പ്രവാചകന്റെ കാലത്തെ യുദ്ധങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ആഗസ്ത് 28 1442 മുഹര്‍റം 19

(മുഹമ്മദ് നബി ﷺ : 35)

ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധങ്ങള്‍ ധാരാളം ഗുണപാഠങ്ങള്‍ നല്‍കുന്നവയാണ്. നബി ﷺ യുടെ കാലത്ത് നടന്ന ഓരോ യുദ്ധത്തെക്കുറിച്ചും ഇക്കാലത്ത് പ്രത്യേകിച്ചും നാം അറിയേണ്ടതുണ്ട്. യുദ്ധങ്ങളിലൂടെയും കലാപങ്ങളിലൂടെയുമാണ് ഇസ്‌ലാമിന്റെ വ്യാപനം ഉണ്ടായതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഈ കാലത്ത് കഷ്ടപ്പെട്ട് ശ്രമിക്കുന്നുണ്ടല്ലോ. ജിഹാദിന്റെ മഹത്ത്വം അറിഞ്ഞ് അതിന്റെ പ്രതിഫലം നേടാനായി കണ്ടവരെയെല്ലാം കൊല്ലുകയും കൊലവിളി നടത്തുകയും ചെയ്യലല്ലായിരുന്നു പ്രവാചകന്റെ കാലത്ത് നടന്ന യുദ്ധങ്ങളുടെ ലക്ഷ്യം. സ്വന്തം വിശ്വാസമനുസരിച്ച് സ്വന്തം നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍, അതിനു പറ്റുന്ന മറ്റൊരു നാട്ടിലേക്ക്, ആ നാട്ടുകാരുടെ സമ്മതത്തോടെ ചെല്ലുകയും, അവിടെയും സൈ്വര്യമായി ജീവിക്കാന്‍ സമ്മതിക്കാതെ ഉപദ്രവം തുടരുകയും ചെയ്ത സാഹചര്യത്തില്‍ അവരെ പ്രതിരോധിക്കാനായി അല്ലാഹു അനുവാദം നല്‍കിയ സന്ദര്‍ഭത്തില്‍ ഉണ്ടായ സംഘട്ടനങ്ങളായിരുന്നു നബി ﷺ യുടെ കാലത്തെ യുദ്ധങ്ങള്‍. ശത്രുക്കളുമായുള്ള പോരാട്ടത്തിന് ഇറങ്ങുന്ന വേളയില്‍ കാരുണ്യത്തിന്റെ തിരുദൂതര്‍ മുഹമ്മദ് നബി ﷺ അനുചരന്മാര്‍ക്ക് പോര്‍ക്കളത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിച്ചു. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വധിക്കരുതെന്നും, ഫലവൃക്ഷങ്ങള്‍ മുറിച്ച് നശിപ്പിക്കരുതെന്നും, ഇതരമതസ്ഥരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കരുതെന്നും, അവിടെ ആരാധിക്കുന്നവരോട് യുദ്ധം ചെയ്യരുതെന്നുമെല്ലാമുള്ള ഉപദേശങ്ങള്‍ അതില്‍ പെട്ടതാണ്.

ലോക ചരിത്രത്തില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വര്‍ണ വിവേചനത്തിന്റെയുമൊക്കെ പേരില്‍ ധാരാളം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. അധിക യുദ്ധങ്ങളും അന്യായമായിട്ടാണ് നടന്നിട്ടുള്ളത്. നിരപരാധികളായ സ്ത്രീകളും കുട്ടികളും ആരാധനാലയങ്ങളും വീടുകളും വിദ്യാലയങ്ങളും ആശുപത്രികളും മിണ്ടാപ്രാണികളുമെല്ലാം ആ യുദ്ധങ്ങളില്‍ ഇരകളായിട്ടുണ്ട്. ലോകമഹായുദ്ധങ്ങള്‍ ലോകത്ത് വരുത്തിയ നാശങ്ങളുടെ ആഴം അറിയാത്തവരല്ലല്ലോ നാം. എത്രയോ കൊല്ലങ്ങള്‍ക്കു മുമ്പ് ജപ്പാനില്‍ വര്‍ഷിച്ച അണുബോംബിന്റെ അനന്തരഫലം ഇന്നും ആ നാട്ടുകാര്‍ അനുഭവിക്കുന്നു. അപ്രകാരം ചെയ്ത ദുഷ്ടന്മാര്‍ ചരിത്രത്തില്‍ ഭീകരരായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നാട്ടില്‍ സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കിയ കലാപങ്ങളുടെ എണ്ണം എത്രയാണ്!

