ത്വാഇഫ് യാത്രയും ആകാശാരോഹണവും

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജൂലൈ 03 1442 ദുല്‍ക്വഅ്ദ 23

(മുഹമ്മദ് നബി ﷺ 27)

നബി ﷺ പ്രതീക്ഷിച്ചതായിരുന്നില്ല ത്വാഇഫില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്നത്. ഏറെ വേദനിപ്പിക്കുന്ന, വിഷമിപ്പിക്കുന്ന ചെയ്തികള്‍ക്കാണ് അവിടുന്ന് ഇരയായത്. സക്വീഫ് ഗോത്രത്തിലെ പ്രധാനികള്‍ക്ക് അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ നബി ﷺ യോട് വളരെ മോശമായിട്ടായിരുന്നു പ്രതികരിച്ചത്. മാത്രവുമല്ല, അവിടെയുണ്ടായിരുന്ന കുട്ടികളെക്കൊണ്ട് നബി ﷺ യെ കൂവി വിളിച്ചും പരിഹസിച്ചും കല്ലെറിഞ്ഞും ആ നാട്ടില്‍നിന്നും ആട്ടിയോടിക്കുകയാണ് അവര്‍ ചെയ്തത്. അന്ന് നബി ﷺ സഹിച്ച ത്യാഗത്തിന്റെ കഥ അവിടുന്ന് തന്നെ പറഞ്ഞുതരുന്നുണ്ട്:

ഉര്‍വ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ യുടെ പത്‌നി ആഇശ(റ) അദ്ദേഹത്തോട് (ഉര്‍വ(റ)യോട്) പറഞ്ഞു: ''ഉഹ്ദ് ദിനത്തെക്കാള്‍ കഠിനമായ ഒരു ദിവസം അങ്ങേക്ക് വന്നിട്ടുണ്ടോ എന്ന് നബി ﷺ യോട് അവര്‍ ചോദിച്ചു: നബി ﷺ പറഞ്ഞു: 'തീര്‍ച്ചയായും, നിന്റെ ജനതയില്‍നിന്ന് (മക്കക്കാരില്‍നിന്ന്) എനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്. ഞാന്‍ എന്റെ ശരീരം ഇബ്‌നു അബ്ദിയാലീല്‍ ഇബ്‌നും അബ്ദുകുലാലിന് പ്രദര്‍ശിപ്പിച്ച സന്ദര്‍ഭം; ഞാന്‍ ഉദ്ദേശിച്ചതിലേക്ക് എനിക്ക് അയാള്‍ മറുപടി നല്‍കിയില്ല.അങ്ങനെ ഞാന്‍ വിഷമിതനായി പോന്നു. ഞാന്‍ ക്വര്‍നുസ്സആലിബില്‍ (എത്തിയപ്പോള്‍) അല്ലാതെ എനിക്ക് ബോധംവന്നിരുന്നില്ല. അങ്ങനെ ഞാന്‍ എന്റെ തലയുയര്‍ത്തി. അപ്പോഴതാ, ഞാന്‍ ഒരു മേഘത്തിന്റെ തണലില്‍! അങ്ങനെ ഞാന്‍ നോക്കിയപ്പോള്‍ അതില്‍ ജിബ്‌രീല്‍ (ഉണ്ടായിരുന്നു). അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു: തീര്‍ച്ചയായും അങ്ങയോടുള്ള അങ്ങയുടെ ജനതയുടെ വാക്കുകളും അവര്‍ അങ്ങേക്ക് മറുപടി തരാത്തതും അല്ലാഹു കേട്ടിരിക്കുന്നു. (അതിനാല്‍) അങ്ങയിലേക്ക് പര്‍വതത്തിന്റെ മലക്കിനെ അല്ലാഹു അയച്ചിരിക്കുന്നു. അദ്ദേഹത്തോട് അവരില്‍ അങ്ങ് ഉദ്ദേശിക്കുന്നത് (സംഭവിക്കാനായി) കല്‍പിക്കുന്നതിനായി (മലക്കിനെ അയച്ചിരിക്കുന്നു).' അങ്ങനെ മലക്കുല്‍ ജിബാല്‍ എന്നെ വിളിക്കുകയും എന്നിട്ട് എന്റെമേല്‍ സലാം പറയുകയും ചെയ്തു. പിന്നീട് (മലക്ക്) പറഞ്ഞു: 'ഓ, മുഹമ്മദ്!' എന്നിട്ട് പറഞ്ഞു: 'നിങ്ങള്‍ ഉദ്ദേശിക്കുന്നതില്‍ അത് (സംഭവിക്കുന്നതാണ്). നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ രണ്ട് ഭാഗങ്ങളായി കിടക്കുന്ന (മലകള്‍) അവരുടെമേല്‍ ഞാന്‍ മറിച്ചിടുന്നതാണ്.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'വേണ്ട, അവരുടെ മുതുകുകളില്‍നിന്ന് അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്തവരെ അല്ലാഹു പുറത്തെടുക്കുന്നതിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'' (ബുഖാരി).

