ആദ്യ ദിവ്യസന്ദേശത്തിനു ശേഷമുള്ള ഇടവേള

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

(മുഹമ്മദ് നബിﷺ, ഭാഗം 7)

ഹിറാഅ് ഗുഹയില്‍വച്ച് ലഭിച്ച ആദ്യ വഹ്‌യിനു ശേഷം അല്‍പകാലത്തേക്ക് വഹ്‌യ് ഉണ്ടായില്ല. വഹ്‌യ് നിലച്ച ആ കാലം 'ഫത്‌റതുല്‍ വഹ്‌യ് എന്നാണ് അറിയപ്പെടുന്നത്. അത് എത്ര കാലമായിരുന്നു എന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഇതു സംബന്ധമായി വന്ന റിപ്പോര്‍ട്ടുകളെ പരിശോധിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്: 'എന്നാല്‍ വഹ്‌യ് നിലച്ച ആ കാലം ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇബ്‌നു സഅദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നത്; അത് (ആ കാലം ഏതാനും) ദിവസങ്ങളായിരുന്നു എന്നാണ്.'

അത് എത്ര ദിവസമാണെന്ന് ക്ലിപ്തമല്ല. മൂന്നുദിവസം, പത്തുദിവസം, പതിനഞ്ചുദിവസം, നാല്‍പതു ദിവസം, ആറുമാസം എന്നൊക്കെ അഭിപ്രായപ്പെട്ടവരുണ്ട്. രണ്ടരവര്‍ഷം എന്നും മൂന്നുവര്‍ഷം എന്നുമൊക്കെ യാതൊരു നിലയ്ക്കും സ്വീകാര്യയോഗ്യമല്ലാത്ത അഭിപ്രായം പറഞ്ഞവരുമുണ്ട്.

വഹ്‌യ് ഇല്ലാതിരുന്ന ഈ കാലത്ത് നബിﷺ അങ്ങേയറ്റത്തെ ദുഃഖിതനായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ആ ദുഃഖം മൂത്ത് അവിടുന്ന് ആത്മഹത്യക്ക് പോലും ചിന്തിച്ചെന്നും അതിനായി പലതവണ മലമുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ചെന്നും ഓരോ തവണ പര്‍വതത്തിന്റെ ഉച്ചിയില്‍നിന്ന് ചാടാനൊരുങ്ങുമ്പോഴെല്ലാം ജിബ്‌രീല്‍(അ) നബിﷺയുടെ അടുത്ത് വരികയും, ശേഷം 'ഓ, മുഹമ്മദ്, തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്നത് സത്യമാകുന്നു' എന്നു പറഞ്ഞ് ആശ്വസിപ്പിക്കാറാണ് പതിവെന്നും ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. ഇതൊന്നും അംഗീകരിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ല. കാരണം, ആത്മഹത്യയെന്ന മഹാപാപം ചെയ്യാന്‍ ഒരിക്കലും പ്രവാചകന്മാര്‍ ഉദ്ദേശിക്കില്ല. അതുപോലെ ജിബ്‌രീല്‍(അ) വന്ന് നബിﷺയെ ആശ്വസിപ്പിക്കുമ്പോള്‍ അതില്‍ വിശ്വാസം കൊള്ളുന്നതിന് പകരം വീണ്ടും ജീവന്‍ നശിപ്പിക്കാന്‍ ഒരു പ്രവാചകന്‍ ശ്രമിക്കുമോ? ഒരിക്കലുമില്ല! മാത്രവുമല്ല, ഈ സംഭവമൊന്നും പ്രവാചകനിലേക്ക് ചേര്‍ക്കപ്പെട്ട റിപ്പോര്‍ട്ടുകളുമല്ല. ആശയപരമായും നിവേദകപരമ്പരയുടെ സ്വീകാര്യതയുടെ അടിസ്ഥാനത്തിലും ഇത് തള്ളിക്കളയേണ്ടതാണ്.

