നബി ﷺ യുടെ പേരിലുള്ള കള്ളക്കഥകള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജൂൺ 12 1442 ദുല്‍ക്വഅ്ദ 01

(മുഹമ്മദ് നബി ﷺ 24)

ഇഹലോകവാസം വെടിഞ്ഞ മുഹമ്മദ് നബി ﷺ ഉയിര്‍ത്തഴുന്നേല്‍പിന്റെ നാളിന് മുമ്പായി ക്വബ്‌റില്‍നിന്ന് പുറത്തേക്ക് വരുമോ? ഒരിക്കലുമില്ല! ഉണര്‍ച്ചയില്‍ ഒരാള്‍ക്കുംതന്നെ വഫാത്തായ നബി ﷺ യെ കാണാന്‍ സാധ്യമല്ല. ആഇശ(റ)യുടെ വീട്ടിലായിരിക്കെയാണല്ലോ നബി ﷺ മരണപ്പെടുന്നത്. പ്രവാചകന്മാര്‍ എവിടെവെച്ചാണോ മരണപ്പെടുന്നത് അവിടെയാണ് അവരെ ക്വബ്‌റടക്കുക. നബി ﷺ യുടെ ക്വബ്ര്‍ ആഇശ(റ)യുടെ ഹുജ്‌റയിലാണ് ഉള്ളത്. ആ ഹുജ്‌റ ഇന്ന് മദീനത്തെ പള്ളിയുടെ അകത്താണ് സ്ഥിതി ചെയ്യുന്നത്. അത് എങ്ങനെ സംഭവിച്ചു എന്നത് വിശദമായി നാം പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ അതിനെപ്പറ്റി വിവരിക്കുന്നില്ല. ഇന്ന് നബി ﷺ യുടെ ക്വബ്ര്‍ ഉണര്‍ച്ചയില്‍ ഒരാള്‍ക്കും കാണാന്‍ സാധിക്കാത്തവിധം ഭദ്രമായ മതില്‍ക്കെട്ടുകള്‍ക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്.

നബി ﷺ യുടെ വഫാത്തിന് ശേഷം ആഇശ(റ), നബി ﷺ യുടെ ക്വബ്‌റിന് ഇപ്പുറത്ത് ഒരു വിരി സ്ഥാപിച്ചു. വിരിക്ക് അപ്പുറത്ത് നബി ﷺ യുടെ ക്വബ്‌റും ഇപ്പുറത്ത് ആഇശ(റ)യുടെ താമസസ്ഥലവുമായി. അങ്ങനെ നാല്‍പതോളം കൊല്ലം ആഇശ(റ) അവിടെ താമസിക്കുകയുണ്ടായി. ഈ കാലത്തിനിടക്ക് ഒരിക്കല്‍ പോലും പുന്നാര ഹബീബിനെ ഒരിക്കല്‍ പോലും അവര്‍ കണ്ടില്ല. ആഇശ(റ)ക്ക് അല്ലാഹുവിനെ ശരിക്ക് അറിയാത്തതിനാലാണോ ഉണര്‍ച്ചയില്‍ നബി ﷺ യെ കാണാന്‍ കഴിയാതിരുന്നത്?

നബി ﷺ യുടെ മരണശേഷം മകള്‍ ഫാത്വിമ(റ) ആറുമാസക്കാലം ജീവിക്കുകയുണ്ടായി. നബി ﷺ യെ അവരും ഉണര്‍ച്ചയില്‍ കണ്ടിട്ടില്ല. നബി ﷺ യെ ജീവനെക്കാളെറെ സ്‌നേഹിച്ച ആയിരങ്ങള്‍ മദീനയിലും പരിസരങ്ങളിലും ഉണ്ടായിരുന്നുവല്ലോ. ആരെയും ഒരിക്കല്‍ പോലും ഒന്ന് കാണാന്‍ അവിടുന്ന് ക്വബ്‌റില്‍നിന്ന് പുറത്തേക്ക് വന്ന ഒരു സംഭവം എവിടെയും നമുക്ക് കാണുക സാധ്യമല്ല.

