പ്രവാചകന്‍റെ ആകാര സവിശേഷതകള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 മാര്‍ച്ച് 06 1442 റജബ് 22

(മുഹമ്മദ് നബി ﷺ , ഭാഗം 12)

കേരളക്കരയില്‍ വ്യാപകമായിട്ടുള്ള ചില 'വക' കിതാബുകള്‍ ഉണ്ട്. അതില്‍ 'സലാം ബയ്ത്ത്' എന്ന പേരില്‍ ഒരു മൗലിദ് കാണാം. ഒരു മുസ്ലിം നബി ﷺ യെ കുറിച്ച് എന്താണോ, എങ്ങനെയാണോ വിശ്വസിക്കേണ്ടത്; അതില്‍ അതിരുവിട്ട്, അദ്ദേഹത്തെ വിളിക്കുന്നത് കാണുക.

"പാപങ്ങള്‍ മായ്ച്ചു കളയുന്നവരേ, അങ്ങയുടെമേല്‍ രക്ഷയുണ്ടാകട്ടെ. വിഷമങ്ങള്‍ നീക്കുന്നവരേ, അങ്ങയുടെമേല്‍ രക്ഷയുണ്ടാകട്ടെ."

നബി ﷺ ക്ക് സലാം പറയുന്ന ഈരടികളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. നബി ﷺ ക്ക് സലാം ചൊല്ലുക എന്നത് തെറ്റല്ല. നമസ്കാരത്തില്‍ നബി ﷺ ക്ക് സലാം പറയാത്തവര്‍ ഇല്ലല്ലോ. എന്നാല്‍ ഈ ഈരടിയില്‍ നബി ﷺ യെ വിളിക്കുന്നത് പാപങ്ങള്‍ മായ്ച്ചുകളയുന്നവരേ, വിഷമങ്ങള്‍ നീക്കം ചെയ്യുന്നവരേ എന്നൊക്കെയാണ്. 'അല്‍മാഹിയ്' എന്നത് നബി ﷺ യുടെ പേരാണ്. അതിന്‍റെ അര്‍ഥം മറ്റുള്ളവരുടെ പാപങ്ങള്‍ നബി ﷺ മായ്ച്ചുകൊടുക്കും എന്നല്ല. അതിന്‍റെ ഉദ്ദേശം അദ്ദേഹത്തെ കൊണ്ട് അല്ലാഹു കുഫ്റും (സത്യനിഷേധം) മറ്റും നീക്കം ചെയ്യുന്നു എന്നാണെന്ന് കഴിഞ്ഞ ലക്കത്തില്‍ നാം വിവരിച്ചതാണ്. വിഷമങ്ങള്‍ അകറ്റാനും പാപങ്ങള്‍ പൊറുക്കപ്പെടാനും പ്രാര്‍ഥിക്കേണ്ടത് സ്രഷ്ടവായ അല്ലാഹുവിനോട് മാത്രമാണ്. അതിന് നബിമാരോ വലിയ്യുകളോ മലക്കുകളോ ഒന്നും അര്‍ഹരല്ലതന്നെ.

സൗന്ദര്യവാനായ പ്രവാചകന്‍

നബി ﷺ യുടെ ആകാരം ആരെയും ആകര്‍ഷിക്കുംവിധമായിരുന്നു. സ്വഭാവവും വിശ്വാസവും എല്ലാം ഭംഗിയാര്‍ന്നതായതു പോലെ ശരീരവും ഭംഗിയുള്ളതും മികവുറ്റതുമായിരുന്നു. നബി ﷺ യെ കണ്‍കുളിര്‍ക്കെ നോക്കിക്കാണാന്‍ ഭാഗ്യം ലഭിച്ച മഹാന്മാരായ സ്വഹാബികള്‍ അദ്ദേഹത്തിന്‍റെ ഭംഗിയെ പറ്റി നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.

അബൂ ഇസ്ഹാക്വി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "ബര്‍റാഅ് പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: അല്ലാഹുവിന്‍റെ റസൂല്‍ ﷺ മനുഷ്യരില്‍ ഏറ്റവും ഭംഗിയുള്ള മുഖമുള്ളയാളും (അല്ലാഹു അദ്ദേഹത്തെ സൃഷ്ടിച്ചത്) ഏറ്റവും അഴകാര്‍ന്ന രൂപത്തിലുമായിരുന്നു. കൂടുതല്‍ ഉയരമുള്ളവനോ നന്നേ ഉയരം കുറഞ്ഞവനോ ആയിരുന്നില്ല" (ബുഖാരി).

