന്ന് ഇരിക്കുന്നത് കാണുമ്പോള്‍ ശത്രുക്കള്‍ നന്നായി പരിഹസിക്കും. അല്ലാഹുവിന്‍റെ റസൂലാണ് ഞാന്‍ എന്ന് നബി ﷺ പറയുന്നതുതന്നെ അവര്‍ പരിഹാസത്തോടെയാണ് കണ്ടിരുന്നത്. അവരുടെ ചില ചോദ്യങ്ങള്‍ നോക്കൂ:

"ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത് അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു" (അല്‍ഇസ്റാഅ് 94).

പണ്ട് 'അല്‍അമീന്‍' എന്ന് വിളിച്ചവര്‍, തര്‍ക്കങ്ങളില്‍ മധ്യസ്ഥനായി സ്വീകരിച്ചവര്‍, നീ സത്യമേ പറയൂ എന്ന് പറഞ്ഞവര്‍... സത്യം ജനങ്ങളോട് പറഞ്ഞപ്പോള്‍ ശത്രുവായി, കണ്ടുകൂടാത്തവനായി, കുഴപ്പക്കാരനായി. ഇവനാണോ അല്ലാഹുവിന്‍റെ റസൂല്‍, ഇവന്‍ മനുഷ്യനല്ലേ, മനുഷ്യന്‍ എങ്ങനെ റസൂലാകും എന്നിങ്ങനെ പരിഹാസത്തോടും നിഷേധത്തോടും അവര്‍ ചോദിച്ചു.

"ഇയാളുടെ (നബി ﷺ യുടെ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ്എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല. ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്" (അല്‍അന്‍ആം 9).

മലക്കിനെയാണ് അവരിലേക്ക് റസൂലായി അല്ലാഹു അയക്കേണ്ടതെന്നും മനുഷ്യനെ അതിന് പറ്റില്ലെന്നുമാണ് അവര്‍ ധരിച്ചത്. തങ്ങള്‍ക്ക് വിശ്വസിക്കാനായി ഈ നബിയുടെ മേല്‍ സഹായിയായി ഒരു മലക്കിനെ എന്തുകൊണ്ട് അയച്ചുകൂടാ എന്നെല്ലാം അവര്‍ ചോദിക്കുന്നത് ഇത് കാരണത്താലാകാം. എന്നാല്‍ അല്ലാഹു അതിന് മറുപടി നല്‍കി. മലക്കുകളെ നാം അയക്കുന്ന സമയം ശിക്ഷയുടെ സമയമാകുമെന്നും, പിന്നീട് യാതൊരു സഹായവും ലഭിക്കില്ലെന്നും അല്ലാഹു അറിയിച്ചു. മാത്രവുമല്ല, റസൂലായി ഒരു മലക്കിനെയാണ് മനുഷ്യരിലേക്ക് അയക്കുന്നതെങ്കില്‍ മനുഷ്യനായിട്ട് തന്നെയാണ് അല്ലാഹു അയക്കുക. കാരണം, മനുഷ്യരിലേക്കാണല്ലോ റസൂലിനെ അയക്കുന്നത്. അപ്പോള്‍ മനുഷ്യപ്രകൃതിയുള്ള ആളുതന്നെയാകണം അവരുടെ പ്രവാചകന്‍. അതുപോലെ മലക്കിനെ സാക്ഷാല്‍ രൂപത്തില്‍ മനുഷ്യന് കാണാനും സാധ്യമല്ലല്ലോ. മനുഷ്യരൂപത്തില്‍ വന്നാല്‍ മാത്രമെ മനുഷ്യര്‍ക്ക് മലക്കിനെ കാണാന്‍ സാധിക്കുകയുള്ളൂ. അപ്പോഴും ഇവര്‍ ആശയക്കുഴപ്പത്തില്‍ തന്നെയാകും ഉണ്ടാകുക. (തുടരും)