മദീനയുടെ മണ്ണില്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജൂലൈ 24 1442 ദുല്‍ഹിജ്ജ 13

(മുഹമ്മദ് നബി ﷺ : 30)

ആബാലവൃദ്ധം ജനങ്ങള്‍ ഇരുവരെയും വരവേല്‍ക്കാന്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുകയാണ്. നബി ﷺ യും അബൂബക്‌റും(റ) വരുന്നുണ്ടോ എന്നറിയാന്‍ ഓരോ ദിവസവും രാവിലെ മക്കയില്‍നിന്നും യഥ്‌രിബിലേക്ക് ഇറങ്ങുന്ന ഭാഗത്തേക്ക് ചെന്ന് എത്തിനോക്കും. വെയിലിന്റെ ചൂട് കൂടുന്നതുവരെ അവര്‍ അവിടെ നില്‍ക്കും! പിന്നീട് അവര്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങും. അങ്ങനെ ഒരു ദിവസം എല്ലാവരും വീട്ടിലേക്ക് മടങ്ങിയ സന്ദര്‍ഭം. യഥ്‌രിബിലെ ഒരു യഹൂദി തന്റെ ഒരു ആവശ്യത്തിനായി അവിടത്തെ ഒരു കുന്നില്‍ കയറി. ദൂരെ ഒരു ചെറു സംഘത്തെ അയാള്‍ കാണുകയാണ്. യഥ്‌രിബുകാര്‍ കാത്തിരിക്കുന്ന ആളുകളാണല്ലോ ആ വരുന്നത്. അദ്ദേഹത്തിന് ആ സന്തോഷം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കാരണം, എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരാളെ താനാണല്ലോ ആദ്യം കണ്ടത്. അദ്ദേഹം അത്യുച്ചത്തില്‍ വിവരം വിളംബരം ചെയ്തു. സ്വഹീഹുല്‍ ബുഖാരിയില്‍ ഇങ്ങനെ കാണാം:

''ഓ അറബ് സമൂഹമേ! ഇതാ, നിങ്ങള്‍ കാത്തിരിക്കുന്ന നിങ്ങളുടെ മഹാന്‍ (വരുന്നു).' അപ്പോള്‍ മുസ്‌ലിംകള്‍ ആയുധസജ്ജരാകുന്നതിനുവേണ്ടി ഇളകിമറിഞ്ഞു. അങ്ങനെ അവര്‍ അല്ലാഹുവിന്റെ ദൂതനെ ഉച്ചസമയത്ത് വരവേറ്റു.''

യഹൂദിയുടെ വിളംബരം കേട്ടപാടെ മുസ്‌ലിംകള്‍ അവരുടെ വീടുകളില്‍നിന്ന് ആയുധസജ്ജരായി നബി ﷺ യെ സ്വീകരിക്കാന്‍ തയ്യാറെടുത്തു. അവര്‍ ഏറെ ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടി കാത്തിരുന്ന അവരുടെ പ്രവാചകനെ ആരെങ്കിലും അപായപ്പെടുത്താന്‍ വരുമോ എന്ന ഭയംകൊണ്ടാണ് അവര്‍ ആയുധസജ്ജരായി പുറപ്പെട്ടത്.

മദീനയുടെ ചാരത്ത് എത്തിയ നബി ﷺ യും അബൂബക്‌റും(റ) ആദ്യമായി ഇറങ്ങിയത് ക്വുബാഅ് എന്ന സ്ഥലത്തായിരുന്നു. ഏതാനും ദിവസങ്ങള്‍ ഇരുവരും അവിടെ താമസിച്ചു. അവിടെ നബി ﷺ യുടെ നേതൃത്വത്തില്‍ ഒരു പള്ളി പണിയുകയും ചെയ്തു. ആ ചെറിയ പള്ളിയില്‍വെച്ചായിരുന്നു ആ നാളുകളില്‍ നബി ﷺ നമസ്‌കാരം അനുഷ്ഠിച്ചിരുന്നത്. ആ പള്ളിയെ സംബന്ധിച്ച് ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നുണ്ട്:

''...ആദ്യദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ്  നീ നിന്നു നമസ്‌കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട്  ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു''(ക്വുര്‍ആന്‍ 9:108).

