അഹ്‌ലുസ്സ്വുഫ്ഫയും പട്ടിണിയും

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ആഗസ്ത് 07 1442 ദുല്‍ഹിജ്ജ 27

(മുഹമ്മദ് നബി ﷺ : 31)

കൃഷിക്ക് അനുയോജ്യമായ പ്രദേശമായിരുന്നു മദീന. അതിനാല്‍ മദീനക്കാരുടെ കാര്യമായ വരുമാനമാര്‍ഗം കൃഷിയായിരുന്നു.  കൃഷി ചെയ്യാന്‍ അറിയുന്നവര്‍ക്ക് അവിടെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമായിരുന്നു. മക്കയില്‍നിന്നും മദീനയിലെത്തിയ വിശ്വാസികള്‍ക്ക് കാര്‍ഷികവൃത്തിയില്‍ വലിയ പരിചയമില്ലായിരുന്നു. അവര്‍ക്ക് അറിയാവുന്ന തൊഴില്‍ കച്ചവടമാണ്. അതുകൊണ്ട് തന്നെ മദീനയില്‍ എത്തിയ മക്കക്കാരില്‍ പലര്‍ക്കും ഏറെ കഷ്ടപ്പെടേണ്ടി വന്നിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മദീന പള്ളിയുടെ ഒരു ഭാഗത്ത് പിന്നിലായി ചുറ്റും മറയില്ലാത്ത, ഈത്തപ്പനയോലകൊണ്ടുള്ള മേല്‍ക്കൂര മാത്രമുള്ള ഒരു താമസസ്ഥലം ഒരുക്കുകയും, താമസിക്കാന്‍ ഇടമില്ലാത്തവരെ അവിടെ താമസിപ്പിക്കുകയും ചെയ്തു. ഇവരാണ് 'അഹ്‌ലുസ്സ്വുഫ്ഫ' എന്ന പേരില്‍ അറിയപ്പെടുന്നത്.

പരിമിതമായ സ്ഥലത്ത് അവര്‍ക്ക് തിങ്ങിപ്പാര്‍ക്കേണ്ടിവന്നു. അബൂഹുറയ്‌റ(റ), അബൂദര്‍റുല്‍ ഗിഫ്ഫാരി(റ), സല്‍മാനുല്‍ ഫാരിസി(റ), ഹന്‍ളല(റ), ഹുദൈഫ(റ), ഖബ്ബാബ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), സ്വുഹൈബ് അര്‍റൂമി(റ), ബിലാല്‍(റ), ബറാഅ് ഇബ്‌നു മാലിക്(റ) പോലെയുള്ള പ്രമുഖരായ പല സ്വഹാബിമാരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. മറ്റു സ്ഥലങ്ങളില്‍നിന്ന് ആരെങ്കിലും മദീനയില്‍ എത്തിയാല്‍ അവരുടെ താമസസ്ഥലവും അതായിരുന്നു. അതിനാല്‍ അവിടെ തിരക്ക് വര്‍ധിച്ചു. ആരെങ്കിലും പുറത്ത് പോകുമ്പോള്‍ മാത്രം ഒരു കുറവ് വരും. എഴുപതോളം സ്വഹാബിമാര്‍ സ്ഥിര താമസക്കാരായി എന്നും അവിടെയുണ്ട്. ഭക്ഷണമില്ലാത്തതിനാല്‍ വെള്ളവും ഈത്തപ്പഴവും മാത്രം കഴിച്ചായിരുന്നു അവര്‍ ജീവിച്ചിരുന്നത്. അല്ലാഹുവിന്റെ ദീനിന് വേണ്ടി എത്രമാത്രം പ്രയാസമാണ് മഹാന്മാരായ സ്വഹാബിമാര്‍ അനുഭവിച്ചിരുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. അവര്‍ താമസിച്ചിരുന്ന ആ ഭാഗം ഇന്നും മദീന പള്ളിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയത് നമുക്ക് കാണാന്‍ സാധിക്കും.

മദീന പള്ളിയുടെ സമീപത്ത് താമസക്കാരായ ഈ മഹാന്മാര്‍ക്ക് ജോലികളൊന്നും ഇല്ലായിരുന്നു. അതിനുള്ള കഴിവോ ശേഷിയോ അവര്‍ക്ക് ഇല്ലാത്തതുതന്നെ കാരണം. പരമ ദരിദ്രരായിരുന്നു ഇവര്‍. ഭക്ഷണം ഇല്ലാതെ ദിവസം മുഴുവന്‍ കഴിച്ചുകൂട്ടേണ്ട സ്ഥിതിപോലും അവര്‍ക്ക് ഉണ്ടായിരുന്നു.

