കപടവിശ്വാസികളുടെ പാളിപ്പോയ തന്ത്രങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 നവംബര്‍ 13 1442 റബിഉല്‍ ആഖിര്‍ 08

(മുഹമ്മദ് നബി ﷺ : 46)

ഉഹദ് യുദ്ധത്തില്‍ ശത്രുപക്ഷത്തെ (ക്വുറയ്ശികളെ) സഹായിച്ച ഒരു ഗോത്രമായിരുന്നു ബനുല്‍ മുസ്വ്ത്വലക്വ് ഗോത്രം. ആ ഗോത്രത്തിന്റെ നേതാവ് ഹാരിസുബ്‌നു ദ്വിറാര്‍ ആയിരുന്നു. അയാള്‍ മദീനയെ അക്രമിക്കുവാനും നബി ﷺ യോട് യുദ്ധം ചെയ്യുവാനും തയ്യാറെടുപ്പ് നടത്തുന്നുണ്ട് എന്ന വിവരം നബി ﷺ ക്ക് ലഭിക്കുകയുണ്ടായി. അതൊരു കേട്ടുകേള്‍വിയോ ഊഹാപോഹമോ ആയിക്കൂടെന്നും എന്താണ് അതിന്റെ നിജസ്ഥിതി എന്നും ഉറപ്പുവരുത്താനായി നബി ﷺ ബുറയ്ദതുല്‍ അസ്‌ലമി(റ)യെ വളരെ തന്ത്രപരമായി പറഞ്ഞയച്ചു. അദ്ദേഹം ആ ഗോത്രത്തില്‍ ചെന്നു. വിവരം അന്വേഷിച്ചു. വലിയ ഒരു സൈന്യവുമായി നബി ﷺ ക്ക് എതിരില്‍ പുറപ്പെടാന്‍ ഒരുങ്ങുന്നു എന്ന വിവരം കിട്ടി. അത് അദ്ദേഹം നബി ﷺ യെ അറിയിച്ചു.

വിവരം അറിഞ്ഞ നബി ﷺ വലിയ ഒരു സംഘത്തെയുമായി ബനുല്‍ മസ്വ്ത്വലക്വ് ഗോത്രക്കാരുടെ നാട്ടിലേക്ക് ഒരു യുദ്ധത്തിനായിത്തന്നെ പുറപ്പെട്ടു. അവര്‍ക്ക് മുറയ്‌സീഅ് എന്ന് പേരുള്ള ഒരു ജലാശയമുണ്ടായിരുന്നു. നബി ﷺ യും അനുയായികളും അവിടെ താവളമടിച്ചു. ഒരു മുന്നറിയിപ്പും കൂടാതെ ശത്രുക്കള്‍ക്ക് എതിരില്‍ നബി ﷺ യും അനുയായികളും കടുത്ത ആക്രമണം നടത്തി. മുസ്‌ലിംകളോട് വിജയിക്കാന്‍ സാധ്യമല്ലെന്ന് ഉറപ്പുവരുത്തിയ ശത്രുക്കള്‍ അവസാനം മുസ്‌ലിംകള്‍ക്ക് മുമ്പില്‍ കീഴൊതുങ്ങി. കുറച്ചുപേര്‍ അന്ന് കൊല്ലപ്പെടുകയുണ്ടായി. അവര്‍ക്കിടയില്‍നിന്നും ലഭിച്ച യുദ്ധാര്‍ജിത സ്വത്ത് മുസ്‌ലിംകള്‍ക്കിടയില്‍ നബി ﷺ വീതിച്ചു. അതുപോലെ പിടിക്കപ്പെട്ട ബന്ധികളെയും നബി ﷺ സ്വഹാബികള്‍ക്കിടയില്‍ വീതിച്ചുകൊടുത്തു. മുസ്‌ലിംകള്‍ക്ക് വലിയ നഷ്ടം സംഭവിക്കാതെ, എന്നാല്‍ ശത്രുക്കള്‍ക്ക് വലിയ പരാജയം ഏല്‍ക്കേണ്ടി വന്ന ഈ യുദ്ധം അങ്ങനെ അവസാനിക്കുകയും ചെയ്തു.

