നബി ﷺ യും ദൈവിക ദൃഷ്ടാന്തങ്ങളും

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഏപ്രില്‍ 17 1442 റമദാന്‍ 05

(മുഹമ്മദ് നബി ﷺ , ഭാഗം 18)

ഉസ്മാന്‍(റ)വും രക്തസാക്ഷിയാകുമെന്നാണ് നബി ﷺ പ്രവചിച്ചത്. അതും അപ്രകാരംതന്നെ സംഭവിച്ചു. അദ്ദേഹത്തിന്‍റെ അവസാനദിനങ്ങള്‍ നിറകണ്ണുകളോടെയല്ലാതെ നമുക്ക് ഓര്‍ക്കാന്‍ കഴിയില്ല. എണ്‍പത്തിരണ്ട് വയസ്സുള്ള വൃദ്ധനായ, ആരാധനാനിരതനായിരുന്ന, നിരന്തരം ക്വുര്‍ആന്‍ പാരായണം ചെയ്തിരുന്ന, നബി ﷺ യുടെ രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്തതിന്‍റെ പേരില്‍ 'ദുന്നൂറയ്ന്‍' (രണ്ട് പ്രകാശത്തിന്‍റെ ഉടമ) എന്ന് നബി ﷺ യിലൂടെ സ്ഥാനപ്പേരു ലഭിച്ച, സ്വര്‍ഗമുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട മഹാനാണ് ഉസ്മാന്‍(റ).

നാല്‍പത് ദിവസത്തോളം ശത്രുക്കള്‍ അദ്ദേഹത്തെ വധിക്കാനായി വീടുവളഞ്ഞു. മുസ്ലിംകളെന്ന് സ്വയം അവകാശപ്പെടുന്ന, എന്നാല്‍ ഇസ്ലാമില്‍നിന്ന് തെറിച്ചുപോയ, ഖവാരിജുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പിഴച്ചകക്ഷിയുടെ ആളുകളായിരുന്നു അദ്ദേഹത്തിന്‍റെ ശത്രുക്കള്‍. അവര്‍ വീടുവളഞ്ഞു. അദ്ദേഹത്തെ പുറത്തുകടക്കാന്‍ സമ്മതിച്ചില്ല. വെള്ളംപോലും മുടക്കുന്ന അവസ്ഥയുണ്ടായി. ഒരു കാലത്ത് വെള്ളത്തിന് ക്ഷാമം നേരിട്ടപ്പോള്‍ റൂമാ കിണര്‍ വിലയ്ക്ക് വാങ്ങി ദാനം ചെയ്ത മഹാനാണ് ഉസ്മാന്‍(റ). അവസാനകാലത്ത് അതില്‍നിന്ന് പോലും വെള്ളം എടുക്കാന്‍ അദ്ദേഹത്തെ സമ്മതിക്കാത്ത അവസ്ഥയുണ്ടായി. അദ്ദേഹത്തിനുവേണ്ടി കൊണ്ടുപോകുന്ന വെള്ളം തട്ടിത്തെറിപ്പിക്കുന്ന ദുരനുഭവമാണ് അദ്ദേഹത്തിന് ഈ ഖവാരിജുകളില്‍നിന്ന് നേരിടേണ്ടിവന്നത്.

അദ്ദേഹത്തിന്‍റെ പാറാവുകാരെ ശത്രുക്കള്‍ കീഴടക്കി. അവസാനം അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് അവര്‍ ഇരച്ചുകയറി. ഹിജ്റ 35, ദുല്‍ഹിജ്ജ 18ന് ഖവാരിജുകള്‍ ഉസ്മാന്‍(റ)വിന്‍റെ വീടിന്‍റെ വാതിലിന് തീയിട്ടു. വീട്ടില്‍ കയറിയ ഈ അക്രമികളില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ നീണ്ടതാടിയില്‍ പിടിച്ചു. ഈത്തപ്പന മുട്ടികൊണ്ട് അദ്ദേഹത്തിന്‍റെ തലക്ക് അടിച്ചു. തലപൊട്ടി രക്തം ചീറ്റി. അവര്‍ വീട്ടില്‍ കയറുമ്പോഴും ക്വുര്‍ആന്‍ പാരായണത്തിലായിരുന്നു ഉസ്മാന്‍(റ). അവര്‍ അദ്ദേഹത്തെ പിടിക്കുമ്പോള്‍ മുസ്വ്ഹഫ് തുറന്നുവെക്കപ്പെട്ട നിലയിലായിരുന്നു. മുസ്വ്ഹഫ് രക്തത്തില്‍ കുതിര്‍ന്നു. ആദ്യത്തെ രക്തത്തുള്ളി തെറിക്കുന്നത് താഴെയുള്ള സൂക്തത്തിലേക്കായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