നബി ﷺ യുടെ വിയോഗാനന്തരം സ്വഹാബിമാര്‍ക്കിടയില്‍ ആരായിരിക്കണം ഖലീഫ എന്ന വിഷയത്തില്‍ തര്‍ക്കമുണ്ടായി. ചൂടുപിടിച്ച തര്‍ക്കങ്ങളും വാഗ്വാദങ്ങളും മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ ഉണ്ടായി. അത് പരിഹരിക്കാന്‍ നബി ﷺ ജീവനോടെ വന്നോ? അങ്ങനെ വരാനും കാണാനും സംസാരിക്കാനും കഴിയുമായിരുന്നെങ്കില്‍ സ്വഹാബിമാര്‍ നബി ﷺ യെ പ്രശ്‌നപരിഹാരത്തിനായി വിളിക്കുമായിരുന്നില്ലേ? അവര്‍ വിളിച്ചില്ല. നബി ﷺ അന്ത്യനാള്‍വരെ ക്വബ്‌റില്‍നിന്ന് പുറത്തേക്ക് വരില്ലെന്നും ആരോടും സംസാരിക്കില്ലെന്നും മനസ്സിലാക്കിയവരായിരുന്നു അവരെല്ലാം.

നബി ﷺ യുടെ വഫാത്തിന് ശേഷം അബൂബക്ര്‍(റ)വിനും ഫാത്വിമ(റ)ക്കും ഇടയില്‍ അനന്തരാവകാശ സംബന്ധമായ വിഷയത്തില്‍ ഒരു അഭിപ്രായവ്യത്യാസം ഉണ്ടായി. ക്വബ്‌റില്‍ കിടക്കുന്ന പിതാവ് പുറത്തുവന്ന് 'മോളേ, നീ മനസ്സിലാക്കിയത് ശരിയല്ല' എന്ന് പറഞ്ഞുകൊടുത്തോ? ഇല്ല! അബൂബക്ര്‍(റ) ആണ് ഫാത്വിമ(റ)ക്ക് അതിനെക്കുറിച്ച് പറഞ്ഞുകൊടുത്തത്. പ്രവാചകന്മാര്‍ വിട്ടേച്ചുപോകുന്ന സ്വത്ത് അനന്തരമെടുക്കപ്പെടുന്നതല്ലെന്നും അത് സ്വദക്വയായി ഉപേക്ഷിക്കുകയാണ് പതിവെന്നും അബൂബക്ര്‍(റ) പറഞ്ഞപ്പോഴാണ് ഫാത്വിമ(റ)യുടെ സംശയം നീങ്ങിയത്.

ജമല്‍ യുദ്ധത്തില്‍ ത്വല്‍ഹ(റ), സുബൈര്‍(റ), ആഇശ(റ) തുടങ്ങിയവര്‍ ഒരു വശത്തും അലി(റ) മറുവശത്തും ആയിരുന്നു. അന്ന് അവര്‍ക്കിടയിലെ പ്രശ്‌നത്തിന് മധ്യസ്ഥനായി നബി ﷺ ക്വബ്‌റില്‍നിന്ന് പുറത്ത് വന്നില്ലല്ലോ. അലി(റ)യും മുആവിയ(റ)വും തമ്മില്‍ സ്വിഫ്ഫീന്‍ യുദ്ധം ഉണ്ടായി. അന്നും നബി ﷺ ക്വബ്‌റില്‍നിന്ന് പുറത്ത് വന്നില്ല. അലി(റ)യും ഖവാരിജുകളും തമ്മിലും രൂക്ഷമായ പോരാട്ടം നടന്നിട്ടുണ്ട്. അന്ന് ഖവാരിജുകളുടെ പിഴച്ച വാദങ്ങള്‍ തെറ്റാണെന്ന് പറയാന്‍ നബി ﷺ ക്വബ്‌റില്‍ നിന്ന് പുറത്ത് വന്നിട്ടില്ല. ഇങ്ങനെയുള്ള ഒരു സന്ദിഗ്ധ ഘട്ടത്തിലും നബി ﷺ ക്വബ്‌റില്‍നിന്ന് പുറത്ത് വരികയോ നബി ﷺ യോട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് സ്വഹാബികള്‍ ആരെങ്കിലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

ഉമര്‍(റ) പല സന്ദര്‍ഭങ്ങളിലും നബി ﷺ നമ്മോട് വേര്‍പിരിഞ്ഞിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹത്തോട് ചോദിച്ച് എന്റെ സംശയങ്ങള്‍ക്ക് നിവാരണംവരുത്താമായിരുന്നു എന്ന് കൊതിച്ചിരുന്നു എന്ന ആശയത്തില്‍ ബുഖാരിയിലും മുസ്‌ലിമിലുമെല്ലാം ചില റിപ്പോര്‍ട്ടുകള്‍ നമുക്ക് കാണാവുന്നതാണ്. ഉമര്‍(റ)വിന്റെ സംശങ്ങള്‍ ദൂരീകരിച്ചുകൊടുക്കുന്നതിനായി ഒരിക്കല്‍ പോലും നബി ﷺ ക്വബ്‌റില്‍നിന്ന് പുറത്ത് വന്നിട്ടില്ല.