യുദ്ധത്തിന്റെ പ്രയാസങ്ങള്‍ മുസ്‌ലിംകള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലായിരുന്നു. ഈ യുദ്ധത്തിന് പുറപ്പെടുന്ന കൂട്ടത്തിലും അതിനോട് താല്‍പര്യം ഇല്ലാത്ത പലരും ഉണ്ടായിരുന്നു. മദീനയില്‍ നബി ﷺ യുടെ കൂടെയാണെന്ന് വരുത്തിത്തീര്‍ത്ത്, മുസ്‌ലിംകള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറി, ഉള്ളില്‍ കാപട്യം ഒളിപ്പിച്ച് വെച്ച്, പുറമേക്ക് ഇസ്‌ലാം പ്രകടിപ്പിച്ച്, മുസ്‌ലിം സമൂഹത്തില്‍ വിള്ളലും ഭിന്നതയും ഛിദ്രതയും ഉണ്ടാക്കി, മുസ്‌ലിംകളുടെ സംഘ ശക്തി ദുര്‍ബലപ്പെടുത്താനും ക്ഷയിപ്പിക്കുവാനുമായി ഗൂഢമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂലും അവന്റെ അണികളും ആ സംഘത്തിലുണ്ടായിരുന്നു. ഇപ്പോള്‍ പല സന്ദര്‍ഭങ്ങളിലും മുസ്‌ലിംകള്‍ക്ക് വിജയം ലഭിക്കുന്നുണ്ടെന്നും ശത്രുക്കള്‍ വിട്ടേച്ചുപോകുന്ന സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും മനസ്സിലാക്കി, അവരുടെ കൂടെ ചേര്‍ന്നാല്‍ അവയില്‍നിന്ന് തങ്ങള്‍ക്കും ലഭിക്കുമല്ലോ എന്ന ഭൗതിക മോഹം മാത്രം ലക്ഷ്യം വെച്ചാണ് അവരുടെ പുറപ്പെടല്‍. അവസരം കിട്ടിയാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നതയും ഉണ്ടാക്കാം എന്നതായിരുന്നു അവരുടെ ലക്ഷ്യം.

അബ്ദുല്ലാഹ് വിചാരിച്ചതിനേക്കാളും വലിയ നേട്ടവും വിജയവുമാണ് ഈ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായത്. മദീനയിലേക്ക് എത്തിയാല്‍ തനിക്ക് അവിടെയുണ്ടായിരുന്ന പേരും പ്രശസ്തിയും നഷ്ടപ്പെടാന്‍ പോകുകയാണെന്ന് മനസ്സിലാക്കിയ അബ്ദുല്ലാഹ് ഈ സംഘത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം തുടങ്ങി. മുസ്‌ലിംകള്‍ ഒരുമയോടെ മദീനയില്‍ എത്തിയാല്‍ അത് തനിക്ക് ദോഷം ചെയ്യുമെന്ന് കണക്കു കൂട്ടിയ അവന്‍ അവന്റെ പണി തുടങ്ങി. അതിന് സാക്ഷിയായ സയ്ദുബ്‌നു അര്‍ക്വം(റ) പറയുന്നത് കാണുക:

''(ഈ) യുദ്ധത്തില്‍ ഞാന്‍ ഉണ്ടായിരുന്നു. അപ്പോള്‍ അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി: 'റസൂലുല്ലാഹിയുടെ അടുക്കല്‍ ഉള്ളവര്‍ അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരില്‍നിന്ന് ഒഴിവാകുന്നതുവരെ നിങ്ങള്‍ അവര്‍ക്ക് ചെലവഴിക്കരുത്. അദ്ദേഹത്തില്‍ നിന്ന് (നബി ﷺ യില്‍ നിന്ന്) ഞങ്ങള്‍ മടങ്ങിയാല്‍ പ്രതാപവാന്മാര്‍ ദുര്‍ബലരെ പുറത്താക്കുകതന്നെ ചെയ്യുന്നതാണ്.' അപ്പോള്‍ ഞാന്‍ അത് എന്റെ പിതൃവ്യനോട് -അല്ലെങ്കില്‍ ഉമറിനോട്- പറഞ്ഞു. അദ്ദേഹം അത് നബി ﷺ യോടും പറഞ്ഞു. അപ്പോള്‍ എന്നെ നബി ﷺ വിളിച്ചു. അങ്ങനെ ഞാന്‍ ആ കാര്യം (എല്ലാം) പറഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യിലേക്കും അവന്റെ ആളുകളിലേക്കും (ആളെ) അയച്ചു. അവര്‍ (അങ്ങനെ) പറഞ്ഞിട്ടില്ല എന്ന് സത്യം ചെയ്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നെ കളവാക്കുകയും അവനെ സത്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ എനിക്ക് അതുപോലെ (മറ്റൊരിക്കലും ബാധിച്ചിട്ടില്ലാത്ത അത്ര) വലിയ വിഷമം ഉണ്ടായി. അങ്ങനെ ഞാന്‍ വീട്ടില്‍ ഇരിക്കുകയാണ്. അന്നേരം എന്നോട് എന്റെ പിതൃവ്യന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂല്‍ ﷺ നിന്നെ കളവാക്കിയതിനെ കുറിച്ച് നീ എന്താണ് ഉദ്ദേശിക്കുന്നത്?' അന്നേരമാണ് അല്ലാഹു ഈ വചനം ഇറക്കിയത്: 'കപട വിശ്വാസികള്‍ നിന്റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിക്വുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു'' (63:1). അപ്പോള്‍ നബി ﷺ എന്നിലേക്ക് (ആളെ) അയച്ചു. എന്നിട്ട് (ഇത്) ഓതുകയും (ഇപ്രകാരം) പറയുകയും ചെയ്തു: 'ഓ സയ്ദ്, തീര്‍ച്ചയായും അല്ലാഹു താങ്കളെ സത്യപ്പെടുത്തിയിരിക്കുന്നു'' (ബുഖാരി).

ഈ യുദ്ധത്തില്‍ വിജയിച്ചത് അവരുടെ ശക്തികൊണ്ടും കഴിവുകൊണ്ടും ആണെന്നാണ് റസൂലിന്റെ കൂടെയുള്ളവര്‍ വിചാരിക്കുന്നത്. ഞങ്ങള്‍ മദീനയില്‍ ഇവരെ തീറ്റിപ്പോറ്റിയതിനാലാണ് ഇവര്‍ ഇന്ന് ഇങ്ങനെ അന്തസ്സോടെ നടക്കുന്നത്. അതിന്റെ ശക്തികൊണ്ടാണ് ഇവര്‍ വിജയിച്ചത്. അതിനാല്‍ അവര്‍ റസൂലില്‍നിന്ന് ഒഴിവാകുന്നതുവരെ ഇനി നിങ്ങള്‍ അവര്‍ക്ക് ചെലവഴിക്കരുത് എന്ന് അബ്ദുല്ലാഹ് അവന്റെ ആളുകളോട് പറഞ്ഞു. 'മദീനയില്‍ എത്തിയാല്‍ അന്തസ്സില്ലാത്ത ഇവരെ അന്തസ്സുള്ളവര്‍ പിടിച്ച് പുറത്താക്കുക തന്നെ ചെയ്യുന്നതാണ്' എന്നു പറഞ്ഞതിലെ അന്തസ്സില്ലാത്തവര്‍ എന്നതുകൊണ്ട് അവന്‍ ഉദ്ദേശിക്കുന്നത് പ്രവാചകനെയും വിശ്വാസികളെയുമാണ്. പുറത്തുനിന്നും മദീനയിലേക്ക് കയറിവന്ന് അവിടെ അന്തസ്സോടെ നടക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. എന്നാല്‍ മദീനയില്‍ കാലങ്ങളായി മധ്യസ്ഥനായും മറ്റും മദീനക്കാര്‍ക്കിടയില്‍ സുപരിചിതനും, പേരും പ്രശസ്തിയും സമ്പത്തും തറവാടുമുള്ള തന്നെ നിസ്സാരനായി കാണുകയാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത്. അതിനാല്‍ ഇവരെ പുറത്താക്കുകതന്നെ ചെയ്യുന്നതാണ് എന്നൊക്കെ കപടവിശ്വാസികളുടെ ഈ നേതാവ് പറഞ്ഞു. ഈ സംസാരം നബി ﷺ അറിഞ്ഞു. അബ്ദുല്ലാഹ് പറഞ്ഞത് ശരിയാണോ എന്ന് നബി ﷺ ഉറപ്പുവരുത്തി. സയ്ദ്(റ) എല്ലാം സത്യസന്ധമായി പറഞ്ഞു. നബി ﷺ അബ്ദുല്ലയെ വിളിപ്പിച്ചു. കാര്യം തിരക്കി. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സത്യംചെയ്തുകൊണ്ട് കള്ളം പറഞ്ഞു. അങ്ങനെ അവനെ നബി ﷺ സത്യപ്പെടുത്തുകയും സയ്ദ്(റ) പറഞ്ഞത് കളവാക്കുകയും ചെയ്തു. അത് അദ്ദേഹത്തില്‍ വലിയ വിഷമം സൃഷ്ടിച്ചു. ദുഃഖിതനായി അദ്ദേഹം വീട്ടില്‍ കഴിച്ചുകൂട്ടി. അവസാനം അല്ലാഹു ആയത്ത് ഇറക്കി. അബ്ദുല്ലയുടെ കളവ് പുറത്ത് വന്നു. സയ്ദി(റ)ന് ഏറെ സന്തോഷമുണ്ടാകുകയും ചെയ്തു.

കപടവിശ്വാസികള്‍ക്ക് സത്യവിശ്വാസികളോട് എത്രത്തോളം പകയും വിദ്വേഷവുമാണ് മനസ്സില്‍ ഉണ്ടായിരുന്നത് എന്നത് ഈ സംഭവം നമുക്ക് പറഞ്ഞുതരുന്നുണ്ട്. പ്രവാചകനും സ്വഹാബിമാര്‍ക്കും മദീനയില്‍ അന്തസ്സും പ്രൗഢിയും ലഭിക്കാന്‍ കാരണം ഈ കപടന്മാര്‍ ആയിരുന്നു എന്നാണ് അവര്‍ പറഞ്ഞു നടന്നിരുന്നത്. ഇവരുടെ ഈ അഹങ്കാരത്തിന്റെ വാദം അല്ലാഹു എടുത്ത് ഉദ്ധരിച്ച് ഇപ്രകാരം അവര്‍ക്ക് മറുപടി നല്‍കി:

''അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷേ, കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുകതന്നെ ചെയ്യുമെന്ന്. അല്ലാഹുവിന്നും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല'' (63:7,8).

മറ്റൊരു സംഭവം കാണുക: ജാബിറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ''ഞങ്ങള്‍ ഒരു യുദ്ധത്തിലായിരുന്നു. അപ്പോള്‍ മുഹാജിറുകളില്‍ പെട്ട ഒരാള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരാളെ തൊഴിച്ചു. അപ്പോള്‍ അന്‍സ്വാരി പറഞ്ഞു: 'അന്‍സ്വാറുകളേ (ഓടി വരീന്‍).' (അപ്പോള്‍) മുഹാജിറും പറഞ്ഞു: 'മുഹാജിറുകളേ (ഓടി വരീന്‍).' എന്നാല്‍ അല്ലാഹു അവന്റെ റസൂലി ﷺ നെ അത് (രണ്ടു പേരുടെയും വിളിയെ) കേള്‍പ്പിച്ചു. നബി ﷺ ചോദിച്ചു: 'എന്താണ് ഇത്?' അപ്പോള്‍ അവര്‍ പറഞ്ഞു: 'മുഹാജിറുകളില്‍ പെട്ട ഒരാള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരാളെ തൊഴിച്ചു.' അപ്പോള്‍ അന്‍സ്വാരി പറഞ്ഞു; 'അന്‍സ്വാറുകളേ (ഓടി വരീന്‍). (അപ്പോള്‍) മുഹാജിറും പറഞ്ഞു; മുഹാജിറുകളേ (ഓടി വരീന്‍).' അപ്പോള്‍ നബി ﷺ പറഞ്ഞു: 'ഒഴിവാക്കൂ ഇത്. തീര്‍ച്ചയായും ഇത് നാറ്റമുണ്ടാക്കുന്ന കാര്യങ്ങളാണ്.' ജാബിര്‍(റ) പറയുന്നു: 'നബി ﷺ (അവിടെ) വന്ന സമയത്ത് അന്‍സ്വാറുകളായിരുന്നു അധികവും. പിന്നീട് മുഹാജിറുകളും അധികരിച്ചു. അപ്പോള്‍ അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് പറഞ്ഞു: 'അവര്‍ അങ്ങനെ ചെയ്തുവോ? അല്ലാഹുവാണ സത്യം, നാം മദീനയില്‍ എത്തിയാല്‍ അവിടെനിന്നും അന്തസ്സുള്ളവര്‍ ദുര്‍ബലരെ പുറത്താക്കുന്നതാണ്.' അപ്പോള്‍ ഉമര്‍ ഇബ്‌നുല്‍ ഖത്ത്വാബ്(റ) പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്നെ അനുവദിച്ചാലും. ഞാന്‍ ഈ മുനാഫിക്വിന്റെ പിരടി വെട്ടാം.' നബി ﷺ പറഞ്ഞു: 'അവനെ വിട്ടേക്കൂ. തീര്‍ച്ചയായും മുഹമ്മദ് അവന്റെ അനുയായികളെ കൊന്നിരിക്കുന്നു എന്ന് ജനങ്ങള്‍ പറയരുത്'' (ബുഖാരി).

