പ്രവാചകന്റെ കാലത്തെ യുദ്ധങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 സെപ്തംബര്‍ 11 1442 സഫര്‍ 04

(മുഹമ്മദ് നബി ﷺ : 37)

അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് ഇറക്കിയ വഹ്‌യിന്റെ ഒരു ശകലം പോലും അവിടുന്ന് മൂടിവെച്ചിട്ടില്ല എന്നത് ഈ സംഭവം നമ്മെ അറിയിക്കുന്നുണ്ട്. നബി ﷺ യുടെ ഒരു തീരുമാനം തെറ്റായതിനെ ശക്തമായ രൂപത്തില്‍ അല്ലാഹു വെളിപ്പെടുത്തുന്ന ഈ സൂക്തങ്ങള്‍ നബി ﷺ ക്ക് മറച്ചുവെക്കാമായിരുന്നു. എന്നാല്‍ ലോകരക്ഷിതാവായ അല്ലാഹുവിന്റെ സന്ദേശത്തില്‍നിന്ന് യാതൊന്നും അവിടുന്ന് മൂടിവെച്ചില്ല. ഇതുപോലെ നബി ﷺ യുടെ ചില സമീപനങ്ങളില്‍ വന്ന വീഴ്ചകളെ അല്ലാഹു തിരുത്തിയത് വേറെയും നമുക്ക് ക്വുര്‍ആനില്‍ കാണാം. ഒരാള്‍ എഴുതിയ പുസ്തകത്തില്‍ അയാളെത്തന്നെ ശക്തമായി തിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ഭാഗം ഉണ്ടാവുകയില്ലല്ലോ. അഥവാ, ക്വുര്‍ആന്‍ മുഹമ്മദ് നബി ﷺ എഴുതിയുണ്ടാക്കിയതല്ലെന്നും അല്ലാഹുവില്‍നിന്ന് ഇറക്കപ്പെട്ടതാണെന്നും ഇത്തരം സൂക്തങ്ങളെല്ലാം അറിയിക്കുന്നുണ്ട്.

ബന്ധനസ്ഥരില്‍നിന്ന് വാങ്ങിയ മോചനമൂല്യം എന്ത് ചെയ്യണം? അതാണ് തുടര്‍ന്നുള്ള സൂക്തത്തില്‍ അല്ലാഹു പറയുന്നത്. സമരാര്‍ജിത സ്വത്ത് (ഗനീമത്) എന്ന് അറിയപ്പെടുന്ന, ശത്രുക്കള്‍ യുദ്ധക്കളത്തില്‍ വിട്ടേച്ച് പോകുന്ന സ്വത്ത് മുസ്‌ലിംകള്‍ക്ക് അനുവദനീയമാണ്. ബന്ധനസ്ഥരില്‍നിന്ന് വാങ്ങിയ ഈ മോചനമൂല്യം ഇതില്‍ പെടുന്നതാണെന്നും അത് നിങ്ങള്‍ ഉപയോഗിക്കുക എന്നും അല്ലാഹു അവരെ അറിയിച്ചു.

മോചനമൂല്യങ്ങള്‍ എന്തെല്ലാമായിരുന്നു?

