ചെറിയ ബദ്ര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഒക്ടോബര്‍ 16 1442 റബിഉല്‍ അവ്വല്‍ 09

(മുഹമ്മദ് നബി ﷺ : 42)

ഉഹ്ദില്‍ രക്തസാക്ഷികളായ എഴുപതോളം സ്വഹാബിമാരെ അവിടെത്തന്നെ ക്വബ്‌റടക്കി. ചില സ്വഹാബിമാരുടെ ഭൗതികശരീരം മദീനയിലേക്ക് കൊണ്ടുപോകാനായി കുടുംബത്തിലെ ചിലര്‍ നബി ﷺ യോട് ആവശ്യപ്പെട്ടെങ്കിലും നബി ﷺ അത് വിലക്കി. രക്തസാക്ഷികളെ അവിടെത്തന്നെ മറവ് ചെയ്യുകയാണ് വേണ്ടത്. അതിനാലാണ് നബി ﷺ അവരെ വിലക്കിയത്. നബി ﷺ രക്തസാക്ഷികളെ മറവുചെയ്യുന്നതിനായി കുറച്ച് ക്വബ്‌റുകള്‍ കുഴിക്കാന്‍ സ്വഹാബിമാരോട് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ഓരോ ക്വബ്ര്‍ വീതം കുഴിക്കുക എന്നത് അവര്‍ക്ക് ആ സമയത്ത് അസാധ്യമായിരുന്നു. കാരണം കടുത്ത ക്ഷീണത്തിലും പരിക്കുപറ്റിയ നിലയിലുമായിരുന്നു അവര്‍. അതിനാല്‍ ഒന്നിലധികം പേരെ ഓരോ ക്വബ്‌റിലും മറവുചെയ്തു.

ഒരേസമയത്ത് ധാരാളം മയ്യിത്തുകള്‍ മറവു ചെയ്യേണ്ടിവരുന്ന ഘട്ടത്തില്‍ ഒരേ ക്വബ്‌റില്‍തന്നെ ഒന്നില്‍ കൂടുതല്‍ മയ്യിത്തുകള്‍ മറവുചെയ്യാം എന്ന് ഈ ചരിത്രത്തിന്റെ വെളിച്ചത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉഹ്ദില്‍ ശഹീദായവരെ മറവുചെയ്യാനായി ക്വബ്‌റിലേക്ക് ഇറക്കുകയാണ്. ആ സന്ദര്‍ഭത്തില്‍ നബി ﷺ സ്വഹാബിമാര്‍ക്ക് ഒരു നിര്‍ദേശം നല്‍കി. ആരെയാണ് ആദ്യം ക്വബ്‌റിലേക്ക് വെക്കേണ്ടത് എന്നതിനെ പറ്റിയായിരുന്നു ആ നിര്‍ദേശം. ക്വുര്‍ആനില്‍നിന്ന് ഏറ്റവും കൂടുതല്‍ മനഃപാഠമുള്ളവരെ ആദ്യം ക്വബ്‌റില്‍ വെക്കുക. ശേഷം അതിന് താഴെ മനഃപാഠമുള്ളവര്‍. അങ്ങനെ അവരെ ഓരോരുത്തരെയും മയ്യിത്ത് കുളിപ്പിക്കാതെ, രക്തം അവരുടെ ശരീരത്തില്‍ ഉള്ള നിലയ്ക്ക് തന്നെയാണ് മറവുചെയ്തത്. ജനാസ നമസ്‌കാരം പോലും ഇല്ലാതെയാണ് അവരെ മറവുചെയ്യേണ്ടത്. യുദ്ധത്തില്‍ രക്തസാക്ഷികളായവരെ അങ്ങനെയാണ് മറവുചെയ്യേണ്ടത്. നബി ﷺ പറഞ്ഞു: 'അന്ത്യനാളില്‍ ഞാന്‍ ഇവര്‍ക്ക് സാക്ഷിയായിരിക്കുന്നതാണ്.'

