പ്രബോധനരംഗത്ത്

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഫെബ്രുവരി 06 1442 ജുമാദല്‍ ആഖിറ 24

(മുഹമ്മദ് നബിﷺ, ഭാഗം 8)

രഹസ്യപ്രബോധനം

'ഹേ, പുതച്ചു മൂടിയവനേ' എന്ന് തുടങ്ങുന്ന സൂറത്തുല്‍ മുദ്ദസ്സിറിലെ ആദ്യസൂക്തങ്ങള്‍ ഇറങ്ങിയ പശ്ചാത്തലം നാം മനസ്സിലാക്കുകയുണ്ടായി. പേടിച്ച് മൂടിപ്പുതച്ച് കിടക്കുന്ന മുഹമ്മദ് നബി ﷺ യോട് അല്ലാഹു എഴുന്നേല്‍ക്കുവാനും ജനങ്ങള്‍ക്ക് താക്കീത് നല്‍കുവാനും മറ്റും കല്‍പിച്ചു.

മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ നിര്‍ദേശപ്രകാരം ജനങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. പ്രവാചകന്‍റെ പ്രബോധം ആദ്യനാളുകളില്‍ രഹസ്യമായിട്ടായിരുന്നു നടന്നിരുന്നത്. താന്‍ പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ട വിവരവും തനിക്ക് നല്‍കപ്പെട്ടിട്ടുള്ള സന്ദേശങ്ങളും കഅ്ബയുടെ അടുത്തുചെന്ന് പരസ്യമായി പ്രഖ്യാപിക്കലായിരുന്നില്ല അവിടുന്ന് ആദ്യം ചെയ്തത്. വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു നബി ﷺ പ്രബോധനം ചെയ്തത് എന്നര്‍ഥം. ഈ പദ്ധതി നബി ﷺ സ്വയം ഉണ്ടാക്കുന്നതായിരുന്നില്ല. മറിച്ച്, അല്ലാഹുവിന്‍റെ നിര്‍ദേശത്താലായിരുന്നു അവിടുന്ന് അപ്രകാരമെല്ലാം ചെയ്തിരുന്നത്.

'ഹേ, പുതച്ചു മൂടിയവനേ' എന്ന് തുടങ്ങുന്ന വചനങ്ങള്‍ ഇറങ്ങിയതിനുശേഷം തന്‍റെ വീട്ടിലുള്ളവരെയും തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരെയും വിശ്വസ്തരും തന്നോട് അടുത്ത് ഇടപഴകുന്നവരുമായവരെയും ആദ്യമായി ഈ സന്ദേശം അറിയിച്ചു. മൂന്ന് കൊല്ലത്തോളം ഇപ്രകാരം രഹസ്യമായിട്ടായിരുന്നു നബി ﷺ പ്രബോധനം നടത്തിയത് എന്നാണ് ചരിത്രത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

നബി ﷺ യുടെ പ്രബോധനത്താല്‍ ഇസ്ലാമിലേക്ക് ആദ്യമായി പ്രവേശിച്ചത് അവിടുത്തെ പ്രിയപത്നി ഖദീജ(റ) തന്നെയായിരുന്നു. ശേഷം തന്‍റെ വീട്ടില്‍ ദത്തുപുത്രനായി വളര്‍ന്ന സയ്ദുബ്നു ഹാരിഥും(റ) നബി ﷺ യില്‍ വിശ്വസിച്ചവരില്‍ മുന്‍പന്തിയിലുള്ളവരാണ്. അതുപോലെ നബിയുടെ സംരക്ഷണത്തില്‍ വളര്‍ന്ന പിതൃവ്യപുത്രന്‍ അലി(റ)യും നബി ﷺ യില്‍ ആദ്യമേ വിശ്വസിച്ചു. അന്ന് അദ്ദേഹത്തിന് പത്ത് വയസ്സ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളൂ. നബിയുടെ പിതൃവ്യന്‍ അബൂത്വാലിബ് വലിയ ഒരു സമ്പന്നനായിരുന്നില്ല. അദ്ദേഹത്തിന് ധാരാളം മക്കളും ഉണ്ടായിരുന്നു. അബൂത്വാലിബിന് ജീവിത പ്രാരാബ്ധം അങ്ങേയറ്റം ഉള്ളതിനാല്‍ എല്ലാവരെയും പോറ്റുക എന്നത് പ്രയാസമായിരുന്നു. ഈ പ്രയാസം കണ്ട നബി ﷺ അലി(റ)യുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും അവിടുത്തെ ഭവനത്തില്‍ വളര്‍ത്തുകയുമാണ് ചെയ്തത്. ചുരുക്കത്തില്‍, നബിയുടെ വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യ ഖദീജ(റ), മക്കളായ സൈനബ്, റുക്വിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ(റ) തുങ്ങിയവരും, ദത്തുപുത്രന്‍ സയ്ദ്(റ), വളര്‍ത്തുപുത്രന്‍ അലി(റ) തുടങ്ങിയവരും ആദ്യമേ നബിയില്‍ വിശ്വസിച്ചു. തന്‍റെ ഉറ്റസുഹൃത്തായ അബൂബക്റും(റ) തുടക്കത്തില്‍ ഇസ്ലാം ആശ്ലേഷിച്ചവരുടെ കൂട്ടത്തിലാണ്. അബൂബക്റി(റ)നെ നബി ﷺ ഇപ്രകാരം പുകഴ്ത്തിയത് കാണാവുന്നതാണ്:

