മദീനയിലെ പ്രതികൂല കാലാവസ്ഥയും മുഹാജിറുകളും

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജൂലൈ 31 1442 ദുല്‍ഹിജ്ജ 20

(മുഹമ്മദ് നബി ﷺ : 31)

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ നിസ്തുലമായ സ്‌നേഹവും ആദരവും നബി ﷺ ഉണ്ടാക്കിയെടുത്തു. ഈ കാലത്ത് മദീനയില്‍ മക്കയെ അപേക്ഷിച്ച് കാലാവസ്ഥ അല്‍പം ക്ലേശകരമായിരുന്നു. കാലാവസ്ഥയുടെ മാറ്റം കാരണം മദീനയില്‍ എത്തിയ മുഹാജിറുകള്‍ക്ക് അവിടെ താമസിക്കാന്‍ അല്‍പം വിഷമമുണ്ടായി. അതുനിമിത്തം പലരും ക്ഷീണിതരായി. പലരും രോഗബാധിതരായി. അബൂബക്‌റിനും(റ) ബിലാലിനും(റ) കടുത്ത പനി ബാധിച്ചു. മകള്‍ ആഇശ(റ) അബൂബക്‌റി(റ)നോട് സുഖവിവരങ്ങള്‍ ആരായവെ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു:

''എല്ലാ മനുഷ്യനും അവന്റെ കുടുംബത്തില്‍ പ്രഭാതത്തില്‍ ആയിത്തീരുന്നു. (എന്നാല്‍) മരണം അവന്റെ ചെരുപ്പിന്റെ വാറിനെക്കാളും അടുത്താകുന്നു.''

ബിലാല്‍(റ) പനിപിടിച്ച് ക്ഷീണിച്ച സമയത്ത് പറഞ്ഞിരുന്ന കാര്യങ്ങള്‍ ബുഖാരിയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്:

''ഞാന്‍ താഴ്‌വരയില്‍ രാത്രി താമസിച്ചിട്ടുണ്ടല്ലോ. എനിക്ക് ചുറ്റും ഇദ്ഖിറും (അവിടെ വ്യാപകമായി ഉണ്ടായിരുന്ന ഒരു പുല്ലാണിത്) നല്ല ചെടികളും ഉണ്ടായിരുന്നു. മജന്നയിലെ വെള്ളം കുടിക്കാന്‍ ദിവസവും ഞാന്‍ പോകാറുണ്ടായിരുന്നല്ലോ. എനിക്ക് ശാമയും ത്വഫീലും (രണ്ട് മലകളാണിവ) വെളിവാകുമായിരുന്നല്ലോ.'' ആഇശ(റ) പറഞ്ഞു: ''അങ്ങനെ ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുത്ത് വന്നു. എന്നിട്ട് ഞാന്‍ ഈ വിവരം പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: അല്ലാഹുവേ, മക്കയെ ഞങ്ങള്‍ക്ക് പ്രിയങ്കരമാക്കിയത് പോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ ശക്തിയായി മദീനയെ ഞങ്ങളിലേക്ക് പ്രിയങ്കരമാക്കേണമേ. ഇതിനെ (മദീനയെ) നീ ശരിപ്പെടുത്തുകയും അതിന്റെ സ്വാഇലും മുദ്ദിലും ഞങ്ങള്‍ക്ക് നീ ബറകത്ത് ചൊരിയുകയും ചെയ്യേണമെ. ഇതിന്റെ പനിയെ നീ നീക്കിത്തരികയും അതിനെ നീ തുടച്ചുനീക്കുകയും ചെയ്യേണമേ.''