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹീദുകളായ മഹാന്മാര്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ക്വബ്‌റുകളില്‍നിന്ന് രക്തക്കറയും മുറിവുകളുടെയും പരിക്കുകളുടെയും അടയാളങ്ങളുമായി അല്ലാഹുവിങ്കലേക്ക് വരുന്ന സമയത്ത് കസ്തൂരിയെക്കാള്‍ ശക്തമായ സുഗന്ധം അടിച്ചുവീശുന്നതാണെന്ന് നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

ഉഹ്ദ് യുദ്ധത്തിലെ രക്തസാക്ഷികളെ മറവുചെയ്ത് നബി ﷺ യും സ്വഹാബിമാരും മടങ്ങുന്ന സമയത്ത് ശത്രുക്കള്‍ പരിഹസിക്കാന്‍ തുടങ്ങി. അവരുടെ കൂടെ കപടവിശ്വാസികളും. 'മദീനയുടെ പുറത്ത് പോകാതെ ഇവിടെവെച്ചുതന്നെ അവരെ നേരിട്ടിരുന്നെങ്കില്‍ ഇതൊന്നും വരില്ലായിരുന്നല്ലോ' എന്നിങ്ങനെ മുസ്‌ലിംകളെ പറഞ്ഞ് വേദനിപ്പിക്കുകയാണ് കപടന്മാര്‍. ഇപ്പോള്‍ എഴുപത് ജീവനല്ലേ പൊലിഞ്ഞത്, കുടുംബത്തിന് അവരെ നഷ്ടമായില്ലേ എന്നെല്ലാം ചോദിച്ച് വീണ്ടും വീണ്ടും ആക്ഷേപിക്കുകയാണ് ശത്രുക്കള്‍. എന്നാല്‍ രക്തസാക്ഷികള്‍ക്ക് അല്ലാഹു നല്‍കുന്ന വമ്പിച്ച പ്രതിഫലത്തെക്കുറിച്ച് നബി ﷺ സ്വഹാബിമാരെ പറഞ്ഞ് സമാധാനിപ്പിച്ചു. അല്ലാഹു ഇപ്രകാരം ആയത്ത് ഇറക്കുകയും ചെയ്തു:

''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക്  ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവുംകൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു)'' (ക്വുര്‍ആന്‍ 3:171).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായവര്‍ ഭൗതികലോകത്തോട് യാത്രയായെങ്കിലും അല്ലാഹുവിന്റെയടുത്ത് അവര്‍ ജീവിച്ചിരിക്കുന്നവരാണ്. അല്ലാഹു അവര്‍ക്ക് ആഹാരം നല്‍കുന്നുണ്ട്. ബര്‍സഖിയായ ജീവിതത്തില്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ അവര്‍ അങ്ങേയറ്റത്തെ സന്തോഷത്തിലുമാണ്. അത്രയും വലിയ സ്വര്‍ഗീയ സുഖങ്ങളാണ് ശുഹദാഇന് അല്ലാഹു നല്‍കിക്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല, അവരുടെ കൂടെ, ഇപ്പോള്‍ രക്തസാക്ഷികളായിട്ടില്ലെങ്കിലും അവരിലേക്ക് ചെന്നു ചേരാനിരിക്കുന്ന പിന്‍ഗാമികളെ ഓര്‍ത്തും അവര്‍ ഏറെ സന്തോഷത്തിലാണ്. വിശ്വാസികളെ കളിയാക്കിയിരുന്നവര്‍ക്കും വേദനിപ്പിച്ചവര്‍ക്കും അല്ലാഹു ആ രക്തസാക്ഷികളുടെ അവസ്ഥ പറഞ്ഞുകൊടുക്കുകയാണ്. പിതാവ് നഷ്ടപ്പെട്ട മക്കള്‍ക്കും ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യക്കും മക്കള്‍ നഷ്ടമായ മാതാപിതാക്കള്‍ക്കും തെല്ലൊന്നുമല്ല ഈ വചനം ആശ്വാസം പകര്‍ന്നത്.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ പച്ചനിറത്തിലുള്ള പക്ഷിയുടെ രൂപത്തില്‍ പാറിനടക്കുകയാണ് എന്നും സന്തോഷത്തോടെ സ്വര്‍ഗത്തിന്റെ ഏത് ഭാഗത്തിലൂടെയും അവര്‍ സഞ്ചരിക്കുകയാണെന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. പിതാവിന്റെ വിയോഗത്തില്‍ വിഷമിച്ച മക്കളോട് വിഷമിക്കരുതെന്നും അദ്ദേഹത്തിന്റെ ആത്മാവിനെ മലക്കുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മലക്കുകള്‍ അവരുടെ ചിറകുകൊണ്ട് തണലിട്ട് കൊടുത്തിട്ടുണ്ടെന്നും അത്യുന്നതമായ പദവിയിലേക്കാണ് അദ്ദേഹം പോയിട്ടുള്ളതെന്നും നബി ﷺ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടിരുന്നു.

