മദീനയിലേക്കുള്ള പലായനം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജൂലൈ 17 1442 ദുല്‍ഹിജ്ജ 06

(മുഹമ്മദ് നബി ﷺ : 29)

രണ്ടാം അക്വബ ഉടമ്പടിക്കുശേഷം യഥ്‌രിബുകാര്‍ സ്വന്തം നാട്ടിലേക്കു മടങ്ങി. അവര്‍ സ്വന്തം കുടുംബങ്ങള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. അങ്ങനെ യഥ്‌രിബില്‍ ഇസ്‌ലാം കൂടുതല്‍ വ്യാപിച്ചു തുടങ്ങി.

നബി ﷺ എവിടേക്കാണ് ഹിജ്‌റ പോകേണ്ടത് എന്നത് ഇടയ്ക്കിടെ സ്വപ്‌നത്തിലൂടെ കാണാറുണ്ടായിരുന്നു. നബി ﷺ തന്നെ പറയുന്നത് കാണുക:

''ധാരാളം ഈത്തപ്പനകളുള്ള ഒരു നാട്ടിലേക്ക് മക്കയില്‍നിന്ന് ഞാന്‍ ഹിജ്‌റ പോകുന്നത് സ്വപ്‌നത്തില്‍ കാണുകയുണ്ടായി. അങ്ങനെ അത് യമാമയായിരിക്കുമോ, അല്ലെങ്കില്‍ ഹജ്‌റ് പ്രദേശമായിരിക്കുമോ എന്നെല്ലാം (എനിക്ക്) തോന്നി. എന്നാല്‍ അത് യഥ്‌രിബ് ആകുന്ന മദീനയായിരുന്നു'' (ബുഖാരി).

നബി ﷺ മക്കയിലുണ്ടായിരുന്ന വിശ്വാസികള്‍ ഓരോരുത്തരോടായി യഥ്‌രിബിലേക്ക് പലായനം ചെയ്യാനായി അല്ലാഹുവിന്റെ കല്‍പന പ്രകാരം നിര്‍ദേശിച്ചു. ആദ്യം നേതാവായ നബിയല്ല പോകുന്നത്. അനുയായികളോട് ആദ്യം രക്ഷപ്പെടാന്‍ കല്‍പിക്കുകയാണ് അവിടുന്ന് ചെയ്തത്. അങ്ങനെ ഓരോരുത്തരും മക്ക വിട്ടു യഥ്‌രിബിലേക്ക് പോയി. മക്കയില്‍നിന്നും മദീനയിലേക്ക് ഹിജ്‌റപോയ ഇവരാണ് 'മുഹാജിറുകള്‍' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബിമാര്‍.

സന്തോഷത്താലുള്ള ഒരു യാത്രയായിരുന്നില്ല അത്. കാരണം, മുഹാജിറുകളുടെ ആദ്യഘട്ട ചരിത്രം നോക്കിയാല്‍, ആദ്യമായി മക്കവിട്ട് പോയ കുടുംബം അബൂസലമ(റ)യുടെതാണ്. സലമ(റ) കൈക്കുഞ്ഞായിരിക്കുന്ന സമയത്താണ് അബൂസലമ(റ)- ഉമ്മുസലമ(റ) കുടുംബം യഥ്‌രിബിലേക്ക് പോകുന്നത്. അതുപോലെ മുസ്വ്അബ്(റ), അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ), ബിലാല്‍(റ), സഅദ്ബ്‌നു അബീ വക്വാസ്വ്(റ), അമ്മാര്‍(റ), ഉമറുബ്‌നുല്‍ ഖത്വാബ്(റ) തുടങ്ങിയ ഇരുപതോളം സ്വഹാബിമാരാണ് ആദ്യമായി പോയത്.

