ഉന്നതവിദ്യാഭ്യാസത്തിനൊരുങ്ങാം; അഭിരുചിക്കൊത്ത്

നബീല്‍ പയ്യോളി

2021 ജൂലൈ 31 1442 ദുല്‍ഹിജ്ജ 20

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി റിസള്‍ട്ട് വന്നു, വിജയശതമാനം 99.47. പരീക്ഷയെഴുതിയ 4,21,887 പേരില്‍ 4,19,651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതനേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടി 1,21,318 വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഏതൊരു വിദ്യാര്‍ഥിയുടെയും പഠന കാലഘട്ടത്തിലെ ഏറ്റവും പ്രഥമമായ കടമ്പ പത്താം ക്ലാസ്സ് പാസ്സാവുക എന്നതാണ്. കാലം മാറുന്തോറും ആ കടമ്പ നേര്‍ത്തുവരുന്നു എന്നതാണ് ഫലം നല്‍കുന്ന സൂചന. മുന്നില്‍ വരുന്ന മറ്റു കടമ്പകളെ അപേക്ഷിച്ച് പത്താംതരം എന്നത് ഒരു കടമ്പയല്ലാതായി മാറിക്കഴിഞ്ഞു. അതിവേഗം കുതിക്കുന്ന ലോകത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക എന്നതുതന്നെയാണ് വിദ്യാഭ്യാസ രംഗത്ത് നമ്മള്‍ വെച്ചുപുലര്‍ത്തേണ്ട കാഴ്ചപ്പാട്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ പലപ്പോഴും ആദ്യ ചോയ്‌സായി തെരഞ്ഞെടുക്കുന്നത് സയന്‍സ് വിഷയങ്ങളാണ്. രണ്ടാമത്തെ ഓപ്ഷന്‍ കൊമേഴ്‌സും പിന്നെ ഹ്യുമാനിറ്റീസും. പലപ്പോഴും രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അടക്കം വിദ്യാര്‍ഥികളില്‍ ചെലുത്തുന്ന തെറ്റായ സ്വാധീനമാണ് ഇങ്ങനെ കണ്ണടച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് അവരെ തള്ളിവിടുന്നത്. ഇത്തരം ഒരു തരംതിരിവില്‍ അര്‍ഥമില്ല. ഓരോരുത്തരുടെയും കഴിവിനും താല്‍പര്യത്തിനുമനുസരിച്ച് പ്രയോറിറ്റി മാറിക്കൊണ്ടിരിക്കും. ഫുള്‍ എപ്ലസ് നേടിയവന്‍ സയന്‍സ് തന്നെ പഠിക്കട്ടെ എന്ന വാശി പാടില്ല. കഴിവും താല്‍പര്യവും അനുസരിച്ച് ഏത് സ്ട്രീമിലും പഠിക്കാനുള്ള സ്വാതന്ത്ര്യവും സഹായങ്ങളും നല്‍കുക എന്നതാണ് രക്ഷിതാക്കളും അധ്യാപകരും സമൂഹവും ചെയ്യേണ്ടത്. മനുഷ്യന്‍ വ്യത്യസ്ത കഴിവുകള്‍ ഉള്ളവനാണ്. അവന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിച്ച് ഉപയോഗപ്പെടുത്തുക എന്നതാണ് വിവേകമുള്ളവര്‍ ചെയ്യേണ്ടത്. ഡോക്ടറുടെ മക്കള്‍ ഡോക്ടര്‍മാരും അധ്യാപകന്റെ മക്കള്‍ അധ്യാപകരും എഞ്ചിനീയറുടെ മക്കള്‍ എഞ്ചിനീയര്‍മാരും വക്കീലിന്റെ മക്കള്‍ വക്കീലുമാരും ആവുക പോലുള്ള; രക്ഷിതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മക്കളുടെ ഭാവിനിര്‍ണയിക്കുന്ന രീതി ഒരിക്കലും ഭൂഷണമല്ല. നമ്മുടെ മക്കളിലെ കഴിവുകളെ തല്ലിക്കെടുത്തുകയാണ് ഇത്തരം പ്രവണതകളിലൂടെ നാം ചെയ്യുന്നത്.