മക്കയില്‍നിന്ന് മദീനയില്‍ എത്തിയ മുഹാജിറുകള്‍ക്ക് മക്കയിലെ അനുഭൂതികള്‍ മറക്കാന്‍ സാധിച്ചിരുന്നില്ല. അവര്‍ അവിടത്തെ ഓരോ പ്രത്യേകതയും ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുസ്മരിക്കുമായിരുന്നു. മക്കയിലാകുമ്പോള്‍ അവിടത്തെ പല മലമടക്കുകളിലെയും വെള്ളം കുടിക്കാം. സുന്ദരമായ പ്രകൃതിഭംഗി ആസ്വദിക്കാം. ഇവിടെ തങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. എല്ലാവര്‍ക്കും രോഗവും ക്ഷീണവും. മദീനയുടെ സാഹചര്യത്തില്‍ വിഷമിക്കുന്ന മുഹാജിറുകളുടെ വേദന നബി ﷺ മനസ്സിലാക്കി. നബി ﷺ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. സ്വഹാബിമാരുടെ രോഗങ്ങളെല്ലാം ശമിക്കപ്പെട്ടു. അവര്‍ക്ക് ഏറെ സന്തോഷവും ആനന്ദവും ഉണ്ടായി. പ്രയാസങ്ങള്‍ സഹിക്കാനുള്ള കരുത്ത് ഉണ്ടായി. മദീനയിലെ കാലാവസ്ഥകളുമായി അവര്‍ പൊരുത്തപ്പെടാന്‍ തുടങ്ങി. ത്യാഗം സഹിച്ച് മക്കയില്‍നിന്ന് ഹിജ്‌റ വന്ന തന്റെ പ്രിയപ്പെട്ട അനുചരന്മാരെ അതേ വിശ്വാസത്തില്‍ ഉറപ്പിച്ച് നിറുത്താനും അവര്‍ വന്നവഴിക്ക് തിരിച്ച് പോകാതിരിക്കാനുമായി നബി ﷺ പ്രത്യേകം പ്രാര്‍ഥിച്ചതും ഹദീഥുകളില്‍ വന്നിട്ടുണ്ട്.

മദീനയില്‍ ആരെല്ലാമായിരുന്നു?

നബി ﷺ മദീനയില്‍ എത്തുന്ന കാലത്ത് പ്രബല ഗോത്രങ്ങളായി ഉണ്ടായിരുന്നത് യഹൂദികളായിരുന്നു. ബനൂക്വയ്‌നുക്വാഅ്, ബനൂനദ്വീര്‍, ബനൂക്വുറയഌഎന്നിങ്ങനെ ചില ഗോത്രങ്ങളായി മദീനയില്‍ പരന്ന് കിടക്കുകയായിരുന്നു അന്ന് ജൂതന്മാര്‍. എന്നാല്‍ അന്ന് അറബികള്‍ രണ്ട് ഗോത്രങ്ങളായി പരസ്പരം വിഘടിച്ച് നില്‍ക്കുന്നവരുമായിരുന്നു. ഖസ്‌റജ്, ഔസ് ഗോത്രക്കാരായിരുന്നു അവര്‍. അവര്‍ക്കിടയില്‍ ഏത് കാലത്തും പരസ്പരം ചേരിപ്പോരും യുദ്ധങ്ങളുമുണ്ടായിരുന്നു. നിസ്സാര കാരണത്തിന്റെ പേരില്‍ പോലും പരസ്പരം യുദ്ധം ചെയ്തവരായിരുന്നു അവര്‍. തന്റെ ഒട്ടകത്തിന് കുടിക്കാനുള്ള വെള്ളത്തില്‍ നിന്ന് അപ്പുറത്തെ വീട്ടിലെ ഒട്ടകം വെള്ളം കുടിച്ചാല്‍ പോലും അവര്‍ പരസ്പരം വാളെടുത്തിരുന്നു. ഐക്യം നഷ്ടപ്പെട്ട, ഛിന്നഭിന്നമായ ആളുകളുള്ള ഒരു നാടായിരുന്നു യഥ്‌രിബ് എന്ന് ചുരുക്കം. നബി ﷺ അവിടെ എത്തിയതിന് ശേഷം ഔസ്, ഖസ്‌റജ് ഗോത്രക്കാരെ പരസ്പരം ഐക്യത്തിലാക്കി. ഒരു മാലയിലെ മുത്തുകളെ പോലെ അവരെ അല്ലാഹുവിന്റെ റസൂല്‍ ﷺ കോര്‍ത്തിണക്കി. അവരുടെ അന്നത്തെ പ്രവണതയെ ഓര്‍മിപ്പിച്ചുകൊണ്ട് അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.'' (ക്വുര്‍ആന്‍ 3:103).

മദീനയിലെ തമ്മിലടിക്കാരായ ജനതയെ പ്രവാചകന്‍ ﷺ അതുല്യമായ രൂപത്തില്‍ ഐക്യപ്പെടുത്തി. അവര്‍ക്കിടയിലെ ഐക്യത്തിന് മുന്നില്‍നിന്ന നബി ﷺ യെ യഹൂദികള്‍ പരിചയപ്പെടുത്തിത് ഭിന്നിപ്പിക്കുന്നവനും ഐക്യം തകര്‍ക്കുന്നവനുമെന്നായിരുന്നു! അവര്‍ക്കിടയലെ ഈ ഐക്യവും സ്‌നേഹവും യഹൂദികള്‍ക്ക് പിടിച്ചില്ല. അവര്‍ നബി ﷺ യെ ആകുന്നത്ര ഉള്ളിലൂടെ ദ്രോഹിക്കാന്‍ നോക്കി.