ഹിജ്‌റയും അതിനുശേഷം നടന്ന യുദ്ധങ്ങളും എല്ലാം കഴിഞ്ഞാണ് ആഇശ(റ) നബി ﷺ യോട് ഈ കാര്യം ചോദിക്കുന്നത് എന്ന കാര്യം ഇവിടെ മനസ്സിലാക്കണം. നാടും വീടും കുടുംബവും സമ്പാദ്യവും എല്ലാം വിട്ടേച്ചുള്ള യാത്രയായിരുന്നുവല്ലോ മദീനയിലേക്കുള്ള ഹിജ്‌റ. അതിനുശേഷം ബദ്ര്‍ യുദ്ധവുംഉഹദ് യുദ്ധവും നടന്നു. അവിടെയെല്ലാം അങ്ങേയറ്റത്തെ വിഷമതകളാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. ശത്രുക്കള്‍ ചതിക്കുഴിയില്‍ വീഴ്ത്തി. അവിടുത്തെ മുന്‍പല്ല് പൊട്ടി. രക്തം ഒഴുകി. ജീവന്‍ തന്നെയും അപകടത്തിലാകുന്ന സ്ഥിതിയുണ്ടായി. ഈമാന്‍ ഹൃദയത്തിലേക്ക് ഇറങ്ങിയിട്ടില്ലാത്ത കപടവിശ്വാസികളെക്കൊണ്ടും അന്ന് നബി ﷺ പരീക്ഷിക്കപ്പെടുകയുണ്ടായി. ത്യാഗസന്നദ്ധത കാണിക്കേണ്ടനേരത്ത് പോലും ഭൗതിക ജീവിതത്തിലേക്കു തിരിഞ്ഞ് പിന്മാറിക്കളഞ്ഞവരാണ് കപടവിശ്വാസികള്‍. മാനസികമായും ശാരീരികമായും നബി ﷺ ഉഹ്ദ് യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ വേദനിച്ചിട്ടുണ്ട്. അതിനെക്കാളും കഠിനമായ ഒരു ദിവസം നബിയേ, അങ്ങേക്ക് വന്നിട്ടുണ്ടോ എന്നായിരുന്നു ആഇശ(റ)യുടെ ചോദ്യം.

സക്വീഫ് ഗോത്രത്തില്‍ ചെന്ന് പ്രബോധനം നടത്തിയ ആ അവസ്ഥയാണ് നബി ﷺ ഇവിടെ സ്മരിക്കുന്നത്. അവിടെ ചെന്ന് അവിടെയുള്ള പല നേതാക്കളെയും കണ്ടു. അവരോടെല്ലാം ഈ കാര്യം പറഞ്ഞു. അവരാരും അതിന് മറുപടി നല്‍കിയില്ല. അവരില്‍നിന്നും നേരിട്ട പ്രയാസം സഹിക്കവയ്യാതെ മടങ്ങുമ്പോള്‍ ക്വര്‍നുസ്സആലിബ് എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് നബി ﷺ ക്ക് കുറച്ചെങ്കിലും ഒരു ആശ്വാസം ലഭിക്കുന്നത്. മക്കക്കാരുടെ എതിര്‍പ്പ് അസഹ്യമായതിനെ തുടര്‍ന്നായിരുന്നുവല്ലോ നബി ﷺ ത്വാഇഫിലേക്ക് തിരിച്ചത്. അവിടെയുള്ളവരും വ്യത്യസ്തത പുലര്‍ത്തിയില്ല. ഇത് നബി ﷺ യില്‍ എത്രമാത്രം പ്രയാസം ഉളവാക്കിയിരിക്കും!