അബുദ്ദര്‍ദാഅ്(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "ഞാന്‍ നബി ﷺ യുടെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അബൂബക്ര്‍ തന്‍റെ കാല്‍മുട്ട് വെളിവാകുന്നത് വരെ തന്‍റെ വസ്ത്രത്തിന്‍റെ അറ്റം പിടിച്ചുകൊണ്ട് (അവിടേക്ക്) മുന്നിട്ടു... അപ്പോള്‍ നബി ﷺ പറഞ്ഞു: 'തീര്‍ച്ചയായും അല്ലാഹു നിങ്ങളിലേക്ക് എന്നെ നിയോഗിക്കുകയുണ്ടായി. അപ്പോള്‍ നിങ്ങള്‍ പറഞ്ഞു: നീ കളവാണ് പറയുന്നത്. (അതേ സമയം) അബൂബക്ര്‍ പറഞ്ഞു; 'നബി പറയുന്നത് സത്യമാകുന്നു.' അദ്ദേഹം തന്‍റെ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നിട്ട് എനിക്കുവേണ്ടി എന്‍റെ കൂട്ടുകാരനെ നിങ്ങള്‍ ഒഴിവാക്കുകയാണോ?' രണ്ടു തവണ നബി ﷺ ഇങ്ങനെ ചോദിക്കുകയുണ്ടായി."

അബൂബക്ര്‍(റ) ഇസ്ലാമിലേക്ക് വന്നതോടെ അദ്ദേഹത്തിന്‍റെ കുടുംബവും ഇസ്ലാം സ്വീകരിച്ചു. ആഇശ(റ) തന്‍റെ മാതാപിതാക്കളെ കുറിച്ച് പറയുന്നത് ഇപ്രകാരം നമുക്ക് കാണാന്‍ സാധിക്കും:

"(ഓര്‍മവെച്ച നാള്‍ മുതല്‍) എന്‍റെ മാതാപിതാക്കളെ ഈ ദീന്‍ അനുസരിച്ച് ജീവിക്കുന്നവരായിട്ടല്ലാതെ എനിക്ക് അറിയില്ല. ഏതൊരു ദിവസത്തിന്‍റെയും രണ്ടറ്റത്ത് (അഥവാ) രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഞങ്ങളുടെ അടുത്ത് വന്നുപോകാത്ത ഒരു ദിവസവും ഉണ്ടായിരുന്നില്ല. പിന്നീട് അബൂബക്റിന് (അത്) വെളിവായി. അങ്ങനെ അദ്ദേഹം തന്‍റെ വീടിന്‍റെ മുറ്റത്ത് ഒരു പള്ളി നിര്‍മിച്ചു. അതില്‍ അദ്ദേഹം നമസ്കരിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുമായിരുന്നു. അപ്പോള്‍ മുശ്രിക്കുകളുടെ ഭാര്യമാരും കുട്ടികളും അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ആശ്ചര്യപ്പെടുന്നവരായിക്കൊണ്ട് അദ്ദേഹത്തെ നോക്കിനില്‍ക്കും. അബൂബക്ര്‍(റ) കൂടുതല്‍ കരയുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന് ക്വുര്‍ആന്‍ പാരായണം തുടങ്ങിയാല്‍ തന്‍റെ കണ്ണുകളെ നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നില്ല. മുശ്രിക്കുകളില്‍ പെട്ട ക്വുറയ്ശി പ്രമാണിമാരെ ഇത് ഭയപ്പെടുത്തി" (ബുഖാരി).