ശുഹദാക്കള്‍ ജീവിച്ചിരിക്കുന്നവരാണ് എന്ന് ക്വുര്‍ആന്‍ പറഞ്ഞതിനെ പലരും തെറ്റായി മനസ്സിലാക്കിയിരിക്കുകയാണ്. സാധാരണ ഒരു മനുഷ്യന് ഉണ്ടാകുന്ന സ്വാഭാവിക മരണം അവര്‍ക്ക് സംഭവിച്ചിട്ടില്ല എന്നതല്ല ശുഹദാഅ് അല്ലാഹുവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുകയാണ് എന്ന് പറയുന്നതിന്റെ അര്‍ഥം. അല്ലാഹുവിന്റെ അടുക്കല്‍ എന്ന് പ്രത്യേകം പറഞ്ഞതുതന്നെ ആ ജീവിതം നമ്മുടെ ഭൗതിക ജീവിതവുമായി ബന്ധമുള്ളതല്ലെന്ന് വ്യക്തമാക്കുന്നതാണ്. പക്ഷേ, ആ ജീവിതം എങ്ങനെയാണ് എന്നത് നമുക്ക് അറിയുകയുമില്ല. അവര്‍ക്ക് ഭക്ഷണം നല്‍കപ്പെടുന്നുണ്ടെന്നും പറഞ്ഞല്ലോ. ഏതുതരം ഭക്ഷണമാണ് അവര്‍ക്ക് ലഭിക്കപ്പെടുന്നതെന്നോ എങ്ങനെയാണ്, എപ്പോഴാണ് അവര്‍ അത് കഴിക്കുന്നതെന്നോ നമുക്ക് പറയാന്‍ സാധ്യമല്ല. പദാര്‍ഥലോകത്തിന് അപ്പുറത്തുള്ള ആ ജീവിതത്തില്‍ അവര്‍ക്ക് അനുയോജ്യമായ രൂപത്തില്‍ അല്ലാഹു ആഹാരം നല്‍കുന്നുണ്ടെന്നേ നമുക്ക് വിശ്വസിക്കാന്‍ സാധിക്കൂ. ശുഹദാഇനെ സംബന്ധിച്ച് അല്ലാഹു അറിയിച്ച ഈ സൂക്തത്തെ ദുര്‍വ്യാഖ്യാനിക്കുകയും അവര്‍ മരണപ്പെട്ടിട്ടില്ലെന്നും അവര്‍ ഉദ്ദേശിക്കുന്നിടത്തെല്ലാം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ അവരെ എപ്പോള്‍ എവിടെവെച്ച് വിളിച്ചാലും അവര്‍ക്ക് നമ്മുടെ വിളി കേള്‍ക്കുവാനും അതിന് ഉത്തരം നല്‍കുവാനും കഴിയുമെന്നും വിശ്വസിച്ച് അവരോട് പ്രാര്‍ഥിക്കുന്നവര്‍ക്ക് ഈ വചനം അതിന് യാതൊരും വെളിച്ചവും നല്‍കുന്നില്ല. ശുഹദാഇന് അവര്‍ ആഗ്രഹിക്കുന്നത് പോലും നിവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഒരു സംഭവം കാണുക:

ജാബിറി(റ)ന്റെ പിതാവ് അബ്ദുല്ലാഹ്(റ) ഉഹ്ദില്‍ ശഹീദായി. അങ്ങനെ ഒരു ദിവസം ജാബിര്‍(റ) വളരെ ദുഃഖിതനായി നില്‍ക്കുന്നത് നബി ﷺ കാണുകയുണ്ടായി. 'എന്താണ് ജാബിറേ ദുഃഖിതനായിരിക്കുന്നത്' എന്ന് നബി ﷺ അദ്ദേഹത്തോട് ആരാഞ്ഞു. 'എന്റെ പിതാവ് ധാരാളം കടവും കുടുംബ പ്രാരാബ്ധവും ബാക്കിയാക്കിയാണ് ശഹീദായത്' എന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി ﷺ പറഞ്ഞു: 'അല്ലാഹു താങ്കളുടെ പിതാവിനോട് നിങ്ങളുടെ ആവശ്യം ചോദിച്ചോളൂ എന്നും അത് നല്‍കാമെന്നും നേരിട്ട് പറഞ്ഞ സന്തോഷ വിവരം ഞാന്‍ താങ്കളെ അറിയിക്കുകയാണ്. അപ്പോള്‍ പിതാവ് അബ്ദുല്ലാഹ് എന്നെ ദുന്‍യാവിലേക്ക് ഒന്നുകൂടെ മടക്കണമെന്നും അങ്ങനെ രണ്ടാമതും നിന്റെ മാര്‍ഗത്തില്‍ ശഹീദാകണമെന്നും പറഞ്ഞു. ദുന്‍യാവില്‍നിന്ന് വേര്‍പെട്ടവര്‍ അവിടേക്ക് രണ്ടാമത് മടക്കപ്പെടുകയില്ല എന്ന എന്റെ വാക്ക് മുന്‍കടന്നിട്ടുണ്ടെന്ന് അപ്പോള്‍ അല്ലാഹു മറുപടി നല്‍കുകയുണ്ടായി. ആ സമയത്ത് പിതാവ് അല്ലാഹുവിനോട് 'എന്റെ പിന്നില്‍ വരുന്നവര്‍ക്ക് ഈ വിവരം അറിയിക്കുമോ' എന്ന് ചോദിച്ചു. അപ്പോള്‍ അല്ലാഹു ശുഹദാഇന് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അറിയിക്കുന്നതാണ് മുകളിലെ സൂക്തം. ഈ സംഭവം തുര്‍മുദി, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍ മുതലായവരെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഭൂമിയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിട്ട് അവര്‍ക്ക് സാധിച്ചില്ല. മരണപ്പെട്ടവര്‍ക്ക് തിരിച്ച് ഈ ലോകത്തേക്ക് മടങ്ങിവരാന്‍ സാധിക്കില്ലെന്നും അത് അല്ലാഹുവിന്റെ തീരുമാനമാണെന്നും ഇവിടെ വ്യക്തമാണ്.

 ഈ വിഷയത്തില്‍ ഇതാണ് വസ്തുത എന്നിരിക്കെ, മാല, മൗലിദ് കിതാബുകളില്‍ ശുഹദാഅ് ഹാജറായതായും സഹായിച്ചതായും പറയുന്ന കഥകളെല്ലാം വ്യാജവും നിര്‍മിതവുമാണെന്ന് എളുപ്പത്തില്‍ നമുക്ക് മനസ്സില്ലാക്കാവുന്നതാണ്. അവരെ വിളിക്കുന്നവരെ സഹായിക്കുവാനോ, ആ വിളി അവരെ കേള്‍പിക്കുവാനോ, അതിന് ഉത്തരം നല്‍കുവാനോ അല്ലാഹു യാതൊരു ഏര്‍പ്പാടും ചെയ്തിട്ടില്ല. ഈ വിശ്വാസം ശുഹദാഇനെ സ്ഥാനംകുറച്ച് കാണലല്ല; അല്ലാഹുവിന്റെ സ്ഥാനത്തെ മഹത്ത്വപ്പെടുത്തലാണ്.