ത്വാഇഫില്‍നിന്നും നബി ﷺ ക്ഷീണിതനായി ഓടി രക്ഷപ്പെട്ടു. ആരും കൂട്ടിനില്ലാതെ തനിച്ച് ഒരിടത്ത് നബി ﷺ വിശ്രമിച്ചിരിക്കുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് തലയുയര്‍ത്തി നോക്കിയപ്പോള്‍ മുകളില്‍ ഒരു മേഘം തണലിട്ട് നല്‍കിയതായി അവിടുന്ന് കാണുകയുണ്ടായി. അതില്‍ നബി ﷺ ജിബ്‌രീലിനെയും കണ്ടു. ജിബ്‌രീല്‍(അ) നബി ﷺ യെ ആശ്വസിപ്പിച്ചു: 'നബിയേ, നിങ്ങള്‍ ത്വാഇഫുകാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചതും അവര്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മറുപടി നല്‍കിയത് എന്നും അല്ലാഹു നന്നായി കേട്ടിട്ടുണ്ട്.'

പര്‍വതങ്ങളുടെ കാര്യം ഏല്‍പിക്കപ്പെട്ടിട്ടുള്ള മലക്കാണ് 'മലക്കുല്‍ ജിബാല്‍.' ഈ മലക്കിനെ അല്ലാഹു നബി ﷺ യുടെ അടുത്തേക്ക് അയക്കുന്നു. നബി ﷺ ത്വാഇഫുകാരില്‍ എന്ത് ശിക്ഷ നടപ്പിലാക്കാന്‍ കല്‍പിച്ചാലും അല്ലാഹു മലക്കുല്‍ ജിബാലിന് അത് നടപ്പില്‍ വരുത്തുന്നതിനുള്ള കല്‍പന നല്‍കിയിരുന്നു. മലക്കുല്‍ ജിബാലിനെക്കുറിച്ചുള്ള കാര്യം ജിബ്‌രീല്‍(അ) നബി ﷺ യോട് പറഞ്ഞുകഴിഞ്ഞപ്പോഴേക്കും മലക്കുല്‍ ജിബാല്‍ നബി ﷺ യെ വിളിച്ചു. നബി ﷺ യോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. 'നിങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവരെ ഈ മലകള്‍ക്കിടയില്‍ നശിപ്പിക്കുവാന്‍ അല്ലാഹു എനിക്ക് അനുവാദം നല്‍കിയിട്ടുണ്ട്.' കാരുണ്യത്തിന്റെ തിരുദൂതര്‍ ﷺ അവരെ നശിപ്പിക്കുവാന്‍ കല്‍പിച്ചില്ല. 'അവരില്‍നിന്ന് അല്ലാഹു അവനെ മാത്രം ആരാധിക്കുന്നവരെ കൊണ്ടുവരുന്നതിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു നബി ﷺ യുടെ മറുപടി.

നബി ﷺ ക്ക് അന്ന് നേരിടേണ്ടിവന്ന പ്രയാസത്തിന്റെ ശക്തിയാണ് ഈ സംഭവം നമ്മെ അറിയിക്കുന്നത്. തന്നെ കൂവിവിളിച്ച, പരിഹസിച്ച, കല്ലെറിഞ്ഞാട്ടിയ ജനതയെ നശിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടും മാപ്പ് നല്‍കിയ മഹാനാണ് മുഹമ്മദ് നബി ﷺ .

ഇസ്‌റാഅ്, മിഅ്‌റാജ്

ത്വാഇഫില്‍നിന്നും വിഷമത്തോടെ മടങ്ങിയ നബി ﷺ ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു അത്ഭുത യാത്രയായിരുന്നു ഇസ്‌റാഅ്-മിഅ്‌റാജ്. നാട്ടുകാരും കുടുംബക്കാരും നബി ﷺ ക്കെതിരില്‍ തിരിഞ്ഞപ്പോള്‍ അല്ലാഹു നബി ﷺ ക്ക് അത്യുന്നത പദവിയും സ്ഥാനവും നല്‍കുകയായിരുന്നു ഈ സംഭവത്തിലൂടെ. അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള മഹനീയമായ ആ യാത്ര ചരിത്രപ്രസിദ്ധമാകുകയും ചെയ്തു.

നബി ﷺ യുടെ ജീവിതത്തിലുണ്ടായ അത്ഭുത സംഭവമാണ് ഇസ്‌റാഅ്-മിഅ്‌റാജ്. അത് അല്ലാഹു നബി ﷺ യിലൂടെ പ്രകടമാക്കിയ വലിയ ഒരു മുഅ്ജിസത്തായിരുന്നു. ഈ യാത്രയെ സംബന്ധിച്ച് ക്വുര്‍ആനിലും ഹദീഥിലും നമുക്ക് കാണാവുന്നതാണ്. സൂറതുല്‍ ഇസ്‌റാഅ് എന്ന പേരില്‍ ഒരു അധ്യായം തന്നെ നമുക്ക് കാണാവുന്നതാണ്. ആ അധ്യായത്തിന്റെ ആരംഭത്തില്‍ ഇപ്രകാരം കാണാം:

''തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അക്വ്‌സായിലേക്ക്- അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോപരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ'' (ക്വുര്‍ആന്‍ 17:1).

