നബി ﷺ യുടെ ജനന സമയം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25

(മുഹമ്മദ് നബി ﷺ , ഭാഗം 3)

നബി ﷺ യുടെ ജനന സമയത്തെ പറ്റി പല കഥകളും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ നാടുകളില്‍ നബി ﷺ യെ പുകഴ്ത്തുകയാണെന്ന് പറഞ്ഞ് ഭക്തിയോടെ പാരായണം ചെയ്യുന്ന മങ്കൂസ് മൗലിദില്‍ ഇപ്രകാരം പറയുന്നത് കാണാം:

''സ്വഹീഹായ സനദോടുകൂടി ഉദ്ധരിക്കപ്പെട്ട ഹദീസില്‍ വന്നിട്ടുള്ളത് പോലെ അവിടുന്ന് പ്രസവിക്കപ്പെട്ടത് ചേലാകര്‍മം ചെയ്യപ്പെട്ടവനായും സുറുമയിടപ്പെട്ടവനായുമായിരുന്നു.''

മങ്കൂസ് മൗലിദില്‍ പറഞ്ഞ ഈ കാര്യം പല റിപ്പോര്‍ട്ടുകളിലും വന്നിട്ടുണ്ടെങ്കിലും അവയെല്ലാം അങ്ങേയറ്റത്തെ ന്യൂനതകളുള്ളതാണെന്ന് നമുക്ക് കാണാവുന്നതാണ്. വേറെ ചില ദുര്‍ബല റിപ്പോര്‍ട്ടുകളിലുള്ളത് ജീബ്‌രീല്‍(അ) ആയിരുന്നു നബിയുടെ ചേലാകര്‍മം ചെയ്തത് എന്നും കാണാം. അബ്ദുല്‍ മുത്ത്വലിബ് ഏഴാം നാളില്‍ ചേലാകര്‍മം ചെയ്തു എന്ന റിപ്പോര്‍ട്ടും അസ്വീകാര്യമായതാണ്. അതുപോലെ, അവിടുന്ന ജനിച്ചദിവസം ബഹുദൈവാരാധകരുടെ വിഗ്രഹങ്ങള്‍ തലകുത്തിവീണു എന്നും, സാവതടാകം വറ്റിയെന്നും, കിസ്‌റാ കൊട്ടാരം വിറകൊണ്ടെന്നും, അഗ്നി പൊലിഞ്ഞെന്നുമെല്ലാം പല റിപ്പോര്‍ട്ടുകളിലും വന്നിട്ടുണ്ട്. ഇവയെല്ലാം അസ്വീകാര്യമായ റിപ്പോര്‍ട്ടുകളായതിനാല്‍ വിശ്വസിക്കാവതല്ല.

ഈ പറഞ്ഞ കാര്യങ്ങളൊന്നും സത്യമല്ലെന്ന് പറയുന്നതുകൊണ്ട് അവിടുത്തെ മഹത്ത്വത്തിനോ സ്ഥാനത്തിനോ യാതൊരു കുറവും സംഭവിക്കുന്നില്ല. അതിനാല്‍ പ്രവാചകന്മാരെപ്പറ്റി ക്വുര്‍ആനിലും സ്വഹീഹായ ഹദീസുകളിലൂടെയും പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമേ നാം സ്വീകരിക്കാവൂ. ദുര്‍ബലമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട കാര്യങ്ങള്‍ വിശ്വാസ-കര്‍മ രംഗങ്ങള്‍ക്ക് പ്രമാണമല്ലല്ലോ.

