അഹ്‌സാബ് യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29

(മുഹമ്മദ് നബി ﷺ : 49)

ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധം കഴിഞ്ഞതിന് ശേഷം നടന്ന യുദ്ധമായിരുന്നു ഖന്തക്വ് യുദ്ധം അഥവാ അഹ്‌സാബ് യുദ്ധം. ഈ യുദ്ധത്തിന് അഹ്‌സാബ് യുദ്ധം എന്നും ഖന്തക്വ് യുദ്ധം എന്നും പേരുണ്ട്.

അറബികള്‍ക്ക് മുമ്പ് പരിചയമില്ലാത്ത ഒരു യുദ്ധതന്ത്രം ശത്രുക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ ഈ യുദ്ധത്തില്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ശത്രുക്കള്‍ കടന്നുവരുന്ന ഭാഗത്ത് വളരെ വീതിയുള്ളതും ആഴം കൂടിയതുമായ കിടങ്ങ് മുസ്‌ലിംകള്‍ കുഴിക്കുകയുണ്ടായി. കിടങ്ങിന് അറബിയില്‍ പറയുന്നത് 'ഖന്തക്വ്' എന്നാണ്. അങ്ങനെയാണ് 'ഖന്തക്വ് യുദ്ധം' എന്ന് ഈ യുദ്ധത്തിന് പേര് വന്നത്. വിശുദ്ധ ക്വുര്‍ആനില്‍ 'അഹ്‌സാബ്' പേരില്‍ ഒരു അധ്യായംതന്നെയുണ്ട്. 'സഖ്യകക്ഷികള്‍' എന്നാണ് 'അഹ്‌സാബ്' എന്നതിന്റെ അര്‍ഥം. മുസ്‌ലിംകള്‍ക്ക് എതിരില്‍ യഹൂദികളും അറേബ്യന്‍ കാഫിറുകളും മുശ്‌രിക്കുകളും മറ്റു ഗോത്രങ്ങളും എല്ലാവരും ഉള്‍കൊള്ളുന്ന ഒരു വലിയ സഖ്യസേന രൂപംകൊണ്ടു. ഇങ്ങനെ ധാരാളം കക്ഷികള്‍ പങ്കെടുത്ത യുദ്ധമായതിനാലാണ് അഹ്‌സാബ് യുദ്ധം എന്നും ഇതിന് പേര് വന്നത്.

ഈ യുദ്ധം നടക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു? മദീനയില്‍നിന്നും ബനൂനദീര്‍ ഗോത്രക്കാരായ ജൂതന്മാരെ പുറത്താക്കുകയുണ്ടായല്ലോ. അതിന്റെ രോഷം അവരുടെ മനസ്സില്‍ ഒരു കുടിപ്പകയായി നിലകൊള്ളുന്നുണ്ടായിരുന്നു. അങ്ങനെ അവര്‍ മുസ്‌ലിംകള്‍ക്ക് എതിരില്‍ തക്കം കിട്ടിയാല്‍ പോരാടാന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. അന്ന് മക്കയില്‍ ഉണ്ടായിരുന്ന വ്യത്യസ്ത അറബ് ഗോത്രങ്ങള്‍ക്കെല്ലാം മുസ്‌ലിംകളോട് ശത്രുതയും എതിര്‍പ്പും ഉണ്ടായിരുന്നതിനാല്‍ യഹൂദികള്‍ അവരുടെ എക്കാലത്തെയും കുടില തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ മക്കയിലേക്ക് എത്തി. അവിടെയുള്ള ഓരോ ഗോത്രക്കാരെയും അവര്‍ കണ്ടു. അവരെ മുസ്‌ലിംകളോട് ഒരു യുദ്ധത്തിന് പ്രേരിപ്പിച്ചു. മക്കയില്‍ നിന്നും നിങ്ങള്‍ ആട്ടിപ്പുറത്താക്കിയ മുഹമ്മദും കൂട്ടരും മദീനിയില്‍ അടിക്കടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അവരെ ഒതുക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് മോശമല്ലേ? വാസ്തവത്തില്‍ ഞങ്ങള്‍ക്ക് മുഹമ്മദിനോടും കൂട്ടരോടും ഉള്ളതിനെക്കാള്‍ സ്‌നേഹം നിങ്ങളോടാണ്. മുഹമ്മദിന്റെയും അവന്റെ ആളുകളുടെയും എത്രയോ മുകളിലാണല്ലോ നിങ്ങള്‍...! ഇങ്ങനെയെല്ലാം പറഞ്ഞ് യഹൂദികളുടെ നേതൃത്വത്തില്‍ മുഴുവന്‍ അറബ് ഗോത്രങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ഒരു വലിയ സഖ്യ സൈന്യത്തെ രൂപപ്പെടുത്തി. അങ്ങനെ പതിനായിരത്തോളം വരുന്ന ഒരു വലിയ സൈന്യവുമായി അവര്‍ മദീനയിലേക്ക് പുറപ്പെടുകയായി.