തന്‍റെ ചെറുപ്രായം മുതല്‍ തന്നെ ഉപ്പയെയും ഉമ്മയെയും കാണുന്നത് ഇസ്ലാം അനുസരിച്ച് ജീവിക്കുന്നവരായിട്ടായിരുന്നു എന്നാണല്ലോ ഈ വചനത്തിലൂടെ ആഇശ(റ) നമ്മെ അറിയിക്കുന്നത്.

അബൂബക്ര്‍(റ) പ്രബോധന മാര്‍ഗത്തില്‍

താന്‍ മനസ്സിലാക്കിയ സത്യം തന്‍റെ കൂട്ടുകാരനെ പോലെ അദ്ദേഹവും ആളുകളെ അറിയിച്ചിരുന്നു. നബി ﷺ യെ മാതൃകയാക്കി ജനങ്ങള്‍ക്കിടയില്‍ സ്വകാര്യമായി അദ്ദേഹം നടത്തിയ പ്രബോധനത്തിലൂടെ ധാരാളം ആളുകള്‍ ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്. ഉസ്മാനുബ്നു അഫ്ഫാന്‍ ﷺ , സഅദുബ്നു അബീവക്വാസ്വ് ﷺ തുടങ്ങയ സ്വഹാബിമാര്‍ അവരില്‍പെട്ടവരാണ്.

നബി ﷺ ക്ക് പ്രവാചകത്വം ലഭിച്ചതിന് ശേഷമുള്ള ആദ്യകാലഘട്ടത്തില്‍ ഇസ്ലാമിലേക്ക് കടന്നുവന്നവരില്‍ അപൂര്‍വം ചിലരേ ഉണ്ടായിരുന്നുള്ളൂ. അതില്‍പെട്ട ആളാണ് സഅദുബ്നു അബീവക്വാസ് ﷺ .അദ്ദേഹത്തിന് ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ ധാരാളം വിഷമം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഈ മതം ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്‍റെ മുമ്പില്‍കിടന്ന് മരിക്കുന്നതാണ് എന്നൊക്കെ പറഞ്ഞ് മാതാവ് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

അവന്‍റെ മതത്തില്‍ അവിശ്വസിക്കുന്നതുവരെ സഅദിനോട് ഒരിക്കലും സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യില്ലെന്ന് സഅദിന്‍റെ ഉമ്മ ശപഥം ചെയ്യുകയുണ്ടായി. അവര്‍ പറഞ്ഞു: 'മാതാപിതാക്കളെ കൊണ്ട് അല്ലാഹു നിനക്ക് ഉപദേശം നല്‍കുന്നുണ്ടെന്ന് നീ വാദിക്കുന്നുവല്ലോ. ഞാന്‍ നിന്‍റെ ഉമ്മയാണ്, ഇതുകൊണ്ട് ഞാന്‍ നിന്നോട് കല്‍പിക്കുന്നു.' (അദ്ദേഹം) പറഞ്ഞു: 'അവര്‍ മൂന്നുദിവസം (അങ്ങനെ) കഴിച്ചുകൂട്ടി. അവരെ പ്രയാസം മൂടുന്നതുവരെ.'