പ്രവാചകത്വത്തിനു ശേഷം പ്രവാചകന്റെ കരങ്ങളാല്‍ ആദ്യമായി പണിത മസ്ജിദായിരുന്നു ഇത്. ആ പള്ളിയില്‍വെച്ച് നമസ്‌കരിക്കുന്നതിന് പ്രത്യേകം മഹത്ത്വവുമുണ്ട്. മദീനയില്‍ എത്തിയ ശേഷവും നബി ﷺ ഈ പള്ളി സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നത് അതിന്റെ പ്രത്യേകത അറിയിക്കുന്നതാണ്. മറുനാടുകളില്‍നിന്ന് ഹജ്ജിനും ഉംറക്കുമെല്ലാമായി പോകുന്ന തീര്‍ഥാടകര്‍ അധികവും മദീനയില്‍ പോകാറുണ്ട്. ആ സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന ഒരു പുണ്യഗേഹമാണ് മസ്ജിദു ക്വുബാഅ്. ഈ മസ്ജിദിന്റെ മഹത്ത്വത്തെ പറ്റി നബി ﷺ നമുക്ക് വിവരിച്ചുതന്നത് പ്രസിദ്ധ ഹദീഥ് ഗ്രന്ഥങ്ങളിലെല്ലാം നമുക്ക് കാണാവുന്നതാണ്. മദീനയില്‍ എത്തിയതിന് ശേഷവും ആഴ്ചതോറും ആ പള്ളിയില്‍ നബി ﷺ വരാറുണ്ടായിരുന്നു എന്നും ആ പള്ളിയില്‍വെച്ച് നബി ﷺ രണ്ട് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു എന്നുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ ക്വുബാഅ് പള്ളിയിലെ നമസ്‌കാരം ഒരു ഉംറക്ക് സമാനമാണെന്ന് നബി ﷺ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു തീര്‍ഥ യാത്രക്കായി ആ ഭവനത്തിലേക്ക് പുറപ്പെട്ടുകൂടാ. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്തിനിലെ മസ്ജിദുല്‍ അക്വ്‌സ്വാ എന്നീ മൂന്ന് പള്ളികളിലേക്കേ തീര്‍ഥയാത്ര ഇസ്‌ലാം അനുവദിക്കുന്നുള്ളൂ.