മദീനയിലേക്ക് ഒരു വലിയ സൈന്യം പുറപ്പെടുന്ന വിവരം നബി ﷺ അറിഞ്ഞു. ഉടനെ അവിടുന്ന് പതിവുപോലെ എല്ലാവരുമായി കൂടിയാലോചന നടത്തി. പല രൂപത്തിലുള്ള ചര്‍ച്ചകളും അഭിപ്രായങ്ങളും വന്നു. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി(റ) ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പേര്‍ഷ്യക്കാര്‍ക്ക് മാത്രം അറിയുന്നതും അറബികള്‍ക്ക് ഇതുവരെ പരിചയമില്ലാത്തതുമായ ഒരു യുദ്ധതന്ത്രം അദ്ദേഹം നബി ﷺ യുമായി പങ്കുവെച്ചു. ശത്രുക്കള്‍ മദീനയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ അവരുടെ കുതിരകള്‍ക്ക് പോലും ചാടിക്കടക്കാന്‍ സാധിക്കാത്ത വിധം ഒരു വലിയ കിടങ്ങ് കുഴിക്കാം എന്നതായിരുന്നു ആ തന്ത്രം. അതുപോലെ സ്ത്രീകളെയും കുട്ടികളെയുമെല്ലാം ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാനും തീരുമാനിച്ചു. അത് മുസ്‌ലിം സൈന്യത്തിന് ആശ്വാസം പകരുമല്ലോ. സല്‍മാനുല്‍ ഫിരിസി(റ)യുടെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. അങ്ങനെ നബി ﷺ യുടെ നേതൃത്വത്തില്‍ കിടങ്ങ് കുഴിക്കാന്‍ തുടങ്ങി. ശത്രുക്കള്‍ മദീനയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങള്‍ ഏതെല്ലാമാണെന്ന് അവര്‍ കണക്കുകൂട്ടി. ആ ഭാഗങ്ങള്‍ നബി ﷺ പല സ്വഹാബിമാര്‍ക്കായി വിഹിതം വെച്ചു. എത്ര അളവില്‍ കുഴിക്കണമെന്നും എങ്ങനെ കുഴിക്കണമെന്നുമെല്ലാം കൂടിയാലോചിച്ച് തീരുമാനിച്ചു. നബി ﷺ യും കിടങ്ങ് കുഴിക്കുന്നതിനായി ഒരു വിഹിതം ഏറ്റെടുത്തു.

ബറാഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''നബി ﷺ തന്റെ വയറ്റില്‍ പൊടി പുരളുന്നത് വരെ ഖന്തക്വ് ദിവസം മണ്ണ് കുഴിച്ചിരുന്നു. അവിടുന്ന് പറയുന്നുണ്ട്: 'അല്ലാഹുവാണ സത്യം, അല്ലാഹുവേ, നീ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ സന്മാര്‍ഗത്തില്‍ ആകുമായിരുന്നില്ല. ഞങ്ങള്‍ ധര്‍മം ചെയ്യുന്നവരോ നമസ്‌കരിക്കുന്നവരോ ആകുമായിരുന്നില്ല. അതിനാല്‍ (അല്ലാഹുവേ,) ഞങ്ങളില്‍ നീ സമാധാനം ഇറക്കേണമേ. ഞങ്ങള്‍ (ശത്രുക്കളുമായി) കണ്ടുമുട്ടുന്ന നേരത്ത് ഞങ്ങളുടെ പാദങ്ങള്‍ നീ ഉറപ്പിക്കേണമേ. ഞങ്ങളുടെ നേരെ അതിക്രമം കാണിക്കുന്നവര്‍ (ഞങ്ങളോട്) കുഴപ്പം ആഗ്രഹിച്ചാല്‍ ഞങ്ങള്‍ (അതിനോട്) വിസമ്മതിക്കുന്നതാണ്. ഞങ്ങള്‍ വിസമ്മതിക്കുന്നതാണ്, ഞങ്ങള്‍ വിസമ്മതിക്കുന്നതാണ്, ഇത് പറയുമ്പോള്‍ നബി ﷺ ശബ്ദം ഉയര്‍ത്തുന്നുമുണ്ട്'' (ബുഖാരി).