അനാഥനായി ജനിക്കുന്നു

പിതാവിനെ ഒരു നോക്കുപോലും കാണാന്‍ അവസരം ലഭിക്കാതെ, തികച്ചും അനാഥനായിട്ടായിരുന്നു മുഹമ്മദ് നബി ﷺ യുടെ ജനനം. ഉമ്മ ആമിന കുഞ്ഞിനെ ഗര്‍ഭം ചുമന്ന കാലത്ത് പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ നിര്‍ദേശപ്രകാരം നബിയുടെ ഉപ്പ അബ്ദുല്ലാഹ് യഥ്‌രിബിലേക്ക് കച്ചവടാവശ്യത്തിന് പോകുകയും അവിടെനിന്നും മക്കയിലേക്ക് തിരിച്ചുപോരുമ്പോള്‍ തന്റെ അമ്മാവന്മാര്‍ക്കിടയില്‍ വെച്ച് മരണപ്പെടുകയാണ് ഉണ്ടായതെന്നും കാണാം. പിതാമഹന്റെ സംരക്ഷണത്തില്‍ അനാഥനായ ആ കുഞ്ഞ് വളര്‍ന്നു. ആറു വയസ്സ് മാത്രമുള്ള ബാലനായിരിക്കെ ഉമ്മ ആമിനഃയും മരണപ്പെട്ടു. അമ്മാവന്മാരെ സന്ദര്‍ശിച്ച് മടങ്ങവെ, മക്കയുടെയും യഥ്‌രിബിന്റെയും ഇടയിലെ അബവാഅ് എന്ന സ്ഥലത്തുവെച്ചാണ് അവര്‍ മരണപ്പെട്ടത്. ഉപ്പയും ഉമ്മയുമില്ലാതെ ബാല്യകാലം കഴിച്ചുകൂട്ടി. എട്ടു വയസ്സായപ്പോള്‍ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബും മരണപ്പെട്ടു.

ചില അത്ഭുതങ്ങള്‍

അനാഥനായി വളര്‍ന്നുവന്ന മുഹമ്മദ് നബി ﷺ യുടെ ചെറുപ്പ കാലത്ത് ചില അത്ഭുതങ്ങള്‍ നടന്നത് പ്രസിദ്ധമാണ്. പണ്ടു കാലങ്ങളില്‍ അറബികള്‍ കുട്ടി ജനിച്ചാല്‍, കുട്ടിക്ക് നല്ല ബുദ്ധി ശക്തിയും തന്റേടവുമൊക്കെ ഉണ്ടാകാന്‍ വേണ്ടി കുട്ടിയെ നാട്ടിലെ മുലയൂട്ടുന്ന സ്ത്രീകളെ ഏല്‍പിക്കല്‍ പതിവുണ്ടായിരുന്നു. നബി ﷺ ക്ക് മുലയൂട്ടിയ പ്രസിദ്ധരായ രണ്ട് ഉമ്മമാരായിരുന്നു ഥുവൈബത്തുല്‍ അസ്‌ലമിയ്യയും ഹലീമ അസ്സഅദിയ്യയും.

ഹലീമഃയുടെ അടുത്ത് നബി ﷺ  കഴിഞ്ഞിരുന്ന കാലം. അന്ന് ഒരു അത്ഭുതം സംഭവിക്കുകയുണ്ടായി. അത് നബി ﷺ യുടെ നാലാമത്തെ വയസ്സിലായിരുന്നു. സംഭവം ഇപ്രകാരമായിരുന്നു:

അനസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ''റസൂല്‍ ﷺ  കുട്ടികളുടെകൂടെ കളിച്ചുകൊണ്ടിരിക്കെ ജിബ്‌രീല്‍(അ) (നബി ﷺ യുടെ) അടുത്ത് ചെന്നു. എന്നിട്ട് കുട്ടിയെ പിടിച്ചു കിടത്തി. എന്നിട്ട് നെഞ്ചു പിളര്‍ത്തി. ശേഷം അതില്‍നിന്ന് ഒരു രക്തക്കട്ട എടുത്ത് പുറത്തിട്ടു. എന്നിട്ട് (ജിബ്‌രീല്‍) പറഞ്ഞു: 'ഇത് താങ്കളിലുള്ള പിശാചിന്റെ വിഹിതമാകുന്നു.' പിന്നീട് സ്വര്‍ണത്തളികയില്‍ നിറച്ച സംസം വെള്ളം കൊണ്ട് കുട്ടിയെ കഴുകി. പിന്നീട് ആ മുറിവ് കൂട്ടി. പിന്നീട് (ഓരോന്നും) അതത് സ്ഥാനത്തേക്ക് മടക്കി. കുട്ടികള്‍ (നബിയുടെ) ഉമ്മാന്റെ അടുത്തേക്ക് ഓടിവന്നു. എന്നിട്ട് അവര്‍ പറഞ്ഞു: 'തീര്‍ച്ചയായും മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു.' അങ്ങനെ അവര്‍ കുട്ടിയുടെ അടുത്തേക്ക് മുന്നിട്ടു. (അപ്പോള്‍ നബി ﷺ ) വിവര്‍ണനായിരുന്നു. അനസ്(റ) പറഞ്ഞു: 'നബി ﷺ  നെഞ്ചില്‍ ആ തുന്നലിന്റെ അടയാളം ഞാന്‍ കണ്ടിരുന്നു.''