മുസ്‌ലിംകള്‍ ഓരോരുത്തരായി മക്കവിടുന്നു എന്ന വിവരം ക്വുറയ്ശികള്‍ അറിഞ്ഞു. അവരെ തടയാന്‍ ആവുന്ന അടവുകളെല്ലാം പയറ്റിനോക്കി. ഭീഷണിപ്പെടുത്തി തടയാന്‍ തുടങ്ങി. സമ്പന്നരായവര്‍ മക്ക വിടുമ്പോള്‍ സമ്പത്ത് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് തടഞ്ഞു. ഇവിടെനിന്നും ഉണ്ടാക്കിയ സ്വത്ത് ഇവിടെ ഉപേക്ഷിച്ച് ഒറ്റക്ക് വേണമെങ്കില്‍ പോകാം എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. യഥ്‌രിബിലേക്കുള്ള യാത്ര തടയലായിരുന്നു അവരുടെ തന്ത്രം. ആര്‍ക്കും തന്റെ മുതലിനോട് സ്‌നേഹവും അത് നഷ്ടപ്പെടുന്നതില്‍ വേദനയും ഉണ്ടാകുമല്ലോ. അപ്പോള്‍ ഇപ്രകാരം തീരുമാനിച്ചാല്‍ അവര്‍ മക്കയില്‍നിന്ന് പോകില്ല എന്നായിരുന്നു അവര്‍ വിചാരിച്ചത്. ഈമാനിന്റെ മാധുര്യം ആസ്വിദിച്ചുകൊണ്ടിരിക്കുന്ന അവര്‍ക്ക് പണമായിരുന്നില്ല വലുത്. അവര്‍ എല്ലാം ഉപേക്ഷിച്ച് യഥ്‌രിബിലേക്ക് പോകാന്‍ തയ്യാറായി.

ഭാര്യയും ഭര്‍ത്താവും കുട്ടികളുമായി പോകുന്നവരും അവരില്‍ ഉണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച സലമത്ത് കുടുംബം അവരില്‍ പെട്ടവരാണ്. മടിത്തട്ടില്‍ കളിച്ചുനടക്കുന്ന പ്രായമാണ് അന്ന് സലമത്തി(റ)ന്. അബൂസലമ(റ) ഭാര്യയെയും കുട്ടിയെയും വാഹനപ്പുറത്ത് ഇരുത്തി പോകുമ്പോള്‍ മക്കക്കാര്‍ തടയുകയുണ്ടായി.

അവര്‍ ചോദിച്ചു: ''എവിടേക്കാണ് പോകുന്നത്?''

''യഥ്‌രിബിലേക്ക്.''

 ''ഭാര്യയെയും കുഞ്ഞിനെയും ഇവിടെ ഒഴിവാക്കി തനിച്ച് പോകുക.''

