ആദരിക്കപ്പെടുന്ന ദൈവദൂതന്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06

(മുഹമ്മദ് നബി ﷺ , ഭാഗം 14)

ദ്വിമാദിന്‍റെ ചോദ്യം കേട്ടപ്പോള്‍ നബി ﷺ  കോപാകുലനായില്ല. മറിച്ച്, അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് സഹായം ചോദിക്കുകയും പിന്നീട് ശഹാദത്ത് കലിമ ഉരുവിടുകയുമാണ് ചെയ്തത്. അതു കേട്ടപ്പോള്‍ ദ്വിമാദി(റ)ന്‍റെ മനസ്സില്‍ ചലനമുണ്ടായി. ആ വചനങ്ങള്‍ ഒന്നുകൂടെ ആവര്‍ത്തിക്കാന്‍ നബി ﷺ യോട് അദ്ദേഹം ആവശ്യപ്പെട്ടു. നബി ﷺ  അദ്ദേഹത്തിനുവേണ്ടി മൂന്നുതവണ അവ ആവര്‍ത്തിച്ചു. ജ്യോത്സ്യന്മാരുടെയും മാരണക്കാരുടെയും കവികളുടെയുമെല്ലാം സംസാരം നന്നായി അറിയാവുന്ന അദ്ദേഹത്തിന് ഇത് മക്കയിലെ വിഡ്ഢികള്‍ പ്രചരിപ്പിക്കുന്നത് പോലെ ഒരു ഭ്രാന്തന്‍റെ സംസാരമല്ല എന്ന് ബോധ്യമായി. ഉടനെ റസൂലി ﷺ നോട് ഞാന്‍ മുസ്ലിമാകാന്‍ തയ്യാറാണെന്ന് അറിയിച്ച് ഉടമ്പടി ചെയ്യാന്‍ അവിടുത്തെ കരങ്ങള്‍ നീട്ടിക്കൊടുക്കാന്‍ ദ്വിമാദ്(റ) ആവശ്യപ്പെടുകയും ഉടമ്പടി എടുക്കുകയും ചെയ്തു. ശേഷം നബി ﷺ  അദ്ദേഹത്തിന്‍റെ സമൂഹത്തോടും ഈ കാര്യം പറഞ്ഞുകൊടുക്കുമോ എന്ന് ചോദിച്ചു. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു.

ഇന്നും പ്രവാചകനെനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിനായി സിനിമകളും കാര്‍ട്ടൂണുകളും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അന്ന് ദ്വിമാദ്വും(റ) പിന്നീട് അദ്ദേഹം നിമിത്തം അദ്ദേഹത്തിന്‍റെ സമൂഹവും ഇസ്ലാമിലേക്ക് വരാന്‍ അപവാദപ്രചാരണം കാരണമായതുപോലെ ഈ സിനിമകളും കാര്‍ട്ടൂണുകളും നബി ﷺ യുടെ ജീവിതത്തെക്കുറിച്ച് പഠിക്കുവാനും ഇസ്ലാമിലേക്ക് കടന്നുവരാനും പലര്‍ക്കും വഴിയൊരുക്കിയിട്ടുണ്ട് എന്നതാണ് വസ്തുത.

ദ്വിമാദി(റ)ന്‍റെ അവസ്ഥ മനസ്സിലാക്കി പെരുമാറിയ നബി ﷺ ടെ മാതൃക ഏതുകാലക്കാര്‍ക്കും മാതൃകയാണ്. നബി ﷺ യുടെ സ്വഭാവമഹിമയെ ക്വുര്‍ആന്‍ പുകഴ്ത്തിയതായി കാണാം:

"(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യംകൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്" (ക്വുര്‍ആന്‍ 3:159).

"ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല" (ക്വുര്‍ആന്‍ 21:107).

"തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു" (ക്വുര്‍ആന്‍ 68:4).

