നബി ﷺ യുടെ ഏകാന്തവാസം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

(മുഹമ്മദ് നബി ﷺ , ഭാഗം 6)

മുഹമ്മദ് ﷺ പ്രവാചകത്വത്തിന് മുമ്പും ശേഷവും ആര്‍ക്കും മാതൃയാകും വിധമാണ് ജീവിച്ചിരുന്നത് എന്നു നാം മനസ്സിലാക്കി. ജാഹിലിയ്യ കാലത്തെ അറബികളുടെ മൂല്യച്യുതിയുടെ ആഴം ചെറുതായിരുന്നില്ല. അവരുടെ വഴിവിട്ട ജീവിതം പ്രവാചകനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സമൂഹത്തിന്റെ അന്ധവിശ്വാസങ്ങളോടും അരാജകത്വങ്ങളോടും നീരസവും വിമുഖതയും നബി ﷺ യില്‍ നിലനിന്നു. സമൂഹത്തില്‍നിന്നും അകന്നുമാറി ഏകാന്തനായി ജീവിക്കുന്നത് അദ്ദേഹത്തിന് പ്രിയങ്കരമായിത്തോന്നി. ഈ ചിന്ത ദിനംപ്രതി വര്‍ധിച്ചു. നുബുവ്വത്ത് (പ്രവാചകത്വം) ലഭിക്കാന്‍ പോകുന്നതിന്റെ പല അടയാളങ്ങളും നബി ﷺ യില്‍ ഉണ്ടാകാന്‍ തുടങ്ങി. നബി ﷺ ക്ക് താന്‍ നബിയാകാന്‍ പോകുന്നു എന്നതിനെപ്പറ്റി അറിവില്ലായിരുന്നെങ്കിലും പലതരത്തിലുള്ള പ്രത്യേകതകളും അവിടുത്തെ ജീവിതത്തില്‍ സംഭവിക്കാന്‍ തുടങ്ങി. നബി ﷺ മക്കയിലൂടെ നടന്നുപോകുമ്പോള്‍ ഒരു കല്ല് അവിടുത്തോട് സലാം പറയാന്‍ തുടങ്ങിയത് അതില്‍പെട്ട ഒരു പ്രത്യേകതയായിരുന്നു. അതിനെപ്പറ്റി നബി ﷺ പറയുന്നത് കാണുക:

ജാബിറുബ്‌നു സമുറ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'ഞാന്‍ (പ്രവാചകനായി) നിയോഗിക്കപ്പെടുന്നതിന് മുമ്പ് എന്നോട് സലാം പറയാറുണ്ടായിരുന്ന മക്കയിലെ ഒരു കല്ലിനെപ്പറ്റി തീര്‍ച്ചയായും എനിക്ക് അറിയാം. തീര്‍ച്ചയായും ഇപ്പോഴും ഞാന്‍ അതിനെ തിരിച്ചറിയുന്നു.''

പ്രവാചകനായി നിയോഗിക്കപ്പെടുന്നതിനു മുമ്പ് നബി ﷺ ഇടയ്ക്കിടക്ക് ചില സ്വപ്‌നങ്ങള്‍ കാണാറുണ്ടായിരുന്നു. ഈ സ്വപ്‌നങ്ങള്‍ പ്രഭാതം പൊട്ടിവിടരുന്നതുപോലെ സത്യമായി പുലരുകയും ചെയ്യും! ആഇശ(റ) അതിനെപ്പറ്റി നമുക്ക് പറഞ്ഞുതരുന്നുണ്ട്.