അല്ലാഹുവിന്റെ റസൂല്‍ ﷺ ഈ ലോകത്തുനിന്ന് വിട്ടുപിരിഞ്ഞിട്ടുണ്ട്. അവിടുന്ന് ഇപ്പോള്‍ അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹത്താല്‍ സുഖത്തോടെ അത്യുന്നതമായ പദവിയില്‍ ബര്‍സഖില്‍ കഴിഞ്ഞുകൂടുകയാണ്. അവിടുത്തെ ശരീരം ഇന്ന് നമുക്ക് ഉണര്‍ച്ചയില്‍ കാണാന്‍ യാതൊരു നിര്‍വാഹവുമില്ല. ചില വിവരമില്ലാത്ത സ്വൂഫികള്‍ പറയുന്ന കാഴ്ചയുടെ കഥകളെല്ലാം അല്ലാഹുവിന്റെ റസൂലിന്റെ പേരിലുള്ള കള്ളമാണ്. അത് വിശ്വസിക്കുവാനോ അതിനെ സത്യപ്പെടുത്തുവാനോ ഒരു വിശ്വാസിക്ക് പാടില്ല തന്നെ. നബി ﷺ യുടെ പേരില്‍ കള്ളം പറയുന്നതിന്റെ ഗൗരവം എത്ര വലുതാണെന്ന് മനസ്സിലാക്കാന്‍ രണ്ട് നബിവചനം ഇവിടെ കൊടുക്കുകയാണ്:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ആരെങ്കിലും എന്റെ പേരില്‍ മനഃപൂര്‍വം കളവുപറഞ്ഞാല്‍ അവന്‍ നരകത്തില്‍നിന്ന് അവന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ'' (മുസ്‌ലിം).

മുഗീറ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: എന്റെ മേലില്‍ (പറയുന്ന) കളവ് നിങ്ങളില്‍ ഒരാളുടെ മേലില്‍ (പറയുന്ന) കളവ് പോലെയല്ല. (അതിനാല്‍) ആരെങ്കിലും എന്റെ പേരില്‍ മനഃപൂര്‍വം കളവുപറഞ്ഞാല്‍ അവന്‍ നരകത്തില്‍നിന്ന് അവന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ.'' (ബുഖാരി).

ആരും തന്റെ പേരില്‍ പറയുന്ന കളവ് ഇഷ്ടപ്പെടുകയില്ല. എല്ലാവരും അതിനെ വെറുപ്പോടെയും ദേഷ്യത്തോടെയുമാണ് കാണുക. എന്നാല്‍ കളവ് പറയുന്നത് നബി ﷺ യുടെ പേരിലാകുമ്പോള്‍ അതിന്റെ ഗൗരവം വര്‍ധിക്കുന്നു. അവര്‍ക്ക് നരകം ഉറപ്പാണ്.

നബി ﷺ പറയാത്ത ഒരു കാര്യം അദ്ദേഹത്തിന്റെ പേരില്‍ പറയാന്‍ പാടില്ല. നബി ﷺ ചെയ്യാത്ത ഒരു കാര്യം അദ്ദേഹം ചെയ്തു എന്ന് പറയാന്‍ പാടില്ല. നബി ﷺ മൗനാനുവാദം നല്‍കിയിട്ടില്ലാത്ത ഒരു കാര്യത്തെ പറ്റി, ഇത് നബി ﷺ അനുവദിച്ചതാണെന്ന് പറയാന്‍ പാടില്ല. നബി ﷺ യുടെതല്ലാത്ത അവശിഷ്ടങ്ങളെ നബി ﷺ യുടെ അവശിഷ്ടമാണെന്ന് പറയാന്‍ പാടില്ല. എല്ലാം ഏറെ ഗൗരവമുള്ള കാര്യമാണ്. നല്ല ഉദ്ദേശ്യങ്ങള്‍ക്കായി നബിയുടെ പേരില്‍ ഹദീഥുകള്‍ നിര്‍മിക്കാം എന്ന് വാദിക്കുന്ന ചില കക്ഷികളുമുണ്ട്.

നമ്മുടെ നാട്ടിലെ മുസ്‌ല്യാക്കന്മാര്‍ എന്തെല്ലാമാണ് നബി ﷺ യുടെ പേരില്‍ പറയുന്നത്?! മദീനയില്‍ പോയപ്പോള്‍ ഉസ്താദിന്റെ അടുത്തേക്ക് നബി ﷺ ക്വബ്‌റില്‍നിന്ന് പുറത്ത് വന്നെന്നും, മര്‍കസിന് തറക്കല്ലിടാന്‍ ചെല്ലാന്‍ പറഞ്ഞു എന്നുമെല്ലാം തട്ടിവിടുന്നവര്‍ മുകളില്‍ കൊടുത്തിട്ടുള്ള ഹദീഥുകള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത്തരത്തിലുള്ള ആളുകള്‍ നബി ﷺ യുടെ പേരില്‍ കളവ് പ്രചരിപ്പിക്കുമ്പോള്‍ അതിനെതിരെ പ്രമാണങ്ങള്‍ ഉദ്ധരിച്ച് പോരാടാന്‍ വിശ്വാസികള്‍ കടമപ്പെട്ടവരാണ്.