വീണ്ടും വഹ്‌യ് വരുന്നു

അല്‍പനാളുകളിലെ ഇടവേളക്ക് ശേഷം വീണ്ടും ദിവ്യബോധനം വരാന്‍ ആരംഭിച്ചു. എന്തിനായിരുന്നു ഈ അല്‍പകാലത്തെ ഇടവേള എന്നതിനെ സംബന്ധിച്ച് ഇബ്‌നു ഹജര്‍(റഹി) പറയുന്നു:

''അത് (വഹ്‌യ് കുറച്ചുകാലം വരാതെ പിന്നീട് വരാന്‍ തുടങ്ങിയത്) നബിﷺക്ക് ഉണ്ടായ പേടി നീങ്ങിപ്പോകുന്നതിനു വേണ്ടിയും ഇനിയും അത് തുടര്‍ന്നിരുന്നെങ്കില്‍ എന്ന ആഗ്രഹം അവിടുത്തേക്ക് ഉണ്ടാകുന്നതിന് വേണ്ടിയും ആയിരുന്നു.''

രണ്ടാമത് വഹ്‌യ് വരുന്ന സന്ദര്‍ഭത്തെ പറ്റി നബിﷺ തന്നെ നമുക്ക് പറഞ്ഞുതരുന്നത് കാണുക: ''ജാബിര്‍ ഇബ്‌നു അബ്ദില്ലാഹ്(റ) പറഞ്ഞു: 'നബിﷺ വഹ്‌യ് നിലച്ചതിനെ പറ്റി സംസാരിക്കവെ (ഇപ്രകാരം) പറഞ്ഞു: ഞാന്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആകാശത്തുനിന്നും ഒരു ശബ്ദം കേള്‍ക്കാനിടയായി. അപ്പോള്‍ ഞാന്‍ എന്റെ ദൃഷ്ടി ഉയര്‍ത്തി. അപ്പോഴതാ ഹിറാഇല്‍ എന്റെ അടുത്തു വന്ന മലക്ക് ആകാശത്തിന്റെയും ഭൂമിയുടെയും ഇടയില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നു. അപ്പോള്‍ ഞാന്‍ പേടിച്ചു. ഞാന്‍ പറഞ്ഞു: 'നിങ്ങള്‍ എന്നെ പുതപ്പിക്കൂ, നിങ്ങള്‍ എന്നെ പുതപ്പിക്കൂ.' അപ്പോള്‍ അല്ലാഹു (ഈ സൂക്തങ്ങള്‍) അവതരിപ്പിച്ചു: 'ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക.''

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ നബിﷺ ആ സന്ദര്‍ഭത്തില്‍ പേടിച്ച് ഭൂമിയിലേക്ക് വീണു എന്നും കാണാവുന്നതാണ്.

രണ്ടാം തവണ വഹ്‌യ് ഇറങ്ങിയപ്പോഴും അവിടുന്ന് നന്നായി പേടിച്ചു. ആദ്യത്തേതുപോലെത്തന്നെ പേടിച്ച് കുടുംബത്തിലേക്ക് ഓടുകയും അവര്‍ അദ്ദേഹത്തെ പുതപ്പിക്കുകയും ചെയ്തു. അങ്ങനെ കിടക്കുന്ന സന്ദര്‍ഭത്തിലാണ് ഈ സൂക്തങ്ങള്‍ ഇറക്കപ്പെടുന്നത്. പേടിച്ച് പുതപ്പിനുള്ളില്‍ കിടക്കേണ്ടവനല്ല താങ്കളെന്നും, എഴുന്നേറ്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടവനാണെന്നും, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രബോധനം നടത്തേണ്ടതിനാല്‍ ശുദ്ധികൈവരിക്കണമെന്നും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളെ ഒഴിവാക്കണമെന്നും കല്‍പിച്ചുകൊണ്ടുള്ളതായിരുന്നു രണ്ടാമത്തെ വഹ്‌യ്. പന്നീട് വഹ്‌യ് തുടരെത്തുടരെ വന്നുകൊണ്ടിരുന്നു.

സൂറത്തുല്‍ അലക്വിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങള്‍ ഇറങ്ങിയതിനുശേഷം ഇറങ്ങുന്നത് സൂറത്തുല്‍ മുദ്ദസ്സിറിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങളാണല്ലോ. അപ്പോള്‍ എന്തുകൊണ്ട് ഈ ഭാഗം സൂറത്തുല്‍ അലക്വിന്റെ ബാക്കിഭാഗത്ത് വന്നില്ല എന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടായേക്കാം. ക്വുര്‍ആനിലെ ഓരോ സൂക്തവും നബിﷺക്ക് ഇറങ്ങുമ്പോള്‍ത്തന്നെ ആ വചനങ്ങള്‍ ഏത് അധ്യായത്തിലാണ് വരേണ്ടതെന്നും എവിടെയാണ് വരേണ്ടതെന്നും അല്ലാഹു അറിയിച്ചിരുന്നു. ആ കാര്യം നബിﷺയുടെ വഹ്‌യ് എഴുത്തുകാരെ അറിയിക്കുകയും അവര്‍ അതുപ്രകാരം എഴുതിവയ്ക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വുര്‍ആനിലെ ഓരോ അധ്യായവും അതിലെ ഓരോ വചനങ്ങളും ക്രമീകരിച്ചിരിക്കുന്നത് എന്ന കാര്യം നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടതുണ്ട്.

