ഉഹ്ദ് യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 സെപ്തംബര്‍ 25 1442 സഫര്‍ 18

(മുഹമ്മദ് നബി ﷺ : 39)

ബദ്‌റിലെ മുസ്‌ലിംകളുടെ വിജയം ശത്രുക്കളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. മക്കയിലും മദീനയിലും അതിന്റെ അലയൊലികള്‍ ഉണ്ടായി. ശത്രുക്കള്‍ക്ക് വലിയ അപമാനവും നാണക്കേടും ബദ്ര്‍ യുദ്ധം സമ്മാനിച്ചു. വിശ്വാസികള്‍ക്ക് ഈമാനികമായ കൂടുതല്‍ ശക്തിയും ലഭിച്ചു. മദീനയില്‍ മേല്‍ക്കോയ്മ നടിച്ച് നടന്നിരുന്ന യഹൂദികള്‍ക്ക് മുസ്‌ലിംകളുടെ വിജയം വലിയ അസ്വസ്ഥതയുണ്ടാക്കി. യഹൂദികളുടെ വമ്പും വീര്യവുമെല്ലാം ക്ഷയിച്ചു. ബദ്ര്‍ യുദ്ധത്തിന് ശേഷം ഇസ്‌ലാമിന് വലിയ വളര്‍ച്ചയുണ്ടായി. മക്കയില്‍നിന്നും മദീനയില്‍നിന്നുമായി ഇസ്‌ലാമിലേക്ക് വരുന്നവരുടെ എണ്ണം കൂടിവരാന്‍ തുടങ്ങി. ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കണ്ടപ്പോള്‍ പലര്‍ക്കും വിഭ്രാന്തിയുണ്ടായി. നമ്മളായിട്ട് ഇനി എങ്ങനെ മാറിനില്‍ക്കും, എങ്ങനെ ഇനി ഇസ്‌ലാമില്‍ ചേരാതിരിക്കും എന്ന് വിചാരിച്ചും ചിലര്‍ ഇസ്‌ലാമിലേക്ക് കയറിക്കൂടി.

അങ്ങനെ കയറിക്കൂടിയവരില്‍ പെട്ടവനാണ് അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍. ഇസ്‌ലാമിന്റെ കുപ്പായമിട്ട് കയറിവന്ന അവനെക്കൊണ്ട് പില്‍ക്കാലത്ത് മുസ്‌ലിംകള്‍ സഹിക്കേണ്ടിവന്ന ഉപദ്രവങ്ങള്‍ക്ക് കണക്കില്ലായിരുന്നു. കപടവിശ്വാസികളുടെ നേതാവായി പിന്നീട് അവന്‍ അറിയപ്പെട്ടു. അവന്‍ ഇസ്‌ലാമില്‍ വന്നിട്ട് ചില മുന്നണികള്‍ക്ക് രൂപം കൊടുത്തു. അവന്റെ നേതൃത്വത്തില്‍ മുനാഫിക്വുകളുടെ (കപടവിശ്വാസികളുടെ) സൈന്യം നബി ﷺ ക്കും വിശ്വാസികള്‍ക്കുമെതിരില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ടീമിനെ സജ്ജമാക്കി. അതേസമയം, തങ്ങളുടെ തലതൊട്ടപ്പന്മാര്‍ നിലംപൊത്തിയ ജാള്യതയിലും അപമാനത്തിലുമാണ് മക്കയിലെ ക്വുറയ്ശികള്‍. സാധാരണ അറബികള്‍ ആരെങ്കിലും മരണപ്പെട്ടാല്‍ നെഞ്ചത്തിടിച്ചും നിലവിളിച്ചും ആര്‍ത്തട്ടഹസിച്ചിരുന്നവരാണ്. ബദ്‌റില്‍ അവരുടെ നേതാക്കള്‍ വധിക്കപ്പെട്ടിട്ട് യാതൊരു അനക്കവും ഇല്ലാതെ ഇളിഭ്യരായി കഴിയുകയായിരുന്നു. മുസ്‌ലിംകള്‍ അറിയാതിരിക്കാന്‍ അവരുടെ ദുഃഖം അവര്‍ ഉള്ളിലൊതുക്കി. ബദ്ര്‍ യുദ്ധത്തിലെ പരാജയത്തോടെ മക്കയില്‍നിന്നും സിറിയയിലേക്ക് കച്ചവടത്തിനായി പോകുന്ന മാര്‍ഗം മുസ്‌ലിംകളുടെ അധീനതയിലായി. ഇപ്പോള്‍ മക്കക്കാര്‍ക്ക് അതുവഴി യാത്ര ചെയ്യാന്‍ സാധിക്കാതെയായി. അതെല്ലാം തിരിച്ചുപിടിച്ച് പകരം ചോദിക്കണം എന്നെല്ലാം അവര്‍ തീരുമാനിച്ചു. ഇങ്ങനെ രണ്ട് വലിയ ലക്ഷ്യങ്ങള്‍ അവര്‍ക്ക് മുമ്പില്‍ ഉണ്ടായിരുന്നു.