അബൂത്വാലിബിന്റെ സംരക്ഷണം

പിതാമഹനായ അബ്ദുല്‍ മുത്ത്വലിബ് മരണപ്പെട്ടതിനുശേഷം പിതൃവ്യന്‍ അബൂത്വാലിബാണ് കുട്ടിയുടെ സംരക്ഷണം ഏറ്റടുത്തത്. അബൂത്വാലിബ് വലിയ സമ്പന്നനൊന്നും ആയിരുന്നില്ല. അറബികളുടെ ജീവിതമാര്‍ഗം പ്രധാനമായും അന്ന് കച്ചവടമായിരുന്നല്ലോ. അബൂത്വാലിബ് കുഞ്ഞിനെ ചെറുപ്പനാളില്‍ തന്നെ കച്ചവടത്തിനായി ശാമിലേക്ക് കൂടെകൂട്ടുമായിരുന്നു. കൂടാതെ, അബൂത്വാലിബിന് സഹായം എന്ന നിലയ്ക്ക് നബി ﷺ  മക്കക്കാര്‍ക്ക് കൂലിക്കായി ആടുകളെ മേച്ചിരുന്നു. അനാഥനായ കുട്ടിയായിരുന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ സ്വന്തം അധ്വാനത്താല്‍ ജീവിച്ചുപോന്നു എന്നതും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

ആടുമേയ്ച്ചതില്‍ വേറെയും യുക്തിയുണ്ടാകാം. ഒരു നബി വചനം കാണുക: അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: 'ആടിനെ മേയ്ക്കാത്തവനായി ഒരു നബിയെയും അല്ലാഹു അയച്ചിട്ടില്ല.' അപ്പോള്‍ സ്വഹാബിമാര്‍ നബി ﷺ യോട് ചോദിച്ചു: 'താങ്കളോ?' നബി ﷺ  പറഞ്ഞു: 'അതെ, ഞാന്‍ മക്കക്കാര്‍ക്ക് ആടുകളെ മേയ്ച്ച് ക്വീറാത്തുകള്‍ കൂലി വാങ്ങിച്ചിരുന്നു.'

ചെറുപ്പത്തില്‍തന്നെ ജോലി ചെയ്ത് മറ്റുള്ളവരെ സഹായിക്കാന്‍ ശീലിക്കുക എന്ന ഒരു ഗുണം ഇതിലൂടെ കരസ്ഥമാകുന്നുണ്ട്. സ്‌നേഹം, ക്ഷമ തുടങ്ങിയ പ്രബോധകനില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണങ്ങളും ഇതിലൂടെ ലഭിക്കാന്‍ നിമിത്തമാകുന്നുണ്ട്. അതിനാലാകാം എല്ലാ നബിമാരും ആടുകളെ മേയ്ച്ചത് എന്ന് മനസ്സിലാക്കാം. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍.

ചെറുപ്പം മുതല്‍തന്നെ ഈ സല്‍ഗുണങ്ങളെല്ലാം നബി ﷺ ക്ക് ഉണ്ടായിരുന്നു. ആദ്യമായി ദിവ്യസന്ദേശം (വഹ്‌യ്) ലഭിച്ചപ്പോള്‍ പേടിച്ച് ഭാര്യ ഖദീജഃ(റ)യുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ നല്‍കിയ ആശ്വാസവാക്കുകള്‍ അതിന് തെളിവാണ്. ഖദീജ(റ) പറഞ്ഞു:

''അല്ലാഹുവാണെ സത്യം! അല്ലാഹു ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല. കാരണം താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നു. (മറ്റുള്ളവരുടെ) പ്രയാസങ്ങള്‍ വഹിക്കുന്നു. അതിഥിയെ ആദരിക്കുന്നു. പ്രയാസപ്പെടുന്നവന് വേണ്ടതു നല്‍കി സഹായിക്കുന്നു...'