വഹ്‌യ് നിലയ്ക്കല്‍ മറ്റൊരു സന്ദര്‍ഭത്തിലും

മറ്റൊരു സന്ദര്‍ഭത്തിലും ഇതുപോലെ നബിﷺക്ക് വഹ്‌യ് വരാത്ത ഇടവേള ഉണ്ടായിരുന്നു. അത് രണ്ടോ മൂന്നോ ദിവസം മാത്രമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ശത്രുക്കള്‍ അവിടുത്തെ നന്നായി പരിഹസിക്കാനും കുത്തിപ്പറയാനും തുടങ്ങി. മുഹമ്മദിനെ അവന്റെ റബ്ബ് ഒഴിവാക്കിയിരിക്കുന്നു എന്ന് അവര്‍ നബിﷺയെ പറ്റി പറയാന്‍ തുടങ്ങി. അപ്പോഴാണ് അല്ലാഹു താഴെ കാണുന്ന സൂക്തങ്ങള്‍ ഇറക്കിയത് എന്ന് ചരിത്രത്തില്‍ കാണാം.

''പൂര്‍വാഹ്നം തന്നെയാണ സത്യം; രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍. (നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല'' (ക്വുര്‍ആന്‍ 93:1-3).

സൂറത്തുല്‍ അലക്വിലെ ആദ്യ സൂക്തങ്ങള്‍ ഇറക്കപ്പെട്ടതിനുശേഷം വഹ്‌യ് നിലച്ച സംഭവം നാം വിവരിക്കുകയുണ്ടായി. അതിനെത്തുുടര്‍ന്നാണ് സൂറത്തുല്‍ മുദ്ദസ്സിറിലെ സൂക്തങ്ങള്‍ ഇറങ്ങിയതെന്നും നാം മനസ്സിലാക്കി. എന്നാല്‍ ആദ്യവഹ്‌യ് നിലച്ചതിനുശേഷം ആദ്യമായി ഇറക്കപ്പെട്ടതാണ് ഈ സൂക്തങ്ങളെന്ന്(93:1-3) തെറ്റുധരിച്ച ചിലരുണ്ട്. അത് ശരിയല്ല.

വഹ്‌യിന്റെ ഇനങ്ങള്‍

സത്യസന്ധമായ സ്വപ്‌നമായിരുന്നു വഹ്‌യിന്റെ ആരംഭമെന്ന് മുമ്പ് നാം വിവരിച്ചത് ഓര്‍ക്കുമല്ലോ. പ്രവാചകന്മാര്‍ക്ക് അല്ലാഹു സ്വപ്‌നത്തിലൂടെയും വഹ്‌യ് നല്‍കും എന്നതാണ് ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്. നബിﷺക്ക് ഏകദേശം ആറു മാസത്തോളം ഈ അവസ്ഥയുണ്ടായിരുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇബ്‌റാഹീം നബി(അ)ക്ക് സ്വപ്‌നത്തിലൂടെ വഹ്‌യ് നല്‍കിയ സംഭവം പ്രസിദ്ധമാണ്.

രണ്ടാമത്തെ രൂപം മറ്റൊന്നായിരുന്നു. ജിബ്‌രീല്‍(അ) നബിﷺയുടെ അടുക്കല്‍ വന്ന് സന്ദേശം നല്‍കും. എന്നാല്‍ നബിﷺ ജിബ്‌രീലിനെ കാണാറില്ലായിരുന്നു. മലക്ക് മനുഷ്യരൂപത്തില്‍ നബിﷺയുടെ അടുത്തുവന്ന് സന്ദേശം നല്‍കലാണ് വഹ്‌യിന്റെ മൂന്നാമത്തെ രൂപം. അതിനെ സംബന്ധിച്ച് നബിﷺ പറയുന്നത് കാണുക: ''ചിലപ്പോള്‍ മലക്ക് എനിക്കുവേണ്ടി ഒരു പുരുഷന്റെ രൂപംപ്രാപിക്കും. എന്നിട്ട് എന്നോട് അദ്ദേഹം സംസാരിക്കും. അപ്പോള്‍ ഞാന്‍ അദ്ദേഹം പറയുന്നത് നന്നായി മനസ്സിലാക്കും'' (ബുഖാരി).