ബദ്‌റിലെ പരാജയത്തിന് പകരംവീട്ടാന്‍ അവര്‍ തീരുമാനിച്ചു. അതിനായി അവര്‍ വിഭവങ്ങള്‍ സമാഹരിച്ചു. കോപ്പുകള്‍ ഒരുക്കൂട്ടി. ഓരോദിവസം കഴിയുംതോറും പ്രതികാരചിന്ത അവരുടെ മനസ്സുകളില്‍ തിളച്ചുമറിയാന്‍ തുടങ്ങി. ആ പ്രതികാര മനഃസ്ഥിതിമൂലമാണ് ഒരു കൊല്ലവും ഒരു മാസവും കഴിഞ്ഞ് (ഹിജ്‌റ 3ന്) ശവ്വാലില്‍ ഉഹ്ദില്‍വെച്ച് അടരാടാന്‍ അവര്‍ തീരുമാനിച്ചത്. ശവ്വാല്‍ 15 ശനിയാഴ്ചയാണ് അത് സംഭവിച്ചത് എന്നതാണ് പ്രസിദ്ധമായ അഭിപ്രായം. മസ്ജിദുന്നബവിയില്‍നിന്നും ഏകദേശം അഞ്ചര കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഉഹ്ദ് പര്‍വതനിരകള്‍ക്കു സമീപമാണിത് നടന്നത്.

ബദ്ര്‍ യുദ്ധത്തിന്റെ പശ്ചാത്തലം നാം മനസ്സിലാക്കിയല്ലോ. ഒരിക്കലും ശത്രുക്കളോട് യുദ്ധം ചെയ്യാനുള്ള ഒരു മുന്നൊരുക്കത്തിലല്ലായിരുന്നു മുസ്‌ലിംകള്‍. അതേസമയം മക്കയില്‍നിന്നും മദീനയില്‍ എത്തിയ മുസ്‌ലിംകളെ നശിപ്പിക്കാനായി ശത്രുക്കള്‍ രൂപകല്‍പന ചെയ്ത ചില പദ്ധതികള്‍ നബി ﷺ അറിഞ്ഞപ്പോള്‍ ആ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. എന്നാല്‍ അത് മക്കക്കാര്‍ക്ക് സഹിച്ചില്ല. അങ്ങനെയാണ് യുദ്ധം രൂപപ്പെട്ടത്.

ബദ്‌റിലെ പരാജയത്തിന് പകരം ചോദിക്കാന്‍ ഒരു വലിയ സൈന്യവുമായി അവര്‍ മക്കയില്‍നിന്നും പുറപ്പെട്ടു. മൂവായിരത്തോളം വരുന്ന ആളുകളാണ് അന്ന് അതില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. കൂടാതെ ഇരുനൂറ് കുതിരകളും. യുദ്ധത്തിന് എല്ലാവിധത്തിലുള്ള വീര്യവും ലഭിക്കുമാറ് ആയുധസാമഗ്രികളും നര്‍ത്തകിമാരും വാദ്യോപകരണങ്ങളും എല്ലാമായി അവര്‍ പുറപ്പെട്ടു. അബൂസുഫ്‌യാന്‍, ഖാലിദുബ്‌നുല്‍ വലീദ്, ഇക്‌രിമതുബ്‌നു അബീജഹ്ല്‍ (മൂന്നുപേരും പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി) തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