ഉഹ്ദില്‍ അനേകം നാശം വിതച്ചാണല്ലോ അഹങ്കാരത്തോടെ ക്വുറയ്ശി മുശ്‌രിക്കുകള്‍ തിരിച്ചുപോകുന്നത്. ആ സമയത്ത്, അവര്‍ ഇനിയും മടങ്ങിവന്ന് മദീനയെ അക്രമിച്ച് നാശം വരുത്തുമോ എന്ന ഒരു ആശങ്ക നബി ﷺ ക്ക് ഉണ്ടായിരുന്നു. വളരെ ക്ഷീണിതരും ദുര്‍ബലരുമായ അവശേഷിക്കുന്ന വിശ്വാസികളെ ഉഹ്ദില്‍വെച്ച് തുടച്ചുനീക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അല്ലാഹു അവര്‍ക്ക് അതിന് തോന്നിപ്പിച്ചില്ല. ഇനിയെങ്ങാനും അവര്‍ ഈ പകയില്‍ മദീനയിലേക്ക് ഇരച്ചുകയറി അവിടെ ആക്രമണം അഴിച്ചു വിട്ടാലോ എന്നതായിരുന്നു അവിടുത്തെ ആശങ്ക. ഉഹ്ദില്‍നിന്ന് അവര്‍ അഹങ്കാരത്തോടെ മടങ്ങുന്ന വേളയില്‍, മുസ്‌ലിംകളുടെ നേതാക്കളെല്ലാം ജീവിച്ചിരിപ്പുണ്ടല്ലോ.; അവര്‍ ഇനിയും സംഘബലം ഉണ്ടാക്കും, അതിനാല്‍ അവരുടെ കഥ കഴിക്കാതിരുന്നത് ശരിയായില്ല എന്ന സംസാരം അവര്‍ക്കിടയില്‍ ഉണ്ടായി എന്ന് ചരിത്രത്തില്‍ കാണാം.

യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മടങ്ങി. നബി ﷺ യില്‍ ആ ആശങ്ക കൂടിക്കൂടി വന്നു. പിറ്റേദിവസം തന്നെ നബി ﷺ സ്വഹാബിമാരെ ഒരുമിച്ചുചേര്‍ത്തു. 'ശത്രുക്കള്‍ നമ്മെ ഒന്നുകൂടെ പിന്തുടരാന്‍ സാധ്യതയുള്ളതിനാല്‍ നമുക്ക് അതിനുള്ള തയ്യാറെടുപ്പ് വേണം' എന്ന് നബി ﷺ സ്വഹാബിമാരെ ഉണര്‍ത്തി. മുസ്‌ലിംകുടെ വീര്യം അണഞ്ഞിട്ടില്ലെന്നും ഇപ്പോഴും അവര്‍ ശക്തരാണെന്ന് ശത്രുക്കളെ ബോധ്യപ്പെടുതാനുമായി നബി ﷺ സ്വഹാബിമാരെ സജ്ജരാക്കി. അടുത്ത ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പായിരുന്നു അത്. ഉഹ്ദില്‍ പങ്കെടുത്തവരല്ലാത്ത ഒരാളും തന്റെ കൂടെ ഉണ്ടാകരുതെന്നും നബി ﷺ അറിയിച്ചു. നബി ﷺ യുടെ പ്രത്യേക അനുമതിയോടെ ജാബിറും(റ) ആ സംഘത്തില്‍ ചേര്‍ന്നു. അദ്ദേഹം ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്തിരുന്നില്ല. പിതാവ് അബ്ദുല്ലാഹ് ഉഹ്ദില്‍ പങ്കെടുക്കുകയും അതില്‍ ശഹീദാകുകയും ചെയ്തത് നാം മനസ്സിലാക്കി. ജാബിര്‍(റ) ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണമല്ലായിരുന്നു.