ലോകത്തിന് കാരുണ്യമായി അയക്കപ്പെട്ട മുഹമ്മദ് നബി ﷺ  കാരുണ്യത്തിന്‍റെയും സഹനത്തിന്‍റെയും വിട്ടുവീഴ്ചയുടെയും മകുടോദാഹരണമായിരുന്നു. അധികാരം ലഭിച്ചപ്പോള്‍ പോലും തന്നെയും അനുയായികളെയും കഠിനമായി ദ്രോഹിച്ച ശത്രുക്കള്‍ക്ക് അദ്ദേഹം മാപ്പുനല്‍കി. എല്ലാവരോടും സൗമ്യമായി പെരുമാറി. പാവങ്ങളെ അളവറ്റു സഹായിച്ചു. നബി ﷺ  പരുക്കന്‍ സ്വഭാവക്കാരനായിരുന്നെങ്കില്‍ ആളുകള്‍ അദ്ദേഹത്തില്‍നിന്ന് അകലുമായിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ അദ്ദേഹം വളര്‍ന്നതുതന്നെ സല്‍സ്വഭാവിയായിട്ടായിരുന്നു. സൗമ്യമായിട്ടേ ആരോടും പെരുമാറിയിട്ടുള്ളൂ. അത് അനുഭവിച്ചറിഞ്ഞവര്‍ ആ പ്രവാചകനെ അംഗീകരിക്കുകയും അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു.

സത്യം മനസ്സിലാക്കിയ ദ്വിമാദി(റ)ന് അത് സ്വീകരിക്കാന്‍ മറിച്ചൊന്നും ആലോചിക്കാനില്ലായിരുന്നു. നിഷ്കളങ്ക ഹൃദയമുള്ളവര്‍ അങ്ങനെയാണ്. സത്യത്തിന് മനുഷ്യഹൃദയത്തില്‍ ഒരു സ്ഥാനമുണ്ട്. ഫിര്‍ഔനിന്‍റെ ഭീഷണി വകവെക്കാതെ ജാലവിദ്യക്കാര്‍ മൂസാനബി(അ)യില്‍ വിശ്വസിച്ച ചരിത്രം അതാണ് ബോധ്യപ്പെടുത്തുന്നത്. ഇങ്ങനെ ധാരാളം സംഭവങ്ങള്‍ ക്വുര്‍ആനിലും ഹദീസുകളിലും നമുക്ക് കാണാം.

ഏതൊരാളും നരകത്തില്‍ പ്രവേശിക്കുക എന്നത് നബി ﷺ ക്ക് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. അതിനാല്‍ അവിടുന്ന് ജനങ്ങള്‍ക്ക് ഈ സത്യം എത്തിക്കാന്‍ ആവുന്ന മാര്‍ഗങ്ങളെല്ലാം ഉപയോഗപ്പെടുത്തി. ദ്വിമാദ്(റ) ഇസ്ലാമിലേക്ക് വന്നതിനുശേഷം നബി ﷺ  അദ്ദേഹത്തോട് നിങ്ങളുടെ സമൂഹത്തോടും ഈ കാര്യം എത്തിക്കുമല്ലോ എന്ന് ആരാഞ്ഞത് അവിടുത്തേക്ക് ജനങ്ങളോടുള്ള ഗുണകാംക്ഷയുടെ അടയാളമാണ്. ഇസ്ലാമിക പ്രബോധനത്തിന്‍റെ മഹത്ത്വവും പ്രാധാന്യവും ഇതിലൂടെനാം മനസ്സിലാക്കണം.

ദ്വിമാദ്(റ) നബി ﷺ യെ പറ്റി ആദ്യം കേള്‍ക്കുന്നത് അവിടുന്ന് ഭ്രാന്തനാണ് എന്നായിരുന്നല്ലോ. (ആ സമയത്തൊന്നും അദ്ദേഹം ബഹുദൈവവിശ്വാസം വെടിഞ്ഞിരുന്നില്ല). അദ്ദേഹം അപ്പോള്‍ പറഞ്ഞത് അദ്ദേഹത്തെ എനിക്കൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് ഒന്ന് ചികിത്സിക്കാമായിരുന്നു; അങ്ങനെ എന്‍റെ കൈകളാല്‍ അദ്ദേഹത്തിന് അല്ലാഹു ശമനം നല്‍കിയേക്കാം എന്നാണ്. മുശ്രിക്ക് ആയിരിക്കുന്ന സമയത്തും അദ്ദേഹത്തിന് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു. പക്ഷേ, അല്ലാഹുവിന് പുറമെ സൃഷ്ടികളോടും പ്രാര്‍ഥിക്കുന്നതിനാല്‍ വിശ്വാസം പിഴവിലായി. രോഗം സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണ് എന്ന് അദ്ദേഹം ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പേ വിശ്വസിച്ചിരുന്നു എന്നും നമുക്ക് അദ്ദേഹത്തിന്‍റെ സംസാരത്തില്‍നിന്ന് മനസ്സിലാക്കാം.