ഏതൊരാളുടെ ഭാവിയെ കരുപ്പിടിപ്പിക്കുന്നതിലും വലിയ ഒരു പങ്ക് വിദ്യാഭ്യാസത്തിനുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. രക്ഷിതാക്കളും സമൂഹവും ചെലുത്തുന്ന അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങി തലവെച്ചുകൊടുക്കേണ്ടിവരുന്ന വിദ്യാര്‍ഥികളുടെ ഭാവിയെയാണ് തല്ലിക്കെടുത്തുന്നത്. ഇത്തരം സമ്മര്‍ദങ്ങളുടെ ഇരകളില്‍ ചിലരെങ്കിലും ജീവിതംതന്നെ അവസാനിപ്പിക്കുന്ന അവസ്ഥവരെ ഉണ്ടാകുന്നു എന്നത് ദുഃഖകരമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഫലം പരിശോധിച്ചാലും പൊതുബോധം തീര്‍ത്ത കുരുക്കില്‍ ഞെരിഞ്ഞമര്‍ന്ന ആയിരക്കണക്കിന് വിദ്യാര്‍ഥി ജീവിതങ്ങളെ കാണാന്‍ സാധിക്കും. ഉന്നത കലാലയങ്ങളുടെ നിലവാരമില്ലായ്മയും കെടുകാര്യസ്ഥതയും ഭരണകൂടവീഴ്ചയും ഒക്കെ അത്തരം ദുരന്തങ്ങള്‍ക്ക് കാരണമാണെങ്കിലും അതോടൊപ്പം ഈ പൊതുബോധ നിര്‍മിതിയുടെ രക്തസാക്ഷികള്‍ കൂടിയാണവര്‍ എന്നത് മറന്നുകൂടാ. കേരള സാങ്കേതിക സര്‍വകലാശാലയുടെ എഞ്ചിനിയറിങ് പരീക്ഷാഫലം പരിശോധിച്ചാല്‍ ഈ വസ്തുത നമുക്ക് ബോധ്യമാവും.

ഏതൊരു കാര്യത്തിലും വലിയ പ്രാധാന്യം അഭിരുചിക്കും താല്‍പര്യത്തിനുമുണ്ട്. ഇഷ്ടമില്ലാത്തത് ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍ ഏതൊരൊള്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും ഉണ്ടാവും എന്നത് തിരിച്ചറിയാതെപോകരുത്. കഴിവും അഭിരുചിയും മനസ്സിലാക്കേണ്ടതും അത് പരിപോഷിപ്പിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കേണ്ടതും രക്ഷിതാക്കളും അധ്യാപകരുമാണ്. ഏതൊരു വിദ്യാര്‍ഥിയുടെ ജീവിതയാത്രയിലും അധ്യാപകരുടെ സ്വാധീനം പ്രധാനമാണ്. ഓരോ കുട്ടിയുടെയും കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അധ്യാപകര്‍ ശ്രദ്ധിച്ചാല്‍ വലിയ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാം. ലോകം മുഴുവന്‍ കൊടുങ്കാറ്റുകണക്കെ മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റങ്ങളോട് പുറംതിരിഞ്ഞു നിന്നാല്‍ ഒറ്റപ്പെട്ടുപോവുകയേയുളൂ. ലോകത്തെ ഇന്ന് വിരല്‍ത്തുമ്പിലാണ് നാം അന്വേഷിക്കുന്നത്. വിജ്ഞാനം നമ്മെ തേടിയെത്തുന്ന കാലത്ത് ശരിയായത് കണ്ടെത്താനും ഉപയോഗപ്പെടുത്താനും സാധിക്കേണ്ടതുണ്ട്. രാജ്യാതിര്‍ത്തികളെ അപ്രസക്തമാക്കിക്കൊണ്ട് വിജ്ഞാനവിസ്‌ഫോടനം നടക്കുന്ന ഇന്നിന്റെ ലോകത്ത് ലോകക്രമത്തിനനുസരിച്ച് സഞ്ചാരപഥം രൂപപ്പെടുത്തുന്നവര്‍ക്ക് മാത്രമെ വിജയം വരിക്കാന്‍ സാധ്യമാവുകയുള്ളൂ. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം നമ്മെ അമ്പരപ്പിക്കും വിധമുള്ള മാറ്റങ്ങള്‍ക്കാണ് ഹേതുവായിട്ടുള്ളത്. ആരെയെങ്കിലും അജ്ഞതയുടെ ഇരുട്ടുകളില്‍ തളച്ചിടുക അസാധ്യം. വിരല്‍ത്തുമ്പിലുള്ള വിജ്ഞാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും അബദ്ധങ്ങളില്‍ ചെന്നുവീഴാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും കൈത്താങ്ങും നല്‍കിയാല്‍ നമ്മുടെ ഇളംതലമുറയെ നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റാം.