എഴുപതോളം പേരാണ് പിടിക്കപ്പെട്ടത്. അവരില്‍ വലിയ സമ്പന്നന്മാരുണ്ട്. ഇടത്തരം സമ്പന്നരുണ്ട്. ദരിദ്രരുണ്ട്. പരമ ദരിദ്രരുണ്ട്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ മറ്റാരുടെയൊക്കെയോ നിര്‍ബന്ധത്തിന് വന്നവരുണ്ട്. ഇവരില്‍നിന്ന് നബി ﷺ മോചനമൂല്യം സ്വീകരിച്ചത് ഒരുപോലെയായിരുന്നില്ല. നാലായിരം വെള്ളി നാണയമാണ് ഏറ്റവും കൂടുതലായി നബി ﷺ ആവശ്യപ്പെട്ടത്. അത് അവരിലെ ഏറ്റവും വലിയ സമ്പന്നരില്‍നിന്നായിരുന്നു. മൂവായിരം, ആയിരം തുടങ്ങിയ രൂപത്തിലെല്ലാം ശേഷിയനുസരിച്ച് നബി ﷺ അവരില്‍നിന്ന് ഫിദ്‌യ ഈടാക്കി. ഒന്നിനും വകയില്ലാത്തവരില്‍നിന്ന് എങ്ങനെ നാണയം വസ്വൂലാക്കും? അതിനുപകരം നബി ﷺ മറ്റൊരു മാര്‍ഗമാണ് സ്വീകരിച്ചത്. അന്‍സ്വാറുകളില്‍ അധികപേരും എഴുത്തും വായനയും അറിയാത്തവരായിരുന്നു. ബന്ധികളിലാകട്ടെ എഴുത്തും വായനയും അറിയുന്നവരുണ്ടായിരുന്നു. അതിനാല്‍ പിടിക്കപ്പെട്ട ഓരോരുത്തരും അന്‍സ്വാറുകളുടെ പത്തുവീതം കുട്ടികളെ എഴുത്ത് പഠിപ്പിക്കുക എന്നതായിരുന്നു നബി ﷺ അവര്‍ക്ക് നിശ്ചയിച്ച ഫിദ്‌യ. വിജ്ഞാനത്തിന് ഇസ്‌ലാം നല്‍കുന്ന സ്ഥാനവും മഹത്ത്വവും നബി ﷺ യുടെ ഈ നടപടിക്രമത്തില്‍നിന്നും തിരിച്ചറിയാം.

സ്വന്തം ഇഷ്ടപ്രകാരമല്ലാതെ മറ്റുള്ളവരുടെ സമ്മര്‍ദത്താല്‍ യുദ്ധത്തിന് പുറപ്പെടുകയും അങ്ങനെ പിടിക്കപ്പെടുകയും ചെയ്തവര്‍ ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് നാം പറഞ്ഞുവല്ലോ. അവരില്‍ നിന്ന് ഫിദ്‌യ സ്വീകരിച്ചത് അവരില്‍ പലര്‍ക്കും മനഃപ്രയാസം ഉണ്ടാക്കി. അവര്‍ നബി ﷺ യെ സമീപിച്ച് അത് ബോധിപ്പിക്കുകയും ചെയ്തു. നബി ﷺ യുടെ പിതൃവ്യന്‍ അബ്ബാസ്(റ) തുടക്കത്തില്‍ വിശ്വാസം പുറത്തേക്ക് പ്രകടിപ്പിക്കാതെ ഉള്ളില്‍ കൊണ്ടുനടന്ന ആളായിരുന്നു. അദ്ദേഹവും ഈ പിടിക്കപ്പെട്ടവരില്‍ ഉണ്ട്. അദ്ദേഹവും നബി ﷺ യോട് തങ്ങളില്‍നിന്ന് മോചനമൂല്യം വാങ്ങിയത് ശരിയായില്ല എന്ന് പറഞ്ഞിരുന്നു. നബി ﷺ യുടെ അടുത്ത കുടുംബത്തില്‍പെട്ട അബ്ബാസില്‍നിന്ന് എങ്ങനെയാണ് മോചനമൂല്യം വാങ്ങുക! പല സ്വഹാബിമാര്‍ക്കും അതില്‍ വിഷമമുണ്ടായി.

അന്‍സ്വാരികളില്‍ പെട്ട ചിലര്‍ അല്ലാഹുവിന്റെ റസൂലി ﷺ നോട് പറഞ്ഞു: 'അങ്ങ് ഞങ്ങള്‍ക്ക് അനുവാദം നല്‍കണം. (എന്നാല്‍) ഞങ്ങള്‍ ഞങ്ങളുടെ സഹോദര പുത്രന്‍ അബ്ബാസിന്റെ ഫിദ്‌യ ഒഴിവാക്കുന്നതാണ്.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'അദ്ദേഹത്തില്‍നിന്ന് ഒരു ദിര്‍ഹം പോലും നിങ്ങള്‍ ഒഴിവാക്കരുത്.'

നീതിയുടെ കാര്യത്തില്‍ രക്തബന്ധമോ കുടുംബബന്ധമോ സൗഹൃദമോ നോക്കാത്ത മഹാനാണ് മുഹമ്മദ് നബി ﷺ . തന്റെ ഉറ്റബന്ധുവിനെ ഒഴിവാക്കാം എന്ന് അനുചരന്മാര്‍ നബി ﷺ യോട് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും അവിടുന്ന് സമ്മതം നല്‍കിയില്ല.