ശത്രുക്കളുടെ ആരോപണങ്ങള്‍ക്കുള്ള മറുപടി

പ്രവാചകന്മാരെല്ലാം ധാരാളം ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്; അവര്‍ അതിനെല്ലാം മറുപടിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി ﷺ ക്കെതിരില്‍ വന്ന ആരോപണങ്ങള്‍ക്ക് മറുപടി അല്ലാഹുവാണ് ഏറ്റെടുത്തത്. അത് അല്ലാഹു അവിടുത്തേക്ക് നല്‍കിയ ഒരു മഹത്ത്വമായിരുന്നു. മുന്‍കാല പ്രവാചകന്മാരെ പറ്റി ശത്രുക്കള്‍ പറഞ്ഞതിനും അതിന് അവര്‍ തന്നെ മറുപടി നല്‍കിയതിനും ചില ഉദാഹരണങ്ങള്‍ കാണുക.

"നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്) ഞാന്‍ ഭയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന്ഞങ്ങള്‍ കാണുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു"  (ക്വുര്‍ആന്‍ 7:59-61).

"ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്? അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൗഢ്യത്തില്‍ പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്" (ക്വുര്‍ആന്‍ 7: 65-67).

നബി ﷺ യെ പറ്റിയുള്ള ധാരാളം ആരോപണങ്ങള്‍ക്ക് അല്ലാഹു തന്നെ മറുപടി പറഞ്ഞത് ഇതിനകം നാം മനസ്സിലാക്കി. സൂറത്തുല്‍ കൗസര്‍ ശത്രുക്കളുടെ മറ്റൊരു ആരോപണത്തിനുള്ള മറുപടിയാണ്. നബി ﷺ യുടെ ആണ്‍മക്കളെല്ലാം ചെറുപ്പത്തിലേ മരണപ്പെട്ടപ്പോള്‍ മുഹമ്മദിന് ഭാവിയില്ലെന്ന് പറഞ്ഞ് ശത്രുക്കള്‍ ആക്ഷേപിച്ചിരുന്നു. സൂറത്തുല്‍ കൗസറിലൂടെ അല്ലാഹു അതിന് ശക്തമായ മറുപടി നല്‍കി.

ആണ്‍മക്കളൊന്നും ഇല്ലാതിരുന്നിട്ടും എന്നും ലോകത്തിന്‍റെ നാനാഭാഗത്തുമുള്ളവര്‍ അവിടുത്തെക്കുറിച്ച് പഠിക്കുന്നു; സവിശേഷതകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ സ്വത്തും സന്താനങ്ങളും അധികാരവും ഉണ്ടായിരുന്ന, വലിയവന്മാരെന്ന് സ്വയം പറഞ്ഞുനടന്ന പലരെയും ലോകം ഓര്‍ക്കുന്നത് അവരുടെ നെറികെട്ട പ്രവര്‍ത്തനങ്ങളിലുള്ള വെറുപ്പോടെയാണ്.

