നബി ﷺ യും ദൈവിക ദൃഷ്ടാന്തങ്ങളും

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20

(മുഹമ്മദ് നബി ﷺ , ഭാഗം 16)

പ്രവാചകന്മാരായി നിയോഗിക്കപ്പെടുന്നവര്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ തന്നെയാണ്  എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന, സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് പ്രകടമാക്കാന്‍ കഴിയാത്ത ദൃഷ്ടാന്തങ്ങളാണ് മുഅ്ജിസത്തുകള്‍. വ്യത്യസ്തങ്ങളായ മുഅ്ജിസത്തുകളാണ് ഓരോ പ്രവാചകനിലൂടെയും അല്ലാഹു പ്രകടമാക്കിയിട്ടുള്ളത്. മുഹമ്മദ് നബി ﷺ യിലൂടെയും അല്ലാഹു പലവിധത്തിലുള്ള അമാനുഷിക സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവയില്‍പെട്ട ചില കാര്യങ്ങളാണ് ഇനി നാം മനസ്സിലാക്കാന്‍ പോകുന്നത്.

മുഅ്ജിസത്തുകളെ കുറിച്ച് പഠിക്കുമ്പോള്‍ നമുക്ക് മുഹമ്മദ് നബി ﷺ യോടുള്ള സ്നേഹവും ആദരവും വര്‍ധിക്കുകയും അവിടുന്ന് നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ള കാര്യങ്ങളില്‍ ദൃഢമായ വിശ്വാസമുണ്ടാവുകയും ചെയ്യും.

മറ്റു പ്രവാചകന്മാര്‍ക്ക് ഇമാമായി നമസ്കരിച്ച ഏക പ്രവാചകന്‍

മുഹമ്മദ് നബി ﷺ ക്ക് മുമ്പ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനേകം നബിമാരെ അല്ലാഹു അയച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കും ലഭിക്കാത്ത ഒരു പ്രത്യേകതയാണ് ഇത്. അഥവാ, എല്ലാ നബിമാരും ചേര്‍ന്നുള്ള ഒരു നമസ്കാരത്തില്‍ മുഹമ്മദ് നബി ﷺ ഇമാമായി നിന്ന സംഭവം.

നബി ﷺ യുടെ ജീവിതത്തില്‍ ഉണ്ടായ അത്ഭുതകരമായ ഒരു യാത്രയായിരുന്നു ഇസ്റാഅ്-മിഅ്റാജ്. ധാരാളം മൈലുകള്‍ താണ്ടി പോകേണ്ടുന്നിടത്തേക്ക് വളരെ കുറഞ്ഞ സമയംകൊണ്ട് യാത്ര ചെയ്ത്, അഭൂതപൂര്‍വവും അത്യത്ഭുതകരവുമായ കാര്യങ്ങള്‍ കണ്ട്, തന്‍റെ താമസ സ്ഥലത്തേക്കുതന്നെ തിരിച്ചെത്തിയ അത്ഭുത യാത്രയായിരുന്നു അത്. ഈ അത്ഭുതം മുഹമ്മദ് നബി ﷺ ക്ക് മാത്രം ഉണ്ടായിട്ടുള്ള ഒന്നാണ്.

നബി ﷺ യെ ഉത്തരം മുട്ടിക്കാന്‍ ശത്രുക്കള്‍ ശ്രമിച്ചപ്പോഴെല്ലാം അല്ലാഹുവിന്‍റെ പ്രത്യേകമായ സഹായം ലഭിച്ചിട്ടുണ്ട്. ശത്രുക്കളാല്‍ അപമാനിക്കപ്പെടുന്നതില്‍നിന്നും അല്ലാഹു റസൂലി ﷺ ന് പ്രത്യേകമായ കാവല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇസ്റാഅ്-മിഅ്റാജ് യാത്രക്ക് ശേഷം ഉണ്ടായ സംഭവത്തെ പറ്റി നബി ﷺ തന്നെ പറയുന്നത് നമുക്ക് ഇപ്രകാരം കാണാം:

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: 'തീര്‍ച്ചയായും ഞാന്‍ എന്നെ ഹിജ്റില്‍ കാണുകയുണ്ടായി. ക്വുറയ്ശികള്‍ എന്‍റെ യാത്രയെ പറ്റി എന്നോട് ചോദിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ (ക്വുറയ്ശികള്‍) ബയ്ത്തുല്‍ മുക്വദ്ദസിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ എന്നോട് ചോദിച്ചു, ഞാന്‍ അതിനെ പറ്റി സ്ഥൈര്യം ഉള്ളവനായിരുന്നില്ല. അങ്ങനെ ഞാന്‍ ഏറെ വിഷമിക്കപ്പെട്ടു; അതുപോലെ തീരെ ഞാന്‍ വിഷമിക്കപ്പെട്ടിട്ടില്ലായിരുന്നു.' നബി ﷺ പറഞ്ഞു: 'അപ്പോള്‍ അല്ലാഹു എനിക്ക് അതിനെ (ബയ്ത്തുല്‍ മുക്വദ്ദസിനെ) ഉയര്‍ത്തി. (അങ്ങനെ) ഞാന്‍ അതിലേക്ക് നോക്കി. അവര്‍ എന്നോട് ഏതൊന്നിനെക്കുറിച്ച് ചോദിച്ചുവോ അതിനെക്കുറിച്ച് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാതിരുന്നില്ല. ഞാന്‍ എന്നെ നബിമാരുടെ സംഘത്തില്‍ കാണുകയുണ്ടായി. അപ്പോഴതാ മൂസാ എഴുന്നേറ്റ് നമസ്കാരം നിര്‍വഹിക്കുന്നു. അപ്പോള്‍ അദ്ദേഹം ശനൂഅക്കാരിലെ ഒരാളെ പോലെ ചുരുണ്ട മുടിയുള്ള ഒരാളായിരുന്നു. അപ്പോള്‍ ഈസാൗയും എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടായിരുന്നു. ജനങ്ങളില്‍ അദ്ദേഹത്തിന് ഏറ്റവും അടുത്ത സാദൃശ്യം ഉര്‍വതുബ്നു മസ്ഊദ് അസ്സക്വഫിയോടാകുന്നു. അപ്പോള്‍ ഇബ്റാഹീംൗയും നിന്ന് നമസ്കരിക്കുന്നുണ്ടായിരുന്നു. ജനങ്ങളില്‍ അദ്ദേഹത്തോട് സാദൃശ്യം നിങ്ങളുടെ കൂട്ടുകാരനാകുന്നു (നബി ﷺ യെ തന്നെയാണ് ഉദ്ദേശിച്ചത്). അങ്ങനെ നമസ്കാരത്തിന് സമയമായി. അപ്പോള്‍ ഞാന്‍ അവര്‍ക്ക് ഇമാമായി നില്‍ക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ നമസ്കാരത്തില്‍നിന്ന് വിരമിച്ചപ്പോള്‍ പറയുന്ന ഒരാള്‍ (ഇപ്രകാരം) പറഞ്ഞു: 'ഓ, മുഹമ്മദ്! ഇതാകുന്നു നരകത്തിന്‍റെ ആളായ (കാവല്‍ക്കാരനായ) മാലിക് (എന്ന മലക്ക്). അതിനാല്‍ അദ്ദേഹത്തിന് താങ്കള്‍ സലാം പറയുക. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിലേക്ക് തിരിഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് സലാം കൊണ്ട് തുടങ്ങി" (മുസ്ലിം).