അബ്ബാസ്(റ) പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമായിരുന്നു.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'താങ്കളുടെ ഇസ്‌ലാമിനെ പറ്റി അല്ലാഹു നന്നായി അറിയുന്നവനാണ്. താങ്കള്‍ പറയുന്നത് പോലെയായിരുന്നു താങ്കളെങ്കില്‍ തീര്‍ച്ചയായും അല്ലാഹു താങ്കള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്. എന്നാല്‍ താങ്കളുടെ ബാഹ്യചെയ്തികള്‍ ഞങ്ങള്‍ക്ക് എതിരായിരുന്നു. അതിനാല്‍ താങ്കള്‍ താങ്കള്‍ക്കും താങ്കളുടെ രണ്ട് സഹോദര പുത്രന്മാരായ നൗഫല്‍ ഇബ്‌നു ഹാരിഥ് ഇബ്‌നുല്‍ മുത്ത്വലിബ്, അക്വീല്‍ ഇബ്‌നു അബീത്വാലിബ് ഇബ്‌നു അബ്ദില്‍ മുത്ത്വലിബ് (എന്നിവര്‍ക്കും), താങ്കളുടെ സഖ്യകക്ഷിയായ ഉത്ബക്കും ഫിദ്‌യ നല്‍കുക.' അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, എന്റെ പക്കല്‍ അതിന് ഒന്നുമില്ലല്ലോ.' നബി ﷺ ചോദിച്ചു: 'താങ്കളും (ഭാര്യ) ഉമ്മുല്‍ ഫദ്‌ലും ചേര്‍ന്ന് കുഴിച്ചിട്ട ആ ധനമില്ലേ? എന്നിട്ട് താങ്കള്‍ അവളോട് പറയുകയും ചെയ്തിട്ടുണ്ടല്ലോ: ഈ യാത്രയില്‍ എനിക്ക് വല്ലതും ബാധിച്ചാല്‍ അപ്പോള്‍ ഈ കുഴിച്ചിട്ട ധനം എന്റെ മക്കള്‍ ഫദ്‌ലിനും അബ്ദുല്ലാക്കും ക്വുഥമിനുമായിരിക്കും എന്ന്.' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെയാണ് എന്ന് ഞാന്‍ മനസ്സിലാക്കുകതന്നെ ചെയ്യുന്നു. തീര്‍ച്ചയായും ഇത് ഞാനും ഉമ്മുല്‍ ഫദ്‌ലും അല്ലാത്ത ഒരാളും അറിയാത്തതായിരുന്നു. അതിനാല്‍ അല്ലാഹുവിന്റെ റസൂലേ, എന്റെ ധനത്തില്‍നിന്നും താങ്കള്‍ (മുമ്പ്) എടുത്തിട്ടുള്ള ഇരുപത് സ്വര്‍ണ നാണയങ്ങള്‍ ഇതിന്റെ കൂടെ ചേര്‍ത്താലോ?' അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'ഇല്ല. അത് അല്ലാഹു താങ്കളില്‍നിന്ന് ഞങ്ങള്‍ക്ക് നല്‍കിയതാണ്.' അങ്ങനെ അദ്ദേഹം തനിക്കും തന്റെ സഹോദരന്റെ രണ്ട് മക്കള്‍ക്കും സഖ്യകക്ഷിക്കുമെല്ലാം ഫിദ്‌യ നല്‍കി. അപ്പോള്‍ അല്ലാഹു (വഹ്‌യ്) ഇറക്കി: ''നബിയേ, നിങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോട് നീ പറയുക: നിങ്ങളുടെ ഹൃദയങ്ങളില്‍ വല്ല നന്‍മയുമുള്ളതായി അല്ലാഹു അറിയുന്ന പക്ഷം നിങ്ങളുടെ പക്കല്‍നിന്ന് മേടിക്കപ്പെട്ടതിനെക്കാള്‍ ഉത്തമമായത് അവന്‍ നിങ്ങള്‍ക്ക് തരികയും നിങ്ങള്‍ക്ക് അവന്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 8:70). അബ്ബാസ്(റ) പറയുന്നു: ഇരുപത് സ്വര്‍ണ നാണയങ്ങള്‍ക്ക് പകരം ഇസ്‌ലാമില്‍ അല്ലാഹു എനിക്ക് ഇരുപത് അടിമകളെ നല്‍കി. അവര്‍ എല്ലാവരുടെയും കൈകളില്‍ (എനിക്ക്) ക്രയവിക്രയം ചെയ്യാന്‍ മാത്രം സമ്പത്തും (നല്‍കി). അതോടൊപ്പം അല്ലാഹുവില്‍നിന്നുള്ള പാപമോചനം ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