'എന്റെ പിതാവിന് ഏഴ് പെണ്‍മക്കളാണ് ഉള്ളത്. ആണായിട്ട് ഞാന്‍ മാത്രവും. എന്റെ ഏഴ് സഹോദരിമാര്‍ക്കും സഹായമായിട്ടുള്ളത് പിതാവും ഞാനും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ഇവരെ നോക്കാന്‍ ഏല്‍പിച്ച് ഉഹ്ദിലേക്ക് പുറപ്പെട്ടു. അവിടെ ശഹീദാകുകയും ചെയ്തു. എന്നാല്‍ ഇതില്‍ എന്നെ കൂടെ കൂട്ടണം' ജാബിര്‍(റ) പറഞ്ഞു. നബി ﷺ ഈ ആവശ്യം പരിഗണിച്ചു. അങ്ങനെ അവര്‍ വീണ്ടും യാത്ര തിരിച്ചു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള വഴിയില്‍ ഹംറാഉല്‍ അസദ് എന്ന സ്ഥലത്ത് എത്തി. നബി ﷺ അവിടെ ഇറങ്ങി തമ്പടിച്ചു. നബി ﷺ നേരത്തെ ശത്രുക്കളുടെ നീക്കത്തെ പറ്റി ഊഹിച്ചത് ശരിയായിരുന്നു. ഉഹ്ദില്‍നിന്ന് മടങ്ങിയ മുശ്‌രിക്കുകള്‍ മദീനയെ കടന്നാക്രമിക്കാനുള്ള ഒരുക്കം നടത്തിയിരുന്നു. ആ സന്ദര്‍ഭത്തിലാണ് നബി ﷺ യുടെയും സ്വഹാബിമാരുടെയും ഈ വരവ് അവരുടെ നേതാവ് അബൂ സുഫ്‌യാന്‍ അറിയുന്നത്.

നബി ﷺ യുടെയും സ്വഹാബിമാരുടെയും നീക്കം മനസ്സിലാക്കിയ അബൂ സുഫ്‌യാന്‍ പേടിച്ചു. ഉഹ്ദില്‍ പങ്കെടുത്തിട്ടില്ലാത്തവര്‍ ഇന്ന് മുസ്‌ലിംകളുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്നും അവര്‍ക്ക് പുതിയ ശക്തിയും സ്വാധീനവും ലഭിച്ചിട്ടുണ്ടാകുമെന്നും വിചാരിച്ച് അവര്‍ ഭയന്നു. നബി ﷺ യുടെ കൂടെ രണ്ടാമതും ഇറങ്ങി പുറപ്പെടാന്‍ തയ്യാറായ ആ സ്വഹാബിമാരെ അല്ലാഹു പ്രശംസിച്ചിട്ടുണ്ട്:

''പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍നിന്ന് സല്‍കര്‍മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്. ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹവും ഔദാര്യവുംകൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു. അത് (നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്) പിശാചു മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍'' (ക്വുര്‍ആന്‍ 3:175).

പരിക്കുകളോടെ നടക്കാന്‍പോലും സാധിക്കാത്ത സ്വഹാബിമാരെ അല്‍പം ആരോഗ്യമുള്ള മറ്റുള്ളവര്‍ എടുത്തായിരുന്നു പോയിരുന്നത്. അത്ര മുറിവുകളും പരിക്കുകളും ഏറ്റിട്ടും അല്ലാഹുവും റസൂലും അവരോട് അടുത്ത ഒരു പുറപ്പാടിന് ആഹ്വാനം നല്‍കിയപ്പോള്‍ അവര്‍ അതിനും തയ്യാറായി.