നബി ﷺ യുടെ പത്‌നി ആഇശ(റ) പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലി ﷺ ന് ആദ്യമായി വഹ്‌യിന് തുടക്കം കുറിച്ചത് സത്യസന്ധമായ സ്വപ്‌നത്തിലൂടെയായിരുന്നു. നബി ﷺ (ഒരു) സ്വപ്‌നവും കാണാറില്ലായിരുന്നു; പ്രഭാതം പൊട്ടിവിടരുന്നതുപോലെ (ആ) സ്വപ്‌നം പുലരാതെയല്ലാതെ. പിന്നീട് അവിടുത്തേക്ക് ഏകാന്തവാസം ഇഷ്ടമാക്കപ്പെട്ടു. അങ്ങനെ നബി ﷺ ഹിറാഅ് ഗുഹയില്‍ ആരാധനയിലായി കുറെ രാത്രികള്‍ കുടുംബത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് കഴിച്ചുകൂട്ടും. അതിനുള്ള പാഥേയം അവിടുന്ന് കരുതിയിരുന്നു. പിന്നീട് ഖദീജ(റ)യുടെ അടുക്കലേക്ക് മടങ്ങും. അങ്ങനെ അവിടുത്തേക്ക് സത്യം വെളിപ്പെടുന്നതുവരെ അതുപോലെയുള്ള പാഥേയം ഒരുക്കുമായിരുന്നു. (അങ്ങനെ) അദ്ദേഹം ഹിറാഅ് ഗുഹയില്‍ ആയിരിക്കെ മലക്ക് വന്നു. എന്നിട്ട് (മലക്ക്) പറഞ്ഞു: 'വായിക്കുക.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'ഞാന്‍ വായിക്കുന്നവനല്ല.' നബി ﷺ പറഞ്ഞു: 'എനിക്ക് വിഷമം ഉണ്ടാകുന്നതുവരെ (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു.' എന്നിട്ട് പറഞ്ഞു: 'വായിക്കുക.' ഞാന്‍ പറഞ്ഞു: 'ഞാന്‍ വായിക്കുന്നവനല്ല.' എനിക്ക് വിഷമം ഉണ്ടാകുന്നത് വരെ രണ്ടാമതും (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു. എന്നിട്ട് പറഞ്ഞു: 'വായിക്കുക.' ഞാന്‍ പറഞ്ഞു: 'ഞാന്‍ വായിക്കുന്നവനല്ല.' എനിക്ക് വിഷമം ഉണ്ടാകുന്നതുവരെ മൂന്നാമതും (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു. എന്നിട്ട് (മലക്ക്) പറഞ്ഞു: 'സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (സൂറ അലക്വ് 1-5).

നബി ﷺ അതുമായി പേടിച്ച് മടങ്ങി. അങ്ങനെ ഖദീജ(റ)യുടെ അടുക്കല്‍ പ്രവേശിച്ചു. എന്നിട്ട് അവിടുന്ന് അവരോട് പറഞ്ഞു: 'എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ.' അങ്ങനെ അവിടുത്തെ ഭയം നീങ്ങുന്നതുവരെ അവര്‍ അദ്ദേഹത്തെ പുതപ്പിച്ചു. അദ്ദേഹം ഖദീജ(റ)യോട് പറഞ്ഞു: 'ഖദീജാ, എനിക്ക് എന്തുപറ്റി? ഞാന്‍ എന്റെ കാര്യത്തില്‍ പേടിക്കുന്നു!' എന്നിട്ട് അവരോട് ആ വിവരം അറിയിച്ചു. ഖദീജ(റ) പറഞ്ഞു: 'അങ്ങനെയല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ (സത്യം) അല്ലാഹു അങ്ങയെ ഒരിക്കലും നിന്ദിക്കുകയില്ല. അല്ലാഹുവാണ (സത്യം), അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. (കഷ്ടപ്പെടുന്നവന്റെ) ഭാരം ചുമക്കുന്നു. ഇല്ലാത്തവന് വേണ്ടി സമ്പാദിക്കുന്നു. അതിഥിയെ മാനിക്കുന്നു. അവകാശം നഷ്ടപ്പെട്ടവരെ സഹായിക്കുന്നു.' എന്നിട്ട് ഖദീജ(റ) അദ്ദേഹത്തെ തന്റെ പിതൃവ്യനായ വറക്വതുബ്‌നു നൗഫലിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ജാഹിലിയ്യ കാലത്ത് ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹം അറബിയില്‍ എഴുതും. ഇഞ്ചീലില്‍നിന്ന് അല്ലാഹു ഉദ്ദേശിച്ചത് അറബിയില്‍ എഴുതാറുണ്ടായിരുന്നു. അദ്ദേഹം വലിയ പ്രായമുള്ള, അന്ധത ബാധിച്ച ആളായിരുന്നു. ഖദീജ(റ) പറഞ്ഞു: 'ഓ, പിതൃവ്യ പുത്രാ, താങ്കളുടെ സഹോദര പുത്രനില്‍നിന്ന് (അദ്ദേഹം പറയുന്നത്) കേട്ടാലും.' വറക്വത് പറഞ്ഞു: 'ഓ, സഹോദര പുത്രാ, എന്താണ് താങ്കള്‍ കണ്ടത്?' അപ്പോള്‍ നബി ﷺ കണ്ടതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ വറക്വത് പറഞ്ഞു: 'ഇത് മൂസായുടെമേല്‍ ഇറക്കപ്പെട്ട മലക്കാകുന്നു. നിന്റെ സമൂഹം നിന്നെ പുറത്താക്കുന്ന സമയത്ത്...' റസൂല്‍ ﷺ ചോദിച്ചു: 'അവര്‍ എന്നെ പുറത്താക്കുമെന്നോ?' വറക്വത് പറഞ്ഞു: 'അതെ, നിനക്ക് കൊണ്ടു വന്നതുമായി വന്നിട്ടുള്ള ഏതൊരാളും ഉപദ്രവിക്കപ്പെടാതെ വന്നിട്ടില്ല. നിന്നെ (അവര്‍ ഉപദ്രവിക്കുന്ന) ദിവസത്തില്‍ ഞാന്‍ ജീവിച്ചിരിക്കുന്നവനാണെങ്കില്‍ നിന്നെ ഞാന്‍ ബലിഷ്ഠമായി സഹായിക്കുക തന്നെ ചെയ്യും.' പിന്നീട് താമസിയാതെ വറക്വത് മരണപ്പട്ടു. അങ്ങനെ നബി ﷺ ദുഃഖിതനാകുന്നതുവരെ വഹ്‌യ് (അല്‍പ കാലം) നിന്നു'' (ബുഖാരി).