ഇസ്റാഅ്-മിഅ്റാജ് യാത്രക്കുശേഷം നബി ﷺ കഅ്ബയുടെ പരിസരത്ത് ഇരിക്കുകയായിരുന്നു. നബി ﷺ ജനങ്ങള്‍ക്ക് സംഭവം വിവരിച്ചുകൊടുക്കുന്നുമുണ്ടായിരുന്നു. യാത്രാവിവരണം കേട്ടപ്പോള്‍ ക്വുറയ്ശികള്‍ യാത്രയുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും അവിടുത്തോട് ചോദിച്ചു. നബി ﷺ ബയ്ത്തുല്‍ മുക്വദ്ദസില്‍ പോയ വിവരം അവരോട് പറഞ്ഞപ്പോള്‍ ബയ്ത്തുല്‍ മുക്വദ്ദസ് കണ്ടവര്‍ക്ക് മാത്രം ഉത്തരം പറയാന്‍ കഴിയുന്ന ചില ചോദ്യങ്ങള്‍ അവര്‍ നബി ﷺ യോട് ചോദിച്ചു. മുഹമ്മദ് കള്ളനാണ് എന്ന് വരുത്താനായിരുന്നു അവര്‍ ഇങ്ങനെയെല്ലാം ചോദിച്ചത്. ജനങ്ങള്‍ക്കിടയില്‍ അപമാനിക്കുവാനും നിന്ദിക്കുവാനുമായിരുന്നു അവരുടെ മോഹം. അതിനായി ബയ്ത്തുല്‍ മുക്വദ്ദസിന്‍റെ വാതിലുകളെ പറ്റിയും മറ്റു കാര്യങ്ങളെ പറ്റിയും അവര്‍ ചോദിച്ചു. ആ സമയത്ത് നബി ﷺ ക്ക് ഉത്തരം പറയാന്‍ വിഷമം ഉണ്ടായിരുന്നു എന്നാണ് അവിടുന്ന് തന്നെ നമുക്ക് പറഞ്ഞുതരുന്നത്. ബയ്ത്തുല്‍ മുക്വദ്ദസ് കാണാത്തതിനാലോ അവിടേക്ക് പോകാത്തതിനാലോ അല്ല നബി ﷺ ക്ക് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍ പ്രയാസകരമായത്. നാം സ്ഥിരമായി കാണുന്ന ഒരു വസ്തുവാണെങ്കില്‍ പോലും അതിന്‍റെ മുഴുവന്‍ വശങ്ങളെ കുറിച്ചും നമുക്ക് വിവരമുണ്ടായിക്കൊള്ളണമെന്നില്ലല്ലോ.

തന്നെ അപമാനിക്കുവാനും നിന്ദിക്കുവാനും ശത്രുക്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതില്‍ പ്രയാസപ്പെട്ടതിനെ തുടര്‍ന്ന് നബി ﷺ അങ്ങേയറ്റം വിഷമത്തിലായി. ആ സമയത്ത് നബി ﷺ ക്ക് അല്ലാഹു അത് ദൃശ്യമാക്കിക്കൊടുത്തു. എത്രയോ കാതങ്ങള്‍ക്കപ്പുറം സ്ഥിതിചെയ്യുന്ന ആ ഭവനം സമീപത്ത് കാണുകയാണ്. അല്ലാഹു നബി ﷺ ക്ക് പ്രകടമാക്കിയ മുഅ്ജിസത്തായിരുന്നു അത്. അതല്ലാതെ, കാഴ്ചക്ക് പരിധിയോ പരിമിതിയോ ഇല്ലാത്ത ആളായിരുന്നില്ല മുഹമ്മദ് നബി ﷺ . ആ പ്രത്യേകത സ്രഷ്ടാവായ അല്ലാഹുവിന് മാത്രമുള്ളതാണ്.

ബയ്ത്തുല്‍ മുക്വദ്ദസ് നബി ﷺ ക്ക് അല്ലാഹു ദൃശ്യമാക്കിയപ്പോള്‍ ശത്രുക്കളുടെ അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി അവിടുന്ന് മറുപടി നല്‍കി.