ആരും പതറിപ്പോകുന്ന ഭീഷണിയാണല്ലോ ഇത്. ശത്രുക്കള്‍ വിചാരിച്ചത് ഇപ്രകാരം പറഞ്ഞാല്‍ അവരെ തളച്ചിടാമെന്നായിരുന്നു. അങ്ങനെ ഭാര്യയെയും കുട്ടിയെയും തന്നില്‍നിന്നും വേര്‍പെടുത്തി. എന്നാല്‍ ഭാര്യയും കുഞ്ഞും തമ്മില്‍ ബന്ധമുണ്ടോ? അതും ഇല്ല! ആ രംഗവും കാണേണ്ടി വരികയാണ് അബൂ സലമ(റ)ക്ക്. കുട്ടിയെ ആരോ കൊണ്ടുപോയി. ഉമ്മയെ വേറൊരാളും. ഉപ്പയും ഉമ്മയും കുഞ്ഞും വേറെ വേറെ. ഒരു ഭാഗത്ത് കുഞ്ഞിന്റെ കരച്ചില്‍. ഒരു ഭാഗത്ത് നിസ്സഹായയായ ഭാര്യയുടെ വിതുമ്പല്‍. ഒരു ഭാഗത്ത് അല്ലാഹുവിന്റെ കല്‍പന. ഏത് തിരഞ്ഞെടുക്കും? അബൂസലമ(റ) ആലോചിച്ചു. യഥ്‌രിബിലേക്ക് അല്ലാഹുവിന്റെ കല്‍പന പ്രകാരം ഒറ്റക്ക് ഹിജ്‌റ പോകാന്‍ അബൂസലമ(റ) തീരുമാനിച്ചു. അങ്ങനെ യഥ്‌രിബിലേക്ക് തനിച്ച് പുറപ്പെട്ടു. അബൂസലമ(റ) യഥ്‌രിബിലേക്ക് പോയ അന്നുമുതല്‍ ഏകദേശം ഒരു കൊല്ലത്തോളം മക്കയുടെ തെരുവുകളില്‍ എന്നെ യഥ്‌രിബിലേക്ക് പോകാന്‍ സമ്മതിക്കൂ എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. മാസങ്ങളോളം കുഞ്ഞിനെ തന്നിലേക്ക് ഏല്‍പിക്കാനും യഥ്‌രിബിലേക്ക് പോകാനും ശത്രുക്കളോട് ആ മഹതി കെഞ്ചിനോക്കി. അവര്‍ കുഞ്ഞിനെ കൊടുത്തില്ല. യഥ്‌രിബിലേക്കുള്ള അനുവാദവും നല്‍കിയില്ല. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഒരാളുടെ ഹൃദയത്തില്‍ ആ മഹതിയുടെ കരച്ചില്‍ വല്ലാതെ വേദനയുണ്ടാക്കി. അദ്ദേഹം മുസ്‌ലിമൊന്നും ആയിരുന്നില്ല. മനസ്സലിഞ്ഞ അദ്ദേഹം ഈ ക്രൂരതക്കെതിരെ ജനങ്ങളെ ചോദ്യം ചെയ്തു. ഉമ്മുസലമ(റ)യോട് ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനും ആരും നിന്നെ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മു സലമഃ(റ) പറഞ്ഞു: 'അബ്ദുല്‍ അസദിന്റെ കുടുംബം എന്റെ കുഞ്ഞിനെ തടഞ്ഞുവെച്ചിരിക്കുകയാണ്.' അപ്പോള്‍ അദ്ദേഹം അവരില്‍നിന്നും കുഞ്ഞിനെ വാങ്ങി ഉമ്മയെ ഏല്‍പിച്ചു. അങ്ങനെ കുഞ്ഞിനെയുമായി ഉമ്മു സലമ(റ) ഒറ്റക്ക് യാത്ര തുടങ്ങി. ഇതൊക്കെയായിരുന്നു ആദ്യത്തെ ഹിജ്‌റയുടെ അവസ്ഥ!

ഓരോരുത്തരായി മക്കവിട്ടു. ശത്രുക്കള്‍ രോഷാകുലരായി. ഇനി നേതാവ് മുഹമ്മദും സ്ഥലം കാലിയാക്കുമെന്ന് അവര്‍ക്ക് മനസ്സിലായി. അവര്‍ യോഗം ചേര്‍ന്നു. അല്ലാഹു പറയുന്നു:

''നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍'' (ക്വുര്‍ആന്‍ 8:30).

നബി ﷺ യെ ബന്ധനസ്ഥനാക്കണോ, കൊന്നുകളയണോ, നാട്ടില്‍നിന്ന് പുറത്താക്കണോ എന്നെല്ലാം തീരുമാനിക്കാനായി അവര്‍ ഒത്തുചേര്‍ന്നു. അതിനായി പല കുതന്ത്രങ്ങളും മെനഞ്ഞു. എന്നാല്‍ നബി ﷺ ക്കെതിരില്‍ അവര്‍ കുതന്ത്രം മെനഞ്ഞപ്പോള്‍ അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അവരുടെ കുതന്ത്രം പരാജയപ്പെടുകയും അല്ലാഹുവിന്റെ തന്ത്രം വിജയിക്കുകയും ചെയ്തു. അല്ലാഹുവിനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ലല്ലോ.