വിശുദ്ധമായ ജീവിതം

മനുഷ്യരില്‍ മുഹമ്മദ് നബി ﷺ യെ പോലുള്ള ഒരു മഹാന്‍ കഴിഞ്ഞുപോയിട്ടില്ല. ഇനി ഉണ്ടാകുന്നതുമല്ല. അത്ഭുതകരമായിരുന്നു മുഹമ്മദ് നബി ﷺ  കാണിച്ച ജീവിതവിശുദ്ധി.

പ്രവാചകനായി അല്ലാഹു തെരഞ്ഞടുക്കുന്നതിന് മുമ്പുതന്നെ അവിടുത്തെ ജീവിതം പരിശുദ്ധമായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കുട്ടിയായിരിക്കെ തന്നെ ജിബ്‌രീല്‍(അ) അവിടുത്തെ ശരീരത്തില്‍ നിന്ന് ഒരു രക്തക്കട്ട എടുത്ത് കളഞ്ഞത് നാം മനസ്സിലാക്കി. പിന്നീട് പൈശാചികമായ യാതൊരു സ്വഭാവവും പ്രവൃത്തിയും അവിടുത്തെ ജീവിതത്തെ സ്പര്‍ശിച്ചത് നമുക്ക് കാണാന്‍ കഴിയില്ല. മോശപ്പെട്ട എന്തെല്ലാം സ്വഭാവമുണ്ടോ, അതൊന്നും നബി ﷺ യെ സ്വാധീനിച്ചിരുന്നില്ല. ലോകത്തിന് മാതൃകയാകുംവിധം അല്ലാഹു ചെറുപ്പം മുതല്‍ തന്നെ വളര്‍ത്തി.

നബി ﷺ  വളര്‍ന്നത് ചരിത്രകാലത്തായിരുന്നു. അജ്ഞാനകാലം എന്ന് അറിയപ്പെടുന്ന ജാഹിലിയ്യാ കാലം. മലപോലെ തിന്മകള്‍ പൊങ്ങിനിന്നിരുന്ന കാലം. മദ്യപാനവും വ്യഭിചാരവും ചൂതാട്ടവും കൊലയും വ്യാപകമായിരുന്ന കാലം. ഈ കാലഘട്ടത്തിലാണ് അനാഥനായ മുഹമ്മദി ﷺ ന്റെ ശൈശവവും യൗവനവുമെല്ലാം കഴിഞ്ഞുപോയത്. അന്ധവിശ്വാസങ്ങളും അരാജകത്വങ്ങളും അവിടുത്തെ ബാധിച്ചില്ല. എല്ലാ തിന്മകളില്‍നിന്നും അവിടുന്ന് മാറിനിന്നു. അല്ലാഹുവിന്റെ പ്രത്യേകമായ കാവല്‍ ചെറുപ്പം മുതല്‍ തന്നെ അവിടുത്തേക്ക് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.

നബി ﷺ യുടെ സല്‍സ്വഭാവം അക്കാലത്ത് മക്കക്കാര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടതായിരുന്നു. സത്യസന്ധത, വിശ്വസ്തത, കരാര്‍പാലനം തുടങ്ങിയ സദ്ഗുണങ്ങള്‍ അവിടുത്തെ ജീവിതത്തെ അറബികളില്‍നിന്ന് വ്യതിരിക്തമാക്കി. സര്‍വ ദുഃസ്വഭാവങ്ങളില്‍നിന്നും അവിടുന്ന് മാറിനിന്നു.

നബി ﷺ  വളര്‍ന്ന ജാഹിലിയ്യാകാലത്തിലെ ജാഹിലിയ്യത്ത് മനസ്സിലാകാന്‍ ജഅ്ഫര്‍(റ) പറയുന്നത് കേട്ടാല്‍ മതിയാകും. ആദ്യകാലത്ത് അബിസീനിയയിലേക്ക് ഹിജ്‌റ പോയവരില്‍ പെട്ട ഒരു സ്വഹാബിയാണ് ജഅ്ഫര്‍(റ). അദ്ദേഹം അവിടത്തെ രാജാവായ നജ്ജാശിയോട് പറഞ്ഞിലെ ചില കാര്യങ്ങള്‍ കാണുക:

'''രാജാവേ, ഞങ്ങള്‍ അജ്ഞരായിരുന്നപ്പോള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അറിയാത്തവരും വിഗ്രഹങ്ങളെ ആരാധിക്കുന്നവരും ശവംതിന്നുന്നവരും നീചവൃത്തികള്‍ ചെയ്യുന്നവരും കുടുംബ ബന്ധം മുറിക്കുന്നവരും അയല്‍വാസികളോട് മോശമായി വര്‍ത്തിക്കുന്നവരും ഞങ്ങളിലെ മല്ലന്മാര്‍ ദുര്‍ബലരെ തിന്നുന്നവരും ആയിരുന്നു. അല്ലാഹു ഞങ്ങളിലേക്ക് ഞങ്ങളില്‍നിന്ന് ഒരു ദൂതനെ നിയോഗിക്കുന്നതുവരെ ഞങ്ങള്‍ അതേ രീതിയിലായിരുന്നു (ജീവിച്ചിരുന്നത്). (ആ) ദൂതന്റെ കുടുംബ പരമ്പരയും സത്യസന്ധതയും വിശ്വസ്തതയും വിട്ടുവീഴ്ചയും ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെ ആ റസൂല്‍ അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും അവനെമാത്രം ആരാധിക്കുന്നതിലേക്കും അല്ലാഹുവിന് പുറമെ ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിച്ചുകൊണ്ടിരിക്കുന്ന കല്ലുകളെയും വിഗ്രഹങ്ങളെയും ഒഴിവാക്കുന്നതിലേക്കും ക്ഷണിച്ചു. അദ്ദേഹം ഞങ്ങളോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു. സത്യം പറയുവാനും അമാനത്ത് നല്‍കുവാനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനും അയല്‍വാസികളോട് നല്ലനിലയില്‍ വര്‍ത്തിക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പിച്ചു. നിഷിദ്ധമായ കാര്യങ്ങളില്‍നിന്നും രക്തം ചിന്തുന്നതില്‍നിന്നും അദ്ദേഹം (ഞങ്ങളെ) തടുത്തു. നമസ്‌കാരം, സകാത്ത്, നോമ്പ്, ദാനധര്‍മം (തുടങ്ങിയ) സല്‍സ്വഭാവങ്ങളില്‍നിന്ന് അറിയപ്പെടുന്ന എല്ലാംകൊണ്ടും അദ്ദേഹം ഞങ്ങളോട് കല്‍പിച്ചു. വ്യഭിചാരം, നീചവൃത്തി, അനാവശ്യ സംസാരം, അനാഥയുടെ സ്വത്ത് ഭുജിക്കല്‍, സദ്‌വൃത്തകളെക്കുറിച്ച് അപവാദം പറയല്‍ (തുടങ്ങിയ) തിന്മകളായി അറിയപ്പെടുന്ന എല്ലാം അദ്ദേഹം ഞങ്ങളോട് വിലക്കുകയും ചെയ്തു. (അദ്ദേഹത്തിന്) ഇറക്കപ്പെട്ടത് ഞങ്ങള്‍ക്ക് അദ്ദേഹം ഓതിത്തന്നു. (അതിന്) സാദൃശ്യമാകുന്ന ഒന്നുമില്ല. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ സത്യപ്പെടുത്തുകയും അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങള്‍ക്ക് കൊണ്ടുവന്നത് അല്ലാഹുവിന്റെ അടുത്തുനിന്നുള്ള സത്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ ഞങ്ങള്‍ അല്ലാഹുവില്‍ യാതൊന്നും പങ്കുചേര്‍ക്കാതെ അവനെമാത്രം ആരാധിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് നിഷിദ്ധമാക്കിയതെല്ലാം ഞങ്ങള്‍ നിഷിദ്ധമാക്കുകയും ഞങ്ങള്‍ക്ക് അനുവദനീയമാക്കിയതിനെ ഞങ്ങള്‍ അനുവദനീയമാക്കുകയും ചെയ്തു...''