നബി ﷺ യുടെ പേരില്‍ പറഞ്ഞ എത്ര കളവുകളാണ് ശഅ്‌റാനിയുടെ സംസാരത്തില്‍നിന്ന് നാം വായിച്ചത്. ഇത്തരം എന്തെല്ലാം കളവുകളാണ് നബി ﷺ യുടെ പേരില്‍ കെട്ടിച്ചമച്ചിരിക്കുന്നത്! നമ്മുടെ നാടുകളിലെ സമസ്തക്കാര്‍ ഭക്തിയാദരവോടെ ചൊല്ലുന്ന രിഫാഈ മൗലിദില്‍ പറയുന്നത് നോക്കൂ. രിഫാഈ ശൈഖിന്റെ പേരില്‍ കോഴിയെ ഉഴിഞ്ഞിട്ട് ചൊല്ലുന്ന മൗലിദില്‍ പറയുന്ന സംഗതികളാണ് ഇനി പറയുന്നത്:

''ഹജ്ജിന് പോയ സന്ദര്‍ഭത്തില്‍ അദ്ദേഹം മദീനയില്‍ പോയി. ശ്രേഷ്ഠമായ ആ ഹുജ്‌റയുടെ നേരെ അദ്ദേഹം (രിഫാഈ ശൈഖ്) നിന്നു. എന്നിട്ട് അദ്ദേഹം (ഇപ്രകാരം) പാടി: 'എല്ലാ കൊല്ലവും എന്റെ റൂഹിനെയാണ് ഞാന്‍ അയക്കാറുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഞാന്‍ എന്റെ ശരീരത്തോടെയാണ് വന്നിരിക്കുന്നത്. അതിനാല്‍ എന്റെ ചുണ്ടുകള്‍കൊണ്ടൊന്ന് ചുംബിക്കാന്‍ വേണ്ടി അങ്ങയുടെ ഇരുകൈകളും ഒന്ന് നീട്ടിയാലും.' അപ്പോള്‍ ക്വബ്‌റില്‍നിന്ന് നബി ﷺ തന്റെ വലതുകൈ (രിഫാഈ ശൈഖ്) ചുംബിക്കുമാറ് പുറത്തേക്കിട്ടു. ജനങ്ങള്‍ അത് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു!''

വേറെ ചിലതിലുള്ളത് രിഫാഈ ശൈഖിന്റെ അടുത്തേക്ക് നബി ﷺ ക്വബ്‌റില്‍നിന്നും എഴുന്നേറ്റ് വന്ന് 'മോനേ അഹ്മദേ' എന്നു വിളിച്ച് കെട്ടിപ്പിടിച്ച് ക്വബ്‌റിലേക്ക് തന്നെ തിരിച്ചുപോയി എന്നാണുള്ളത്! ഇതെല്ലാം നബി ﷺ യുടെ പേരില്‍ പറയുന്ന കള്ളക്കഥകളാണ്. ശൈഖ് അഹ്മദുല്‍ കബീറുല്‍ രിഫാഇക്ക് സ്വഹാബത്തിനെക്കാളും വലിയ സ്ഥാനമാണോ നബി ﷺ യുടെ അടുക്കല്‍? പച്ചക്കള്ളമാണ് ഇതെന്ന് ചിന്തിക്കുന്ന ആര്‍ക്കും ബോധ്യമാകും.

നബി ﷺ യുടെ ജീവിതകാലത്ത് നബിയോട് സലാം പറയുന്നവര്‍ക്ക് ചുംബിക്കാനായി കൈകൊടുക്കല്‍ അവിടുത്തെ പതിവല്ലായിരുന്നു. പിന്നെ എങ്ങനെ തന്റെ പ്രിയപ്പെട്ട അനുചരന്മാര്‍ക്ക് നീട്ടിക്കൊടുക്കാത്ത കൈ പില്‍ക്കാലത്ത് വന്ന ഒരാള്‍ക്ക് അവിടുന്ന് നീട്ടിക്കൊടുക്കും?