നബി ﷺ യും സ്വഹാബിമാരുടെ കൂടെ കിടങ്ങ് കുഴിക്കുകയാണ്. അദ്ദേഹത്തിന്റെ ദേഹത്ത് മണ്ണ് പുരണ്ടതുനിമിത്തം തൊലി കാണാന്‍ കഴിഞ്ഞിരുന്നില്ല. വളരെ പ്രതികൂല കാലാവസ്ഥയിലാണ് ഇത് നടക്കുന്നത്. കഠിനമായ തണുപ്പ്, ശക്തമായ കാറ്റ്, ദാരിദ്ര്യം മുതലായവ ഉള്ളതിനാല്‍ അവര്‍ ഏറെ കഷ്ടതയിലും ക്ഷീണത്തിലുമായിരുന്നു. ഏത് സമയത്തും ശത്രുക്കള്‍ കടന്നാക്രമണം നടത്തുമെന്ന ഭീതിയും അവര്‍ക്ക് ഉണ്ട്. ആ സമയത്ത് അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ) മുമ്പ് പാടിയ ചില വരികള്‍ നബി ﷺ പാടുന്നുണ്ടായിരുന്നു. '...ഞങ്ങളുടെ നേരെ അതിക്രമം കാണിക്കുന്നവര്‍ (ഞങ്ങളോട്) കുഴപ്പം ആഗ്രഹിച്ചാല്‍ ഞങ്ങള്‍ (അതിനോട്) വിസമ്മതിക്കുന്നതാണ്...

ഇത് കേള്‍ക്കുമ്പോള്‍ സ്വഹാബിമാര്‍ക്ക് കൂടുതല്‍ വീര്യവും ആവേശവും ലഭിക്കുന്നുണ്ടായിരുന്നു. ആവേശത്തിലായ മുഹാജിറുകളും അന്‍സ്വാറുകളുമാകുന്ന സ്വഹാബിമാരും ഇങ്ങനെ പാടി:

'''ഞങ്ങള്‍ മുഹമ്മദ് നബിയോട് കരാര്‍ ചെയ്തവരാണ്; ഞങ്ങള്‍ ബാക്കിയായിരിക്കുന്ന കാലം മുഴുവന്‍ ഇസ്‌ലാമിലായി (ജീവിച്ചിരിക്കുന്നതുമാണ്).''

ഇത് കേള്‍ക്കുന്ന സമയത്ത് അവര്‍ക്ക് മറുപടിയായി നബി ﷺ യും തിരിച്ച് ഇപ്രകാരം പാടി:

''അല്ലാഹുവേ, പരലോകത്തെ നന്മയല്ലാത്ത ഒരു നന്മയും ഇല്ല. അതിനാല്‍ അന്‍സ്വാറുകളിലും മുഹാജിറുകളിലും നീ അനുഗ്രഹം ചൊരിയേണമേ...'' (ബുഖാരി).

അല്ലാഹുവിന്റെ ദീനിന് വേണ്ടി പണിയെടുക്കാന്‍ ആവേശം ലഭിക്കുന്ന വിധത്തില്‍ നബി ﷺ യും അനുചരന്മാരും ഈരടികള്‍ ചൊല്ലുകയാണ്. തണുപ്പേറിയ കാലാവസ്ഥയും വിശപ്പുമെല്ലാം അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അല്ലാഹുവിന്റെ റസൂലി ﷺ ലൂടെ അല്ലാഹു മുഅ്ജിസത്ത് (ദൈവിക ദൃഷ്ടാന്തം) പ്രകടമാക്കുന്നത്. ജാബിര്‍(റ) അതിനെ സംബന്ധിച്ച് വിവരിക്കുന്നത് കാണുക:

''ഞങ്ങള്‍ ഖന്തക്വ് ദിവസം കുഴിയെടുക്കുകയാണ്. അങ്ങനെയിരിക്കെ ഒരു പാറക്കല്ല് പ്രത്യക്ഷപ്പെടുകയുണ്ടായി. അന്നേരം അവര്‍ (സ്വഹാബിമാര്‍) നബി ﷺ യുടെ അടുത്ത് ചെന്നു. എന്നിട്ട് അവര്‍ പറഞ്ഞു: 'കിടങ്ങില്‍ ഒരു പാറക്കല്ല് പ്രകടമായിരിക്കുന്നു.' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ഞാന്‍ ഇറങ്ങാം.' പിന്നീട് നബി ﷺ എഴുന്നേറ്റു. അദ്ദേഹത്തിന്റെ വയറ്റില്‍ കല്ലു(വെച്ച്)കൊണ്ട് കെട്ടിയിട്ടുണ്ടായിരുന്നു. മൂന്ന് ദിവസങ്ങളായി ഞങ്ങള്‍ ഒന്നും രുചിക്കാതെ കഴിച്ചുകൂട്ടുകയാണ്. എന്നിട്ട് നബി ﷺ തന്റെ പിക്കാസ് എടുത്തു. എന്നിട്ട് (ആ പാറ അടിച്ചു) പൊട്ടിച്ചു. അങ്ങനെ അത് ഉതിര്‍ന്ന് ഒലിക്കുന്ന മണല്‍കൂനപോലെ ആയിമാറി. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എനിക്ക് വീട്ടിലേക്ക് (പോകാന്‍) അനുവാദം നല്‍കിയാലും.' അങ്ങനെ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു: 'ഞാന്‍ നബി ﷺ യില്‍ (ഒരു) കാര്യം കണ്ടിരിക്കുന്നു. അതില്‍ അവിടുത്തേക്ക് എന്ത് ക്ഷമയാണ്. നിന്റെ അടുത്ത് വല്ലതും ഉണ്ടോ?' അവര്‍ പറഞ്ഞു: '(കുറച്ച്) ധാന്യവും ഒരു ചെറിയ ആടും ഉണ്ട്.' അവള്‍ ധാന്യം പൊടിക്കുകയും (എന്നിട്ട്) ഞങ്ങള്‍ ഇറച്ചി കലത്തില്‍ ആക്കുകയും ചെയ്തു. പിന്നീട് ഞാന്‍ നബി ﷺ യെ സമീപിച്ചു. മാവ് പുളിക്കുന്നുണ്ടായിരുന്നു. (ഇറച്ചി ആക്കിയ) കലം അടുപ്പിന്‍ കല്ലിന്റെ ഇടയിലാണ്, അത് വേവാറുമായിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, നിങ്ങളും ഒന്നോ രണ്ടോ പേരും എഴുന്നേല്‍ക്കൂ.' (റിപ്പോര്‍ട്ടര്‍ അദ്ദേഹത്തോട്) ചോദിച്ചു: 'അത് എത്ര ആളുണ്ട്?' അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'കുറേ ആളുകളുണ്ട്.' നബി ﷺ പറഞ്ഞു: 'നീ അവളോട് പറയുക; ഞാന്‍ എത്തുന്നതുവരെ റൊട്ടിയോ കലമോ അടുപ്പില്‍നിന്നും ഇറക്കരുത്.' എന്നിട്ട് നബി ﷺ പറഞ്ഞു: '(എല്ലാവരും) എഴുന്നേല്‍ക്കൂ.' അങ്ങനെ മുഹാജിറുകളും അന്‍സ്വാറുകളും എഴുന്നേറ്റു. അങ്ങനെ അദ്ദേഹം ഭാര്യയുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: 'എന്താണിത്? നബി ﷺ മുഹാജിറുകളെയും അന്‍സ്വാറുകളെയും ഒപ്പമുള്ളവരെയും കൊണ്ടുവന്നിട്ടുണ്ടല്ലോ.' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'തിരക്ക് കൂട്ടാതെ എല്ലാവരും പ്രവേശിക്കുവിന്‍.' എന്നിട്ട് അവിടുന്ന് റൊട്ടി മുറിച്ചു. അതില്‍ ഇറച്ചിയാക്കി. അടുപ്പില്‍നിന്ന് കലം എടുത്താല്‍ അത് മൂടാന്‍ (കല്‍പിച്ചു). എന്നിട്ട് അത് തന്റെ സ്വഹാബിമാരിലേക്ക് അടുപ്പിച്ചു. വിളമ്പല്‍ തുടങ്ങി. അപ്പോഴും റൊട്ടി മുറിച്ചുകൊണ്ടേയിരിക്കുകയാണ്. അവരുടെ വയറ് നിറയുന്നതുവരെ അവര്‍ വിളമ്പിക്കൊണ്ടിരിക്കുന്നുമുണ്ട്. അങ്ങനെ അത് ബാക്കിയായി. അവിടുന്ന് (അവളോട്) പറഞ്ഞു: 'കഴിച്ചേക്കുക. തീര്‍ച്ചയായും ആളുകള്‍ വിശപ്പ് ബാധിച്ചവരാകുന്നു'' (ബുഖാരി).