ജാഹിലിയ്യാ കാലത്തെ വിശ്വാസ, സ്വഭാവ രംഗങ്ങളിലെ അധഃപതനം എത്ര ആഴമേറിയതാണെന്ന് ജഅ്ഫറി(റ)ന്റെ സംസാരം നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുക, നല്ലതും ചീത്തയും നോക്കാതെ ഭക്ഷിക്കുക, ദുര്‍ബലരെ അടിച്ചമര്‍ത്തി കഴിവുള്ളവര്‍ കാര്യം നേടുക, അയല്‍വാസികളോട് മോശമായി പെരുമാറുക, കുടുംബ ബന്ധത്തിന് യാതൊരു വിലയും കല്‍പിക്കാതിരിക്കുക തുടങ്ങിയവയെല്ലാം സാര്‍വത്രികമായിരുന്ന കാലത്താണ് മുഹമ്മദ് നബി ﷺ  വരുന്നത്. അവിടുന്ന് നല്‍കിയ ഉപദേശങ്ങള്‍ മക്കക്കാരില്‍ മാറ്റമുണ്ടാക്കി. എല്ലാ നന്മകളും ഉള്‍ക്കൊള്ളുവാനും എല്ലാ തിന്മകളും വര്‍ജിക്കുവാനും അവര്‍ തയ്യാറായി. ലോകത്തിനുതന്നെ മാതൃകയായ ഒരു തലമുറയെ ക്വുര്‍ആന്‍ ഓതിക്കൊടുത്ത് നബി ﷺ  വാര്‍ത്തെടുക്കുകയായിരുന്നു.

ഒരിക്കല്‍ പോലും നബി ﷺ  തന്റെ ജീവിതത്തില്‍ അല്ലാഹുവല്ലാത്തവരുടെ മുന്നില്‍ യാതൊന്നും അര്‍പ്പിച്ചില്ല. സ്രഷ്ടാവിനെ മാത്രം വണങ്ങിയും വഴങ്ങിയും ജീവിച്ചുപോന്നു. വ്യഭിചാരമോ മദ്യപാനമോ ചൂതാട്ടമോ കലഹമോ ചീത്ത കൂട്ടുകെട്ടോ ഒന്നും നബി ﷺ യില്‍ ഉണ്ടായില്ല. നര്‍ത്തകിമാരുടെ നൃത്ത സദസ്സില്‍ മുഹമ്മദ് എന്ന ചെറുപ്പക്കാരന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ജാഹിലിയ്യ കാലത്ത് ആണും പെണ്ണും വിവസ്ത്രരായിട്ടായിരുന്നു കഅ്ബയെ ത്വവാഫ് ചെയ്തിരുന്നത്. അതിന് അവര്‍ക്ക് പല ന്യായവും പറയുവാനുണ്ടായിരുന്നു. ഏത് തിന്മ ചെയ്യുന്നവരും അവരുടെ തിന്മക്ക് ന്യായം കണ്ടെത്താന്‍ ശ്രമിക്കുമല്ലോ. ഇവരും ഈ വൃത്തികേടിനെ ന്യായീകരിച്ചു. പാപം ചെയ്തിരുന്ന വേളകളില്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ പവിത്രമായ കഅ്ബയെ ത്വവാഫ് ചെയ്തുകൂടാ എന്നതായിരുന്നു അതിന് അവര്‍ കണ്ടെത്തിയ ന്യായം. പെണ്‍കുഞ്ഞ് പിറന്നാല്‍ അപമാനത്താല്‍ വീടിനകത്ത് ഒളിഞ്ഞ് കഴിഞ്ഞിരുന്നവരും പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയവരും അവര്‍ക്കിടയിലുണ്ടായിരുന്നു. നര്‍ത്തകിമാരുടെ കൂടെ ആടിപ്പാടി ഉല്ലസിച്ചു നടന്നിരുന്ന സമൂഹം. അനാഥയുടെ സ്വത്ത് അന്യായമായി ഭുജിക്കാന്‍ മടിയില്ലാത്തവര്‍... ഇങ്ങനെ സര്‍വ തിന്മകളെയും വാരിപ്പുണര്‍ന്ന സമൂഹം. ഇതിലൊന്നും പങ്കുചേരാത്ത ഒരാളെ പുരുഷനായോ സ്ത്രീയായോ അവര്‍ കണ്ടിരുന്നില്ല എന്നത് കൂടി ഇതിലേക്ക് ചേര്‍ത്തുവായിച്ചാല്‍ ആ ജനതയുടെ സ്വഭാവവും സംസ്‌കാരവും നന്നായി മനസ്സിലാകും. ഇങ്ങനെയെല്ലാം ആകമാനം തിന്മകളായിരുന്നിട്ടും മുഹമ്മദ് നബി ﷺ യെ അതൊന്നും സ്പര്‍ശിച്ചില്ല എന്നത് അത്ഭുതം തന്നെയായിരുന്നു.