മദീനയില്‍ ഉണ്ടായിരുന്ന യഹൂദികളില്‍ മിക്കവര്‍ക്കും കച്ചവടമായിരുന്നു ജോലി. കൃഷി ചെയ്യുന്നവരും ഉണ്ടായിരുന്നു. പുറംനാടുകളില്‍നിന്ന് വസ്തുക്കള്‍ ഇറക്കുമതിചെയ്ത് അവര്‍ കച്ചവടം നടത്തി. അങ്ങനെ വലിയ സമ്പന്നരായിരുന്നു അവര്‍. പണം പലിശക്ക് നല്‍കി പിന്നെയും സമ്പാദിക്കാന്‍ അവര്‍ ശ്രമിച്ചു. ഇത് എക്കാലത്തെയും യഹൂദികളുടെ സമ്പ്രദായമാണ്. അന്നത്തെ യഹൂദികള്‍ ഔസ്-ഖസ്‌റജ് ഗോത്രക്കാര്‍ക്കിടയില്‍ ഏഷണി പരത്തിയും മറ്റും അവരെ പരസ്പരം പോരടിപ്പിക്കാന്‍ ശ്രമിച്ചു. ആയുധസജ്ജരാകാന്‍ വേണ്ടി അവര്‍ ആയുധം വില്‍പന നടത്തും. സാമ്പത്തികമായ വലിയ ആവശ്യം നേരിടുന്ന യുദ്ധസമയത്ത് പലിശക്ക് പണം നല്‍കി അവര്‍ സഹായിക്കും. ഈ പ്രവണത ഇന്നും അവര്‍ തുടര്‍ത്തിപ്പോരുന്നതായി കാണാം. മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചും അയല്‍രാജ്യക്കാരെ തമ്മിലടിപ്പിച്ചും നേട്ടമുണ്ടാക്കാന്‍ പാടുപെടുന്ന ഇവരുടെ കുതന്ത്രങ്ങളെ തിരിച്ചറിയാതെ പോകുന്നത് വലിയ ആപത്താണ്.

മദീനയിലെ യഹൂദികള്‍ക്ക് അവരിലേക്ക് അയക്കപ്പെട്ട മുഹമ്മദ് നബി ﷺ യെ സംബന്ധിച്ച് വ്യക്തമായും അറിയാമായിരുന്നു. കാരണം, അവര്‍ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥത്തില്‍ അവസാനം വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് വിവരിച്ചിട്ടുണ്ടായിരുന്നു. ക്വുര്‍ആന്‍ ആ കാര്യം ഉണര്‍ത്തുന്നത് കാണുക:

''(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ലവസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍'' (ക്വുര്‍ആന്‍ 7:157).

''നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു'' (ക്വുര്‍ആന്‍ 2:146).

വരാനിരിക്കുന്ന അവസാനത്തെ നബിയെക്കുറിച്ച് വേദഗ്രന്ഥത്തില്‍നിന്ന് പഠിച്ച യഹൂദികളും നസ്വാറാക്കളുമായിരുന്നു മുഹമ്മദ് നബി ﷺ യില്‍ ആദ്യം വിശ്വസിക്കേണ്ടിയിരുന്നത്. കാരണം ആ പ്രവാചകന്റെ നിയോഗത്തെ പ്രതീക്ഷിച്ചിരിക്കുന്നവരായിരു ന്നു അവര്‍. എന്നാല്‍ ആ പ്രവാചകന്‍ മദീനയില്‍ എത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. വരാനിരിക്കുന്ന അന്തിമദൂതന്‍ അവരുടെ പരമ്പരയില്‍ (ഇസ്ഹാക്വ് നബി(അ)യുടെ പരമ്പരയില്‍) ആയിരിക്കുമെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ മുഹമ്മദ് നബി ﷺ വന്നത് ഇസ്മാഈല്‍ നബി(അ)യുടെ പരമ്പരയിലാണ്. അഥവാ, അറബികളിലാണ്. ചുരുക്കത്തില്‍, കുടുംബപരമ്പര നോക്കി അസൂയപ്പെട്ടാണ് അവര്‍ മുഹമ്മദ് നബി ﷺ യെ കളവാക്കിയത്. ആ പക ഇന്നും അവര്‍ക്ക് അറബികളോട്, വിശിഷ്യാ മുസ്‌ലിംകളോട് നിലനില്‍ക്കുന്നു. അതിനാലുള്ള ശത്രുത അവസരം കിട്ടുന്നിടത്തെല്ലാം അവര്‍ പ്രകടിപ്പിക്കുന്നുമുണ്ട്. ക്വുര്‍ആന്‍ അവരുടെ ശത്രുതയെ പറ്റി ഉണര്‍ത്തുന്നത് കാണുക:

''ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണ് അതിന് കാരണം'' (ക്വുര്‍ആന്‍ 5:82).

മുഹമ്മദ് നബി ﷺ യോടുള്ള അവരുടെ വെറുപ്പ് ആദ്യസമയങ്ങളില്‍ അവര്‍ മനസ്സില്‍ ഒളിപ്പിച്ചുവെച്ചു. എന്നാല്‍ മക്കയിലുള്ള ആ പ്രവാചകന്‍ ഇപ്പോള്‍ മദീനയില്‍ എത്തി. ഒരു പള്ളി നിര്‍മിച്ചു. ആളുകളെല്ലാം ഏറെ ആരവത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. അവര്‍ അദ്ദേഹത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്നു. പ്രവാചകനില്‍ വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. യഹൂദികള്‍ക്ക് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. അവരുടെ കൂട്ടത്തിലെ ഒരു പ്രഗത്ഭ പണ്ഡിതനായിരുന്നു അബ്ദുല്ലാഹിബ്‌നുസലാം. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അസൂയയും വെറുപ്പും വെച്ചുനടക്കുന്ന യഹൂദികളില്‍ നല്ല വ്യക്തിയായിരുന്നു അദ്ദേഹം. വേദഗ്രന്ഥത്തില്‍ അഗാധപാണ്ഡിത്യമുള്ള മഹാനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണം ചരിത്രത്തില്‍ പ്രസിദ്ധമാണ്. മദീനയില്‍ എത്തിയ നബി ﷺ ബനൂനജ്ജാര്‍ ഗോത്രത്തിലായിരുന്നല്ലോ ആദ്യനാളുകളില്‍. അവിടേക്ക് അദ്ദേഹം ധൃതിപ്പെട്ട് ചെല്ലുകയുണ്ടായി. ഒരു പ്രവാചകന് മാത്രം ഉത്തരം പറയാന്‍ സാധിക്കുന്ന ചില ചോദ്യങ്ങള്‍ അദ്ദേഹം നബി ﷺ നോട് ചോദിക്കുകയുണ്ടായി. ആ ചോദ്യങ്ങള്‍ക്കെല്ലാം നബി ﷺ ശരിയായ ഉത്തരം നല്‍കിയപ്പോള്‍ ആ സ്ഥലത്തുവെച്ച്, ആ സമയത്തുതന്നെ അദ്ദേഹം നബി ﷺ യില്‍ വിശ്വസിച്ചു. പിന്നീട് അബ്ദുല്ലാഹിബ്‌നു സല്ലാം നബി ﷺ നോട് പറഞ്ഞു: ''തീര്‍ച്ചയായും യഹൂദികള്‍ ദുരാരോപകന്മാരാണ്. അതിനാല്‍ എന്റെ ഇസ്‌ലാം ആശ്ലേഷണം അവര്‍ അറിഞ്ഞാല്‍ എന്നെപ്പറ്റി ദുരാരോപണങ്ങള്‍ പറയുന്നതാണ്. എന്റെ ഇസ്‌ലാം സ്വീകരണം അവര്‍ അറിയുന്നതിന് മുമ്പായി എന്നെപ്പറ്റിയുള്ള അഭിപ്രായം എന്താണെന്ന് നിങ്ങള്‍ അവരോട് ചോദിക്കണം.'' അങ്ങനെ റസൂല്‍ ﷺ ആളെ വിട്ടു. യഹൂദികള്‍ അവിടെ വന്നു. അബ്ദുല്ലാഹിബ്‌നുസല്ലാം ആ വീടിന്റെ അകത്ത് പ്രവേശിച്ചു (ഒളിച്ചിരുന്നു). എന്നിട്ട് റസൂല്‍ ﷺ ചോദിച്ചു: ''നിങ്ങളിലെ അബ്ദുല്ലാഹിബ്‌നുസലാം ആരാണ്?'' അവര്‍ പറഞ്ഞു: ഞങ്ങളില്‍ ഏറ്റവും കൂടുതല്‍ വിവരമുള്ളവനും ഞങ്ങളിലെ ഏറ്റവും കൂടുതല്‍ വിവരമുള്ളവന്റെ മകനുമാണ് അദ്ദേഹം. ഞങ്ങളിലെ ഏറ്റവും നല്ലവനും ഞങ്ങളിലെ ഏറ്റവും നല്ലവന്റെ മകനുമാണ് അദ്ദേഹം. ഞങ്ങളുടെ നേതാവും ഞങ്ങളുടെ നേതാവിന്റെ മകനുമാണ് അദ്ദേഹം. ഞങ്ങളിലെ ശ്രേഷ്ഠനും ഞങ്ങളിലെ ശ്രേഷ്ഠന്റെ മകനുമാണ് അദ്ദേഹം.'' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ അവരോട് ചോദിച്ചു: ''അബ്ദുല്ലാഹ് ഇസ്‌ലാം സ്വീകരിക്കുന്നതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?'' അപ്പോള്‍ അവര്‍ പറഞ്ഞു: ''അല്ലാഹു അദ്ദേഹത്തെ അതില്‍നിന്ന് രക്ഷിക്കട്ടെ.'' (രണ്ടോ മൂന്നോ തവണ അവരിങ്ങനെ പറഞ്ഞു). അപ്പോള്‍ അബ്ദുല്ലാഹ് അവരിലേക്ക് വന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ''അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹന്‍ ഇല്ലെന്ന് ഞാന്‍ സാക്ഷ്യംവഹിക്കുന്നു. തീര്‍ച്ചയായും മുഹമ്മദ് ﷺ അല്ലാഹുവിന്റെ റസൂല്‍ ആണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.'' അപ്പോള്‍ അവര്‍ പറഞ്ഞു: ''ഞങ്ങളിലെ ഏറ്റവും വലിയ ദുഷ്ടനും ദുഷ്ടന്റെ മകനുമാണ് (ഇവന്‍).'' അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഓ യഹൂദരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവാണ സത്യം. അവനല്ലാതെ ആരാധ്യനില്ല. തീര്‍ച്ചയായും ഇദ്ദേഹം അല്ലാഹുവിന്റെ റസൂല്‍ ആണെന്നും അദ്ദേഹം കൊണ്ടുവന്നത് സത്യമാണെന്നും നിങ്ങള്‍ക്ക് അറിയാം.'' അപ്പോള്‍ അവര്‍ പറഞ്ഞു: ''നീ കളവ് പറഞ്ഞിരിക്കുന്നു...'' ഈ സംഭവം ബുഖാരിയിലടക്കം പല ഗ്രന്ഥങ്ങളിലും നമുക്ക് കാണാവുന്നതാണ്.