ദീര്‍ഘമായ ഈ ഹദീഥിന്റെ തുടക്കത്തില്‍ നബി ﷺ യുടെ വഹ്‌യിന്റെ ആരംഭം സത്യസന്ധമായ സ്വപ്‌നമായിരുന്നു എന്നത് മനസ്സിലാക്കാം. അഥവാ, പ്രവാചകന്‍ ﷺ ഉറക്കത്തില്‍ കാണുന്ന ഓരോ സ്വപ്‌നവും പകല്‍ വിടരുന്നതുപോലെ സത്യമായി പുലര്‍ന്നുവന്നിരുന്നു. ഇത് പ്രവാചകത്വത്തിന്റെ തുടക്കത്തിനുള്ള ഒരു അടയാളമായിരുന്നു. ഈ കാര്യം നബി ﷺ ക്ക് തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. മറഞ്ഞകാര്യങ്ങള്‍ അവിടുത്തേക്ക് സ്വന്തമായി അറിയില്ലല്ലോ. ശേഷം അവിടുത്തേക്ക് ഏകാന്തവാസം ഇഷ്ടമാകുകയും ഹിറാഅ് ഗുഹയില്‍ ഏകാന്തനായി ആരാധനയില്‍ കഴിച്ചുകൂട്ടുകയും ചെയ്തു. ഏകാന്തവാസത്തിനായി ഹിറാഅ് ഗുഹ തെരഞ്ഞെടുക്കാന്‍ കാരണം അവിടെനിന്നു നോക്കിയാല്‍ കഅ്ബ നന്നായി തെളിഞ്ഞ് കാണാമായിരുന്നു എന്നതാണ് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഹിറാഅ് ഗുഹയില്‍ ഏകാന്തനായി, ധ്യാനനിരതനായി നബി ﷺ കഴിച്ചുകൂട്ടും. അങ്ങനെ ധാരാളം രാത്രികള്‍ വീട്ടിലേക്ക് മടങ്ങാതെ അവിടെത്തന്നെ കഴിയാറായിരുന്നു പതിവ്. ഭക്ഷണവും വെള്ളവുമെല്ലാം പത്‌നി ഖദീജ(റ) തയ്യാറാക്കിക്കൊടുക്കും. അതുമായി അവിടുന്ന് ഹിറാഅ് ഗുഹയിലേക്ക് പോകും. പാഥേയം തീര്‍ന്നാല്‍ വീട്ടിലേക്ക് മടങ്ങിവരും. ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

