ഗോത്രത്തെ നാടുകടത്തിയ സംഭവം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 നവംബര്‍ 06 1442 റബിഉല്‍ ആഖിര്‍ 01

(മുഹമ്മദ് നബി ﷺ : 45)

ബനൂ നദീര്‍, ബനൂ ക്വയ്‌നുക്വാഅ്, ബനൂക്വുറയ്ദ്വ തുടങ്ങിയ ജൂതഗോത്രങ്ങള്‍ മദീനയില്‍ ഉണ്ടായിരുന്നല്ലോ. മദീനയില്‍ നബി ﷺ എത്തിയ ഉടനെ ഇവരുമായി ചില ഉടമ്പടികള്‍ ചെയ്തിരുന്നു. അതു പ്രകാരമായിരുന്നു നബി ﷺ അവിടെ കഴിച്ചുകൂട്ടിയിരുന്നത്. ഞങ്ങള്‍ക്കെതിരില്‍ യുദ്ധം ചെയ്യുകയോ ഞങ്ങള്‍ക്കെതിരില്‍ ശത്രുക്കളെ സഹായിക്കുകയോ ചെയ്യരുതെന്നും, ഈ കരാര്‍ പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മദീനയില്‍തന്നെ സമാധാന പൂര്‍വം ജീവിക്കാം എന്നും ഈ കരാറിലുണ്ടായിരുന്നു.

യഹൂദികള്‍ക്ക് അവരുടേതായ ചില പാരമ്പര്യ സ്വഭാവങ്ങളുണ്ട്. ചതിയും വഞ്ചനയും അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ദുര്‍ഗുണമാണ്. അവരുടെ ചരിത്രം പരിശോധിച്ചാല്‍ തുടക്കം മുതല്‍ ഇന്നു വരെയും പല ഘട്ടത്തിലും പല രൂപത്തിലും ഇക്കാര്യം തെളിഞ്ഞുനില്‍ക്കുന്നത് കാണാന്‍ സാധിക്കും. നബി ﷺ യോട് കരാര്‍ എടുത്ത ഈ ജൂതഗോത്രങ്ങള്‍ അല്‍പകാലത്തിന് ശേഷം പതുക്കെ അവരുടെ വഞ്ചന പുറത്തേക്ക് എടുക്കാന്‍ തുടങ്ങി. ബദ്‌റും ഉഹ്ദും എല്ലാം കഴിഞ്ഞു. അവയില്‍ പല സ്വഹാബിമാരും കൊല്ലപ്പെട്ടു. അതിനു പുറമെ പല രൂപത്തിലായി ധാരാളം സ്വഹാബിമാര്‍ അറുകൊലക്ക് വിധേയരാകുകയും ചെയ്തു. ഇതിലൂടെയെല്ലാം നബി ﷺ ക്ക് വലിയ വിഷമമുണ്ടായി. ഇത് മനസ്സിലാക്കിയ യഹൂദികള്‍ ചില തന്ത്രങ്ങള്‍ മെനയാന്‍ ശ്രമിച്ചു. 'മുഹമ്മദിന്റെ അനുയായികളെ കൊല്ലുന്നതിന് പകരം മുഹമ്മദിനെത്തന്നെ വകവരുത്തുക' എന്നതായി അവരുടെ ലക്ഷ്യം. അതിനായി അവര്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ധാരാളം പ്രവാചകന്മാരെ കൊന്ന പാരമ്പര്യമുള്ളവരാണല്ലോ യഹൂദികള്‍.

കരാര്‍ നിലനില്‍ക്കുന്ന ഗോത്രം എന്ന നിലയ്ക്ക് നബി ﷺ പ്രമുഖരായ കുറച്ച് സ്വഹാബിമാരെയും കൂട്ടി അവരെ സമീപിച്ചു. അല്‍പം പണം കടമായി ആവശ്യപ്പെടലായിരുന്നു അതിന്റെ ഉദ്ദേശ്യം. റസൂല്‍ ﷺ ലിന്റ സ്വന്തം ആവശ്യത്തിനു വേണ്ടിയായിരുന്നില്ല ഇത്. അവിടെ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ബ്ലഡ് മണി സ്വരൂപിക്കേണ്ടതുണ്ടായിരുന്നു. തല്‍ക്കാലം ബനൂ നദീര്‍ ഗോത്രക്കാരില്‍നിന്നും അല്‍പം കടം വാങ്ങാം എന്ന് വിചാരിച്ചാണ് അവരെ നബി ﷺ സമീപിച്ചത്. മദീനയിലെ ഏറ്റവും വലിയ സമ്പന്ന ഗോത്രക്കാരായിരുന്നു അവര്‍. ബനൂ നദീറുകാര്‍ നബി ﷺ യെയും സ്വഹാബിമാരെയും കണ്ട മാത്രയില്‍തന്നെ വലിയ സന്തോഷത്തിലായി. വലിയ സ്വീകരണം നല്‍കി. നല്ല നിലയ്ക്ക് അവര്‍ വരവേറ്റു.