ധാരാളം അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ഉള്‍കൊള്ളുന്ന അത്ഭുതകരമായ 'ഇസ്‌റാഅ്' യാത്ര മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്നും ഫലസ്തീനിലെ മസ്ജിദുല്‍ അക്വ്‌സ്വായിലേക്കുള്ള യാത്രയാണ്. അവിടെ നിന്നും ആകാശലോകത്തേക്കുള്ള രാപ്രയാണത്തിനാണ് 'മിഅ്‌റാജ്' എന്നു പറയുന്നത്. ഈ യാത്ര ഒരു മനുഷ്യന് സാധ്യമല്ലാത്ത ഒന്നാണ്. അത്ഭുതകരമായ ഈ യാത്രക്ക് മുമ്പ് നബി ﷺ യെ ശാരീരികമായും മാനസികമായും അല്ലാഹു ഒരുക്കിയിരുന്നു. നബി ﷺ പറയുന്നത് കാണുക:

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അബൂദര്‍റ് പറയുമായിരുന്നു: 'തീര്‍ച്ചയായും അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ഞാന്‍ മക്കയിലായിരിക്കെ എന്റെ വീടിന്റെ മേല്‍ക്കുരയില്‍ വിടവുണ്ടാക്കപ്പെടുകയുണ്ടായി. അങ്ങനെ ജിബ്‌രീല്‍ ﷺ ഇറങ്ങിവന്നു. എന്നിട്ട് എന്റെ നെഞ്ച് വിടര്‍ത്തി. പിന്നീട് സംസം വെള്ളംകൊണ്ട് അതിനെ (ഹൃദയത്തെ) കഴുകി. പിന്നീട് ഹിക്മത്തും ഈമാനും നിറക്കപ്പെട്ട സ്വര്‍ണത്താലുള്ള ഒരു തളിക കൊണ്ടുവന്നു. എന്നിട്ട് അത് എന്റെ നെഞ്ചിനകത്തേക്ക് ഒഴിച്ചു. പിന്നീട് അതിനെ (പൂര്‍വസ്ഥിതിയിലേക്ക്) ചേര്‍ത്തു. പിന്നീട് അദ്ദേഹം എന്റെ കൈപിടിച്ചു. എന്നിട്ട് ഒന്നാം ആകാശത്തേക്ക് എന്നെയും കൊണ്ട് കയറി...'' (ബുഖാരി).

നബി ﷺ യുടെ ജീവിതത്തില്‍ മുമ്പും നെഞ്ച് പിളര്‍ത്തിയ സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്. അത് നാം മുമ്പ് വിവരിച്ചതാണ്. ഹലീമതുസ്സഅദിയ്യ എന്ന മഹതി മുലയൂട്ടി വളര്‍ത്തുന്ന കാലത്ത് ഏതാണ്ട് നാല് വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു ആ സംഭവം.

ഈ സംഭവം രണ്ടാമത് നടന്നതാണ്. മഹത്തായ ഒരു യാത്രക്കുള്ള തയ്യാറെടുപ്പിനുള്ളതായിരുന്നു ഈ നെഞ്ച് പിളര്‍ത്തിയ സംഭവം. അല്ലാഹുവിന്റെ ഒരു പ്രത്യേകമായ തീരുമാനമായിരുന്നു ഇതെല്ലാം. ഇത്തരം സംഭവങ്ങളുടെ യുക്തി നമുക്ക് ചിന്തിച്ചാല്‍ കണ്ടെത്താന്‍ സാധിക്കണമെന്നില്ല. നബി ﷺ പറഞ്ഞത് പോലെ വിശ്വസിക്കുക മാത്രമെ നമുക്ക് നിര്‍വാഹമുള്ളൂ. ഹൃദയത്തില്‍ ഹിക്മത്തും ഈമാനും ജിബ്‌രീല്‍(അ) നിറച്ചു. അത് എങ്ങനെയാണ് നിറക്കുക എന്നത് നമുക്ക് അറിയില്ല. അല്ലാഹു അവനുദ്ദേശിക്കുന്നത് നടപ്പിലാക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനത്രെ.