മദീനയില്‍ അവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍ എന്ന് പേരുള്ള ഒരു അബ്ദുല്ലാഹ് ആയിരുന്നു. അവിശ്വാസിയായ ഇവന്‍ ഏത് സമയത്തും ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ മധ്യസ്ഥന്റെ സ്ഥാനത്ത് നില്‍ക്കുന്നവനായിരുന്നു. മധ്യസ്ഥനാകുമ്പോള്‍ ഇരുകൂട്ടരും അയാളെ ഒരു നേതാവായി കാണുമല്ലോ. ആ ഒരു സ്ഥാനം മോഹിച്ച് അതിനുള്ള കുപ്പായം തുന്നി നടക്കുകയാണ് അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍. അദ്ദേഹം അവരില്‍ നേതൃസ്ഥാനം മോഹിച്ചുനടക്കുന്ന കാലത്താണ് മുഹമ്മദ് നബി ﷺ മദീനയിലേക്ക് നേര്‍വഴിയുമായി എത്തുന്നത്. നബി ﷺ വന്നതോടെ ജനങ്ങളെല്ലാവരും നബി ﷺ യുടെ കൂടെയായി. ഇത് അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂലിന് പിടിച്ചില്ല. അവന്റെ മനസ്സില്‍ കടുത്ത അസൂയ മുളപൊട്ടി. തന്റെ അധികാരവും സ്ഥാനവും നഷ്ടമായത് ഈ മുഹമ്മദിലൂടെയാണെന്ന് മനസ്സിലാക്കിയ അബ്ദുല്ലാഹ് നബി ﷺ യുടെ നാശത്തിന് ശ്രമം തുടങ്ങി. പരസ്യമായി നബി ﷺ യെ നേരിടുക സാധ്യമല്ലെന്ന് മനസ്സിലാക്കിയ അബ്ദുല്ലാഹ് ഇസ്‌ലാമിലേക്ക് ചാരനായി പ്രവേശിക്കുകയാണ്. ഉള്ളില്‍ സത്യനിഷേധവും കാപട്യവും ഒളിപ്പിച്ചുവെക്കുകയും പുറത്തേക്ക് ഇസ്‌ലാം പ്രകടിപ്പിക്കുകയും ചെയ്ത് നബി ﷺ യുടെ കൂടെക്കൂടിയായി നടന്നു. അങ്ങനെ നബി ﷺ യുടെ കൂടെ നടന്ന് ചാരപ്പണി നടത്തി. മദീനയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ തുടങ്ങി. അവന്റെയും അവന്റെ കൂടെയുള്ളവരുടെയും ഉപദ്രവം തെല്ലൊന്നുമല്ല നബി ﷺ യെ പ്രയാസപ്പെടുത്തിയത്. നബി ﷺ നോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തുന്ന യഹൂദികളുടെയും അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂലിന്റെയും ഇടയില്‍ നിന്നുകൊണ്ടാണ് ഇസ്‌ലാമിക പ്രബോധനം നബി ﷺ നടത്തിയത്.