അതുപോലെ ആ യാത്രയില്‍ നബി ﷺ ഒരു സംഘം പ്രവാചകന്മാരെ കാണുകയുണ്ടായി. മൂസാൗ ആ സമയത്ത് നമസ്കരിക്കുന്നുണ്ടായിരുന്നു. മൂസാനബിൗയുടെ ശാരീരിക അവസ്ഥകള്‍ വരെ നബി ﷺ സ്വഹാബത്തിന് വിവരിച്ചുകൊടുത്തു. ചുരുണ്ട മുടിയുള്ള ശനൂഅക്കാരിലെ ഒരാളെ പോലെയാണ് മൂസാ(അ) എന്നുവരെ അവിടുന്ന് വിവരിച്ചു. ഈസാനബിൗയെയും ആ അവസരത്തില്‍ നബി ﷺ കാണുകയുണ്ടായി. അദ്ദേഹവും നമസ്കരിക്കുന്നതായാണ് നബി ﷺ കാണുന്നത്. അദ്ദേഹത്തിന്‍റെ രൂപസാദൃശ്യം ഉര്‍വ(റ)യോടാകുന്നു. ഇബ്റാഹീം നബിൗയെയും നബി ﷺ കണ്ടു. അദ്ദേഹവും നമസ്കാരത്തിലായിരുന്നു. അദ്ദേഹത്തിന്‍റെ സാദൃശ്യം തന്നോടാകുന്നു  എന്നും അവിടുന്ന് പറഞ്ഞു.

പിന്നീട് നമസ്കാര സമയമായി. എല്ലാ പ്രവാചകന്മാര്‍ക്കും ഇമാമായി അപ്പോള്‍ മുഹമ്മദ് നബി ﷺ യാണ് നിന്നത്. ഇത് അവിടുത്തേക്ക് ലഭിച്ച സ്ഥാനവും മഹത്ത്വവും തന്നെയാണ്.

ഈ ഹദീസില്‍ പറഞ്ഞ, നബി ﷺ കണ്ടതും ചെയ്തതുമായ ഓരോ കാര്യവും നബി ﷺ ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തായിരുന്നു.

ചന്ദ്രന്‍ പിളര്‍ന്ന സംഭവം

നബി ﷺ മദീനയിലേക്ക് ഹിജ്റ പോകുന്നതിനുമുമ്പ് നടന്ന അത്ഭുതകരമായ ഒരു സംഭവായിരുന്നു ഇത്. അവിടുന്ന് ശത്രുക്കളുടെ മുന്നില്‍ അപമാനിതനാകാതിരിക്കാന്‍ അല്ലാഹു പല സന്ദര്‍ഭങ്ങളിലും സഹായിച്ചിട്ടുണ്ട്. ബയ്ത്തുല്‍ മുക്വദ്ദസുമായി ബന്ധപ്പെട്ട കാര്യത്തില്‍ അല്ലാഹുവിന്‍റെ സഹായം കിട്ടിയത് നാം കണ്ടു. ഇവിടെയും അല്ലാഹുവിന്‍റെ സഹായം ഉണ്ടാകുന്നത് നമുക്ക് കാണാം.

അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ കാലത്ത് ചന്ദ്രന്‍ രണ്ട് കഷ്ണങ്ങളായി പിളരുകയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ സാക്ഷികളാകുവിന്‍" (ബുഖാരി).