ക്വുബായില്‍ ഏതാനും ദിവസങ്ങള്‍ താമസിച്ച നബി ﷺ യും അബൂബക്‌റും(റ) മദീനയിലേക്ക് പുറപ്പെട്ടു. മദീനയിലേക്ക് പുറപ്പെടുന്ന വിവരം മദീനയിലെ പ്രസിദ്ധ ഗോത്രക്കാരായ ബനൂനജ്ജാറിലെ തലവന്മാരെ ദൂതന്മാര്‍ മുഖേന അറിയിച്ചിരുന്നു. വിവരം ലഭിച്ച അവര്‍ ആയുധസജ്ജരായി പ്രവാചകനെ വരവേല്‍ക്കുന്നതിനായി തയ്യാറെടുത്തു. മക്കയില്‍നിന്നും മദീനയിലേക്ക് എത്തിയ നബി ﷺ യെയും അനുയായികളെയും സ്വീകരിച്ച അന്‍സ്വാറുകളായ മദീനയിലെ വിശ്വാസികളില്‍ നൂറില്‍ അധികം പേര്‍ നബി ﷺ യെയും അബൂബക്‌റി(റ)നെയും മദീനയില്‍ എത്തുന്നതിന് മുമ്പുതന്നെ വലയംചെയ്തു കഴിഞ്ഞിരുന്നു. അവര്‍ നബി ﷺ യുടെ കൂടെ നടക്കുന്നുണ്ട്. അന്ന് അവര്‍ക്ക് ഏറ്റവും വലിയ സന്തോഷത്തിന്റെ ദിനമായിരുന്നു എന്നും അതുപോലെ യഥ്‌രിബുകാര്‍ ഒരു നാളും സന്തോഷിച്ചിട്ടില്ല എന്നും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. നബി ﷺ മദീനയില്‍ എത്തിയതിന് ശേഷം യഥ്‌രിബ് എന്ന ആ നാടിന്റെ പേരുതന്നെ മാറ്റി 'മദീനതുര്‍റസൂല്‍' (റസൂലിന്റെ പട്ടണം) എന്നാക്കി മാറ്റി. പിന്നീട് മദീന എന്ന പേരിലാണ് ആ പ്രദേശം അറിയപ്പെടുന്നത്. നബി ﷺ വരുന്ന വിവരം കേട്ടവരെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ പുറപ്പെട്ടു. അന്നേദിവസത്തെ മദീനക്കാരുടെ സന്തോഷത്തെ പറ്റി ബറാഅ് ഇബ്‌നു ആസിബ്(റ) ഇപ്രകാരം പറയുന്നുണ്ട്: ''അല്ലാഹുവിന്റെ റസൂലി ﷺ നെക്കൊണ്ട് സന്തോഷിച്ചതുപോലെ മദീനക്കാര്‍ സന്തോഷിച്ചത് ഞാന്‍ കണ്ടിട്ടില്ല.'' നബി ﷺ യെ സ്വികരിക്കാനായി മദീനക്കാര്‍ 'ത്വലഅല്‍ബദ്‌റു അലയ്‌നാ' എന്ന് തുടങ്ങുന്ന ഈരടികള്‍ പാടി എന്ന് പറയുന്ന ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും അത് സ്ഥിരപ്പെട്ടതല്ലെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്.

നാളുകളായി കാത്തിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട ആ നേതാവിനെ ഒരുനോക്കു കാണാന്‍ അത്യുത്സാഹത്തിലായിരുന്നല്ലോ അവര്‍. നബി ﷺ മദീനയിലേക്ക് എത്തിയതിന്റെ സന്തോഷാധിക്യത്താല്‍ അവര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ട്: 'അല്ലാഹുവിന്റെ പ്രവാചകന്‍ വന്നിരിക്കുന്നു, അല്ലാഹുവിന്റെ പ്രവാചകന്‍ വന്നിരിക്കുന്നു...'  തക്ബീര്‍ മുഴക്കിക്കൊണ്ട് അവര്‍ നബി ﷺ യെ സ്വീകരിച്ചു. സ്വഹീഹ് മുസ്‌ലിമില്‍ നമുക്ക് ഇപ്രകാരം കാണാം:

''യാ മുഹമ്മദ്, യാ റസൂലല്ലാഹ് എന്നിങ്ങനെ യുവാക്കളും കുട്ടികളും സ്‌നേഹത്തോടെ നബി ﷺ യെ വിളിക്കുന്നുണ്ടായിരുന്നു.'' അന്ന് അവര്‍ നബി ﷺ യെ സ്‌നേഹത്തോടെ വിളിക്കുന്ന വേളയില്‍ 'യാ മുഹമ്മദ്' എന്ന് പ്രയോഗിച്ചിരുന്നു. എന്നാല്‍ പിന്നീട് അപ്രകാരം നബി ﷺ യെ വിളിക്കുന്നത് മുസ്‌ലിമിന് ചേര്‍ന്നതല്ലെന്ന് മനസ്സിലാക്കിയ അവര്‍ അപ്രകാരം ഒരിക്കല്‍ പോലും അവിടുത്തെ വിളിച്ചിട്ടുമില്ല. മദീനയില്‍ എത്തിയ നബി ﷺ യെ തന്റെ കൂടെ താമസിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് എല്ലാവരും മോഹിച്ച ദിവസമായിരുന്നു അത്. എന്നാല്‍ അപ്പോഴെല്ലാം അല്ലാഹുവിന്റെ പ്രത്യേകമായ നിര്‍ദേശത്താല്‍ അവിടുന്ന് മുന്നോട് നീങ്ങിക്കൊണ്ടിരുന്നു. നബി ﷺ യെ ക്ഷണിക്കുന്നവരോടെല്ലാം നബി ﷺ സ്‌നേഹത്തോടെ പ്രതികരിച്ച് മുന്നോട്ടുപോയി. നബി ﷺ യുടെ വാഹനം എവിടെയാണോ മുട്ടുകുത്തുന്നത് അവിടെയായിരിക്കും നബി ﷺ യുടെ താമസം എന്ന് അവര്‍ക്ക് അറിയാമായിരുന്നു. നബി ﷺ യും അബൂബക്‌റും(റ) ഒട്ടകപ്പുറത്ത് പോകവെ ഓരോ വീട്ടുകാരും തങ്ങളുടെ വീട്ടുപടിക്കല്‍ എത്തുമ്പോള്‍ ഒട്ടകം മുട്ടുകുത്തിയിരുന്നെങ്കില്‍ ആശിച്ചു!

അബൂഅയ്യൂബുല്‍ അന്‍സ്വാരിയുടെ വീടിന് മുമ്പില്‍ നബി ﷺ യുടെ ഒട്ടകം മുട്ടുകുത്തി. നബി ﷺ ആ വീട്ടില്‍ ഇറങ്ങി താമസിച്ചു. അതായിരുന്നു അല്ലാഹുവിന്റെ തീരുമാനം.

നബി ﷺ മദീനയില്‍ എത്തുന്നതിന് മുമ്പ് അഭയാര്‍ഥികളായി മദീനയില്‍ എത്തിയ മുഹാജിറുകളായ സ്വഹാബിമാരെ നബി ﷺ മദീനക്കാര്‍ക്കിടയില്‍ വീതിച്ചു. ഓരോ മുഹാജിറിനെയും അളവറ്റ സ്‌നേഹത്തോടെ സ്വീകരിക്കാനേ അന്‍സ്വാറുകളായ മദീനക്കാര്‍ക്ക് സാധിച്ചിരുന്നുള്ളൂ. അന്ന് അവര്‍ കാണിച്ച സ്‌നേഹവും ദയയുമെല്ലാം അനുപമമായിരുന്നു. അഭയാര്‍ഥികള്‍ക്ക് ഇപ്രകാരം സ്വീകരണം നല്‍കി ആദരിച്ച ഒരു ചരിത്രം ലോകത്ത് നമുക്ക് കാണുക സാധ്യമല്ല. ക്വുര്‍ആന്‍തന്നെ അവരെ സംബന്ധിച്ച് പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്:

''അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞുവന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 59:9).