ഹൈസ്‌കൂള്‍ തലത്തില്‍ എത്തുമ്പോഴെങ്കിലും താന്‍ ആരാവണമെന്ന് ലക്ഷ്യം തീരുമാനിക്കാന്‍ പുതുതലമുറ തയ്യാറാകേണ്ടതുണ്ട്. അതിന് അധ്യാപകരും രക്ഷിതാക്കളും അവരെ പ്രാപ്തരാക്കുകയും വേണം. വൈകിയുള്ള തയ്യാറെടുപ്പുകള്‍ പലപ്പോഴും വിദ്യാര്‍ഥികളുടെ ഭാവിയില്‍ നഷ്ടങ്ങള്‍ക്ക് കാരണമായേക്കാം. താന്‍ ഉദ്ദേശിക്കുന്ന നിലയിലേക്ക് എത്താന്‍ വലിയ പരിശ്രമത്തിന്റെ ആവശ്യമുണ്ടെന്നും അത് ഹൈസ്‌കൂള്‍തലം മുതലേ ആരംഭിക്കണം എന്നുമുള്ള തിരിച്ചറിവ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്താല്‍ അതുവഴി പെട്ടെന്നുള്ള തീരുമാനങ്ങള്‍ തീര്‍ക്കുന്ന സമ്മര്‍ദങ്ങളില്‍നിന്നും അവരെ മോചിപ്പിക്കാന്‍ സാധിക്കും. ചെറിയ പ്രായത്തില്‍തന്നെ ഉന്നതങ്ങളില്‍ എത്തിച്ചേരാനും അവിടങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാനും നേരത്തെയുള്ള തയ്യാറെടുപ്പുകള്‍ ഏതൊരു വിദ്യാര്‍ഥിയെയും സഹായിക്കും. മുമ്പത്തെപോലെ വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യം ഇന്നില്ല. ലോകത്തെ മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും അറിയാനും പഠിക്കാനും പരിശീലനങ്ങള്‍ ലഭിക്കാനും ധാരാളം സംവിധാങ്ങള്‍ ഇന്നുണ്ട്. അത് കണ്ടെത്തി ശരിയായത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും വേണം. അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളും വിദ്യാസമ്പന്നരും വിദ്യാര്‍ഥി സംഘടനകളും അടക്കം ഈ രംഗത്ത് സഹായങ്ങള്‍ ചെയ്ത് പുതുതലമുറയെ വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തങ്ങളുടേതായ ഭാഗധേയം നിര്‍വഹിക്കേണ്ടതുണ്ട്.