ഒത്ത ഉയരം. ഏറ്റവുംനല്ല ശരീര ഘടന. പൗരുഷം തുളുമ്പുന്ന, സൗന്ദര്യത്തിന്‍റെ ഏത് അളവുകോല്‍ വെച്ച് അളന്നാലും സുന്ദരന്‍ എന്ന് ആരും പറയുന്ന രൂപം. അതായിരുന്നു മുഹമ്മദ് നബി ﷺ .

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: അബൂഇസ്ഹാക്വി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "നബി ﷺ യുടെ മുഖം വാളുപോലെ (വെട്ടിത്തിളങ്ങുന്നത്)യായിരുന്നോ എന്ന് ബര്‍റാഅ് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'അല്ല, എന്നാല്‍ അദ്ദേഹത്തിന്‍റെ മുഖം ചന്ദ്രനെ പോലെയായിരുന്നു" (ബുഖാരി).

പൂര്‍ണചന്ദ്രനെ പോലെ തിളങ്ങുന്ന ഭംഗിയാര്‍ന്ന മുഖമായിരുന്നു അവിടുത്തേത്. നബി ﷺ യുടെ മറ്റു ശരീരപ്രകൃതികള്‍ വ്യക്തമാക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ കൂടി കാണുക:

"...ജനങ്ങള്‍ എഴുന്നേറ്റു. എന്നിട്ട് അവര്‍ അവിടുത്തെ കൈകള്‍പിടിച്ചു. എന്നിട്ട് അവ(കൈകള്‍)കൊണ്ട് അവരുടെ മുഖം തടവി. അദ്ദേഹം (സ്വഹാബി) പറയുന്നു: 'അങ്ങനെ ഞാനും അവിടുത്തെ കൈയില്‍ പിടിച്ചു. എന്നിട്ട് അത് (കൈകള്‍) എന്‍റെ മുഖത്ത് വെച്ചു. അപ്പോഴതാ അത്, മഞ്ഞിനെക്കാള്‍ തണുപ്പുള്ളതും കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതുമാണ്" (ബുഖാരി).

"അദ്ദേഹത്തിന്‍റെ തലയിലും താടിയിലുമായി വെളുത്ത മുടികള്‍ ഇരുപത് (എണ്ണം പോലും) ഇല്ലായിരുന്നു" (ബുഖാരി).

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: "നബി ﷺ യുടെ കൈപ്പത്തിയെക്കാള്‍ നൈര്‍മല്യമുള്ളതായി കട്ടിയുള്ളതോ നേര്‍ത്തതോ ആയ ഒരു പട്ടു(തുണി) ഞാന്‍ സ്പര്‍ശിച്ചിട്ടില്ല. നബി ﷺ യുടെ വാസനയെക്കാള്‍ സുഗന്ധമുള്ള ഒരു വാസന ഞാന്‍ തീരെ മണത്തിട്ടുമില്ല" (ബുഖാരി).

നബി ﷺ യുടെ തലയിലും താടിരോമങ്ങളിലുമായി എത്ര മുടിയാണ് നരച്ചതെന്നുപോലും സ്വഹാബിമാര്‍ക്ക് ക്ലിപ്തമായിരുന്നു!

എല്ലാംകൊണ്ടും അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു മുഹമ്മദ് നബി ﷺ . ഇത്തരത്തില്‍  പ്രത്യേകതകളുള്ള ഒരാള്‍ സര്‍വരാലും അംഗീകൃതനാകുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമല്ലോ. നബി ﷺ യുടെ മുടി, വിയര്‍പ്പ്, വസ്ത്രം... മുതലായവ അല്ലാഹുവില്‍നിന്നുള്ള ബറകത്ത് ലഭിക്കുന്നതിന് ഉപയോഗിച്ചത് സ്ഥിരപ്പെട്ട റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്.

മറഞ്ഞ മാര്‍ഗത്തിലൂടെ ഗുണവും ദോഷവും അല്ലാഹുവില്‍നിന്ന് മാത്രമെ പ്രതീക്ഷിക്കാവൂ. ഈ മൗലിക തത്ത്വത്തിന് എതിരല്ല ഇപ്പറഞ്ഞ കാര്യം. ഇവിടെ അല്ലാഹുവിന്‍റെ ബറകത്ത് ലഭിക്കാന്‍ അല്ലാഹു കാരണമാക്കിയ ഒന്നാണ് അവിടുത്തെ മുടിയും വസ്ത്രവുമെല്ലാം. എന്നാല്‍ നബി ﷺ യോ സ്വഹാബത്തോ മാതൃക കാണിച്ചിട്ടില്ലാത്ത, അല്ലാഹു കാരണമാക്കാത്ത മറ്റുള്ളവ മുഖേന അല്ലാഹുവില്‍നിന്ന് ബറകത്ത് പ്രതീക്ഷിക്കല്‍ ബിദ്അത്താകുന്നതാണ്. ബറകത്ത് പ്രതീക്ഷിക്കല്‍ അല്ലാഹുവില്‍നിന്ന് ആകേണ്ടതിനുപകരം മറ്റു വസ്തുക്കളില്‍നിന്ന് ആകുമ്പോള്‍ അത് ശിര്‍ക്കുമാകും.