നബി ﷺ യും സ്വഹാബിമാരും വരുന്നുണ്ടെന്ന വിവരം നേരത്തെതന്നെ അവര്‍ക്ക് ലഭിച്ചിരുന്നു. അതിനാല്‍ അവര്‍ ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. നബി ﷺ ക്കായി അവര്‍ ഒരു പ്രത്യേക ഇരിപ്പിടം ഒരുക്കി. ഒരു മതിലിന്റെ സമീപത്ത് തണലുള്ള ഒരു ഇടമായിരുന്നു അത്. അങ്ങനെ നബി ﷺ യെ ആദരിക്കുന്ന മട്ടില്‍ അവര്‍ അവിടെ ഇരുത്തി. നബി ﷺ യും സ്വഹാബിമാരും അവിടെ ഇരിക്കുന്നതിനിടയില്‍ ഈ യഹൂദികള്‍ പരസ്പരം ഒരു പിറുപിറുക്കല്‍...! നബി ﷺ ഇരിക്കുന്ന മതിലിന് പിന്നിലൂടെ ചെന്ന് വലിയ ഒരു പാറക്കല്ല് എടുത്ത് നബി ﷺ യുടെ തലയിലേക്ക് എറിഞ്ഞ് ചതച്ച് കൊല്ലാനായിരുന്നു അവരുടെ പദ്ധതി. എന്നാല്‍ അല്ലാഹു നബി ﷺ ക്ക് അതിനെ സംബന്ധിച്ച് വിവരം നല്‍കി. അവിടെ നിന്നും എഴുന്നേറ്റ് പോകാന്‍ അല്ലാഹു നിര്‍ദേശം നല്‍കി. ഉടനെ നബി ﷺ അവിടെനിന്നും മദീനയിലേക്ക് നീങ്ങി. നബി ﷺ എന്തിനാണ് പെെട്ടന്ന് എഴുന്നേറ്റത് എന്ന് സ്വഹാബിമാര്‍ക്ക് പോലും മനസ്സിലായില്ല. അവരോട് പോലും നബി ﷺ അതിനെപ്പറ്റി പറയാതെ പെെട്ടന്ന് മദീനയിലേക്ക് നീങ്ങി. നബി ﷺ യെയും വിശ്വാസികളെയും വകവരുത്താനായി യഹൂദികള്‍ ശ്രമം നടത്തിയതിനെ സൂചിപ്പിച്ച് അല്ലാഹു ഇപ്രകാരം അറിയിക്കുന്നു:

''സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ (ആക്രമണാര്‍ഥം) അവരുടെ കൈകള്‍ നീട്ടുവാന്‍ മുതിര്‍ന്നപ്പോള്‍, അവരുടെ കൈകളെ നിങ്ങളില്‍നിന്ന് തട്ടിമാറ്റിക്കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ'' (ക്വുര്‍ആന്‍ 5:11).

യഹൂദികള്‍ നബി ﷺ യെ ചതിയിലൂടെ കൊലപ്പെടുത്താന്‍ പല തവണ തുനിഞ്ഞിരുന്നു. എന്നാല്‍ എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന അല്ലാഹു ആ ഘട്ടങ്ങളിലെല്ലാം നബി ﷺ യെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്.

തന്നെ വധിക്കാന്‍ ശ്രമിച്ചത് നബി ﷺ ക്ക് ബോധ്യമായി. താമസിയാതെ നബി ﷺ സ്വഹാബിമാരെ ബനൂ നദീര്‍ ഗോത്രക്കാരിലേക്ക് പറഞ്ഞുവിട്ടു. 'ഉടനെ നിങ്ങള്‍ മദീനയില്‍നിന്നും പുറത്ത് പോകണം' എന്ന് അവരെ അറിയിച്ചു. അങ്ങനെ അവരെ മുഴുവനും മദീനയില്‍ നിന്നും തുരത്തിയോടിക്കേണ്ടിവന്നു. 'തുരത്തി വിടല്‍' എന്ന അര്‍ഥം വരുന്ന 'അല്‍ഹശ്ര്‍' എന്ന ഒരു അധ്യായം ക്വുര്‍ആനിലുണ്ട്. ഈ അധ്യായത്തിന്റെ തുടക്കത്തില്‍ ഈ സംഭവത്തെ സംബന്ധിച്ചാണ് അല്ലാഹു നമുക്ക് പറഞ്ഞുതരുന്നത്.