സ്വഹാബിമാര്‍ കിടങ്ങ് കുഴിക്കുന്ന നേരത്ത് വലിയ ഒരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. അത് പൊട്ടിക്കാന്‍ അവരെക്കൊണ്ട് സാധിക്കുന്നില്ല. അവര്‍ നബി ﷺ യെ സമീപിച്ചു. കാര്യം അവതരിപ്പിച്ചു. നബി ﷺ അവിടെ വിശ്രമിച്ചിരിക്കുകയായിരുന്നു ആ നേരം. ഉടനെ അവിടുന്ന് എഴുന്നേറ്റു. എഴുന്നേല്‍ക്കുന്ന സമയത്ത് സ്വഹാബിമാര്‍ ഒരു വല്ലാത്ത കാഴ്ച കാണുകയുണ്ടായി. വിശപ്പ് അസഹ്യമായതിനെ തുടര്‍ന്ന് നബി ﷺ തന്റെ വയറ്റത്ത് കല്ല് വെച്ച് കെട്ടിയിരിക്കുകയാണ്. നബി ﷺ യും സ്വഹാബിമാരും വിശപ്പിന്റെ കാഠിന്യത്താല്‍ നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാതെയായിരുന്നു ആ ജോലി ചെയ്തിരുന്നത്. മൂന്ന് ദിവസമായി അവര്‍ വല്ലതും കഴിച്ചിട്ട്. അത്ര വലിയ പട്ടിണിയുടെ കാലം. അങ്ങനെ ക്ഷീണത്താല്‍ ഇരിക്കുകയായിരുന്ന നബി ﷺ ആ പാറക്കല്ല് പൊട്ടിക്കാനായി തന്റെ പിക്കാസ് എടുത്ത് കിടങ്ങിലേക്ക് ഇറങ്ങി. എന്നിട്ട് തന്റെ പിക്കാസ് കൊണ്ട് അതില്‍ അടിച്ചു. അത് പൊട്ടി. അപ്പോള്‍ അത് ഉതിര്‍ന്നൊലിക്കുന്ന മണല്‍കൂന പോലെ ആയിത്തീര്‍ന്നു. അത് അല്ലാഹു പ്രവാചകനിലൂടെ വെളിവാക്കിയ ഒരു മുഅ്ജിസതായിരുന്നു. എല്ലാവരും ആഞ്ഞുകൊത്തിയിട്ടും പൊട്ടാത്ത ആ പാറക്കല്ല് നബി ﷺ തന്റെ പിക്കാസ് കൊണ്ട് കൊത്തിയപ്പോള്‍ പൊട്ടി. വളരെ കുറച്ച് പേര്‍ക്ക് മാത്രം കഴിക്കാനുള്ള മാവും ഇറച്ചിയും മാത്രമാണ് ജാബിറി(റ)ന്റെ വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മുസ്‌ലിം സൈന്യത്തിലെ മുഴുവന്‍ പേരും കഴിച്ച് വിശപ്പുമാറ്റിയിട്ടും പാത്രത്തിലുണ്ടായിരുന്ന ഭക്ഷണം അതേപോലെ ബാക്കിയാവുകയും ചെയ്തു. ഇതും അല്ലാഹു തന്റെ ദൂതരിലൂടെ പ്രകടമാക്കിയ ദൃഷ്ടാന്തമായിരുന്നു.