മക്കയില്‍നിന്നും മദീനയിലേക്ക് യുദ്ധത്തിന് ശത്രുക്കള്‍ പുറപ്പെട്ടിരിക്കുന്നു എന്ന വിവരം നബി ﷺ അറിഞ്ഞു. ഇത്തരം ഘട്ടങ്ങളില്‍ നേതാവായ നബി ﷺ സ്വന്തമായ ഒരു തീരുമാനം കൈകൊള്ളാറില്ലല്ലോ. അനുചരന്മാരുമായി കൂടിയാലോചിക്കലാണ് അവിടുത്തെ പതിവ്. അപ്രകാരം തന്നെ ഈ സന്ദര്‍ഭത്തിലും നബി ﷺ സ്വഹാബികളോടൊത്ത് കൂടിയാലോചിച്ചു. ശത്രുക്കള്‍ മദീനയില്‍ പ്രവേശിച്ച് നമുക്കെതിരില്‍ ആക്രമണം തുടങ്ങുമ്പോഴാണോ, അതോ മദീനയില്‍ എത്തുന്നതിന് മുമ്പായി മദീനയുടെ പുറത്തുവെച്ചാണോ അവരെ എതിരിടേണ്ടത് എന്നതിലായിരുന്നു നബി ﷺ സ്വഹാബിമാരോട് കൂടിയാലോചന നടത്തിയിരുന്നത്. ഇപ്പോള്‍ നമ്മള്‍ സുശക്തമായ, നിര്‍ഭയത്വമുള്ള ഒരു നാട്ടിലാണ് ഉള്ളത്. അതിനാല്‍ നമുക്ക് അവര്‍ മദീനയില്‍ പ്രവേശിച്ച് നമ്മെ കടന്നാക്രമിക്കുന്ന സമയത്ത് അവരോട് എതിരിടാം എന്നതായിരുന്നു നബി ﷺ യുടെ അഭിപ്രായം. അത് നബി ﷺ സ്വഹാബിമാരെ അറിയിച്ചു.

'നബിയേ, മദീനയുടെ അകത്തുവെച്ച് ഞങ്ങള്‍ ശത്രുക്കളാല്‍ വധിക്കപ്പെടുന്നത് ഞങ്ങള്‍ വെറുക്കുന്നു. ഇതിനകത്ത് ഒരു യുദ്ധം ഉണ്ടാകുന്നത് ഞങ്ങള്‍ വെറുക്കുന്നു. ജാഹിലിയ്യാ കാലത്ത് പോലും ഞങ്ങള്‍ അത് ശ്രദ്ധിച്ചവരായിരുന്നു. മുസ്‌ലിംകളായതിന് ശേഷം ഇനി നാം അത് ഏറെ ശ്രദ്ധിക്കേണ്ടതില്ലേ. അതിനാല്‍ മദീനക്ക് പുറത്തുവെച്ചാകാം അവരോടുള്ള സംഘട്ടനം' എന്ന് അന്‍സ്വാരികളില്‍ പെട്ട  പലരും അഭിപ്രായപ്പെട്ടു. നബി ﷺ യുടെ അഭിപ്രായത്തിന് എതിരാണ് അനുയായികള്‍ പറയുന്നതെന്ന വിഷമമൊന്നും നേതാവായ നബി ﷺ യെ പിടികൂടിയില്ല. വിനീതനായ നേതാവ് മുഹമ്മദ് നബി ﷺ അനുചരന്മാരുടെ അഭിപ്രായം അംഗീകരിച്ചു. പടയങ്കിയണിഞ്ഞു; പുറത്തേക്കിറങ്ങാന്‍ ഒരുങ്ങി.