നബി ﷺ ക്ക് അല്ലാഹു നല്‍കിയ സ്ഥാനം

മുഹമ്മദ് നബി ﷺ ക്ക് മാത്രമായി അല്ലാഹു നല്‍കിയ ചില പ്രത്യേകതകളെ സംബന്ധിച്ച് നാം മനസ്സിലാക്കി. ഇതര പ്രവാചകന്മാരില്‍നിന്ന് മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു പ്രത്യേക സ്ഥാനവും മഹത്ത്വവും നല്‍കിയിട്ടുണ്ട്. ഇതിനര്‍ഥം മറ്റു പ്രവാചകന്മാര്‍ക്ക് യാതൊരു മഹത്ത്വവും ശ്രേഷ്ഠതയും ഇല്ലെന്നല്ല. അല്ലാഹു പ്രവാചകന്മാരില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ടല്ലോ. (ക്വുര്‍ആന്‍ 2:253). ഏതെല്ലാം പ്രവാചകന്മാര്‍ക്ക് എപ്രകാരമെല്ലാം പദവിയും മഹത്ത്വവും നല്‍കണമെന്ന് തീരുമാനിക്കുന്നവന്‍ പ്രതാപിയും യുക്തിമാനുമായ അല്ലാഹുവാണ്.

മുഹമ്മദ് നബി ﷺ ക്ക് മുമ്പുള്ള പ്രവാചകന്മാരെ അല്ലാഹു അവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് സംബോധന നടത്തിയത് എന്ന് ക്വുര്‍ആനില്‍നിന്ന് നമുക്ക് മനസ്സിലാകും. അഥവാ, ഓ ആദം, ഓ നൂഹ്, ഓ ഇബ്റാഹീം, ഓ മൂസാ, ഓ ഈസാ, ഓ ദാവൂദ്, ഓ യഹ്യാ, ഓ സകരിയ്യാ... എന്നിങ്ങനെ. എന്നാല്‍ മുഹമ്മദ് നബി ﷺ യെ 'ഓ മുഹമ്മദ്' എന്ന് പേരുവിളിച്ച് സംബോധന നടത്തിയത് നമുക്ക് കാണാന്‍ കഴിയില്ല. പകരം 'ഓ നബീ,' 'ഓ റസൂല്‍' എന്നൊക്കെയാണ് കാണുക. അവിടുന്ന് ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയിലേക്ക് ചേര്‍ത്തുകൊണ്ട് 'ഓ പുതപ്പിട്ട് മൂടിക്കിടക്കുന്നവനേ' എന്ന രൂപത്തിലുള്ള അഭിസംബോധനയും കാണാം. ഈ സംബോധനാരീതി നബി ﷺ ക്ക് അല്ലാഹു നല്‍കിയ സ്ഥാനമാണ് വ്യക്തമാക്കുന്നത്.

നബി ﷺ യെ സത്യവിശ്വാസി എങ്ങനെ അഭിസംബോധന ചെയ്യണം?

ഒരു വിശ്വാസിയും നബി ﷺ യെ പേരു വിളിച്ച് അഭിസംബോധന ചെയ്തുകൂടാ. അത് ക്വുര്‍ആന്‍ തന്നെ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

"നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതു പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്" (ക്വുര്‍ആന്‍ 24:63).

അനുചരന്മാര്‍ നബിയെ ഒരിക്കല്‍ പോലും 'ഓ മുഹമ്മദ്' എന്ന് വിളിച്ചിട്ടില്ല. അല്ലാഹുവിന്‍റെ റസൂലിന്‍റെ അരികില്‍വച്ച് ശബ്ദം ഉയര്‍ത്തി സംസാരിക്കരുതെന്നും പരസ്പരം കയര്‍ക്കരുതെന്നും എല്ലാമുള്ള മര്യാദ പഠിപ്പിക്കുന്ന വചനങ്ങള്‍ ഇറങ്ങിയതിന് ശേഷം അവര്‍ നബി ﷺ യുടെ സന്നിധിയില്‍ ശബ്ദം താഴ്ത്തി, വിനയത്തോടെയും ആദരവോടെയുമായിരുന്നു സംസാരിച്ചിരുന്നത്.

പരസ്പരം പേരുവിളിച്ചും മകനിലേക്ക് ചേര്‍ത്തുവിളിച്ചും പിതാവിലേക്ക് ചേര്‍ത്തുവിളിച്ചുമെല്ലാം അഭിസംബോധന ചെയ്യുന്ന രീതി അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വഹാബിമാര്‍ ഈ രൂപത്തിലൊന്നും നബി ﷺ യെ വിളിച്ചിരുന്നില്ല. അബൂബക്ര്‍(റ) നബി ﷺ യുടെ ഉറ്റ തോഴനായിരുന്നു. എന്നിട്ടും കൂട്ടുകാരനല്ലേ എന്നു വിചാരിച്ച് തമാശയായോ അല്ലാതെയോ 'മുഹമ്മദേ' എന്ന് ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലെന്നത് നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്. 'അല്ലാഹുവിന്‍റെ ദൂതരേ,' 'അല്ലാഹുവിന്‍റെ നബിയേ' എന്നിങ്ങനെയാണ് അവര്‍ വിളിച്ചിരുന്നത്.