ട്രെന്റുകള്‍ക്ക് പിന്നാലെ പോകലല്ല കാലത്തിനനുസരിച്ച് മാറുക എന്നതിന്റെ വിവക്ഷ. മറിച്ച് വിവേകപൂര്‍വം മാറ്റങ്ങളോട് പ്രതികരിക്കുക എന്നതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സയന്‍സ് മേഖലക്ക് നമ്മളൊക്കെ നല്‍കിയ അമിതപ്രാധാന്യത്തിന്റെ ഇരകളായ പലരും നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട്. എല്ലാറ്റിനും ഒരു ബാലന്‍സിംഗ് നിലനിര്‍ത്തല്‍ അനിവാര്യമാണ്. കഴിവും അഭിരുചിയും സാധ്യതകളും പരിഗണിക്കാതെ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് ദുരന്തമാവും. കേരളത്തില്‍ ജോലിചെയ്യുന്ന പലരും തങ്ങളുടെ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ലഭിക്കുന്നില്ലെന്ന് പരാതിപറയുന്നത് ഈ ബാലന്‍സിംഗ് ഇല്ലാത്തതിന്റെ പരിണിതഫലമാണ്.

ഏതു കോഴ്‌സിനാണ് സാധ്യത എന്ന് ചോദിച്ചാല്‍ എല്ലാറ്റിനും സാധ്യതയുണ്ട് എന്ന് പൊതുവെ പറയാം. നാം എന്ത് പഠിക്കുന്നു എന്നതിനപ്പുറം അതിലെത്ര മികവ് പുലര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം. ഏത് കാര്യങ്ങള്‍ ചെയ്യുമ്പോഴും പരമാവധി മികച്ച രീതിയില്‍ ചെയ്യുക. കോഴ്‌സിനും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അപ്പുറം പെര്‍ഫോമന്‍സ് അല്ലെങ്കില്‍ സ്‌കില്‍ ആണ് ഇന്നിന്റെ ലോകം ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ നന്നായി ചെയ്യാന്‍ പറ്റാവുന്ന കോഴ്‌സുകള്‍ തെരഞ്ഞടുക്കലാണ് അഭികാമ്യം. ലോകത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് കോഴ്‌സുകളുടെ സാധ്യത മാറിമറിയും. അതുകൂടി കണക്കിലെടുത്താവണം നമ്മുടെ ലക്ഷ്യം നിര്‍ണയിക്കേണ്ടത്. മാറ്റങ്ങള്‍ക്കനുസരിച്ചുള്ള അപ്‌ഡേഷനുകളും മറക്കാതിരിക്കേണ്ടതാണ്. സമൂഹവും രക്ഷിതാക്കളും ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വിവേകത്തോടെ ഇടപെടല്‍ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ശോഭനമായ ഭാവിയുണ്ടാവും എന്ന് പ്രത്യാശിക്കാം.

'നമ്മുടെ സ്ഥാപനങ്ങള്‍ ഉണ്ടോ' എന്ന് പലപ്പോഴും പലരും ചോദിക്കാറുണ്ട്. രക്ഷിതാക്കളുടെ ആധിയില്‍നിന്നുയരുന്ന ചോദ്യമാണിതെന്ന് വ്യക്തം. നമ്മുടെ കുട്ടികള്‍ വിദ്യാഭ്യാസത്തിന് തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ 'നമ്മുടെതാക്കി മാറ്റുക' എന്നതാണ് പരിഹാരം. അതിനുള്ള വ്യക്തിത്വം അവനില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് രക്ഷിതാക്കളുടെ കടമ. എവിടെ ചെന്നാലും അങ്ങനെ ജീവിക്കാന്‍ സാധിക്കുന്ന കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയെടുക്കലും പ്രധാനമാണ്. പഠന തിരക്കുകള്‍ക്കിടയില്‍ മത, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്ന് കഴിയുന്നവര്‍ പലപ്പോഴും അബദ്ധങ്ങളില്‍ ചെന്ന് ചാടാറുണ്ട്. അതുകൊണ്ട് തന്നെ ആദര്‍ശബന്ധങ്ങളെ ഉണ്ടാക്കിയെടുക്കാനും അവരുമായി ഇടപഴകാനും സാമൂഹിക പ്രതിബദ്ധതയുള്ളവരായി മക്കളെ വളര്‍ത്താനും രക്ഷിതാക്കള്‍ ചെറുപ്രായം മുതലേ ശ്രദ്ധിക്കണം. എങ്കിലേ നമ്മുടെ കണ്ണെത്താദൂരത്തും ആ വളയങ്ങള്‍ നമുക്ക് പ്രയോജനപ്പെടുകയുള്ളൂ. രാജ്യത്തെ മിക്ക ക്യാംപസുകളിലും ധാര്‍മിക വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഇന്നുണ്ട്. അത് പ്രയോജനപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്.