നബി ﷺ ക്ക് മാത്രമുള്ള ഈ പ്രത്യേകതയെ വലിച്ചുനീട്ടി മഹാന്മാരായി ചിലരെ സ്വയം തെരഞ്ഞെടുത്ത്, അവരുടെ തുപ്പുനീരും അവശിഷ്ടവുമൊക്കെ ബറകത്തായി കാണുന്ന ചില വഴിവിട്ട വിഭാഗക്കാരുണ്ട്. അവരുടെ ഈ രീതി പ്രമാണങ്ങങ്ങളുടെ പിന്തുണയില്ലാത്തതും സ്വഹാബത്തടക്കമുള്ള പൂര്‍വസൂരികളുടെ മാര്‍ഗത്തിന് വിരുദ്ധവുമാകുന്നു.

നബി ﷺ യുടെ മുടി, വസ്ത്രം, ഉമിനീര്‍, വിയര്‍പ്പ് മുതലായവയില്‍നിന്ന് ഇന്ന് നമുക്ക് ബറകത്ത് എടുക്കുക സാധ്യമല്ല. കാരണം, ഇന്ന് അവയൊന്നും അവശേഷിക്കുന്നില്ല എന്നത് തന്നെ. നബി ﷺ യുടെതെന്ന് ഉറപ്പിച്ചു പറയാന്‍ ഒന്നും ഇന്ന് ലോകത്ത് നിലവിലില്ല എന്ന് മഹാന്മാരായ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

"നബി ﷺ യുടെ വസ്ത്രത്തില്‍ പെട്ടതോ അല്ലെങ്കില്‍ മുടിയില്‍ പെട്ടതോ അല്ലെങ്കില്‍ മറ്റു ശേഷിപ്പുകളില്‍ പെട്ടതോ ആയ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്. ഇവയില്‍ എന്തെങ്കിലും ഉള്ള ഒരു സ്ഥലവും ഉറപ്പിക്കാവുന്ന രൂപത്തില്‍ സ്ഥിരപ്പെട്ടിട്ടില്ല" (കശ്ഫു ശുബ്ഹാത്തുസ്സ്വൂഫിയ്യ- മുഹമ്മദ് സ്വഖര്‍).

നബി ﷺ യുടെ മരണശേഷം സ്വഹാബിമാര്‍ ആരില്‍നിന്നും ശേഷക്കാരിലേക്ക് (നബിയെ കൊണ്ട് ബറകത്ത് എടുക്കുക എന്ന രീതി) ചേര്‍ത്തിപ്പറഞ്ഞത് ഉണ്ടായിട്ടില്ല. നബി ﷺ ഈ ഉമ്മത്തില്‍ അബൂബക്റി(റ)നെക്കാള്‍ ശ്രേഷ്ഠനായ ഒരാളെ വിട്ടേച്ച് പോയിട്ടില്ലല്ലോ. അദ്ദേഹമായിരുന്നു നബി ﷺ യുടെ പിന്‍ഗാമി (ഖലീഫ). അദ്ദേഹത്തെ കൊണ്ട് അതില്‍പെട്ട ഒന്നുകൊണ്ടും (ബറകത്ത് എടുക്കല്‍) ചെയ്യപ്പെട്ടിട്ടില്ല. ഉമറുബ്നുല്‍ഖത്വാബി(റ)നെ കൊണ്ടും (അപ്രകാരം ചെയ്യപ്പെട്ടിരുന്നില്ല). അദ്ദേഹമാണല്ലോ അബൂബക്റി(റ)ന് ശേഷം ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ഠന്‍. പിന്നീട് ഉസ്മാനുബ്നു അഫ്ഫാന്‍(റ). പിന്നീട് അലി(റ). പിന്നെ മറ്റു സ്വഹാബികളും. അവരെക്കാള്‍ ശ്രേഷ്ഠര്‍ ഈ ഉമ്മത്തില്‍ ഇല്ലല്ലോ. അവരില്‍നിന്ന് ഒരാളുടെത് പോലും ശരിയായ അറിയപ്പെട്ട വഴിയിലൂടെ അവരെക്കൊണ്ട് ബറകത്ത് എടുക്കുന്ന ഒരാളായി സ്ഥിരപ്പെട്ട് വന്നിട്ടില്ല. അല്ല, നബി ﷺ യെ പിന്തുടര്‍ന്ന അവര്‍ അവിടുത്തെ വാക്കുകളിലും പ്രവര്‍ത്തികളിലും ചരിതങ്ങളിലും ഇത് ചുരുക്കുകയാണ് ചെയ്തത്. അപ്പോള്‍ ഇതെല്ലാം (നബി ﷺ യല്ലാത്തവരെ കൊണ്ടും നബി ﷺ യുടെ ശേഷിപ്പുകള്‍ അല്ലാത്തത് കൊണ്ടും ബറകത്ത് എടുക്കുന്നത്) ഒഴിവാക്കുന്നതില്‍ അവര്‍ ഏകാഭിപ്രായത്തിലായിരിക്കുന്നു" (അല്‍ഇഅ്തിസ്വാം- ശാത്വിബി).