ഈ സംഭവം ഇമാം ബുഖാരിക്ക് പുറമെ, മുസ്ലിം, അഹ്മദ്, അബൂദാവൂദ്, ബയ്ഹക്വി, ഹാകിം, തിര്‍മിദി, ത്വബ്രി തുടങ്ങിയവരെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രണ്ടായി പിളര്‍ന്ന ചന്ദ്രന്‍റെ ഒരു ഭാഗം ഒരു പര്‍വതത്തിന് മുകളിലും മറ്റൊരു ഭാഗം വേറെ ഒന്നിന്‍റെ മുകളിലും കാണുകയുണ്ടായി എന്നും വേറെ ചില നിവേദനങ്ങളില്‍ കാണാം. പര്‍വതത്തിനു മുകളില്‍ എന്നു പറയുമ്പോള്‍ എത്രയോ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചന്ദ്രന്‍ താഴേക്ക് ഇറങ്ങിവന്നു എന്ന് അര്‍ഥം കല്‍പിക്കേണ്ടതില്ല. മുകളിലേക്ക് നോക്കുമ്പോള്‍ ഓരോ ഭാഗവും ഓരോ പര്‍വതത്തിനു നേരെ മുകള്‍ഭാഗത്തായി കണ്ടു എന്നതാണ് ഉദ്ദേശിക്കപ്പെടുന്നത്.

ചന്ദ്രന്‍ പിളരുകയോ എന്ന് ചോദിച്ച് ഈ സംഭവത്തെ കളിയാക്കുകയും നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന പലരും ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചവരില്‍തന്നെയും രണ്ട് കക്ഷികളുണ്ടായിരുന്നു; വിശ്വസിച്ചവരും കളിയാക്കിയവരും. നബി ﷺ യില്‍ വിശ്വസിച്ചവര്‍ക്ക് അതില്‍ യാതൊരു അവ്യക്തതയും ഉണ്ടായിരുന്നില്ല. അവര്‍ സംശയം തെല്ലുമില്ലാതെ അത് കാണുകയും വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ അതിന് സാക്ഷികളായവരിലെ സത്യനിഷേധികള്‍ അപ്പോഴും അതിനെ കളവാക്കുകയും തള്ളിക്കളയുകയുമാണ് ചെയ്തത്.

ചന്ദ്രന്‍ എന്ന് അര്‍ഥമുള്ള 'ക്വമര്‍' എന്ന പേരില്‍ ഒരു അധ്യായംതന്നെ ക്വുര്‍ആനിലുണ്ട്. അതിന്‍റെ തുടക്കത്തില്‍ തന്നെ ഈ സംഭവം അല്ലാഹു വിവരിക്കുന്നുണ്ട്.

"ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും ഇത് നിലനിന്നുവരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും" (ക്വുര്‍ആന്‍ 54:1,2).

അന്ത്യസമയം അടുത്തുവെന്നും ചന്ദ്രന്‍ പിളര്‍ന്നു എന്നും ഇവിടെ വ്യക്തമാക്കുന്നു. ചന്ദ്രന്‍ പിളരും എന്നല്ല പിളര്‍ന്നു എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. എന്നാല്‍ അല്ലാഹുവിന്‍റെ ഏത് ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അതിനോട് മുഖംതിരിക്കലും അതിനെ കളവാക്കലുമാണ് സത്യനിഷേധികളുടെ പതിവ്. ചന്ദ്രന്‍ പിളര്‍ന്ന സന്ദര്‍ഭത്തിലും അതുതന്നെയാണ് സംഭവിച്ചത്.

വിദൂര സ്ഥലത്തുനിന്ന് പോലും ഈ സംഭവം കണ്ട ചിലര്‍ ഇസ്ലാമിലേക്ക് വന്ന ചരിത്രമുണ്ട്. എന്നാല്‍ മക്കയിലെ മുശ്രിക്കുകള്‍ ചെയ്തത് വെല്ലുവിളിക്കുകയും വെല്ലുവിളിക്കുള്ള മറുപടി നേരില്‍ കണ്ടപ്പോള്‍ അവിശ്വസിക്കുകയുമാണ്. അബൂകബ്ശയുടെ മകന്‍റെ ജാലവിദ്യ വല്ലാത്ത ജാലവിദ്യതന്നെ എന്ന് അവര്‍ കമന്‍റടിക്കുകയും ചെയ്തു!