മതഗ്രന്ഥങ്ങളിലും പല യുദ്ധങ്ങളെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്. മഹാഭാരതത്തിലും ബൈബിളിലും യുദ്ധങ്ങളുടെ വിശദീകരണങ്ങളുണ്ട്. ലോകത്തിന് കാരുണ്യമായി അല്ലാഹു അയച്ച മുഹമ്മദ് നബി ﷺ യുടെ കാലത്ത് നടന്ന യുദ്ധങ്ങളില്‍ ഒന്നുപോലും അകാരണമായോ അന്യായമായോ അല്ല നടന്നിട്ടുള്ളത്. നിരപരാധികള്‍ വധിക്കപ്പെടാത്ത, ഒരു സ്ത്രീ പോലും കൊല്ലപ്പെടാത്ത, ഒരു ആരാധനാലയം പോലും തകര്‍ക്കപ്പെടാത്ത, ഒരു വീട് പോലും നശിപ്പിക്കപ്പെടാത്ത, ഒരു മിണ്ടാപ്രാണിപോലും ഇരയായിട്ടില്ലാത്ത യുദ്ധങ്ങളാണ് മുഹമ്മദ് നബി ﷺ യുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്.

ബദ്ര്‍ യുദ്ധം

നബി ﷺ യുടെ മദീന ജീവിതത്തില്‍ ഉണ്ടായ സുപ്രധാനമായ സംഭവമാണ് ബദ്ര്‍ യുദ്ധം. നബി ﷺ യും അനുയായികളും ശത്രുക്കളുമായി ഏറ്റുമുട്ടിയ പ്രസിദ്ധമായ ഈ യുദ്ധം ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് നടന്നത്. ബദ്ര്‍ യുദ്ധം എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ വിശദമായ ചരിത്രം വസ്തുതാപരമായി അറിയുന്നവരല്ല ഈ കാലത്ത് അധിക പേരും. അതിനാല്‍ ബദ്ര്‍ യുദ്ധം ഉണ്ടാകാനുണ്ടായ പശ്ചാത്തലവും അന്ന് അവിടെ എന്താണ് സംഭവിച്ചതെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

തങ്ങള്‍ മനസ്സിലാക്കിയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍   സ്വന്തം നാട്ടില്‍ ജീവിക്കുവാന്‍ അവിടത്തുകാര്‍ സമ്മതിക്കാതെ വന്നപ്പോള്‍ വീടും സമ്പത്തും കുടുംബവുമെല്ലാം ഉപേക്ഷിച്ച്  അല്ലാഹുവിന്റെ കല്‍പന പ്രകാരം മക്കയില്‍നിന്നും മദീനയിലേക്ക് മുഹമ്മദ് നബി ﷺ യും അനുചരന്മാരും പലായനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവരുടെ സമ്പാദ്യം മുഴുവനും ശത്രുക്കള്‍ പിടിച്ചെടുത്ത കാര്യം നാം മനസ്സിലാക്കുകയുണ്ടായല്ലോ. ആ സ്വത്ത് ഉപയോഗിച്ചായിരുന്നു പിന്നീട് മക്കക്കാരുടെ നിഗളിപ്പ് മുഴുവനും. അതുമുഖേന മുസ്‌ലിംകളെ ദ്രോഹിക്കാന്‍ മക്കയിലെ ശത്രുക്കള്‍ പലതവണ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

യമനിലേക്കും സിറിയയിലേക്കുമെല്ലാം നടത്തിയിരുന്ന കച്ചവടമായിരുന്നു ക്വുറയ്ശികളുടെ പ്രധാന വരുമാനമാര്‍ഗം. തണുപ്പും ചൂടും നോക്കി യമനിലേക്കും സിറിയയിലേക്കും മാറി മാറി അവര്‍ കച്ചവടത്തിനായി യാത്രചെയ്തു. മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത മുസ്‌ലിംകളുടെ സ്വത്തുക്കള്‍കൂടി ഉപയോഗപ്പെടുത്തി അവര്‍ ഇപ്രകാരം കച്ചവടയാത്ര പുറപ്പെടാന്‍ തുടങ്ങി.