അന്‍സ്വാറുകളെ സംബന്ധിച്ചാണ് ഈ സൂക്തം പരാമര്‍ശിക്കുന്നത്. മുഹാജിറുകള്‍ മദീനയില്‍ എത്തുന്നതിന് മുമ്പേ അവര്‍ക്ക് വേണ്ടതെല്ലാം അവര്‍ ഒരുക്കിവെച്ചിരുന്നു. മുഹാജിറുകളായ വിശ്വാസികളെ അന്‍സ്വാറുകള്‍ വളരെയേറെ സ്‌നേഹിച്ചു; വേണ്ടവിധം സഹായിച്ചു. മുഹാജിറുകളായ ഈ കൂട്ടരെ സഹായിക്കുന്നതിന്റെ പേരില്‍ അവര്‍ ഭൗതികമായ ഒരു നേട്ടവും പ്രതീക്ഷിച്ചതേയില്ല. സ്വന്തം കാര്യത്തെക്കാള്‍ അന്‍സ്വാറുകള്‍ മുഹാജിറുകളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കി. അന്‍സ്വാറുകള്‍ അതിനുമാത്രം ധനികരോ പണക്കാരോ ആയിരുന്നില്ല. എന്നാലും വിശ്വസിച്ചതിന്റെ പേരില്‍ സ്വന്തം നാട്ടില്‍നിന്നും പുറത്താക്കപ്പെട്ടവരായ മുഹാജിറുകളെ അവര്‍ക്ക് കഴിയുന്നത് പോലെ അവര്‍ സ്വീകരിച്ചു. അതിഥികളായ മുഹാജിറുകള്‍ക്ക് അന്‍സ്വാറുകള്‍ തങ്ങളുടെ വീട്ടില്‍ പാകംചെയ്തിട്ടുള്ള ഭക്ഷണം നല്‍കി. വീട്ടുകാരായ അന്‍സ്വാറുകള്‍ കഴിച്ചില്ലെങ്കിലും മുഹാജിറുകളായ വിശ്വാസികള്‍ കഴിക്കട്ടെ എന്നതായിരുന്നു അവരുടെ തീരുമാനം. കര്‍ഷകരായ അന്‍സ്വാറുകള്‍ മുഹാജിറുകള്‍ക്ക് തങ്ങളുടെ കൃഷിയിടം കൃഷി ചെയ്യുന്നതിനായി വിട്ടുകൊടുത്തു. കച്ചവടക്കാരായ അന്‍സ്വാറുകള്‍ അവരുടെകൂടെ നിറുത്തി കച്ചവടം തുടര്‍ന്നു. അന്‍സ്വാറുകളുടെ വീടുകള്‍ പകുതിയായി തിരിച്ച് മുഹാജിറുകള്‍ക്കും താമസസൗകര്യം നല്‍കി. ഒന്നിലധികം ഭാര്യമാരുള്ള അന്‍സ്വാറുകള്‍ ത്വലാക്വ് ചെയ്ത് അവരുടെ ഇദ്ദാ കാലശേഷം നിങ്ങള്‍ വിവാഹം ചെയ്‌തോളൂ എന്ന് പോലും മുഹാജിറുകളോട് പറയുവാന്‍ തയ്യാറായി. ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്വീകരണം, സ്‌നേഹം, അനുകമ്പ...! മദീനക്കാരുടെ ആ സ്‌നേഹവും ദയയും ഇന്നും അവരില്‍ നിലനില്‍ക്കുന്നത് നമുക്ക് കാണാം. റമദാനില്‍ മദീനയിലെ പള്ളിയില്‍ പോയവര്‍ക്ക് അത് മനസ്സിലായിട്ടുണ്ടാകും. മഗ്‌രിബിന്റെ സമയം ആകുന്നതിന് മുമ്പേ മദീനാ നിവാസികള്‍ നോമ്പുതുറപ്പിക്കുന്നതിനായി ആളുകളെ വിളിച്ചുകൊണ്ടുപോയി സല്‍ക്കരിക്കുന്നത് കാണാം.  

അന്‍സ്വാറുകളായ ആ സ്വഹാബിമാരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് നബി ﷺ അവരെ ഏറെ പ്രശംസിച്ചിട്ടുണ്ട്. നബി ﷺ പറയുന്നത് കാണുക:

''ഹിജ്‌റ ഇല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അന്‍സ്വാറുകളുടെ കൂട്ടത്തില്‍ പെട്ടവനാകുമായിരുന്നു'' (ബുഖാരി).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ''അബ്ദുല്ലാഹിബ്‌നു സയ്ദി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: 'ഹിജ്‌റ ഇല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അന്‍സ്വാറുകളുടെ കൂട്ടത്തില്‍ പെട്ടവനാകുമായിരുന്നു. (അന്‍സ്വാറുകളും മറ്റുള്ളവരും ഉള്ള സന്ദര്‍ഭത്തില്‍) ആളുകള്‍ ഒരു താഴ്‌വരയിലോ അല്ലെങ്കില്‍ ഒരു പര്‍വതനിരയിലോ പ്രവേശിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പ്രവേശിക്കുക അന്‍സ്വാറുകള്‍ (പ്രവേശിച്ച ആ) താഴ്‌വരയിലും പര്‍വതനിരകളിലും ആയിരിക്കും''(ബുഖാരി).