മലബാറിലെ ഉപരിപഠന സൗകര്യങ്ങളുടെ അപര്യാപ്തത

മികച്ച വിജയം എന്നത് ഏതൊരു വിദ്യാര്‍ഥിയെ സംബന്ധിച്ചും സന്തോഷകരമായ കാര്യം തന്നെയാണ്. എന്നാല്‍ അതിനനുസരിച്ച് അടുത്ത ഘട്ടത്തില്‍ പഠന സൗകര്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ മലബാര്‍ വികസന രംഗത്ത് തിരുവിതാംകൂറിനെക്കാള്‍ പിന്നിലാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ വസ്തുത തുറന്നുപറയുന്നത് തന്നെ വിഭാഗീയതയുടെ ഭാഗമാണെന്ന ചിന്ത വെച്ചുപുലര്‍ത്തുന്നവരുണ്ട്. അവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാം. യാഥാര്‍ഥ്യ ബോധത്തോടെ പ്രശ്‌നപരിഹാരത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എസ്.എസ്.എല്‍.സി പരീക്ഷ ഫലം വന്നത് മുതല്‍ പതിവുപോലെ മലബാറിലെ ഹയര്‍സെക്കന്ററി സീറ്റുകളുടെ കുറവ് ചര്‍ച്ചയാവുകയാണ്. ചരിത്രപരമായ കാരണങ്ങളാല്‍ തിരുവിതാംകൂറിനെ അപേക്ഷിച്ച് മലബാര്‍ വികസന കാര്യങ്ങളില്‍ പിന്നിലാണ് എന്ന വസ്തുത അംഗീകരിക്കുന്നവര്‍ തന്നെ മലബാറിനെക്കുറിച്ച് പറയുമ്പോള്‍ മുഖം ചുളിക്കുന്നതെന്തിനെന്ന് വ്യക്തമല്ല. മലബാര്‍ എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷം ഉള്ള ഇടവുമല്ല. എല്ലാ മത, ജാതി, രാഷ്ട്രീയ സംവിധാനങ്ങളും ഉള്ള ഇടം തന്നെയാണ്. അതുകൊണ്ട് തന്നെ മലബാറിന്റെ വികസനം എല്ലാവരുടെയും ആവശ്യമാണ്. നഷ്ടങ്ങളും നേട്ടങ്ങളും എല്ലാവരെയും ബാധിക്കുമെന്ന് സാരം.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കുട്ടികളെ അകലങ്ങളിലേക്ക് അയക്കുകന്നതില്‍ രക്ഷിതാക്കള്‍ക്ക് വിമുഖത കാണിക്കുന്നുണ്ട്. അത് കൂടി കണക്കിലെടുത്ത് മലബാര്‍ മേഖലയില്‍നിന്നും ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ നിരവധി സ്‌കൂളുകളില്‍ പ്ലസ്ടു അനുവദിക്കാവുന്നവയുണ്ട്. അവ കണ്ടെത്തി വൈകാതെതന്നെ സീറ്റുകള്‍ അനുവദിക്കണം. ഇതിലുണ്ടാകുന്ന കാലതാമസവും വീഴ്ചയുമൊക്കെ ഏതെങ്കിലും ഒരു പ്രദേശത്തോട് ചെയ്യുന്ന അനീതിയല്ല; മറിച്ച് നമ്മുടെ ഭാവി തലമുറയോട് ചെയ്യുന്ന അനീതിയാണെന്ന് ഭരണകൂടം മറക്കരുത്. ഏതൊരു നാടിന്റെയും പുരോഗതിയുടെ അളവുകോലുകളില്‍ പ്രധാനപ്പെട്ടത് വിദ്യാഭ്യാസമാണ്. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ നാടിന്റെ നല്ല ഭാവിയ്ക്ക് അനിവാര്യമാണ്. ഈ വസ്തുതകള്‍ മറക്കുന്നതാണ് വര്‍ഗീയ വിഷവിത്തുകള്‍ പ്ലസ്ടു സീറ്റ് വിഷയത്തിലും അധരവ്യായാമം നടത്താനുള്ള കാരണം. അജ്ഞതയും അന്ധകാരവുമാണ് അവരെ നയിക്കുന്നത്.