അബ്ബാസ്(റ) കുഴിച്ചിട്ട ആ ധനത്തിന്റെ കാര്യം നബി ﷺ എങ്ങനെയാണ് മനസ്സിലാക്കിയത്? മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചിട്ടാണോ? അല്ല! അല്ലാഹു നല്‍കിയ ബോധനത്തിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ ആ കാര്യം അറിയുന്നത്. അല്ലാഹു അറിയിക്കാത്ത ഒരു മറഞ്ഞ കാര്യവും അറിയാനുള്ള കഴിവ് അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ ആര്‍ക്കും അല്ലാഹു നല്‍കിയിട്ടില്ല. പല ഘട്ടങ്ങളില്‍ അത് നാം ഉണര്‍ത്തിയത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. ബദ്‌റിന്റെ പുറപ്പാട് തന്നെയും അത് തെളിയിക്കുന്നതാണ്. കച്ചവട സംഘത്തെ തടയാന്‍ വേണ്ടി പുറപ്പെട്ട നബി ﷺ ക്കും സ്വഹാബിമാര്‍ക്കും പിന്നീട് നടക്കാന്‍ പോകുന്ന കാര്യങ്ങളെ പറ്റിയൊന്നും അറിയാമായിരുന്നില്ലല്ലോ. മറഞ്ഞ കാര്യങ്ങള്‍ അറിയാനുള്ള കഴിവ് അവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഇത്രമാത്രം പേടിക്കേണ്ടതുണ്ടായിരുന്നോ?

പിടിക്കപ്പെട്ടവരില്‍നിന്ന് മോചന മൂല്യം ആവശ്യപ്പെട്ടു. അവരെ ബദ്‌റില്‍നിന്നും മദീനയിലേക്ക് കൊണ്ടുപോയി. വഴിയില്‍വെച്ച് അവരില്‍ രണ്ടുപേരെ കൊല്ലാന്‍ നബി ﷺ കല്‍പിച്ചു. നദ്വ്ര്‍ ഇബ്‌നുല്‍ ഹാരിഥ്, ഉക്വ്ബത്ബ്‌നു അബീ മുഈത്വ്  എന്നിവരായിരുന്നു അവര്‍. കഅ്ബയുടെ പരിസരത്ത് നബി ﷺ നമസ്‌കരിക്കുമ്പോള്‍ പിരടിയില്‍ ചവിട്ടാന്‍ ഒരുങ്ങിയ, സുജൂദില്‍ കിടക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങള്‍ പിരടിയില്‍ ഇടാന്‍ നേതൃത്വം നല്‍കിയ തെമ്മാടിയായിരുന്നു ഉക്വ്ബത്. നബി ﷺ യോട് അങ്ങേയറ്റം വെറുപ്പും ക്രൂരതയും കാണിച്ച കൊലകൊമ്പന്മാരെല്ലാം ബദ്‌റിന്റെ രണഭൂമിയില്‍ നിലം പൊത്തി. ഇവര്‍ രണ്ടു പേരൊഴികെ. അവരെ പിന്നീട് കൊല്ലുകയും ചെയ്തു. എന്നാല്‍ ബന്ധനസ്ഥരായ മറ്റുള്ളവരെ നബി ﷺ യും അനുചരന്മാരും നീതിയോടെയും വിശ്വസ്തതയോടെയും പരിപാലിച്ചു പോന്നു. യുദ്ധത്തില്‍ പിടിക്കപ്പെടുന്നവരോട് ഏറ്റവും മാന്യമായ രീതിയിലാണ് പെരുമാറേണ്ടത് എന്നതാണല്ലോ ഇസ്‌ലാമിക അധ്യാപനം. ക്വുര്‍ആന്‍ പറയുന്നത് കാണുക: ''ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'' (ക്വുര്‍ആന്‍ 76:8,9).