അവര്‍ നബി ﷺ യുടെ വീട് വളഞ്ഞു. എല്ലാവരുടെയും കയ്യില്‍ വാളും നല്‍കി. പുറത്തിറങ്ങിയാല്‍ കൊന്നു കളയുക; ഇതായിരുന്നു തീരുമാനം. നബി ﷺ തന്ത്രപരമായി അലി(റ)യെ തന്റെ വിരിപ്പില്‍ കിടത്തി. നബി ﷺ അവിടെനിന്നും പുറത്തിറങ്ങി. ശത്രുക്കളുടെ കണ്ണില്‍പെടാതെ അല്ലാഹു നബി ﷺ യെ അത്ഭുതകരമായി അവിടെനിന്നും രക്ഷപ്പെടുത്തി.

നബി ﷺ യഥ്‌രിബിലേക്ക് ഹിജ്‌റ പോകാനുള്ള അനുവാദം കിട്ടിയ വിവരം നേരത്തെതന്നെ അബൂബക്‌റി(റ)നെ അറിയിച്ചിരുന്നു. തനിക്ക് അല്ലാഹു ഉത്തമനായ ഒരു കൂട്ടുകാരനെ തരുന്നതാണെന്നും നബി ﷺ പറഞ്ഞു. ഇത് അബൂബക്‌റി(റ)ന് ഒരു സൂചന നല്‍കിയതായിരുന്നു. ആ കൂട്ടുകാരന്‍ ഞാനായിരുന്നെങ്കില്‍ എന്ന് അബൂബക്ര്‍(റ) കൊതിച്ചു.

ശത്രുക്കളുടെ കണ്ണില്‍പെടാതെ രക്ഷപ്പെട്ട നബി ﷺ നേരെ അബൂബക്‌റി(റ)ന്റെ വീട്ടിലേക്ക് പോയി. വളരെ സ്വകാര്യമായി ഇരുവരും ഥൗര്‍ ഗുഹയെ ലക്ഷ്യംവെച്ച് യാത്ര തുടര്‍ന്നു.

നബി ﷺ യുടെ വീടു വളഞ്ഞ്, പുറത്ത് കടക്കുമ്പോള്‍ പിടിക്കാന്‍ നില്‍ക്കുന്ന ആളുകള്‍ നബി ﷺ യെ കാണുന്നില്ല! വിരിപ്പില്‍ കണ്ടത് അലി(റ)യെയാണ്. നബി ﷺ യും അബൂബക്‌റും(റ) രക്ഷപ്പെട്ട വിവരം മക്കയില്‍ പരസ്യമായി. രോഷം കത്തിയാളി. നാലുപാടും അവര്‍ തെരയാന്‍ തുടങ്ങി. നബി ﷺ യും അബൂബക്‌റും(റ) ഥൗര്‍ ഗുഹയില്‍ ഇരിക്കുന്ന സമയത്ത് ശത്രുക്കള്‍ തൊട്ടടുത്ത സ്ഥലത്തുവരെ എത്തി. ഗുഹയില്‍നിന്ന് ശത്രുവിന്റെ കാല്‍ ഗുഹാമുഖത്ത് ഇരുവരും കാണുന്നുണ്ട്! ഈ സന്ദര്‍ഭത്തില്‍ നബി ﷺ യോട് അബൂബക്ര്‍(റ) പറഞ്ഞു:

'അല്ലാഹുവിന്റെ പ്രവാചകരേ, അവരില്‍ ആരെങ്കിലും തന്റെ ദൃഷ്ടി താഴ്ത്തിയാല്‍ നമ്മെ കാണുകയില്ലേ?' നബി ﷺ പറഞ്ഞു: 'അബൂബക്‌റേ, സംസാരിക്കല്ലേ. മൂന്നാമനായി അല്ലാഹു ഉള്ള രണ്ടാളുകളാണ് (നാം).'