അതിവേഗത്തില്‍ സഞ്ചരിക്കേണ്ട യാത്രയാണ്. അതിന് ശാരീരികവും മാനസികവുമായി നബി ﷺ യെ ഒരുക്കിയ രൂപമാണ് ഈ ഹദീഥില്‍നിന്നും നമുക്ക് ഗ്രഹിക്കാനുള്ളത്.

ഈ യാത്രക്ക് ബുറാക്വ് എന്ന് പേരുള്ള ഒരു പ്രത്യേകം വാഹനം കൊണ്ടുവരപ്പെട്ടു. അത് ഒരു വാഹനം തന്നെയായിരുന്നു. നബി ﷺ യുടെ ഈ യാത്ര ശാരീരികമായി തന്നെയായിരുന്നു നടന്നത് എന്നതിനുള്ള തെളിവും കൂടിയാണ് ഇത്. പലര്‍ക്കും ഇത് ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. നബി ﷺ യുടെ ഈ യാത്ര ശാരീരികമല്ലെന്നും ഒരു സ്വപ്‌നം മാത്രമാണ് ഉണ്ടായത് എന്നുമെല്ലാം പറയുന്നവരുണ്ട്. സ്വപ്‌നത്തില്‍ നടന്ന സംഭവമാണ് ഇതെങ്കില്‍ എന്തിനായിരുന്നു മക്കക്കാര്‍ കളിയാക്കി ആര്‍ത്ത് അട്ടഹസിച്ച് ചിരിച്ചത്? സ്വപ്‌നത്തില്‍ പലതും കാണാമല്ലോ. അപ്പോള്‍ മക്കക്കാരുടെ പ്രതികരണവും നബി ﷺ യുടെ ഈ യാത്ര ശാരീരികമായിരുന്നു എന്നാണ് തെളിയിക്കുന്നത്. സൂറ അല്‍ഇസ്‌റാഇലെ ആദ്യ വചനത്തിന്റെ അര്‍ഥം ശരിക്കും ഒന്നു നോക്കുക. തന്റെ അടിമയെ സഞ്ചരിപ്പിച്ചു എന്ന് തന്നെയാണ് അല്ലാഹു പറഞ്ഞത്. ആത്മാവും ശരീരവും ഒരുമിച്ചു ചേര്‍ന്നുള്ള യാത്രയായിരുന്നു അത് എന്നത് തന്നെയാണ് അതില്‍നിന്നും നമുക്ക് മനസ്സിലാകുന്നത്.

നബി ﷺ ക്ക് മഹത്തായ ഈ യാത്രക്കായി ഒരുക്കപ്പെട്ട വാഹനമായ ബുറാക്വിന്റെ രൂപത്തെ പറ്റി നബി ﷺ തന്നെ നമുക്ക് പറഞ്ഞു തരുന്നത് ഇപ്രകാരമാണ്:

''വെളുത്ത ഒരു മൃഗത്തെ എനിക്ക് കൊണ്ടുവരപ്പെടുകയും ചെയ്തു. (അത്) കോവര്‍ കഴുതയെക്കാള്‍ ചെറുതും സാധാരണ കഴുതയെക്കാള്‍ വലുതുമായിരുന്നു. (അതാണ്) ബുറാക്വ്.''(ബുഖാരി).

യാത്ര തുടര്‍ന്നു. ബയ്തുല്‍ മുക്വദ്ദസില്‍ എത്തി. പള്ളിയുടെ പുറത്ത് വാഹനത്തെ ഭദ്രമായി കെട്ടിയിട്ടു. എന്നിട്ട് നബി ﷺ പള്ളിയില്‍ പ്രവേശിച്ചു. അവിടെവെച്ച് നബി ﷺ മറ്റു നബിമാരുടെ കൂടെ ജമാഅത്തായി നമസ്‌കരിക്കുകയുണ്ടായി. മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെ മുന്നില്‍ നബി ﷺ ഇമാമായി നില്‍ക്കുകയുണ്ടായി എന്നത് നബി ﷺ ക്ക് മറ്റു പ്രവാചകന്മാരില്‍ നിന്ന് ലഭിച്ചിട്ടുള്ള മഹത്തായ ഒരു പദവിയായിരുന്നു.