ബന്ധനസ്ഥതയില്‍ കഴിയുന്നവര്‍ക്ക് അല്ലാഹുന്റെ മാത്രം പൊരുത്തം ആഗ്രഹിച്ച് ഭക്ഷണം നല്‍കുന്നതിനെ ക്വുര്‍ആന്‍ ഇവിടെ വിശ്വാസികളുടെ സ്വഭാവമായി വിവരിക്കുകയാണ്. ബന്ധികളോടും തടവുകാരോടും ഏറ്റവും നല്ല രൂപത്തില്‍ വര്‍ത്തിക്കണമെന്ന് നബി ﷺ സ്വഹാബിമാരെയും ഗൗരവത്തോടെ ഉണര്‍ത്തിയിട്ടുണ്ട്. സ്വഹാബിമാര്‍ അവരോട് മാന്യമായി പെരുമാറുകയും ചെയ്തു.

'ഞാന്‍ അന്‍സ്വാറുകളില്‍ തടവുകാരനായിരുന്നു, അവര്‍ എന്നോട് മാന്യമായി പെരുമാറി, അവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കട്ടെ' എന്ന് അന്ന് തടവുകാരില്‍ പെട്ട അബുല്‍ ആസ്വ്(റ) പറയുകയുണ്ടായി. ഭക്ഷണ സമയത്ത് ഏറ്റവും മുന്തിയ ഭക്ഷണം അന്‍സ്വാറുകള്‍ ഈ തടവുകാര്‍ക്കാണ് നല്‍കിയിരുന്നതെന്നും, അതേസമയം അന്‍സ്വാറുകള്‍ കാരക്കയാണ് കഴിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നത് കാണാം. പിന്നീട് അദ്ദേഹം മുസ്‌ലിമാകുകയും ചെയ്തു.

ഖാലിദുബ്‌നുല്‍ വലീദി(റ)ന്റെ സഹോദരനായ വലീദുബ്‌നുല്‍ വലീദ് ബദ്‌റിലെ തടവുകാരില്‍ പെട്ട മറ്റൊരാളായിരുന്നു. ബദ്‌റില്‍നിന്ന് മദീനയിലേക്ക് മടങ്ങുന്ന സമയത്ത് ബന്ധികളായ ഞങ്ങളെ  (മുറിവ് ബാധിച്ചവരും ക്ഷീണിച്ചവരും രോഗികളും എല്ലാം ഉള്ളതിനാല്‍ ദയ കാണിച്ച്) ചുമന്ന് അവര്‍ നടക്കുകയായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹം അന്നത്തെ അനുഭവം പറയുന്നുണ്ട്. ഇരുവരും പിന്നീട് മുസ്‌ലിമാകുകയുണ്ടായി.

ബദ്‌റില്‍ പിടിക്കപ്പെട്ട അബൂ അസീര്‍ ഇബ്‌നു ഉമയ്ര്‍(റ) (മിസ്അബി(റ)ന്റെ സഹോദരന്‍) അന്‍സ്വാറുകളിലായിരുന്നു ഉണ്ടായിരുന്നത്. തടവുകാരോട് മാന്യമായി പെരുമാറണമെന്ന് അല്ലാഹുവിന്റെ റസൂലി ﷺ ന്റെ നിര്‍ദേശമനുസരിച്ച് അന്‍സ്വാറുകള്‍ കാരക്ക കഴിക്കുകയും ഞങ്ങള്‍ക്ക് അവര്‍ ഉള്ളതില്‍ നല്ല ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു എന്ന് അദ്ദേഹവും പറഞ്ഞതായി ചരിത്രത്തില്‍ കാണാം. അദ്ദേഹവും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.

ബദ്‌റിന്റെ പാഠങ്ങള്‍

മക്കയില്‍നിന്ന് മദീനയില്‍ എത്തിയ മുസ്‌ലിംകളെ വീണ്ടും വീണ്ടും ദ്രോഹിക്കുവാന്‍ തക്കം നോക്കി നടക്കുന്ന ശത്രുവിനെ പ്രതിരോധിക്കാന്‍ വേണ്ടി നബി ﷺ ക്ക് അല്ലാഹു അനുവാദം നല്‍കിയതിന് ശേഷം ഉണ്ടായ ആദ്യത്തെ യുദ്ധമായിരുന്നു ബദ്ര്‍. ആ യുദ്ധം മുസ്‌ലിംകള്‍ക്ക് അനേകം പാഠങ്ങള്‍ നല്‍കുന്നുണ്ട്. അത് മനസ്സിലാക്കല്‍ നമുക്ക് അനിവാര്യമാണ്.