നബി ﷺ യെ അവര്‍ കളിയാക്കിക്കൊണ്ട് വിളിക്കുന്ന ഒരു പേരാണ് ഇബ്നു അബീകബ്ശ എന്നത്. നബി ﷺ ചെറുപ്പത്തില്‍ മുലയൂട്ടിയ മഹതിയായിരുന്നല്ലോ ഹലീമതുസ്സഅദിയ്യ(റ). അവരുടെ ഭര്‍ത്താവിന്‍റെ പേരാണ് അബൂകബ്ശ. അദ്ദേഹത്തിലേക്ക് ചേര്‍ത്തിയാണ് ശത്രുക്കള്‍ ഈ പരിഹാസപ്പേര് വിളിച്ചിരുന്നത്.

ഇന്ന് ഈ സംഭവത്തെ നിഷേധിക്കുന്നവര്‍ സമുദായത്തിനകത്തുതന്നെയുണ്ട്. ഇത്തരം ദൈവികദൃഷ്ടാന്തങ്ങളെ ബുദ്ധിക്ക് യോജിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇത്തരക്കാര്‍ കളവാക്കുന്നത്. എത്ര സ്ഥിരപ്പെട്ട സനദോടെ റിപ്പോര്‍ട്ട് ചെയ്തതായാലും, എത്ര വലിയ മഹാന്മാര്‍ റിപ്പോര്‍ട്ട് ചെയ്തതാണെങ്കിലും ഞങ്ങളുടെ ബുദ്ധിക്ക് യോജിക്കുന്നതേ ഞങ്ങള്‍ വിശ്വസിക്കൂ എന്ന് പറയുന്ന ഹദീസ് നിഷേധികളാണ് ഇവര്‍.

വിരലുകള്‍ക്കിടയില്‍നിന്നും വെള്ളം

നബി ﷺ യുടെ ജീവിതത്തില്‍ ഉണ്ടായ ഒരു അത്ഭുത സംഭവമാണ് ഇത്. അതിന് സാക്ഷികളായ സ്വഹാബിമാര്‍ നമുക്ക് അത് വിവരിച്ചുതരുന്നുണ്ട്. അനസ്(റ) പറയുന്നത് നോക്കൂ:

"അസ്വ്ര്‍ നമസ്കാര സമയമായപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ കാണുകയുണ്ടായി. അപ്പോള്‍ ജനങ്ങള്‍ വുദൂഅ് ചെയ്യാനുള്ള വെള്ളം അന്വേഷിക്കുന്നുണ്ട്, അങ്ങനെ വുദൂഇനുള്ള പാത്രം റസൂലി ﷺ ന് കൊണ്ടുവരപ്പെട്ടു. അങ്ങനെ റസൂല്‍ ﷺ ആ പാത്രത്തില്‍ തന്‍റെ കൈ വെച്ചു. ജനങ്ങളോട് അതില്‍നിന്ന് വുദൂഅ് ചെയ്യാന്‍ അവിടുന്ന് കല്‍പിക്കുകയും ചെയ്തു." അനസ്(റ) പറയുന്നു: "അങ്ങനെ അവരിലെ അവസാനത്തെ ആളും വുദൂഅ് ചെയ്യുന്നതുവരെ അവിടുത്തെ വിരലുകളുടെ താഴെനിന്നും വെള്ളം പൊടിയുന്നത് ഞാന്‍ കാണുകയുണ്ടായി" (ബുഖാരി).