നമസ്‌കാരം കഴിഞ്ഞു. വീണ്ടും യാത്ര തുടര്‍ന്നു. ആകാശത്തേക്കുള്ള യാത്രയായിരുന്നു അത്. അതിന് വേണ്ടി ഒരു ഏണി നബി ﷺ ക്ക് കൊണ്ടുവരപ്പെടുകയുണ്ടായി എന്നും നബി ﷺ പറഞ്ഞിട്ടുണ്ട്. അതിന്റെ രൂപം എപ്രകാരമാണ് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. അദൃശ്യമായ ഇത്തരം കാര്യങ്ങളെ പറ്റി അല്ലാഹു അവന്റെ പ്രവാചകനിലൂടെ നമുക്ക് പഠിപ്പിച്ചുതന്നതിന് അപ്പുറം ഒരു അഭിപ്രായം പറയാന്‍ നമുക്ക് പാടില്ല. പ്രമാണത്തില്‍ വന്നതുപോലെ വിശ്വസിക്കുകയേ നമുക്ക് മുമ്പില്‍ മാര്‍ഗമുള്ളൂ.

ആകാശത്തേക്ക് യാത്ര ആരംഭിച്ചു. ഓരോ ആകാശത്തിന്റെയും കവാടങ്ങള്‍ നബി ﷺ ക്കായി തുറക്കപ്പെട്ടു. പല നബിമാരെയും അവിടെവെച്ചും തിരുദൂതര്‍ കാണുകയുണ്ടായി. ആദം, യൂസുഫ്, ഇദ്‌രീസ്, യഹ്‌യാ, ഈസാ, മൂസാ, ഇബ്‌റാഹീം(അ) മുതലായവരെയെല്ലാം ആ സന്ദര്‍ഭത്തില്‍ നബി ﷺ കണ്ടിട്ടുണ്ടായിരുന്നു. അവരുമായി നബി ﷺ സംസാരിച്ചു. അവിടെനിന്നും മുകളിലേക്ക് പോയി. അങ്ങനെ അല്ലാഹുവിന്റെ വിധികള്‍ മലക്കുകള്‍ പേനകൊണ്ട് എഴുതുന്നതിന്റെ ശബ്ദം നബി ﷺ അവിടെ വെച്ച് കേട്ടതും നബി ﷺ നമുക്ക് പറഞ്ഞുതന്നു.

അമ്പത് നേരത്തെ നമസ്‌കാരം ഈ സമുദായത്തിന് അല്ലാഹു നിര്‍ബന്ധമാക്കിയത് ആ യാത്രയിലായിരുന്നു. അമ്പത് നേരത്തെ നമസ്‌കാരം ഈ സമുദായത്തിന് പ്രയാസമാകുമെന്നതിനാല്‍ പല തവണകളായി അല്ലാഹുവിലേക്ക് കയറിയിറങ്ങുകയും അവസാനം അത് അമ്പത് നേരത്തെ നമസ്‌കാരത്തിന്റെ പുണ്യത്തിന്റെ സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് തന്നെ അഞ്ചു നേരമാക്കി നിര്‍ണയിച്ച്, ഒരു മുസ്‌ലിമിന് ഒഴിച്ചുകൂടാനാകാത്ത മഹത്തായ ആരാധന കര്‍മമായി നല്‍കുകയും ചെയ്തത് ഈ യാത്രയിലായിരുന്നു. അതുപോലെ വേറെയും അത്ഭുതകരമായ കാഴ്ചകള്‍ നബി ﷺ ഈ യാത്രയില്‍ കാണുകയുണ്ടായി. ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള സിദ്‌റതുല്‍ മുന്‍തഹാ എന്ന അത്ഭുതകരമായ വൃക്ഷത്തെ നബി ﷺ കാണുകയുണ്ടായി. അതില്‍ തൂങ്ങിക്കിടക്കുന്ന അതിന്റെ ഫലങ്ങള്‍ വലിയ മണ്‍ഭരണി പോലെയും അതിന്റെ ഇലകള്‍ ആനയുടെ ചെവികള്‍പോലെയും ആകുന്നു എന്ന് നബി ﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഏഴ് ആകാശങ്ങള്‍ക്ക് മീതെ കഅ്ബയുടെ നേരെ മുകളിലായി സ്ഥിതിചെയ്യുന്ന ബയ്തുല്‍ മഅ്മൂര്‍ എന്ന മഹത്തായ ഭവനത്തെ പറ്റിയും നബി ﷺ നമുക്ക് പറഞ്ഞുതന്നു. ആ ഭവനത്തില്‍ ഓരോ നിമിഷത്തിലും പ്രവേശിക്കുന്ന മലക്കുകളുടെ സംഖ്യാധിക്യം നബി ﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതുപോലെ സ്വര്‍ഗനദിയായ അല്‍കൗഥറിനെ പറ്റിയും നബി ﷺ നമുക്ക് പറഞ്ഞുതന്നു. അന്നത്തെ യാത്രയെ പറ്റി നബി ﷺ സ്വഹാബിമാര്‍ക്ക് വിവരിച്ചുകൊടുത്തപ്പോള്‍ അവര്‍ ചോദിച്ചു: 'നബിയേ, നിങ്ങള്‍ അല്ലാഹുവിനെ കാണുകയുണ്ടായോ?' 'പ്രകാശം! ആ പ്രകാശത്തെ ഞാന്‍ എങ്ങനെ കാണും' എന്നായിരുന്നു മറുപടി. നബി ﷺ അല്ലാഹുവിനെ കണ്ടിട്ടില്ലെന്നതാണ് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. അല്ലാഹുവിനെ ഈ ലോകത്തുനിന്ന് ഒരാള്‍ക്കും കാണാന്‍ സാധ്യമല്ല. നാളെ സ്വര്‍ഗത്തില്‍ വെച്ച് മാത്രമാണ് അല്ലാഹുവിനെ കാണാന്‍ സാധിക്കുക. അതുപോലെ നബി ﷺ ജിബ്‌രീലിനെ സ്വരൂപത്തില്‍ രണ്ടുതവണയാണ് കണ്ടിട്ടുള്ളത്. അതില്‍ ഒന്ന് ആ സന്ദര്‍ഭത്തിലായിരുന്നു.