ആദര്‍ശത്തിന് വലിയ പ്രാധാന്യം നല്‍കിയ ഒരു യുദ്ധമായിരുന്നു ബദ്ര്‍. മക്കയില്‍നിന്ന് മദീനയില്‍ എത്തിയ മുഹാജിറുകള്‍ക്ക് നേരിടേണ്ടിവന്നത് സ്വന്തക്കാരെയും ബന്ധുക്കളെയുമൊക്കെയായിരുന്നു. പിതാവിനോട് എതിരിടേണ്ടിവന്ന മക്കളും, മക്കളോട് എതിരിടേണ്ടിവന്ന പിതാക്കളും, സഹോദരനോട് പോരാടേണ്ടിവന്ന സഹോദരനുമെല്ലാം ആ രണഭൂമിയില്‍ ഉണ്ടായിരുന്നു. അല്ലാഹുവിനോടുള്ള സ്‌നേഹവും കടപ്പാടുമാണ് ഒരു മനുഷ്യന് ഏറ്റവും വലുത്. അതു കഴിഞ്ഞാല്‍ അല്ലാഹു അയച്ച അവന്റെ റസൂലിനോടും. അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തില്‍ ആര് നിര്‍ബന്ധിച്ചാലും അവരെ അനുസരിക്കാവതല്ല; അതിന്റെ പേരില്‍ ജീവന്‍ നഷ്ടമായാല്‍ പോലും. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്ന കാര്യത്തില്‍ സഹിക്കേണ്ടി വരുന്ന ത്യാഗങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. ബദ്ര്‍ യുദ്ധത്തില്‍ ഈയൊരു പ്രത്യേകതയാണ് മുസ്‌ലിം പക്ഷത്ത് നമുക്ക് കാണാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അവര്‍ക്ക് വമ്പിച്ച വിജയമാണ് ഒരുക്കിക്കൊടുത്തത്.

മുഹമ്മദ് നബി ﷺ യെ സ്വഹാബിമാര്‍ സ്‌നേഹിച്ചതിന്റെ വലിയ ചരിത്രവും ബദ്ര്‍ ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. യുദ്ധത്തിനുള്ള മുന്നൊരുക്കത്തിനായി നബി ﷺ അനുചരന്മാരെ അണിയായി നിര്‍ത്തുകയാണ്. സവാദ്(റ) അണിയില്‍നിന്ന് അല്‍പം പുറംതള്ളി നില്‍ക്കുന്നത് നബി ﷺ കാണുകയുണ്ടായി. നബി ﷺ തന്റെ കൈയിലുള്ള ഒരു കൊമ്പ് കൊണ്ട് അദ്ദേഹത്തിന്റെ വയറ്റില്‍ ചെറുതായി ഒന്ന് കുത്തി. എന്നിട്ട് പറഞ്ഞു: 'സവാദേ, നേരെ നില്‍ക്കൂ.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്നെ വേദനിപ്പിച്ചിരിക്കുന്നു. സത്യവും നീതിയുമായാണല്ലോ അങ്ങയെ അല്ലാഹു അയച്ചത്. അതിനാല്‍ എനിക്ക് പകരം ചോദിക്കണം.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ വയറ്റത്തുനിന്നും (വസ്ത്രം) നീക്കി. എന്നിട്ട് പറഞ്ഞു: 'പകരം വീട്ടുക.' (നിവേദകന്‍) പറഞ്ഞു: 'അങ്ങനെ അദ്ദേഹം നബി ﷺ യെ ആലിംഗനം ചെയ്യുകയും അദ്ദേഹത്തിന്റെ വയറ്റില്‍ ചുംബിക്കുകയും ചെയ്തു. അപ്പോള്‍ (നബി ﷺ ചോദിച്ചു: 'സവാദേ, നിന്നെ ഇതിന് പ്രേരിപ്പിച്ചത് എന്താണ്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, (യുദ്ധത്തിനുള്ള സമയം) ഹാജറായത് അങ്ങ് കാണുന്നില്ലേ? അതിനാല്‍ എന്റെ തൊലി അങ്ങയുടെ തൊലിയുമായി അവസാന സമയത്ത് സ്പര്‍ശിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചതാണ്.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിന് നന്മക്ക് വേണ്ടി പ്രാര്‍ഥിച്ചു' (സീറതുന്നബവിയ്യ).