രിഫാഇയുടെ ചരിത്രം പലരും രേഖപ്പെടുത്തിയിട്ടുണ്ട്. താജുദ്ദീനുസ്സുബ്കി പോലും രിഫാഇയുടെ ചരിത്രം പറയുന്ന കൂട്ടത്തില്‍ ഇപ്രകാരം ഒരു സംഭവം പറയുന്നില്ല. അഥവാ, ഇത് ആരോ കെട്ടിയുണ്ടാക്കിയ ഒരു കെട്ടുകഥ മാത്രമാകുന്നു. രിഫാഇയുടെ പേരില്‍ വേറെയും കള്ളക്കഥകള്‍ ഉണ്ട്. അദ്ദേഹം നബി ﷺ യോട് പാട്ടിലൂടെ കാര്യം പറയുമ്പോള്‍ പാട്ടിലൂടെത്തന്നെ നബി ﷺ മറുപടി നല്‍കിയെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇതെല്ലാം ഇസ്‌ലാമിക പ്രമാണവിരുദ്ധമായ ആശയങ്ങളാണ്.

നബി ﷺ യുടെ പേരിലുള്ള കളവ് ഇവിടെയൊന്നും അവസാനിക്കുന്നില്ല!

''തീര്‍ച്ചയായും നബി ﷺ അവിടുത്തെ ശരീരത്തോടെയും ആത്മാവോടുകൂടെയും ഭൂമിയിലെ ഏത് കോണിലും അവിടുത്തെ വഫാതിന് മുമ്പ് ഉണ്ടായിരുന്ന അതേരൂപത്തില്‍ ഉദ്ദേശിക്കുന്നിടത്ത് ഹാജരാകും.''

എന്തെല്ലാം കാര്യങ്ങളാണ് ഇതിലൂടെ തട്ടിവിടുന്നത്! നബി ﷺ ക്ക് മരണശേഷം ഏത് സ്ഥലത്തും ഏത് മജ്‌ലിസിലും ഉദ്ദേശിക്കുന്ന രൂപത്തില്‍ ഹാജരാകാന്‍ കഴിയുമെന്ന് പറയുന്നത് ഇസ്‌ലാമിക പ്രമാണങ്ങളിലുള്ള വിവരമില്ലായ്മ തന്നെയാണ്. സ്വഹാബിമാര്‍ക്കും സലഫുസ്സ്വാലിഹുകള്‍ക്കും പരിചയമില്ലാത്ത ഇത്തരം വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് എങ്ങനെ അവരുടെ പിന്‍ഗാമികളായി അഭിമാനിക്കാന്‍ കഴിയും?

'ഔദാര്യത്തിന്റെ ആരാമം' എന്ന ഒരു പുസ്തകത്തില്‍ ഇപ്രകാരം കാണാം: ''അല്ലാഹുവിന്റെ റസൂല്‍ ﷺ ഓരോ മുസല്‍മാന്റെയും കൂടെത്തന്നെയുണ്ട്. തങ്ങള്‍ എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി കാണുകയും അറിയുകയും ചെയ്തുകൊണ്ടിരിക്കുന്നു...

നബി ﷺ തങ്ങള്‍ ഈ ഉമ്മത്തിന് സാക്ഷിയാവുകയും നാമെല്ലാവരും ഉമ്മത്തികളുമാണെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഇടയിലും പുന്നാര നബി ﷺ തങ്ങള്‍ ഉണ്ടാവണം...

സുന്നത്തു ജമാഅത്തിന്റെ വിശ്വാസപ്രകാരം ബഹുമാനപ്പെട്ട നബി ﷺ തങ്ങള്‍ എല്ലാവരുടെയും സമീപത്തുതന്നെയുണ്ട്. അത് നബി ﷺ തങ്ങള്‍ പല ഹദീസുകളിലും വ്യക്തമാക്കിയതുമാണ്.''

നബി ﷺ യെ പറ്റി എത്ര അപകടം പിടിച്ച കാര്യങ്ങളാണ് ഈ വരികളിലൂടെ പഠിപ്പിക്കുന്നത്! ക്വുര്‍ആനില്‍ നബി ﷺ ഉമ്മത്തിന് സാക്ഷിയാണ് എന്ന് പറയുന്ന ആയത്തിനെ ഈ വികല വിശ്വാസത്തിന് ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു.