ചില ശിക്ഷകളും ആ യാത്രയില്‍ നബി ﷺ ക്ക് കാണിക്കപ്പെടുകയുണ്ടായിട്ടുണ്ട്. നബി ﷺ പറയുന്നത് കാണുക:

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: എന്നെയുംകൊണ്ട് കയറപ്പെട്ടപ്പോള്‍ ഒരു ജനതയുടെ അരികിലൂടെ ഞാന്‍ നടക്കുകയുണ്ടായി. അവര്‍ക്ക് ചെമ്പിനാലുള്ള നഖങ്ങളുണ്ട്. അവര്‍ അവരുടെ മുഖങ്ങളും നെഞ്ചുകളും വലിച്ചുകീറുന്നുണ്ട്. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'ജിബ്‌രീല്‍, ആരാണ് ഇക്കൂട്ടര്‍?' അദ്ദേഹം പറഞ്ഞു: 'ജനങ്ങളുടെ മാംസം ഭക്ഷിക്കുകയും അവരുടെ അഭിമാനത്തില്‍ ക്ഷതമേല്‍പിക്കുകയും ചെയ്യുന്നവരായിരുന്നു ഇവര്‍'' (അബൂദാവൂദ്).

ജനങ്ങളുടെ അഭിമാനത്തെ തകര്‍ക്കുന്ന, ഒരാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ അയാളുടെ അസാന്നിധ്യത്തില്‍ സംസാരിക്കുന്ന എത്രയോ ആളുകളെ നമുക്ക് കാണാം. ഒരു മൃതശരീരത്തില്‍നിന്ന് ഒരു കഷണം എടുത്ത് തിന്നാല്‍ ആ മയ്യിത്ത് ആ വിവരം അറിയില്ലല്ലോ. മയ്യിത്ത് എന്നത് എല്ലാ കഴിവുകളും നഷ്ടപ്പെട്ട ശരീരമാണ്. ഒന്നും അറിയാനോ ചെയ്യാനോ കഴിയാത്ത ശരീരം! അസാന്നിധ്യത്തിലുള്ള ഒരാളെ പറ്റി അയാള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നത് അയാള്‍ കേള്‍ക്കുകയോ അറിയുകയോ ഇല്ല. ഇങ്ങനെ അഭാവത്തിലുള്ള ഒരാളുടെ കുറ്റവും കുറവും പറയുന്നതിനെ മൃതശരീരത്തില്‍നിന്നും മാംസമെടുത്ത് തിന്നുന്നതിനോടാണ് ക്വുര്‍ആന്‍ ഉപമിച്ചിട്ടുള്ളത്. അത്തരം ആളുകള്‍ക്ക് ലഭിക്കുന്ന ശിക്ഷയാണ് ഈ ഹദീഥില്‍ നാം കാണുന്നത്.