അല്ലാഹുവിന്റെ ദീനിന് വേണ്ടി എന്തുമാത്രം ത്യാഗമാണ് നബി ﷺ യും സ്വഹാബിമാരും സഹിച്ചത്! അവര്‍ സ്വര്‍ഗം ആഗ്രഹിച്ച് അധ്വാനിച്ചു. നാം നമ്മുടെ കാര്യം ചിന്തിച്ചു നോക്കുക. വിശപ്പും ദാഹവും സഹിച്ച് അല്ലാഹുവിന്റെ ദീനിന് വേണ്ടി നാം എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പ്രയാസമുള്ളിടത്തേക്ക് പോകാന്‍ നാം തയ്യാറാകുമോ? അത്തരം സന്ദര്‍ഭങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയല്ലേ നമ്മുടെ പ്രകൃതം?

ശത്രുക്കള്‍ വ്യത്യസ്ത കക്ഷികളാണല്ലോ. അവര്‍ക്കെല്ലാം വ്യത്യസ്ത ആദര്‍ശങ്ങള്‍. പക്ഷേ, എല്ലാവരുടെയും ലക്ഷ്യം നബി ﷺ യെയും സ്വഹാബിമാരെയും നശിപ്പിക്കലാണ്. അതിനാല്‍തന്നെ മദീനയില്‍ ഉണ്ടായിരുന്ന ബനൂക്വുറയ്ദ്വ ഗോത്രവും ഈ സമയത്ത് നബി ﷺ നോട് കരാര്‍ ലംഘിച്ചു. ആ ഗോത്രക്കാര്‍ മദീനയിലെ ഔസ് ഗോത്രക്കാരുമായി കരാറിലായിരുന്നു. ഈ കരാറുകള്‍ എല്ലാം ലംഘിച്ച് പ്രവാചകനോട് കടുത്ത വഞ്ചന കാണിച്ചു യഹൂദികള്‍. അവരും ശത്രുക്കളുടെ സഖ്യ കക്ഷിയില്‍ അംഗങ്ങളായി.

സത്യത്തിനെതിരില്‍ എന്നും എല്ലാവരും ഒറ്റക്കെട്ടാണല്ലോ. ഖന്തക്വ് യുദ്ധസമയത്ത് സത്യനിഷേധികളും മുശ്‌രിക്കുകളും മുനാഫിക്വുകളും യഹൂദികളും ചേര്‍ന്ന ഒരു മഹാസഖ്യമാണ് രൂപപ്പെട്ടിരിക്കുന്നത്. മുസ്‌ലിംകള്‍ വല്ലാത്ത അവസ്ഥയിലായി. മുസ്‌ലിംകളുടെ മനസ്സില്‍ തെല്ലൊന്നുമല്ല ഇത് അമ്പരപ്പുണ്ടാക്കിയത്. ക്വുര്‍ആന്‍ അത് വിവരിക്കുന്നുണ്ട്:

''നിങ്ങളുടെ മുകള്‍ ഭാഗത്തുകൂടിയും നിങ്ങളുടെ താഴ്ഭാഗത്തുകൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു'' (ക്വുര്‍ആന്‍ 33:10,11).

മദീനയുടെ കിഴക്ക് ഭാഗത്തുള്ള കുന്നിന്‍പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ് പ്രദേശത്തുള്ള താഴ്‌വരയുള്ള ഭാഗങ്ങളിലൂടെയും ശത്രുക്കള്‍ മുസ്‌ലിംകള്‍െക്കതിരില്‍ ഇരച്ചുകയറാന്‍ തയ്യാറെടുത്തു. അങ്ങനെ എല്ലാ ഭാഗത്തുനിന്നും അവര്‍ മദീനയെ വലയം ചെയ്തു. അതോടെ മുസ്‌ലിംകള്‍ പേടിച്ച് അന്താളിച്ചവരായി. ആ ഭയത്തിന്റെ ശക്തിയാണ് അല്ലാഹു ഈ വചനങ്ങളിലൂടെ ഉണര്‍ത്തുന്നത്. അല്ലാഹുവിന് വിശ്വാസികളെ പെട്ടെന്ന് സഹായിച്ചാല്‍ മതിയല്ലോ; എന്തിന് ഇങ്ങനെ സഹായം വൈകിപ്പിക്കുന്നു? ഈമാനുള്ളവരെയും ഈമാനില്ലാത്തവരെയും വേര്‍തിരിക്കുന്നതിനായി അല്ലാഹു നടത്തുന്ന ചില പരീക്ഷണങ്ങളാണ് ഇത്. അങ്ങനെ ഈമാനുള്ളവര്‍ ഉറച്ചു നില്‍ക്കും. അല്ലാത്തവര്‍ മാറി നില്‍ക്കും. അങ്ങനെ കടുത്ത പരീക്ഷണത്തിന് അവര്‍ വിധേയരായി.