ശത്രുവിനോടുള്ള പോരാട്ടം മുന്നില്‍ കാണുന്ന സമയത്ത് മുഹമ്മദ് നബി ﷺ യെ അവസാനമായി ഒന്ന് സ്പര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്വഹാബിയുടെ മനസ്സ് നാം ഇവിടെ കാണുകയാണ്. അവര്‍ക്ക് അവരുടെ നേതാവ് മുഹമ്മദ് നബി ﷺ ജീവനെക്കാള്‍ കൂടുതല്‍ പ്രിയങ്കരമായിരുന്നു. ഈ സ്‌നേഹം നമുക്ക് എത്രമാത്രം ഉണ്ട് എന്നത് നാം ചിന്തിക്കേണ്ടതാണ്. നമുക്ക് നബി ﷺ യുടെ ശരീരം സ്പര്‍ശിക്കാന്‍ ഇന്ന് അവസരമില്ല. പക്ഷേ, അവിടുന്ന് പഠിപ്പിച്ച അവിടുത്ത വിശ്വാസ-സ്വഭാവ-കര്‍മ-ആചാര-മര് യാദകള്‍ നമുക്ക് വാരിപ്പുണരാന്‍ അവസരമുണ്ട്. എന്നാല്‍ അതിനോട് പലര്‍ക്കും നീരസവുമാണ്. അത്തരം ഒരു പ്രവണതയില്‍നിന്ന് നാം മാറണം. പ്രവാചകരെ നമ്മുടെ സ്വന്തം ശരീരത്തെക്കാള്‍, മാതാപിതാക്കളെക്കാള്‍, മക്കളെക്കാള്‍ നാം ഏറെ സ്‌നേഹിക്കേണ്ടതുണ്ട്.

അബ്ദുര്‍റഹ്മാനുബ്‌നു ഔഫി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''ബദ്ര്‍ ദിവസം ഞാന്‍ അണിയില്‍ നില്‍ക്കുന്നതിനിടയില്‍ ഞാന്‍ എന്റെ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും നോക്കുകയുണ്ടായി. അപ്പോഴതാ, ഞാന്‍ അന്‍സ്വാറുകളില്‍ പെട്ട രണ്ട് കുട്ടികളുടെ മധ്യത്തിലാണ്. അവരുടെ പല്ലുകള്‍ പുതിയവയാണ് (അത്രയും ചെറുപ്പമാണ് എന്നര്‍ഥം). ഞാന്‍ ഇവരെക്കാള്‍ ആരോഗ്യവാന്മാരായവരുടെ ഇടയിലായിരുന്നെങ്കില്‍ എന്ന് കൊതിച്ചു. അങ്ങനെ അവരില്‍ ഒരാള്‍ എന്നെ പതുക്കെ തട്ടി. എന്നിട്ട് അവന്‍ ചോദിച്ചു: 'ഓ, പിതൃവ്യാ, നിങ്ങള്‍ക്ക് അബൂജഹ്‌ലിനെ അറിയുമോ?' അബ്ദുര്‍റഹ്മാന്‍(റ) പറയുന്നു: 'ഞാന്‍ പറഞ്ഞു; അതെ. ഓ, സഹോദരപുത്രാ, നിനക്ക് അവനിലേക്ക് ആവശ്യമുള്ള കാര്യം എന്താണ്?' അവന്‍ പറഞ്ഞു: 'അവന്‍ (അബൂജഹ്ല്‍) അല്ലാഹുവിന്റെ റസൂലി ﷺ നെ ചീത്ത പറയുന്നവനാണെന്ന് ഞാന്‍ അറിയിക്കപ്പെട്ടിട്ടുണ്ട്. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ് സത്യം, ഞാന്‍ അവനെ കാണുകയാണെങ്കില്‍ ഞങ്ങളില്‍നിന്ന് ഏറ്റവും വേഗത്തില്‍ ആക്രമണം നടത്തുന്നവന്‍ ആരാണോ അവന്‍ മരണപ്പെടുന്നതുവരെ എന്റെ ദൃഷ്ടി അവന്റെ ദൃഷ്ടിയില്‍നിന്ന് വേര്‍പരിരിയുകയില്ല.' അബ്ദുര്‍റഹ്മാന്‍(റ) പറയുന്നു: 'അങ്ങനെ ഞാന്‍ അതില്‍ അത്ഭുതപ്പെട്ടു. അപ്പോള്‍ അടുത്തവനും എന്നെ തട്ടി. അന്നിട്ട് അതുപോലെ (ആദ്യത്തെ ആള്‍ പറഞ്ഞത് പോലെ) ഇവനും പറഞ്ഞു.' അബ്ദുര്‍റഹ്മാന്‍(റ) പറയുന്നു: 'അങ്ങനെ ഞാന്‍ അബൂജഹ്‌ലിനെ നോക്കുമ്പോള്‍ അവന്‍ ജനങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'നിങ്ങള്‍ കാണുന്നില്ലേ, അവനാണ് നിങ്ങള്‍ ചോദിച്ച കക്ഷി.' അബ്ദുര്‍റഹ്മാന്‍(റ) പറയുന്നു: 'അപ്പോള്‍ ഇരുവരും വേഗത്തില്‍ കുതിക്കുകയും ഇരുവരും അവരുടെ വാളുകള്‍കൊണ്ട് അവനെ മരണപ്പെടുന്നതുവരെ വെട്ടുകയും ചെയ്തു. പിന്നീട് ഇരുവരും അല്ലാഹുവിന്റെ റസൂലി ﷺ ങ്കലേക്ക് തിരിച്ചുചെന്ന് അദ്ദേഹത്തോട് വിവരം പറഞ്ഞു. അപ്പോള്‍ നബി ﷺ ചോദിച്ചു: 'നിങ്ങളില്‍ ആരാണ് അവനെ വധിച്ചത്?' ഓരോരുത്തരും പറഞ്ഞു: 'അവനെ വധിച്ചത് ഞാനാണ്.' അപ്പോള്‍ നബി ﷺ ചോദിച്ചു: 'നിങ്ങളുടെ വാളുകള്‍ തുടച്ചുവോ?' ഇരുവരും പറഞ്ഞു: 'ഇല്ല.' അങ്ങനെ രണ്ട് വാളുകളും നബി ﷺ നോക്കി. എന്നിട്ട് പറഞ്ഞു: 'അവനെ നിങ്ങള്‍ രണ്ട് പേരും വധിച്ചിരിക്കുന്നു' (മുസ്‌ലിം).