നബി ﷺ യില്‍ വിശ്വസിച്ച സഅദി(റ)ന്‍റെ ജീവിതത്തിലെ വിശ്വാസ-ആചാര രംഗത്തെല്ലാം കണ്ടുതുടങ്ങിയ മാറ്റങ്ങളില്‍നിന്ന് സഅദിനെ മുഹമ്മദിന്‍റെ മതം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ മാതാവിന് മനസ്സിലായി. അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആവുന്നതെല്ലാം അവര്‍ ചെയ്തു. അങ്ങനെയാണ് ഈ നിരാഹാരം അവര്‍ തുടങ്ങിയത്. എന്നാല്‍ മഹാനായ സഅദിനെ മാതാവിന്‍റെ ശപഥങ്ങളൊന്നും സ്വാധീനിച്ചില്ല. യാതൊരു പതര്‍ച്ചയും സംഭവിക്കാതെ അല്ലാഹുവിന്‍റെ ദീനില്‍ അദ്ദേഹം ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. മകന്‍ വിശ്വസിച്ചിട്ടുള്ള ഈ മാര്‍ഗത്തില്‍നിന്ന് പിന്മാറില്ലെന്ന് മാതാവിനും ബോധ്യമായി. അവസാനം സത്യമാര്‍ഗത്തില്‍നിന്ന് മകനെ പിന്തിരിപ്പിക്കാന്‍ നടത്തിയ മുഴുവന്‍ വേലകളും ആ മാതാവ് അവസാനിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെ അവര്‍ ഭക്ഷണം കഴിക്കാനും വെള്ളംകുടിക്കാനുമെല്ലാം തുടങ്ങി.

അബൂബക്റി(റ)ന്‍റെ പ്രബോധനത്താല്‍ ഇസ്ലാമിലേക്ക് ആദ്യനാളുകളില്‍തന്നെ വന്ന മഹാന്മാരായിരുന്നു ഉസ്മാനുബ്നു അഫ്ഫാന്‍, അബ്ദുര്‍റഹ്മാനുബ്നു ഔഫ്, ത്വല്‍ഹതുബ്നു ഉബയ്ദില്ലാഹ്, സുബയ്റുബ്നുല്‍ അവ്വാം(റ) തുടങ്ങിയവര്‍.

ബിലാല്‍, ഖബ്ബാബ്ബ്നുല്‍അറത്, അബൂ ഉബയ്ദതുല്‍ ജര്‍റാഹ്, അമ്മാറുബ്നു യാസിര്‍, അബൂസലമ, അര്‍ക്വമുബ്നു അബില്‍ അര്‍ക്വം, സുമയ്യ, സ്വുഹയ്ബ്, മിക്വ്ദാദ്, ഉസ്മാനുബ്നു മള്ഊന്‍, ഉബയ്ദതുബ്നുല്‍ ഹാരിഥ്, സഈദുബ്നു സയ്ദ്, ഫാത്വിമ, അസ്മാഅ് ബിന്‍ത് അബീബക്ര്‍, ജഅ്ഫറുബ്നു അബീത്വാലിബ്(റ)... തുടങ്ങിയവരെല്ലാം ആദ്യ നാളുകളില്‍ ഇസ്ലാമിലേക്ക് കടന്നുവന്നരില്‍ പെട്ടവരാണ്. രഹസ്യസ്വഭാവത്തോടെയായിരുന്നു ഇവര്‍ ഇസ്ലാമിലേക്ക് പ്രവേശിച്ചത്.

ഇസ്ലാമിലേക്ക് ആദ്യമായി മുന്‍കടന്നുവന്ന ഈ സ്വഹാബിമാര്‍ക്ക് നബി ﷺ അല്ലാഹുവിന്‍റെ ദീന്‍ പഠിപ്പിക്കണമല്ലോ. ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് അതിനായി അദ്ദേഹം ഇവരെ ഒരുമിച്ചുകൂട്ടും. നബി ﷺ യുടെ വീട് അതിന് പറ്റിയ വിശാലതയോ സൗകര്യമോ ഉള്ളതായിരുന്നില്ല. അബൂബക്റി(റ)ന്‍റെ വീടും അതിന് പറ്റില്ല. കാരണം, അദ്ദേഹം നബി ﷺ യുടെ ഉറ്റ ചങ്ങാതിയാണ്. മക്കക്കാര്‍ അത് ശ്രദ്ധിക്കാന്‍ കാരണമാകും. കഅ്ബയുടെ പരിസത്ത് എവിടെയായിരുന്നാലും മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു. അതിനാല്‍ അതിന് പറ്റിയ ഒരു ഇടം കണ്ടെത്തി. ആരുടെയും ശ്രദ്ധയില്‍ പെടാത്ത, ക്വുറയ്ശി ഗോത്രത്തില്‍ പെടാത്ത, മഖ്സൂം ഗോത്രക്കാരനായ അര്‍ക്വമി(റ)ന്‍റെ വീടായിരുന്നു നബി ﷺ തെരഞ്ഞെടുത്തത്. വളരെ സ്വകാര്യമായി നബിയും വിശ്വാസികളും അവിടെ ഒരുമിച്ച് കൂടുമായിരുന്നു. ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനും പ്രസരിപ്പിക്കുന്നതിനുമായി ആദ്യമായി രൂപംകൊണ്ട പാഠശാല ദാറുല്‍ അര്‍ക്വം (അര്‍ക്വമിന്‍റെ വീട്) ആയിരുന്നു. ഈ കാലത്ത് ഇസ്ലാമിലേക്ക് വരാന്‍ കൊതിച്ച ആളുകളോട് നബി ﷺ കൂടെയുള്ള ആളുകളുടെ എണ്ണക്കുറവെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു എന്നെല്ലാം ചരിത്രത്തില്‍ കാണാവുന്നതാണ്.