കച്ചവടം ചെയ്ത് ലഭിച്ച വമ്പിച്ച ലാഭവുമായി അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ അവര്‍ മക്കയിലേക്ക് മടങ്ങി. അബൂസുഫ്‌യാന്‍ അന്ന് മുസ്‌ലിമായിരുന്നില്ല. അദ്ദേഹം പിന്നീടാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. നബി ﷺ യുടെ പ്രിയ പത്‌നി ഉമ്മു ഹബീബ(റ)യുടെ പിതാവാണ് അബൂസുഫ്‌യാന്‍. ശാമിലേക്ക് പോയ നാല്‍പതോളം വരുന്ന വര്‍ത്തകസംഘത്തിന്റെ നേതാവാണ് അന്ന് അബൂസുഫ്‌യാന്‍.

ഒരിക്കല്‍ മുസ്‌ലിംകളുടെ സ്വത്തും ക്വുറയ്ശികളുടെ സ്വത്തുമെല്ലാം ശേഖരിച്ച് വലിയ ഒരു സംഘം കച്ചവടത്തിനായി സിറിയയിലേക്ക് പുറപ്പെടുകയുണ്ടായി. അതില്‍നിന്ന് കിട്ടുന്ന ലാഭംകൊണ്ട് മുഹമ്മദ് നബി ﷺ യെയും അനുയായികളെയും നശിപ്പിക്കലായിരുന്നു ആ യാത്രയുടെ ഉദ്ദേശ്യം. ഇവര്‍ യാത്ര പുറപ്പെടാന്‍ ഒരുങ്ങുന്ന വിവരം നബി ﷺ ക്ക് കിട്ടി. അതിനാല്‍ അവരെ വഴിയില്‍വെച്ച് തടയണമെന്നും ശാമിലേക്ക് അവരെ പോകാന്‍ അനുവദിക്കരുതെന്നും നബി ﷺ തീരുമാനിച്ചു. പക്ഷേ, അവരെ തടയാന്‍ നബി ﷺ ക്ക് ആയില്ല. അപ്പോഴേക്കും അവര്‍ ശാമിലേക്ക് പോയിരുന്നു.

സ്വസ്ഥമായി ഒരു നാട്ടില്‍ (മദീനയില്‍) അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ സാഹചര്യമുണ്ടായിരുന്നു. അവിടെയും മുസ്‌ലിംകളെ ജീവിക്കാന്‍ ശത്രുക്കള്‍ സമ്മതിക്കാതിരിക്കുകയാണ്. മുസ്‌ലിംകളുടെത് അടക്കമുള്ള സ്വത്ത് ഉപയോഗപ്പെടുത്തി ലാഭമുണ്ടാക്കാനും ആ ലാഭം സ്വത്തിന്റെ അവകാശികള്‍ക്ക് എതിരില്‍ത്തന്നെ ഉപയോഗപ്പെടുത്താനും അവര്‍ തുനിഞ്ഞ സാഹചര്യത്തിലാണ് ആ കച്ചവട സംഘത്തെ തടയാനുള്ള ആഹ്വാനം നബി ﷺ സ്വഹാബിമാരോട് നടത്തിയത്. അത് ന്യായമായ ഒരു തീരുമാനമാണല്ലോ. അതല്ലാതെ, ഒരു യുദ്ധത്തിനുള്ള നീക്കമായിരുന്നില്ല നബി ﷺ നടത്തിയത്. പിന്നീടാണ് അത് യുദ്ധത്തില്‍ കലാശിച്ചത്. തങ്ങളെ നശിപ്പിക്കാന്‍ വേണ്ടി സമ്പത്തുണ്ടാക്കുവാനായി ശാമിലേക്കുള്ള അവരുടെ യാത്ര തടയലും, അവരുടെ സാമ്പത്തികശക്തി ദുര്‍ബലപ്പെടുത്തലുമായിരുന്നു നബി ﷺ യുടെ ലക്ഷ്യം. അതിനാല്‍തന്നെ മുസ്‌ലിംകളോട് യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി നിര്‍ദേശിക്കുകയും ചെയ്തിരുന്നില്ല. ഇങ്ങനെ ഒരു ഉദ്ദേശ്യത്തിനായി പുറപ്പെടുന്നുണ്ട്. ഉദ്ദേശിക്കുന്നവര്‍ വരിക എന്ന ഒരു സംസാരമാണ് നബി ﷺ സ്വഹാബിമാര്‍ക്കിടയില്‍ നടത്തിയത്. നബി ﷺ യുടെ നിര്‍ദേശം കേട്ടപ്പോള്‍ കുറച്ചുപേര്‍ തയ്യാറായി. 319 പേരെയും കൊണ്ടാണ് നബി ﷺ അതിനായി പുറപ്പെടുന്നത്. യുദ്ധ സന്നാഹത്തിലായിരുന്നില്ല അവരുടെ പുറപ്പാട്. ഇരുനൂറോളം ഒട്ടകവും രണ്ട് കുതിരകളും മാത്രമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അതിനാല്‍തന്നെ അവര്‍ വാഹനപ്പുറത്ത് മാറി മാറി യാത്ര ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. നബി ﷺ , അബൂലുബാബ(റ), അലി(റ) എന്നിവര്‍ക്കായി ഒരു വാഹനം തീരുമാനിക്കപ്പെട്ടു. നബി ﷺ യോടുള്ള സ്‌നേഹം കാരണം ഞങ്ങള്‍ നടക്കാമെന്നും താങ്കള്‍ അതില്‍ യാത്ര ചെയ്തുകൊള്ളുക എന്നും ഇരുവരും പറഞ്ഞു നോക്കി. നബി ﷺ അത് സമ്മതിച്ചില്ല. നബി ﷺ പറഞ്ഞു: 'നടത്തത്തില്‍ എന്നെക്കാള്‍ ശക്തരല്ല നിങ്ങള്‍ ഇരുവരും. നിങ്ങളെക്കാള്‍ പ്രതിഫലത്തെതൊട്ട് ഞാന്‍ ധന്യനുമല്ല' (അഹ്മദ്).