പ്രയാസരഹിതമായ ഇന്നത്തെ നമ്മുടെ സ്ഥിതി ഓര്‍ക്കുമ്പോള്‍ നാം പല കാര്യങ്ങളും ചിന്തിക്കേണ്ടതില്ലേ. ഈ മതം നമ്മിലേക്ക് എത്തിയതിന്റെ പിന്നില്‍ വിശപ്പിന്റെയും പട്ടിണിയുടെയും ത്യാഗത്തിന്റെയും നീറുന്ന കഥകള്‍ ഉണ്ടെന്ന യാഥാര്‍ഥ്യം നാം വിസ്മരിച്ചുകൂടാ. എന്നിട്ടും എത്രത്തോളം അല്ലാഹുവിന്റെ കല്‍പനകളെ നാം സ്വീകരിക്കുന്നുണ്ട് എന്നതും ഏറെ ഗൗരവത്തോടെ ചിന്തിപ്പിക്കുന്നതാണ് മഹാന്മാരായ സ്വഹാബിമാരുടെ നീറുന്ന കഥകള്‍.

അഹ്‌ലുസ്സ്വുഫ്ഫയില്‍ പെട്ട അബൂഹുറയ്‌റ(റ) നബി ﷺ യില്‍നിന്ന് ഏറ്റവും കൂടുതല്‍ ഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാനായ സ്വഹാബിയാണ്. ഏത് സമയത്തും നബി ﷺ യുടെ കൂടെയായിരുന്നു അദ്ദേഹം. നബി ﷺ യില്‍നിന്ന് നേരിട്ട് ദീന്‍ പഠിക്കാന്‍ അവസരം ലഭിക്കാത്ത താബിഉകളുടെ കാലത്ത് ജീവിച്ചിരുന്ന ഏതാനും സ്വഹാബിമാരില്‍ പ്രമുഖനുമായിരുന്നു അദ്ദേഹം. അതിനാലാണ് അദ്ദേഹത്തില്‍നിന്ന് ധാരാളം ഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാവരും അവരുടെതായ ജോലിയില്‍ ആകുമ്പോഴും അബൂഹുറയ്‌റ(റ) നബി ﷺ യുടെ ചാരത്ത് ഉണ്ടാകും. അതിനാല്‍ നബി ﷺ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ ധാരാളം അനുഭവിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. അബൂഹുറയ്റ(റ) തന്നെ ഈ കാര്യം പറയുന്നത് നമുക്ക് കാണാന്‍ കഴിയും:

അബൂഹുറയ്‌റ(റ)യില്‍നിന്ന് അഅ്‌റജ്(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ''അബൂഹുറയ്‌റ(റ) (ഹദീഥുകള്‍) അധികരിപ്പിക്കുന്നു എന്ന് ആളുകള്‍ പറയുന്നു. അല്ലാഹുവിന്റെ കിതാബില്‍ രണ്ട് സൂക്തങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരു ഹദീഥും പറയുമായിരുന്നില്ല. പിന്നീട് അദ്ദേഹം (ഇപ്രകാരം) ഓതി: 'നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. എന്നാല്‍ പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും (സത്യം ജനങ്ങള്‍ക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ' (ക്വുര്‍ആന്‍ 2:159,160). തീര്‍ച്ചയായും മുഹാജിറുകളിലെ ഞങ്ങളുടെ സഹോദരങ്ങള്‍ അങ്ങാടികളില്‍ കച്ചവടത്തില്‍ വ്യാപൃതരാകുകയും ഞങ്ങളിലെ അന്‍സ്വാറുകള്‍ അവരുടെ സമ്പാദ്യത്തിലെ (കൃഷിയില്‍) ജോലിയാലും വ്യപൃതരാകുമായിരുന്നു. ആ സമയത്ത് അബൂഹുറയ്‌റ തന്റെ വയറിന്റെ വിശപ്പിനാല്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ കൂടെ നില്‍ക്കുമായിരുന്നു. അവര്‍ ഹാജാറാകാത്തതിന് അദ്ദേഹം ഹാജറാകും; അവര്‍ മനഃപാഠമാക്കാത്തത് അദ്ദേഹം മനഃപാഠമാക്കും'' (ബുഖാരി).