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വഹാബിമാര്‍ക്കും ജിബ്‌രീലിനെ കാണാമായിരുന്നു. മണിനാദംപോലെയുള്ള ശബ്ദം കേള്‍ക്കുന്ന രൂപത്തിലാണ് നബിﷺക്ക് വഹ്‌യ് ലഭിക്കുന്നതിന്റെ നാലാമത്തെ രൂപം. അതായിരുന്നു അവിടുത്തേക്ക് അങ്ങേയറ്റത്തെ പ്രയാസമുണ്ടായിരുന്നത്. അതിനെ സംബന്ധിച്ച് ഹദീഥുകളില്‍ ഇപ്രകാരം കാണാം:

അല്‍ഹാരിഥ് ഇബ്‌ന് ഹിശാം(റ) റസൂലിﷺനോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എപ്രകാരമായിരുന്നു അങ്ങേക്ക് വഹ്‌യ് വന്നിരുന്നത്?' അപ്പോള്‍ റസൂല്‍ﷺ പറഞ്ഞു: 'ചിലപ്പോള്‍ മണിനാദംപോലെയാണ് എനിക്ക് വഹ്‌യ് വന്നിരുന്നത്. അതായിരുന്നു എനിക്ക് ഏറ്റവും പ്രയാസം. അങ്ങനെ അത് എന്നില്‍നിന്ന് വിട്ടുമാറിപ്പോയാല്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ നന്നായി മനസ്സിലാക്കുകയും ചെയ്യും'(ബുഖാരി).

ഈ അവസ്ഥയില്‍ വഹ്‌യ് വരുന്ന സന്ദര്‍ഭത്തെ പറ്റി ആഇശ(റ) പറയുന്നത് കാണുക: ''കഠിനമായ തണുപ്പുള്ള ഒരു ദിവസത്തില്‍ നബിﷺക്ക് വഹ്‌യ് ഇറങ്ങുന്നത് ഞാന്‍ കാണുകയുണ്ടായി. അങ്ങനെ അത് (വഹ്‌യ് ഇറങ്ങുന്നത്) ഒഴിവായപ്പോള്‍ തീര്‍ച്ചയായും അവിടുത്തെ നെറ്റിയില്‍ വിയര്‍പ്പ് ഒഴുകി''(ബുഖാരി).

അവിടുത്തെ മുഖത്തിന്റെ അവസ്ഥതന്നെ മാറുമായിരുന്നു എന്നും മറ്റു ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. നബിﷺയുടെ വഹ്‌യ് എഴുത്തുകാരനായ സൈദുബ്‌നു ഥാബിത്(റ) പറയുന്നത് കാണുക:

''നബിﷺയുടെ തുട എന്റെ തുടയില്‍ ആയിരിക്കുമ്പോള്‍ അല്ലാഹു അവന്റെ റസൂലിന്ﷺ (വഹ്‌യ്) ഇറക്കി. എന്റെ തുട പൊട്ടിപ്പോകുന്നത് ഞാന്‍ പേടിക്കുന്നത് വരെ അത് എനിക്ക് അങ്ങേയറ്റത്തെ ഭാരമായി''(ബുഖാരി).