അങ്ങനെ ഒരു ദിവസം നബി ﷺ ഹിറാഅ് ഗുഹയില്‍ ഏകാന്തനായി ഇരിക്കുമ്പോള്‍ അവിടെ ജിബ്‌രീല്‍ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു. എഴുത്തും വായനയും അറിയാത്ത പ്രവാചക ﷺ നോട് ജിബ്‌രീല്‍(അ) ആദ്യമായി കല്‍പിച്ചത് വായിക്കാന്‍ വേണ്ടിയായിരുന്നു. 'ഞാന്‍ വായിക്കുന്നവനല്ല, അഥവാ എനിക്ക് വായന അറിയില്ല' എന്നായിരുന്നു മറുപടി. നബി ﷺ യെ ജിബ്‌രീല്‍ ശക്തമായി മൂന്നുതവണ ആലിംഗനം ചെയ്യുകയും വിടുകയും ചെയ്തു. ആ ശക്തമായ പിടുത്തത്തില്‍ നബി ﷺ ക്ക് വല്ലാത്ത ക്ലേശം അനുഭവപ്പെട്ടു. തുടര്‍ന്ന് ക്വുര്‍ആനിലെ സൂറതുല്‍ അലക്വിലെ ആദ്യ സൂക്തങ്ങള്‍ ഓതിക്കൊടുക്കുകയും ചെയ്തു. അത് ഒരു റമദാനില്‍ ആയിരുന്നു; നബി ﷺ യുടെ നാല്‍പതാമത്തെ വയസ്സിന്റെ തുടക്കത്തില്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ യുടെ ജനനം റമദാനിലായിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

വഹ്‌യിന് ഒരു ഭാരം ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആഇശ(റ)യുടെ മടിയില്‍ നബി ﷺ തലവച്ച് കിടക്കുമ്പോള്‍ വഹ്‌യ് ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ ആഇശ(റ) അനുഭവിച്ചിരുന്ന പ്രയാസം ഹദീഥുകളില്‍ കാണാം. അതുപോലെ ഈ ക്വുര്‍ആന്‍ ഒരു പര്‍വതത്തിലാണ് ഇറക്കിയിരുന്നതെങ്കില്‍ അത് വിനയപ്പെടുകയും അല്ലാഹുവിനെക്കുറിച്ചുള്ള പേടിയാല്‍ പൊട്ടിപ്പിളരുകയും ചെയ്യുമായിരുന്നു എന്ന് ക്വുര്‍ആനും (സൂറഃ അല്‍ഹശ്ര്‍ 22) വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാരം സ്വീകരിക്കുവാന്‍ പര്യാപ്തമാകും വിധത്തില്‍ അവിടുത്തെ സജ്ജമാക്കിയതാകാം ജിബ്‌രീലി(അ)ന്റെ ശക്തമായ പിടുത്തവും വിടലും എല്ലാം. അല്ലാഹുവാണ് ഏറ്റവും അറിവുള്ളവന്‍.

മലക്ക് ഓതിക്കൊടുത്തത് പോലെ അവിടുന്നും ഉരുവിട്ടു. ആ വചനങ്ങള്‍ അവിടുത്തെ ഹൃദയത്തിലേക്ക് പ്രവേശിച്ചു. പെെട്ടന്ന് തന്റെ അടുത്തു വന്ന മലക്കിനെ കാണാതാകുകയും ചെയ്തു. നബി ﷺ അങ്ങേയറ്റം പേടിച്ചു. ഹിറാഅ് ഗുഹയില്‍നിന്ന് ഇറങ്ങി. പ്രിയ സഖി ഖദീജഃ(റ)യുടെ അടുത്തേക്ക് ധൃതിപ്പെട്ട് മടങ്ങി. അവിടുന്ന് പേടിച്ച് വിറക്കുന്നുണ്ടായിരുന്നു. എന്നെ പുതപ്പിക്കൂ എന്ന് ഭാര്യയോട് പറഞ്ഞപ്പോള്‍ അവര്‍ തന്റെ സ്‌നേഹനിധിയെ നന്നായി പുതപ്പിച്ചു. ബുദ്ധിമതിയായ ഖദീജ(റ) അവിടുത്തോട് മറ്റൊന്നും ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. കാരണം, പേടിച്ച് വന്നതാണല്ലോ. ആദ്യം അവിടുന്ന് ആവശ്യപ്പെട്ടത് നിവൃത്തിച്ചുകൊടുത്തു. പിന്നീട് പേടി അല്‍പാല്‍പമായി നീങ്ങി. അപ്പോള്‍ ഖദീജ(റ) കാര്യം തിരക്കി. നബി ﷺ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. നബി ﷺ യുടെ സംഭവ വിവരണം കേട്ടപ്പോള്‍ ഖദീജ(റ) അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