പ്രവാചകാനുചരന്മാരായ മുഹാജിറുകളെയും അന്‍സ്വാറുകളെയും തമ്മില്‍ അടിപ്പിക്കാനുള്ള വഴി അന്വേഷിച്ച് നടക്കുകയായിരുന്നല്ലോ അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് ഇബ്‌നു സലൂല്‍ എന്ന കപടവിശ്വാസികളുടെ തലവന്‍. ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധസന്ദര്‍ഭത്തില്‍ മുറയ്‌സിഅ് എന്ന അവിടത്തെ ജലാശയത്തിന്റെ സമീപത്തുവെച്ചാണ് ഈ സംഭവവും ഉണ്ടാകുന്നത്. അവിടെവെച്ച് എന്തോ ഒരു വാക്കുതര്‍ക്കത്തില്‍ അന്‍സ്വാറുകളില്‍ പെട്ട ഒരാളെ മുഹാജിറുകളില്‍ പെട്ട ഒരാള്‍ കാല്‍കൊണ്ട് ഒന്നു പതുക്കെ തട്ടി. ഒരു ചെറിയ അടിപിടി അവിടെവെച്ച് ഉണ്ടായി. അടിച്ചത് മുഹാജിറും അടികൊണ്ടത് അന്‍സ്വാരിക്കും. മക്കയില്‍നിന്നും മദീനയിലേക്ക് വന്ന വിദേശിയായ മുഹാജിര്‍ സ്വദേശിയായ അന്‍സ്വാരിെയ അടിച്ചു എന്നായല്ലോ. ഏതായിരുന്നാലും അന്‍സ്വാരി അന്‍സ്വാറുകളെയും മുഹാജിര്‍ മുഹാജിറുകളെയും രക്ഷക്കായി വിളിച്ചു. അങ്ങനെ അവര്‍ രണ്ട് സംഘങ്ങളായി അവിടെ രൂപപ്പെട്ടു. രണ്ട് കൂട്ടരുടെയും ബഹളം നബി ﷺ യെ അല്ലാഹു കേള്‍പിച്ചു. ഇത് മോശം നിലപാടാണെന്നും ഒഴിവാക്കണമെന്നും നബി ﷺ അവരോട് പറഞ്ഞു. ജനങ്ങള്‍ പ്രശ്‌നം ഒഴിവാക്കി ഒന്നിക്കും എന്ന് മനസ്സിലാക്കിയ കപടവിശ്വാസികളുടെ നേതാവ് 'അവര്‍ മദീനയിലേക്ക് വരട്ടേ. നാം പ്രതാപമുള്ളവരാണല്ലോ. നാടും വീടും ഇല്ലാതെ മദീനയിലേക്ക് കയറിപ്പറ്റിയ ഈ വിഭാഗത്തെ നമുക്ക് പുറത്താക്കണം' എന്നുപറഞ്ഞ് പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ ശ്രമിച്ചു. കോപാകുലനായ ഉമര്‍(റ) അവന്റെ പിരടിക്ക് വെട്ടാന്‍ നബി ﷺ യോട് അനുവാദം ചോദിച്ചു. നബി ﷺ സമ്മതിച്ചില്ല. അവനെ എങ്ങാനും വധിച്ചാല്‍ ശത്രുക്കള്‍ അത് മുതലെടുക്കും. മുഹമ്മദ് അവന്റെ ആളുകളെത്തന്നെ കൊല്ലാന്‍ തുടങ്ങി എന്നു പറയും. അതിനാല്‍ അവനെ വെറുതെ വിടാന്‍ നബി ﷺ പറഞ്ഞു.