വിനീതനായ നബി ﷺ യെയാണ് ഇവിടെ നാം കാണുന്നത്. നേതാവായ ആ പ്രവാചകന്‍ അനുചരന്മാരോട് സ്‌നേഹത്തിലും ആദരവിലും സമത്വത്തിലും ഐക്യത്തിലുമാണ് ഇടപെട്ടിരുന്നത്. നബി ﷺ യുടെ ജീവിതത്തിലെ ഓരോ രംഗത്തും ഈ ഗുണങ്ങള്‍ പ്രകടമായിരുന്നു.

മദീനയില്‍നിന്നും പുറത്തേക്കാണല്ലോ നബി ﷺ യുടെയും അനുചരന്മാരുടെയും പുറപ്പെടല്‍. നമസ്‌കാരത്തിന് സമയമായാല്‍ പള്ളിയില്‍ നമസ്‌കാരം നിര്‍വഹിക്കപ്പെടണം, അതിന് നേതൃത്വം നല്‍കാന്‍ ആളുവേണം. നബി ﷺ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂ(റ)മിനെ ആ കാര്യം ഏല്‍പിച്ചിട്ടായിരുന്നു പുറപ്പെട്ടിരുന്നത്. മദീനയിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതിനായി ഒരു ഗവര്‍ണറെ ആവശ്യമായിരുന്നു. അതിനാല്‍ നബി ﷺ യുടെ കൂടെയുണ്ടായിരുന്ന അബൂലുബാബയെ(റ) മദീനയിലേക്ക് അവിടുന്ന് തിരിച്ചയക്കുകയും ചെയ്തു.