അബൂഹുറയ്‌റ(റ) ധാരാളം ഹദീഥുകള്‍ ഉദ്ധരിക്കുന്നുണ്ടല്ലോ എന്ന് പലരും പറയാറുണ്ടായിരുന്നു. അദ്ദേഹം അത് ജനങ്ങളില്‍നിന്ന് കേള്‍ക്കുകയുണ്ടായി. അദ്ദേഹം അതിന്റെ കാരണം വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. മുഹാജിറുകള്‍ അങ്ങാടികളില്‍ കച്ചവടത്തിലും മദീനക്കാര്‍ അവരുടെ കൃഷിയിലും മുഴുകും. ആ സമയത്ത് ഇതിനൊന്നും യാതൊരു വകയും ഇല്ലാതിരുന്ന അദ്ദേഹം നബി ﷺ യുടെ കൂടെയുണ്ടാകും. നബി ﷺ യുടെ കൂടെയാകുമ്പോള്‍ തന്റെ വിശപ്പും അടക്കാമല്ലോ എന്ന ഉദ്ദേശ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം നബി ﷺ യില്‍നിന്ന് പല കാര്യങ്ങളും കാണുകയും കേള്‍ക്കുകയും മനഃപാഠമാക്കുകയും ചെയ്യുമായിരുന്നു. അത് അദ്ദേഹം ജനങ്ങെള അറിയിക്കും. അല്ലാഹുവിന്റെ ദീനില്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ മൂടിവെക്കുന്നവര്‍ക്ക് അല്ലാഹു നല്‍കിയ മുന്നറിയിപ്പ് അദ്ദേഹം ഭയപ്പെട്ടതിനാലാണ് അേദ്ദഹം അപ്രകാരം ചെയ്തിരുന്നത്.

അങ്ങനെ മദീന പള്ളിയില്‍ ആരാധനകളില്‍ മുഴുകിയും വിജ്ഞാനം സമ്പാദിച്ചും അദ്ദേഹം കഴിച്ചു കൂട്ടി. നബി ﷺ യുടെ കൂടെ കൂടുതല്‍ സമയം സഹവസിക്കാന്‍ അവസരം കിട്ടിയതിനാല്‍ അദ്ദേഹത്തിന് ധാരാളം അറിവുകള്‍ ലോകത്തിന് സംഭാവന നല്‍കാന്‍ സാധിക്കുകയുണ്ടായി. പുറത്ത് ജോലിക്കും മറ്റും പോയിട്ടുള്ള മറ്റു സ്വഹാബിമാര്‍ പള്ളിയില്‍ വരുന്ന വേളയിലും മറ്റുമായി നബി ﷺ യില്‍നിന്ന് ലഭിച്ച അറിവുകള്‍ അവരുമായി അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു.

വിശന്ന് അവശരായിരുന്ന അഹ്‌ലുസ്സ്വുഫ്ഫക്കാര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന വേളയില്‍ പ്രവാചകന്റെ കൂടെയുണ്ടായിരുന്നു എന്നും നമുക്ക് കാണാം. സ്വഫ്‌വാന്‍(റ) ബദ്‌റില്‍ രക്തസാക്ഷിയാകുകയുണ്ടായി. ഖുറയ്മ്(റ), ഖുബയ്ബ്(റ), സാലിം(റ), ഹാരിഥ(റ) തുടങ്ങിയവരെല്ലാം പരമ ദരിദ്രരായിരുന്നുവെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തില്‍ അവര്‍ പങ്കെടുത്തിരുന്നു. ഈ പറയപ്പെട്ട മുഹാജിറുകളായ മഹാന്മാര്‍ എല്ലാവരും ബദ്ര്‍ യുദ്ധത്തില്‍ ശഹീദായവരാണ്. ഹന്‍ള്വല(റ) ഉഹ്ദ് യുദ്ധത്തിലാണ് രക്തസാക്ഷിയാകുന്നത്. ഈ മഹാന്മാരായ സ്വഹാബിമാരെക്കുറിച്ച് ചരിത്രം ഇപ്രകാരം രേഖപ്പെടുത്തി: 'രാത്രികാലത്ത് അവര്‍ ആരാധനകളില്‍ മുഴുകുന്നവരും പകല്‍സമയത്ത് യോദ്ധാക്കളുമായിരുന്നു.'