സ്വൂഫി ശൈഖുമാരുടെ കോലത്തില്‍ നബി ﷺ വരുമെന്നും പ്രചരിപ്പിക്കുന്നത് കാണാം. അതുപോലെ നബി ﷺ നേരിട്ടുവന്ന് പഠിപ്പിച്ച ദിക്‌റുകളും സ്വലാത്തുകളുമൊക്കെ ജനങ്ങള്‍ക്കിടയില്‍ ചിലര്‍ പരിചയപ്പെടുത്താറുണ്ട്. 'സ്വലാത്തു ജൗഹറത്തുല്‍ കമാല്‍' എന്ന സ്വലാത്ത് നബി ﷺ വന്ന് പഠിപ്പിച്ചതാണ് പോലും! ഈ സ്വലാത്ത് സമൂഹത്തില്‍ പ്രചരിപ്പിച്ച വ്യക്തി അവകാശപ്പെടുന്നത് ഇങ്ങനെയാണ്:

''എന്നാല്‍ ജൗഹറത്തുല്‍ കമാല്‍, അത് അല്ലാഹുവിന്റെ റസൂല്‍ ﷺ നമ്മുടെ ശൈഖിന് ഉണര്‍ച്ചയില്‍ തന്നെ -ഉറക്കത്തിലല്ല-പകര്‍ന്നതാകുന്നു. അതിന്റെ ശ്രേഷ്ഠതയെ ശൈഖ് പറഞ്ഞുതന്നിട്ടുണ്ട്. അത് ഒരു തവണ (ചൊല്ലുന്നത്) ലോകം (ലോകത്തുള്ളവര്‍) മൂന്ന് തവണ ശുദ്ധിയോടെ തസ്ബീഹ് ചൊല്ലുന്നതിന് തുല്യമാണ്. അതിനെ ആരെങ്കിലും ഓരോ ദിവസവും ഏഴ് തവണ ചൊല്ലിയാല്‍ നബി ﷺ അവനെ ഇഷ്ടപ്പെടുകയും നബി ﷺ യും നാല് ഖലീഫഃമാരും അത് ഏഴ് തവണ ചൊല്ലുന്നവന്റെ അടുക്കല്‍ സന്നിഹിതനാകുന്നതാണെന്നും, ആ ദിക്‌റില്‍നിന്ന് ഒഴിവാകുന്നതുവരെ അവര്‍ അവനെ വേര്‍പെടുകയുമില്ല.''

ശൈഖ് ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ നബി ﷺ ശൈഖിനെ സമീപിക്കുകയും എന്നിട്ട് ഈ സ്വലാത്ത് പഠിപ്പിക്കുകയും ചെയ്തു എന്നും, ഈ സ്വലാത്ത് ആരെങ്കിലും ഒരു തവണ ചൊല്ലുന്നത് ലോകത്തുള്ളവര്‍ എല്ലാവരും അംഗശുദ്ധിയോടെ മൂന്ന് തവണ അല്ലാഹുവിനെ തസ്ബീഹ് നടത്തുന്നതിന് തുല്യമാണെന്നും, എല്ലാ ദിവസവും ഏഴ് പ്രാവശ്യം ചൊല്ലുന്നവനെ നബി ﷺ ഇഷ്ടപ്പെടുമെന്നും, ഈ ദിക്‌റ് ചൊല്ലുന്നവന്റെ അടുക്കല്‍ അത് ചൊല്ലിത്തീരുന്നത് വരെ നബി ﷺ യും നാല് ഖലീഫമാരും ഉണ്ടാകുകയും ചെയ്യുമെന്നാണ് പറയുന്നത്. ഒരേസമയത്ത് വിവിധ സ്ഥലങ്ങളില്‍ ഉള്ളവര്‍ ഇത് ചൊല്ലിയാല്‍ റസൂല്‍ ﷺ എങ്ങനെ എല്ലാവരുടെയും അടുത്ത് സന്നിഹിതരാകും? ഇങ്ങനെയൊന്നും ചോദിക്കരുത്! നബി ﷺ ജീവിച്ചിരിക്കുന്ന കാലത്ത് പഠിപ്പിക്കാത്ത ഇത്തരം ദിക്‌റുകളും സ്വലാത്തുകളുമെല്ലാം പില്‍ക്കാലത്ത് കെട്ടിയുണ്ടാക്കുകയും അത് നബിയുടെ പേരില്‍ ചാര്‍ത്തുകയും ചെയ്ത് സമൂഹത്തിന്റെ ഈമാന്‍ നഷ്ടപ്പെടുത്തി, അവരെ വഴികേടിലാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ സ്വലാത്തിന് ഇവരുടെയടുത്ത് ഇനിയും പോരിശകളുണ്ട്.

''ആരെങ്കിലും ഇത് പത്ത് തവണ പാരായണം ചെയ്യുകയും അല്ലാഹുവിന്റെ റസൂലേ ഇത് അങ്ങേക്ക് എന്നില്‍നിന്നുള്ള ഹദ്‌യയാണെന്ന് പറയുകയും ചെയ്താല്‍, അവന്‍ നബി ﷺ യെയും ഔലിയാഇനെയും ആദ്യം മുതലുള്ള ഈ സമയംവരെയുള്ള സ്വാലിഹുകളെയും സിയാറത്ത് ചെയ്തവനെ പോലെയാകുന്നു.''