യാത്ര കഴിഞ്ഞു. പ്രഭാതമാകുന്നതിന് മുമ്പ് നബി ﷺ തിരിച്ചെത്തി. നേരം പുലര്‍ന്നു. നബി ﷺ കഅ്ബയുടെ സമീപത്തുള്ള ഹിജ്‌റില്‍ ഇരുന്ന് യാത്രാവിവരണം നടത്തി.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'ഹിജ്‌റില്‍ ഞാന്‍ എന്നെ കാണുകയുണ്ടായി. ക്വുറൈശികള്‍ എന്നോട് എന്റെ രാപ്രയാണത്തെ പറ്റി ചോദിക്കുന്നുണ്ടായിരുന്നു. ബയ്ത്തുല്‍ മക്വ്ദിസിനെ പറ്റിയുള്ള പല കാര്യങ്ങളെക്കുറിച്ചും ക്വുറൈശികള്‍ എന്നോട് ചോദിച്ചു. ഞാന്‍ അതിനെ (പറ്റി പറയാന്‍) സ്ഥൈര്യം ഉള്ളവനായിരുന്നില്ല. അങ്ങനെ ഞാന്‍ അങ്ങേയറ്റം വിഷമിച്ചു. അതുപോലെ തീരെ ഞാന്‍ വിഷമിച്ചിട്ടില്ലായിരുന്നു.' നബി ﷺ പറയുന്നു: 'അപ്പോള്‍ അല്ലാഹു എനിക്ക് അതിലേക്ക് നോക്കിക്കാണുന്ന വിധത്തില്‍ അതിനെ ഉയര്‍ത്തിത്തന്നു. അവര്‍ എന്നോട് അതിനെപ്പറ്റി ചോദിച്ചില്ല; ഞാന്‍ അവര്‍ക്ക് അതിനെപ്പറ്റി അറിയിച്ചിട്ടല്ലാതെ''(മുസ്‌ലിം).

ഹറമിന്റെ പരിസരത്തുവെച്ച് നബി ﷺ ഈ അത്ഭുതയാത്ര വിവരിക്കാന്‍ തുടങ്ങി. മക്കാമുശ്‌രിക്കുകള്‍ക്ക് അത് ഉള്‍കൊള്ളുവാന്‍ സാധിച്ചില്ല. അവര്‍ പരിഹസിച്ചും കളിയാക്കിയും അതിനെ കളവാക്കിയെങ്കിലും ഉറച്ച ഈമാനിന്റെ ഉടമകള്‍ അതിനെ നിസ്സംശയം സത്യപ്പെടുത്തുകയും ചെയ്തു.

നബി ﷺ യുടെ യാത്രാവിവരണം കേട്ടപ്പോള്‍ മക്കക്കാര്‍ അതിന്റെ നിജസ്ഥിതി അറിയാന്‍ കുറെ ചോദ്യങ്ങള്‍ ഉന്നയിച്ചു. നബി ﷺ യാത്രയില്‍ കണ്ട കാഴ്ചകളൊന്നും അവരാരും കണ്ടതല്ലല്ലോ. അതിനാല്‍ അവര്‍ക്ക് അതിനെപ്പറ്റി ചോദിച്ച് നബി ﷺ പറയുന്നത് നേരാണോ എന്ന് ഉറപ്പിക്കുക സാധ്യമല്ലായിരുന്നു. അതിനാല്‍ അവര്‍ക്ക് പരിചയമുള്ള ബയ്തുല്‍ മക്വ്ദിസിനെ പറ്റി അവര്‍ പലതും ചോദിക്കാന്‍ ആരംഭിച്ചു. അന്നേരം അതിനു മറുപടി പറയാന്‍ നബി ﷺ വിഷമിച്ചിരുന്നു. മറുപടി പറയാതിരുന്നാല്‍ ശത്രുക്കള്‍ അത് മുതലെടുക്കുകയും ചെയ്യും. പക്ഷേ, അദ്ദേഹത്തെ നബിയായി തിരഞ്ഞെടുത്ത അല്ലാഹു അദ്ദേഹത്തെ സഹായിച്ചു. ബൈത്തുല്‍ മക്വ്ദിസ് നബി ﷺ ക്ക് നോക്കിക്കാണും വിധത്തില്‍ അല്ലാഹു ഉയര്‍ത്തി. അതും ഒരു മുഅ്ജിസത്തായിരുന്നു. അങ്ങനെ അവര്‍ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ശരിയായ മറുപടി അവിടുന്ന് നല്‍കി. ഒരു മുഅ്ജിസതിനെ സ്ഥിരപ്പെടുത്താനായി മറ്റൊരു മുഅ്ജിസത് അല്ലാഹു നബി ﷺ യിലൂടെ പ്രകടമാക്കുന്നു. നബി ﷺ യുടെ മറുപടി കേട്ടിട്ടും അവര്‍ക്ക് വിശ്വസിക്കാന്‍ മനസ്സ് വന്നില്ല. അവര്‍ അവരുടെ ദുര്‍നടപ്പില്‍തന്നെ തുടരുകയാണ് ചെയ്തത്.