അവരുടെ ദാരിദ്ര്യത്തിന്റെ കഥകള്‍ ആരുടെയും കണ്ണ് നിറയ്ക്കുന്നതും മനസ്സില്‍ വേദനയുളവാക്കുന്നതുമാണ്. പൂര്‍ണമായി നഗ്‌നത മറയ്ക്കുവാനുള്ള വസ്ത്രമില്ലാത്തവര്‍ അവരിലുണ്ടവയിരുന്നു. നമസ്‌കരിക്കുന്ന വേളകളില്‍ പുരുഷന്മാരുടെ പിരടിയില്‍ എന്തെങ്കിലും ഉണ്ടാകണം; അവര്‍ക്ക് ഒരു തുണി മാത്രമാണ് ഉണ്ടായിരുന്നത്. അത് അവര്‍ പിരടിയിലേക്ക് കെട്ടുകയും ഉടുമുണ്ടായി ധരിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഒരു തുണി മാത്രം ഉണ്ടായിരുന്നവരായിരുന്നു അവരില്‍ അധികവും എന്ന് പറഞ്ഞുവല്ലോ. അതുതന്നെ വേണ്ടത്ര വലിപ്പം ഇല്ലാത്തതും! സുജൂദില്‍ കിടക്കുന്ന സമയത്ത് അവരുടെ നഗ്നത കാണുമായിരുന്നു എന്ന് പോലും ചരിത്രത്തില്‍ കാണാം. അതിനാല്‍ പിന്നില്‍ നമസ്‌കരിക്കുന്ന സ്ത്രീകളോട് മുന്നിലെ പുരുഷന്മാര്‍ എഴുന്നേറ്റതിന് ശേഷമല്ലാതെ നിങ്ങള്‍ എഴുന്നേല്‍ക്കരുത് എന്ന് പ്രവാചകന്‍ ﷺ കല്‍പിച്ചിരുന്നു. ഈ ദരിദ്രരായ മുഹാജിറുകളെ പറ്റി അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്:

''അതായത് സ്വന്തം വീടുകളില്‍നിന്നും സ്വത്തുക്കളില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍'' (ക്വുര്‍ആന്‍ 59:8).

മുഹാജിറുകളായ പല സ്വഹാബിമാര്‍ക്കും മക്കയില്‍ വീടും സ്വത്തുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ശത്രുക്കള്‍ അതൊന്നും നല്‍കാതെ പിടിച്ചുപറിച്ചു വാങ്ങുകയായിരുന്നു. അല്ലാഹുവിന്റെ തൃപ്തിയും പൊരുത്തവും മാത്രം ആഗ്രഹിച്ച് എല്ലാം ത്യജിക്കാന്‍ സന്നദ്ധരാകുകയായിരുന്നു ആ മഹാന്മാര്‍. എല്ലാം ത്യജിച്ച് മദീനയില്‍ എത്തിയ അവരില്‍ പലരുടെയും സ്ഥിതിഗതികളാണ് നാം കണ്ടത്. അവരുടെ ഭക്ഷണ കാര്യങ്ങളുടെ അവസ്ഥ അതിനെക്കാളും ദുരിതപൂര്‍ണമായിരുന്നു. വല്ലപ്പോഴും കിട്ടുന്ന ഭക്ഷണം മാത്രമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അധികവും കാരക്കയും വെള്ളവുമായിരുന്നു അവരുടെ ആഹാരം. നബി ﷺ യുടെയും അനുചരന്മാരുടെയും ഈ സ്ഥിതി നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട കാര്യമാണ്. വല്ലപ്പോഴും നബി ﷺ ക്ക് ലഭിക്കുന്ന ഭക്ഷണവും മറ്റു സ്വഹാബിമാര്‍ നല്‍കുന്ന ഭക്ഷണവുമായിരുന്നു അഹ്‌ലുസ്സ്വുഫ്ഫയുടെ പ്രധാന ആശ്രയം. അതില്ലാത്ത വേളകളില്‍ വെള്ളവും കാരക്കയും കഴിച്ച് വിശപ്പ് അടക്കും. നബി ﷺ സ്വഹാബിമാരോട് ഈ പാവങ്ങളെ സഹായിക്കുവാന്‍ പ്രേരിപ്പിക്കുമായിരുന്നു. ഒരു ഹദീഥ് കാണുക:

അബ്ദുര്‍റഹ്മാനി(റ)ല്‍നിന്ന് നിവേദനം: ''തീര്‍ച്ചയായും സ്വുഫ്ഫയുടെ ആളുകള്‍ ദരിദ്രരായ ആളുകളായിരുന്നു. (ആ സമയത്ത്) നബി ﷺ പറഞ്ഞു: 'ആരുടെയെങ്കിലും അടുക്കല്‍ രണ്ടാള്‍ക്കുള്ള ആഹാരമുണ്ടെങ്കില്‍ (ഇവരില്‍നിന്ന് ഒരു) മൂന്നാമനെ കൊണ്ടുപോകട്ടെ. ഇനി നാലാള്‍ക്കുണ്ടെങ്കില്‍ അഞ്ചാമനെയോ അല്ലെങ്കില്‍ ആറാമനെയോ കൊണ്ടുപോകട്ടെ'' (ബുഖാരി).

നബി ﷺ യുടെ ആഹ്വാനം കേട്ട് സ്വഹാബിമാര്‍ ഈ പാവങ്ങളെ തങ്ങളുടെ സ്വന്തം ആവശ്യം മറന്ന് കൂട്ടിക്കൊണ്ടുപോകും. എന്നിട്ടും ബാക്കിയായവരെ നബി ﷺ തന്നെ ഏറ്റടുക്കും. നബി ﷺ അവരെ കൊണ്ടുപോകുന്നു. നബി ﷺ യുടെ അടുക്കല്‍ ഒന്നും ഇല്ലാത്തതിനാലാണ് മറ്റുള്ളവരോട് ഇവരെ ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഒന്നുമില്ലാത്ത തന്റെ വീട്ടിലേക്ക് ഈ പാവങ്ങളെ കാരുണ്യത്തിന്റെ തിരുദൂതര്‍ ക്ഷണിക്കുകയാണ്. ഉള്ളത് എന്താണോ അത് അവര്‍ക്ക് അവിടുന്ന് നല്‍കുന്നു. പല സന്ദര്‍ഭങ്ങളിലും നബി ﷺ ക്കുതന്നെ പട്ടിണികിടക്കേണ്ടിവന്നിട്ടുണ്ട്. എന്നാലും അവര്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞു. കിട്ടുന്ന ഭക്ഷണം എല്ലാവരും തുല്യമായി വീതിച്ചുകഴിക്കും.

അഹ്‌ലുസ്സ്വുഫ്ഫഃയില്‍ പെട്ട അബൂഹുറയ്‌റ(റ) അവരുടെ സ്ഥിതി വിവരിക്കുന്നത് കാണുക:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''തീര്‍ച്ചയായും അസ്വ്ഹാബുസ്സ്വുഫ്ഫയിലെ എഴുപത് പേരെ ഞാന്‍ കാണുകയുണ്ടായിട്ടുണ്ട്. അവരില്‍ ഒരു തട്ടമുള്ള ഒരാളുപോലും ഉണ്ടായിരുന്നില്ല. ഒരു തുണിയോ പുതപ്പോ (മാത്രമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്). (അത്) അവരുടെ പിരടിയിലേക്ക് അവര്‍ കെട്ടിയിടും. അങ്ങനെ അവയില്‍നിന്ന് (ചിലത്) കണങ്കാലിന്റെ പകുതിവരെ എത്തുന്നതും അതിലെ (ചിലത്) നെരിയാണിയില്‍ എത്തുന്നതും ഉണ്ടായിരുന്നു. എന്നിട്ട് അയാള്‍ തന്റെ നഗ്നത കാണപ്പെടുന്നത് വെറുപ്പായതിനാല്‍ അത് തന്റെ കൈകൊണ്ട് ചേര്‍ത്തുപിടിക്കുമായിരുന്നു'' (ബുഖാരി).