നബി ﷺ യോടുള്ള പെരുമാറ്റവും മര്യാദയുമാണ് ഈ സൂക്തത്തില്‍ അല്ലാഹു പ്രതിപാദിച്ചിട്ടുള്ളത് എങ്കിലും മഹാന്മാരായ ആളുകളോടുള്ള നോക്കിലും സംസാരത്തിലും പെരുമാറ്റത്തിലും സംബോധനയിലുമെല്ലാം ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന വസ്തുതയും ഈ വചനത്തിന്‍റെ വെളിച്ചത്തില്‍ നമുക്ക് ഗ്രഹിക്കാന്‍ സാധിക്കുന്നതാണ്.

നബി ﷺ യുടെ മുമ്പില്‍ സ്വഹാബിമാര്‍ ഇരിക്കുന്ന വേളയില്‍ അങ്ങേയറ്റത്തെ വിനയത്തോടെയും ആദരവോടെയും ബഹുമാനത്തോടെയും തലതാഴ്ത്തിയായിരുന്നു ഇരുന്നിരുന്നത്. അവര്‍ അവിടുന്ന് പറയുന്ന കാര്യങ്ങള്‍ സൂക്ഷ്മതയോടെ കേള്‍ക്കും.

നബി ﷺ യുടെ ജീവിതകാലത്ത് 'മുഹമ്മദേ' എന്ന് വിളിച്ചുകൂടെന്ന് നാം മനസ്സിലാക്കി. എന്നാല്‍ അവിടുത്തെ മരണത്തിനു ശേഷം 'യാ മുഹമ്മദ്' എന്ന് വിളിക്കാം എന്ന് ചില നവീനാശയക്കാര്‍ വാദിക്കുന്നത് കാണാം! ജീവിതത്തില്‍ വിഷമങ്ങളും പ്രയാസങ്ങളും നേരുടുമ്പോള്‍ 'യാ മുഹമ്മദ്' എന്ന് വിളിച്ച് സഹായം തേടാനാണ് ഈ വിഭാഗം ജനങ്ങളോട് ആഹ്വാനം നടത്തുന്നത്. അവര്‍ മുഹമ്മദ് നബി ﷺ യെ ആദരിക്കുന്നവരാണോ അപമാനിക്കുന്നവരാണോ?

ക്വബ്ര്‍ സിയാറത്ത് ഇസ്ലാം അംഗീകരിച്ചിട്ടുള്ള ഒരു പുണ്യകര്‍മമാണ്. നബി ﷺ യുടെ ക്വബ്റും നമുക്ക് സന്ദര്‍ശിക്കാം. അതിനായി മാത്രം തീര്‍ഥയാത്ര ചെയ്യുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. തീര്‍ഥയാത്ര മൂന്ന് പള്ളികളിലേക്കേ പാടുള്ളൂ. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അക്വ്സ്വാ എന്നിവയാണ് ഈ മൂന്ന് പള്ളികള്‍. ഒരാള്‍ മസ്ജിദുന്നബവിയിലേക്ക് തീര്‍ഥയാത്ര ചെയ്യുന്ന സന്ദര്‍ഭത്തില്‍ നബി ﷺ യുടെ ക്വബ്ര്‍ സന്ദര്‍ശിക്കാം. എന്നാല്‍ ക്വബ്ര്‍ സന്ദര്‍ശിക്കാനായി മാത്രം ഒരു തീര്‍ഥയാത്ര നബി ﷺ  നമ്മെ പഠിപ്പിച്ചിട്ടില്ല.