"അവരില്‍നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ" (ക്വുര്‍ആന്‍ 2:137).

ഭാര്യ നാഇല(റ) അദ്ദേഹത്തെ രക്ഷിക്കാന്‍ നോക്കി; കഴിഞ്ഞില്ല. അവര്‍ ആ സ്ത്രീയെയും തല്ലിയോടിക്കുകയാണ് ചെയ്തത്. ആ തെമ്മാടികളില്‍ ഒരുവന്‍ ഉസ്മാന്‍(റ)വിനു നേരെ വാളുകൊണ്ട് ഓങ്ങിയപ്പോള്‍ നാഇല(റ) ഭര്‍ത്താവിന്‍റെ ശരീരത്തിലേക്ക് വീണു. വെട്ട് കൊള്ളുകയാണെങ്കില്‍ തനിക്ക് കൊള്ളട്ടെ എന്ന നിലയ്ക്കായിരുന്നു അവരത് ചെയ്തത്. പല രൂപത്തില്‍ പ്രതിരോധിക്കാന്‍ അവര്‍ ശ്രമിച്ചു. അവസാനം നാഇല(റ)യുടെ കൈവിരലുകള്‍ വെട്ടിമുറിക്കുകയാണ് അവര്‍ ചെയ്തത്. തടുക്കാനും പിടിക്കാനും സാധിക്കാതിരിക്കാനായി ചെയ്ത ക്രൂരത. നാഇല(റ)ക്ക് ഭര്‍ത്താവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ സമയം മുതലെടുത്ത് അവരില്‍ ഒരാള്‍ ഉസ്മാന്‍(റ)വിന്‍റെ നെഞ്ചില്‍ കയറി വാളുകൊണ്ട് തുരുതുരാ കുത്തി. അങ്ങനെ ആ മഹാന്‍റെ അന്ത്യം അവര്‍ ഉറപ്പുവരുത്തി. ആ കുത്തിയവന്‍റെ കൈ പിന്നീട് മരത്തടി പോലെ മരവിച്ച അവസ്ഥയില്‍ പില്‍ക്കാലക്കാര്‍ കണ്ടതായി ചരിത്രത്തില്‍ കാണാം.

ഭക്ഷണം വര്‍ധിക്കുന്നു

നബി ﷺ യുടെ കാലത്ത് നടന്ന അത്ഭുതകരമായ ഒരു സംഭവമായിരുന്നു ഇത്. ജാബിര്‍(റ) ആ സംഭവം നമുക്ക് പറഞ്ഞുതരുന്നത് കാണുക:

ജാബിര്‍ ഇബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "കിടങ്ങ് (ഖന്തക്വ്) കുഴിക്കപ്പെട്ടപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനെ (വിശപ്പിനാല്‍) വയറ് ഒട്ടിയനിലയില്‍ കാണുകയുണ്ടായി. അപ്പോള്‍ ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്തേക്ക് തിരിച്ചുപോയി. എന്നിട്ട് ഞാന്‍ അവളോട് ചോദിച്ചു: 'നിന്‍റെ അടുക്കല്‍ വല്ലതും ഉണ്ടോ? കാരണം ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ അങ്ങേയറ്റം വയറ് ഒട്ടിയ രൂപത്തില്‍ കാണുകയുണ്ടായി.' അപ്പോള്‍ അവള്‍ എനിക്കുവേണ്ടി ഒരു തോല്‍പാത്രം പുറത്തെടുത്തു. അതില്‍ ഒരു സ്വാഅ് ബാര്‍ലി ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് മേഘനിറമുള്ള ഒരു ചെറിയ മൃഗം (ആട്ടിന്‍ കുട്ടി) ഉണ്ടായിരുന്നു." അദ്ദേഹം (ജാബിര്‍) പറയുന്നു: "അങ്ങനെ ഞാന്‍ അതിനെ അറുക്കുകയും അവള്‍ (ബാര്‍ലി) പൊടിക്കുകയും (അത് തയ്യാറാക്കുകയും) ചെയ്തു. എന്നിട്ട് അവള്‍ എന്നിലേക്ക് ഒഴിവായി. അങ്ങനെ ഞാന്‍ അത് ഒരു കല്‍ചട്ടിയില്‍ കൊത്തിമുറിച്ചു (പാചകം ചെയ്തു). പിന്നീട് ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ ലേക്ക് ഞാന്‍ (അതുമായി) തിരിഞ്ഞു. അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരുടെയും അടുത്ത് എന്നെ നിങ്ങള്‍ വഷളാക്കരുതേ.' (കുറച്ച് ഭക്ഷണവും കുറെ പേരുമുണ്ടല്ലോ). അദ്ദേഹം പറയുന്നു: "അങ്ങനെ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു, ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് സ്വകാര്യമാക്കി. എന്നിട്ട് ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഒരു ചെറിയമൃഗത്തെ ഞങ്ങള്‍ അറുക്കുകയും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഒരു സ്വാഅ് ബാര്‍ലി പൊടിച്ച് മാവ് കൂട്ടിവെക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അങ്ങും കൂടെയുള്ളവരിലെ കുറച്ചുപേരും വന്നാലും.' അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഉറക്കെ വിളിച്ചു (പറഞ്ഞു): 'ഓ കിടങ്ങിന്‍റെ ആളുകളേ, ജാബിര്‍ നിങ്ങള്‍ക്കായി ഒരു ഭക്ഷണം ഉണ്ടാക്കിയിരിക്കുന്നു. അതിനാല്‍ വരുവിന്‍.' അല്ലാഹുവിന്‍റെ റസൂല്‍ ﷺ (ഇപ്രകാരം) പറയുകയും ചെയ്തു: 'ഞാന്‍ വരുന്നതുവരെ കലം അടുപ്പത്തുനിന്ന് ഇറക്കിവെക്കുകയോ നിങ്ങളുടെ കുഴച്ചമാവ് എടുക്കുകയോ ചെയ്യരുത്.' അങ്ങനെ ഞാന്‍ (വീട്ടില്‍) വന്നു. അല്ലാഹുവിന്‍റെ റസൂല്‍ ﷺ ജനങ്ങളുമായി മുന്നോട്ടുവന്നു. ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്ത് ചെന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: 'നിങ്ങള്‍!' (ഇങ്ങനെയെല്ലാം ചെയ്തല്ലോ). അപ്പോള്‍ ഞാന്‍ പറഞ്ഞു: 'നീ പറഞ്ഞതുപ്രകാരം തന്നെയാണ് ചെയ്തത്.' അങ്ങനെ ഞാന്‍ ആ മാവ് അവിടുത്തേക്ക് വേണ്ടി എടുത്തു. അങ്ങനെ നബി ﷺ അതില്‍ അല്‍പം ഉമിനീര്‍ പുരട്ടുകയും ബറകതിന് വേണ്ടി അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് ഇറച്ചിയുടെ കലത്തിന്‍റെ അടുത്തേക്ക് അവിടുന്ന് വന്നു. അങ്ങനെ അതിലും അവിടുന്ന് അല്‍പം ഉമിനീര്‍ പുരട്ടുകയും ബറകതിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് (ജാബിറി(റ)ന്‍റെ ഭാര്യയോട്) പറഞ്ഞു: 'റൊട്ടിയുണ്ടാക്കുന്ന ഒരു പെണ്ണിനെ കൂടി വിളിക്കുക. അവളും നിങ്ങളുടെ കൂടെ റൊട്ടിയുണ്ടാക്കട്ടെ. നിങ്ങള്‍ നിങ്ങളുടെ കല്‍ചട്ടിയില്‍നിന്ന് കറി വിളമ്പുകയും ചെയ്യുക. ആ കലം (അടുപ്പത്തുനിന്ന്) ഇറക്കാതിരിക്കുകയും ചെയ്യുക.' അവര്‍ ആയിരം പേരുണ്ടായിരുന്നു. ഞാന്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യംചെയ്ത് പറയുകയാണ്; അവര്‍ എല്ലാവരും ഭക്ഷിച്ചു. അങ്ങനെ അവര്‍ അത് ബാക്കിയാക്കി. (ശേഷം) അവര്‍ (അതില്‍ നിന്ന്) പിന്മാറുകയും ചെയ്തു. അപ്പോഴും ഞങ്ങളുടെ കലം, അത് എങ്ങനെയായിരുന്നോ അതുപോലെ തിളച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ മാവ് എങ്ങനെയായിരുന്നോ അതുപോലെ റൊട്ടിയുണ്ടാക്കപ്പെട്ടുകൊണ്ടി രിക്കുകയുമാണ്." (മുസ്ലിം).