ഉഹ്ദില്‍നിന്ന് മടങ്ങുന്ന സമയത്ത് അടുത്ത കൊല്ലം ബദ്‌റില്‍വെച്ച് നമുക്ക് വീണ്ടും കാണാം എന്ന വെല്ലുവിളി നടത്തിയാണല്ലോ അബൂ സുഫ്‌യാന്‍ മടങ്ങിയിരുന്നത്. ആ വെല്ലുവിളി നബി ﷺ ധൈര്യമായി ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മക്കയിലെ കടുത്ത ക്ഷാമം കാരണം അവര്‍ക്ക് ബദ്‌റിലേക്ക് പുറപ്പെടാന്‍ സാധിച്ചില്ല. എന്നാല്‍ വെല്ലുവിളി നടത്തിപ്പോവുകയും അത് മുസ്‌ലിംകള്‍ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ബദ്‌റിലേക്ക് പുറപ്പെടാതിരിക്കല്‍ വലിയ അപമാനവുമാണല്ലോ. ഈ അപമാനഭാരത്താല്‍ അദ്ദേഹം ഒരു സൂത്രം പ്രയോഗിച്ചു. മദീനയിലേക്ക് ഒരു ആളെ അയച്ചു; ഒരു വമ്പിച്ച പ്രചാരം നടത്താന്‍. അയാള്‍ക്ക് വലിയ ഒരു ഇനാം നല്‍കുകയും ചെയ്തു. മദീനയെ ആക്രമിക്കാനായി മക്കയില്‍നിന്നും വമ്പിച്ച ഒരു സൈന്യവുമായി അവര്‍ വരുന്നുണ്ടെന്നതായിരുന്നു ആ കള്ളപ്രചാരണം. ഈ പ്രചരണത്തിലൂടെ മുസ്‌ലിംകളുടെ മനസ്സിനെ നിര്‍വീര്യമാക്കലായിരുന്നു അബൂ സുഫ്‌യാന്റെ തന്ത്രം. ഇപ്രകാരം ഒരു ഭീതി പരത്തിയാല്‍ അവര്‍ ബദ്‌റിലേക്ക് വരില്ലല്ലോ. മുസ്‌ലിംകള്‍ വരാത്തതിനാലാണ് ഞങ്ങളും ബദ്‌റിലേക്ക് വരാതിരുന്നത് എന്ന് പറഞ്ഞ് ആശ്വസിക്കാമല്ലോ എന്നതായിരുന്നു ആ തന്ത്രം.

എന്നാല്‍ അതൊന്നും മുസ്‌ലിംകളെ ബാധിച്ചില്ല. അവര്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് പുറപ്പെടാന്‍ ഒരുങ്ങി. അവരുടെ വെല്ലുവിളി അവഗണിച്ച് അവര്‍ അതിന് തയ്യാറായി. അവര്‍ക്ക് ആ സമയത്ത് ഈമാന്‍ വര്‍ധിക്കുകയാണ് ചെയ്തത്. ഏത് ശത്രുവിന്റെ മുന്നിലും വിശ്വാസികള്‍ക്ക് ധൈര്യം പകരുന്ന വിശ്വാസമാണിത്. അങ്ങനെ 1500 പേരടങ്ങുന്ന സൈന്യവുമായി നബി ﷺ ബദ്‌റിലേക്ക് പുറപ്പെട്ടു. എന്നാല്‍ അബൂ സുഫ്‌യാന്‍ വന്നില്ല. മുസ്‌ലിംകള്‍ ഏറ്റുമുട്ടലില്ലാതെ മടങ്ങുകയും ചെയ്തു. ഇത് മുസ്‌ലിംകള്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കാനും അബൂസുഫ്‌യാനും സംഘത്തിനും കൂടുതല്‍ അപമാനമുണ്ടാക്കാനും ഇടയായി.

ബദ്‌റില്‍ രണ്ടാമത് എത്തിയ നബി ﷺ ക്കും സ്വഹാബിമാര്‍ക്കും ശത്രുക്കള്‍ വരാത്തതിനാല്‍ വമ്പിച്ച കച്ചവടം നടത്തി മടങ്ങാന്‍ സാധിച്ചു. ഇത് 'ബദ്‌റുസ്വുഗ്‌റാ' അഥവാ 'ചെറിയ ബദ്ര്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. ചുരുക്കത്തില്‍ ഉഹ്ദില്‍ മുസ്‌ലിംകള്‍ പരാജയപ്പെടുകയും ശത്രുക്കള്‍ വിജയിക്കുകയും ചെയ്‌തെങ്കിലും ധൈര്യവും വീര്യവും മുസ്‌ലിംകള്‍ക്കും അപമാനവും നാണക്കേടും ശത്രുക്കള്‍ക്കുമാണ് ഉണ്ടായത്.