കപടവിശ്വാസികളാണ് അന്തസ്സില്ലാത്തവര്‍, അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം എന്നു പറഞ്ഞ് അല്ലാഹു വിശ്വാസികളെ ആശ്വസിപ്പിച്ചു.

നബി ﷺ യെയും സ്വഹാബിമാരെയും മദീനയില്‍ എത്തിയാല്‍ പുറത്താക്കുമെന്ന് വമ്പുപറഞ്ഞവനെ സ്വന്തം മകന്‍ പോലും പിന്തുണച്ചില്ല എന്നതാണ് വാസ്തവം. അബ്ദുല്ലക്ക് സ്വാലിഹായ ഒരു മകനുണ്ടായിരുന്നു. അദ്ദേഹം സ്വഹാബിയായിരുന്നു. അദ്ദേഹം നബി ﷺ യോട് ചെന്ന് ആവശ്യപ്പെട്ടു: 'നിങ്ങള്‍ എനിക്ക് അനുവാദം തരികയാണെങ്കില്‍ ബാപ്പയുടെ തലയെടുത്ത് ഞാന്‍ നിങ്ങളുടെ മുമ്പില്‍ കൊണ്ടു വരുന്നതാണ്. മറ്റൊരാള്‍ ബാപ്പയെ കൊന്നാല്‍ ചിലപ്പോള്‍ എനിക്ക് സഹിച്ചുകൊള്ളാന്‍ സാധിച്ചേക്കില്ല. അതിനാല്‍ അങ്ങേക്കും മുസ്‌ലിംകള്‍ക്കും അന്തസ്സില്ലെന്നും നിങ്ങളെ പുറത്താക്കുമെന്നും പറഞ്ഞ ബാപ്പയുടെ തലയെടുക്കാന്‍ അങ്ങ് എനിക്ക് അനുവാദം തന്നാലും.' നബി ﷺ സമ്മതിച്ചില്ല.

അബ്ദുല്ല പ്രവാചകനെയും മുസ്‌ലിംകളെയും അവഹേളിക്കുവാനും നിന്ദിക്കുവാനും എന്തെല്ലാം വഴി നോക്കിയോ അതെല്ലാം അവന്നെതിരില്‍തന്നെ വരാന്‍ തുടങ്ങി. അങ്ങനെ മുസ്‌ലിം സംഘ ശക്തിയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അബ്ദുല്ലാഹ് തിരിച്ചറിഞ്ഞു.