മദീനയിലെ വിശ്വാസികള്‍

മദീനയില്‍ വിശ്വാസികളായി നബി ﷺ യുടെ കൂടെയുണ്ടായിരുന്ന സ്വഹാബിമാര്‍ മുഹാജിറുകളും അന്‍സ്വാറുകളുമായിരുന്നുവല്ലോ. മക്കയില്‍ നിന്ന് നബി ﷺ യോടൊപ്പം മദീനയില്‍ എത്തിയവര്‍ മുഹാജിറുകളെന്നും അവര്‍ക്ക് വേണ്ട സഹായ സജ്ജീകരണങ്ങള്‍ തയ്യാര്‍ ചെയ്ത് അവരെ സ്വീകരിച്ച മദീനയിലെ വിശ്വാസികള്‍ അന്‍സ്വാറുകള്‍ എന്നുമാണല്ലോ അറിയപ്പെടുന്നത്. മദീനയില്‍ എത്തിയ മുഹാജിറുകളെ അന്‍സ്വാറുകള്‍ ഏറ്റവും നല്ല രീതിയിലായിരുന്നു സ്വീകരിച്ചിരുന്നത്. അവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം അവര്‍ നല്‍കി. എന്നിരുന്നാലും മുഹാജിറുകളില്‍ പലര്‍ക്കും താമസസ്ഥലമോ മറ്റോ ഇല്ലാതെ മദീനയില്‍ കഷ്ടപ്പെടേണ്ടി വന്നിരുന്നു. മുഹാജിറുകളെ അന്‍സ്വാരികള്‍ ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഏറ്റടുക്കാന്‍ നിര്‍വാഹമില്ലാതെ ബാക്കിയായ ചില മുഹാജിറുകളും ഉണ്ടായിരുന്നു.

മദീനയില്‍ നാള്‍ക്കുനാള്‍ വിശ്വാസികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. ഒറ്റയും തെറ്റയുമായി പിന്നെയും മദീനയിലേക്ക് വന്നവരുണ്ടായിരുന്നു. അതിനു പുറമെ മദീനയിലേക്ക് നിവേദകസംഘങ്ങളായും ദൗത്യസംഘങ്ങളായും പലരും എത്തിത്തുടങ്ങി. ഇങ്ങനെ വരുന്നവരെയും സ്വീകരിക്കണമല്ലോ. ഇങ്ങനെ വരുന്നവര്‍ക്കും താമസിക്കാന്‍ ഇടമില്ലാതെ വിഷമിക്കേണ്ടി വന്നു. അവര്‍ക്ക് വേണ്ടതായ ഭക്ഷണമോ വസ്ത്രമോ നല്‍കാന്‍ മാത്രം സൗകര്യം മദീനയില്‍ ഇല്ലായിരുന്നു.