പത്തു ദിവസത്തിനുള്ളില്‍ നിങ്ങള്‍ മദീന വിടണമെന്നും വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരില്‍ നിങ്ങളെ ഇവിടെ താമസിപ്പിക്കാന്‍ കൊള്ളില്ലെന്നും അറിയിച്ച് സ്വഹാബിമാര്‍ യഹൂദികളെ വിവരം അറിയിച്ചു. അപ്പോള്‍ കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യുബ്‌നു സലൂല്‍ പതുക്കെ യഹൂദികളെ സമീപിച്ചു. എന്നിട്ട് അവന്‍ അവരോട് പറഞ്ഞു:

'നിങ്ങള്‍ ഉറച്ചുനില്‍ക്കുകയും ചെറുക്കുകയും ചെയ്യുവിന്‍. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ വിട്ടുകൊടുക്കുകയേ ഇല്ല. ഇനി നിങ്ങള്‍ യുദ്ധം ചെയ്യപ്പെടുകയാണെങ്കില്‍ നിങ്ങളുടെ കൂടെ ഞങ്ങളും യുദ്ധം ചെയ്യുന്നതാണ്. നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ നിങ്ങളുടെ കൂടെ ഞങ്ങളും പുറപ്പെടുന്നതാണ്.'

എന്റെ കൂടെ അറബികളില്‍നിന്ന് രണ്ടായിരത്തോളം പേരുണ്ടെന്നും, ധൈര്യമായി നിങ്ങള്‍ നിങ്ങളുടെ കോട്ടകളില്‍തന്നെ കഴിച്ചുകൂട്ടിക്കൊള്ളൂ എന്നും, ഞങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്നുമെല്ലാം അബ്ദുല്ലാഹ് അവരോട് വാഗ്ദത്തം ചെയ്തു. ഈ കാര്യത്തെ സംബന്ധിച്ച് ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത് കാണുക:

''ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട് അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ലതന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍തന്നെ ഇവര്‍ പിന്തിരിഞ്ഞോടും, തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല. തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത് കൊണ്ടാകുന്നു അത്. കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായതുകൊണ്ടത്രെ അത്. അവര്‍ക്കു മുമ്പ് അടുത്തുതന്നെ കഴിഞ്ഞുപോയവരുടെ സ്ഥിതി പോലെത്തന്നെ. അവര്‍ ചെയ്തിരുന്ന കാര്യങ്ങളുടെ ദുഷ്ഫലം അവര്‍ ആസ്വദിച്ചുകഴിഞ്ഞു. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്. പിശാചിന്റെ അവസ്ഥ പോലെ തന്നെ. മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍നിന്ന് വിമുക്തനാകുന്നു. തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ അവര്‍ ഇരുവരുടെയും പര്യവസാനം അവര്‍ നരകത്തില്‍ നിത്യവാസികളായി കഴിയുക എന്നതായിത്തീര്‍ന്നു. അതത്രെ അക്രമകാരികള്‍ക്കുള്ള പ്രതിഫലം'' (ക്വുര്‍ആന്‍ 59:11-17).

കപടവിശ്വാസികളുടെ വാഗ്ദാനത്തില്‍ ജൂതന്മാര്‍ വഞ്ചിതരായി. അവര്‍ അവരുടെ കോട്ടക്കകത്ത് തന്നെ നിലയുറപ്പിച്ചു. പുറത്ത് കടക്കാന്‍ കൂട്ടാക്കിയില്ല. നബി ﷺ യും സ്വഹാബിമാരും അവരെ ഉപരോധിച്ചു. കോട്ടക്കകത്തുനിന്നും ഇറങ്ങി മദീനയില്‍നിന്നും പുറത്ത് കടക്കാന്‍ കല്‍പിച്ചു. അതിന് യഹൂദികള്‍ കൂട്ടാക്കിയില്ല. ഇരുപത്തി ഒന്ന് ദിവസം നബി ﷺ യും സ്വഹാബിമാരും അവരുടെ കോട്ടകള്‍ വളഞ്ഞു. രക്ഷയില്ലെന്ന് മനസ്സിലാക്കിയ യഹൂദികള്‍ നബി ﷺ യോട് സന്ധിക്ക് അപേക്ഷിച്ചു. നബി ﷺ അത് അംഗീകരിച്ചില്ല. നിങ്ങള്‍ മദീന വിട്ട് പോയേ പറ്റൂ എന്ന് അവിടുന്ന് അവരോട് നിര്‍ബന്ധിച്ചു.