നബി ﷺ യുടെതായി സ്ഥിരപ്പെട്ട് വന്നിട്ടുള്ള ഒരു പ്രത്യേകതയെയും ഒരു മുസ്ലിമിന് നിഷേധിക്കാന്‍ സാധ്യമല്ല. എന്നാല്‍ നബി ﷺ യുടെ ശേഷിപ്പുകള്‍ക്ക് പ്രത്യേകതയുള്ളത് കണക്കിലെടുത്ത് മഹാന്മാരെന്ന് പറയുന്നവര്‍ക്ക് ഈ മഹത്ത്വം കല്‍പിക്കലും മുസ്ലിമിന് പാടുള്ളതല്ല എന്നതാണ് പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍ നമുക്ക് വിവരിച്ചു തരുന്നത്.

നബി ﷺ ക്ക് മാത്രമുള്ള അഞ്ച് പ്രത്യേകതകള്‍

ജാബിറുബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; തീര്‍ച്ചയായും നബി ﷺ പറഞ്ഞു: "എനിക്ക് മുമ്പ് ഒരാള്‍ക്കും നല്‍കപ്പെട്ടിട്ടില്ലാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഒരു മാസത്തെ വഴിദൂരത്തില്‍ ഭയംകൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടിരിക്കുന്നു. ഭൂമി എനിക്ക് പള്ളിയായും ശുദ്ധിയുള്ളതായും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ എന്‍റെ സമുദായത്തിലെ ഒരാള്‍ക്ക് ഏത് സ്ഥലത്തുവെച്ച് നമസ്കാര സമയം എത്തിയോ അപ്പോള്‍ അവന്‍ (അവിടെ) നമസ്കരിക്കട്ടെ. സമരാര്‍ജിത സ്വത്തും എനിക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ഇത് എന്‍റെ മുമ്പുള്ള ഒരാള്‍ക്കും അനുവദിക്കപ്പെട്ടിരുന്നില്ല. എനിക്ക് ശഫാഅത്ത് (ശുപാര്‍ശ) നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. (ഓരോ) നബിയും തന്‍റെ സമുദായത്തിലേക്ക് മാത്രമായി നിയോഗിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ഞാന്‍ മുഴുവന്‍ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു"(ബുഖാരി).

ഒരു മാസത്തെ വഴിദൂരത്തില്‍ ഭയംകൊണ്ട് അവിടുന്ന് സഹായിക്കപ്പെട്ടു എന്നതാണ് ഒന്നാമത്തെ കാര്യം. നബി ﷺ ശത്രുവിന്‍റെ നാട്ടിലേക്ക് എത്തേണ്ട ആവശ്യമില്ലാത്ത വിധത്തില്‍ അവരുടെ മനസ്സുകളില്‍ ഭയം ഇട്ട് അല്ലാഹു നബി ﷺ യെ സഹായിച്ചിട്ടുണ്ട്. മുഹമ്മദ് നബി ﷺ അന്തിമ പ്രവാചകനാണല്ലോ. എല്ലാ കാലത്തേക്കുമുള്ള, എല്ലാ ദേശക്കാര്‍ക്കുമുള്ള, എല്ലാ ഭാഷക്കാര്‍ക്കുമുള്ള പ്രവാചകന്‍. മുന്‍കഴിഞ്ഞ പ്രവാചകന്മാരെ പോലെ തന്‍റെ സമൂഹത്തെ മുഴുവനും കാണാനും അവരിലേക്ക് നേര്‍വഴി എത്തിക്കാനും മുഹമ്മദ് നബി ﷺ ക്ക് സാധിച്ചിട്ടില്ല. കാരണം അദ്ദേഹം അന്ത്യനാള്‍വരെയുള്ള പ്രവാചകനാണ്. എന്നാല്‍ നബി ﷺ നമുക്ക് കൈമാറിയ ഈ മതം വളരെ വേഗത്തില്‍ ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശത്രുക്കള്‍ ഭയത്തോടെ ഈ മതത്തിന്‍റെ വളര്‍ച്ച നോക്കിക്കാണുകയും ചെയ്യുന്നു.