നബി ﷺ യും അനുചരന്മാരും തങ്ങളെ തടയാന്‍ പുറപ്പെട്ടിരിക്കുന്നു എന്ന വിവരം കച്ചവട സംഘത്തിന്റെ തലവന്‍ അബൂസുഫ്‌യാന്‍ എങ്ങനെയോ അറിഞ്ഞു. ഈ വിവരം ഉടനെത്തന്നെ മക്കയിലേക്ക് അദ്ദേഹം അറിയിക്കുകയും ചെയ്തു. നമ്മുടെ സാമ്പത്തിക സ്രോതസ്സായ ഈ കച്ചവട സംഘത്തെ തടയുന്നത് നമുക്ക് വമ്പിച്ച നഷ്ടമാണ് വരുത്തുകയെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള സന്ദേശം മക്കയിലേക്ക് കൈമാറി. വിവരം അറിഞ്ഞതും മക്കക്കാര്‍ അസഹ്യരായി. എന്ത് വിലകൊടുത്തും മുഹമ്മദിനെയും കൂട്ടരെയും തടയണമെന്ന തീരുമാനത്തിലായി മക്കക്കാര്‍. അതിനായി അവര്‍ എല്ലാ വിധത്തിലുള്ള സന്നാഹവും ഒരുക്കി. ആരോഗ്യമുള്ള മുഴുവന്‍ ആളുകളും തയ്യാറാകണമെന്ന് ക്വുറയ്ശി മുഖ്യന്മാര്‍ വിളംബരം ചെയ്തു. വളരെ പ്രയാസമുണ്ടായിരുന്ന അബൂലഹബ് ഒഴികെ എല്ലാവരും അതിന് തയ്യാറെടുത്തു. അതില്‍ പങ്കെടുക്കാത്തവരെ വളരെ മോശമായി അവര്‍ കണ്ടതിനാല്‍ ആരും അതിന് മടി കാണിച്ചില്ല. അങ്ങനെ മക്കയില്‍നിന്നും ആയിരം പേരടങ്ങുന്ന ഒരു വന്‍സൈന്യം അതിനായി ഒരുങ്ങിപ്പുറപ്പെട്ടു.

മുസ്‌ലിംകളുടെ കണ്ണില്‍പെടാതെ മറ്റൊരു വഴിക്ക് അബൂസുഫ്‌യാനും ഒപ്പമുള്ളവരും മക്കയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇനി ആരും മുസ്‌ലിംകളെ നേരിടാന്‍ പോകേണ്ടതില്ലെന്നും ഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു എന്നുമുള്ള വിവരം അദ്ദേഹം മക്കയിലേക്ക് അറിയിച്ചെങ്കിലും പിന്തിരിയാന്‍ അവര്‍ കൂട്ടാക്കിയില്ല. മുഹമ്മദ് നബി ﷺ യെയും വിശ്വാസികളെയും നിലംപരിശാക്കിയിട്ടേ മടങ്ങൂ എന്ന തീരുമാനത്തിലായിരുന്നു അവര്‍. ബദ്‌റിലേക്ക് പുറപ്പെടും മുമ്പ് അഹങ്കാരത്തിന്റെ പ്രതീകമായ അബൂജഹ്ല്‍ കഅ്ബയുടെ സമീപത്ത് എത്തി. കഅ്ബയുടെ വിരിപിടിച്ച് അവന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, രണ്ട് സൈന്യങ്ങളില്‍ ഏറ്റവും ഉന്നതമായതിനെ, രണ്ട് സംഘങ്ങളില്‍ ഏറ്റവും ആദരണീയമായതിനെ, രണ്ട് വിഭാഗങ്ങളില്‍ ഏറ്റവും നല്ലവരെ നീ സഹായിക്കേണമേ.'

നിരായുധരായ മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധത്തിനായി പുറപ്പെട്ട ക്വുറയ്ശിപ്പടയുടെ എണ്ണവും വണ്ണവും ശക്തമായിരുന്നു. ആയിരത്തോളം വരുന്ന ആ സംഘത്തിന് ഇരുനൂറ് കുതിരകള്‍ തന്നെ ഉണ്ടായിരുന്നു. കുതിര എന്ന മൃഗത്തിന്റെ കഴിവും ശക്തിയും ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിന് ഉപയോഗിക്കുന്ന ഒരു മൃഗമാണ് കുതിര. ശത്രുക്കളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്താന്‍ കഴിവുള്ള മൃഗമാണത്. മുസ്‌ലിംകള്‍ക്കാകട്ടെ നാമമാത്രമായ കുതിരകളും. പരിശീലനം നല്‍കപ്പെട്ട കുതിരകളും (അറബിയില്‍ അതിന് ഫറസ് എന്നാണ് പേര്), കുതിരപ്പുറത്ത് കയറി യുദ്ധം ചെയ്യാന്‍ പരിശീലിച്ചിട്ടുള്ളവരുടെ (കുതിരപ്പുറത്ത് കയറാന്‍ പരിശീലിച്ചവന് അറബിയില്‍ ഫാരിസ് എന്നാണ് പറയുക) എണ്ണവും ക്വുറയ്ശികളില്‍ മുസ്‌ലിംകളെക്കാള്‍ വളരെയധികമാണ്. ബദ്‌റിന്റെ സമീപത്ത് തമ്പടിച്ച് മുസ്‌ലിംകളെ പേടിപ്പിക്കാനായി എല്ലാവിധത്തിലുള്ള ആരവങ്ങളും അവര്‍ മുഴക്കി. അവരെ സുഖിപ്പിക്കാനായി ധാരാളം നര്‍ത്തകിമാരും കൂടെ ഉണ്ടായിരുന്നു; മദ്യം വേറെയും. കുടിച്ചും അട്ടഹസിച്ചും നൃത്തം ചെയ്തും പാട്ടുപാടിയും ദഫ് മുട്ടിയും അവര്‍ ആഘോഷിച്ചു. ഭക്ഷണത്തിനായി അവര്‍ ധാരാളം ഒട്ടകങ്ങളെ കരുതിയിരുന്നു.