വലിയ സമ്പന്നരായിരുന്നല്ലോ അവര്‍. അതിനാല്‍ ഓരോ മുമ്മൂന്ന് വീട്ടുകാര്‍ക്കും ഓരോ ഒട്ടകത്തിന് വഹിക്കാന്‍ സാധിക്കുന്നത്ര സാധനങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ടുപോകാം എന്നും അവരോട് നബി ﷺ അവിടെനിന്നും ഇറങ്ങിപ്പോകുന്ന വേളയില്‍ നിര്‍ദേശിച്ചു. യുദ്ധസാമഗ്രികളായ യാതൊന്നും അതില്‍ ഉണ്ടാകരുതെന്നും വീട്ടുസാധനങ്ങള്‍ മാത്രമെ അതില്‍ ഉണ്ടാകാവൂ എന്നും പ്രത്യേകിച്ച് അവരോട് നബി ﷺ പറഞ്ഞു.

കോട്ടക്ക് അകത്തുതന്നെ ഇരിപ്പുറപ്പിച്ച അവരെ പുറത്തിറക്കാനായി അവരുടെ ഈത്തപ്പനകള്‍ മുറിച്ചു കളയാനായി നബി ﷺ സ്വഹാബിമാരോട് കല്‍പിച്ചു. ഫല വൃക്ഷങ്ങള്‍ നശിപ്പിക്കരുത് എന്നതാണ് പ്രവാചക അധ്യാപനം. പക്ഷേ, ശത്രുക്കള്‍ പുറത്തിറങ്ങാന്‍ അത് ചെയ്യേണ്ടിവന്നു. അവസാനം മദീന വിട്ടു പോകാന്‍ യഹൂദികള്‍ നിര്‍ബന്ധിതരായി. നബി ﷺ കല്‍പിച്ചത് പോലെ വീട്ടുസാധനങ്ങളെല്ലാം തയ്യാറാക്കി. അവശേഷിച്ചവ 'മുഹമ്മദിനും കൂട്ടര്‍ക്കും ഉപയോഗിക്കാന്‍ കിട്ടരുത്' എന്ന നിലയ്ക്ക് അവര്‍ പരമാവധി നശിപ്പിച്ചു. എന്നിട്ടും അമ്പത് പടയങ്കികളും അമ്പത് പടത്തൊപ്പികളും അടങ്ങുന്ന കറച്ചുയുദ്ധ സാമഗ്രികളും മറ്റു സ്വത്തുക്കളും യുദ്ധാര്‍ജിത സ്വത്തായി (ഗ്വനീമത്ത്) വിശ്വാസികള്‍ക്ക് ലഭിച്ചു.

ഇതാണ് 'ബനൂന്നദീര്‍ യുദ്ധം' എന്ന പേരില്‍ അറിയപ്പെടുന്നത്. അവര്‍തന്നെ ചോദിച്ചുവാങ്ങിയ ഒന്നായിരുന്നു ഇത്. ഈ ചരിത്രം വളച്ചൊടിച്ച്, സ്വന്തം നാട്ടില്‍ ജീവിക്കുന്നവരെ ആട്ടിപ്പുറത്താക്കിയ കണ്ണില്‍ ചോരയില്ലാത്തവനാണ് മുഹമ്മദെന്നും ഇതാണോ കാരുണ്യത്തിന്റെ മതം എന്നുമെല്ലാം ചില വിമര്‍ശകര്‍ ചോദിക്കാറുണ്ട്. സമാധാനത്തോടെ നാട്ടില്‍ ജീവിക്കാനായി പരസ്പരമുണ്ടാക്കിയ കരാര്‍ ലംഘിച്ച് ചതിയിലൂടെ നബി ﷺ യെ വധിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവരെ മദീനയില്‍നിന്നും നബി ﷺ പുറത്താക്കാന്‍ തയ്യാറായത് എന്ന കാര്യം ഇക്കൂട്ടര്‍ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്. അവരെ ഉപദ്രവിക്കാതെ നാടു വിടാന്‍ കല്‍പിക്കുക മാത്രമാണ് നബി ﷺ ചെയ്തത് എന്ന കാര്യം ഓര്‍ക്കുക. അത് നബി ﷺ യുടെ കാരുണ്യത്തെയാണ് അറിയിക്കുന്നത്. ആ സംഭവത്തെ പറ്റി ക്വുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക:

''വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍തന്നെ അവരുടെ വീടുകളില്‍നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക'' (ക്വുര്‍ആന്‍ 59:2).