വാര്‍ഡ് മെമ്പര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ള ജനപ്രതിനിധികള്‍ക്ക് ഈ വിഷത്തില്‍ പലതും ചെയ്യാനുണ്ട്. തങ്ങളുടെ നാട്ടില്‍ പ്ലസ്ടു പുതുതായി അനുവദിക്കാന്‍ സാധിക്കുന്ന വിദ്യാലയങ്ങള്‍, അധിക ബാച്ചുകള്‍ക്ക് സാഹചര്യമുള്ള വിദ്യാലയങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അത് അനുവദിച്ചുകിട്ടാനുള്ള പ്രവര്‍ത്തനങ്ങളും സമ്മര്‍ദങ്ങളും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. പ്രാദേശിക ഭരണകൂടങ്ങളും സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും തങ്ങളുടെ കടമ നിര്‍വഹിക്കാന്‍ തയ്യാറാവണം. സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും പിടിഎ കമ്മിറ്റികളും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി സീറ്റുകള്‍ അനുവദിച്ചുകിട്ടാനുള്ള നീക്കങ്ങള്‍ നടത്തണം. വിദ്യാര്‍ഥി സംഘടനകളും മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ബഹുജന പ്രസ്ഥാനങ്ങളും ഒക്കെ ഈ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തണം. നാടിന്റെ ഭാവി തലമുറയ്ക്കുവേണ്ടി എന്ന നിലയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒറ്റക്കെട്ടായ നീക്കങ്ങള്‍ വൈകാതെ നടത്തിയേ മതിയാവൂ. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള ഇന്ന് അതിന്റെ സാധ്യതകളും പൊതുനന്മക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കണം. കേവലം പ്രസ്താവനകള്‍ക്കപ്പുറം ക്രിയാത്മകമായ ഇടപെടലാണ് വേണ്ടതെന്ന് ചുരുക്കം.

പരീക്ഷാഫലം വന്ന് ആഴ്ചകള്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ അധിക ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുന്നതില്‍ കാലതാമസം വരുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. ബാച്ചുകള്‍ അനുവദിച്ചാല്‍തന്നെ അതിനാവശ്യമായ പഠന സൗകര്യങ്ങള്‍, ക്ലാസ്സ്മുറികള്‍, ലാബുകള്‍, അധ്യാപക- അനധ്യാപക ജീവനക്കാര്‍ എന്നിവ മറ്റൊരു കടമ്പയാണ്. അതിനെല്ലാം ചടുലമായ തീരുമാനങ്ങളും ഇടപെടലുകളും ഉണ്ടായാലേ നമ്മുടെ കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. ദീഘവീക്ഷണമില്ലാത്ത ഭരണകൂടത്തിന്റെ വീഴ്ചകൂടിയാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണം. ഭാവിതലമുറയെ വഞ്ചിക്കുന്ന കൃത്യവിലോപങ്ങളില്‍നിന്നും ഇനിയെങ്കിലും മാറാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണം; നമ്മുടെ മക്കളുടെ ഭാവിയെ സുരക്ഷിതമാക്കാന്‍.