മുസ്‌ലിംകള്‍ക്കെതിരില്‍ ശക്തമായ യുദ്ധസന്നാഹത്തോടെ അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ സൈന്യം പുറപ്പെട്ട വിവരം നബി ﷺ അറിയുകയാണ്. നാല്‍പതോളം പേരുള്ള കച്ചവടസംഘത്തെ തടയാന്‍ വേണ്ടി മാത്രം പുറപ്പെട്ട നബി ﷺ യുടെയും അനുചരന്മാരുടെയും സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. അവര്‍ വിചാരിച്ചത് പോലെയല്ല ഇപ്പോള്‍ കാര്യങ്ങളുടെ അവസ്ഥ. ശക്തമായ പോരാട്ടത്തിന്റെ മുന്നിലാണ് ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്. ഇതുവരെ ഇങ്ങനെയൊരു സാഹചര്യത്തില്‍ എത്തിപ്പെടുമെന്ന് ആരും വിചാരിച്ചതല്ലല്ലോ. ശക്തമായ ഒരു സൈന്യം തങ്ങള്‍ക്കെതിരില്‍ പുറപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ അവരില്‍ അങ്കലാപ്പുണ്ടായി. കച്ചവടസംഘത്തെ ഏതായാലും മുസ്‌ലിംകള്‍ക്ക് കിട്ടിയില്ലല്ലോ. അതിനാല്‍ ഇനി നമുക്ക് തിരിച്ചു പോകാം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഈ നിലക്കുള്ള ചില അഭിപ്രായങ്ങളെല്ലാം അവരില്‍ പലര്‍ക്കും ഉണ്ടായിരുന്നു. അതു സംബന്ധമായി ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

''വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെത്തന്നെ നിന്റെ വീട്ടില്‍നിന്ന് ന്യായമായ കാര്യത്തിന് നിന്റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്. ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശഷം അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ. രണ്ടു സംഘങ്ങളിലൊന്ന്  നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്ക് അധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്. അല്ലാഹുവാകട്ടെ തന്റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനുമാണ് ഉദ്ദേശിച്ചിരുന്നത്'' (ക്വുര്‍ആന്‍ 8:6,7).

അബൂജഹ്‌ലും സംഘവും പുറപ്പെട്ടിരിക്കുന്നു എന്ന വിവരം ലഭിച്ചപ്പോള്‍ വിശ്വാസികള്‍ പലരും ഭീതിയിലായി. അവരുമായി ഏട്ടുമുട്ടല്‍ അവര്‍ക്ക് പ്രയാസകരമായിത്തോന്നി. അത് തങ്ങളുടെ മരണത്തിലേക്കുള്ള നീക്കമാണെന്ന് അവര്‍ ധരിച്ചു. കച്ചവടസംഘത്തെയോ ക്വുറയ്ശിപ്പടയെയോ മുസ്‌ലിംകള്‍ക്ക് കീഴ്‌പെടുത്തപ്പെടുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം ഉണ്ടായിരുന്നു. ദുഷ്‌കരമല്ലാത്ത കച്ചവട സംഘത്തെയാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. കാരണം അവരും യുദ്ധസന്നാഹത്തോടെയല്ലല്ലോ വരുന്നത്. എന്നാല്‍ അല്ലാഹു സത്യം പലര്‍ന്നുകാണുവാനും അവിശ്വാസികളുടെ മുരട് മുറിച്ചുകളയാനുമായിരുന്നു തീരുമാനിച്ചിരുന്നത്. സത്യത്തിന്റെ വക്താക്കള്‍ക്ക് സൈ്വര്യമായും സമാധാനമായും ധൈര്യത്തോടെയും നില്‍ക്കാന്‍ ഒരു യുദ്ധം അനിവാര്യമായ സാഹചര്യമായി മാറിയപ്പോഴാണ് അല്ലാഹു അവരില്‍ ഇത്തരം ചില തീരുമാനങ്ങള്‍ കല്‍പിക്കുന്നത്. വിശ്വാസികളില്‍ അല്ലാഹുവിന്റെ ഒരു പരീക്ഷണം നടന്ന ഘട്ടമായിരുന്നു അത്. അടിപതറാതെ, ഈമാനോടെ രണഭൂമിയില്‍ ആരെല്ലാം ഉറച്ചുനില്‍ക്കും എന്ന് അറിയാനുള്ള ഒരു പരീക്ഷണം.