''ആര്‍ക്കെങ്കിലും വല്ല ബുദ്ധിമുട്ടോ ക്ലേശമോ ഇറങ്ങുകയും (എന്നിട്ട്) അവന്‍ ഇത് അറുപത്തി അഞ്ച് തവണ പാരായണം ചെയ്യുകയും ചെയ്താല്‍ ആ സമയത്ത് അല്ലാഹു അവന് ഒരു വിടവ് നല്‍കുകയും, അല്ലാഹു അവനെ ശ്രേഷ്ഠനാക്കുകയും, (അവന്) വിശാലത നല്‍കുകയും ചെയ്യുന്നതാകുന്നു. അല്ലാഹു ഉദ്ദേശിക്കുന്നെവരെ അവന്‍ പ്രത്യേകമാക്കുന്നു. അല്ലാഹുവാകുന്നു മഹത്തായ ഔദാര്യമുള്ളവന്‍.''

അതുപോലെ 'ദുആഉസ്സയ്ഫിയ,' 'ദുആഅ് യാ മന്‍ അള്ഹറല്‍ ജമീല്‍' തുടങ്ങിയ നിര്‍മിത ദിക്‌റുകളും കാണാം. ഇതെല്ലാം റസൂലി ﷺ നോ സ്വഹാബിമാര്‍ക്കോ പരിചയമില്ലാത്തതാണ്. ഇതിനെപ്പറ്റിയുള്ള അവകാശവാദം ഇങ്ങനെയാണ്:

''എല്ലാവരുടെയും നേതാവായവരില്‍നിന്ന് നമ്മുടെ നേതാവ് (സ്വൂഫി ശൈഖ്) എേന്നാട് പറഞ്ഞത് പ്രകാരം ഇതില്‍നിന്ന് ഒരു തവണ ഇത് (ചൊല്ലുന്നത്) റമദാനിലെ നോമ്പിനും ലൈലതുല്‍ ക്വദ്‌റിലെ രാത്രി നിസ്‌കാരത്തിനും ഒരു കൊല്ലത്തെ ആരാധനകള്‍ക്കും തുല്യമാണ്.''

''ദുആഉസ്സയ്ഫിലെ മഹത്തായ ദുആയാണ് യാ മന്‍ അള്ഹറ... അത് ജിബ്‌രീലില്‍നിന്ന് നബി ﷺ ക്ക് ഹ്ദയയായി ലഭിച്ചതാകുന്നു. ജിബ്‌രീല്‍ നബി ﷺ നെ അറിയിച്ചു: ഏഴ് ആകാശങ്ങളിലെ മലക്കുകള്‍ അതിനെ വിശേഷിപ്പിക്കാനായി ഒരുമിച്ചു കൂടുകയാണെങ്കില്‍ ക്വിയാമത്ത്‌നാള്‍ വരെ അതിനെ വിശേഷിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല'' (അത്രയും പോരിശയാക്കപ്പെട്ടതാണെന്ന് അര്‍ഥം).

അടക്കപ്പെട്ടതെല്ലാം തുറക്കുന്ന ഒരു സ്വലാത്ത് ഉണ്ട്. 'സ്വലാത്തുല്‍ ഫാതിഹ് ലിമാ ഉഅ്‌ലിക്വ' എന്നാണ് അതിന്റെ പേര്. എന്താണ് അതിന്റെ പ്രത്യേകത? ഒരു ലക്ഷം സമുദായങ്ങള്‍ ഉണ്ടെന്ന് വിചാരിക്കുക. ഓരോ സമുദായത്തിനും ഒരോ ലക്ഷം വീതം ഗോത്രങ്ങളും. അപ്പോള്‍ എത്രയായി? ഓരോ ഗോത്രത്തിലും ഒരു ലക്ഷം പുരുഷന്മാര്‍. ഓരോരുത്തരെയും ഓരോ കൊല്ലം ജീവിപ്പിച്ചു എന്ന് സങ്കല്‍പിക്കുക. എന്നിട്ട് ഓരോരുത്തരും എല്ലാ ദിവസവും ഈ സ്വലാത്ത് അല്ലാത്ത ഒരു സ്വലാത്ത് ആയിരം തവണ ചൊല്ലിയാലും ഈ സ്വലാത്ത് ഒരു തവണ ചൊല്ലുന്ന പ്രതിഫലം ലഭിക്കില്ല. ഹോ, എന്തൊരു പോരിശ! അല്ലാഹുവിന്റെ റസൂല്‍ ﷺ സ്വഹാബത്തിന് പകര്‍ന്ന് നല്‍കിയ ദീനില്‍ ഇങ്ങനെയൊരു സ്വലാത്ത് ഇല്ല.