ക്വുര്‍ആന്‍ ഈ കാര്യം പറയുന്നത് ഇപ്രകാരമാണ്:

''നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്‌റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു...'' (ക്വുര്‍ആന്‍ 9:40).

അല്ലാഹു ഇരുവരെയും ശത്രുക്കളില്‍നിന്നും രക്ഷപ്പെടുത്തി. ഈ സന്ദര്‍ഭത്തെ കുറിച്ച് പല കഥകളും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗുഹാമുഖത്ത് ചിലന്തികള്‍ ആ സമയത്ത് കൂടുകൂട്ടിയെന്നും ഇതു കണ്ട ശത്രുക്കള്‍ ഇതില്‍ ആരും ഉണ്ടാകില്ലെന്ന് ചിന്തിച്ച് ആ ഗുഹയിലേക്ക് തിരഞ്ഞുനോക്കിയല്ല എന്നുമെല്ലാം കാണാം. ഇതൊന്നും ശരിയായ റിപ്പോര്‍ട്ടുകളല്ല. അതുപോലെ ഗുഹാമുഖത്ത് ഒരു വൃക്ഷം ഉണ്ടാകുകയും അതില്‍ മാടപ്രാവ് വന്ന് കൂടുകൂട്ടുകയും അതില്‍ അത് മുട്ടയിടുകയും ചെയ്തിട്ടുണ്ടായിരുന്നു; ആള്‍ പെരുമാറ്റമുള്ള സ്ഥലത്ത് മാടപ്രാവ് കൂട്ടുകൂടില്ല എന്ന് മനസ്സിലാക്കി അവര്‍ ആ ഗുഹയിലേക്ക് നോക്കാതെ പോയി എന്നും പറയപ്പെടുന്നു. ഇതും ശരിയായ റിപ്പോര്‍ട്ടുകളല്ല. ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല.

മൂന്നുദിവസത്തെ താമസത്തിനുശേഷം ഇരുവരും അവിടെനിന്നും പുറപ്പെട്ടു. അവിടെനിന്നും നേരെ യഥ്‌രിബിലേക്ക് പറപ്പെട്ടാല്‍ ശത്രുക്കള്‍ കാണും. അതിനാല്‍ യഥ്‌രിബിലേക്ക് കുറുക്കുവഴി അറിയാവുന്ന, മുസ്‌ലിമല്ലാത്ത വിശ്വസ്തനായ ഒരു സുഹൃത്തിനെ അവര്‍ യാത്രക്ക് വഴികാട്ടിയായി സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് അബ്ദുല്ലാഹിബ്‌നു ഉറയ്ക്വിത്വ് എന്നായിരുന്നു. നബി ﷺ അദ്ദേഹത്തിന്റെ സഹായം ഉപയോഗപ്പെടുത്തി. ഥൗര്‍ ഗുഹയില്‍ കഴിയുന്ന വേളയില്‍ ഭക്ഷണവുമായി വരുന്നവരുടെ കാല്‍പാടുകള്‍ മായ്ക്കാനായി ആമിര്‍ എന്ന ഒരു ഇടയനെയും ഏര്‍പാട് ചെയ്തിരുന്നു. അദ്ദേഹം തന്റെ ആടുകളെ അതിലൂടെ നടത്തിക്കും.

അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് (ഭരമേല്‍പിച്ച്) ജീവിക്കുന്നവന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തിട്ടായിരിക്കണം ഭരമേല്‍പിക്കേണ്ടത് എന്ന ഒരു സന്ദേശം ഇതില്‍നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്. നബി ﷺ ഹിജ്‌റക്ക് ഒരുങ്ങുന്നതിന് മുമ്പേ ആവശ്യമായ ഓരോന്നും തയ്യാറാക്കിയതിന് ശേഷമായിരുന്നു അല്ലാഹുവില്‍ തവക്കുല്‍ ചെയ്തിരുന്നത്.