അല്ലാഹുവിന്റെ റസൂലിനെ ഇല്ലായ്മ ചെയ്യുവാനും അപമാനിക്കുവാനും ഏറെ പണിയെടുത്ത അബൂജഹിലിന് അര്‍ഹിക്കുന്ന ശിക്ഷ അടര്‍ക്കളത്തില്‍വെച്ച് ലഭിച്ചു. ഇന്ന് അല്ലാഹുവിന്റെ റസൂലിനെ ചീത്ത പറയുന്ന എത്രയോ ചാനലുകളും ഗ്രൂപ്പുകളും പുസ്തകങ്ങളും ഉണ്ട്. അവരെ കായികമായി നേരിടുവാന്‍ നമുക്ക് അനുവാദമില്ല. പിന്നെ നാം എന്താണ് ചെയ്യേണ്ടത്? മുഹമ്മദ് നബി ﷺ യുടെ ജീവിതരീതി സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും അദ്ദേഹത്തിന്റെ ജീവിതസന്ദേശം സത്യസന്ധമായി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക. അതാണ് ആക്ഷേപകര്‍ക്കുള്ള സുന്ദരമായ മറുപടി. ഇത് നമ്മുടെ ബാധ്യതയാണ്.  ഈ ബാധ്യത നാം നന്നായി നിര്‍വഹിക്കുന്നുണ്ടോ?  

നബി ﷺ യോടുള്ള സ്‌നേഹം എന്നു പറഞ്ഞാല്‍ കേവലം മദ്ഹ് (പ്രശംസ) പറയലായിട്ടാണ് ഇന്ന് പലരും വിചാരിച്ചിരിക്കുന്നത്. നബി ﷺ യുടെ മഹത്ത്വങ്ങളും ശ്രേഷ്ഠതകളും പ്രത്യേകതകളുമെല്ലാം ക്വുര്‍ആനിലും ഹദീഥുകളിലും ധാരാളം നമുക്ക് കാണാവുന്നതാണ്. അത് പഠിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യണം. അതോടൊപ്പം പ്രവാചകന്‍ ﷺ കാണിച്ചുതന്ന മാര്‍ഗത്തില്‍ ജീവിക്കുവാന്‍ തയ്യാറാവുകയും വേണം. അതാണ് യഥാര്‍ഥ പ്രവാചക സ്‌നേഹം. (തുടരും)