നബി ﷺ യും അനുചരന്മാരും ഒരു യാത്രയിലായിരുന്നു. മുന്നൂറോ അതിലധികമോ പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. നമസ്കാരത്തിന്‍റെ സമയമായി. വുദൂഅ് ചെയ്യാന്‍ വെള്ളവുമില്ല. കൈയില്‍ സൂക്ഷിച്ചിരുന്നതെല്ലാം തീരുകയും ചെയ്തു. അവര്‍ പലയിടത്തും വെള്ളം അന്വേഷിച്ചു. വെള്ളം ലഭിച്ചില്ല. ഒരു സ്വഹാബിയുടെ കൈവശം മാത്രം അല്‍പം വെള്ളമുള്ള ഒരു പാത്രമുണ്ടായിരുന്നു. ആ പാത്രം നബി ﷺ യുടെ അടുക്കല്‍ കൊണ്ടുവരപ്പെട്ടു. നബി ﷺ ആ പാത്രത്തില്‍ തന്‍റെ പവിത്രമായ കൈ വെച്ചു. അതോടെ അത്ഭുതം സംഭവിച്ചു.അവിടുത്തെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം പൊട്ടിവരികയായി. ജനങ്ങളോട് അവിടുന്ന് വുദൂഅ് ചെയ്യുവാന്‍ കല്‍പിച്ചു. അവര്‍ എല്ലാവരും ആ പാത്രത്തില്‍നിന്ന് വുദൂഅ് ചെയ്തു.

നബി ﷺ യുടെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വന്ന ഈ അമാനുഷിക സംഭവം മൂസാനബി(അ)ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തിനെക്കാള്‍ വമ്പിച്ചതാകുന്നു. മൂസാനബിൗയോട് അല്ലാഹു വെള്ളത്തിനായി കല്ലില്‍ അടിക്കാന്‍ കല്‍പിക്കുകയുണ്ടായി. അങ്ങനെ കല്ലില്‍നിന്ന് ഉറവ പൊട്ടുകയും ചെയ്തു. അതിനെക്കാളും വലിയ ഒരു മുഅ്ജിസത്താണ് നബി ﷺ യിലൂടെ അല്ലാഹു ഇവിടെ പ്രകടമാക്കിയത് എന്ന് ഇമാം മുസ്നി(റഹി) പറയുന്നത് ഇമാം അല്‍അയ്നി(റഹി) ഉംദത്തുല്‍ ക്വാരിയില്‍ ഉദ്ധരിക്കുന്നുണ്ട്. കല്ലില്‍നിന്ന് ഉറവ വരിക എന്നത് പരിചിതമായ കാര്യമാണല്ലോ. എന്നാല്‍ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വരിക എന്നത് പരിചിതമല്ലാത്ത കാര്യവുമാണ് എന്ന് അദ്ദേഹം അതിന് ന്യായവും പറയുന്നുണ്ട്.

പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടമാക്കുന്ന ദൃഷ്ടാന്തങ്ങള്‍ പ്രവാചകന്മാരുടെ കഴിവല്ല. അത് പ്രകടമാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ എന്തെങ്കിലും മാനുഷികമായ പ്രവൃത്തി ചെയ്യാന്‍ കല്‍പിക്കും. നബിമാര്‍ അതുപ്രകാരം ചെയ്യും. ശേഷം ആ പ്രവാചകന്മാരിലൂടെ പ്രകടമാകുന്നതെല്ലാം അല്ലാഹുവാണ് ചെയ്യുന്നത്. അത് ഒരു നബിയുടെയും കഴിവില്‍ പെട്ടതല്ല. ഈ സത്യം മനസ്സിലാക്കാത്ത ചിലര്‍ പ്രവാചകനോട് സങ്കടം പറയുകയും അവിടുത്തോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നത് കാണാം.