യാത്രക്കിടയില്‍ ഇരുവരും വിശന്ന് അവശരായി. അവര്‍ അബൂമഅ്ബദ് എന്ന് പേരുള്ള ഒരാളുടെ വീട്ടില്‍ എത്തി. അദ്ദേഹത്തിന്റെ വീട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലായിരുന്നു. കറവ വറ്റിയ ഒരു ആട് മാത്രമെ ആ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹവും മുസ്‌ലിമായിരുന്നില്ല. നബി ﷺ അവരോടെല്ലാം മാന്യമായിട്ടാണ് പെരുമാറിയത്. അതാണ് പ്രവാചക ജീവിതം. നബി ﷺ ചോദിച്ചു: 'എവിടെ ആ ആട്?' അദ്ദേഹം ആടിനെ കാണിച്ചുകൊടുത്തു. ആടിനെ നബി ﷺ യുടെ അടുത്തേക്ക് കൊണ്ടുവരാന്‍ പറഞ്ഞു. അതിനെ കൊണ്ടുവന്നു. എന്നിട്ട് അതില്‍ അല്ലാഹുവിന്റെ ബറകതിനായി അല്ലാഹുവിനോട് നബി ﷺ തേടി. ശേഷം നബി ﷺ അതിനെ കറക്കാന്‍ തുടങ്ങി. അത്ഭുതം! ധാരാളം പാല്‍ ലഭിക്കുന്നു. നബി ﷺ യും അബൂബക്‌റും(റ) അതില്‍നിന്ന് നന്നായി കുടിച്ചു. അബൂമഅ്ബദും കുടിച്ചു. അബൂമഅ്ബദ്, നബി ﷺ യോട് ആ സമയത്ത് ചോദിച്ചു: 'മതം മാറിയ ഒരു പുത്തന്‍വാദിയുണ്ടെന്ന് ക്വുറയ്ശികള്‍ പറയുന്ന ആള്‍ താങ്കളാണോ?' നബി ﷺ പറഞ്ഞു: 'അവര്‍ അങ്ങനെ പറയുന്നു.' (ഞാന്‍ മതം മാറുകയോ പുതിയ മതം സ്വീകരിക്കുകയോ ഒന്നും ചെയ്തിട്ടില്ല). ആ സമയത്ത് അബൂമഅ്ബദ് നബി ﷺ യില്‍ വിശ്വസിച്ചതായി പ്രഖ്യാപിച്ചു. ഇമാം ബസ്സാര്‍(റഹി) ഹസനായ സനദോടെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നബി(സ്വ)യെ വധിക്കുന്നവര്‍ക്ക് നൂറ് ഒട്ടകം സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അബൂമഅ്ബദി(റ)ന്റെ വീട്ടില്‍നിന്നും നബി(സ്വ)യും അബൂബക്‌റും(റ) പുറപ്പെടുന്നത് സുറാക്വതുബ്‌നു മാലിക് കാണുകയാണ്. ആവേശത്തോടെ അദ്ദേഹം നബി(സ്വ)യെ പിന്തുടര്‍ന്നു.