ദാറുല്‍ അര്‍ക്വമില്‍വച്ച് നബി ﷺ അല്ലാഹു ഇറക്കിക്കൊടുക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികള്‍ക്ക് ഓതിക്കൊടുക്കുമായിരുന്നു. ആദ്യമായി ഇറങ്ങുന്ന വചനങ്ങള്‍ ആ സന്ദര്‍ഭത്തില്‍തന്നെ നബി ﷺ യില്‍നിന്ന് കേള്‍ക്കാന്‍ ഭാഗ്യംലഭിച്ച മഹാന്മാരായിരുന്നു ഈ സ്വഹാബിമാര്‍. നബി ﷺ ഓതിക്കൊടുക്കുന്ന സൂക്തങ്ങള്‍ അവര്‍ ശ്രദ്ധിച്ച് ഭവ്യതയോടെ കേള്‍ക്കുകയും അതില്‍നിന്ന് ഉദ്ബോധനം സ്വീകരിക്കുകയും അതുമുഖേന അവരുടെ ജീവിതത്തെ സംസ്കരിച്ചെടുക്കുകയും ചെയ്തു.

ആദ്യകാലത്ത് പരസ്യമായി ജനങ്ങളോട് ഈ സന്ദേശം പ്രഖ്യാപിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരുന്നില്ല. അതിനാല്‍തന്നെ വളരെ സ്വകാര്യമായിക്കൊണ്ടായിരുന്നു അവിടുത്തെ ഓരോ കാല്‍വയ്പും. തന്‍റെ കൂടെ വിശ്വാസദൃഢതയുള്ള കുറച്ചുപേര്‍ ഉണ്ടാകുന്നതിനായി നബി ﷺ പ്രവര്‍ത്തിച്ചു.

ആദ്യകാലത്ത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന, അന്ത്യദിനത്തെ ഓര്‍മപ്പെടുത്തുന്ന, നബി ﷺ യുടേത് അടക്കം മുന്‍കാല പ്രവാചകന്മാരുടെ ചരിത്രവും അവരുടെ രിസാലത്തിനെ അറിയിക്കുന്നതുമായ സൂക്തങ്ങളായിരുന്നു അവതീര്‍ണമായിരുന്നത്.

അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ ഓര്‍മപ്പെടുത്തി, അവന്‍റെ കഴിവിനെ പറ്റിയും മഹത്ത്വത്തെ പറ്റിയും പരിചയപ്പെടുത്തി, അല്ലാഹു മാത്രമാണ് ആരാധനക്ക് അര്‍ഹന്‍ എന്ന ഏകദൈവ വിശ്വാസത്തിന്‍റെ കാതല്‍ അവരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വിധത്തിലായിരുന്നു ആദ്യകാലത്തെ ക്വുര്‍ആന്‍ വചനങ്ങള്‍. അതുപോലെ, മരണത്തോടെ ജീവിതം അവസാനിക്കുന്നില്ലെന്നും മരണത്തിന് ശേഷമാണ് യഥാര്‍ഥ ജീവിതം തുടങ്ങുന്നതെന്നും അറിയിക്കുന്നതായിരുന്നു ആദ്യകാലത്തെ ക്വുര്‍ആന്‍ വചനങ്ങള്‍. പ്രവാചകന്മാര്‍ ആരാണെന്നും അവരില്‍ വിശ്വസിക്കേണ്ടതിന്‍റെ പ്രാധാന്യവും അവര്‍ കാണിക്കുന്ന പ്രകാശത്തെ സ്വീകരിച്ച ആളുകളെ ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിച്ചിരുന്നതെന്നും മുന്‍കാല പ്രവാചകന്മാരുടെ ചരിത്രങ്ങളിലൂടെ ഓര്‍മപ്പെടുത്തി വിശ്വാസം വര്‍ധിപ്പിക്കുന്നതായിരുന്നു ആദ്യകാലത്ത് അവതീര്‍ണമായ ക്വുര്‍ആന്‍ വചനങ്ങള്‍.