ഈ വിഷയങ്ങളൊന്നും വലിയ ചര്‍ച്ചയും വിവാദവും ആക്കാതെ നബി ﷺ നിയന്ത്രിച്ചു. അവിടെ പ്രവാചകന്‍ ﷺ വളരെ യുക്തിപൂര്‍വം ഇടപെട്ടു. മുറയ്‌സിഅ് തടാകത്തിന് സമീപം താവളമടിച്ചിരുന്ന സ്വഹാബിമാരോട് എല്ലാവരോടും മദീനയിലേക്ക് യാത്ര തിരിക്കാനായി നബി ﷺ കല്‍പിച്ചു. രാവിലെ മുതല്‍ വൈകുന്നേരംവരെ യാത്രതന്നെ. രാത്രി ഇരുട്ട് മുറ്റിയ നേരത്തും വിശ്രമിക്കാന്‍ ഇറങ്ങാന്‍ നബി ﷺ അവരെ സമ്മതിച്ചില്ല. വിശ്രമം പിന്നീടാകാം എന്നും പറഞ്ഞ് യാത്ര തുടര്‍ത്തി. രാത്രിയിലും നീണ്ട യാത്ര. പിറ്റേന്ന് നേരം വെളുത്ത് വെയില്‍ ചൂടാകുന്ന നേരത്ത് നബി ﷺ പറഞ്ഞു: 'ഇനി അല്‍പ സമയം വേണ്ടവര്‍ക്ക് വിശ്രമിക്കാം.' അപ്പോഴേക്ക് ഏതാണ്ട് മദീനയോടടുത്ത് എത്താറായിരുന്നു. എല്ലാവരും അവിടെ ഇറങ്ങി. വിശ്രമത്തിനായി ശരീരം നിലത്ത് തൊട്ടപ്പോഴേക്ക് എല്ലാവരും ഉറങ്ങിപ്പോയിരുന്നു. അത്രയും ക്ഷീണിതരാണ് സ്വഹാബിമാര്‍.

ഈ ചരിത്രം വിവരിക്കുന്നിടത്ത് പണ്ഡിതന്മാര്‍ ഇപ്രകാരം പറയുന്നുണ്ട്; ഇത് അല്ലാഹുവിന്റെ റസൂല്‍ ﷺ പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ ഓരോ കാരണം പറഞ്ഞ് ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ വിശ്രമമില്ലാത്ത യാത്രക്കായി നബി ﷺ അവരോട് ആഹ്വാനം ചെയ്യുന്നു. ഇന്നത്തെ യാത്രപോലെ അല്ലല്ലോ അന്ന്. ഓരോരുത്തര്‍ക്കും അവരുടെ ഒട്ടകമോ കുതിരയോ കഴുതയോ ആയിരിക്കും ഉണ്ടാവുക. അതിനാല്‍ സംസാരിക്കാനും അടക്കം പറയാനും ഒന്നും അവസരം ലഭിക്കില്ല. ദീര്‍ഘമായ യാത്ര. ക്ഷീണത്താല്‍ കിടന്നുറങ്ങി എന്നതിന് പകരം ഉറങ്ങിക്കിടന്നു എന്നു പറയാവുന്ന അവസ്ഥയിലെത്തി. ഉറങ്ങി എഴുന്നേറ്റപ്പോള്‍ എല്ലാവരും വളരെ സന്തോഷവാന്മാര്‍. ആര്‍ക്കും ആരെപ്പറ്റിയും യാതൊരു പരാതിയുമില്ല.

ശേഷം അവിടെനിന്നു മദീനയിലേക്കുള്ള യാത്രതുടര്‍ന്നു. ഈ യാത്രക്കിടയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ ചര്‍ച്ചക്കും വിശുദ്ധ ക്വുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ അവതരിക്കുവാനും കാരണമായ മറ്റൊരു സംഭവം ഉണ്ടാകുകയുണ്ടായി. എന്തെങ്കിലും ഒരു പുല്‍ക്കൊടി കിട്ടിയിരുന്നെങ്കില്‍ എന്ന് കൊതിച്ച് നില്‍ക്കുന്ന അബ്ദുല്ലാക്കും അനുയായികള്‍ക്കും അടുത്ത ഒരു അവസരവും മുന്നില്‍ വന്നു. ഇതുവരെ നടന്ന പ്രശ്‌നങ്ങളില്‍ ഒന്നും തന്നെ അബ്ദുല്ലാക്കും അവന്റെ ആളുകള്‍ക്കും നബി ﷺ യുടെയും സ്വഹാബിമാരുടെയും ഇടയില്‍ യാതൊരു കുഴപ്പവും ഉണ്ടാക്കി വിജയിക്കാന്‍ സാധിച്ചിട്ടില്ല. അവസാനം അവന് മറ്റൊരു അവസരം കൂടി ലഭിക്കുകയാണ്.

(തുടരും)