ശേഷം, ഖദീജ(റ)യുടെ ബന്ധുവായ, മുന്‍വേദഗ്രന്ഥങ്ങളില്‍ അവഗാഹമുള്ള വറക്വതുബ്‌നു നൗഫലിന്റെ അടുത്തേക്ക് നബി ﷺ യെ കൊണ്ടുപോയി. കാര്യങ്ങളെല്ലാം നബി ﷺ വിവരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇത് മൂസായുടെ അടുക്കല്‍ ഇറങ്ങിയ അതേ ആളാണ്. അങ്ങയെ അല്ലാഹു അതേ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. താങ്കള്‍ക്ക് ലഭിച്ചിട്ടുള്ള ഈ കാര്യങ്ങള്‍ ആര്‍ക്കെല്ലാം വന്നിട്ടുണ്ടോ, അവരെല്ലാം ദ്രോഹിക്കപ്പെട്ടിട്ടുണ്ട്. നിന്റെ സമൂഹം നിന്നെ നാട്ടില്‍നിന്ന് പുറത്താക്കുന്ന സമയത്ത് ഞാനൊരു ആരോഗ്യമുള്ള യുവാവായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിക്കുന്നു.' ഇത് കേട്ടപ്പോള്‍ അവിടുന്ന് അമ്പരന്നു. അല്‍അമീന്‍ എന്ന് എന്നെ വിളിക്കുന്ന എന്റെ നാട്ടുകാര്‍ പുറത്താക്കുമെന്നോ? വറക്വത് പറഞ്ഞു: 'അതെ. ഇങ്ങനെ വന്നവരെല്ലാം ദ്രോഹിക്കപ്പെടുകയോ ശത്രുക്കളാക്കപ്പെടുകയോ ചെയ്യാതിരുന്നിട്ടില്ല. അന്ന് ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിന്നെ ഞാന്‍ ശക്തമായി സഹായിക്കുന്നതാണ്.' അധികകാലം കഴിയും മുമ്പ് വറക്വത് മരണപ്പെട്ടു.

ഈ വഹ്‌യിന് ശേഷം പിന്നീട് കുറച്ചുനാളത്തേക്ക് വഹ്‌യ് നിലച്ചു. അത് നബി ﷺ ക്ക് ദുഃഖമുണ്ടാക്കി. എങ്കിലും പിന്നീട് വഹ്‌യിന് തുടര്‍ച്ച ഉണ്ടാകുകയും ചെയ്തു.

പലരും പുണ്യഭൂമി (മക്ക) സന്ദര്‍ശിക്കുമ്പോള്‍ പാടുപെട്ട് ഹിറാഅ് ഗുഹ സന്ദര്‍ശിക്കുന്നതായി കാണാം. പലരും ആ സ്ഥലത്തിന് പ്രത്യേക പുണ്യം കണക്കാക്കുന്നവരുമാണ്. അത് സന്ദര്‍ശിക്കുന്നതിലോ അതില്‍വച്ച് ആരാധനകള്‍ നിര്‍വഹിക്കുന്നതിലോ പ്രത്യേകമായ യാതൊരു പുണ്യവുമില്ല. നബി ﷺ ഹിജ്‌റക്കുമുമ്പ് പത്ത് വര്‍ഷത്തിലേറെ മക്കയില്‍ ഉണ്ടായിട്ടും ഹിറാഅ് ഗുഹയിലേക്ക് ഒരു പുണ്യയാത്രപോയിട്ടില്ല. മക്കാവിജയ ദിവസമോ അതിനുശേഷമോ അപ്രകാരം അവിടുന്ന് ചെയ്യുകയോ അതിന് നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഹിറാഅ് ഗുഹ സന്ദര്‍ശിക്കുന്നതിലോ അതില്‍ ഇബാദത്ത് നിര്‍വഹിക്കുന്നതിലോ പ്രത്യേകമായ യാതൊരു പുണ്യവുമില്ല എന്നതും ഒരു ചരിത്ര സ്ഥലം എന്ന നിലയ്ക്ക് ആരെങ്കിലും സന്ദര്‍ശിക്കുന്നുവെങ്കില്‍ അതില്‍ വിരോധവുമില്ല എന്നതും മനസ്സിലാക്കുക.