നബി ﷺ യുടെ ക്വബ്ര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പാലിക്കേണ്ടതായ പല നിയമങ്ങളും ചിലര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ നിയമങ്ങളും ഇസ്ലാമും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നതും നാം മനസ്സിലാക്കുക. അവര്‍ പഠിപ്പിക്കുന്ന നിയമം ഇപ്രകാരമാണ്: 'ആരെങ്കിലും നബി ﷺ യുടെ ക്വബ്റിന്‍റെ അടുക്കല്‍ നില്‍ക്കുകയും എഴുപത് തവണ യാ മുഹമ്മദ് എന്ന് വിളിക്കുകയും ചെയ്താല്‍ ഒരു മലക്ക് അവനോട് വിളിച്ചു പറയും: ഓ ഇന്നാലിന്നവനേ, താങ്കള്‍ക്ക് അല്ലാഹുവിന്‍റെ രക്ഷയുണ്ടാകട്ടെ.'

ചില അറബി കിതാബുകളില്‍ കാണാന്‍ പറ്റുന്നതാണിത്. തെളിവിന്‍റെ പിന്‍ബലമില്ലാത്തത് സ്വീകരിക്കാന്‍ നാം കല്‍പിക്കപ്പെട്ടിട്ടില്ല. അല്ലാഹുവിന്‍റെ കിതാബും നബി ﷺ യുടെ സുന്നത്തുമാണ് വിശ്വാസിയുടെ പ്രമാണം. ക്വുര്‍ആനില്‍ നാം പരസ്പരം പേര് വിളിക്കുന്നത് പോലെ നബി ﷺ യെ വിളിക്കരുത് എന്ന് അല്ലാഹു നമ്മോട് കല്‍പിച്ചിട്ടുണ്ട്. അതിന് നേര്‍വിപരീതമായ ഈ നിയമം വിശ്വാസികള്‍ക്ക് സ്വീകരിക്കാന്‍ യാതൊരു ന്യായവുമില്ല.

'നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്' എന്ന സൂക്തത്തിന് മറ്റൊരു വ്യാഖ്യാനം കൂടി നമുക്ക് കാണാവുന്നതാണ്. ഈ വ്യാഖ്യാനവും ശരിയാണ്. റസൂലിന്‍റെ പ്രാര്‍ഥനയെ നിങ്ങള്‍ പരസ്പരം (ഗുണത്തിനായി) പ്രാര്‍ഥിക്കുന്നത് പോലെ കണക്കാക്കരുത് എന്നാണ് ആ വ്യാഖ്യാനം. നബി ﷺ  അല്ലാത്ത ഒരാള്‍ അല്ലാഹുവിനോട് വേറൊരാളുടെ ഗുണത്തിനോ ദോഷത്തിനോ പ്രാര്‍ഥിക്കുന്നത് പോലെയല്ല നബി ﷺ  മറ്റുള്ളവരുടെ ഗുണത്തിനും ദോഷത്തിനുമായി പ്രാര്‍ഥിക്കുന്നത്. നബി ﷺ  ആരുടെയെങ്കിലും നന്മക്ക് വേണ്ടി തേടിയാല്‍ അത് അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും. അതുപോലെ തന്നെ ആര്‍ക്കെതിരിലായി അവിടുന്ന് തേടിയോ അതും അല്ലാഹു സ്വീകരിക്കുന്നതാണ്. അതായത്, നബി ﷺ യുടെ പ്രാര്‍ഥന അല്ലാഹുവിങ്കല്‍ പ്രത്യേകം സ്വീകാര്യമായിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ, ഗുണത്തിനായുള്ള പ്രാര്‍ഥനക്ക് സാഹചര്യം സൃഷ്ടിക്കുകയും ഗുണത്തിലല്ലാതെ കലാശിക്കാന്‍ ഇടയുള്ള പ്രാര്‍ഥന അവിടുന്ന് ചെയ്യാതിരിക്കുകയുമാണ് വേണ്ടത്. ഈ കാര്യങ്ങളെല്ലാം തിരുനബിയുടെ കൂടെ ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സ്വഹാബിമാര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണ് എന്ന് ആയത്തിന്‍റെ ബാഹ്യാര്‍ഥം തന്നെ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. (തുടരും)