ഇനിയും എത്രയോ നിര്‍മിതങ്ങളായ ദിക്‌റുകളും സ്വലാത്തുകളും അവയുടെ പോരിശകളും പറയുന്ന ഭാഗങ്ങള്‍ പിഴച്ച കക്ഷികളുടെ കിതാബുകളില്‍ നിന്ന് ഉദ്ധരിക്കാന്‍ കഴിയും. തല്‍ക്കാലം ഇത്രയും കൊണ്ട് അവസാനിപ്പിക്കാം.

ഇതൊക്കെ അവകാശപ്പെടുന്ന ഈ പിഴച്ച കക്ഷികള്‍ (തീജാനികള്‍) അല്ലാഹുവിന്റെ റസൂല്‍ ﷺ തന്നില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്ന രിസാലത്തില്‍ വഞ്ചന കാണിച്ചുവെന്ന് സമ്മതിക്കേണ്ടി വരും. കാരണം, ഇതൊന്നും നബി ﷺ സ്വഹാബികള്‍ക്ക് പഠിപ്പിച്ചിട്ടില്ലല്ലോ. അന്ന് പഠിപ്പിക്കാതെ മരണപ്പെട്ടതിന് ശേഷം ചില ശൈഖുമാരുടെ മുന്നില്‍ വന്ന് പഠിപ്പിച്ചതാണെങ്കില്‍ സ്വഹാബിമാരോട് നബി ﷺ വഞ്ചനയല്ലേ ചെയ്തത്? ഈ പുണ്യം നബി ﷺ ക്കും സ്വഹാബത്തിനും ചെയ്യാന്‍ കഴിയാതെ പോകുകയും ചെയ്തില്ലേ? എന്നാല്‍ എന്താണ് വസ്തുത? അല്ലാഹുവിന്റെ റസൂല്‍ ﷺ തന്നില്‍ ഏല്‍പിക്കപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും മരണത്തിന് മുമ്പ് തന്നെ നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്നും, മരണ ശേഷം അവിടുന്ന് ആരെയും ഒന്നും പഠിപ്പിച്ചിട്ടില്ലെന്നും, മുകളില്‍ കണ്ട കള്ള ദിക്‌റുകും സ്വലാത്തുകളുമെല്ലാം ചില തല്‍പര കക്ഷികള്‍ ഉണ്ടാക്കിയെടുത്തതാണെന്നതുമാണ് വസ്തുത.

മക്കയിലെ മുശ്‌രിക്കുകള്‍ നബി ﷺ മനുഷ്യനായതില്‍ അതൃപ്തരായിരുന്നു. അതിനാല്‍ത്തന്നെ അവര്‍ നബി ﷺ യോട് നടത്തിയ പല വാഗ്വാദങ്ങളും ക്വുര്‍ആന്‍ വിവരിച്ചതും അതിന് അവര്‍ക്കുള്ള മറുപടി നല്‍കിയതും നാം മനസ്സിലാക്കുകയുണ്ടായല്ലോ. അഥവാ, അല്ലാഹു നബി ﷺ യിലൂടെ പഠിപ്പിക്കുന്ന ഇസ്‌ലാമികമായ കാര്യങ്ങള്‍ കണ്ണും കാതും ഹൃദയവും ഉള്ളവര്‍ക്ക് സ്വീകരിക്കാന്‍ സാധിക്കുന്ന വിധത്തിലായിരുന്നു. എന്നാല്‍ ഈ ശൈഖുമാരിലൂടെ നബി ﷺ പഠിപ്പിച്ചതെന്ന് അവര്‍ അവകാശപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ എങ്ങനെ മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കും? നബി ﷺ നേരത്തെ ഇപ്രകാരം ഞാന്‍ വരുമെന്ന് നമ്മെ അറിയിച്ചിരുന്നെങ്കില്‍ വിശ്വാസികള്‍ക്ക് അത് വിശ്വസിക്കുന്നത് പ്രയാസമല്ല. നബി ﷺ യുടെ ഈ വരവ് ശൈഖുമാര്‍ മാത്രമാണല്ലോ അറിയുന്നത്? അല്ലാത്തവരൊന്നും നബി ﷺ യെ കാണുന്നില്ല. അതില്‍നിന്ന് തന്നെ ഇതെല്ലാം കള്ളത്തരങ്ങളാണെന്ന് മനസ്സിലാക്കാം.