നബി ﷺ യും സ്വഹാബിമാരും വെള്ളമില്ലാതെ വിഷമിക്കുന്നു. അവര്‍ നാലുപാടും അന്വേഷിക്കുന്നു. അവസാനം അവരില്‍ ഒരാളുടെ കൈയിലുണ്ടായിരുന്ന വെള്ളപ്പാത്രം കൊണ്ടുവരപ്പെടുന്നു. അല്ലാഹുവിന്‍റെ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ നബി ﷺ ആ പാത്രത്തില്‍ കൈ വെക്കുന്നു. സ്വഹാബിമാര്‍ക്ക് പോലും അറിയില്ല നബി ﷺ ക്ക് ഞങ്ങള്‍ക്ക് വെള്ളം നല്‍കി സഹായിക്കാന്‍ കഴിയുമെന്ന്. അവര്‍ക്ക് അങ്ങനെ ഒരു വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ അവര്‍ നബിയോട് വെള്ളത്തിന് ആവശ്യപ്പെടുമായിരുന്നല്ലോ. വിദൂരത്തേക്ക് നബി ﷺ യും സ്വഹാബിമാരും യാത്ര ചെയ്യുമ്പോള്‍ ഒട്ടകപ്പുറത്തും കഴുതപ്പുറത്തുമെല്ലാം എന്തിനായിരുന്നു വെള്ളം ചുമന്ന് പോയിരുന്നത്? മലമൂത്ര വിസര്‍ജനത്തിനായി അവിടന്ന് പോകുമ്പോള്‍ വെള്ളം കൊണ്ടുപോകുന്നു, അവിടുത്തേക്ക് വുദൂഅ് ചെയ്യാനുള്ള വെള്ളം സ്വഹാബിമാര്‍ എത്തിക്കുന്നു.

വെള്ളത്തിന് ആവശ്യം വന്നപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാനായി നബി ﷺ യോട് സ്വഹാബി ആവശ്യപ്പെടുകയും നബി ﷺ പ്രാര്‍ഥിക്കുകയും അല്ലാഹു മഴ വര്‍ഷിപ്പിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ നബി ﷺ യോട് മഴക്ക് വേണ്ടി തേടിയ ഒരു സംഭവം പോലും നമുക്ക് കാണുക സാധ്യമല്ല.

മഴക്കുവേണ്ടിയുള്ള പ്രത്യേകമായ നമസ്കാരം പോലും നബി ﷺ പഠിപ്പിച്ചുതന്നിട്ടുണ്ട്; മഴയില്ലാത്തപ്പോള്‍ അല്ലാഹുവിനോടാണ് ചോദിക്കേണ്ടത് എന്ന് നമ്മെ പഠിപ്പിക്കാന്‍. നബി ﷺ യുടെ കാലത്ത് നബി ﷺ യെ ഇമാമാക്കിയായിരുന്നു സ്വഹാബിമാര്‍ മഴക്കുവേണ്ടിയുള്ള നിസ്കാരം നിര്‍വഹിച്ചിരുന്നത്. ഉമറി(റ)ന്‍റെ ഭരണകാലത്ത് ഒരു ക്ഷാമം നേരിട്ടപ്പോള്‍ അവര്‍ നബി ﷺ യുടെ പിതൃവ്യന്‍ അബ്ബാസി(റ)നെ ഇമാമാക്കി നമസ്കരിച്ചത് ഹദീസില്‍ കാണാവുന്നതാണ്.

നബി ﷺ യുടെ സ്വഹാബിമാര്‍ വെള്ളമില്ലാതെ വിഷമിക്കുമ്പോള്‍ ഇപ്രകാരം നമസ്കരിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയുമായിരുന്നു ചെയ്തിരുന്നത്. അവര്‍ നബി ﷺ യോട് മഴക്ക് വേണ്ടി തേടിയിട്ടില്ല. സ്വഹാബിമാര്‍ വിശ്വസിച്ചത് പോലെ നബിയെക്കുറിച്ച് വിശ്വസിച്ചെങ്കിലേ നമ്മുടെ വിശ്വാസം ശരിയാവുകയുള്ളൂ. ക്വുര്‍ആന്‍ കാര്യം നമ്മെ ഉണര്‍ത്തിയത് കാണുക:

"നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ" (ക്വുര്‍ആന്‍ 2:137).

(അവസാനിച്ചില്ല)