നബിﷺയും സൈദും(റ) അന്നേരം ഒട്ടകപ്പുറത്ത് യാത്രയിലായിരുന്നു. ആ ഇരുത്തത്തില്‍ അവിടുത്തെ കാല്‍തുട സൈദി(റ)ന്റെ കാല്‍തുടയില്‍ തട്ടിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. അപ്പോഴാണ് ഇപ്രകാരം വഹ്‌യ് ഇറങ്ങിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ ഭാരം താങ്ങാന്‍ കഴിയാതെ വാഹനം മുട്ടുകുത്തുമായിരുന്നു എന്നും നമുക്ക് കാണാവുന്നതാണ്. മലക്കിനെ തനതായ രൂപത്തില്‍ കാണുന്ന രൂപത്തിലും നബിﷺക്ക് വഹ്‌യ് ലഭിക്കാറുണ്ടായിരുന്നു. രണ്ടുതവണയാണ് ഇപ്രകാരം ഉണ്ടായത് എന്നും ജിബ്‌രീലിനെ സാക്ഷാല്‍ രൂപത്തില്‍ നബിﷺ കണ്ടപ്പോള്‍ ജിബ്‌രീലിന് അതിവിശാലമായ അറുനൂറ് ചിറകുകള്‍ ഉണ്ടായിരുന്നു എന്നും നബിﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അല്ലാഹു തന്നെ നേരിട്ട് ഒരു മറക്ക് പിന്നില്‍വച്ച് സംസാരിച്ചും വഹ്‌യ് നല്‍കും. ഇതാണ് അഞ്ചാമത്തെ രൂപം. ഇസ്‌റാഅ്-മിഅ്‌റാജ്‌യാത്രയില്‍ നബിﷺയോട് നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ട സന്ദര്‍ഭത്തില്‍ അല്ലാഹു നബിﷺയുമായി നടത്തിയ സംസാരം ഇതിന് ഉദാഹരണമാണ്. മൂസാ(അ) തൗറാത്ത് സ്വീകരിക്കാന്‍ പോയ സന്ദര്‍ഭത്തില്‍ അല്ലാഹുവുമായി സംസാരിച്ചത് നാം മനസ്സിലാക്കിയിട്ടുണ്ട്.

''നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന്നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ലതന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് പര്‍വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു''(ക്വുര്‍ആന്‍ 7:143).

മൂസാനബി(അ)യോട് അല്ലാഹു സംസാരിച്ച ഈ സന്ദര്‍ഭവും ഒരു മറക്ക് പിന്നില്‍ നിന്നായിരുന്നു എന്ന് ഈ ആയത്തില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. വഹ്‌യിന്റെ ഈ രൂപത്തെ പറ്റി ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത് കാണുക:

''(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 42:51).

നബിﷺക്ക് ജിബ്‌രീല്‍(അ) വഹ്‌യ് നല്‍കുന്ന വേളയില്‍ പെെട്ടന്ന് അതെല്ലാം ഹൃദിസ്ഥമാക്കുന്നതിന് ധൃതിപ്പെടുമായിരുന്നു. വഹ്‌യ് നല്‍കപ്പെടുന്ന കാര്യങ്ങള്‍ മറന്നേക്കുമോ എന്നെല്ലാമുള്ള പേടികൊണ്ടാകാം അവിടുന്ന് ഇപ്രകാരം ധൃതികാണിച്ചിരുന്നത്. അതിനാല്‍ നബിﷺയെ അല്ലാഹു ആശ്വസിപ്പിച്ചു:

''നീ അത് (ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതുംകൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു'' (ക്വുര്‍ആന്‍ 75:16-19).

''നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല'' (ക്വുര്‍ആന്‍ 87:6).

''...ക്വുര്‍ആന്‍-അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി- പാരായണം ചെയ്യുന്നതിനു നീ ധൃതികാണിക്കരുത്. എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 20:114).

നബിﷺക്ക് വഹ്‌യ് നല്‍കുന്ന ഏതൊരു കാര്യത്തിലും യാതൊരു മറവിയും സംഭവിക്കാത്ത വിധത്തില്‍ അല്ലാഹു പ്രത്യേകമായ കാവല്‍ നല്‍കിയിരുന്നു. ധൃതിപ്പെട്ട് പഠിക്കാന്‍ ശ്രമിച്ച നബിﷺയോട് അല്ലാഹു പറഞ്ഞത് നാം കണ്ടല്ലോ. അതിന് ശേഷം നബിﷺ എപ്രകാരമായിരുന്നു എന്നത് ഹദീഥില്‍ കാണാം.

''അങ്ങനെ ജിബ്‌രീല്‍ നബിﷺയുടെ അടുത്ത് വന്നാല്‍ അവിടുന്ന് തലതാഴ്ത്തി ഇരിക്കും. ജിബ്‌രീല്‍ പോയാല്‍ അല്ലാഹു നബിﷺക്ക് വാഗ്ദാനം നല്‍കിയതുപോലെ അത് പാരായണം ചെയ്യുമായിരുന്നു'' (ബുഖാരി).

(തുടരും)