വ്യാജവൃത്താന്തം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 നവംബര്‍ 20 1442 റബിഉല്‍ ആഖിര്‍ 15

(മുഹമ്മദ് നബി ﷺ : 47)

നബി ﷺ യാത്രയില്‍ പത്‌നിമാരില്‍ ഒരാളെ കൂടെ കൂട്ടാറുണ്ടായിരുന്നു. ഈ യാത്രയില്‍ നബി ﷺ യുടെ കൂടെയുണ്ടായിരുന്നത് മഹതി ആഇശ(റ)യായിരുന്നു. ആഇശ(റ) അതിനെ സംബന്ധിച്ച് പറയുന്നത് കാണുക:

''അല്ലാഹുവിന്റെ റസൂല്‍ ﷺ (യാത്ര) പുറപ്പെടാന്‍ ഉദ്ദേശിച്ചാല്‍ തന്റെ പത്‌നിമാര്‍ക്കിടയില്‍ നറുക്കിടാറുണ്ടായിരുന്നു. അങ്ങനെ അവരില്‍ ഒരാളുടെ (പേര് എഴുതിയ) അമ്പ് പുറത്തെടുക്കുകയും അവരെ തന്റെ കൂടെ കൂട്ടി അല്ലാഹുവിന്റെ റസൂല്‍ ﷺ പുറപ്പെടുകയും ചെയ്യും.'' ആഇശ(റ) പറഞ്ഞു: ''അങ്ങനെ ഈ യുദ്ധത്തില്‍ ഞങ്ങള്‍ക്കിടയില്‍ അവിടുന്ന് നറുക്കിട്ടു. എന്റെ (പേര് എഴുതിയ) അമ്പ് പുറത്തെടുത്തു. അങ്ങനെ ഞാന്‍ റസൂലി ﷺ ന്റെ കൂടെ പുറപ്പെട്ടു. (ഇത്) ഹിജാബിന്റെ (ആയത്ത്) ഇറങ്ങിയതിന് ശേഷമായിരുന്നു. അങ്ങനെ ഞാന്‍ എന്റെ (ഒട്ടകത്തിന്റെ) കൂടാരത്തില്‍ വഹിക്കപ്പെട്ടു. അവിടെ ഞാന്‍ ഇറക്കപ്പെട്ടു. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ ആ യുദ്ധത്തില്‍നിന്ന് പിരിയുന്നതുവരെ ഞങ്ങള്‍ യാത്ര ചെയ്തു. പിന്നീട് മടങ്ങി. (എല്ലാവരും) മടങ്ങുന്നവരായിരിക്കെ, ഞങ്ങള്‍ മദീനയുടെ അടുത്ത് എത്താറായി. രാത്രിയാകാറായി. അങ്ങനെ അവര്‍ യാത്രക്ക് അറിയിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ (കൂടാരത്തില്‍ നിന്നും) എഴുന്നേറ്റു. ഞാന്‍ ആ സൈന്യത്തെ വിട്ടുകടക്കുന്നതുവരെ നടന്നു. എന്റെ കാര്യങ്ങള്‍ ഞാന്‍ നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഒട്ടകത്തിന്റെ അടുത്ത് വന്നു. അപ്പോള്‍ എന്റെ മാല പൊട്ടി (നഷ്ടപ്പെട്ടിരിക്കുന്നു). അങ്ങനെ ഞാന്‍ എന്റെ മാല അന്വേഷിക്കുകയും അത് (ലഭിക്കുമെന്ന) ആഗ്രഹം എന്നെ അവരില്‍നിന്നും അകറ്റുകയും ചെയ്തു. അങ്ങനെ എന്റെ കൂടാരം വഹിക്കുന്നവര്‍ വരികയും അവര്‍ അത് ഞാന്‍ യാത്ര ചെയ്തിരുന്ന ഒട്ടകത്തിന്റെ പുറത്തുവെച്ച് എന്റെ ഒട്ടകത്തെ അവര്‍ തെളിച്ചു കൊണ്ടുപോവുകയും ചെയ്തു. ഞാന്‍ അതില്‍ ഉണ്ടായിരിക്കുമെന്ന് അവര്‍ വിചാരിച്ചു. സ്ത്രീകള്‍ (പൊതുവെ) കനമില്ലാത്തവരാണല്ലോ. അവരുടെ മാംസം ഭാരംതൂങ്ങുകയില്ല. അവര്‍ അല്‍പം ആഹാരമാണല്ലോ കഴിക്കാറ്. അതിനാല്‍ അവര്‍ അത് (കൂടാരം) ഉയര്‍ത്തിയ സന്ദര്‍ഭത്തില്‍ കൂടാരത്തിന്റെ കനമില്ലാത്ത അവസ്ഥ കാരണം അവര്‍ പ്രയാസപ്പെട്ടില്ല. ഞാന്‍ ചെറുപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു. അങ്ങനെ അവര്‍ ഒട്ടകങ്ങളെ തെളിക്കുകയും യാത്രയാകുകയും ചെയ്തു. സൈന്യം പോയതിന് ശേഷം എനിക്ക് എന്റെ മാല കിട്ടി. എന്നിട്ട് ഞാന്‍ അവരുടെ താമസ സ്ഥലത്തേക്ക് വന്നു. അപ്പോള്‍ വിളിക്കാനോ ഉത്തരം നല്‍കാനോ ആരും അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ ഞാന്‍ (ആരെങ്കിലും വരുമെന്നും) നിനച്ച് അവിടെ തന്നെ നിന്നു. തീര്‍ച്ചയായും അവര്‍ക്ക് എന്നെ നഷ്ടമായതായിരിക്കും, അതിനാല്‍ അവര്‍ എന്നിലേക്ക് മടങ്ങി വരും എന്ന് ഞാന്‍ വിചാരിച്ചു. അങ്ങനെ ഞാന്‍ എന്റെ സ്ഥാനത്ത് ഇരിക്കുന്നതിനിടയില്‍ എനിക്ക് ഉറക്കം വന്നു. അങ്ങനെ ഞാന്‍ ഉറങ്ങി. സൈന്യത്തിന്റെ പിന്നില്‍ സ്വഫ്‌വാന്‍ ഇബ്‌നു അല്‍മുഅത്ത്വല്‍ അസ്സുലമി ഉണ്ടായിരുന്നു. അദ്ദേഹം സൈന്യത്തില്‍ പുറകില്‍ (വല്ലതും മറന്നുവെച്ചിട്ടുണ്ടോ എന്ന് നോക്കാനായി) രാത്രി സഞ്ചരിക്കുന്നുണ്ടായിരുന്നു. അങ്ങനെ പ്രഭാതമായപ്പോള്‍ എന്റെ അടുക്കല്‍ എത്തി. അന്നേരം അദ്ദേഹം ഉറങ്ങുന്ന ഒരു ആളുടെ കറുപ്പ് കണ്ടു. അപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്നു. എന്നെ കണ്ടപാടെ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഹിജാബിന്റെ നിയമം ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നെ കണ്ടിട്ടുണ്ടായിരുന്നു. എന്നെ അദ്ദേഹം മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ഇസ്തിര്‍ജാഅ്‌കൊണ്ട് ഞാന്‍ ഉണര്‍ന്നു. അപ്പോള്‍ ഞാന്‍ എന്റെ മുടുപടം എന്റെ മുഖത്തിലൂടെ താഴ്ത്തിയിട്ടു. അല്ലാഹുവാണ സത്യം, അദ്ദേഹം എന്നോട് ഒരു വാക്ക് പോലും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ ഇസ്തിര്‍ജാഅ് അല്ലാതെ മറ്റൊരു സംസാരവും ഞാന്‍ കേട്ടിട്ടുപോലുമില്ല. (അങ്ങനെ) അദ്ദേഹം തന്റെ ഒട്ടകത്തെ മുട്ടുകുത്തിച്ചു. എന്നിട്ട് അതിന്റെ കൈകള്‍ നിരപ്പാക്കിച്ചു. എന്നിട്ട് ഞാന്‍ അതില്‍ കയറി. അങ്ങനെ ആ സൈന്യത്തിന്റെ അടുത്ത് ഞങ്ങള്‍ എത്തുന്നതുവരെ എന്നെയും നയിച്ച് വാഹനം പോയി. അങ്ങനെ നശിക്കേണ്ടവരെല്ലാം നശിച്ചു. അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് ഇബ്‌നു സലൂലിന്റെ കള്ളവാര്‍ത്ത ഏറ്റടുത്തവരായിരുന്നു (അവര്‍). അങ്ങനെ ഞങ്ങള്‍ മദീനയില്‍ എത്തി. ഞാന്‍ എത്തിയത് മുതല്‍ ഒരു മാസക്കാലം രോഗിയായി. ജനങ്ങള്‍ വ്യാജവാര്‍ത്തയുടെ ആളുകളുടെ സംസാരത്തില്‍ മുഴുകിയിരിക്കുകയാണ്. അതിനെ പറ്റി എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. അവിടുന്ന് എന്റെ വേദനയില്‍ സംശയത്തിലുമായി. ഞാന്‍ രോഗിയാകുന്ന സന്ദര്‍ഭത്തില്‍  കാണാറുണ്ടായിരുന്ന അനുകമ്പ അല്ലാഹുവിന്റെ റസൂലി ﷺ ല്‍നിന്നും ഞാന്‍ അറിയുന്നില്ല. അല്ലാഹുവിന്റെ റസൂല്‍ ﷺ എന്റെ അടുക്കല്‍ പ്രവേശിക്കും, എന്നിട്ട് സലാം പറയും. പിന്നീട് ചോദിക്കും: 'എങ്ങനെയുണ്ട് നിങ്ങള്‍ക്ക്?' പിന്നീട് പിരിഞ്ഞുപോകുകയും ചെയ്യും. അത് എന്നെ സംശയത്തിലാക്കി. ഞാന്‍ സുഖം പ്രാപിച്ചതിന് ശേഷം പുറത്ത് കടക്കുന്നതുവരെ ഈ കെടുതിയെ സംബന്ധിച്ച് ഞാന്‍ അറിയില്ലായിരുന്നു. അങ്ങനെ (ഒരുദിവസം) ഞാന്‍ ഉമ്മു മിസ്ത്വഹിന്റെ കൂടെ മൂത്രപ്പുരയുടെ നേരെ പുറപ്പെട്ടു. ഞങ്ങള്‍ രാത്രിയിലല്ലാതെ (അവിടേക്ക്) പുറത്തു പോകാറില്ലായിരുന്നു. ഞങ്ങളുടെ വീടിനോട് സമീപത്ത് ഒരു കക്കൂസ് ഉണ്ടാക്കുന്നതിന് മുമ്പായിരുന്നു അത്. ഉമ്മു മിസ്ത്വഹ് അബൂ റുഹ്മ് ഇബ്‌നു അബ്ദു മനാഫിന്റെ പുത്രിയായിരുന്നു. അവരുടെ മാതാവ് അബൂബക്‌റി(റ)ന്റെ മാതൃസഹോദരി ബിന്‍തു സ്വഖ്ര്‍ ഇബ്‌നു ആമിറായിയുന്നു. അവരുടെ മകനാണ് മിസ്ത്വഹ് ഇബ്‌നു ഉഥാഥ. അങ്ങനെ ഞാനും ഉമ്മു മിസ്ത്വഹും ഞങ്ങളുടെ കാര്യങ്ങളില്‍നിന്ന് വിരമിക്കുകയും എന്റെ വീടിനുനേരെ തിരിയുകയും ചെയ്തു. അപ്പോള്‍ ഉമ്മു മിസ്ത്വഹ് അവരുടെ വസ്ത്രത്തില്‍ തടഞ്ഞുവീണു. അന്നേരം അവര്‍ (സ്വയം ആക്ഷേപിച്ച്) ഇപ്രകാരം പറഞ്ഞു: 'മിസ്ത്വഹ് നശിക്കട്ടെ.' അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു: 'നിങ്ങള്‍ പറഞ്ഞത് എത്ര മോശമാണ്. ബദ്‌റില്‍ പങ്കെടുത്ത ഒരാളെ നിങ്ങള്‍ ചീത്ത പറയുകയാണോ?' അവര് ചോദിച്ചു: 'അവന്‍ പറയുന്നത് നീ കേട്ടിട്ടില്ലല്ലോ?' ഞാന്‍ ചോദിച്ചു: 'എന്താണ് അദ്ദേഹം പറഞ്ഞത്?' അപ്പോള്‍ അവര്‍ (എന്നെ സംബന്ധിച്ച്) വ്യാജ വാര്‍ത്ത പറഞ്ഞുണ്ടാക്കിയവരെക്കുറിച്ച് അറിയിച്ചു. അപ്പോള്‍ എന്റെ രോഗം വര്‍ധിച്ചു. ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നോട് സലാം പറയാന്‍ ഉദ്ദേശിച്ച് എന്റെ അടുക്കല്‍ പ്രവേശിച്ചു. പിന്നീട് ചോദിച്ചു: 'നിങ്ങള്‍ക്ക് എങ്ങനെയുണ്ട്?' അപ്പോള്‍ ഞാന്‍ ചോദിച്ചു: 'എനിക്ക് എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകാന്‍ അനുവാദം നല്‍കുമോ?' ആ സന്ദര്‍ഭത്തില്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നത് അവരില്‍നിന്ന് ആ വാര്‍ത്തയുടെ ഉറപ്പ് ലഭിക്കുക എന്നതായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ﷺ എനിക്ക് അനുവാദം നല്‍കി. അങ്ങനെ ഞാന്‍ എന്റെ മാതാപിതാക്കളുടെ അടുത്ത് വന്നു. എന്നിട്ട് ഞാന്‍ എന്റെ ഉമ്മയോട് ചോദിച്ചു: 'ഓ ഉമ്മാ... എന്താണ് ജനങ്ങള്‍ പറയുന്നത്?' അവര്‍ പറഞ്ഞു: 'മോളേ, നിന്റെ മേലുള്ള (കാര്യം) എന്നെ പ്രയാസപ്പെടുത്തിയിരിക്കുന്നു. അല്ലാഹുവാണ സത്യം, ഒരു നല്ല പെണ്ണ് അവളുടെ ഭര്‍ത്താവിന്റെ അടുത്ത് അദ്ദേഹത്തിന്റെ സ്‌നേഹത്തില്‍ ആയിരിക്കുമ്പോള്‍ അവള്‍ക്ക് എതിരില്‍ ധാരാളം ആളുകള്‍ ഇല്ലാതിരിക്കില്ല.' അവര്‍ പറഞ്ഞു: 'അല്ലാഹു എത്ര പരിശുദ്ധന്‍, ജനങ്ങള്‍ ഇങ്ങനെ പറയുന്നുണ്ടല്ലേ?' അങ്ങനെ ആ രാത്രി നേരം പുലരുന്നതുവരെ ഞാന്‍ കരഞ്ഞു. എനിക്കു കണ്ണുനീര്‍ തോര്‍ന്നില്ല. ഉറക്കം എന്റെ കണ്ണുകളെ ബാധിച്ചില്ല. നേരം പുലരുന്നതുവരെ ഞാന്‍ കരഞ്ഞിരുന്നു. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അലി, ഉസാമ(റ) എന്നിവരെ വഹ്‌യ് നിലച്ച സന്ദര്‍ഭത്തില്‍ ക്ഷണിച്ചു വരുത്തി. തന്റെ പത്‌നിയുടെ അകല്‍ച്ചയില്‍ അവരുമായി നബി ﷺ കൂടിയാലോചന നടത്തി. ആഇശ(റ) പറയുന്നു: അപ്പോള്‍ ഉസാമ(റ) നബി ﷺ യോട് തന്റെ പത്‌നിയുടെ നിരപരാധിത്വം അറിയുന്നവനായിക്കൊണ്ട് സംസാരിച്ചു. നബി ﷺ യുടെ മനസ്സിലുള്ള സ്‌നേഹത്തെക്കുറിച്ച് അവര്‍ നന്നായി അറിവുള്ളവരായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ ഭാര്യയെപ്പറ്റി നല്ലതല്ലാതെ ഞങ്ങള്‍ക്ക് അറിയില്ല.' എന്നാല്‍ അലി(റ) പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അല്ലാഹു നിങ്ങളെ കുടുസ്സാക്കിയിട്ടില്ലല്ലോ. അവള്‍ക്ക് പുറമെ ധാരാളം സ്ത്രീകള്‍ ഉണ്ടല്ലോ. താങ്കള്‍ ആ പെണ്‍കുട്ടിയോട് (ബരീറയോട്) അന്വേഷിക്കുന്നുവെങ്കില്‍ അവള്‍ അങ്ങയോട് സത്യം പറയുന്നതാണ്.' ആഇശ(റ) പറയുന്നു: 'അപ്പോള്‍ നബി ﷺ ബരീറയെ വിളിച്ചു. എന്നിട്ട് അവിടുന്ന് ചോദിച്ചു: 'ഓ, ബരീറാ! (ആഇശയില്‍ നിന്ന്) നിനക്ക് സംശയം ഉണ്ടാക്കുന്ന വല്ലതും നീ കണ്ടിട്ടുണ്ടോ?' ബരീറ പറഞ്ഞു: 'അങ്ങയെ സത്യവുമായി അയച്ചവന്‍ തന്നെയാണ സത്യം, ഇല്ല (കണ്ടിട്ടില്ല). അവള്‍ ചെറുപ്പാക്കാരിയായ ഒരു പെണ്‍കുട്ടിയാണല്ലോ. അധികനേരവും അവരുടെ വീട്ടുകാര്‍ക്കായി കുഴച്ച മാവിനെ തൊട്ട് ശ്രദ്ധയില്ലാതെ അവര്‍ ഉറങ്ങിപ്പോകാറുണ്ട്. അങ്ങനെ വളര്‍ത്തുന്ന ആട് വന്ന് അത് കഴിക്കും എന്നതല്ലാതെ അവരില്‍ കുറ്റകരമായി ഞാന്‍ ഒന്നും കണ്ടിട്ടില്ല.' അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ എഴുന്നേറ്റു. എന്നിട്ട് അന്നേദിവസം അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് ഇബ്‌നു സലൂലിന് ഒഴികഴിവ് നല്‍കി. ആഇശ(റ) പറയുന്നു: 'അല്ലാഹുവിന്റെ റസൂല്‍ ﷺ മിമ്പറില്‍ ആയിരിക്കെ പറഞ്ഞു: ഓ മുസ്‌ലിം സമൂഹമേ, എന്റെ വീട്ടുകാരിയുടെ കാര്യത്തില്‍ എന്നെ വേദനിപ്പിച്ചവനില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിവുള്ളവന്‍ ആരുണ്ട്? അല്ലാഹുവാണ സത്യം, എന്റെ ഭാര്യയുടെ മേല്‍ നല്ലതല്ലാതെ ഞാന്‍ ഒന്നും മനസ്സിലാക്കിയിട്ടില്ല. അവര്‍ ഒരു പുരുഷനെക്കുറിച്ചും പറയുന്നുണ്ട്. അദ്ദേഹത്തെപ്പറ്റിയും നല്ലതല്ലാതെ ഞാന്‍ മനസ്സിലാക്കിയിട്ടില്ല. എന്റെ കൂടെയല്ലാതെ അദ്ദേഹം എന്റെ വീട്ടുകാരിലേക്ക് വരാറുമില്ല.' അപ്പോള്‍ സഅ്ദു ഇബ്‌നു മുആദ് അല്‍അന്‍സ്വാരി(റ) എഴുന്നേറ്റു. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'ഓ, അല്ലാഹുവിന്റെ ദൂതരേ, അവന്റെ കാര്യം ഞാന്‍ തീരുമാനിക്കാം. അവന്‍ ഔസില്‍ പെട്ടവനാണെങ്കില്‍ അവന്റെ പിരടി ഞാന്‍ വെട്ടും. ഇനി അവന്‍ നമ്മുടെ സഹോദരങ്ങളായ ഖസ്‌റജില്‍ പെട്ടവനാണെങ്കില്‍, അങ്ങ് ഞങ്ങളോട് കല്‍പിച്ചാല്‍ അങ്ങയുടെ കല്‍പന (പോലെ) ഞങ്ങള്‍ പ്രവര്‍ത്തിക്കാം.' ആഇശ(റ) പറയുന്നു: 'അപ്പോള്‍ ഖസ്‌റജ്‌ന്റെ നേതാവായ സഅ്ദു ഇബ്‌നു ഉബാദ എഴുന്നേറ്റു. അയാള്‍ അതിന് മുമ്പ് നല്ല ആളായിരുന്നു. പെേക്ഷ, അദ്ദേഹത്തെ അഹങ്കാരം ചുമന്നു. എന്നിട്ട് സഅ്ദി(റ)നോട് അദ്ദേഹം പറഞ്ഞു: 'താങ്കള്‍ കളവാണ് പറഞ്ഞത്. അല്ലാഹുവാണ സത്യം, താങ്കള്‍ അദ്ദേഹത്തെ വധിക്കുകയില്ല. അദ്ദേഹത്തെ വധിക്കാന്‍ താങ്കള്‍ക്ക് സാധ്യമല്ല.' അപ്പോള്‍ സഅ്ദ് ഇബ്‌നു മുആദിന്റെ പിതൃവ്യ പുത്രനായ ഉസയ്ദ് ഇബ്‌നു ഹുദ്വയ്ര്‍ എഴുന്നേറ്റു. എന്നിട്ട് അദ്ദേഹം സഅ്ദ് ഇബ്‌നു ഉബാദയോട് പറഞ്ഞു: 'താങ്കള്‍ കളവാണ് പറഞ്ഞത്. അല്ലാഹുവാണ സത്യം, ഞങ്ങള്‍ അദ്ദേഹത്തെ വധിക്കുകതന്നെ ചെയ്യും. തീര്‍ച്ചയായും താങ്കള്‍ കപടവിശ്വസിയാണ്. താങ്കള്‍ കപടന്മാര്‍ക്ക് വേണ്ടി തര്‍ക്കിക്കുന്നവനാണ്.' അങ്ങനെ ഔസ്-ഖസ്‌റജ് എന്നീ രണ്ട് ഗോത്രക്കാര്‍ പരസ്പരം പോരാടാന്‍ (സാധ്യതയുണ്ട് എന്ന്) അവര്‍ വിചാരിക്കുന്നതുവരെ പരസ്പരം ചാടിവീഴാന്‍ തുടങ്ങി. അല്ലാഹുവിന്റെ റസൂല്‍ ﷺ മിമ്പറില്‍തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ നിശ്ശബ്ദരാകുന്നതുവരെ അല്ലാഹുവിന്റെ റസൂല്‍ ﷺ അവരുടെ (ശബ്ദത്തെ) താഴ്ത്തിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അവര്‍ നിശ്ശബ്ദരായി. ആഇശ(റ) പറയുന്നു: 'എന്റെ ആ ദിവസം ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. കണ്ണുനീര്‍ വറ്റുന്നില്ല. ഉറക്കവും ഇല്ല. രണ്ട് രാത്രിയും ഒരു പകലും ഞാന്‍ കരഞ്ഞു. ഞാന്‍ ഉറങ്ങിയില്ല. എന്റെ കണ്ണനീര്‍ വറ്റിയതുമില്ല. അങ്ങനെ പ്രഭാതത്തില്‍ എന്റെ മാതാപിതാക്കള്‍ എന്റെ അടുത്തേക്ക് വന്നു. കരച്ചില്‍ (നിമിത്തം) എന്റെ കരള്‍ പൊട്ടുമോ എന്ന് അവര്‍ ഇരുവരും വിചാരിച്ചു.' ആഇശ(റ) പറയുന്നു: 'അങ്ങനെ അവര്‍ ഇരുവരും എന്റെ അടുക്കല്‍ ഇരിക്കുന്ന നേരത്ത് അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ എന്നോട് അനുവാദം ചോദിച്ചു. അപ്പോള്‍ ഞാന്‍ അവര്‍ക്ക് അനുവാദം നല്‍കി. അങ്ങനെ അവര്‍ (എന്റെ അടുത്ത്) ഇരുന്നു. (അവരും) എന്റെ കൂടെ കരയുന്നു. ഞങ്ങള്‍ അങ്ങനെ ആയിരിക്കുമ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ ഞങ്ങളിലേക്ക് കയറിവന്നു. എന്നിട്ട് സലാം പറഞ്ഞു. പിന്നെ ഇരുന്നു.' ആഇശ(റ) പറയുന്നു: 'മുമ്പ് പറയപ്പെട്ടത് (ആരോപണം) പറയപ്പെടുന്നത് മുതല്‍ എന്റെ അടുത്ത് അവിടുന്ന് ഇരുന്നിട്ടില്ല.'

എന്റെ കാര്യത്തില്‍ അവിടുത്തേക്ക് വഹ്‌യ് വരാതെ ഒരു മാസം കഴിച്ചുകൂട്ടി. ആഇശ(റ) പറയുന്നു: 'അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ ഇരുന്ന സന്ദര്‍ഭത്തില്‍ ശഹാദത്ത് ചൊല്ലി. പിന്നീട് പറഞ്ഞു: ആഇശാ! നിന്നെ പറ്റി എനിക്ക് ഇപ്രകാരം എല്ലാം (വാര്‍ത്ത) കിട്ടി. നീ അതില്‍ കുറ്റവിമുക്തയാണെങ്കില്‍ അല്ലാഹു നിന്നെ കുറ്റവിമുക്തമാക്കുന്നതാണ്. ഇനി വല്ല തെറ്റും വന്നിട്ടുണ്ടെങ്കില്‍ നീ അല്ലാഹുവിനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും ഒരു (നല്ല) അടിമ തന്റെ പാപത്തെ കുറിച്ച് തിരിച്ചറിയുകയും പിന്നീട് അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ തൗബ സ്വീകരിക്കുന്നതാണ്.' ആഇശ(റ) പറയുന്നു: 'അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ ഈ സംസാരം നിര്‍വഹിച്ചപ്പോള്‍ എന്റെ കണ്ണുനീര്‍ വറ്റിപ്പോയി. ഒരു ഇറ്റ് കണ്ണുനീരും അതില്‍നിന്ന് വരുന്നില്ല. അപ്പോള്‍ ഞാന്‍ എന്റെ പിതാവിനോട് പറഞ്ഞു: (ഉപ്പാ) നിങ്ങള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞതിന് മറുപടി നല്‍കൂ.' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ സത്യം, അല്ലാഹുവിന്റെ റസൂലി ﷺ നോട് ഞാന്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.' അപ്പോള്‍ ഞാന്‍ എന്റെ ഉമ്മയോട് പറഞ്ഞു: 'നിങ്ങള്‍ അല്ലാഹുവിന്റെ റസൂലി ﷺ ന് മറുപടി നല്‍കൂ.' അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലി ﷺ നോട് ഞാന്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.' ആഇശ(റ) പറയുന്നു: 'അങ്ങനെ ഞാന്‍ പറഞ്ഞു: ക്വുര്‍ആനില്‍നിന്ന് ധാരാളം ഞാന്‍ ഓതാറില്ലായിരുന്നു. ഞാന്‍ ചെറുപ്രായക്കാരിയായ ഒരു പെണ്ണാണല്ലോ. അല്ലാഹുവാണ സത്യം, ഈ സംസാരം നിങ്ങള്‍ കേട്ടത് ഞാന്‍ അറിഞ്ഞിട്ടുണ്ട്. (അങ്ങനെ) അത് നിങ്ങളുടെ മനസ്സില്‍ ഉറച്ചതാകുകയും നിങ്ങള്‍ അത് സത്യപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും ഞാന്‍ നിരപരാധിയാണ്, തീര്‍ച്ചയായും ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹു അറിയുന്നവനാണ്. അതിനെ നിങ്ങള്‍ സത്യപ്പെടുത്തുകയില്ലല്ലോ. ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹുവിന് അറിയാവുന്ന ഒരു കാര്യം ഞാന്‍ നിങ്ങളോട് സമ്മതിച്ചുതരികയാണെങ്കില്‍ നിങ്ങളെന്നെ വിശ്വസിച്ചേക്കും. അല്ലാഹുവാണ സത്യം, യൂസുഫി(അ)ന്റെ പിതാവിന്റെ വചനമല്ലാതെ നിങ്ങളോട് ഒരു ഉദാഹരണം ഞാന്‍ കാണുന്നില്ല. അദ്ദേഹം പറഞ്ഞു: ഇനി നല്ലതായ ക്ഷമ തന്നെ. അല്ലാഹുവിനോടാണ് നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍നിന്ന് സഹായം തേടാനുള്ളത്.' ആഇശ(റ) പറയുന്നു: 'അനന്തരം ഞാന്‍ അവിടെനിന്നും മാറി. എന്നിട്ട് ഞാന്‍ എന്റെ വിരിപ്പില്‍ കിടന്നു. തീര്‍ച്ചയായും ഞാന്‍ നിരപരാധിയാണ് എന്നും അല്ലാഹു എന്റെ നിരപരാധിത്വം അല്ലാഹു തെളിയിക്കുന്നതാണെന്നും ആ സന്ദഭത്തില്‍ എനിക്ക് അറിയാമായിരുന്നു. പക്ഷേ, അല്ലാഹുവാണ സത്യം! എന്റെ കാര്യത്തില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു വഹ്‌യ് അല്ലാഹു ഇറക്കും എന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. പാരായണം ചെയ്യപ്പെടുന്ന ഒരു കാര്യം കൊണ്ട് എന്റെ കാര്യത്തില്‍ അല്ലാഹു സംസാരിക്കുന്നതിനെക്കാള്‍ എത്രയോ ചെറുതാണ് എന്റെ കാര്യം (എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്). എങ്കിലും അല്ലാഹു എന്റെ നിരപരാധിത്വം അറിയിക്കുന്ന വല്ല സ്വപ്‌നവും ഉറക്കത്തില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ കാണാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നവളായിരുന്നു.' ആഇശ(റ) പറയുന്നു: 'അല്ലാഹുവാണ സത്യം, അല്ലാഹുവിന്റെ റസൂലോ കുടുംബത്തിലുള്ളവരോ ആരും പുറത്ത് പോയിട്ടില്ല. അപ്പോഴേക്കും അല്ലാഹു നബി ﷺ ക്ക് (വഹ്‌യ്) ഇറക്കുന്നു. അപ്പോള്‍ അവിടുത്തേക്ക് പിടിപെടാറുള്ളത് പോലെ വിയര്‍പ്പ് പിടിപെടുന്നു. മുത്തുകളെ പോലെ വിയര്‍പ്പിന്റെ തുള്ളികള്‍ അദ്ദേഹത്തില്‍നിന്നും ഉറ്റിവീഴാന്‍ തുടങ്ങി. അത് ഒരു ശൈത്യനാളായിരുന്നു. നബി ﷺ യുടെ മേല്‍ ഇറക്കപ്പെട്ടതിന്റെ ഭാരം (നിമിത്തമായിരുന്നു വിയര്‍പ്പ് പൊടിഞ്ഞിരുന്നത്). ആഇശ(റ) പറയുന്നു: 'അങ്ങനെ അവിടുന്ന് ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് അവിടുന്ന് ഒന്നാമതായി സംസാരിച്ച വാക്ക് (ഇതായിരുന്നു): ഓ, ആഇശാ! അല്ലാഹു നിന്നെ നിരപരാധിയാക്കിയിരിക്കുന്നു.' അപ്പോള്‍ എന്റെ ഉമ്മ പറഞ്ഞു: '(മോളെ) നബി ﷺ യുടെ അടുത്തേക്ക് എഴുന്നേറ്റു ചെല്ലൂ.' ആഇശ(റ) പറയുന്നു: 'അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇല്ല, അല്ലാഹുവാണ സത്യം, ഇല്ല! നബി ﷺ യിലേക്ക് ഞാന്‍ എഴുന്നേല്‍ക്കേണ്ടതില്ല. അല്ലാഹുവിനെയല്ലാതെ ഞാന്‍ സ്തുതിക്കേണ്ടതുമില്ല.' അപ്പോള്‍ അല്ലാഹു (ഈ വചനം) ഇറക്കി: ''തീര്‍ച്ചയായും ആ കള്ളവാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട'' (എന്നു തുടങ്ങി) പത്ത് ആയത്തുകള്‍ മുഴുവനും (ഇറക്കി). എന്റെ നിരപരാധിത്വത്തില്‍ ഇത് അല്ലാഹു ഇറക്കിയപ്പോള്‍ ദാരിദ്ര്യം നിമിത്തം തന്റെ കുടുംബമായിരുന്ന മിസ്വ്ത്വഹ് ഇബ്‌നു ഉഥാഥക്ക് ചെലവ് നല്‍കിയിരുന്ന അബൂബക്ര്‍(റ) പറഞ്ഞു: അല്ലാഹുവാണ സത്യം, ആഇശയെ കുറിച്ച് അതിനുശേഷം പറഞ്ഞതിനാല്‍ ഒരിക്കലും മിസ്വ്ത്വഹിന് യാതൊന്നും ചെലവഴിക്കുകയില്ല. അപ്പോള്‍ അല്ലാഹു (ഈ സൂക്തം)ഇറക്കി: ''നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.'' അബൂബക്ര്‍(റ) പറഞ്ഞു: 'അതെ, അല്ലാഹുവാണ സത്യം. എനിക്ക് അല്ലാഹു പൊറുത്തുതരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.' അങ്ങനെ മിസ്ത്വഹിന് കൊടുത്തിരുന്ന ചെലവ് വീണ്ടും അദ്ദേഹം കൊടുക്കുവാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ സത്യം. അദ്ദേഹത്തില്‍നിന്ന് അത് ഞാന്‍ ഊരുകയില്ല (ഒഴിവാക്കുകയില്ല).' ആഇശ(റ) പറയുന്നു: 'എന്റെ കാര്യത്തെ പറ്റി അല്ലാഹുവിന്റെ റസൂല്‍ ﷺ സയ്‌നബിനോട് ചോദിച്ചിരുന്നു. അവിടുന്നു ചോദിച്ചു: 'സയ്‌നബാ, എന്താണ് നീ മനസ്സിലാക്കിയത്? നിങ്ങള്‍ എന്താണ് കണ്ടിട്ടുള്ളത്?' അപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, എന്റെ കണ്ണും കാതും ഞാന്‍കാത്തു സംരക്ഷിച്ചിരിക്കുകയാണ്. നല്ലതല്ലാതെ എനിക്ക് അറിയില്ല.' ആഇശ(റ) പറയുന്നു: 'അല്ലാഹുവിന്റെ റസൂലിന്റെ പത്‌നിമാരില്‍ എന്നോട് കിടപിടിച്ചിരുന്ന ഭാര്യ. അല്ലാഹു അവരെ അവരുടെ സൂക്ഷ്മത നിമിത്തം സംരക്ഷിക്കുകയുണ്ടായി. അവരുടെ സഹോദരി ഹംന അവരോട് (എനിക്കെതിരില്‍) പോരാടുന്നവളുമായിരുന്നു. കെട്ടുകഥയാല്‍ നാശം സംഭവിച്ചവരില്‍ അവരും അകപ്പെട്ടു.'' (ബുഖാരി)