സ്വഹാബിമാരില്‍ അന്‍സ്വാറുകളെക്കാള്‍ ശ്രേഷ്ഠത മുഹാജിറുകള്‍ക്ക് തന്നെയാണ്. അന്‍സ്വാറുകള്‍ക്കും വലിയ സ്ഥാനം ഇസ്‌ലാം നല്‍കിയിട്ടുണ്ട്. അന്‍സ്വാറുകളുടെ അതുല്യമായ സ്വഭാവമഹിമയെ നബി ﷺ ലോകരെ അറിയിക്കുന്ന വചനങ്ങളാണ് മുകളില്‍ നാം വായിച്ചത്.

മദീനയില്‍ എത്തിയ മുഹമ്മദ് നബി ﷺ അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീട്ടിലായിരുന്നു താമസിച്ചത് എന്ന് പറഞ്ഞുവല്ലോ. തന്റെ കൂടെ മക്കയില്‍നിന്നും എത്തിയിട്ടുള്ള അനുചരന്മാര്‍ക്ക് ചെയ്തുകൊടുക്കേണ്ടതായ കാര്യങ്ങളെല്ലാം നബി ﷺ ചെയ്തുകൊടുത്തു. പല വീടുകളിലും അവരെ താമസിപ്പിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. എന്നാലും താമസിക്കാന്‍ വീടില്ലാത്ത മുഹാജിറുകളും ഉണ്ടായിരുന്നു. അവരെ പിന്നീട് മദീനാ പള്ളിയുടെ ചാരത്ത് താമസിപ്പിക്കുവാനുള്ള സൗകര്യം നബി ﷺ ഒരുക്കി. അവരാണ് ചരിത്രത്തില്‍ 'അഹ്‌ലുസ്സ്വുഫ്ഫ' എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്. 'അഹ്‌ലുസ്സ്വുഫ്ഫ' എന്ന പേരില്‍ അറിയപ്പെട്ട ആ മഹാന്മാരുമായി ബന്ധപ്പെട്ട ഭാഗം മദീനയിലെ പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് പറയാം; ഇന്‍ശാ അല്ലാഹ്.