അപരിചിതനായ ഒരാളു(ജിബ്‌രീലു)മായുള്ള ആ സംഗമം പ്രവാചകനില്‍ അങ്ങേയറ്റത്തെ ഭീതിയുണ്ടാക്കി എന്നത്, നബി ﷺ പ്രവാചകത്വം പ്രതീക്ഷിച്ചിരുന്നില്ല എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. സമൂഹത്തില്‍നിന്ന് മാറി ഹിറാഅ് ഗുഹയില്‍ ഏകാന്തവാസം സ്വീകരിച്ചത് സമൂഹത്തെ നേരിന്റെ വഴിയില്‍ നടത്താന്‍ ഒരു വെളിച്ചം അന്വേഷിച്ചതായിരുന്നു എന്നും അതിനായുള്ള ഒരു ആത്മീയ തയ്യാറെടുപ്പ് നടത്തുകയായിരുന്നു അവിടുന്ന് ചെയ്തിരുന്നത് എന്നും, തേടിയ വള്ളി കാലില്‍ചുറ്റി എന്ന് പറയുന്നതു പോലെ നബി ﷺ ആഗ്രഹിച്ചത് നടന്നു എന്നുമെല്ലാം ചിലര്‍ പറയാറുണ്ട്. എന്നാല്‍ നബി തിരുമേനി ﷺ ഒരിക്കലും ഒരു പ്രവാചകത്വത്തെയോ തനിക്ക് വേദഗ്രന്ഥം ഇറക്കപ്പെടുന്നതിനെ പറ്റിയോ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ക്വുര്‍ആന്‍ നമുക്ക് മുമ്പില്‍ വ്യക്തമാക്കുന്നത്.

''നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (അതു ലഭിച്ചു)'' (സൂറഃ അല്‍ക്വസ്വസ്വ് 86).

''അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴികാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്റെ പാതയിലേക്ക്. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്'' (സൂറഃ അശ്ശൂറാ 52,53).

പ്രവാചകന്മാര്‍ക്ക് പ്രവാചകത്വം നല്‍കപ്പെടുന്നത് അവര്‍ ആഗ്രഹിച്ചതുകൊണ്ടോ അതിനുവേണ്ടി അധ്വാനിച്ചതിനാലോ അല്ല. ഇനി, ആരെങ്കിലും ആഗ്രഹിക്കുകയോ അതിനുവേണ്ടി അധാനിക്കുകയോ ചെയ്താലും നുബുവ്വത്ത് എന്ന ആ ഉന്നത പദവി ലഭിക്കപ്പെടാനും പോകുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന ആ പദവി അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുകയാണ് ചെയ്യാറ്. നുബുവ്വത്ത്, രിസാലത്ത് തുടങ്ങിയ രണ്ട് സ്ഥാനവും 'വഹബിയ്യ്' ആണ്; 'കസബിയ്യ്' അല്ല. അഥവാ, അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നതാണ്, സ്വപ്രയത്‌നത്താല്‍ നല്‍കപ്പെടുന്നതല്ല. അതിനാല്‍ മുഹമ്മദ് നബി ﷺ ഒരിക്കല്‍ പോലും പ്രവാചകത്വം കൊതിക്കുകയോ അതിനുവേണ്ടി സ്വയം തയ്യാറാവുകയോ ചെയ്തിരുന്നില്ല എന്നും, എല്ലാ നബിമാര്‍ക്കും അല്ലാഹു അനുഗ്രഹമായി നല്‍കിയതുപോലെ മുഹമ്മദ് നബി ﷺ യെ അതിനായി തെരഞ്ഞടുക്കുകയാണ് ചെയ്തത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രവാചകനും താന്‍ നബിയാകാന്‍ പോകുന്ന ആളാണെന്ന് നേരത്തെ അറിയാന്‍ സാധിക്കുമായിരുന്നില്ല.

നബി ﷺ നേരത്തെ പ്രവാചകത്വം ആഗ്രഹിച്ചിരുന്നുവെങ്കില്‍ ജിബ്‌രീല്‍(അ) തന്റെ മുന്നില്‍ വന്നപ്പോള്‍ പേടിക്കേണ്ടിയിരുന്നില്ലല്ലോ. ഞാന്‍ പ്രതീക്ഷിച്ചത് നടക്കാന്‍ പോകുന്നു എന്ന് സന്തോഷിക്കുകയല്ലേ വേണ്ടിയിരുന്നത്? തന്റെ മോഹം പൂവണിയാന്‍ പോകുന്നു എന്നായിരുന്നില്ലേ വിചാരിക്കേണ്ടിയിരുന്നത്? സന്തോഷിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? എന്നാല്‍ വളരെയധികം ഭയപ്പെടുകയാണുണ്ടായത് എന്ന് ബുഖാരിയില്‍ വന്ന ഹദീഥില്‍നിന്നും നാം കണ്ടു. മുഹമ്മദ് നബി ﷺ ക്ക് നിനച്ചിരിക്കാതെ തന്നെ ലഭിച്ച മഹത്തായ സൗഭാഗ്യമായിരുന്നു പ്രവാചകത്വം എന്നതിനാണ് പ്രമാണങ്ങള്‍ പിന്‍ബലം നല്‍കുന്നത്. (തുടരും)