യഹൂദികളെ ആദ്യമായി അവരുടെ വീടുകളില്‍നിന്ന് പുറത്താക്കിയ സംഭവം ഇതായിരുന്നു. എന്നാല്‍ ക്വുര്‍ആന്‍ സൂചിപ്പിച്ചതുപോലെ അതിനു പുറമെ മറ്റു സന്ദര്‍ഭങ്ങളിലും അവര്‍ ആട്ടി പുറത്താക്കപ്പെട്ടിട്ടുണ്ട്.

യഹൂദികള്‍ വിചാരിച്ചത് മുസ്‌ലിംകള്‍ക്ക് അവരെ അവരുടെ കോട്ടകളില്‍നിന്നും പുറത്താക്കാന്‍ സാധിക്കില്ല എന്നാണ്. അപ്രകാരം മുസ്‌ലിംകളും വിചാരിച്ചു. എന്നാല്‍ അത് സംഭവിച്ചു. അവരുടെ മനസ്സില്‍ ഭീതിയുണ്ടായി. പുറത്ത് കടക്കേണ്ട അവസ്ഥ വന്നു. അങ്ങനെ അവരുടെ സാമഗ്രികളെല്ലാം ആവും വിധം അവര്‍ നശിപ്പിച്ചു. പുറത്ത് അവരുടെ ഈത്തപ്പനകള്‍ മുസ്‌ലിംകളുടെ കൈകളാലും നശിപ്പിക്കപ്പെട്ടു.

''അല്ലാഹു അവരുടെമേല്‍ നാടുവിട്ടുപോക്ക് വിധിച്ചിട്ടില്ലായിരുന്നുവെങ്കി ല്‍ ഇഹലോകത്തുവെച്ച് അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു. പരലോകത്ത് അവര്‍ക്കു നരകശിക്ഷയുമുണ്ട്. അത് അല്ലാഹുവോടും അവന്റെ റസൂലിനോടും അവര്‍ മത്സരിച്ചു നിന്നതിന്റെ ഫലമത്രെ. വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്റെ അനുമതി പ്രകാരമാണ്. അധര്‍മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്'' (ക്വുര്‍ആന്‍ 59:3-5).

അല്ലാഹുവിനോടും അവന്റെ റസൂലിനോടും എതിരിട്ടത് കാരണമാണ് അവര്‍ക്ക് ഇതെല്ലാം സംഭവിച്ചത്. അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും എതിരിടുന്നവര്‍ക്ക് ഇപ്രകാരം അല്ലാഹു ഒരുക്കി വെച്ചിട്ടുണ്ടെന്ന് ക്വുര്‍ആന്‍ മറ്റൊരിടത്തും വ്യക്തമാക്കിയിട്ടുണ്ട്: ''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (ക്വുര്‍ആന്‍ 4:115).

തൗറാത്ത് പഠിച്ച, അവസാനത്തെ പ്രവാചകനെ പ്രതീക്ഷിച്ചിരുന്ന യഹൂദികള്‍ സത്യം മനസ്സിലാക്കിയതിന് എതിരു കാണിച്ചപ്പോള്‍ അല്ലാഹു അവരെ എന്നെന്നേക്കുമായി ശപിക്കുകയാണ് ചെയ്തത്. ഇത് എല്ലാവര്‍ക്കും പാഠമാണ്. ഒരു സത്യം മനസ്സിലാക്കിയിട്ട് അതിനെതിരായി മനഃപൂര്‍വം നിന്നാല്‍ അല്ലാഹു അവനെ കൈവിടുന്നതാണ്. അതിനാല്‍ അല്ലാഹുവിന്റെയോ റസൂലിന്റെയോ കല്‍പനയെ ചോദ്യം ചെയ്യാതെ, പരിഹസിക്കാതെ, അവഗണിക്കാതെ ജീവിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകേണ്ടതുണ്ട്.