മദീനയിലെ പള്ളിനിര്‍മാണം

മദീനയിലെ ബനൂനജ്ജാര്‍ ഗോത്രക്കാരായ രണ്ട് അനാഥകളുടെ കൈവശമുണ്ടായിരുന്ന ഒരു ഈത്തപ്പനത്തോട്ടത്തെപ്പറ്റി നബി ﷺ ക്ക് വിവരം ലഭിച്ചു. ധാരാളം ഈത്തപ്പനകളുള്ള ഒരു തോട്ടമായിരുന്നു അത്. അതില്‍ അവിശ്വാസികളായ ചിലരെ മറവുചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. ആ സ്ഥലം വാങ്ങുന്നതിന് വേണ്ടി ആ കുട്ടികളുടെ ബന്ധപ്പെട്ടവരുമായി നബി ﷺ സംസാരിച്ചു. അങ്ങനെ ഒരു പള്ളി അവിടെ സ്ഥാപിക്കാനായി നബി ﷺ തീരുമാനിച്ചു. നബി ﷺ യോട് അവര്‍ ആ സ്ഥലം വെറുതെ തരാം എന്ന് പറഞ്ഞുവെങ്കിലും നബി ﷺ അത് അംഗീകരിച്ചില്ല. ആ സ്ഥലം വിലകൊടുത്ത് വാങ്ങാനായിരുന്നു നബി ﷺ യുടെ തീരുമാനം. അങ്ങനെ ധാരാളം കല്ലുകളും കുറ്റിച്ചെടികളുമെല്ലാം ഉണ്ടായിരുന്ന ആ സ്ഥലം നബി ﷺ യുടെയും സ്വഹാബിമാരുടെയും നേതൃത്വത്തില്‍ വെട്ടിത്തെളിയിച്ച് വൃത്തിയാക്കി. മുറിച്ചുനീക്കേണ്ട ഈത്തപ്പനകള്‍ മുറിച്ചുമാറ്റി. ഫലവൃക്ഷങ്ങളാണെങ്കിലും മനുഷ്യന് അത്യാവശ്യമാണെങ്കില്‍ മുറിച്ചുമാറ്റാം എന്ന് ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാം. അതോടൊപ്പം അനാവശ്യമായി ഒരു വൃക്ഷംപോലും നശിപ്പിക്കാനും പാടില്ല എന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. എത്രയോ കാലത്തെ പഴക്കമുള്ള ഏതാനും ആളുകളുടെ ക്വബ്‌റും ആ സ്ഥലത്ത് ഉണ്ടായിരുന്നല്ലോ. അവ കുഴിച്ചെടുത്ത് അതിലെ നുരുമ്പിയ എല്ലുകളും മറ്റും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. എല്ലാം കഴിഞ്ഞതിന് ശേഷം നബി ﷺ യുടെ നേതൃത്വത്തില്‍ അവിടെ പള്ളി പണിയാന്‍ തുടങ്ങി. ജനങ്ങള്‍ എല്ലാവരും ആ പള്ളിയുടെ നിര്‍മാണത്തില്‍ പങ്കുചേര്‍ന്നു.

പള്ളിയുടെ നിര്‍മാണം പുരോഗമിക്കാന്‍ തുടങ്ങി. ഈത്തപ്പനയോലകള്‍ കൊണ്ട് മറച്ചതായിരുന്നു അന്ന് ആ പള്ളി. പള്ളി നിര്‍മാണ സമയത്ത് നബി ﷺ ഇപ്രകാരം പറയുന്നുണ്ടായിരുന്നു:

''അല്ലാഹുവേ, പരലോകത്തിലെ നന്മയല്ലാത്ത ഒരു നന്മയുമില്ല. അന്‍സ്വാറുകളെയും മുഹാജിറുകളെയും നീ സഹായിക്കേണമേ.''

ഇന്ന് നാം കാണുന്ന ആ മഹനീയ മന്ദിരത്തിന്റെ ആദ്യനിര്‍മാണമായിരുന്നു അത്. അന്ന് ഈത്തപ്പനയോലകള്‍കൊണ്ടാണ് ചുറ്റുപാടും മറച്ചിരുന്നത് എന്ന് പറഞ്ഞുവല്ലോ. പിന്നീട് നാലുവര്‍ഷത്തിന് ശേഷം ഇഷ്ടിക മുഖേനയും അത് നിര്‍മിച്ചിരുന്നു. പള്ളിനിര്‍മാണത്തിന് ശേഷം നബി ﷺ അവിടെ നമസ്‌കാരം തുടങ്ങി. താമസിക്കാന്‍ ഇടമില്ലാത്ത മുഹാജിറുകളെ പിന്നീട് നബി ﷺ ഈ പള്ളിയില്‍ പാര്‍പ്പിച്ചു. അതുപോലെ ആ പള്ളിയുടെ അടുത്തായി നബി ﷺ ഒരു ഹുജ്‌റ (അറ) ഉണ്ടാക്കി. അതിന് ശേഷം അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീട്ടില്‍നിന്ന് ഈ ഹുജ്‌റയിലേക്ക് അവിടുന്ന് താമസം മാറ്റി. പിന്നീട് നബി ﷺ ഭാര്യമാര്‍ക്കായും അവിടെ പ്രത്യേകം ഹുജ്‌റകള്‍ ഉണ്ടാക്കി.