ഖന്തക്വ് യുദ്ധത്തിനുമുമ്പ് നബി ﷺ യും സ്വഹാബിമാരും കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുകയായിരുന് നു. ജാബിര്‍(റ) വിശപ്പിന്‍റെ കാഠിന്യത്താല്‍ ഒട്ടിപ്പിടിച്ച വയറുമായി നബി ﷺ യെ കാണുകയുണ്ടായി. ഇത് കണ്ടപ്പോള്‍ അദ്ദേഹം വിഷമിച്ചു. നേരെ വീട്ടിലേക്ക് പോയി. ഭാര്യയോട് കാര്യം പറയുന്നു. വീട്ടില്‍ വല്ലതുമു ണ്ടോ എന്ന് ചോദിക്കുന്നു. അവിടെ ഉണ്ടായിരുന്ന അല്‍പം ബാര്‍ലി അവര്‍ കാണിച്ചുകൊടുത്തു. അത് പൊടിച്ച് മാവുണ്ടാക്കാനായി ജാബിര്‍(റ) ഭാര്യയോട് കല്‍പിച്ചു. അദ്ദേഹം അവര്‍ക്കുണ്ടായിരുന്ന ഒരു ചെറിയ ആട്ടിന്‍കുട്ടിയെ അറുത്തു. അതെല്ലാം വെട്ടിമുറിച്ച് അടുപ്പത്തുവെച്ചു. അങ്ങനെ അദ്ദേഹം നബി ﷺ യെ വിളിക്കാനായി തിരിയുമ്പോള്‍ ഭാര്യ പറയുന്നു: 'കുറച്ച് ഭക്ഷണയേമുള്ളൂ. എല്ലാവരെയും വിളിച്ചാല്‍ തികയാതെ വരും. നമ്മള്‍ വഷളാകും. അതിനാല്‍ ശ്രദ്ധിക്കണം.' ജാബിര്‍(റ) നബി ﷺ യുടെ അടുത്ത് ചെന്നു. വളരെ സ്വകാര്യമായി ഭാര്യ പറഞ്ഞതുപ്രകാരം ചെയ്തു. നബിയോടും കുറച്ച് പേരോടും അവിടേക്ക് ചെല്ലാന്‍ പറഞ്ഞു. നബി ﷺ വിവരം അറിഞ്ഞപ്പോള്‍ സന്തോഷവാനായി. ഉറക്കെ എല്ലാവരെയും വിളിച്ച് കാര്യം പറഞ്ഞു. പിന്നെ നടന്നതെന്തെന്ന് നാം മുകളില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കി. ആയിരം പേരടങ്ങുന്ന ആ സംഘത്തിലെ എല്ലാവരും വിശപ്പുമാറുംവരെ ആഹരിച്ചു. എന്നിട്ടും ബാക്കിയായി. മാവ് എത്ര റൊട്ടിയുണ്ടാക്കിയിട്ടും അളവില്‍ കുറയാതെ കിടക്കുന്നു!