ഈ സന്ദര്‍ഭത്തില്‍ സ്വഹാബിമാര്‍ക്കിടയില്‍ ചില സംസാരങ്ങളുണ്ടായി. എന്തിന് നാം നബി ﷺ യുടെ അഭിപ്രായത്തിന് എതിര് പറഞ്ഞു? അത് അരുതായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ﷺ ഇവിടം വിട്ട് പോകാന്‍ ആഗ്രഹിച്ചതല്ലല്ലോ. ഇവിടെ വെച്ചുതന്നെ അവരെ പ്രതിരോധിക്കാനായിരുന്നല്ലോ നബി ﷺ ഉദ്ദേശിച്ചത്. നബി ﷺ യുടെ ആ ആഗ്രഹത്തിന് നാം എതിര് നില്‍ക്കേണ്ടിയിരുന്നില്ല എന്ന് സ്വഹാബിമാര്‍ക്കിടയില്‍ സംസാരമുണ്ടായി. അവര്‍ നബി ﷺ യോട് സംസാരിക്കാനായി ഹംസ(റ)യെ ഏല്‍പിച്ചു. എന്നിട്ട് അവര്‍ അദ്ദേഹത്തോട് പറഞ്ഞു:

''ഓ, ഹംസ! താങ്കള്‍ നബി ﷺ യോട് പറയൂ: '(നബിയേ) അങ്ങയുടെ തീരുമാനം പിന്‍പറ്റാനാണ് ഞങ്ങളുടെ തീരുമാനം.' അങ്ങനെ ഹംസ(റ) നബി ﷺ യോട് (അത്) പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, തീര്‍ച്ചയായും ജനങ്ങള്‍ക്ക് കുറ്റബോധം ഉണ്ടായിരിക്കുന്നു. അവര്‍ പറയുന്നു; ഞങ്ങളുടെ തീരുമാനം അങ്ങയുടെ തീരുമാനത്തെ പിന്തുടരുകയാണ് (എന്നതാണ്).' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'ഒരു പ്രവാചകന് പടയങ്കി അണിഞ്ഞാല്‍ അത് (യുദ്ധം) അവസാനിക്കുന്നതുവരെ അഴിച്ചുവെക്കല്‍ ചേര്‍ന്നതല്ല...''(തഫ്‌സീറുത്ത്വബ്‌രി).

വ്യക്തമായ ഒരു കാര്യത്തില്‍ അല്ലാഹു തീര്‍പ്പ് പറഞ്ഞിട്ടില്ലാത്ത കാര്യത്തിലായിരുന്നു ഇങ്ങനെ നബി ﷺ കൂടിയാലോചന നടത്തിയിരുന്നത്. അല്ലാഹു ഏതൊരു കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടുണ്ടോ, ആ കാര്യത്തില്‍ പിന്നെ കൂടിയാലോചന നടത്തുന്നതില്‍ പ്രസക്തിയില്ലല്ലോ. അത്തരം കാര്യങ്ങളില്‍ അവിടുന്ന് കൂടിയാലോചന നടത്താറുമില്ലായിരുന്നു. അനുചരന്മാരോട് കൂടിയാലോചന നടത്തിയ കാര്യത്തില്‍ ഒരു കാര്യം തീരുമാനിക്കുകയും അതില്‍ എല്ലാ നന്മക്കുമായി അല്ലാഹുവില്‍ ഭരമേല്‍പിച്ച്മുന്നോട്ട് പോകുകയുമായിരുന്നു അവിടുത്തെ രീതി.