മൂന്നാളുകള്‍ ഇന്ന വഴിക്ക് പോകുന്നത് കണ്ടു എന്ന് സുറാക്വത്തിന് വിവരം കിട്ടി. അത് നബി(സ്വ)യും അബൂബക്‌റും(റ) സഹായിയും ആണ് എന്ന് അയാള്‍ ശരിക്കും മനസ്സിലായിരുന്നു. എന്നാലും സുറാക്വത്ത് പറഞ്ഞു: 'അത് അവരാകില്ല. വല്ല കച്ചവടക്കാരും പോകുന്നതാകും.' ക്വുറയ്ശികള്‍ പ്രഖ്യാപിച്ച സമ്മാനം താന്‍തന്നെ നേടുന്നതിന് അയാള്‍ ഒരു സൂത്രം പ്രയോഗിച്ചതായിരുന്നു. അതും പറഞ്ഞ് സുറാക്വത്ത് അവിടെനിന്നും അവരറിയാതെ അതിവേഗത്തില്‍ കുതിക്കുന്ന ഒരു കുതിരപ്പുറത്ത് യാത്രയാരംഭിച്ചു. സഞ്ചാരത്തിനിടയില്‍ കുതിര വീഴുന്നു, സുറാക്വത്തും കുതിരപ്പുറത്തുനിന്ന് വീഴുന്നു. കാരണം മനസ്സിലാകാതെ സുറാക്വത്ത് യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ഏകദേശം നബി(സ്വ)യുടെ അടുത്ത് എത്താനായി. നബിയെ പിടിക്കാന്‍ വരുന്ന ആരെങ്കിലും ഉണ്ടോ എന്ന് അറിയാന്‍ അബൂബക്ര്‍(റ) ഇടയ്ക്കിടെ പിന്നിലേക്ക് തിരിഞ്ഞുനോക്കും. അബൂബക്ര്‍(റ) സുറാക്വത്തിനെ കണ്ടു. നബി(സ്വ)യോട് വിവരം പറഞ്ഞു. നബി(സ്വ) തിരിഞ്ഞുനോക്കിയതേയില്ല. അവിടുന്ന് ക്വുര്‍ആന്‍ പാരായണം ചെയ്ത് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. 'അബൂബക്‌റേ, പേടിക്കേണ്ടതില്ല, അല്ലാഹുവുണ്ട് കൂടെ' എന്നിങ്ങനെ നബി(സ്വ) ആശ്വസിപ്പിച്ചു. പെട്ടെന്ന് സുറാക്വത്തിന്റെ കുതിര നബി(സ്വ)യുടെ സമീപത്ത് എത്തി. 'നില്‍ക്കൂ' എന്ന് അട്ടഹസിച്ച് നബി(സ്വ)ക്കെതിരില്‍ മുന്നോട്ടുവന്ന സുറാക്വത്തിന് അതുവരെ ഉണ്ടായതില്‍നിന്ന് വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടാകുകയാണ്. അയാളുടെ കുതിരയുടെ കാല്‍ മുട്ടോളം മണലില്‍ ആണ്ടുപോയി. രക്ഷയില്ലെന്ന് സുറാക്വത്തിന് മനസ്സിലായി. ഞാന്‍ ഒന്നും ചെയ്യില്ലെന്ന് വിളിച്ചു പറഞ്ഞു. നിങ്ങളെ ഉപദ്രവിക്കില്ലെന്നും നിങ്ങളെക്കുറിച്ച് ആര്‍ക്കും വിവരം കൊടുക്കില്ലെന്നും സുറാക്വത്ത് നബി(സ്വ)ക്ക് ഉറപ്പു നല്‍കി. അവിടെനിന്നും രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലെ ലക്ഷ്യം. ഏതായിരുന്നാലും അദ്ദേഹം നബി(സ്വ)ക്ക് നല്‍കിയ ആ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മണലില്‍ ആണ്ട കുതിരയെയും അവനെയും നബി(സ്വ) രക്ഷപ്പെടുത്തുകയും അവന്‍ തിരികെ പോകുകയും ചെയ്തു. സുറാക്വത്ത് കരാര്‍ പാലിച്ചു. ആരോടും ഈ വിവരം പറഞ്ഞില്ല. പിന്നീട് കുറെ നാളുകള്‍ കഴിഞ്ഞ് അദ്ദേഹം മുസ്‌ലിമാകുകയും ചെയ്തു. ദുര്‍ഘടമായ മാര്‍ഗങ്ങളിലൂടെ അല്ലാഹുവിന്റെ സഹായത്താല്‍ നബി(സ്വ)യും അബൂബക്‌റും(റ) യഥ്‌രിബിലേക്ക് യാത്രതുടര്‍ന്നു. യഥ്‌രിബുകാര്‍ തങ്ങള്‍ സഹായം വാഗ്ദാനം ചെയ്ത നേതാവിന്റെ വരവിനെ സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നു.

(അവസാനിച്ചില്ല)