ഇതും നബി ﷺ യിലൂടെ അല്ലാഹു വെളിവാക്കിയ മുഅ്ജിസതായിരുന്നു. താന്‍ ഇച്ഛിക്കുമ്പോഴെല്ലാം ഭക്ഷണം വര്‍ധിപ്പിക്കാനുള്ള കഴിവ് നബി ﷺ ക്ക് ഇല്ല. ഉണ്ടായിരുന്നെങ്കില്‍ നബി ﷺ ക്കും കുടുംബത്തിനും മാസങ്ങളോളും പച്ചവെള്ളവും കാരക്കയും തിന്ന് ജീവിക്കേണ്ടിവരില്ലായിരുന്നു. അവിടുത്തെ കാലശേഷവും അനുയായികള്‍ക്ക് ദാരിദ്ര്യം ഉണ്ടായിരുന്നു. അവരാരും വഫാത്തായ റസൂലി ﷺ നോട് ചോദിച്ചതുമില്ല. അത് നബി ﷺ യിലൂടെ പ്രകടമാക്കിയ അല്ലാഹുവിനോടാണ് അവര്‍ തേടിയിരുന്നത്. ഇതെല്ലാം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ പ്രവാചകനിലൂടെ പ്രകടമാക്കുന്ന അമാനുഷികമായ സംഭവങ്ങളാണ് എന്നതാണ് നാം മനസ്സിലാക്കേണ്ടത്.

കാരക്ക വര്‍ധിക്കുന്നു

ജാബിര്‍ ഇബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "അബ്ദുല്ലാഹിബ്നു അംറുബ്നു ഹറാമ്(റ) അദ്ദേഹത്തിന് കടബാധ്യതയുണ്ടായിരിക്കെ മരണപ്പെട്ടു. അദ്ദേഹത്തെ കടത്തില്‍നിന്ന് ഒഴിവാക്കാന്‍, കടംനല്‍കിയവരോട് അതില്‍നിന്ന് ഇളവ് നല്‍കാന്‍ വേണ്ടി ഞാന്‍ നബി ﷺ നോട് സഹായം ആവശ്യപ്പെട്ടു. അങ്ങനെ നബി ﷺ അവരോട് അന്വേഷിച്ചു. അവര്‍ അത് ചെയ്തില്ല. അങ്ങനെ എന്നോട് നബി ﷺ പറഞ്ഞു: 'നീ പോകുക. എന്നിട്ട് നിന്‍റെ ഈത്തപ്പഴമെല്ലാം തരംതിരിക്കുകയും ചെയ്യുക. അജ്വ വേറെ, അദ്ക്വ സയ്ദ് വേറെ വെക്കുക. പിന്നീട് അത് എന്‍റെ അടുത്തേക്ക് കൊണ്ടുവരണം.' അങ്ങനെ ഞാന്‍ അപ്രകാരം ചെയ്തു. പിന്നീട് ഞാന്‍ അത് നബി ﷺ യിലേക്ക് അയച്ചു. അങ്ങനെ അവിടുന്ന് വന്നു. എന്നിട്ട് അവിടുന്ന് അതിന് മുകളില്‍ ഇരുന്നു, അല്ലെങ്കില്‍ അതിന്‍റെ മധ്യത്തില്‍. പിന്നീട് പറഞ്ഞു: 'എല്ലാവര്‍ക്കും അളന്നുകൊടുക്കുക.' അങ്ങനെ ഞാന്‍ അവര്‍ക്ക് അളന്നുനല്‍കി. അവര്‍ക്കുള്ളത് എല്ലാം പൂര്‍ണമായി(നല്‍കുന്നത്)വരെ (ഞാന്‍ അത് നല്‍കി). അപ്പോഴും എന്‍റെ ഈത്തപ്പഴം ബാക്കിയായിരുന്നു. അതില്‍നിന്ന് യാതൊന്നും കുറവുവരാത്തത് പോല" (ബുഖാരി).