പരീക്ഷണം വന്നപ്പോള്‍ ഈമാനില്ലാത്തവര്‍ ആരെന്ന് വെളിപ്പെടും വിധമായി പിന്നീട് കാര്യങ്ങള്‍. കപടവിശ്വാസികള്‍ അല്ലാഹുവിനെയും റസൂലിനെയും പഴിക്കാന്‍ തുടങ്ങി. അവര്‍ വിശ്വാസികളെ പേടിപ്പെടുത്തുന്ന രൂപത്തില്‍ പലതും പറഞ്ഞുകൊണ്ടിരിക്കുന്നു.

''നമ്മോട് അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്പറഞ്ഞുകൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം'' (33:12,13).

മുനാഫിക്വുകളും ഹൃദയത്തില്‍ രോഗമുള്ളവരും അല്ലാഹുവിനെയും റസൂലിനെയും ചീത്ത പറയുവാന്‍ തുടങ്ങി: മുഹമ്മദ് എന്തെല്ലാം മോഹിപ്പിച്ചാണ് നമ്മെ ഇങ്ങോട്ട് കൊണ്ടുവന്നത്! കിസ്‌റയും കൈസറും നമുക്ക് കീഴ്‌പെടും, റോമാ സാമൃാജ്യം തകരും, നിങ്ങള്‍ക്ക് എവിടെയും സ്വാതന്ത്ര്യം ഉണ്ടാകും, അല്ലാഹു നിങ്ങള്‍ക്ക് വിജയം നല്‍കും, ഈമാനുണ്ടെങ്കില്‍ അല്ലാഹുവിന്റെ സഹായം ലഭിക്കും, നിങ്ങളെ പരാജയപ്പെടുത്താന്‍ ആരുമില്ല എന്നെല്ലാം പറഞ്ഞിരുന്നല്ലോ. എന്നാല്‍ നമുക്ക് പട്ടണിയും തണുപ്പും കാറ്റും എല്ലാമാണല്ലോ ഉള്ളത്. മുഹമ്മദ് നമ്മളോട് പറഞ്ഞതെല്ലാം വെറും വഞ്ചന മാത്രമാണ്. വ്യാമോഹങ്ങളാണ്. അതിനാല്‍ നമുക്ക് ഇവിടെനിന്നും രക്ഷപ്പെടാം... എന്നെല്ലാം അവര്‍ പറയാന്‍ തുടങ്ങി.

മൂവായിരത്തോളം പേര്‍ മാത്രമാണ് മുസ്‌ലിം സൈന്യത്തിലുള്ളത്. അതില്‍ തന്നെ ഇങ്ങനെയുള്ള ഒരു സംഘവും. എന്നാല്‍ മറു ഭാഗത്ത് പതിനായിരങ്ങളാണ്. അവര്‍ക്കെല്ലാവര്‍ക്കും ഒരേ ലക്ഷ്യവും. എന്നാല്‍ ഈമാന്‍ ഉറച്ചവര്‍ അതിലൊന്നും പതറിയില്ല. അവര്‍ അല്ലാഹുവും റസൂലും നല്‍കിയ വാഗ്ദാനം സത്യം തന്നെയാണെന്ന് ഉറച്ച് വിശ്വസിച്ചു. ഈ പരീക്ഷണങ്ങളെല്ലാം അല്ലാഹുവില്‍നിന്നാണെന്ന് മനസ്സിലാക്കി അല്ലാഹുവിനെയും റസൂലിനെയും കൂടുതല്‍ അനുസരിക്കുവാന്‍ മാത്രമാണ് വിശ്വാസികള്‍ക്ക് ഇത് പ്രേരകമായത്. അങ്ങനെ അവരുടെ ഈമാന്‍ വര്‍ധിക്കുകയും ചെയ്തു. മുനാഫിക്വുകള്‍ പറഞ്ഞ വാക്കിന് എതിരായാണ് അവര്‍ പറഞ്ഞത്. അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനക്ക് കീഴ്‌പെടാന്‍ അവര്‍ തയ്യാറാകുകയാണ് ചെയ്തത്. മുനാഫിക്വുകളെ പോലെ പിന്തിരിയുവാനോ ഒളിച്ചോടുവാനോ അവര്‍ തുനിഞ്ഞില്ല.

''സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ'' (33:22).

കപടന്മാരുടെ നേതാവിന് മദീന എന്ന് പോലും പറയാന്‍ മനസ്സ് വരുന്നില്ല. അത്രയും രോഷവും പകയുമാണ് റസൂലിനോട് അവന് ഉണ്ടായിരുന്നത്. മദീനയുടെ പഴയ പേരായ യഥ്‌രിബ് ആണ് അവന്‍ ഉപയോഗിച്ചത്. ഇവിടെ നിന്നാല്‍ എല്ലാവരും നശിക്കും. നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും നശിക്കും. അതിനാല്‍ വേഗം ഇവിടെനിന്നും സ്ഥലം വിടലാണ് നല്ലതെന്ന് അവന്‍ മദീനക്കാരോട് വിളംബരം ചെയ്തു.

ഹൃദയത്തില്‍ കാപട്യമുള്ളവര്‍ പതുക്കെ നബി ﷺ യെ സമീപിച്ച് യുദ്ധ രംഗത്തുനിന്ന് രക്ഷപ്പെടാനായി പല കാരണങ്ങള്‍ പറഞ്ഞ് അനുവാദം ചോദിക്കുന്നു. യഥാര്‍ഥത്തില്‍ യുദ്ധ ഭൂമിയില്‍നിന്ന് ഒളിച്ചോടാനുള്ള തന്ത്രമായിരുന്നു ഇത്.

''അതിന്റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നുചെല്ലുകയും എന്നിട്ട് (മുസ്‌ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തുകൊടുക്കുന്നതാണ്. അവരതിന് താമസം വരുത്തുകയുമില്ല; കുറച്ച് മാത്രമല്ലാതെ'' (33:14).

 ശത്രുക്കള്‍ക്ക് മുസ്‌ലിംകളെ കുറിച്ചുള്ള വിവരങ്ങള്‍ ഒറ്റിക്കൊടുക്കാനും ഇക്കൂട്ടര്‍ തയ്യാറായേക്കും. ജയിച്ചാല്‍ ഞങ്ങളെക്കൊണ്ടാണ് വിജയം ലഭിച്ചതെന്നും പരാജയപ്പെട്ടാല്‍ നബി ﷺ യെ കുറ്റപ്പെടുത്തുകയും ചെയ്യുന്നവരായിരുന്നു ഈ കപടന്മാര്‍.

''തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്'' (33:15).

മുമ്പ് ഉഹ്ദില്‍നിന്ന് മദീനയില്‍ എത്തിയതിന് ശേഷം നബി ﷺ യോട് ഇക്കൂട്ടര്‍ ചില കാര്യങ്ങള്‍ സത്യം ചെയ്ത് പറഞ്ഞിരുന്നു; ഞങ്ങള്‍ക്ക് ഒരു അബദ്ധം സംഭവിച്ചതാണെന്നും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇനി ഒരു സമരത്തിന് അവസരം ലഭിച്ചാല്‍ ഞങ്ങള്‍ അതില്‍നിന്ന് പിന്മാറുകയില്ല എന്നുമായിരുന്നു അത്.

പലരും പാത്തും പതുങ്ങിയും യുദ്ധ രംഗത്തുനിന്ന് പോയിത്തുടങ്ങി. ഇത് പ്രവാചകന്ന് പ്രയാസമുണ്ടാക്കുമല്ലോ. എന്നാല്‍ അല്ലാഹു നബി ﷺ യോട് പറയുന്നു:

''(നബിയേ,) പറയുക: മരണത്തില്‍നിന്നോ കൊലയില്‍നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അല്‍പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല. പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അല്ലാഹുവില്‍നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല'' (33:16,17).