കച്ചവടസംഘം രക്ഷപ്പെട്ട വിവരവും ക്വുറയ്ശിപ്പടയുടെ വരവും അറിഞ്ഞ സമയത്ത് സ്വഹാബിമാര്‍ പ്രകടിപ്പിച്ച ചില അഭിപ്രായങ്ങള്‍ നാം കണ്ടുവല്ലോ. ഈ ഘട്ടത്തില്‍ നബി ﷺ അധികാര സ്വരത്തില്‍ അവരെ നിര്‍ബന്ധിക്കാന്‍ കൂട്ടാക്കിയില്ല. മുഹാജിറുകളോടും അന്‍സ്വാറുകളോടും നബി ﷺ കൂടിയാലോചന ചെയ്തു. ഇബ്‌നു കഥീര്‍(റ) വിവരിക്കുന്നു:

''മിക്വ്ദാദ്(റ) എഴുന്നേറ്റു. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അല്ലാഹു അങ്ങേക്ക് കാണിച്ചുതന്നതനുസരിച്ച് മുന്നോട്ടു നീങ്ങുക. ഞങ്ങള്‍ (മുഹാജിറുകള്‍) അങ്ങയുടെ കൂടെ ഉണ്ടായിരിക്കുന്നതാണ്. അല്ലാഹുവാണ സത്യം, ബനൂ ഇസ്‌റാഈല്യര്‍ മൂസാനബി(അ)യോട് പറഞ്ഞപോലെ അങ്ങയോട് ഞങ്ങള്‍ പറയുകയില്ല. (അവര്‍ പറഞ്ഞു): 'നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്.' എന്നാല്‍ (ഞങ്ങള്‍ പറയുന്നു); താങ്കളും താങ്കളുടെ രക്ഷിതാവും പോയി യുദ്ധം ചെയ്യുക; തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ കൂടെ യുദ്ധം ചെയ്യുന്നവരായി ഉണ്ടാകുന്നതാണ്. അങ്ങയെ സത്യവുമായി അയച്ചവന്‍ തന്നെയാണ സത്യം, താങ്കള്‍ ബര്‍കുല്‍ ഗിമാദിലേക്ക് ഞങ്ങളെയുമായി പോകുന്നുവെങ്കില്‍ താങ്കള്‍ അവിടെ എത്തുന്നതുവരെ അങ്ങയുടെ കൂടെ ഞങ്ങള്‍ ഉറച്ചുണ്ടാകുന്നതാണ്.' അപ്പോള്‍ അദ്ദേഹത്തോട് അല്ലാഹുവിന്റെ റസൂല്‍ ﷺ നന്നായി എന്ന് പറയുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് റസൂല്‍ ﷺ പറഞ്ഞു: 'ഓ ജനങ്ങളേ, നിങ്ങള്‍ എനിക്ക് നിര്‍ദേശം തരുവിന്‍.' അന്‍സ്വാറുകളെയാണ് നബി ﷺ ഉദ്ദേശിച്ചത്. (കാരണം) തീര്‍ച്ചയായും അവര്‍ക്കായിരുന്നു എണ്ണക്കൂടുതല്‍. അവര്‍ അക്വബയില്‍വെച്ച് നബി ﷺ യോട് ഉടമ്പടി ചെയ്ത സന്ദര്‍ഭത്തില്‍ പറഞ്ഞിരുന്നു: 'അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ വീടുകളിലേക്ക് (മദീനയിലേക്ക്) അങ്ങ് എത്തുന്നതുവരെ അങ്ങയുടെ സംരക്ഷണത്തെ തൊട്ട് ഞങ്ങള്‍ ഒഴിഞ്ഞവരാണ്. എന്നാല്‍ അങ്ങ് ഞങ്ങളിലേക്ക് (മദീനയില്‍) എത്തിയാല്‍ അവിടുന്ന് ഞങ്ങളുടെ സംരക്ഷണത്തിലായിരിക്കുന്നതാണ്. ഞങ്ങളുടെ മക്കളെയും സ്ത്രീകളെയും (ശത്രുക്കളില്‍നിന്ന്) തടയുന്നതിനെക്കാള്‍ നിങ്ങളെ (ശത്രുക്കളെ തൊട്ട്) ഞങ്ങള്‍ തടയുന്നതാണ്.' തന്റെ ശത്രു തന്നെ വല്ലതും ചെയ്യുന്നതിനെ തൊട്ട് അന്‍സ്വാറുകള്‍ മദീനയില്‍ ആയിരിക്കുമ്പോഴല്ലാതെ സഹായിക്കുകയില്ല എന്നും അവരുടെ നാട്ടില്‍നിന്നും ശത്രുവിലേക്ക് അവരെയുമായി പോയാല്‍ അവരുടെമേല്‍ (സഹായിക്കല്‍ ബാധ്യത) ഇല്ല എന്നുമുള്ള ഭയം അല്ലാഹുവിന്റെ റസൂലി ﷺ നുണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ﷺ അത് പറഞ്ഞപ്പോള്‍ സഅ്ദുബ്‌നു മുആദ്(റ) നബി ﷺ യോട് പറഞ്ഞു: 'അല്ലാഹുവാണ സത്യം, അല്ലാഹുവിന്റെ റസൂലേ, അങ്ങ് ഞങ്ങളെ (അന്‍സ്വാറുകളെ) ഉദ്ദേശിച്ചുതുപോലെയുണ്ടല്ലോ.' നബി ﷺ പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: 'തീര്‍ച്ചയായും ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും അങ്ങയെ സത്യപ്പെടുത്തുകയും അങ്ങ് കൊണ്ടുവന്നത് സത്യമാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നവരാണ്. ആ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നിങ്ങളോട് കരാറെടുക്കുകയും നിങ്ങളെ കേള്‍ക്കാമെന്നും അനുസരിക്കാമെന്നുമുള്ള ഞങ്ങളുടെ കരാര്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുകയും ചെയ്തില്ലേ? അതിനാല്‍ അല്ലാഹുവിന്റെ റസൂലേ, അല്ലാഹു അങ്ങയോട് എന്താണോ ഉദ്ദേശിച്ചത് അതുമായി മുന്നോട്ട് പോയിക്കൊള്ളുക. ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. അങ്ങയെ സത്യവുമായി അയച്ചവന്‍ തന്നെയാണ സത്യം, അങ്ങ് ഞങ്ങളെയും കൊണ്ട് ഒരു സമുദ്രത്തിലേക്ക് എടുത്തുചാടാന്‍ ആവശ്യപ്പെടുകയും അങ്ങനെ അങ്ങ് അതില്‍ ഊളിയിടുകയും ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങളും അതില്‍ അങ്ങയുടെ കൂടെ ഊളിയിടുന്നതാണ്. ഞങ്ങളില്‍ ഒരാളും പിന്നോട്ട് പോകുന്നതല്ല. നാളെ നമ്മുടെ ശത്രുവിനെ ഞങ്ങളെയുമായി അങ്ങ് കണ്ടുമുട്ടുന്നതിനെ ഞങ്ങള്‍ വെറുക്കുന്നവരുമല്ല. തീര്‍ച്ചയായും യുദ്ധഭൂമിയില്‍ ഞങ്ങള്‍ ക്ഷമിക്കുന്നവരും (ശത്രുക്കളെ) കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ ഞങ്ങള്‍ സത്യസന്ധരുമായിരിക്കുന്നതാണ്. അല്ലാഹു അങ്ങയുടെ കണ്ണിന് ഞങ്ങള്‍ മുഖേന കുളിര്‍മ നല്‍കിയേക്കാം. അതിനാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലായി അങ്ങ് നീങ്ങുക.' മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും മറുപടി തിരുദൂതരെ അങ്ങേയറ്റം സന്തോഷിപ്പിച്ചു.

(തുടരും)