നബി ﷺ ക്കെതിരില്‍ ആക്ഷേപങ്ങളും കളവുകളും കെട്ടിയുണ്ടാക്കി അദ്ദേഹത്തെ അപഹസിക്കാന്‍ ശ്രമിച്ചവന് അല്ലാഹു നല്‍കിയ നിന്ദ്യത ചരിത്രപ്രസിദ്ധമാണ്. അവന്‍ മരണപ്പെട്ടപ്പോള്‍ ഭൂമി പോലും അവനെ പുറംതള്ളുന്ന സാഹചര്യമാണ് ഉണ്ടായത് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "ഒരു ക്രിസ്ത്യാനിയായ മനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ ഇസ്ലാം സ്വീകരിച്ചു. അയാള്‍ അല്‍ബക്വറയും ആലുഇംറാനും (ക്വുര്‍ആനിലെ രണ്ട് അധ്യായങ്ങള്‍) പാരായണം ചെയ്തിരുന്നു. അങ്ങനെ അയാള്‍ നബി ﷺ യുടെ (വഹ്യ്) എഴുത്തുകാരനായി. എന്നാല്‍ അയാള്‍ (വീണ്ടും) ക്രിസ്ത്യാനിയായി മടങ്ങി. അങ്ങനെ അയാള്‍ പറയുകയും ചെയ്തു: 'മുഹമ്മദിന്, ഞാന്‍ അദ്ദേഹത്തിനു വേണ്ടി എഴുതിയതല്ലാതെ അറിയുകയില്ല.' അങ്ങനെ അല്ലാഹു അവനെ മരിപ്പിച്ചു. അവനെ അവര്‍ മറമാടുകയും ചെയ്തു. എന്നാല്‍ ഭൂമി അവനെ (പുറത്തേക്ക്) തുപ്പി. അപ്പോള്‍ അവര്‍ പറഞ്ഞു: 'ഇവന്‍ അവരെ പരാജയപ്പെടുത്തിയതിനാല്‍ ഇത് മുഹമ്മദിന്‍റെയും അവന്‍റെ അനുചരന്മാരുടെയും ചെയ്തിയാണ്. അവര്‍ നമ്മുടെ കൂട്ടുകാരനെ കുഴിച്ച് മാന്തി പുറത്തെടുക്കുകയാണ് ചെയ്തത്.' അങ്ങനെ അവര്‍ അവനുവേണ്ടി ആഴത്തിലൊരു കുഴിയുണ്ടാക്കി. (പിന്നെയും) ഭൂമി അവനെ (പുറത്തേക്ക്) തുപ്പി. അപ്പോഴും അവര്‍ പറഞ്ഞു: 'ഇത് മുഹമ്മദിന്‍റെയും അവന്‍റെ അനുചരന്മാരുടെയും ചെയ്തിയാണ്. അവരെ പരാജയപ്പെടുത്തിയതിനാല്‍ നമ്മുടെ സഹോദരനെ അവര്‍ കുഴിച്ച് പുറത്തെടുത്തിട്ടിരിക്കുന്നു.' അങ്ങനെ അവര്‍ അവനുവേണ്ടി അവര്‍ക്ക് കഴിയുംവിധം ഭൂമിയില്‍ ആഴത്തില്‍ ഒരു കുഴിയെടുത്തു. എന്നിട്ടും ഭൂമി അവനെ പുറത്തേക്ക് തുപ്പി. അങ്ങനെ അവര്‍ മനസ്സിലാക്കി: തീര്‍ച്ചയായും (ഇത് ചെയ്തത്) മനുഷ്യരല്ല. അങ്ങനെ അവര്‍ അവനെ (അവിടെ ഉപേക്ഷിച്ചു) ഇട്ടുകളഞ്ഞു" (ബുഖാരി). (തുടരും)