കൂടിയാലോചനക്കുവേണ്ടി ഇരിക്കുന്നതിന് മുമ്പേ തീരുമാനം കാണുകയും ആ തീരുമാനത്തിന് എതിരായി യോഗങ്ങളില്‍ ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്കെതിരെ ഗര്‍ജിക്കുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ചില നേതാക്കളുണ്ട്. അത്തരം നേതാക്കളാണ് ഏതൊരു സംഘത്തിന്റെയും നാശത്തിന് തുടക്കം കുറിക്കുക. ഒരു നേതാവ് അനുയായികള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം നല്‍കുകയും അവരുടെ അഭിപ്രായത്തെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ കഴിവുള്ളവനായിരിക്കണം. എതിര്‍ക്കുന്നവരെ അധിക്ഷേപിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ കഴിയില്ല. നബി ﷺ യുടെ അഭിപ്രായത്തിന് എതിരു പറഞ്ഞ സ്വഹാബിമാരെ നബി ﷺ ചീത്തപറയുകയോ അധിക്ഷേപിക്കുകയോ ചെയ്തില്ല. അവരോട് സഹിഷ്ണുതാ മനോഭാവത്തോടെ അവിടുന്ന് പെരുമാറി. അവരുടെ അഭിപ്രായത്തോട് യോജിച്ച് മദീനക്ക് പുറത്തേക്ക് ഇറങ്ങാന്‍ അവിടുന്ന് തീരുമാനമായി. നേരത്തെ ബദ്‌റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത സ്വഹാബിമാര്‍ക്ക് ഈ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ആവേശമായിരുന്നു. അങ്ങനെ ആയിരത്തോളം വരുന്ന സേനാവ്യൂഹവുമായി നബി ﷺ മദീനയില്‍നിന്ന് പുറപ്പെടുന്നു.

മദീനയില്‍നിന്നും ആയിരത്തോളം അംഗങ്ങളുള്ള സൈന്യവുമായി പുറപ്പെട്ടതില്‍ ഒരു അബ്ദുല്ലാഹ് ഉണ്ടായിരുന്നു. 'ശൗത്വ്' എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അയാളുടെ നിറം മാറി. ആ അബ്ദുല്ലാഹ് നബി ﷺ യോട് സ്‌നേഹം ഉള്ളവനോ മുസ്‌ലിംകള്‍ക്ക് നന്മ വരണം എന്ന് വിചാരിക്കുന്നവനോ അല്ലായിരുന്നു. മുസ്‌ലിംകളുടെ കൂട്ടത്തില്‍ നുഴഞ്ഞുകയറിയ കപടവിശ്വാസിയായ ഇയാളുടെയും മുന്നൂറോളം അനുയായികളുടെയും ലക്ഷ്യം നിര്‍ണായകസമയം എത്തുമ്പോള്‍ മുസ്‌ലിംകളെ ചതിക്കണം എന്നതായിരുന്നു. സൈന്യം ശൗത്വ് എന്ന സ്ഥലത്തെത്തിയപ്പോള്‍ കപട വിശ്വാസികളുടെ നേതാവായ ഈ അബ്ദുലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍ അവന്റെ ആളുകളോട് നമുക്ക് പിന്തിരിയാം എന്ന് ആഹ്വാനം നല്‍കി. അങ്ങനെ ഈ മുനാഫിക്വുകള്‍ വഴിയില്‍വെച്ച് പിന്തിരിഞ്ഞു. പക്വതയും പ്രായവും ഉള്ള ഞങ്ങളുടെ അഭിപ്രായം സ്വീകരിക്കാതെ മുഹമ്മദ് ചെറുപ്പക്കാരുടെ അഭിപ്രായമാണ് സ്വീകരിച്ചത് എന്നതായിരുന്നു ഇയാള്‍ പിന്തിരിയാനുള്ളതിന്റെ കാരണമായി പറഞ്ഞത്. അയാളുടെ അഭിപ്രായം മദീനയുടെ പുറത്ത് പോകാതെ അകത്തുവെച്ച് തന്നെ അവരോട് പോരാടാം എന്നതായിരുന്നു. അവന് നേരത്തെ തന്നെ നബി ﷺ യെ അവന്റെ തീരുമാനം അറിയിക്കാമായിരുന്നു. പക്ഷേ, അവന്‍ അത് ചെയ്തില്ല. ഉള്ളില്‍ വിശ്വാസമില്ലാത്ത കപടനാണല്ലോ അയാള്‍. അപ്പോള്‍ അയാളുടെ ലക്ഷ്യം വിഫലമാകും. നിര്‍ണായക സമയത്ത് മുന്നൂറ് പേരെയും കൂട്ടി പിന്തിരിഞ്ഞാല്‍ തീര്‍ച്ചയായും അത് മുസ്‌ലിം സൈന്യത്തിന് വലിയ ആഘാതമാകും എന്ന് അയാള്‍ പ്രതീക്ഷിച്ചു. പല രൂപത്തിലുള്ള അനുനയങ്ങള്‍ക്കും മുസ്‌ലിംകള്‍ മുന്നോട്ട് വന്നു. അതൊന്നും അവന് സ്വീകാര്യമായില്ല. യുദ്ധത്തില്‍ പങ്കെടുത്തില്ലെങ്കിലും ശത്രുക്കള്‍ക്ക് നാം വലിയൊരു സംഘമുണ്ടെന്ന് തോന്നാനായി ഒന്നു കൂടെനിന്നുകൂടേ എന്നുപോലും അവനോട് അവര്‍ ചോദിച്ചു. എന്നാല്‍ അതൊന്നും അവന്‍ ചെവിക്കൊണ്ടില്ല. അവന്‍ നേരത്തെ തയ്യാറാക്കിയ അജണ്ട പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുസ്‌ലിംകളുടെ കൂട്ടത്തില്‍നിന്ന് അബ്ദുല്ലാഹിബ്‌നു അംറുബ്‌നു ഹറാം(റ) മുന്നോട്ട് വന്നു. അവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. അതിനൊന്നും വഴങ്ങാന്‍ ഒരുക്കമല്ലാത്തതിനാല്‍ അബ്ദുല്ലാഹിബ്‌നു അംറുബനു ഹറാം(റ) അവനോട് പറഞ്ഞു:

''അല്ലാഹുവിന്റെ ശത്രുക്കളായ നിങ്ങളെ അല്ലാഹു അകറ്റട്ടെ. അല്ലാഹു അവന്റെ പ്രവാചകനെ നിങ്ങളില്‍ നിന്നും നിരാശ്രയനാക്കുന്നതാണ്'' (സീറതു ഇബ്‌നു ഹിശാം).

അങ്ങനെ മുനാഫിക്വുകളായ മുന്നൂറ് പേര്‍ പിന്മാറി. ബാക്കി വരുന്നവരെയും കൂട്ടി പ്രവാചകന്‍ ﷺ യാത്ര തുടര്‍ന്നു. ഒരു വലിയ സംഘം പിന്തിരിഞ്ഞതില്‍ പലര്‍ക്കും വിഷമം ഉണ്ടായി. അത് സ്വാഭാവികമാണല്ലോ. ഏതായിരുന്നാലും ഉള്ളവരെ നബി ﷺ ഒന്നുകൂടെ പരിശോധിക്കുകയും അവരെ സമാധാനിപ്പിക്കുകയും ചെയ്തു.

പോര്‍ക്കളത്തിലേക്ക് ഇറങ്ങും മുമ്പ് തന്റെ കൂടെയുള്ള സംഘങ്ങളെ നബി ﷺ ഒരുമിച്ചുചേര്‍ത്തു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), ഉസാമ(റ) പോലെയുള്ള കൗമാരക്കാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നബി ﷺ 'നിങ്ങള്‍ പങ്കെടുക്കേണ്ട, തിരിച്ചു പോയിക്കോളൂ' എന്ന് അവരോടു പറഞ്ഞു. എന്നാല്‍ അവര്‍ക്ക് അത് വലിയ വിഷമമായിരുന്നു. അവര്‍ ഓരോരുത്തരും അവരുടെ പല കഴിവുകളും നബി ﷺ യെ അറിയിച്ചു. ഇസ്‌ലാമിന് വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുത്ത് അതിന്റെ പ്രതിഫലം കരസ്ഥമാക്കലായിരുന്നു അവരുടെ ലക്ഷ്യം. ആ കൂട്ടത്തിലെ റാഫിഅ് ഇബ്‌നു ഖുദൈജ്(റ) എന്ന കുട്ടി ഞാന്‍ ഉന്നം തെറ്റാതെ ശരിയായ രൂപത്തില്‍ അമ്പെയ്യാന്‍ സാധിക്കുന്നവനാണെന്നും എന്റെ പ്രായം പരിഗണിക്കാതെ എന്നെ കൂടെ കൂട്ടണമെന്നും നബി ﷺ യോട് പറഞ്ഞു. നബി ﷺ ആ കുട്ടിക്ക് സമ്മതം നല്‍കി. ഈ രംഗം കണ്ടു നില്‍ക്കുകയാണ് സമുറതുബ്‌നു ജുന്‍ദുബ്(റ). അദ്ദേഹവും കുട്ടിയാണ്. തന്നെയും കൂടെ കൂട്ടണമെന്ന് ആ കുട്ടി നബി ﷺ നോട് ആവശ്യപ്പെടുന്നു. നബി ﷺ ആ കുട്ടിക്ക് സമ്മതം നല്‍കിയില്ല. 