മുജാഹിദില്‍നിന്ന് നിവേദനം: ''അബൂഹുറയ്‌റ പറയാറുണ്ടായിരുന്നു: 'അല്ലാഹുവാണ സത്യം! അവനല്ലാതെ ആരാധ്യനില്ല. വിശപ്പിനാല്‍ ഞാന്‍ നിലത്ത് കമിഴ്ന്ന് കിടക്കുമായിരുന്നു. വിശപ്പിനാല്‍ ഞാന്‍ എന്റെ വയറില്‍ കല്ല് വെച്ചുപിടിപ്പിക്കുമായിരുന്നു. (അങ്ങനെ) ഒരു ദിവസം ഞാന്‍ (ജനങ്ങള്‍) പുറപ്പെടുന്ന വഴിയില്‍ ഇരിക്കുകയാണ്. അപ്പോള്‍ അബൂബക്ര്‍ (അതിലൂടെ) നടന്നുവന്നു. ഞാന്‍ അദ്ദേഹത്തോട് അല്ലാഹുവിന്റെ കിതാബിലെ ഒരു ആയത്തിനെ പറ്റി ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് (അങ്ങനെ) ചോദിച്ചത് എനിക്ക് വിശപ്പ് മാറ്റാനായിരുന്നു. അങ്ങനെ അദ്ദേഹം നടന്നു, ഒന്നും (എനിക്ക്) ചെയ്തില്ല. പിന്നീട് ഉമര്‍ എന്റെ (അരികിലൂടെ) നടന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് അല്ലാഹുവിന്റെ കിതാബിലെ ഒരു ആയത്തിനെ പറ്റി ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് (അങ്ങനെ) ചോദിച്ചത് എനിക്ക് വിശപ്പ് മാറ്റാനായിരുന്നു. അങ്ങനെ അദ്ദേഹം നടന്നു, ഒന്നും (എനിക്ക്) ചെയ്തില്ല. പിന്നീട് എന്റെ അരികിലൂടെ നബി ﷺ നടന്നു. എന്നെ കണ്ടതും നബി ﷺ പുഞ്ചിരിച്ചു. എന്റെ മനസ്സിലുള്ളതും എന്റെ മുഖത്തുള്ളതും നബി ﷺ മനസ്സിലാക്കിയിരുന്നു. പിന്നീട് നബി ﷺ പറഞ്ഞു: 'ഓ, അബൂഹുറയ്‌റാ! ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, നിങ്ങള്‍ക്ക് (ഞാന്‍) ഉത്തരം തന്നിരിക്കുന്നു.' നബി ﷺ പറഞ്ഞു: 'കൂടെ വരൂ.' തുടര്‍ന്ന് നബി ﷺ നടന്നു. ഞാന്‍ അവിടുത്തെ പിന്തുടരുകയും ചെയ്തു. അങ്ങനെ അവിടുന്ന് (വീട്ടില്‍) പ്രവേശിച്ചു. അനുവാദം ചോദിച്ചു. എനിക്ക് അനുവാദം തരികയും ചെയ്തു. അങ്ങനെ (വീട്ടില്‍) പ്രവേശിച്ചു. അപ്പോള്‍ ഒരു പാത്രത്തില്‍ പാല്‍ ഉണ്ടായിരുന്നു. അപ്പോള്‍ നബി ﷺ ചോദിച്ചു: 'ഈ പാല്‍ എവിടെ നിന്നാണ്?' അവര്‍ പറഞ്ഞു: 'അത് ഇന്നയാള്‍ അങ്ങേക്ക് നല്‍കിയ ഹദ്‌യയാകുന്നു.' നബി ﷺ പറഞ്ഞു: 'ഓ, അബൂഹുറയ്‌റാ!' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, നിങ്ങള്‍ക്ക് (ഞാന്‍) ഉത്തരം തന്നിരിക്കുന്നു.' നബി ﷺ പറഞ്ഞു: 'അഹ്‌ലുസ്സ്വഫ്ഫയില്‍ ചെന്ന് അവരെ എന്റെ അടുത്തേക്ക് ക്ഷണിക്കുക.' അബൂഹുറയ്‌റ(റ) പറയുന്നു: 'അഹ്‌ലുസ്സ്വുഫ്ഫ ഇസ്‌ലാമിന്റെ അതിഥികളാണ്. അവര്‍ കുടുംബത്തിലേക്കോ ധനത്തിലേക്കോ മറ്റുള്ളവരിലേക്കോ അഭയമില്ലാത്തവരാണ്. നബി ﷺ ക്ക് വല്ല സ്വദക്വയും വന്നാല്‍ അതില്‍നിന്ന് ഒന്നും അവിടുന്ന് എടുക്കാതെ അവരിലേക്ക് അത് അയക്കും. നബി ﷺ ക്ക് വല്ല ഹദ്‌യയും വന്നാല്‍ അതില്‍നിന്ന് എന്തെങ്കിലും അവിടുന്ന് എടുക്കുകയും അവരെയും അതില്‍ പങ്കുചേര്‍ക്കുകയും ചെയ്യും.  അത് എനിക്ക് പ്രയാസമായി. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഈ പാലും അഹ്‌ലുസ്സ്വുഫ്ഫയില്‍? (വീതിക്കുകയോ). ഈ പാലില്‍നിന്ന് കുടിച്ച് ശക്തിയാര്‍ജിക്കാന്‍ ഏറ്റവും അര്‍ഹന്‍ ഞാനാണല്ലോ.' അങ്ങനെ (അവര്‍) വന്നാല്‍ (അവിടുന്ന്) എന്നോട് കല്‍പിക്കും, അപ്പോള്‍ ഞാന്‍ അത് അവര്‍ക്ക് നല്‍കുകയും വേണം. (അങ്ങനെ) ഈ പാലില്‍നിന്ന് എന്തെങ്കിലും കിട്ടിയേക്കാം. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കല്‍ അനിവാര്യമാണല്ലോ. അതിനാല്‍ ഞാന്‍ അവരുടെ അടുത്ത് ചെല്ലുകയും അവരെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അവര്‍ വന്നു. അവര്‍ (നബി ﷺ യോട്) അനുവാദം ചോദിക്കുകയും നബി ﷺ അവര്‍ക്ക് അനുവാദം നല്‍കുകയും ചെയ്തു. വീട്ടില്‍ ഓരോരുത്തരും അവരുടെ ഇരിപ്പിടം സ്വീകരിച്ചു.' നബി ﷺ പറഞ്ഞു: 'അബൂഹുറയ്‌റാ!' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു.' നബി ﷺ പറഞ്ഞു: '(ഇത്) എടുക്ക്, എന്നിട്ട് അവര്‍ക്ക് നല്‍കൂ.' അബൂഹുറയ്‌റ(റ) പറയുന്നു: 'അങ്ങനെ ഞാന്‍ ആ കോപ്പ എടുത്തു. എന്നിട്ട് അത് ഒരാള്‍ക്ക് നല്‍കി. ദാഹം മാറുവോളം അദ്ദേഹം അത് കുടിച്ചു. പിന്നീട് ആ കോപ്പ എനിക്ക് തിരിച്ചു നല്‍കി. അങ്ങനെ അത് മറ്റൊരാള്‍ക്കും നല്‍കി. അദ്ദേഹവും ദാഹം മാറുവോളം അത് കുടിച്ചു. പിന്നീട് ആ കോപ്പ എനിക്ക് തിരിച്ചു നല്‍കി. (അങ്ങനെ അത് മറ്റൊരാള്‍ക്കും നല്‍കി). അദ്ദേഹവും ദാഹം മാറുവോളം അത് കുടിച്ചു. പിന്നീട് ആ കോപ്പ എനിക്ക് തിരിച്ചു നല്‍കി. അങ്ങനെ നബി ﷺ യില്‍ അവസാനിക്കുന്നത് വരെ (അത് മാറി മാറി കുടിച്ചു). അവര്‍ എല്ലാവരും അത് കുടിച്ചു. അങ്ങനെ ആ കോപ്പ നബി ﷺ യുടെ കൈയില്‍ വെച്ചു. എന്നിട്ട് അവിടുന്ന് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു: 'അബൂഹുറയ്‌റാ!' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ.' നബി ﷺ പറഞ്ഞു: 'ഞാനും നീയും ബാക്കിയായി.' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അങ്ങ് പറഞ്ഞത് സത്യമാണ്.' നബി ﷺ പറഞ്ഞു: 'താങ്കള്‍ ഇരിക്കൂ, എന്നിട്ട് കുടിക്കൂ.' അങ്ങനെ ഞാന്‍ ഇരിക്കുകയും എന്നിട്ട് കുടിക്കുകയും ചെയ്തു. അപ്പോള്‍ നബി ﷺ പറഞ്ഞു: 'കുടിക്കൂ.' അങ്ങനെ ഞാന്‍ കുടിച്ചു. 'താങ്കള്‍ കുടിക്കൂ' എന്ന് നബി ﷺ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാന്‍ പറഞ്ഞു: 'സത്യവുമായി അങ്ങയെ അയച്ചവന്‍ തന്നെയാണ സത്യം, ഇനി പ്രവേശിക്കാന്‍ ഒരു സ്ഥലവും ഞാന്‍ കാണുന്നില്ല.' നബി ﷺ പറഞ്ഞു: 'എങ്കില്‍ അത് ഒന്ന് എനിക്ക് കാണിക്കൂ.' അപ്പോള്‍ ഞാന്‍ അത് നബി ﷺ ക്ക് നല്‍കി. അപ്പോള്‍ അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും ബിസ്മി ചൊല്ലുകയും ബാക്കിയുള്ളത് കുടിക്കുകയും ചെയ്തു''(ബുഖാരി).