ചെറുപ്പക്കാരനായ ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളില്‍ തിന്മകളിലേക്ക് വഴുതിപ്പോകാതെ ഉന്നത സംസ്‌കാരത്തില്‍ നിലയുറപ്പിക്കുവാന്‍ സാധിക്കുക? മുഹമ്മദ് നബി ﷺ ക്ക് ചെറുപ്പം മുതല്‍ തന്നെ അല്ലാഹുവിന്റെ പ്രത്യേകമായ ഒരു കാവല്‍ ലഭിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. കൂടെയുള്ളവരെല്ലാം ത്വവാഫിന്റെ വേളയില്‍ കഅ്ബയില്‍ നാട്ടിയ വിഗ്രഹങ്ങളില്‍ തൊടുകയും അവയ്ക്ക് നേരെ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവിടുത്തെ മനസ്സ് അത്തരം അന്ധവിശ്വാസത്തിലേക്ക് ഒരിക്കല്‍പോലും ചാഞ്ഞില്ല. താന്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൂര്‍വപിതാക്കളായ ഇബ്‌റാഹീം നബി(അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും വിഗ്രഹങ്ങള്‍ അവിടെ നാട്ടിയിരുന്നു. അതിന്റെ നേരെപോലും അവിടുത്തെ കരങ്ങള്‍ ഒരിക്കലും ഉയര്‍ന്നില്ല. അവയെ തടവുകയോ മുത്തമിടുകയോ ചെയ്തില്ല. ശിര്‍ക്കിന്റെതായ ഒരു പ്രവര്‍ത്തനവും അദ്ദേഹത്തിനിന്ന് ഉണ്ടായില്ല. ബലിക്കല്ലുകളില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറവ് നടത്തിയിട്ടുള്ള മാംസത്തിന്റെ ഒരു തുണ്ടുപോലും അവിടുത്തെ വയറിലേക്ക് എത്തിയിരുന്നില്ല. പ്രശ്‌ന പരിഹാരത്തിനായി ജ്യോത്സ്യന്മാരെയും കണിയാന്‍മാരെയും സമീപിച്ചിരുന്ന സമൂഹത്തില്‍ ജീവിച്ച മുഹമ്മദ് ﷺ  തന്റെ പ്രശ്‌നപരിഹാരത്തിന് ഈ വഴിയേതും സ്വീകരിച്ചില്ല. പ്രവാചകന്‍ ആകുന്നതിനു മുമ്പ് തന്നെ അല്ലാഹു നബി ﷺ ക്ക് പ്രത്യേക സ്ഥാനവും ആദരവും നല്‍കിയിരുന്നു എന്നതാണ് ഇവയെല്ലാം നമുക്ക് മനസ്സിലാക്കിത്തരുന്നത്.

സമൂഹത്തിലെ മലിന സംസ്‌കാരത്തോട് ഒരിക്കലും സഹകരിക്കാതിരുന്ന ആ ചെറുപ്പക്കാരന്‍ അവര്‍ക്കിടയില്‍ വിശ്വസ്തനും സത്യസന്ധനുമായി അറിയപ്പെട്ടു. അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന നാമം പോലും അവര്‍ ആ ചെറുപ്പക്കാരന് നല്‍കി. ആര്‍ക്കും എന്തും വിശ്വസിച്ച് ഏല്‍പിക്കാവുന്ന വിശ്വസ്തനായിരുന്നു മുഹമ്മദ് നബി ﷺ . മക്കക്കാര്‍ കച്ചവടത്തിനും മറ്റുമായി മറു നാടുകളിലേക്ക് പോകുമ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മുഹമ്മദ് ﷺ നെയായിരുന്നു ഏല്‍പിക്കാറ്. വാക്കുകളിലും നോക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത പുലര്‍ത്തിയ മഹാനായിരുന്നു അവിടുന്ന്. (തുടരും)