മുന്‍കാലക്കാര്‍ക്ക് ആരാധനക്കായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍വെച്ച് മാത്രമെ ആരാധനകള്‍ അനുഷ്ഠിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ സമുദായത്തിന് എവിടെവെച്ചും നമസ്കരിക്കാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്. ഭൂമി മുഴുവനും ശുദ്ധവുമാണ് (ത്വഹൂര്‍). വുദ്വൂഇന് ത്വഹൂര്‍ ആയ വെള്ളമാണല്ലോ ഉപയോഗിക്കുന്നത്. വെള്ളം കിട്ടാത്ത സമയത്ത് വുദ്വൂഇന് പകരം തയമ്മും ചെയ്താല്‍ മതി. തയമ്മും ചെയ്യാന്‍ ഭൂമിയെ മുഴുവനും അല്ലാഹു ത്വഹൂര്‍ ആക്കുകയും ചെയ്തിരിക്കുന്നു. ഇതും നബി ﷺ ക്ക് മാത്രം അല്ലാഹു നല്‍കിയ ഒരു പ്രത്യേകതയാണ്.

യുദ്ധത്തില്‍ ശത്രുക്കള്‍ ഒഴിവാക്കി പോകുന്ന സ്വത്ത് മുന്‍ സമുദായങ്ങളിലെ സേനാനികള്‍ക്കോ നബിമാര്‍ക്കോ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ യുദ്ധാര്‍ജിത സ്വത്തായി ലഭിക്കുന്നത് മുഹമ്മദ് നബി ﷺ ക്കും ഈ ഉമ്മത്തിനും ഉപയോഗിക്കാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്.

അന്ത്യനാളില്‍ മഹ്ശറില്‍ വെച്ച് വിചാരണയില്ലാതെ ജനകോടികള്‍ 'എന്‍റെ കാര്യം... എന്‍റെ കാര്യം...' എന്നു പറഞ്ഞ് സ്വന്തം കാര്യത്തിലേക്ക് മാത്രം ചുരുങ്ങുന്ന സമയം. അങ്ങനെ രക്ഷക്കായി പലഭാഗത്തേക്കും നെട്ടോട്ടമോടും. അന്ന് മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ പ്രത്യേകമായ അനുമതി പ്രകാരം സുജൂദില്‍ കിടക്കുകയും, (അല്ലാഹു എത്ര കാലമാണോ അപ്രകാരം സുജൂദില്‍ കിടക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ അത്രയും കാലം സുജൂദില്‍ കിടന്ന്) തസ്ബീഹും മറ്റു ദിക്റുകളും ചൊല്ലുകയും, അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകുമ്പോള്‍ തല ഉയര്‍ത്തുകയും ചെയ്യും. നബി ﷺ യോട് ശുപാര്‍ശക്കായി ചോദിക്കാന്‍ അല്ലാഹു കല്‍പിക്കുകയും ആ ശുപാര്‍ശ അല്ലാഹു സ്വീകരിക്കുകയും ചെയ്യുന്ന ദിവസം. ആദ്യമായി മഹ്ശറില്‍ അല്ലാഹു ശുപാര്‍ശക്കായി അനുവാദം നല്‍കും എന്ന പ്രത്യേകതയും മുഹമ്മദ് നബി ﷺ ക്ക് സ്വന്തം.

മുഹമ്മദ് നബി ﷺ ക്ക് മുമ്പുണ്ടായിരുന്ന ഓരോ നബിയും അവരുടെ സമുദായത്തിലേക്ക് മാത്രമായിട്ടായിരുന്നല്ലോ നിയോഗിക്കപ്പെട്ടത്. എന്നാല്‍ മുഹമ്മദ് നബി ﷺ എല്ലാ ആളുകളിലേക്കുമായിട്ടാണ് അയക്കപ്പെട്ടത്. ഇതും മുഹമ്മദ് നബി ﷺ ക്ക് മാത്രമുള്ള പ്രത്യേകയാണ്. (അവസാനിച്ചില്ല)