അബൂഹുറയ്‌റ(റ) അടക്കമുള്ള ആ പാവപ്പെട്ട സ്വഹാബിമാരുടെ പ്രയാസമേറിയ അവസ്ഥയാണ് നാം ഇവിടെ കണ്ടത്. വിശപ്പിന്റെ കാഠിന്യത്താല്‍ മണ്ണിലേക്ക് വീണുകിടക്കുന്നു, വയറില്‍ കല്ല് വെച്ചുകെട്ടുന്നു, നമസ്‌കാരത്തില്‍ പലപ്പോഴും പലരും ബോധരഹിതരായി വീഴുന്നു...! വിശന്ന് അവശനാകുമ്പോള്‍ അബൂഹുറയ്‌റ(റ) പള്ളിയുടെ പുറത്ത് ആളുകള്‍ വരുന്ന വഴിയില്‍ ഇരിക്കുന്നു. തന്റെ അവസ്ഥ കണ്ടിട്ട് ആരെങ്കിലും ഭക്ഷണത്തിന് ക്ഷണിച്ചാലോ എന്ന് ആഗ്രഹിച്ചായിരുന്നു ആ ഇരുത്തം. അബൂബക്‌റി(റ)നെയും ഉമറി(റ)നെയും കണ്ടപ്പോള്‍ ക്വുര്‍ആനിലെ ഒരു സൂക്തത്തിന്റെ ഉദ്ദേശത്തെ പറ്റി ചോദിക്കുന്നു. തന്റെ ചോദ്യത്തില്‍നിന്ന് തന്റെ സ്ഥിതി മനസ്സിലാക്കി തന്നെ ഒന്ന് കൂട്ടിക്കൊണ്ടുപോകുമോ എന്ന് ഉദ്ദേശിച്ചാണ് ചോദ്യം. എന്നാല്‍ ഇരുവര്‍ക്കും അദ്ദേഹം ചോദിച്ചതിന്റെ ഉദ്ദേശ്യം മനസ്സിലായില്ല. പിന്നീട് നബി ﷺ യാണ് അതുവഴി വരുന്നത്. നബി ﷺ ക്ക് അബൂഹുറയ്‌റ(റ)യെ കണ്ടപ്പോഴേക്ക് കാര്യങ്ങള്‍ മനസ്സിലായി. നബി ﷺ അബൂഹുറയ്‌റ(റ)യെ കൂട്ടികൊണ്ടു പോയി. വീട്ടില്‍ എത്തി. ഒരു കോപ്പയില്‍ പാല്‍ ഉണ്ടായിരുന്നു. അത് സമ്മാനമായി ലഭിച്ചതാണെന്നറിഞ്ഞപ്പോള്‍ ഉടനെ നബി ﷺ പള്ളിയിലുള്ള അഹ്‌ലുസ്സ്വുഫ്ഫയുടെ ആളുകളെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ക്ക് പോലും കുടിക്കാന്‍ തികയാത്ത പാലിലേക്കാണ് ഒരുപാടുപേരെ ക്ഷണിക്കുന്നത്! അല്ലാഹുവിന്റെ റസൂലിന്റെ കല്‍പനയോട് അനുസരണക്കേട് കാണിക്കാന്‍ പാടില്ലല്ലോ. നബി ﷺ നിര്‍ദേശിച്ചത് പ്രകാരം അബൂഹുറയ്‌റഃ(റ) ചെയ്തു. എല്ലാവരും വന്നു. വീടിന്റെ അകത്തും പുറത്തുമായി എല്ലാവരും ഇരുന്നു. ഒരു കോപ്പ പാല്‍ എല്ലാവരും വിശപ്പ് മാറുവോളം കുടിച്ചിട്ടും തീര്‍ന്നില്ല. അവസാനം നബി ﷺ യും അബൂഹുറയ്‌റ(റ)യും മാത്രമായി. അബൂഹുറയ്‌റ(റ) വയറു നന്നായി നിറയുംവരെ കുടിച്ചു. ശേഷം കാരുണ്യത്തിന്റെ തിരുദൂതരും കുടിച്ചു. പ്രവാചകരിലൂടെ അല്ലാഹു വെളിവാക്കിയ അത്ഭുത ദൃഷ്ടാന്തമായിരുന്നു ആ സംഭവം.

(അവസാനിച്ചില്ല)