'നബിയേ, നിങ്ങള്‍ റാഫിഇനെ എടുത്തില്ലേ? അവനെക്കാള്‍ ശക്തനാണ് ഞാന്‍. വേണമെങ്കില്‍ അങ്ങ് ഞങ്ങളുടെ കായികബലം പരിശോധിച്ചോളൂ. ഞാന്‍ റാഫിഇനെ പരാജയപ്പെടുത്തുന്നതാണ്' എന്ന് സമുറ(റ) പറഞ്ഞു. അവര്‍ രണ്ടു പേരും ഒരു മല്‍പിടുത്തത്തിന് തയ്യാറായി. റാഫിഇനെ സമുറ പരാജയപ്പെടുത്തി. സമുറയെയും നബി ﷺ കൂടെ കൂട്ടി. ബാക്കി വന്ന കുട്ടികളെയെല്ലാം നബി ﷺ തിരിച്ചയച്ചു.

നബി ﷺ യും അനുയായികളും യുദ്ധക്കളത്തിലേക്ക് ഇറങ്ങുകയാണ്. മദീനയില്‍ ചെന്ന് നോക്കിയാല്‍ നമുക്ക് ഇന്നും കാണാന്‍ സാധിക്കുന്ന വലിയ പര്‍വത നിരകളാണ് ഉഹ്ദ്. ഉഹ്ദ് മലയെ പിന്നിലാക്കി നബി ﷺ യും അനുചരന്മാരും നിന്നു. മുന്നില്‍ ശത്രുക്കളുണ്ട്. അതിന്റെ മുന്നിലായി ഒരു ചെറിയ കുന്നുണ്ടായിരുന്നു. അതില്‍ അമ്പെയ്ത്തി ല്‍ വിദഗ്ധരായ അമ്പതോളം ആളുകളെ അബ്ദുല്ലാഹിബ്‌നു ജുബയ്‌റി(റ)ന്റെ നേതൃത്വത്തില്‍ നിര്‍ത്തി. ജബലുര്‍റൂമാത്ത് എന്നാണ് പിന്നീട് ആ കുന്നുകള്‍ അറിയപ്പെടുന്നത്. അബ്ദുല്ലാഹിബ്‌നു ജുബയ്‌റി(റ)ന്റെ നേതൃത്വത്തിലുള്ള ഈ അമ്പെയ്ത്തുകാര്‍ക്ക് നബി ﷺ ഇപ്രകാരം നിര്‍ദേശം കൊടുത്തിരുന്നു:

''നിങ്ങള്‍ക്ക് ഞാന്‍ സന്ദേശം നല്‍കുന്നതുവരെ, ഞങ്ങളെ പക്ഷികള്‍ റാഞ്ചുന്നതാണ് നിങ്ങള്‍ കാണുന്നതെങ്കിലും നിങ്ങള്‍ നിങ്ങളുടെ സ്ഥാനത്തെ വിട്ടുപിരിയരുത്. ഈ സംഘം ഞങ്ങളെ തകര്‍ക്കുന്നതും കീഴ്‌പെടുത്തുന്നതും നിങ്ങള്‍ കാണുകയാണെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് സന്ദേശം നല്‍കുന്നതുവരെ നിങ്ങള്‍ (സ്ഥലം) വിടുകയും ചെയ്യരുത്'' (ബുഖാരി).

(തുടരും)