ഇപ്രകാരം ഇറങ്ങിയ ക്വുര്‍ആനിലെ വചനങ്ങളില്‍നിന്ന് തൗഹീദ് അവരുടെ ഹൃദയത്തില്‍ പാറപോലെ ഉറച്ചു. പ്രവാചകന്മാരുടെ ചരിത്രങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട അവര്‍ക്ക് മക്കക്കാരുടെ എതിര്‍പ്പില്‍ ക്ഷമിക്കാനും സഹിക്കാനും സാധിച്ചു. പരലോക ജീവിതത്തില്‍ വിജയിക്കുന്നതിന് വേണ്ടി അവരുടെ സ്വഭാവത്തെ അല്ലാഹുവിന് ഇഷ്ടമുള്ളതാക്കി മാറ്റുന്നതിനും അവര്‍ക്ക് സാധിച്ചു.

ഏതാണ്ട് മൂന്നു കൊല്ലം നീണ്ടുനിന്ന രഹസ്യപ്രബോധന കാലത്ത് പതറാത്ത, ഉറച്ച വിശ്വാസമുള്ള, എന്തും സഹനത്തോടെ നേരിടാന്‍ ധൈര്യമുള്ള, സല്‍സ്വഭാവികളായ, മാതൃകായോഗ്യരായ നാല്‍പതോളം ആളുകളെ നബി ﷺ വാര്‍ത്തെടുത്തു.

മുഹമ്മദ് നബി ﷺ യുടെ നേതൃത്വത്തില്‍ മക്കയില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ചിലരെല്ലാം അറിഞ്ഞിരുന്നു. അവര്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. കാരണം, ബഹുദൈവാരാധനയില്‍നിന്ന് മാറിനിന്ന് ഏകദൈവാരാധകരായി ഇബ്റാഹീം നബി ﷺ യുടെ മില്ലത്തില്‍ ജീവിച്ച ഉമയ്യതുബ്നു അബിസ്വല്‍ത്, ക്വുസ്സ്ബ്നു സാഇദ, അംറുബ്നു നുഫയ്ല്‍(റ) തുടങ്ങിയവരെ പോലുള്ള ഒറ്റപ്പെട്ട ആളുകള്‍ അങ്ങിങ്ങായി ഉണ്ടായിരുന്നു. അക്കാലത്ത് ഇവര്‍ ജനങ്ങളില്‍ പ്രബോധനം ചെയ്യാത്തതിനാല്‍ നാട്ടില്‍ പ്രശ്നമുണ്ടായിരുന്നില്ല. ഇതുപോലെതന്നെ മുഹമ്മദ് നബി ﷺ യും സ്വഹാബിമാരും ജനങ്ങള്‍ക്കിടയില്‍ പ്രബോധനം നടത്താതെ അവര്‍ മനസ്സിലാക്കിയതുപോലെ ജീവിച്ചുകൊള്ളുമെന്നാണ് അവര്‍ വിചാരിച്ചത്. കാരണം ആരും അവരുടെ ഇസ്ലാം ആശ്ലേഷണം പരസ്യമാക്കിയിരുന്നില്ല. അതിന് നബി ﷺ അവരോട് കല്‍പിക്കുകയും ചെയ്തിരുന്നില്ല. ഇങ്ങനെ പരസ്യമാക്കാത്തതിനാലാണ് ക്വുറയ്ശികള്‍ അന്ന് ഇവരുടെ കാര്യം പരിഗണിക്കാതിരുന്നത്. (തുടരും)